റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ , തെക്ക് ഭാഗത്തേക്കുളള വണ്ടിയുടെ വരവ് വിളംബരം ചെയ്ത് മണി നാദം ഉച്ചത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു. ഓടി കിതച്ച് എത്തിയതിന്റെ ഹൃദയമിടിപ്പ് മണിനാദത്തിനും മുകളിൽ ഉയർന്ന് കേൾക്കാമായിരുന്നു.
റെയിൽവേ പ്ലാറ്റ്ഫോമിന്റെ ഇടത് ഭാഗത്തുള്ള ബുക്ക് സ്റ്റാളിന്റെ അരികിലേക്ക് വേഗം നടന്നു. കാത്തിരിപ്പിന്റെ മുഷിപ്പ് മുഴുവനും മുഖത്ത് ഒട്ടിച്ചു വെച്ച് രജീഷ് അവിടെ നിൽക്കുന്നുണ്ടായിരുന്നു.
"നീ ഒരിക്കലും നന്നാവൂല്ല അല്ലേ! കുറച്ച് നേരെത്തെ വന്നാലെന്താ? ഏറ്റവും മുമ്പിലാ എസ്സ് സിക്സ് കമ്പാർട്ട്മെന്റ്"
ഒന്നും പറയാതെ അവന്റെ കൈയിൽ നിന്ന് ടിക്കറ്റ് വാങ്ങി. അപ്പോഴേക്കും നെറ്റിയിൽ വെട്ടുവുമായി ചൂളം വിളിച്ചെത്തിയ തീവണ്ടിക്കൊപ്പം മുന്നോട്ട് ഓടി.
"നീ എല്ലാം എടുത്തിട്ടില്ലേ ? ഒന്നും മറന്നില്ലാലോ?." പിന്നാലെ വന്ന രജീഷിന്റെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാതെ . "വിളിക്കാം " എന്നു ആംഗ്യം കാണിച്ചു തീവണ്ടിയോടെപ്പം ബാഗും തൂക്കി ഞാനോടി. കാമ്പാർട്ട്മെന്റിനുള്ളിൽ കയറി ബർത്ത് കണ്ടുപിടിച്ചു .
താഴെത്തെ സൈഡ് ബർത്തായിരുന്നു. ബാഗ് സീറ്റിനടിയിൽ നിക്ഷേപിച്ചു സീറ്റിലിരുന്നു. ഫാനിന്റെ നിസ്സംഗമായ മുരൾച്ചയിൽ ലയിച്ചിരിക്കുന്ന യാത്രക്കാരോടൊപ്പം ഞാനും കൂടി.
സൗദി അറേബ്യയിലെ റിയാദിൽ, രജീഷ് പുതുതായി തുടങ്ങാൻ പോകുന്ന മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങ് സെന്ററിൽ ക്ലാസെടുക്കാൻ പോകുകയാണ്. അടുത്ത ദിവസം തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വിമാനം കയറണം.
ആദ്യമായി നടത്തുന്ന വിദേശ യാത്രയാണ്. അതുകൊണ്ട് തന്നെ നാടിന്റെ ചൂരും ചൂടും നഷ്ടപ്പെടുന്നതിന്റെ ഒരു വല്ലായ്മയും അസ്വസ്ഥതയും മനസ്സിൽ നുരഞ്ഞു പൊങ്ങുന്നുണ്ട് .
മരുഭൂമികളിൽ എരിഞ്ഞു തീർന്ന ഗദ്ദാമകളും ആടുജീവിതങ്ങളും സൗദി അറേബ്യയിലെ നിയമങ്ങളും അവിടുത്തെ അതിക്രൂരമായ ശിക്ഷാ വിധികളും മനസ്സിനെ പേടിയുടെ കൂടാരത്തിൽ ബന്ധിച്ചിരുന്നു.
അമ്മ തന്നുവിട്ട പൊതിച്ചോറ് വിശപ്പില്ലാഞ്ഞിട്ടു പോലും നേരെത്തെ തന്നെ എടുത്ത് കഴിച്ചു. ഇനി കുറേക്കാലത്തേക്ക് കുത്തരിച്ചോറും മുളക് ചുട്ടെരച്ച് ചമ്മന്തിയും കിട്ടില്ലലോ.
ഭക്ഷണം ആസ്വദിച്ചു കഴിച്ചതിനുശേഷം. ബർത്തിൽ ഷീറ്റ് വിരിച്ചു കിടന്നു .
ജനാലക്കപ്പുറത്ത് ഇരുട്ടിനെ കീറിമുറിച്ചെറുത്തുന്ന വെളിച്ചത്തിൽ ഓടി മറയുന്ന നിഴലുകളെ നോക്കിയിരിക്കെ മനസ്സിനെ ആരോ നിദ്രയുടെ താഴ്വാരങ്ങളിൽ സ്വപ്നങ്ങളുടെ വള്ളി കുടിലിൽ മേയാൻ കൊണ്ട് പോയി. സ്വപ്നങ്ങൾ പൂത്തു വിടർന്നു വള്ളി കുടിലിൽ, ഞാനും എന്റെ കിനാക്കളും മാത്രമായി
സൗദി എയർലൈൻസിന്റെ വിമാനം ആകാശത്തേക്ക് കുതിച്ചുയർന്നു. നാടും വീടും പിന്നിലാക്കി വിമാനം പറന്ന കലുകയാണ്. പഞ്ഞികെട്ടുകൾ പോലെ പാറുന്ന മേഘങ്ങൾക്കിടയിലൂടെ .
"ആദ്യമായിട്ടാണോ സൗദിയിലേക്ക് ?"
തലയാട്ടികൊണ്ട് ചോദ്യകർത്താവിനെ നോക്കി
ഇരുനിറം, കട്ടിമീശ,പക്വതയാർന്ന മുഖം ,അനുഭവ സാക്ഷ്യമോതുന്ന കണ്ണിമകളിൽ സഹനത്തിന്റെ തിരിനാളം.
"എന്താ പേര് ? സൗദിയിൽ എവിടുത്തേക്കാ ?" അയാൾ വീണ്ടും ചോദിച്ചു.
"രവി കിരൺ. റിയാദിലൊരു മെഡിക്കൽ എൻട്രൻസ് കോച്ചിങ് സെന്ററിൻ ക്ലാസെടുക്കാൻ പോകുകയാണ് " ഞാനുത്തരം നല്കി കൊണ്ട് പരിചയപ്പെടലിന്റെ പാത തുറന്ന് അദ്ദേഹത്തോട് ചോദിച്ചു
"സൗദിയിൽ, നിങ്ങൾ എവിടെയാ ജോലി ചെയ്യുന്നത്?"
"അവിടെ ഒരു സുഹൃത്തിനെ കാണാൻ പോകുകയാണ് . ഇപ്പോ ജോലി ചെയ്യുന്നത് ബഹറിനിലാണ്. പക്ഷേ, മുമ്പ് ഏകദേശം മൂന്നു വർഷം നാലു മാസം ഒൻപത് ദിവസം സൗദിയിൽ ജോലി ചെയ്തിരുന്നു ."
മൂന്നു വർഷം നാലു മാസം ഒൻപത് ദിവസം മനസ്സിൻ പതിഞ്ഞ അല്ല പതിപ്പിച്ച യാതനകളുടെയും ദുരിതങ്ങളുടെയും സൂചകങ്ങളായ കാലയളവ്.
ഞാൻ അദ്ദേഹത്തെ ആശ്ചര്യത്തോടും അനുകമ്പയോടും ആരാധനയോടും നോക്കി കൊണ്ട് മെല്ലെ ചോദിച്ചു
"നജീബ് . അല്ലേ."
അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു , തലയാട്ടി.
പൊന്നു വിളിയുന്ന നാട്ടിലേക്ക് കൊച്ചു കൊച്ചു മോഹങ്ങളുമായി പോയ ഹരിപ്പാടുകാരൻ നജീബ്. സൗദി എയർപോർട്ടിൽ നിന്നും ക്രൂരനായ അറബി പിടിച്ച് കൊണ്ട് പോയി ആടുകളുടെ മസറയിലേക്ക് തളച്ചിട്ട നജീബ് .
ബെന്യാമന്റെ ആടു ജീവതത്തിലൂടെ നിങ്ങളെ അറിഞ്ഞതിനു ശേഷം, രാത്രികളിൽ നിങ്ങടോടൊപ്പം ഞാനും ആടുകളുടെ മസറയിലേക്ക് കടന്ന് വന്നിട്ടുണ്ടായിരുന്നു. എന്റെ സ്വത്വം വിസ്മൃതിയിലാഴ്ത്തി നിങ്ങളോടൊപ്പം ഞാനും ഒരു ആടായി പരിണമിച്ചിട്ടുണ്ട് . ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ടേയിരുന്നു
എനിക്ക് അദ്ദേഹത്തോട് . ചോദിക്കാനൊന്നുമില്ലായിരുന്നു.
ബന്യാമൻ അക്ഷരങ്ങളിൽ കുറിച്ചു വെച്ച നജീബിന്റെ ജീവിതാനുഭവങ്ങൾ, അതിജീവനത്തിന്റെ വഴിത്താരകൾ, ജീവതത്തോടുള്ള കാഴ്ചപ്പാടുകൾ . എല്ലാം പകൽ പോലെ മനസ്സിലുണ്ട് .
അദ്ദേഹത്തോട് റിയാദിനെ കുറിച്ച് ചോദിച്ചറിയണം എന്നാ ഗ്രഹമുണ്ട് .പക്ഷേ വേണ്ടെന്നു വെച്ചു കാരണം മുരുഭൂമിയിലെ ആടുകളുടെ മസറയും സുമേസി ജയിലും ബത്തുക്ക പോലീസ് സ്റ്റേഷനും അല്ലേ അദ്ദേഹത്തിന് പരിചയമുള്ളൂ . അവിടെ ആയിരുന്നല്ലോ മൂന്നു വർഷവും നാലു മാസവും ഒൻപത് ദിവസവും അദ്ദേഹം ജീവിച്ചു തീർത്തത്... പിന്നെ റിയാദിനെ കുറിച്ച് അദ്ദേഹത്തോട് എന്ത് ചോദിക്കാനാ? ഞാൻ മനസ്സിൽ പറഞ്ഞു
നജീബ് സീറ്റിൽ തല ചാരിവെച്ച് കണ്ണുകൾ അടച്ചിരിക്കുകയാണ് .
മനസ്സിൽ ആടുകളും മസ്റകളും ആയിരിക്കുമോ? ആയിരിക്കും തീർച്ച. ജീവിതത്തിന്റെ ഭാഗമായിരുന്ന അവയെ അത്ര പെട്ടെന്നു പറിച്ചെറിയാൻ പറ്റുമോ?
സുന്ദരിയായ എയർ ഹോസ്റ്റസിന്റെ കിളിമൊഴി ഞങ്ങളെ ഒരുമിച്ചായിരുന്നു ഞെട്ടിച്ചത് എന്നെ ചിന്തയിൽ നിന്നും നജീബിനെ മയക്കത്തിൽ നിന്നും.
വലിയ ഒരു മിനറൽ വാട്ടർ ബോട്ടിലും ഭക്ഷണ പൊതിയും തന്ന് തീർത്തും ഔപചാരികതയിൽ പൊതിഞ്ഞ നന്ദിയും പുഞ്ചിരിയും തന്ന് അവർ മുന്നോട്ട് നീങ്ങി.
നജീബ് വാട്ടർ ബോട്ടിലിന്റെ അടപ്പ് അടർത്തി മാറ്റി .വെള്ളം വായിലേക്ക് ഒഴിച്ചു.ഒരു തുള്ളി പോലും പുറത്ത് പോവാതെ . വെള്ളം തൊണ്ടയിലൂടെ സാവധാനം ഊർന്നിറങ്ങുകയാണ് .
നെജീബ് വെള്ളം കുടിക്കുന്നത് നോക്കി നിൽക്കേ മനസ്സിൽ ഒരു പിരി മുറുക്കം, ആരോ മനസ്സിനെ ഊതി പറപ്പിക്കുകയാണ് . എവിടേക്കെന്നറിയാതെ.
ഞാൻ പറന്നു വീണത് മരുഭൂമിയിലെ ആടുകളെ വളർത്തുന്ന മസറക്കുള്ളിൽ ആയിരുന്നു..
എന്റെ മൂക്കിൽ ആടുകളുടെ വാടയും കണ്ണുകളിൽ അവയുടെ ദയനീയതയും കാതുകളിൽ നിസ്സാഹയ കരിച്ചിലും അലയടിച്ചു.
മുഴിഞ്ഞ നാറിയ ത്വാബയും ( അറബി വസ്ത്രം) ധരിച്ച് ചുട്ടുപഴുത്ത മരുഭൂമിയിലൂടെ ആടുകളെയും തെളിച്ച് ഓടുകയാണ് ഞാൻ ........ ആടുകളെ മസറക്കുള്ളിലാക്കി .ചുട്ടു പിളരുന്ന തൊണ്ടയ്ക്ക് അല്പം ശമനം നൽകാൻ ആടുകൾക്ക് വേണ്ടി സൂക്ഷിച്ച ഇരുമ്പ് ടാങ്കിലെ ചുട്ടുപൊള്ളുന്ന ഒരിറ്റ് ജലം നാവിൻ തൊടുവിച്ചപ്പോഴേക്കും പിന്നിൽ അർബാബിന്റെ അലർച്ചയും ചാട്ടയുടെ മുരൾച്ചയും. ദാഹം തീരാതെ തൊണ്ട പൊട്ടികൊണ്ട് കരയുകയുകയാണ് ഒരിറ്റ് കണ്ണുനീരെങ്കിലും പൊടിഞ്ഞ്, ചുണ്ട് നനഞ്ഞാൽ.
"എന്താ നിങ്ങൾക്ക് വെള്ളം വേണോ? എന്താ മുഖത്ത് ഒരു പരിഭ്രമം?", നജീബ് എന്നെ നോക്കി ചോദിച്ചു.
"ഒന്നുമില്ല " അത് പറയുമ്പോഴും ഞാൻ ഏതോ ലോകത്തായിരുന്നു എന്താ പറ്റിയത് ? ഒന്നും മനസ്സിലാവുന്നില്ല. മനസ്സ് പിടി കിട്ടാതെ ഓടുകയാണ്.
കുറച്ച് നേരം ഞാൻ അങ്ങിനെ തന്നെയിരുന്നു .ഒരു നിമിഷം കൈവിട്ടു പോയ മനസ്സിനെ ശൂന്യമാക്കാനുള്ള കഠിന യത്നത്തിൽ കണ്ണകൾ മുറുകെ പൂട്ടിയിരുന്നു.
കുറച്ച് കഴിഞ്ഞ് കണ്ണു തുറന്നപ്പോൾ നോട്ടം ചെന്നു വീണത് വിമാനത്തിന്റെ മദ്ധ്യഭാഗത്ത്ള്ള സീറ്റിൽ സ്നേഹവായ്പോടെ തന്റെ കുഞ്ഞുവാവയെ പാലൂട്ടുന്ന ഒരു അമ്മയിലേക്കായിരുന്നു .
എത്ര സ്നേഹത്തോടെയാണ് അവർ പാലൂട്ടുന്നത് . അപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ സന്തോഷവും നിർവൃതിയും വേറെ എവിടെ കാണാൻ
ഞാൻ വീണ്ടും നീണ്ട മുഷിഞ്ഞ ത്വാബ ധരിച്ച് മസറയ്ക്കുള്ളിലായി .ഒരു കുഞ്ഞാടിനെയും നെഞ്ചോടടുക്കി പിടിച്ച് അർബാബിന്റെ കൂർത്ത നോട്ടത്തിൽ പെടാതെ മസറയിലെ അമ്മയാടിന്റെ അരികിലേക്ക് ഞാനോടി ചെന്നു.സ്നേഹം ചുരുത്തുന്ന അതിന്റെ മുലക്കണ്ണിൽ കുഞ്ഞാടിന്റെ ചുണ്ടുകൾ വെച്ച് മുലയൂട്ടാൻ ..
ഏതൊരു കുഞ്ഞിന്റെയും ജന്മവകാശമായ മാതൃത്വത്തിന്റെ മാധുര്യമുള്ള അമ്മിഞ്ഞപ്പാൽ .
അമ്മയാടും കുഞ്ഞുമായുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കാൻ ശ്രമിച്ച എനിക്ക് പാരിതോഷികമായി വായുവിനെ കീറിമുറിചെത്തിയ അർബാബിന്റെ ചാട്ടുളി പുറത്തെ തൊലിയുരിഞ്ഞെടുത്തു.
അർബാബ് മസറയിൽ കറന്നു വെച്ച ചൂട് പാൽ പാത്രത്തോടെ കുടിക്കുകയാണ് .. കുഞ്ഞുങ്ങൾക്ക് നിഷേധിക്കപ്പെട്ട അവർക്ക അവകാശപ്പെട്ട പാൽ അർബാബിന്റെ വായിലൂടെ ഒഴുകുകയാണ് .ചുവന്ന നിറമുള്ള ചോരയുടെ മണമുള്ള അമ്മിഞ്ഞ പാൽ .
അത് കാണാനാവാതെ ഞാൻ കണ്ണുകൾ അടച്ച് തുറന്നപ്പോൾ അമ്മിഞ്ഞ പാല് ആവോളം കുടിച്ച് സീറ്റിൽ ചാഞ്ഞിരുന്ന് അമ്മയുടെ കൈപിടിച്ച് .കുഞ്ഞുവാവ എന്നെ നോക്കി ചിരിക്കയാണ് പകരം വെക്കാനില്ലാത്ത മാതൃ സ്നേഹത്തിന്റെ ചൂട് പറ്റി കൊണ്ട് .
കുഞ്ഞുവാവയിൽ നിന്നും നോട്ടം പിൻവലിച്ച് ഞാൻ നജീബിനെ നോക്കി അദ്ദേഹം അപ്പോഴും ചാരി ഉറങ്ങുകയാണ്. മസറകളിൽ അന്ന് നഷ്ടപ്പെട്ട പോയ ഉറക്കത്തിന്റെ കണക്കു തീർക്കുന്നതു പോലെ .
കുറച്ച് കഴിഞ്ഞ് നജീബ് കണ്ണുകൾ തുറന്ന് എന്നെ നോക്കി. "വല്യ ക്ഷീണം. ഇന്നലെ വീട്ടിൽ യാത്രയാക്കാൻ കുറേ പേർ വന്നിരുന്നു ഉറങ്ങാൻ പറ്റിയില്ല ." ഉറക്കിന്റെ ആലസ്യം വിട്ടൊഴിയാതെ നജീബ് പറഞ്ഞു.
"ഇന്നലെ കഴിച്ച ഭക്ഷണമാ .നല്ല വിശപ്പ് . രവിക്ക് വിശക്കുന്നില്ലേ ?
"നിങ്ങൾ കഴിച്ചോളൂ.. എന്റെ ഭക്ഷണം എത്തിയിട്ടില്ല. " ചെറിയ വിശപ്പിനെ മറച്ചു കൊണ്ട് ഞാൻ പറഞ്ഞു.
നജീബ്, ഭംഗിയായി പൊതിഞ്ഞ ഭക്ഷണക്കൂട് തുറന്നു . ചപ്പാത്തിയുടെയും ചിക്കൻ കറിയുടെയും മണം മൂക്ക് വേഗം പിടിച്ചെടുത്തു.
വളരെ സാവധാനത്തിൽ ചപ്പാത്തി കീറിയെടുത്ത് കറിയിൽ നല്ലോണം മുക്കിയെടുത്ത് വായിൽ വെച്ച് ചവച്ച് . അസ്വാദിച്ച് കഴിക്കുന്നത് ഞാൻ ഇടം കണ്ണിട്ടു നോക്കി . വിശപ്പറിഞ്ഞവന്റെ
ആഹാരത്തോടുള്ള സ്നേഹം കണ്ടറിഞ്ഞു. ഭക്ഷണത്തെ സ്നേഹിച്ച് ഇഷ്ടപ്പെട്ട് ആസ്വദിച്ച് സംതൃപ്തിയോടെ കഴിക്കുന്ന നജീബ് ഒരു നിമിഷം എന്റെ വയറ്റിലും വിശപ്പിന്റെ തീ ക്ക് തിരിയിട്ടു.
ഞാൻ വീണ്ടു മസറയിൽ ബന്ധനസ്ഥാനായി ആടുകളുടെ ഇടയിൽ നിന്ന ഒട്ടിയ വയറുമായി നെഞ്ച് നീറി നിലവിളിച്ചു. മസറയിൽ ഞരങ്ങി നീങ്ങി ആടുകൾക്ക് തീറ്റയായി കൊടുത്ത ഗോതമ്പ് മണികൾ നിലത്ത് നിന്ന് ഓരോന്നായി പെറുക്കിയെടുത്ത് സ്വാദോടെ ഭക്ഷിച്ചു കണ്ണീരിന്റെ ഉപ്പോടെ.
"എന്തിനാ ഇങ്ങിനെ വിശന്നിരിക്കുന്നത് ? ഭക്ഷണം വേഗം കഴിച്ചോ? " നജീബിന്റെ ശബ്ദം വീണ്ടും മനസ്സിനെ തിരികെ പിടിച്ചു കൊണ്ടുവന്നു
"എന്റെ ഭക്ഷണം ഇപ്പോ കൊണ്ടു വരുമായിരിക്കും. വിശപ്പ് വരുന്നേ ഉള്ളൂ " ഞാൻ കള്ളം പറഞ്ഞു
നജീബ് ഭക്ഷണം കഴിച്ചതിനു ശേഷം ശ്രദ്ധയോടെ ഭക്ഷണ പൊതി മടക്കി കൈകൾ ടിഷ്യുവിൽ തുടച്ച് കൈ വൃത്തിയാക്കി കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഫ്ലൈറ്റ് അറ്റൻഡർ സീറ്റിനരികിൽ വന്നു ക്ഷമാപണത്തോടെ പറഞ്ഞു
"സാർ , താങ്കൾ ഓർഡർ ചെയ്ത ഫിഷ് ബിരിയാണി ഷോർട്ടേജ് ഉണ്ട് . പകരം മട്ടൻ ബിരിയാണി കൊണ്ടു വരട്ടെ .."
ഒരിക്കൽ അർബാബ് മസറക്കുള്ളിൽ വെച്ച് നജീബിന്റെ ഹൃദയത്തെ മുറിവേൽപ്പിച്ച രംഗങ്ങൾ 'മട്ടൻ ബിരിയാണി ' എന്ന് കേട്ടപ്പോൾ. ആ രംഗങ്ങൾ വീണ്ടും പ്രതിധ്വനിച്ചു.
അർബാബ് അലറികൊണ്ട് ചുട്ടെടുത്ത ആട്ടിറച്ചി എന്റെ വായിലേക്ക് തള്ളി കയറ്റുകയാണ്. ഒച്ചയില്ലാതെ ഞാൻ തേങ്ങിക്കരഞ്ഞു .
സാർ എന്താ ഒന്നും പറയാത്തത് ? ബിരിയാണി വേണോ ? ഫ്ലൈറ്റ് അറ്റൻഡറുടെ ക്ഷമകെട്ട ചോദ്യം വീണ്ടും എന്നെ തിരികെ എത്തിച്ചു .
"വേണ്ട ഇപ്പം ഒന്നും വേണ്ട ബിസ്കറ്റും ചായയും മതി " അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു.
എന്നെ നോക്കി കൊണ്ട് നജീബ് സീറ്റിൽ നിന്ന് മെല്ലെ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
"എന്താ ഒന്നും കഴിക്കാത്തത് ?
ഞാനൊന്ന് ടോയ്ലറ്റിൻ പോയി വരാം"
ഫ്ലൈറ്റിന്റെ മുൻ വശത്തുള്ള ടോയ്ലറ്റിലേക്ക് മെല്ലെ നടന്നു നീങ്ങുന്ന നെജീബിനെ നോക്കി നിൽക്കേ വയറ്റിൽ ഒരു കോച്ചിപിടുത്തം പ്രകൃതിയുടെ വിളി. ഞാൻ ഓടുകയാണ് വിശാലമായ മണലാരണ്യത്തിലൂടെ .. വെളിക്കിലിരുന്നാലെന്താ ഇവിടെ ?
അതിനു ശേഷം മസറയിലെ ആടുകൾ കൾക്കുള്ള വെള്ളത്തിൽ നിന്ന് കുറച്ച് വെള്ളം എടുത്ത് ശുചിയാക്കാൻ തുടങ്ങി. അനാവാശ്യ കാര്യത്തിന് വെള്ളം ഉപയോഗിച്ചതിന് ചീറി വന്ന അറബാബിന്റെ ചാട്ട എന്റെ പുറം തലോടി തിണർപ്പിച്ചു- .
ടോയ് ലറ്റിൽ നിന്ന് ഏറെ സംതൃപ്തിയോടെ നജീബ് എന്റെ അരികിൽ വന്നിരുന്നു . ആശ്വസത്തിന്റെ മുഖവുമായി.
"കുറച്ച് സമയം കൊണ്ട് നമ്മൾ റിയാദിലിറങ്ങും. ഏകദേശം രണ്ട് മണിക്കൂറിൽ കൂടുതൽ വൈകിയിട്ടുണ്ട്. എയർപോർട്ടിൽ നിങ്ങളെ കൂട്ടുവാൻ ആരെങ്കിലും വരുമോ? നജീബ് ചോദിച്ചു.
"വരും ഇൻസ്റ്റിറ്റ്യൂട്ടിലെ ഹെഡും കഫീലും (സ്പോൺസർ ) വരും എന്നാ പറഞ്ഞത്. നിങ്ങളെയോ?
"ഓ ആരെങ്കിലും വരും നിങ്ങളെ കൂട്ടാൻ വരുന്നവരെ നേരെത്തെ പരിചയമുണ്ടോ "
നജീബിന്റെ ചോദ്യത്തിലെ ധ്വനി എനിക്ക് മനസ്സിലായി.
"കഫീലിനെ അറിയില്ല പക്ഷേ ഹെഡിന്റെ ഫോട്ടോ കണ്ടിട്ടുണ്ട്. "
"എന്തായാലും നിങ്ങൾ കൂടെയുണ്ടെല്ലോ പിന്നെന്ത് പേടിക്കാനാ?" ഞാൻ ചിരിച്ചു കൊണ്ട് നജീബിനെ നോക്കി
"ഓ അതിനെന്താ, ഞാനുണ്ടാവും .... പേടിയുണ്ടോ ?"
ഞാനൊന്നു ചിരിച്ചു. മനസ്സിൽ നെജീബിനെ അന്ന് എയർപോർട്ടിൽ നിന്ന് തട്ടി കൊണ്ടുപോയ അർബാബും പിക്കപ്പ് വാനും കടൽത്തിര പോലെ ഒന്നു എത്തി നോക്കി തിരികെ പോയി ..
സമയം കൊഴിഞ്ഞു പോയി കൊണ്ടിരുന്നു . പുറത്ത് ആകാശം ചുവന്ന വർണ്ണത്തിൽ മുങ്ങി കുളിച്ചിരുന്നു .
വിമാനം ലാന്റ് ചെയ്യാൻ പോകുന്നതിന്റെ അറിയിപ്പ് വന്നു. അല്പ സമയത്തിനുള്ളിൽ ഒരു ഇടി മുഴക്കത്തോടെ ആകെ ആടി യുലഞ്ഞു വിമാനം റിയാദ് എയർപോർട്ടിൽ നിന്നു
പിന്നെയും കുറെക്കഴിഞ്ഞതിനു ശേഷമാണ് എയർപോർട്ടിൻ നിന്ന് പാസ്സ്പോർട്ടിൽ സീലും വെച്ച് നജീബിനോടെപ്പം പുറത്ത് കടന്നത് .
അംബരചുംബികളാൽ നിറഞ്ഞ ഈ കോൺക്രീറ്റ് കാട്ടിൽ എത്തിയ പ്രവാസിളുടെ ഗന്ധം എയർ പോർട്ടിനകത്ത് തങ്ങി നിന്നിരുന്നു .
സമയം ഏറെ കഴിഞ്ഞിട്ടും എയർപോർട്ടിൽ സ്വീകരിക്കാൻ എത്താം എന്നു പറഞ്ഞ സെന്ററിന്റെ ഹെഡ് ശ്രീ വിവേക് കൃഷ്ണനെ കാണാനില്ല. മൊബൈലിൽ ആണെങ്കിൽ കോൾ നിന്നു വട്ടം കറങ്ങുന്നു .ഒപ്പം മനസ്സും പേടിയോടെ പിന്നിലുള്ള നിജീബിനെ ഞാനൊന്നു തിരഞ്ഞു നോക്കി.
"എന്താ ആരെയും കാണുന്നില്ലേ ? പേടിക്കേണ്ട കൈയ്യിൽ അഡ്രസ്സ് ഉണ്ടല്ലോ..? നമുക്ക് കണ്ടുപിടിക്കാം ..എന്റെ കൂട്ടുകാരൻ പുറത്ത് കാറുമായി നില്കുന്നുണ്ട്. ഞാൻ അവനെയും കൂട്ടിവരാം അതുവരെ ഇവിടെ നിന്നാൽ മതി "
ഞാൻ തലയാട്ടി. നജീബ് പോകുന്നതും നോക്കി അവിടെ നിന്നു. അനുഭവം നല്കിയ അറിവ് നജീബിനെ ഏറെ മാറ്റിയിരിക്കുന്നു .
കുറച്ച് നേരം കഴിഞ്ഞു നജീബ് പോയിട്ട് അല്പം അങ്കലാപ്പോടെ ഞാൻ ചുറ്റം നോക്കി. എയർപോർട്ടിൽ എന്നെ പിൻതുടരുന്നതു പോലെ തോന്നിക്കുന്ന ഒരുപാട് കഴുകൻ കണ്ണുകൾ. പിക്കപ്പ് വാനിൽ കയറ്റി അങ്ങ് മരുഭൂമിയുടെ കാണാമറയത്തുള്ള ആടുകളുടെ മസറകളിലേക്ക് കയറ്റി കൊണ്ടു പോകാൻ തഞ്ചം പാത്ത് നില്ക്കുന്ന കഴുകൻമാരെ പോലെ.
എയർപോർട്ട് ഒരു നിമിഷം ശൂന്യമായത് പോലെ ആളുകൾ നിശ്ചലരായി.... കഴുകൻ കള്ളുകളുടെ എണ്ണം കൂടി വരുന്നു .ഭീതി മനസ്സിനുള്ളിൽ നുഴഞ്ഞ് കയറി .നെഞ്ചിടിപ്പിന്റെ വേഗത കൂട്ടി.
പെട്ടന്നാണ് എവിടെ നിന്നറിയാതെ എന്റെ കൈകളിൽ ഒരു പിടുത്തം വീണത്. അപരിചതത്വത്തിന്റെ ഗന്ധമുള്ള കൈ മുറുക്കം . കന്തൂറയണിഞ് ഒരു കഫീൽ . അറബി വസ്ത്രധാരികളെല്ലാം കഫീലാണെല്ലോ.
അറബി ഭാഷയിൽ എന്തൊക്കെയോ ചോദിക്കുന്നു ? ഒന്നും പറയനാവാതെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ .. നാവ് പൊന്താതെ വിറങ്ങിലിച്ച് നിന്നു .
അറബി കൈയ്യും പിടിച്ച് മുന്നോട്ട് നടക്കുകയാണ്. ഒന്നും പറയാനാവാതെ നാവ് മരവിച്ച് ഉച്ചത്തിലൊന്ന് അലറാൻ പോലും ആവാതെ ഞാനും അയാളോടൊപ്പം നീങ്ങി.
യാത്രയാക്കുമ്പോൾ വീടിന്റെ ഗയ്റ്റ് വരെ എന്റെ കൈയും പിടിച്ച് ഒട്ടി നടന്ന മോനെയും ഉമ്മറ കോനയിൽ തൂണും ചാരി നിറകണ്ണുകളായി നിൽക്കുന്ന അമ്മയുടെയും ഭാര്യയുടെയും മുഖവും ഗെയ്റ്റ് തുറന്ന് പിടിച്ച് നിന്ന അച്ഛനും മനസ്സിലൂടെ കടന്നുപോയി. ഇനി അവരെ കാണാൻ പറ്റുമോ.
കഫീൽ എന്നെയും പിടിച്ച് കുറച്ചു കൂടെ മുന്നോട്ട് നടന്നു അവിടെ റോഡിന്റെ ഓരത്തായി എന്നെ നിർത്തി എന്തൊക്കെയോ പറഞ്ഞു. പറഞ്ഞത് ഒന്നും മനസ്സിലായില്ലെങ്കിലും... അവിടെ നിൽക്കാനാണ് ആവിശ്യപ്പെട്ടതെന്ന് ആംഗ്യത്തിൽ നിന്ന് ഞാൻ ഊഹിച്ചെടുത്തു .കഫീൽ എങ്ങോട്ടോ പോയ് മറഞ്ഞു .
ഇതു തന്നെ തക്കം എന്ന കരുതി. തരിച്ചു നിന്നു പോയ കാലുകൾ വേഗത്തിൽ ചലിപ്പിച്ച് ഞാൻ മുന്നോട്ട് ഓടി .. പക്ഷേ തളർന്നു പോയ കാലുകൾക്ക് വേഗം പോരെന്നു തോന്നി .കടുത്ത നിയന്ത്രണങ്ങൾ ഏറ്റുവാങ്ങി ഉയർന്നു പൊങ്ങിയ കെട്ടിടങ്ങളുടെ ഓരത്തുകൂടെ ഞാൻ ഓടി ...... വെളുത്ത താബയും നീണ്ട താടിയും മുള്ള മുത്താവയെയും(മത പോലീസ്) കൂട്ടി കഫീൽ വരുന്നതിനു മുമ്പ് രക്ഷപ്പെടണം .
അങ്ങിനെ ഇടമുറിയാത്ത വരികളായി ഒഴുകി വരുന്ന വാഹന പ്രവാഹത്തെ മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോഴാണ്, ഒരു കാർ മുന്നിൽ വന്നു നിന്നത്. പെട്ടു ഞാൻ. വീണ്ടും കഫീലിന്റെ കൈയ്യിൽ .
"ഏയ് രവി നിങ്ങൾ എവിടെ പോയതായിരുന്നു?
നജീബ് കാറിൽ നിന്ന് തല പുറത്തേക്ക് ഇട്ടു ചോദിച്ചു.
എല്ലാം അവസാനിച്ച് എന്ന് കരുതിയ നിമിഷത്തിൽ ആയിരുന്നു ദൈവദൂതനെപ്പോലെ നെജീബ് കടന്നു വന്നത്. ഒന്നും പറയാതെ ഞാൻ വേഗം കാറിൽ ഓടി കയറി : സംഭവിച്ചത് മുഴുവനും പറഞ്ഞു .അല്പം വിറയലോടെ ..
ഞാൻ പറഞ്ഞു കഴിഞ്ഞതും കാർ ഓടിച്ചു കൊണ്ടിരിക്കുന്നാൾ കഴുത്ത് തിരിച്ച് എന്നെ നോക്കി പറഞ്ഞു .
"പേടിക്കുകയൊന്നു വേണ്ട എല്ലാവർക്കും നജീബിനു സംഭവച്ചിത് പോലെ സംഭവിക്കില്ല . സൗദിയിൽ."
അയാൾ പറഞ്ഞത് എന്താണെന്ന് ശരിക്കും ഞാൻ കേട്ടില്ല . നോട്ടം മുഴുവൻ അയാളിലായിരുന്നു.
കുറ്റിത്താടിയുമായി കറുത്ത ഫ്രയിമിട കണ്ണാടിലൂടെ സ്നേഹ തിളക്കം വിളിച്ചോതുന്ന കണ്ണുകൾ . മനസ്സിൽ കുറേക്കാലമായി ആരാധനയോടെ കൊണ്ടു നടക്കുന്ന രൂപം.
വിശ്വസിക്കാനാവാതെ ഞാൻ ചോദിച്ചു പോയി ബെന്ന്യാമൻ സാറല്ലേ ...?
അയാൾ തലയാട്ടി ഉച്ചത്തിൽ ചിരിച്ചു കൂടെ നെജീബും.
ഞങ്ങൾ ഇവിടെ ഒരു സിനിമയുടെ ജോലിയുമായി വന്നതാ. കുറച്ച് ദിവസം ഇവിടെ കാണും.
ഞാൻ അന്ധാളിച്ചു നിൽക്കുകയാണ്. കഥാപാത്രത്തെയും കഥാകാരനെയും ഒരുമിച്ചു കണ്ടതിന്റെ അതിയായ സന്തോഷത്തിൽ. മനസ്സിന്റെ ഉള്ളാളങ്ങളിൽ കടന്ന് വായനക്കാരനെ കഥാപാത്രം ജീവിച്ച സാഹചര്യവും വികാരങ്ങളുമായി സമഭാവം ചെയ്യിപ്പിക്കന്ന കഥാകാരൻ. ഒരു പുരുഷായുസിൽ അനുഭവിക്കേണ്ടതെല്ലാം ചുരു ങ്ങിയ കാലയളവിൽ അനുഭവിച്ച തീർത്ത കഥയിലെ നായകനും മായി ഒരുമിച്ചുള്ള ഒരു യാത്ര.
"എവിടെയാ താമസം അഡ്രസ്സ് ഒന്നു പറഞ്ഞുതരാമോ?"
ഞാൻ അഡ്രസ്സ് എഴുതിയ കടലാസ് കാണിച്ചു കൊടുത്തു.
"ഓ ഇത് നമ്മൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ തന്നെയാണല്ലോ." ബെന്യാമൻ ചിരിച്ചു കൊണ്ടു പറഞ്ഞു
"നിങ്ങളുടെ പേടി ഇനിയും മാറിയില്ലേ? ഞങ്ങളൊക്കെയില്ലേ കൂടെ"
ചുണ്ടിൽ ചെറിയൊരു ചിരി വിടർത്തി ഞാൻ പറഞ്ഞു, "ഞാനൊക്കെ ഏതെങ്കിലും മസറക്കകത്ത് അകപെട്ടു പോയാൽ പിന്നെ ഒരിക്കലും പുറം ലോകം കാണില്ല ചിലപ്പോ അവിടെ തന്നെ അവസാനിപ്പിക്കേണ്ടി വരും ..
ദുരിതപൂർണ്ണമായ ഭൗതിക സാഹര്യങ്ങളിൽ മാത്രം മനസ്സിനെ കെട്ടിയിടാതെ ....... തന്റെ വിശ്വാസത്തിൽ ശുഭ പ്രതീക്ഷയോടെ മനസ്സിനെ തളച്ചിടാൻ നിങ്ങളുടെ നെജിബിന് അല്ല നെജീബിനു മാത്രമേ കഴിയൂ"
എന്റെ വാക്കുകൾ കേട്ട് മുന്നിലിരുന്നു നെജീബും ബെന്യാമനും പരസ്പരം നോക്കി ചിരിച്ചു.
"അല്ല , നജീബിനെ മസറയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന ഇബ്രഹിം ഖാദരി ശരിക്കും ഉള്ളതാണോ അല്ല ബന്യാമൻ സാറിന്റെ സൃഷ്ടിയാണോ വിശ്വാസ പ്രവാചകനായി?
ചോദ്യം കേട്ടതും അവർ വീണ്ടും പരസ്പരം മുഖത്തോട് മുഖം നോക്കി. കണ്ണുകളിലൂടെ എന്തൊക്കെയോ കാര്യങ്ങൾ പരസ്പരം കൈമാറിയത് പോലെ തോന്നി.
"എല്ലാ പീഡിതരുടെ കൂടെയുയും ദീനത അനുഭവികുന്നവരോടൊപ്പവും എപ്പോഴും ഒരു നന്മമരം ഉണ്ടാവും. അത്തരം ഒരു നന്മ മരം ആണ് ഇബ്രാഹിം ഖാദരി" ബന്യാമൻ പറഞ്ഞു നിർത്തി.
സംശയങ്ങൾ പിന്നെയും ചോദ്യങ്ങളായി മനസ്സിൽ കുതിച്ചെത്തിയിങ്കിലും നിയന്ത്രിച്ച് നിർത്തി ഞാൻ നജീബിന്റെ ജീവചരിത്രമല്ലല്ലോ "ആടുജീവിതം " ബന്യാമൻ എഴുതിയ നോവൽ ആണല്ലോ മനസ്സ് സമാധനപ്പെട്ടു.
"രവി പേടിക്കുന്നതുപോലെ എല്ലാ അർബാബുമാരും ക്രൂരൻമാർ അല്ല നെജീബിന്റെ അർബാബ് മാത്രം അങ്ങിനെ ആയിപ്പോയി അത്രമാത്രം "
പണിയന്വേഷിച്ച് കടല്‍ കടന്ന വന്ന ഒത്തിരി മലയാളികൾക്ക് ഈ നാട് സ്നേഹ വരവേൽപ് നൽകിയിട്ടുണ്ട് അവരുടെ അടുപ്പിൽ തീ പുകഞ്ഞതും ചെറ്റപ്പുരകള്‍ കൊട്ടാരമായി മാറിയതും നാട്ടിലെ അസമത്വവും തൊഴിലില്ലായ്മയും പട്ടിണിയും ഇല്ലാതാക്കിയതും ഈ പൊന്നു വിളയുന്ന നാട് തന്നു വിട്ട നാണയത്തുട്ടുകൾ ആയിരുന്നു രവി അത് നമ്മൾ മറന്നു കൂട...
ബന്യാമന്റെ വാക്കുകൾ എന്റെ പേടിയെ ചെറുതായി ഒന്നു ശമിപ്പിച്ചെങ്കിലും എയർപോർട്ടിൽ വന്നു കൈയ്യിൽ പിടിച്ച കഫീലിന്റെ മുഖം മനസ്സിൽ നിന്ന് മായുന്നുണ്ടായിരുന്നില്ല ആരാരായിരിക്കും അയാൾ?
പിറ്റേ ദിവസം രാവിലെ സെന്ററിന്റെ ഉദ്ഘാടനം ആയിരുന്നു .. ബന്യാമനും നെജീബു പ്രത്യേക ക്ഷണിതാക്കളായി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയിരുന്നു . റിയാദിലെ വലിയൊരു മലയാളി സമൂഹവും കുട്ടികളും അവിടെ സന്നിഹിതരായിട്ടുണ്ട്... എല്ലാവരും ഉത്ഘാടകനായി കാത്തിരിക്കുന്നു . ശ്രീ അൻസാരി ബിൻ സൽമാൻ അദ്ദേഹമാണ് സ്ഥാപനത്തിന്റെ റിയാദിലുള്ള മാനേജിങ് ഡയറക്ടർ ........
കുറച്ച് സമയം കഴിഞ്ഞപ്പോൾ അദ്ദേഹം വന്നെന്നു പറഞ്ഞു സെന്റെർ ഹെഡ് വിവേക് എന്നെയും കൂട്ടി അദ്ദേഹത്തെ പരിചയപ്പെടുത്താൻ കൊണ്ടുപോയി. അവിടെ റൂമിൽ ബന്യാമനും നെജീബും മറ്റു രണ്ട് പേരും ഉണ്ടായിരുന്നു മനേജിങ് ഡയറക്ടർ തലതിരിഞ്ഞ് കമ്പ്യൂട്ടിൽ എന്തോ ചെയ്യുകയായിരുന്നു.
വിവേക് "സാർ " എന്നു വിളിച്ചു.
പെട്ടന്നാണ് അദ്ദേഹം തലതിരിച്ച് എന്നെ നോക്കിയത്.
ഞാൻ വീണ്ടും ഒന്നു ഞെട്ടി ... വാക്കുകൾ മുറിഞ്ഞ് പുറത്തേക്ക് ഒഴുകി :
"സാർ നിങ്ങൾ ഇന്നലെ എയർപോർട്ടിൽ.. എന്റെ....."
പക്ഷേ റൂമിൽ പൊട്ടിചിരിയുടെ മുഴക്കം എല്ലാവരും എന്നെ നോക്കി ആർത്തുചിരിക്കുകയാണ്
മനേജിങ് ഡയറക്ടർ എഴുന്നേറ്റ് വന്ന് എന്റെ കൈപിടിച്ചു കുലുക്കി ചെവിയിൽ വന്നലച്ച പൊട്ടിച്ചിരിയുടെ ശബ്ദത്തിൽ ഞാൻ കണ്ണു തുറന്നു . പതുക്കെ നീങ്ങുന്ന ടെയിനിലെ നീല വെളിച്ചം കണ്ണിൽ അടിച്ചു. ഫാനിന്റെ മുരൾച്ചയോടൊപ്പം ഉയർന്നു പൊങ്ങുന്ന കൂർക്കംവലികൾ .. ഒന്നും തിരിയുന്നില്ല എങ്കിലും ആരോ എന്റെ കൈയ്യിൽ പിടിച്ചിരുന്നു .....
ഞാൻ കണ്ണുകൾ തുടച്ച് സീറ്റിൽ നിന്ന് എഴുന്നേറ്റു എന്റെ അരികിൽ നിന്ന് അരോ ഇരുന്ന് എഴുന്നേറ്റ് പോയത് പോലെ ഒരു തോന്നൽ.
ട്രെയിൻ സ്റ്റോപ്പ് ചെയ്തിരുന്നു. ഞാൻ വേഗം ഓടി തീവണ്ടിയുടെ വാതിലിനരികിൽ നിന്നു കമ്പാർട്ട്മെന്റിൽ നിന്നറങ്ങിയ ഒരാൾ സ്റ്റേഷനിലെ ആൾക്കൂട്ടത്തിൽ ലയിച്ചു ചേർന്നു പോകുന്നതു പോലെ തോന്നി.
വണ്ടി പതുക്കെ വീണ്ടും ചലിച്ചു തുടങ്ങി ..... സ്റ്റേഷനിലെ സൂചക പലകയിലെ അക്ഷരങ്ങൾ ഞാൻ കൂട്ടി വായിച്ചു "കായം കുളം സ്റ്റേഷൻ "
ഹരിപ്പാട്ടുകാരൻ നെജീബ് ആദ്യമായി സൗദിയിലേക്ക് പോകാൻ ജയന്തി ജനത എക്സ്പ്രസ് കയറിയ റെയിൽവേ സ്റ്റേഷൻ.
തിരിച്ച് സീറ്റിൽ പോയിരുന്നു. അവിടെ അത്തറിന്റെ ഒരു സുഗന്ധം തങ്ങി നിന്നിരുന്നു
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ ഉറക്കം നഷ്ടപ്പെട് ഞാൻ സീറ്റിൽ എഴുന്നേറ്റിരിന്നു. സ്വപനത്തിൽ കണ്ട കാര്യങ്ങൾ വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് .
അപ്പോഴും നജീബ് അനുഭവിച്ച വേദനകളും വികാരങ്ങളും വാക്കുകളിലൂടെ "ആടു ജീവിത "മായി എന്റെ ഹൃദയാന്തരത്തിൽ തുന്നിചേർത്ത ബന്യാമൻ എന്ന കഥാകരൻ മനസ്സിൽ നിറഞ്ഞാടുകയായിരുന്നു.
വയറ്റിപ്പിഴപ്പിനായി ജോലി അന്വേഷിച്ച് പോയി ദുരിതക്കടലിൽ വീഴുന്ന നജീബുമാരുടെ ഇനിയും പറഞ്ഞു തീരാത്ത പ്രവാസ കഥകളിലേക്ക് ഒരു കിളിവാതിൽ തുറന്നു വെച്ച് തീവണ്ടിയുടെ ജനാലയിലൂടെ . പുറത്തേക്ക് നോക്കി ഞാനിരുന്നു . പുറം കാഴ്ചകൾ പിന്നോട്ടും എന്റെ ചിന്തകൾ മുന്നോട്ടുമായി.