മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

ജീവിതയാത്രയ്ക്കിടയിൽ കുളിർ തണലേകി നിന്ന സൗഭാഗ്യമായിരുന്ന അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ എത്രയെത്രയാണ് ഇന്നും ഒട്ടും മങ്ങാതെ മനസ്സിലിടം പിടിച്ചിട്ടുള്ളത്. ഒരിയ്ക്കലും തിരിച്ചു കിട്ടാത്ത

ബാല്യകാലത്തിൻ്റെ നിറമുള്ള ഓർമകൾക്കു കാവലായി നിറഞ്ഞ സ്നേഹപ്രവാഹമായങ്ങനെ തെളിനീരരുവിയായൊഴുകുന്നു ആസാമീപ്യമന്നും. തനിയ്ക്ക് അനുഭവിക്കാൻ ഭാഗ്യമില്ലാതെ പോയ ബാല്യകാല സൗഭാഗ്യങ്ങളെല്ലാം മക്കൾക്ക് ആവോളം നൽകിയ സ്നേഹനിധിയായിരുന്നു അച്ഛൻ.

നന്നേ കുഞ്ഞായിരിക്കുമ്പോൾത്തന്നെ അച്ഛനെ നഷ്ടപ്പെട്ട് വല്ലാത്തൊരു അനാഥത്വം ഏറ്റുവാങ്ങിയ ബാലൻ മുതിർന്നതോടെ കുടുംബത്തിനു താങ്ങും തണലുമേകി കഠിനാധ്വാനിയായി. ഭർത്താവിൻ്റെ അകാല വിയോഗത്തെ തുടർന്ന് രണ്ടു കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിലെത്തിയ അച്ചമ്മ ഏറെ കഷ്ടപ്പെട്ടാണത്രേ കുഞ്ഞുങ്ങളെ നോക്കി വളർത്തിയത്.80 സെൻറു പറമ്പും അതിൽ ഏതാനും തെങ്ങുകളും മാവും പിലാവും പുളിയും കവുങ്ങും തണൽ വിരിക്കുന്നതിനിടയിൽ ഒരു കുഞ്ഞു വീടും. വയസ്സായ മാതാപിതാക്കൾ യാത്രയായതോടെ കുഞ്ഞുങ്ങളുമൊത്ത് അച്ചമ്മ ഏതാണ്ട് അനാഥയായതുപോലെയായി എന്നും തനിക്കറിയാവുന്ന കൃഷിപ്പണികൾ ചെയ്ത് വരുമാനമുണ്ടാക്കി കുടുംബം പുലർത്തിയെന്നും കഥ. ഞാറു പിറക്കൽ, നടീൽ, കളപറിയ്ക്കൽ, നെല്ലു പുഴുങ്ങിയുണക്കൽ, നെല്ലു കുത്തൽ, പുല്ലരിയൽ എന്നു തുടങ്ങി ഏതു ജോലിയും തനിക്കു വഴങ്ങുമെന്ന് അഭിമാനത്തോടെ അച്ചമ്മ പറഞ്ഞത് എത്രയോ തവണ കേട്ടിരിക്കുന്നു. അധ്വാനശീലയായ അമ്മയുടെ മകനും ജോലി ചെയ്യുന്നതിൽ അഭിമാനം കണ്ടെത്തുന്ന കൂട്ടത്തിലായിരുന്നു.
നന്നേ കുട്ടിക്കാലം മുതൽക്കേ തെങ്ങിൽ കയറി തേങ്ങയിടാനും പനയിൽ നിന്ന് പട്ട വെട്ടാനും കവുങ്ങിൽ നിന്നും മറ്റൊന്നിലേക്ക് പകർന്ന് അടക്ക പറിക്കാനും പരീശീലിച്ച കുട്ടി വളർന്നതോടെ കുടുംബഭാരം സ്വയമങ്ങ് തൻ്റെ ഉത്തരവാദിത്തമായി കരുതിയതോടെ അച്ചമ്മയ്ക്ക് ഒട്ടൊന്നുമല്ല ആശ്വാസമായത്.
ഏക സഹോദരിയെ വിവാഹം ചെയ്തയച്ചെങ്കിലും അവിടവുമായി ഒത്തു പോകാൻ കഴിയില്ലെന്നറിയിച്ചപ്പോൾ വീണ്ടും നിർബന്ധിച്ച് പറഞ്ഞയയ്ക്കാതെ ചേർത്തു പിടിച്ച നല്ലൊരു സഹോദരൻ.
പിന്നീട് ഏറെ പ്രശ്നങ്ങൾ ഉയർത്തിയ പ്രണയ വിവാഹം. ഇവയെല്ലാം ഒരു കഥ പറയുന്ന ചാരുതയോടെ വിവരിച്ചുതന്നിട്ടുണ്ട് അച്ചമ്മ.

ഓർമ വെച്ച നാൾ മുതലേ എനിക്കു നല്ലൊരു റോൾ മോഡലായിരുന്നു അച്ഛൻ. എന്തെങ്കിലും പ്രയാസവുമായി തൻ്റെയരികിലെത്തുന്നവരെ ഒരിക്കലും നിരാശരാക്കാത്ത നിശ്ചയദാർഢ്യത്തിനു മുന്നിൽ നമസ്കരിക്കാൻ തോന്നിയിട്ടുണ്ട് പലപ്പോഴും.വിവാഹം വഴി അമ്മ വീട്ടുകാർ ശത്രുപക്ഷത്തുനിന്നപ്പോഴും ഭീഷണികൾ മുഴക്കിയപ്പോഴും തനിക്കു കൂട്ടായി നിന്നത് അന്യമതസ്ഥരായ സുഹൃത്തുക്കളായിരുന്നു എന്നും രക്തബന്ധത്തേക്കാൾ വിലമതിക്കേണ്ടത് സ്നേഹ ബന്ധത്തെയാണെന്നും അച്ഛൻ പറഞ്ഞിരുന്നത് സ്വന്തം അനുഭവത്തിൽ നിന്നുമാർജ്ജിച്ച അറിവുകൾ കൊണ്ടാവാം.

വീട്ടിലെത്തുന്നവർ ആരായാലും അവരുടെ വിശപ്പടക്കിയിട്ടേ അച്ഛൻ ഭക്ഷണം കഴിക്കുമായിരുന്നുള്ളൂ. അത് പക്ഷിമൃഗാദികളായാലും ഭിക്ഷക്കാരായും പ്രമാണിമാരായും എല്ലാം ഒരു പോലെ.
തൻ്റെ മക്കൾ ആവുന്നത്ര വിദ്യാഭ്യാസം നേടണമെന്നും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാവണമെന്നും ആഗ്രഹിച്ചതുകൊണ്ടുതന്നെ ഏറെ കഷ്ടപ്പെടേണ്ടി വന്നാലും തൻ്റെ ദൃഢനിശ്ചയത്തിൽ നിന്നും അച്ഛൻ പിന്മാറിയതേയില്ല.

അദ്ധ്യാപികയാകണമെന്ന എൻ്റെ ആഗ്രഹത്തേയും നേഴ്സാകണമെന്ന അനിയത്തിയുടെ ആഗ്രഹത്തേയും സഫലീകരിക്കാൻ ഒറ്റയാൾ പട്ടാളമായ അച്ഛൻ ഒട്ടൊന്നുമല്ല കഷ്ടപ്പെടേണ്ടി വന്നത്. എങ്കിലും ഒരിക്കലും ഒരു തരത്തിലുമുള്ള മുറുമുറുപ്പോ ശാപവാക്കുകളോ ആനാവിൽ നിന്നും വീണിട്ടില്ലെന്നതാണ് വാസ്തവം. ഇന്ദിരാ പ്രിയദർശിനിയെ ഏറെ ആരാധനയോടെ കണ്ടിരുന്ന അച്ഛൻ കറകളഞ്ഞ കോൺഗ്രസുകാരനായിരുന്നു. (ഇന്ദിരാ കോൺഗ്രസ്) ദാരിദ്ര്യത്തിൻ്റെ കയ്പുനീർ കുടിച്ചു വളർന്ന ബാല്യകാലത്തിൻ്റെ സ്മരണകളുള്ളതുകൊണ്ടാവാം ' ഗരീബീഹഠാവോ' എന്നു മുദ്രാവാക്യം മുഴക്കിയ ഇന്ദിരാജിയെ അച്ഛൻ ഇത്രയും നെഞ്ചേറ്റും വിധം സ്നേഹിച്ചത്.

പഠിക്കുന്നതിനിടയിൽ വിവാഹാലോചനയുമായി വന്നവരോടെല്ലാം പഠിത്തം കഴിഞ്ഞതിനു ശേഷമേ ആ ഭാഗം ചിന്തിക്കുന്നുള്ളൂ എന്ന് അച്ഛൻ തീർത്തു പറഞ്ഞു. നല്ല നല്ല ആലോചനകൾ പോലും തിരിച്ചയക്കുന്നതു കണ്ട് അമ്മസങ്കടപ്പെട്ടപ്പോഴും ശുഭാപ്തി വിശ്വാസത്തോടെ അച്ഛൻ ആശങ്കയകറ്റിയിരുന്നു.

ഒടുവിൽ ബി.എഡും കഴിഞ്ഞതിനു ശേഷം വന്ന ആലോചന അച്ഛന് അത്രക്കങ്ങ് ബോധിച്ചിരുന്നില്ലെങ്കിലും അമ്മയുടെ ആശങ്കകൾ കൊണ്ടാവാം ഇതു നടത്താം എന്നങ്ങുറപ്പിക്കുകയും ചെയ്തു. പിന്നീട് വന്നു ഭവിച്ച പ്രശ്നങ്ങൾ അച്ഛനെ ഒട്ടൊന്നുമല്ല തളർത്തിയത്. എങ്കിലും ശുഭാപ്തി വിശ്വാസം കൈവിടാതെ എല്ലാം ശരിയാവുമെന്ന് അച്ഛൻ ഉറപ്പിക്കയും ഒരിക്കലും യാതൊരു വിഷമങ്ങളും എൻ്റെ മനസ്സിനേൽക്കരുത് എന്ന് അമ്മയോട് പ്രത്യേകം നിഷ്ക്കർഷയോടെ പറഞ്ഞ് മനസ്സിലാക്കയും ചെയ്തിരുന്നു. അച്ഛൻ്റെ മനസ്സിൻ്റെ നന്മകൾ കൂട്ടായി വന്നിരുന്നു പല സന്ദർഭങ്ങളിലും എന്ന് എത്രയോ തവണ തോന്നിയിട്ടുണ്ട്.
നാട്ടുകാർക്ക് സഹായങ്ങൾ ചെയ്യാൻ പ്രത്യേക താല്പര്യമായിരുന്നു അച്ഛന് .അതുകൊണ്ടുതന്നെ ഇന്നും അച്ഛൻ്റെ പേരു പറഞ്ഞാൽ മക്കളായ ഞങ്ങളെ സ്നേഹത്തോടെ ചേർത്തു പിടിക്കുന്നവർ ഒട്ടേറെയുണ്ടാ ഗ്രാമത്തിൽ എന്നതാണ് സത്യം .

ഏറെ കഷ്ടതകൾക്കൊടുവിൽ ജീവിത പ്രവാഹിനി സുഗമമായൊഴുകാൻ തുടങ്ങുമ്പോഴും ഏറെ നന്ദിയോടെയായിരുന്നു അച്ഛൻ ജീവിച്ചത്. ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം എത്ര സന്തോഷത്തോടെയാണെന്നോ കൊണ്ടാടിയിരുന്നത്.  ഓരോ നിമിഷവും അവിസ്മരണീയമാം വിധം ഉത്സാഹഭരിതമാക്കാൻ അച്ഛന് പ്രത്യേകമായ താല്പര്യവും പ്രാഗത്ഭ്യവു' മുണ്ടായിരുന്നു. കൃഷിയും ചെറിയ കച്ചവടവുമൊക്കെയായങ്ങനെ ജീവിച്ചു വരികയായിരുന്നു. ഒടുവിൽ സുമംഗലികളുടെ ആഘോഷമായ ധനുമാസത്തിലെ ഒരു തിരുവാതിര നാളിൽ കൂവപ്പായസമുണ്ടാക്കാനായി ശർക്കര കൊണ്ടുവരാൻ പോയതായിരുന്നു അച്ഛൻ. കുരുമുളകു പറിക്കുന്നതിനുള്ള പണിക്കാർക്ക് ചായയും പലഹാരവുമെല്ലാം വാങ്ങിക്കൊടുത്ത് ഒരു കാലിച്ചായ കുടിച്ച് ഗ്ലാസ് ഡെസ്ക്കിൽ വെച്ചതിനു ശേഷം ഒരു വശത്തേക്ക് ചെരിഞ്ഞു വീഴാൻ തുടങ്ങിയപ്പോൾ എൻ്റെ സഹപാഠിയും അച്ഛൻ്റെ പ്രിയമാനസപുത്രനുമായ ഇസ്മയിൽ എന്നു പേരുള്ള കടക്കാരൻ വന്ന് പിടിച്ചു മടിയിൽ കിടത്തി. വെള്ളം കുടിക്കാൻ ആവശ്യപ്പെട്ട അച്ഛനെ ചാരിയിരുത്തി അവസാനത്തെ ദാഹനീരും നൽകി. മതി വരുവോളം വെള്ളം കുടിച്ച് അന്ത്യയാത്രയായി. അപ്പോഴേക്കും അനിയന്മാരെ വിളിക്കാൻ ആളെ വിട്ടു. അവരെത്തി നിമിഷങ്ങൾക്കകം ആശുപത്രിയിലെത്തിച്ചു. ഡോക്ടർ മരണവിവരം സ്ഥിരീകരിച്ചു. അനിയന്മാരിൽ ഒരാളുടെ മടിയിൽ തല വെച്ച് മറ്റെയാളുടെ മടിയിൽ കാൽവെച്ച് രാജകീയമായി വീട്ടിലെത്തിയ അച്ഛനെക്കുറിച്ചുള്ള ഓർമകൾ കണ്ണുനീരണിയുന്നുണ്ടിപ്പൊഴും.

ഇപ്പോഴും വീട്ടിലെത്തിയാൽ ആ സാമീപ്യം എവിടെയൊക്കെയോ നിന്ന് എത്തി നമ്മെ പുൽകി ആശ്വാസം പകരുന്നതായി അനുഭവപ്പെടാറുണ്ട്. എന്നുമുണ്ടല്ലോ മനസ്സിൽ നിറദീപപ്രഭയാർന്ന് ആസാമീപ്യമെന്നാശ്വസിയ്ക്കയല്ലേ നിവർത്തിയുള്ളൂ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ