മലയാളസിനിമാഗാനങ്ങളിൽ മലയാളസ്വത്വം ചാലിച്ചുചേർത്ത് അതിനെ കേരളീയ സംഗീതപാരമ്പര്യത്തിലെ കരുത്തുറ്റ ഒരു സ്വതന്ത്ര വിഭാഗമായി പരിവർത്തിപ്പിച്ച സംഗീതജ്ഞരായിരുന്നു വി. ദക്ഷിണാമൂർത്തി, ജി. ദേവരാജൻ, കെ. രാഘവൻ, എം. എസ്. ബാബുരാജ് എന്നിവർ. ഇവരിൽ ഏറെ ജനകീയനും ജനപ്രിയനും വ്യത്യസ്തനുമായ സംഗീതജ്ഞനായിരുന്നു ജി. ദേവരാജനെന്ന പറവൂർ ഗോവിന്ദൻ ദേവരാജൻ മലയാള നാടക- സിനിമാഗാനരംഗത്ത് അഞ്ചരപ്പതിറ്റാണ്ടു നിറഞ്ഞുനിന്ന മഹാപ്രതിഭയായിരുന്നു അദ്ദേഹം.
സംഗീതശാഖയിലെ ജനപ്രിയ വിഭാഗമായ സിനിമാഗാനങ്ങളെ ശുദ്ധസംഗീതത്തിന്റെ വിഹായസ്സിലേക്കുയർത്താൻ ശ്രമിച്ചവരിൽ അഗ്രഗാമിയായിരുന്നു അദ്ദേഹം. കൂടാതെ സാധാരണക്കാരായ മലയാളികൾക്ക് സംഗീത്തോട് ആഭിമുഖ്യം ഉണ്ടാക്കുന്നതിൽ ദേവരാജൻ വഹിച്ച പങ്ക് അവിസ്മരണീയമാണ്.
സംഗീതജ്ഞനായ കോട്ടത്തല കൊച്ചുഗോവിന്ദനാശാന്റെയും കൊച്ചുകുഞ്ഞിന്റേയും മൂന്നു മക്കളിൽ മൂത്ത ആളായി 1924 സെപ്റ്റംബർ 27 ന് കൊല്ലം ജില്ലയിലെ പറവൂരിലായിരുന്നു ദേവരാജന്റെ ജനനം. അച്ഛനായിരുന്നു ആദ്യഗുരു. പതിനെട്ടാം വയസ്സിൽ ആദ്യ കച്ചേരി നടത്തി സംഗീതലോകത്തേക്ക് ഔപചാരികമായി പ്രവേശിച്ചു. സാമ്പത്തികശാസ്ത്രത്തിൽ ബിരുദധാരിയായിരുന്ന ദേവരാജന് വിദ്യാർത്ഥിയായിരുന്ന കാലംമുതലേ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അഭിമുഖ്യമുണ്ടായിരുന്നു. മരണം വരെ അതദ്ദേഹം നിലനിർത്തുകയും ചെയ്തു.
(തുടരും)