ഉച്ചയുറക്കത്തിന് മുമ്പ് ഒന്നുകൂടി മൊബൈലെടുത്തു നോക്കിയപ്പോഴാണ് പൊൻമുഖം മലയിലെ അനധികൃത ഖനനത്തിന്റെ ഭീകര കാഴ്ചകളും താഴെ ജനവാസങ്ങളുടെ ദൂര ദൃശ്യങ്ങളും ലൈവിൽ കാണിച്ച്
അധികാരികളുടെ കണ്ണുതുറപ്പിക്കാനുള്ള ശ്രമം ശ്രദ്ധയിൽ പെട്ടത്. പ്രകൃതിയുടെ സൗന്ദര്യവും കാടിന്റെ വന്യതയും മനസു നിറഞ്ഞാസ്വദിക്കാവുന്ന വള്ളുവനാടിന്റെ ഊട്ടിയാണിന്നും ജൈവ വൈവിധ്യങ്ങളുടെ കലവറയായ പൊൻമുഖം മല. ഇരുട്ടിന്റെ ശക്തികൾ ഇനിയും പ്രവർത്തിച്ചാൽ അനേകം ജീവജാലങ്ങളും മലയടിവാരത്തെ മനുഷ്യരും ഏതു നിമിഷത്തിലും ഒരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പായി ഒരു പ്രതിഷേധ പരിപാടിയെന്നവണ്ണം വീഡിയോ മിനുട്ടുകൾക്കകം കൂടുതൽ ഷെയർ ചെയ്യപ്പെട്ടു.
ഉറക്കം നഷ്ടപ്പെട്ട മനസ് പൊൻമുഖം മലയിലേക്ക് കുതിച്ചു. വേനലവധിക്ക് സ്കൂൾ പൂട്ടിയാൽ ഉമ്മാന്റെ വീട്ടിലേക്ക് പോയിരുന്നത് ഈ മലമ്പ്രദേശത്തുകൂടിയായിരുന്നു. വാഹനങ്ങളെ ആശ്രയിക്കാതെ നാല് കിലോമീറ്ററോളം നടന്ന് മലയിലേക്കുള്ള ഇടവഴിയിലൂടെ കയറും. ഇരുവശവും ചെറിയ വീടുകൾ പിന്നിട്ട് റോഡിലേക്ക് പിന്നീട് കുറച്ചു ദൂരം കയറ്റമാണ്. ഇടത് വശത്ത് ചെങ്കല്ല് വെട്ടിയെടുത്ത വലിയ ക്വാറികൾ ...... ദൂരെ പച്ചപ്പാടങ്ങൾക്കു നടുവിലെ നേർത്ത രേഖയായി റോഡും കാണാം. പാഠപുസ്തകത്തിലും ബാലമാസികകളിലും മാത്രം കണ്ടു പരിചയമുള്ള മയിലിനെ ആദ്യമായി കാണുന്നതും ഈ യാത്രയിലാണ്. അതു പോലെ കശുമാവു തോട്ടത്തിനരികിലെ ചോളകൃഷിയും റോഡിലേക്ക് കുണുങ്ങി വരുന്ന ചോലയും മനസിലേക്ക് കുളിരു കോരുന്ന കാഴ്ചയായിരുന്നു. നീളൻ കുഴലുകളിലിൽ കൂടി ആകാശത്തെ കാണിച്ചു തരുന്ന മരച്ചില്ലകളിലൂടെ പല നിറപ്പക്ഷികൾ ചലിക്കുന്നതും മലയോരത്തെ തണലിടങ്ങളിൽ മാത്രം കാണുന്ന കാഴ്ചയാണ്. വസ്ത്രത്തിലാകാതെ ശ്രമകരമായി പറങ്കി മാങ്ങ തിന്ന് ചോലയിൽ കൈ കഴുകി വൃത്തിയാക്കി നടത്തത്തിന് വേഗത കൂട്ടിയാലും ദൂരമേറെയുണ്ടെന്ന് തോന്നിക്കുന്ന ഇരുവശവും മരങ്ങൾ നിറഞ്ഞ കാട്ടുവഴി. അങ്ങിങ്ങായ് ഒറ്റപ്പെട്ട വീടുകൾ മാത്രം .യാത്ര അവസാനിക്കുമ്പോൾ മലയുടെ ഒരു ചെരിവിലൂടെ ഞങ്ങൾ ലക്ഷ്യസ്ഥാനത്തിലേക്കടുക്കാൻ തുടങ്ങിയിട്ടുണ്ടാവും. വരേങ്ങൽ സ്കൂളിനു മുന്നിലെത്തിയാൽ പിന്നെ കുറച്ചു ദൂരം കൂടി നടന്നാൽ മതിയെന്നുള്ള സന്തോഷം മുഖത്തും നടത്തത്തിലും പ്രത്യക്ഷമാകും.
നാനാജാതിക്കാരും ഉണ്ടുറങ്ങിയ തറവാടുമുറ്റം ഞങ്ങളുടെ വരവിനായി സ്വാഗതമോതി കാത്തു നിൽക്കുകയാവും. സ്കൂളിനവധിയാണെങ്കിലും പൊതു വിജ്ഞാനങ്ങളുടെ അധ്യാപന സഞ്ചിയും തുറന്ന് മാമയും. ആഘോഷത്തിന്റെ ദിനരാത്രങ്ങളാണിനി വരാൻ പോകുന്നത്.
ഉറക്കമെണീറ്റു വരുമ്പോൾ മാമി ആവി പറക്കുന്ന കട്ടൻ ചായ റെഡിയാക്കിയിട്ടുണ്ടാവും. മുഖം കഴുകാനും കുളിക്കാനുമായി എപ്പോഴും വലിയ കലം നിറയെ ചുടുവെള്ളം അടുപ്പിൽ തന്നെയുണ്ടാകും. കട്ടൻ ചായക്കു ശേഷം പുളിങ്ങപെറുക്കുന്നതിനിടയിലേക്ക് പറന്നു വരുന്ന ദിനപത്രമെടുത്ത് പൂമുഖത്ത് വെക്കുമ്പോൾ പാലുമായെത്തുന്ന രാമങ്കുട്ട്യേട്ടൻ അകത്തേക്ക് കയറാതെ ഉമ്മറത്തിരുന്ന് നാട്ടുവർത്തമാനം ...
ഏതു പ്രശ്നത്തിനും പരിഹാര ക്രിയ നടത്തുന്ന ശബ്ദഗാംഭീര്യത്തിനുടമയായ പൂജാരി പടിക്കൽ നിന്ന് വിശേഷം തിരക്കുമ്പോൾ ഞാൻ അകത്തേക്കു വലിയും. സേവാ മഠത്തിനു മുന്നിലേക്ക് പേടിയോടെ ചിലപ്പോഴൊക്കെ ഒന്ന് എത്തി നോക്കും. ചെകുത്താൻമാരെ ആട്ടിയിറക്കുമെന്നൊക്കെ പറയുന്നത് കേൾക്കുമെന്നല്ലാതെ വലിയകൽപ്പടവു മാത്രമേ കാണാനാവൂ.
മാമിക്കും വിരുന്നു ചെന്ന ഉമ്മാക്കുമൊപ്പം അടുക്കളയെ ആളനക്കമുള്ളതാക്കാൻ വരുന്ന കജ്ജുമ്മുത്താത്തയും ബീക്കുട്ട്യാത്തയും ഇടക്കെയപ്പോഴോ മനസിൽ നിന്നും വിട്ടു പോയ പേരുകളായിരുന്നു.
വിരുന്നു പോക്കിന്റെ ത്രില്ല് നഷ്ടപ്പെട്ട കാലത്ത് ഒരു ദിവസം ചെന്നപ്പോൾ കജ്ജുമ്മുത്താത്ത സിറ്റൗട്ടിൽ മാമിയോടൊപ്പമിരുന്ന് നാട്ടുവർത്തമാനം പറയുകയാണ്. വീട്ടു വിശേഷങ്ങൾ ചോദിച്ചപ്പോഴാണ് അവരെ ഒരു ഒരു കഥാപാത്രമാക്കിയാലോ എന്ന ചിന്ത മനസിലുദിച്ചത്. സ്കൂൾ വാർഷികത്തിൽ സ്റ്റേജിൽ കയറി പാട്ടു പാടിയ കഥ കൂടി പറഞ്ഞു കഴിഞ്ഞപ്പോഴാണ് കജ്ജുമ്മുത്താത്തയെ ഭയം പിടികൂടിയത്. അപ്പോഴാണ് അവർ മുന്നിലിരിക്കുന്നത് ഒരു കഥാകൃത്താണെന്ന കാര്യം മാമിയിലൂടെ അറിയുന്നതും. യാത്ര പോലും പറയാൻ മറന്ന്, 'ഇതെല്ലാം നീ മറന്നളാന്ന്' പറഞ്ഞ് പടി കടന്നു പോകുമ്പോഴും അവരുടെ ഹൃദയം വെറുതെ പിടക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
പുറത്തൊരു ശബ്ദം കേട്ടു ചിന്തയിൽ നിന്നുണർന്ന് വാച്ചിലേക്കു നോക്കി. സമയം നാലു മണി കഴിഞ്ഞ് ഇരുപത് മിനുട്ട്. പുറത്ത് മഴ പെയ്യാൻ തുടങ്ങിയപ്പോൾ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കുന്ന തിരക്കിലാണ് കുട്ടികൾ.... നിമിഷ നേരം കൊണ്ട് മഴപ്പെയ്ത്ത് ശക്തമായി, ഓട്ടുമ്പുറത്തിനു താങ്ങാനാവുന്നതിനപ്പുറമായിരുന്നു ഓരോ തുള്ളിയുടെയും ഭാരം. പുരപ്പുറം തകർക്കുന്ന മഴയോടൊപ്പം മനസിൽ ചെറുതായി രൂപം കൊണ്ട പ്രളയപ്പേടി ഖനന മേഖലയിലെ നനഞ്ഞു കുതിർന്ന് തകർന്നു വീഴാൻ പാകത്തിലായ വലിയ മൺകൂനത്തിട്ടയിൽ ഉടക്കി നിന്നു. അടിവാരത്തെ ആയിരങ്ങളുടെ ഹൃദയത്തിൽ അപ്പോഴും നിശബ്ദമായ പ്രാർത്ഥനയുണ്ടായിരുന്നിരിക്കാം.