6 - രാഗങ്ങളുടെ മാന്ത്രികൻ
മലയാളഗാനങ്ങൾക്ക് ഏറ്റവും കൂടുതൽ രാഗങ്ങൾ ഉപയോഗിച്ച സംവിധായകൻ ദേവരാജനാണെന്നാണ് സംഗീതവിദഗ്ദ്ധരുടെ അഭിപ്രായം. നൂറിലധികം രാഗങ്ങൾ അദ്ദേഹം തന്റെ ഗാനങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടത്രെ. ചിരപരിചിതമായ രാഗങ്ങൾക്കൊപ്പം അപൂർവ്വമായ രാഗങ്ങളിലും ഗാനങ്ങൾ സൃഷ്ടിക്കാനുള്ള അനിതരസാധാരണമായ കഴിവുള്ള സംഗീതസംവിധായകനായിരുന്നു അദ്ദേഹം. മോഹനം, കല്യാണി, ഹിന്ദോളം, ആരഭി തുടങ്ങിയ രാഗങ്ങൾക്കൊപ്പം അപൂർവ്വരാഗങ്ങളിലും നിരവധി ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ‘അമ്പലപ്പറമ്പിലെ ആരാമത്തിലെ’(ബേഗഡ), ‘ആയിരം പാദസരങ്ങൾ കിലുങ്ങി’(ദർബാരി കാനഡ), സരസ്വതീയാമം കഴിഞ്ഞു’(സരസ്വതി), ‘ഉഷാകിരണങ്ങൾ പുല്കി പുല്കി’(മലയമാരുതം) ‘അറിയുന്നില്ല ഭവാൻ അറിയുന്നില്ല’ (ശ്യാമ), ‘നന്ദനവനിയിൽ നന്ദനവനിയിൽ’(ഖമാസ്), ‘ചാരുമുഖി ഉഷ മന്ദം’(സൗരാഷ്ട്രം), ‘പൂവാങ്കുഴലി പെണ്ണിനുണ്ടൊരു കിളുന്തുപോലൊരു മനസ്സ്’ (ആനന്ദാബരി- ഈ രാഗം ദേവരാജൻമാഷുടെ സ്വന്തം സൃഷ്ടിയാണ്), ‘നളചരിതത്തിലെ നായികയോ’, ‘പൊന്നിൽക്കുളിച്ച രാത്രി’ (നർത്തകി), ‘മനോരഥമെന്നൊരു രഥമുണ്ടോ’ (വൃന്ദാവനസാരംഗ), തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം.
ഹിന്ദുസ്ഥാനിസംഗീതത്തിലും അദ്ദേഹം ‘മാസ്റ്റർ’ആയിരുന്നു. നിരവധി ഗാനങ്ങൾ അദ്ദേഹം ഹിന്ദുസ്ഥാനിയിൽ ചിട്ടപ്പെടുത്തി നമുക്കു സമ്മാനിക്കുകയും അവ എക്കാലത്തേയും ഹിറ്റുകളായി മാറുകയും ചെയ്തിട്ടുണ്ട്. ‘ഇന്നെനിക്കു പൊട്ടുകുത്താൻ’(മിയാ കി മൽഹാർ), ‘അക്കരെയക്കരെയക്കരെയല്ലോ ആയില്യംകാവ് ’(മധുരഞ്ജനി), ‘ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ’(ദേശ്), ‘ചക്രവർത്തിനീ നിനക്കു ഞാനെന്റെ’(കേദാർ. ഹമീർ കല്യാണിയെന്നും ഒരുപക്ഷമുണ്ട്) ‘മന്ദാരത്തളിർപോലെ’(ജോഗ്),തുടങ്ങിയവ ഉദാഹരണങ്ങൾ.
അദ്ദേഹത്തിന്റെ ‘പ്രഭാതം വിടരും പ്രദോഷം വിടരും’എന്ന ഗാനം ‘രവിചന്ദ്രിക’ എന്ന രാഗത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഈ രാഗത്തിൽ മറ്റൊരു മലയാള ചലച്ചിത്ര ഗാനവുമില്ലത്രേ.
മലയാള സംഗീതസംവിധായകരുമായി ബന്ധപ്പെട്ട് ഇനി ഒരിക്കലും തകർക്കപ്പെടാൻ സാധ്യതയില്ലാത്ത നിരവധി റെക്കോർഡുകൾക്കുടമയാണ് ജി. ദേവരാജൻ. ഏറ്റവും കൂടുതൽ സിനിമകൾക്ക് സംഗീതം നല്കിയ സംവിധായകൻ, ഒരു കവിയുടെ(വയലാർ)ഏറ്റവും കൂടുതൽ രചനകൾക്ക് സംഗീതം നല്കിയ ആൾ, ഒരുഗായകനെക്കൊണ്ട് (യേശുദാസ്) ഏറ്റവും കൂടുതൽ പാട്ടുപാടിച്ച സംഗീതസംവിധായകൻ എന്നിങ്ങനെ അപ്രതിരോധ്യമായ അനേകം ബഹുമതികൾക്ക് അർഹനാണദ്ദേഹം. ഇതിന്റെ ബഹിർസ്ഫുരണമെന്നോണം വലുതും ചെറുതുമായ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. മികച്ച സംഗീതസംവിധായകന് നാലു തവണയും മികച്ച പശ്ചാത്തലസംഗീതത്തിനു ഒരുതവണയും ഉൾപ്പെടെ സംസ്ഥാന പുരസ്കാരങ്ങൾ 5 തവണയും സമഗ്ര സംഭാവനക്കുള്ള ജെ. സി. ഡാനിൽ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. വിവിധ സംഘടനകളുടെ നിരവധി പുരസ്‌കാരങ്ങൾ വേറെയുമുണ്ട്.
അമ്പതുകളുടെ മധ്യംമുതൽ എൺപതുകൾ വരെയുള്ള തന്റെ സുവർണ്ണ കാലഘട്ടത്തിൽ അദ്ദേഹം ഏറ്റവും കൂടുതൽ അവസരങ്ങൾ നല്കിയത് യേശുദാസ്, പി. ജയചന്ദ്രൻ, പി. സുശീല, മാധുരി എന്നീ ഗായകർക്കായിരുന്നു. അതിനിടയിലും അതതുകാലത്തെ പുതിയ ശബ്ദങ്ങളെ അദ്ദേഹം കാണാതിരുന്നില്ല. ബ്രഹ്‌മാനന്ദൻ, ശ്രീകാന്ത്, മണ്ണൂർ രാജകുമാരനുണ്ണി, അയിരൂർ സദാശിവൻ, അമ്പിളി തുടങ്ങിയ നിരവധി ഗായകർക്ക് സിനിമയിലേക്ക് വഴിയൊരുക്കിയത് അദ്ദേഹമായിരുന്നു. ഹരിഹരൻ എന്ന ഗായകനെ തെക്കെഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചതും എസ്. പി. ബാലസുബ്രഹ്മണ്യം, ബി. വസന്ത എന്നിവരെ ആദ്യമായി മലയാളത്തിൽ പരിചയപ്പെടുത്തിയതും ദേവരാജൻ മാഷായിരുന്നു, ഇതിനുപുറമെ അദ്ദേഹത്തിന്റെ ശിഷ്യരായും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചും സംഗീതസംവിധാനരംഗത്ത് ഉജ്ജ്വലമായ സംഭാവനകൾ നല്കിയ പ്രശസ്തരിൽ ചിലരാണ് എം. കെ. അർജുനൻ, ജോൺസൺ, വിദ്യാധരൻ, എം. ജയചന്ദ്രൻ തുടങ്ങിയവർ.
ഗാനാസ്വാദകരുടെ അഭിരുചിയിൽ അടിമുടി മാറ്റംവന്ന വർത്തമാനകാലത്തുപോലും നല്ലപാട്ടുകൾ ഇഷ്ടപ്പെടുന്നവർ തലമുറഭേദമില്ലാതെ തേടിച്ചെല്ലുക ദേവരാജസംഗീതത്തിലേക്കാണ്. കാരണം, കാലദേശാതീതമായ വൈവിദ്ധ്യങ്ങൾ നിറഞ്ഞ അക്ഷയഖനിയാണത്. മണ്ണിന്റെ മണവും സഹജീവികളുടെ മനസ്സുമറിഞ്ഞ്,ആത്മസമർപ്പണത്തിലൂടെ സംഗീതത്തെ സാക്ഷാത്കരിച്ച കേരളസംഗീതമേഖലയിലെ എക്കാലത്തേയും ഏറ്റവും വലിയ ജീനിയസ്സാണദ്ദേഹം. 2006 മാർച്ച് 14 ന് ഭൗതികമായി വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ സംഗീതം സ്വന്തം ഗാനങ്ങളിലൂടെയും ശിഷ്യപ്രശിഷ്യപരമ്പരകളിലൂടെയും ലോകത്തെവിടെയുമുള്ള മലയാളികളുടെ പ്രണയത്തേയും ഭക്തിയേയും പ്രചോദിപ്പിച്ചും വിരഹത്തേയും ദുഃഖത്തേയും സാന്ത്വനിപ്പിച്ചും എക്കാലവും നിലനിൽക്കും.
(അവസാനിച്ചു)