വളരെ നാളുകൾക്കുശേഷം ഒരു ട്രെയിൻ യാത്രക്കിടയിലാണ് ഞാൻ അവളെ കണ്ടത്.'നയന'യെ,എന്റെ ബാല്യകാല സുഹൃത്തിനെ.പത്താം ക്ലാസ്സ് കഴിഞ്ഞതിൽ പിന്നെ ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. അവളുടെ അമ്മയുടെ നാടായ നിലമ്പൂരിലേയ്ക്ക് അവർ താമസം മാറ്റിയിരുന്നു.

തീവണ്ടിയിൽ നല്ല തിരക്കായിരുന്നു.നേരത്തെ റിസേർവ് ചെയ്യാതിരുന്നതുകൊണ്ട് എനിക്ക് ഇരിക്കാൻ സീറ്റ് കിട്ടിയില്ല. അരുണേട്ടന് പെട്ടന്ന് ജോലിസംബന്ധമായ ഒരു യാത്ര പോകേണ്ടിവന്നതു കൊണ്ട് ഞാൻ വീട്ടിലേക്കു പോകാമെന്നു തീരുമാനിക്കുകയായിരുന്നു.

ഒരു സ്റ്റേഷനിൽ നിറുത്തി  ആളിറങ്ങിയപ്പോൾ ഞാൻ കിട്ടിയ സ്ഥലത്ത് ഇരുന്നു. അപ്പുറത്തിരുന്ന ആളെ ശ്രദ്ധിച്ചതേയില്ല. "ദേവീ..." എന്ന വിളികേട്ടാണ് തല തിരിച്ചു നോക്കിയത്. അത് അവളായിരുന്നു. നയന. എന്റെ പ്രിയപ്പെട്ട കൂട്ടുകാരി. നെയ്യാമ്പൽപ്പൂവിനെപ്പോലെ സുന്ദരി.
എനിക്ക് വലിയ സന്തോഷമായി. അവൾക്കും. ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു.

"എത്ര നാളായി നമ്മൾ തമ്മിൽ കണ്ടിട്ട്?നമ്മൾ എത്ര കൂട്ടായിരുന്നു!" ഞാൻ പറഞ്ഞപ്പോൾ അവൾ ശരി വച്ചു.
"ജീവിതം ഇങ്ങനെയൊക്കെയല്ലേ ദേവീ...? നമ്മൾ ഇന്നു കാണണമെന്ന് ഈശ്വരൻ വിധിച്ചിട്ടുണ്ടാകും"
"നിന്നെപ്പറ്റി ഒരു വിവരവും എനിക്കറിയില്ലായിരുന്നല്ലോ നയനേ... ഫോൺ നമ്പറുണ്ടായിരുന്നെങ്കിൽ ഞാൻ വിളിച്ചേനെ!" ഞാൻ സങ്കടം പറഞ്ഞു.
"നിന്റെ കല്യാണം കഴിഞ്ഞോ? നിന്റെ ആൾ കൂടെയുണ്ടോ? ഞാൻ കണ്ടിട്ടില്ലല്ലോ." അവൾ ചോദിച്ചു.
"ഇല്ല.ജോലിക്ക് പോയി. ഞാൻ എന്റെ വീട്ടിലൊന്നു പോകുകയാണ് നയനേ...നീ എങ്ങോട്ടാണ്?" ഞാൻ ചോദിച്ചു.
"എന്റെ അച്ഛന്റെ കുടുംബ ക്ഷേത്രത്തിൽ തൊഴാൻ പോകുന്നു. അച്ഛനും കൂടെയുണ്ട്." അവൾ പറഞ്ഞു.
"നിനക്കു കുട്ടികളായോ?" അവൾ ചോദിച്ചു.
"ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളു." ഞാൻ മറുപടി പറഞ്ഞു.
"നിന്റെ കല്ല്യാണംകഴിഞ്ഞോ?" ഞാൻ ചോദിച്ചപ്പോൾ അവൾ മധുരമായി പുഞ്ചിരിച്ചു.
"കഴിഞ്ഞിട്ടില്ല ദേവീ... നിന്നെയും നിന്റെ ആളേയും തീർച്ചയായും ഞാൻ വിളിക്കും"
"മ്യൂസിക് അക്കാഡമിയിൽ എന്റെ സീനിയർ ആയിരുന്നു  എന്റെ ആൾ. ഞാനുമെന്റെ ആളും അഞ്ചുവർഷങ്ങളായി പ്രണയത്തിലാണ്.ഒരു ക്യാമ്പസ് പ്രണയം!"
"എന്റെ ആളിന്റെ വീട്ടിൽ എതിർപ്പായിരുന്നു.അവർ വലിയ പണക്കാരാണ്. ഞങ്ങൾക്ക് അവരുടെയൊപ്പം പണമില്ലല്ലോ.ഇപ്പോൾ കുറച്ചൊന്ന് അയഞ്ഞിട്ടുണ്ട്.
ഒരു മാസത്തിനകം വിവാഹം നടക്കും." അവൾ വാചാലയായി.
"ഞാനും എന്റെ ആളും പെർഫെക്ട് മാച്ചിങ് ആണെന്നാണ് ഞങ്ങളുടെ കൂട്ടുകാരുടെ അഭിപ്രായം." അവൾ പറഞ്ഞു.
നയന പണ്ടേ അങ്ങനെയാണ്. മനസ്സിലൊന്നും ഇരിക്കില്ല. എല്ലാം പൊടിപ്പും തൊങ്ങലും ചേർത്ത് പറയും. 
"ദേവീ...എന്റെ ആളെ കാണണ്ടേ?" അവൾ തിടുക്കത്തിൽ മൊബൈലെടുത്ത് ഒരു ഫോട്ടോ എന്നെ ക്കാണിച്ചു.
"നോക്ക് ദേവീ.. ഞാനും, എന്റെ ആളും." അവൾ പൂനിലാവ് പോലെ ചിരിതൂകി.
കടൽക്കരയിൽ പരസ്പരം കൈകൾ കോർത്തു നിൽക്കുന്ന രണ്ട് ഇണക്കുരുവികൾ.അത് അവളും, അവളുടെ ആളും ആയിരുന്നു.
"നല്ല ചേർച്ച. നിന്റെ ആളിന്റെ പേരെന്താണ്?" ഞാൻ ചോദിച്ചു.
"എനിക്കു ചേരുന്ന പേരു തന്നെ. നീ വെറുതെ ഒന്ന് ഊഹിച്ചേ ദേവീ. നീ പണ്ടേ ഊഹിച്ചു പറയുന്നതൊക്കെ ശരിയാകാറുണ്ടല്ലോ." അവൾ പറഞ്ഞു.
"നന്ദൻ?' ഞാൻ വെറുതെ ചോദിച്ചു.
ആശ്ചര്യം കൊണ്ട് അവളുടെ കണ്ണുകൾ വിടർന്നു. 
"ഈശ്വരാ! അതു തന്നെ. നന്ദഗോപൻ. 'നന്ദൻ 'എന്നാണ് എല്ലാവരും വിളിക്കുന്നത്."
അവൾ പൊട്ടിച്ചിരിച്ചു. ഞാനും ചിരിച്ചു. ഞങ്ങളുടെ ചിരി കേട്ടപ്പോൾ യാത്രക്കാരിൽ പലരും തിരിഞ്ഞു നോക്കി.
"നിന്റെ ആളും. നിന്നെപ്പോലെ തന്നെ."
"സുന്ദരിയും, സുന്ദരനും!" ഞാൻ പറഞ്ഞപ്പോൾ അവൾ ആസ്വദിച്ചു ചിരിച്ചു.

എത്ര സുന്ദരിയാണിവൾ? ഞാൻ ചിന്തിച്ചു. ആരും കൊതിക്കുന്ന മനോമോഹിനി. നന്നായി പാടും. സ്കൂളിൽ വച്ച് പാട്ടുമത്സരങ്ങളിൽ എന്നും അവൾക്കായിരുന്നു ഒന്നാം സ്ഥാനം.
ഞങ്ങൾ ധാരാളം സംസാരിച്ചു.
അവളുടെ ആളോടൊപ്പം പല ട്രൂപ്പുകളിലും അവൾ പാടുന്നുണ്ട്. ഒരു സ്വകാര്യ വിദ്യാലയത്തിൽ സംഗീത അദ്ധ്യാപികയുമാണ്. ഞങ്ങൾ  സംസാരിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് ചായ കൊണ്ടുവന്നപ്പോൾ ഞാൻ അവൾക്കു  ചായ വാങ്ങിക്കൊടുത്തു. അവൾ എനിക്ക് വട വാങ്ങിത്തന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും എറണാകുളം സൗത്ത് സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. എത്ര സംസാരിച്ചിട്ടും ഞങ്ങൾക്കു മതിയാകുന്നില്ലായിരുന്നു.
"കല്ല്യാണം വിളിക്കാട്ടോ..! ദേവിയുടെ മൊബൈൽ നമ്പർ പറഞ്ഞേ... " അവൾ പറഞ്ഞു.

ഞാൻ എന്റെ നമ്പർ പറഞ്ഞു കൊടുത്തു. അത് സേവ് ചെയ്തിട്ട് അവൾ എനിക്ക് ഒരു കാൾ അയച്ചു. ഞാൻ അത് സേവ് ചെയ്തു. കരിമിഴിക്കണ്ണുകൾ എന്റെ നേർക്കു നീട്ടിക്കൊണ്ട് അവൾ യാത്ര പറഞ്ഞു പോയി. ദിവസങ്ങൾ മാസങ്ങളായിട്ടും, അവളെന്നെ കല്ല്യാണം ക്ഷണിച്ചില്ല.

രണ്ടു മാസങ്ങൾക്കു ശേഷം ഞാൻ അവളുടെ നമ്പറിൽ വിളിച്ചു. ഫോൺ എടുത്തത് അവളുടെ അനിയത്തിയാണ്.
"നയനയ്ക്കൊന്നു കൊടുക്കാമോ?" ഞാൻ ചോദിച്ചു.
മറുപടി ഒന്നും കിട്ടാത്തതുകൊണ്ട് ഞാൻ പറഞ്ഞു,...
"പേടിക്കേണ്ട. ഞാൻ അവളുടെ കൂട്ടുകാരിയാണ്. അവളുടെ കല്യാണം എന്തായി?" ഞാൻ ചോദിച്ചു. മറുവശത്തുനിന്ന് ഒരു പൊട്ടിക്കരച്ചിലാണ് കേട്ടത്.
ഒടുവിൽ  കരഞ്ഞും... വാക്കുകൾ മുറിഞ്ഞും, ഗദ്ഗദം തുളുമ്പുന്ന അവളുടെ വാക്കുകളിൽ നിന്ന് ഒരു കാര്യം മനസ്സിലായി, നയന ഒരു പിടി ഉറക്കഗുളികകളിൽ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു.

അവളുടേത് മാത്രമെന്ന് അവൾ വിചാരിച്ചിരുന്ന അവളുടെ ആൾ അവളെ ചതിച്ചിരിക്കുന്നു. വീട്ടുകാരുടെ സമ്മർദ്ദത്തിനൊടുവിൽ കൂടുതൽ ഉയരങ്ങിലേക്ക് കയറാനുള്ള പടവുകൾ ലഭിച്ചപ്പോൾ അയാൾ അവളെ ഉപേക്ഷിക്കാൻ തയ്യാറായി.

"എനിക്കിതല്ലാതെ നിവർത്തിയില്ല... ഞാൻ നിസ്സഹായനാണ്. നീ എന്നെ മറന്നേക്കൂ..."
എന്ന് അയാൾ ഫോൺ ചെയ്തു പറഞ്ഞ രാത്രിയിൽ അവൾ ഈ വഞ്ചനയുടെ ലോകം വിട്ട് പറന്നു പോയി. എന്റെ മനസ്സിൽ ഞങ്ങളൊന്നിച്ചു നടത്തിയ ആ തീവണ്ടിയാത്രയും... അവളുടെ ചിരിയും സുന്ദരമായ മുഖവും തെളിഞ്ഞു നിന്നു.

"ഞാനും എന്റെ ആളും."എന്ന് പറഞ്ഞൂകൊണ്ട് അവൾ കാണിച്ചു തന്ന ഫോട്ടോയിലെ അവളുടെ ആൾ ദുഷ്ടനും, ഹൃദയമില്ലാത്ത വഞ്ചകനുമായിരുന്നോ?"
"എന്തിനാണ് ആ വഞ്ചകനുവേണ്ടി അവൾ സ്വയം ഹോമിച്ചത്?
എന്തിനാണ് ഇങ്ങോട്ടില്ലാത്ത ആത്മബന്ധം അങ്ങോട്ടു പുലർത്തുന്നത്?"
"എന്താണ് അവൾ സ്വന്തം മാതാപിതാക്കളേയും സഹോദരങ്ങളെയും പറ്റി ചിന്തിക്കാഞ്ഞത്? ദൈവം കനിഞ്ഞു നൽകിയ മനോഹരമായ ഈ ഭൂമിയിലെ ജീവിതം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയതെന്തിനാണ്?"
ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിൽ അലയടിച്ചുയർന്നു.
എന്റെ ഹൃദയം വിങ്ങിപ്പൊട്ടി. ഞാനും കരഞ്ഞുപോയി!

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ