Greek gods

ഗ്രീക്കിന്റെ ദ്വീപായ ക്രേറ്റിലെ രാജാവായി അധികാരമേറ്റ മിനോ, തന്റെ സുന്ദരിയായ ഭാര്യയായ 'പാസിഫേ'യോടൊപ്പം സർവ്വ പ്രതാപങ്ങളോടും കൂടി വാണിരുന്ന കാലത്തു അദ്ദേഹത്തിനൊരു മോഹമുദിച്ചു. ദേവന്മാരെ പ്രീതിപ്പെടുത്തി, തന്റെ എല്ലാ ഐശ്വര്യങ്ങളും ദീർഘനാൾ നിലനിറുത്തണം. അതിനായി സമുദ്രദേവനായ 'പോസിഡോണി'നെ അദ്ദേഹം മുടങ്ങാതെ പ്രാർത്ഥിച്ചു.

കൊടുംകാറ്റുകളുടെയും, ഭൂമികുലുക്കത്തിന്റെയും, കുതിരകളുടെയും കൂടി ദേവനായ 'പോസിഡോൺ' മിനോയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ദേവപ്രീതിയുടെ അടയാളമായി  വെളുത്ത ഒരു കാളയെ തനിക്കു നൽകണമെന്ന് മിനോ ദേവനോട് അഭ്യർത്ഥിച്ചു. മിനോയുടെ ആവശ്യം 'പോസിഡോൺ' സാധിച്ചുകൊടുത്തു. മഞ്ഞുതുള്ളിപോലെ തൂവെള്ള നിറവും ഭംഗതിയുമുള്ള കാളയെ കിട്ടിയതിൽ മിനോ അത്യധികം സന്തോഷിച്ചു. അത്രയ്ക്കു മനോഹരമായ ഒരു കാളയെ മിനോ രാജാവ് അതിനു മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ദേവനായ പോസിഡോണിന് വേണ്ടി ആ കാളയെ ബലികഴിക്കാൻ അദ്ദേഹം തയാറല്ലായിരുന്നു. തനിനക്കു വരമായി ലഭിച്ച തൂവെള്ള കാളയെ ബലികഴിക്കുന്നതിനു പകരം, മിനോ, മറ്റൊരു കാളയെ പോസിഡോണിന്റെ ബലിപീഠത്തിൽ കുരുതി കഴിച്ചു. ദേവൻ ഇതുകൊണ്ട് സംതൃപ്തനാകും എന്നു കരുതിയ മിനോയ്ക്കു തെറ്റു പറ്റി. തന്നെ കളിപ്പിച്ച മിനോയോ ഒരു പാഠം പഠിപ്പിക്കാൻ പോസിഡോൺ തീരുമാനിച്ചു. മിനോ പ്രതീക്ഷിക്കാത്ത തരത്തിലുള്ള സംഭവവികാസങ്ങളായിരുന്നു പിന്നീടു അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ നടന്നത്. 

ഒരുനാൾ കൊട്ടാരത്തിന്റെ ആരാമത്തിലൂടെ ഉലാത്തുകയായിരുന്നു മിനോയുടെ ഭാര്യയും, രാജ്ഞിയുമായ 'പാസിഫേ'. ഹീലിയോസിന്റെയും, കടൽകന്യകയായ 'പേർസെ' യുടെയും മകളായി പിറന്ന 'പാസിഫേ', ദുർമന്ത്രവാദത്തിന്റെയും, ആഭിചാരത്തിന്റെയും അധിദേവതയായിരുന്നു. മനോഹരമായ ഉദ്യാനത്തിലെ പുൽത്തകിടിയിൽ അലസഗമനം ചെയ്തിരുന്ന വെളുത്ത കാളയെ കാണാനിടയായ പാസിഫേ, അവനിൽ ആകൃഷ്ടയായി. പൗരുഷമുള്ള കണ്ണുകളും, ദൃഡമായ പേശികളും, മനോഹരമായി ഓളം വെട്ടുന്ന ആടയും, കറുത്തു കൂമ്പിച്ച കൊമ്പുകളും, എഴുന്നു നിൽക്കുന്ന പൂഞ്ഞയും അവളെ ഒരു മോഹവലയത്തിലാക്കി. ആ കാളയുടെ പുറത്തുനിന്നും കണ്ണെടുക്കാതെ നാഴികളോളം പാസിഫേ അവിടെത്തന്നെ നിന്നു. മിനോയ്ക്ക് ദേവൻ സമ്മാനിച്ച ആ കാളയിൽ അവൾ അനുരക്തയായി. ഇതെല്ലാം കടൽ ദേവനായ പോസിഡോണിന്റെ അപ്രീതികൊണ്ടു സംഭവിച്ചതാണ്.

അന്നു സന്ധ്യയിൽ കാമവിവശയായി അന്തപ്പുരത്തിലേക്കു പോയ 'പാസിഫേ', എങ്ങിനെ സുന്ദരഗാത്രനായ ആ കാളക്കൂറ്റനോടൊത്തു രമിക്കാം എന്ന് ആലോചിക്കുകയായിരുന്നു. ഒരുപാടു നേരത്ത ആലോചനയ്‌ക്കു ശേഷം അവൾ ഒരു വഴി കണ്ടെത്തി. 

ദേവന്മാർക്ക് വേണ്ട എല്ലാ നിർമ്മാണപ്രവർത്തനങ്ങളുടെയും ശില്പി ആയിരുന്നു ഡെഡാലസ്. അദ്ദേഹത്തിന് അസാധ്യമായ നിർമ്മിതികൾ ഒന്നുമില്ലായിരുന്നു. ദേവപുരിയിലെ പെരുംതച്ചനായ ഡെഡാലസിന്റെ മുന്നിൽ എത്തിയ 'പാസിഫേ' ഇപ്രകാരം പറഞ്ഞു. "പ്രിയപ്പെട്ട ഡെഡാലസ്, ഞാനൊരു മോഹവലയത്തിൽ പെട്ടിരിക്കുകയാണ്. അതിന്റെ പൂർണ്ണതയിൽ കൂടി മാത്രമേ എനിക്ക് രക്ഷപ്പെടാൻ കഴിയു. അങ്ങ് എന്നെ അതിനു സഹായിക്കണം. മിനോയ്ക്ക് ദേവൻ സമ്മാനിച്ച വെളുത്ത കാളയെ ഞാൻ ജീവനുതുല്യം സ്നേഹിക്കുന്നു. അവനുമായി രമിക്കാൻ ഞാൻ അത്യധികം കൊതിക്കുന്നു. എന്നാൽ, ഒരു കാളയുമായി ഈ ഞാൻ എങ്ങനെ രമിക്കാനാണ്? കാള രമിക്കുന്നത് പശുവുമായിട്ടാണല്ലോ. ദൃഡഗാത്രനായ ആ വെളുത്ത കാളയ്ക്ക് ഇഷ്ടപ്പെടുന്ന ഒരു പശുവായി മാറാൻ എനിക്കു കഴിഞ്ഞിരുന്നുവെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോകുന്നു. ദേവന്മാരുടെ ശില്പിയായ മഹാനുഭാവാ, അങ്ങെന്നെ സഹായിക്കണം."

അല്പനേരത്തെ മൗനത്തിൽ നിന്നും ഉണർന്ന ഡെഡാലസ്, അതിനുള്ള പോംവഴി ഉണ്ടാക്കാം എന്ന് ഉറപ്പു കൊടുത്തു. ഏഴ് ദിനങ്ങൾ കൊണ്ട് പൊള്ളയായ ഒരു പശുവിന്റെ ശിൽപം ഡെഡാലസ് തടിയിൽ കടഞ്ഞെടുത്തു. അഴകൊഴുകുന്ന മിഴികളും, തുടുത്ത ഉടലും, നീണ്ടു നിലത്തിഴയുന്ന വാലുമുള്ള പശുവിന്റെ ആ ശിൽപം കണ്ട് 'പാസിഫേ' ഏറെ സന്തോഷിച്ചു.

"ദേവശില്പി, അങ്ങേയ്ക്കു നന്ദി, പശുവിന്റെ ഈ പൊള്ളയായ ശിൽപം എത്ര മനോഹരമായിരിക്കുന്നു. ജീവനുള്ള പശുവിനെ വെല്ലുന്നതാണല്ലോ ഈ മരപ്പശു. ഈ മരപ്പശുവിനുള്ളിൽ കയറി, ആ വെള്ളക്കാളയുടെ അരികിലെത്താൻ എനിക്ക് തിടുക്കമായി. നന്ദി ദേവാ, നന്ദി" അവൾ പറഞ്ഞു.  

കാമാതുരയായ  'പാസിഫേ' പൊള്ളയായ മരപ്പശുവിനുള്ളിൽ കടന്നുകയറി. നേരെ അവൾ  താൻ ഇഷ്ടപ്പെട്ടിരുന്ന വെളുത്ത കാളയ്ക്കു മുന്നിലെത്തി. മദോന്മത്തയായ പശുരൂപിണിയിൽ അവൻ തന്റെ ഇണയെ കണ്ടെത്തി. അവനോടൊത്തു ഇഷ്ടംപോലെ രമിച്ച 'പാസിഫേ' സംതൃപ്തയായി അന്തപ്പുരത്തിലേക്കു പോയി. 

കാളയിൽ നിന്നും ഗർഭം ധരിച്ച അവൾ കാലം തികഞ്ഞപ്പോൾ പ്രസവിച്ചു. അതൊരു വിചിത്രരൂപി ആയിരുന്നു. സ്വന്തം പുത്രൻ അല്ലെങ്കിലും, കാളയുടെ തലയും, മനുഷ്യശരീരവുമുള്ള ആ കുട്ടിയെ മിനോ സർവാത്മനാ സ്വീകരിച്ചു. സുന്ദരനായ അവൻ രാജാവിന്റെ അരുമയായി മാറി. എന്നാൽ, മിനോട്ടോർ എന്നറിയപ്പെട്ട അവൻ വളരുംതോറും നിയന്ത്രിക്കാൻ കഴിയാത്ത തരത്തിൽ ശക്തനാവുകയായിരുന്നു. അതു രാജാവിന്റെ ഉറക്കം കെടുത്തി. പോരെങ്കിൽ, സങ്കരജീവിയായ അവൻ തന്റെ ഭക്ഷണമായി കണ്ടെത്തിയത് ജീവനുള്ള മനുഷ്യരെയായിരുന്നു. മിനോട്ടോർ മനുഷ്യരെ തലങ്ങും വിലങ്ങും ആക്രമിക്കാൻ തുടങ്ങിയതോടെ, മിനോ അവനെ ചങ്ങലയിൽ ബന്ധിച്ചു. ചങ്ങലകൾ അവൻ നിഷ്‌പ്രയാസം പൊട്ടിച്ചെറിഞ്ഞു. പാർപ്പിച്ച കാരാഗൃഹങ്ങൾ തകർത്തെറിയാൻ അവനു ക്ഷണനേരം മതിയായിരുന്നു.  

ഒടുവിൽ വിശുദ്ധഭൂമിയായ ഡെൽഫിയിൽ എത്തിയ രാജാവായ  മിനോ, തന്റെ പ്രശ്നം അവിടുത്തെ വിശ്രുതനായ വെളിച്ചപ്പാടിനു മുന്നിൽ അവതരിപ്പിച്ചു. പ്രാർഥനയിൽ നിന്നുണർന്ന വെളിച്ചപ്പാടു ഇപ്രകാരം കൽപ്പിച്ചു. 

"ഹേ രാജൻ, നീ ദേവശില്പിയായ  ഡെഡാലസിനെ പോയി കാണുക. അദ്ദേഹത്തിനു മാത്രമേ മിനോട്ടോറിനെ തളച്ചിടാൻ കഴിയുന്ന കാരാഗൃഹം നിർമ്മിക്കാൻ കഴിയുകയുള്ളു. അദ്ദേഹം നിർമ്മിക്കുന്ന സങ്കീർണമായ നിർമ്മിതിയിൽ മിനോട്ടോർ സംതൃപ്തനായി കഴിഞ്ഞുകൊള്ളും."

വെളിച്ചപ്പാടിനോടു  നന്ദി പറഞ്ഞ മിനോ നേരെ ദേവശില്പിയായ ഡെഡാലസിനെ കാണാൻ പോയി. കാര്യങ്ങൾ മിനോയിൽ നിന്നും ഗ്രഹിച്ച ആ പെരുംതച്ചൻ മിനോട്ടോറിനെ എക്കാലത്തേക്കും പാർപ്പിക്കുവാനായി  നോസോസ് എന്ന സ്ഥലത്തു ഒരു കൂറ്റൻ ലേബറിന്ത് നിർമ്മിച്ചു. വളരെ സങ്കീർണ്ണവും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതുമായിരുന്നു അതിന്റെ ഘടന. അതിൽ അകപ്പെട്ടാൽ, പുറത്തേയ്ക്കുള്ള വഴി കണ്ടുപിടിക്കുക എന്നത് വളരെ ദുഷ്കരമായിരുന്നു. ശാഖോപശാഖകളായി പിരിയുകയും കൂടിച്ചേരുകയും ചെയ്യുന്ന നീണ്ട നീണ്ട ഇടനാഴികൾ ആയിരുന്നു അതിന്റെ പ്രത്യേകത. എല്ലാ ഇടനാഴികളും ഒരുപോലെയിരുന്നതിനാൽ ദിക്കും ദിശയും അറിയാതെ അതിൽ അകപ്പെട്ടവർ ബുദ്ധിമുട്ടും.

ലേബറിന്തിൽ അടയ്ക്കപ്പെട്ട മിനോട്ടോർ അതിന്റെ ഗൂഢമാർഗ്ഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു. അവനുള്ള ഭക്ഷണമായി ജീവനുള്ള മനുഷ്യരെ അവിടെ എത്തിക്കുവാനുള്ള ഏർപ്പാട് ചെയ്ത മിനോ രാജാവു, തന്റെ ചെയ്തികളുടെ ദുഷ്‌ഫലമാണ് ഇവയൊക്കെ എന്ന് ഒടുവിൽ തിരിച്ചറിഞ്ഞു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ