ഭാഗം 3 - മരിക്കാത്ത ജീനുകൾ
ആധുനിക നിഗമനങ്ങൾ അനുസരിച്ച് ഏതാണ്ട് 370 കോടി വർഷം മുൻപ് ജീവിച്ചിരുന്ന ഒരു പൊതു പൂർവികജീവിയിൽ നിന്നാണ് ഇന്ന് ഭൂമിയിൽ കാണപ്പെടുന്ന ജൈവവൈവിധ്യം ഉടലെടുത്തത് എന്ന്, വിക്കിപീഡികയിൽ കാണാം.
ഈ പൊതു പൂർവികജീവിയുടെ ജീനുകൾ (പാരമ്പര്യ ഘടകങ്ങൾ) അതിന്റെ അടുത്ത തലമുറയിലേക്ക് കൈമാറപ്പെട്ടു. അങ്ങനെ തലമുറതലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് ഇന്നത്തെ ജീവികളിലെത്തി. അപ്പോൾ ജീൻ മരിച്ചിട്ടുണ്ടോ? എന്നാൽ കോശവിഭജനത്തിലൂടെ, ജീനുകൾ പെരുകുകയും കോശമരണത്തിലൂടെ ധാരാളം ജീനുകൾ ഇല്ലാതാവകയും ചെയ്യുണ്ട്. എങ്കിലും പുതിയ തലമുറയിലേക്ക് എത്താൻ കഴിഞ്ഞവ മരിക്കാത്ത ജീനുകളാണ്.
ഇവിടെ പ്രകൃതിയുടെ വികൃതി നോക്കൂ: ഒന്നിനെ കോടാനുകോടിയായി പെരുപ്പിച്ച് അതിൽ നിന്നും ചിലതിനുമാത്രം അതിജീവനമാർഗം തുറന്നുകൊടുക്കുന്നു. സാധാരണക്കാരായ നമ്മളുടെ ചിന്തയിൽ പ്രകൃതി ക്രൂരയാണ്, സമത്വ ഭാവനയില്ലാത്തവളാണ്. എന്നാൽ പ്രകൃതിയുടെ ലക്ഷ്യം അതിജീവിക്കേണ്ടതിനെ മാത്രം മുന്നോട്ടു നയിക്കുകയെന്നാണ്. നമ്മളെത്ര അഹങ്കരിച്ചാലും തന്ത്രങ്ങൾ മെനഞ്ഞാലും പ്രകൃതിമാർഗത്തെ തടസ്സപ്പെടുത്തുന്നത് പ്രയാസമായിരിക്കും.
ചാൾസ് ഡാർവിൻ ചൂണ്ടിക്കാണിച്ച് വിശദീകരിച്ചു തന്നതുപോലെ അർഹതയുള്ളവരുടെ അതിജീവനമാണ് പ്രകൃതിമാർഗം.(Survival of the fittest.)
ഇങ്ങനെ അതിജീവിക്കുന്ന ജീനുകളിൽ/ ജീവികളിൽ, ചില ഗുണപരമായ വ്യതിയാനങ്ങളും സംഭവിക്കുന്നുണ്ട്. അവ കൂടുതൽ കൂടുതൽ സംസ്കരിക്കപ്പെടുന്നുണ്ട് എന്നുവേണം കരുതാൻ.
പ്രകൃതി, ജീവനേ ഏതോ ലക്ഷ്യത്തിലേക്ക് തെളിക്കുകയാണ്. ആ ലക്ഷ്യം നമ്മുടെ സങ്കല്പങ്ങൾക്ക് അതീതവും. ആഴത്തിൽ ചിന്തിച്ചാൽ നമ്മൾ ഏകോദരസോദരർ തന്നെ.
പ്രകൃതിക്ക് വലിയൊരു പ്ലാനുണ്ട്, എൻജിനീയറിങ് സ്കിൽ ഉണ്ട്. അതിനിടയിൽ, പ്രകൃതി മനുഷ്യനു നല്കിയിരിക്കുന്ന കഴിവിന്റെ രണ്ടു ശതമാനം പോലും ഉപയോഗിക്കാത്ത അല്പജ്ഞാനവുമായി, പ്രകൃതിയെ മാറ്റിമറിക്കാൻ യത്നിക്കുമ്പോഴാണ് ദുരന്തങ്ങൾ സംഭവിക്കുന്നത്, നമ്മുടെ അറിവില്ലായ്മ പ്രകടമാകുന്നത്.