3 കാലത്തെ മാറ്റിയ പ്രതിഭ
1955 ൽ പുറത്തിറങ്ങിയ ‘കാലം മാറുന്നു’ എന്ന സിനിമയ്ക്കു സംഗീതം നല്കിക്കൊണ്ടായിരുന്നു ജി. ദേവരാജൻ സിനിമാസംഗീതസംവിധാനത്തിലേക്ക് പ്രവേശിച്ചത്. ഇതിലെ ഒമ്പതു ഗാനങ്ങളിൽ ഒ. എൻ. വി. കുറപ്പു രചിച്ച ഏഴുഗാനങ്ങൾക്ക് സംഗീതം നല്കിയത് ദേവരാജനും തിരുനയിനാർ കുറിച്ചി രചിച്ച രണ്ടു ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ബ്രദർ ലക്ഷ്മണനുമായിരുന്നു. തുടർന്ന് 1959 ൽ ഇറങ്ങിയ ‘ചതുരംഗ’മായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ. വയലാർ-ദേവരാജൻ കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു ഇത്. എന്നാൽ 1962 ലെ ‘ഭാര്യ’ എന്ന മൂന്നാമത്തെ സിനിമയായിരുന്നു അദ്ദേഹത്തിനു വഴിത്തിരിവായി മാറിയത്. ഇതിലെ ‘പെരിയാറെ പെരിയാറെ’(എഎം. രാജ, പി.സുശീല), ‘ഓമനകൈയിൽ ഒലീവിലകൊമ്പുമായ്’(പി. സുശീല), ‘പഞ്ചാര പാലു മിഠായി’(യേശുദാസ്, പി. ലീല, രേണുക), ‘മനസ്സമ്മതം തന്നാട്ടെ’(എ. എം. രാജ, ജിക്കി), ‘മുൾക്കിരീടമിതെന്തിനു തന്നു’(പി. സുശീല), ‘ദയാപരനായ കർത്താവെ’(യേശുദാസ്) തുടങ്ങിയ ഗാനങ്ങൾ എക്കാലത്തേയും ഹിറ്റുകളായിമാറി. സംഗീതാഭിരുചിയുള്ള മലയാളിമനസ്സുകളെ കീഴടക്കിക്കൊണ്ടുള്ള ഒരശ്വമേധത്തിന്റെ തുടക്കം മാത്രമായിരുന്നു അത്. തുടർന്ന് 350 ഓളം മലയാളസിനിമകൾക്കായി 2,000 ൽ അധികം ഗാനങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. തമിഴ്, കന്നട തുടങ്ങിയ അന്യഭാഷാഗാനങ്ങളും ലളിതഗാനങ്ങളും ക്വയർഗാനങ്ങളുമെല്ലാം ഇതിനുപുറമേയാണ്. ‘ദേവഗീതികൾ’ , ‘സംഗീതശാസ്ത്ര നവസുധ’, ‘ഷഡ്‌കാലപല്ലവി’ എന്നീ മൂന്നു ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഇന്ത്യൻ ശാസ്ത്രീയസംഗീതങ്ങളിലും പാശ്ചാത്യസംഗീതത്തിലും നാടോടി സംഗീതത്തിലുമുള്ള അഗാധമായ പാണ്ഡിത്യം, സമർപ്പണബോധം, മനുഷ്യമനസ്സിനെക്കുറിച്ചുള്ള തിരിച്ചറിവ്, പാരമ്പര്യത്തെ പുതിയവയുമായി ഇണക്കിച്ചേർക്കാനുള്ള കഴിവ്, പരീക്ഷണങ്ങൾക്കുള്ള ആർജ്ജവം, മാതൃഭാഷയിലും സംസ്കാരത്തിലുമുള്ള അറിവ്, പ്രതിബദ്ധത, ഇതെല്ലാമായിരുന്നു ദേവരാജ ഈണങ്ങളെ അനശ്വരമാക്കി മാറ്റിയത്.
(തുടരും)