ബസ്സിൽ നല്ല തിരക്കായിരുന്നു.നേരത്തേ സീറ്റ് പിടിച്ചിരുന്നതിനാൽ സ്വസ്ഥമായി ഇരിക്കാൻ സാധിച്ചു. വെളിയിൽ നിന്നടിച്ചു കയറുന്ന ഉഷ്ണക്കാറ്റിനൊപ്പം അകത്തെ യാത്രക്കാരുടെ ഉഛ്വാസവായു
കൂടിക്കലർന്ന് വല്ലാത്തൊരുഷ്ണം വിയർപ്പായി ഷർട്ടു കുതിർത്തുകൊണ്ടിരുന്നു. നഗരാതിർത്തി പിന്നിട്ടതോടെ ബസ്സിന്റെ വേഗതയും വർദ്ധിച്ചു. പുറത്തെപാടങ്ങളിൽ നിന്നുള്ള തണുത്ത കാറ്റു കൂടിയായപ്പോൾ തെല്ലൊരാശ്വാസം.
മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്നൊരു ബന്ധുവിന് അത്യാവശ്യമായി രക്തംകൊടുക്കാൻ പുറപ്പെട്ടിറങ്ങിയതായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ എത്തിച്ചേരണമെന്നായിരുന്നു അവിടെ നിന്നുള്ള നിർദ്ദേശം. മുഖ്യ പാതയിലൂടെ നല്ല സ്പീഡിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ വേഗത പെട്ടെന്ന് കുറഞ്ഞു. എന്തോ പ്രശ്നമുണ്ട്. മുന്നിലോടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കെല്ലാം ഇപ്പോൾ ഒച്ചിഴയുന്ന വേഗതയേ ഉള്ളൂ. കുറച്ചു കഴിഞ്ഞപ്പോൾ യാത്ര പൂർണ്ണമായും നിലച്ചു. ബസ്സ് റോഡിന്റെ ഓരത്ത് നിർത്തിയിട്ടു. സീറ്റിൽ നിന്ന് തലയുന്തിച്ച് മുന്നിലേക്കു നോക്കിയപ്പോൾ വിദൂരതയിൽ കൊടിത്തോരണങ്ങൾ ദൃശ്യമായി; മൈക്ക് അനൗൺസ്മെന്റിന്റെ സ്വരവും കാതിൽ വന്നലച്ചു. ഏതോ രാഷ്ട്രീയപ്പാർട്ടിയുടെ ജാഥയാണ്. നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്ന് കൂടു തകർന്ന് വെളിയിലേക്ക് പറന്നിറങ്ങിയ തേൻ തുമ്പികളെപ്പോലെ ജനം വെളിയിലേക്കിറങ്ങി നിറഞ്ഞു. ബസ്സിൽ നിന്നുമിറങ്ങി ഞാനും അവരിലൊരാളായി. മുന്നിൽ സഞ്ചരിച്ചു കൊണ്ടിരുന്ന പതാകയേന്തിയ വാഹനത്തിൽ നിന്നുകൊണ്ട് ഒരു സ്ഥാനാർത്ഥി പാതക്കിരുവശങ്ങളിലും തിങ്ങി നിറഞ്ഞു നിന്നിരുന്ന ജനങ്ങളെ നോക്കി കൈവീശുന്നു. കാഴ്ചയിൽ അയാളൊരു കഥകളി നടനെ അനുസ്മരിപ്പിച്ചു. ജനത്തെ നോക്കിയുള്ള അയാളുടെ വന്ദനമർപ്പിക്കലും,ന്യൂ ജെൻ ശൈലിയിലുള്ള തമ്പുയർത്തിക്കാട്ടലുമെല്ലാം കൗതുകകരമായൊരു കാഴ്ചയായിരുന്നു. സ്ഥാനാർത്ഥിയുടെ വാഹനത്തിന് അകമ്പടി സേവിച്ചു കൊണ്ടും, മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടും അനുയായികളുടെ നീണ്ട നിര. അതിനും പിന്നിലായി എല്ലാ സുകുമാര കലകളുടേയും സംഗമം വിളംബരം ചെയ്തുകൊണ്ടുള്ള ഉഗ്രൻ ഘോഷയാത്രയാണ്. കഥകളി, കൂടിയാട്ടം തുടങ്ങി കേരള നടനം വരെ അവിടെ അരങ്ങു തകർക്കുന്നുണ്ടായിരുന്നു.
യാത്ര തടസ്സപ്പെട്ടതിലുള്ള അസ്വസ്ഥത പലരുടേയും മുഖങ്ങളിൽ കാൺമാനുണ്ടായിരുന്നു. "അവന്റ യൊക്കെ ഒരു റോഡു ഷോ, വോട്ടെടുപ്പ് കഴിയും വരെ പൊതുജനമിനി റോട്ടിത്തന്നെ," അടുത്തു നിന്നൊരു വൃദ്ധൻ ആരോടെന്നില്ലാതെ പുലമ്പി. ഞാൻ റോഡിന്റെ ഓരം ചേർന്നുള്ളൊരു മരത്തണലിലേക്കു നടന്നു. അപ്പോൾ മൊബൈലിൽനിന്നു കിളിക്കൊഞ്ചലുയർന്നു. ആശുപത്രിയിൽനിന്നുരാജേട്ടനായിരുന്നു. " "സുകൂ .... ഓപ്പറേഷൻ തുടങ്ങാറായി ... ഞങ്ങളിവിടെ നിന്നെ വെയ്റ്റു ചെയ്തു നിക്കുവാ, രക്തം പെട്ടെന്നെത്തിക്കണമെന്ന് ഡ്യൂട്ടിനെഴ്സ് ഇപ്പോ പറഞ്ഞിട്ടു പോയതേ ഉള്ളു ...നീ എവിടെയെത്തി?" രാജേട്ടന്റെ ശബ്ദത്തിൽഉൽക്കണ്o നിറഞ്ഞിരുന്നു. "അതുചേട്ടാഞാനങ്ങോട്ടുവന്നോണ്ടിരിക്കുവാ, പക്ഷേചെറിയൊരു പ്രശ്നം ഇവടെ പാർട്ടിക്കാരുടെ റോഡ് ഷോ നടന്നോണ്ടിരിക്കുന്നു.... റോഡാകെ ബ്ലോക്കാ... ചേട്ടൻ പേടിക്കേണ്ട ഞാനെത്തിക്കോളാം" . ഞാൻ പറഞ്ഞു.. ' ഹോ '.... എന്നൊരു നിരാശാ സ്വരത്തോടെ മറുതലയ്ക്കൽ ഫോൺ കട്ടായിഫോൺ കട്ടായി. എന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാവാം ഒരു ഓട്ടോ ഡ്രൈവർ അടുത്തേക്കു വന്നു. പ്രതീക്ഷയോടെ അവനെന്നെ ഉഴിഞ്ഞു നോക്കി. സവാരിക്കാരുടെ മനസ്സിലിരിപ്പ് മുഖം നോക്കി ഗണിക്കുന്ന മനശാസ്ത്രജ്ഞൻമാരാണല്ലോ ആട്ടോക്കാർ." ചേട്ടനെങ്ങോട്ടാ, കൊണ്ടുവിടണോ?"അവൻ ആകാക്ഷയോടെ തിരക്കി "ങാ......അല്പംതിരക്കുണ്ടാരുന്നു.മെഡിക്കൽകോളേജുവരെപ്പോണം,ഇനീപ്പോഈ ബഹളമൊക്കെ കഴിയാതെങ്ങനാ ?" നിരാശയോടെ ഞാൻ പറഞ്ഞു. "ഓ..... അതിനെന്താ, നമുക്കു കുറുക്കുവഴികളില്ലേ? ചേട്ടൻ കേറിയാട്ടെ ഞാനെത്തിച്ചു തരാം " അവൻ പ്രതീക്ഷകൾക്ക് വീണ്ടും തിരി കൊളുത്തി. മെഡിക്കൽ കോളേജിനെടുത്ത ബസ്സ് ടിക്കറ്റ് റോഡിലേക്കു വലിച്ചെറിഞ്ഞിട്ട് വേഗം അവന്റെഓട്ടോയിലേക്കു കയറി.
പല പല ഇടവഴികളും, കുറുവഴികളും താണ്ടി ഒരു വിധം ആശുപത്രിയിലെത്തിപ്പെടുമ്പോഴേക്കും ഓപ്പറേഷൻ കഴിഞ്ഞിരുന്നു. രക്തമൊക്കെ ഏതോ സ്വകാര്യ ബ്ലഡ് ബാങ്കിൽ നിന്ന് വില കൊടുത്തേർപ്പാടാക്കിയിരുന്നു. അടുത്തബന്ധുവിന് ഒരത്യാവശ്യം വന്നപ്പോൾ സഹായിക്കാൻ കഴിയാത്തതിലുള്ള മനസ്താപത്തോടെ ഐ സി. യൂവിന്റെ പടവുകളിറങ്ങുമ്പോൾ നേരത്തേ റോഡിൽ നിന്ന് വൃദ്ധൻ പുലമ്പിയ വാക്കുകളായിരുന്നു മനസ്സിൽ . ഇത്തരം അറു പഴഞ്ചൻ പ്രചാരണകോലാഹലങ്ങളുടെയെല്ലാം പ്രസക്തിനഷ്ടപ്പെട്ടിരിക്കുന്നു. ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഇത്തരം കെട്ടുകാഴ്ചകൾ വിപരീത ഫലങ്ങളല്ലേ സൃഷ്ടിക്ക . മടക്ക യാത്രയിൽ വീട്ടിലേക്കുള്ള ബസ്സിലിരിക്കുമ്പോൾ ഒരു ചോദ്യം വഴി മുടക്കിയെപ്പോലെ ഉള്ളിലിരുന്ന് ചിറി കോട്ടിച്ചിരിച്ചു കൊണ്ടിരുന്നു.