scientific life

Rajendran Thriveni

സൂര്യന്റെ മുഖച്ഛായ വെളുപ്പാണെന്നു പറയാം. ആ സൂര്യമുഖമാണ് ചുവപ്പായും സിന്ദൂരവർണമായും മഞ്ഞയായും തോന്നലുണ്ടാക്കുന്നത്. സൂര്യന്റെ ആത്മസംഘർഷങ്ങളാണ് (ആറ്റമിക ഫ്യൂഷൻ/ ഹൈഡ്രജൻ ആറ്റങ്ങൾ കൂടിച്ചേർന്ന് ഹീലിയം ആയി മാറുന്ന പ്രക്രിയ) ഊർജപ്രവാഹത്തിന് കാരണമാകുന്നത്. ആ ഊർജം പ്രകാശവും ചൂടും മറ്റു വികിരണങ്ങളുമായി ഉത്സർജിക്കപ്പെടുന്നു.

സൂര്യമുഖത്തുനിന്ന് പുറപ്പെടുന്ന സംയോജിത ധവള പ്രകാശത്തിൽ ഏഴു ഘടകവർണങ്ങളുണ്ട്. ആ പ്രകാശം 150 ദശലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഭൂമിയിലെത്തുമ്പോൾ വയലറ്റ്, നീല ഭാഗങ്ങൾ വിസരണം ചെയ്യപ്പെടുകയും വിസരണനഷ്ടം സംഭവിക്കാത്ത ചുവപ്പ് അകലത്തെത്തുകയും ചെയ്യുന്നു. അതായത് സൂര്യനും ഭൂമിയും തമ്മിലുള്ള അകലമാണ് നിറംമാറ്റങ്ങൾക്കു കാരണം.
നമ്മൾ വ്യത്യസ്ത അകലങ്ങളിൽ നിന്നു നോക്കുമ്പോൾ സൂര്യൻ വിവിധ നിറങ്ങളിലാണ് കാണപ്പെടുന്നത്. സൂര്യനല്ല നമ്മുടെ അകലമാണ് വ്യത്യാസങ്ങൾക്കു കാരണം.

മനുഷ്യ ബന്ധങ്ങളിലും ഈ സ്വാഭാവിക പ്രക്രീയ സംഭവിക്കുന്നുണ്ട്. ഒരു വ്യക്തിയുമായി വ്യത്യസ്തമായ അകലങ്ങളിൽ സ്ഥിതിചെയ്യുമ്പോൾ അയാളുടെ വ്യത്യസ്തമായ ഭാവങ്ങളെയാണ് നമ്മൾ തിരിച്ചറിയുന്നത്.
മറ്റൊരുകാര്യം ഏതു മാധ്യമത്തിലൂടെയാണ് ഈ വെളിച്ചം കടന്നു വരുന്നതെന്നാണ്. പ്രകാശം സഞ്ചരിക്കുന്ന മാധ്യമത്തിന്റെ സാന്ദ്രതയനുസരിച്ചും നമ്മളിലേക്കെത്തുന്ന പ്രകാശത്തിന് മാറ്റമുണ്ടാകും.

വ്യക്തികൾ തമ്മിലുള്ള മാനസിക അകലവും അവരുടെയിടയിലുള്ള സംവേദനമാധ്യമത്തിന്റെ സാന്ദ്രതയും അനുസരിച്ച്, വ്യക്തികളെ തിരിച്ചറിയപ്പെടുന്നത് വ്യത്യസ്ത രീതിയിലായിരിക്കും.

എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.

(തുടരും)


shelatian

ഭാഗം 2 - ലീ ഷാറ്റലിയർ തത്വം

ഏകധ്രുവം നിലനില്ക്കുന്നില്ല. കാന്തങ്ങൾക്ക് ഉത്തരധ്രുവമുണ്ടെങ്കിൽ ദക്ഷിണധ്രുവവുമുണ്ട്. ആറ്റങ്ങളിൽ പോസിറ്റീവ് ചാർജിനുതുല്യമായ നെഗറ്റീവ് ചാർജുകളുമുണ്ട്. ഈ പ്രഞ്ചസത്യത്തിനു മുകളിലല്ല മനുഷ്യൻ കണ്ടെടുത്ത സത്യങ്ങൾ.

സ്നേഹമുണ്ടെങ്കിൽ വെറുപ്പുമുണ്ട്, ഇരുട്ടിനു തുല്യമായി വെളിച്ചമുണ്ട്, ഉയർച്ചയ്ക്കു തുല്യമായ താഴ്ചയും  സുഖത്തിനു തുല്യമായ പരാജയവും ജീവിതത്തിലുണ്ട്. വൃദ്ധിക്ഷയങ്ങളിലൂടെയാണ് കാലചക്രം ഉരുളുന്നത്.

ഇതു മനസ്സിലാക്കാതെ ഏതെങ്കിലും ഒരു ഘടകത്തിന്റെ ഉന്മൂലനാശം വരുത്താൻ കായികമായോ, ബുദ്ധിപരമായോ ശ്രമിക്കുന്നവർ പ്രകൃതി നിയമത്തെ വെല്ലുവിളിക്കുകയാണ്.

രസതന്ത്രത്തിൽ ഒരു തത്വമുണ്ട്. 'ലീ ഷാറ്റലിയർ തത്വം' എന്നാണ് പേര്. സന്തുലിതാവസ്ഥയിലുള്ള ഒരു സംഹൃത
 വ്യൂഹത്തിൽ ഒരു ഘടകത്തിന് മാറ്റമുണ്ടായാൽ, ആ വ്യൂഹം സംഭവിച്ച മാറ്റത്തെ ഇല്ലാതാക്കാൻ പുനർക്രമീകരണം നടത്തിക്കൊണ്ടിരിക്കും. എന്റെ ചിന്തയെ ഇളക്കി മറിച്ചതാണ് ഈ തത്വം.

അതുകൊണ്ട് ഈ പ്രകൃതിഗുണങ്ങളെ തന്റെ ഇച്ഛാനുസരണം രൂപപ്പെടുത്തി പുതിയ സമൂഹസൃഷ്ടി നടത്താം എന്നത് വ്യാമോഹമാണ്.

പ്രകൃതിയെ വെല്ലുവിളിക്കാതിരിക്കുക. അതുമായി ഇണങ്ങി സമരസപ്പെട്ട് ജീവിക്കുക. സുഖദു:ഖ സമ്മിശ്രമാണ് ജീവിതം എന്നു തിരിച്ചറിയുക.

ശുഭദിനാശംസകൾ🙏


ഭാഗം 3 - മരിക്കാത്ത ജീനുകൾ

ആധുനിക നിഗമനങ്ങൾ അനുസരിച്ച് ഏതാണ്ട് 370 കോടി വർഷം മുൻപ് ജീവിച്ചിരുന്ന ഒരു പൊതു പൂർവികജീവിയിൽ നിന്നാണ് ഇന്ന് ഭൂമിയിൽ കാണപ്പെടുന്ന ജൈവവൈവിധ്യം ഉടലെടുത്തത് എന്ന്, വിക്കിപീഡികയിൽ കാണാം.

ഈ പൊതു പൂർവികജീവിയുടെ ജീനുകൾ (പാരമ്പര്യ ഘടകങ്ങൾ) അതിന്റെ അടുത്ത തലമുറയിലേക്ക് കൈമാറപ്പെട്ടു. അങ്ങനെ തലമുറതലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് ഇന്നത്തെ ജീവികളിലെത്തി. അപ്പോൾ ജീൻ മരിച്ചിട്ടുണ്ടോ? എന്നാൽ കോശവിഭജനത്തിലൂടെ, ജീനുകൾ പെരുകുകയും  കോശമരണത്തിലൂടെ ധാരാളം ജീനുകൾ ഇല്ലാതാവകയും ചെയ്യുണ്ട്. എങ്കിലും പുതിയ തലമുറയിലേക്ക് എത്താൻ കഴിഞ്ഞവ മരിക്കാത്ത ജീനുകളാണ്.

ഇവിടെ പ്രകൃതിയുടെ വികൃതി നോക്കൂ: ഒന്നിനെ കോടാനുകോടിയായി പെരുപ്പിച്ച് അതിൽ നിന്നും ചിലതിനുമാത്രം അതിജീവനമാർഗം തുറന്നുകൊടുക്കുന്നു.  സാധാരണക്കാരായ നമ്മളുടെ ചിന്തയിൽ പ്രകൃതി ക്രൂരയാണ്, സമത്വ ഭാവനയില്ലാത്തവളാണ്. എന്നാൽ പ്രകൃതിയുടെ ലക്ഷ്യം അതിജീവിക്കേണ്ടതിനെ മാത്രം  മുന്നോട്ടു നയിക്കുകയെന്നാണ്. നമ്മളെത്ര അഹങ്കരിച്ചാലും തന്ത്രങ്ങൾ മെനഞ്ഞാലും പ്രകൃതിമാർഗത്തെ തടസ്സപ്പെടുത്തുന്നത് പ്രയാസമായിരിക്കും.

ചാൾസ് ഡാർവിൻ ചൂണ്ടിക്കാണിച്ച് വിശദീകരിച്ചു തന്നതുപോലെ അർഹതയുള്ളവരുടെ അതിജീവനമാണ് പ്രകൃതിമാർഗം.(Survival of the fittest.)
ഇങ്ങനെ അതിജീവിക്കുന്ന ജീനുകളിൽ/ ജീവികളിൽ, ചില ഗുണപരമായ വ്യതിയാനങ്ങളും സംഭവിക്കുന്നുണ്ട്. അവ കൂടുതൽ കൂടുതൽ സംസ്കരിക്കപ്പെടുന്നുണ്ട് എന്നുവേണം കരുതാൻ.

പ്രകൃതി, ജീവനേ ഏതോ ലക്ഷ്യത്തിലേക്ക് തെളിക്കുകയാണ്. ആ ലക്ഷ്യം നമ്മുടെ സങ്കല്പങ്ങൾക്ക് അതീതവും. ആഴത്തിൽ ചിന്തിച്ചാൽ നമ്മൾ ഏകോദരസോദരർ തന്നെ.

പ്രകൃതിക്ക് വലിയൊരു പ്ലാനുണ്ട്, എൻജിനീയറിങ് സ്കിൽ ഉണ്ട്. അതിനിടയിൽ, പ്രകൃതി മനുഷ്യനു നല്കിയിരിക്കുന്ന കഴിവിന്റെ രണ്ടു ശതമാനം പോലും ഉപയോഗിക്കാത്ത അല്പജ്ഞാനവുമായി, പ്രകൃതിയെ മാറ്റിമറിക്കാൻ യത്നിക്കുമ്പോഴാണ് ദുരന്തങ്ങൾ സംഭവിക്കുന്നത്, നമ്മുടെ അറിവില്ലായ്മ പ്രകടമാകുന്നത്.


ഭാഗം 4 - ടെൻഷനും ഇടിമിന്നലും

വലിയ അളവിലുള്ള ജലത്തുള്ളികളും ഐസ് കണങ്ങളും കൊണ്ടാണ് മേഘങ്ങൾ നിർമ്മിച്ചിരിക്കുന്നത്. 
അത്  സദാ ചലിച്ചുകൊണ്ടുമിരിക്കുന്നു. മേഘം ചലിക്കുമ്പോൾ, ജല തന്മാത്രകളിൽ നിന്ന് ഉരസൽമൂലം ഇലക്ട്രോണുകൾ  മാറ്റപ്പെടും, ഇത്  ജലത്തുള്ളികളിൽ നിന്ന് നെഗറ്റീവ് ചാർജുകൾ നഷ്ടപ്പെടുന്നതിന്നതിന് കാരണമാകുന്നു. തത്ഫലമായി മേഘത്തിൽ പോസിറ്റീവ് ചാർജുകളുടെ വർദ്ധനവ് ഉണ്ടാകുന്നു.

മറുവശത്ത്, ഈർപ്പം ഉയർന്ന ഉയരത്തിൽ എത്തുമ്പോൾ, തണുത്ത താപനില ജലത്തുള്ളികളെ മരവിപ്പിക്കും. തണുത്തുറഞ്ഞ കണികകൾ ചേരുകയും കൂട്ടംകൂടുകയും ചെയ്‌ത് തുള്ളികളുടെ ഒരു കേന്ദ്ര മേഖല രൂപം കൊള്ളുന്നു. ഇവിടെ, ഈർപ്പത്തിൻ്റെ ശീതീകരിച്ച ഭാഗം നെഗറ്റീവ് ചാർജ് നേടും, അതേസമയം പുറം വശത്തുള്ള വെള്ളം പോസിറ്റീവ് ചാർജ് നേടും. ഇത് മേഘങ്ങളെ കൂടുതൽ ധ്രുവീകരിക്കും. ഈ ചാർജുകളുടെ ഷോർട്ട് സർക്യൂട്ടാണ് ഇടിമിന്നലിന് കാണമാകുന്നത്.

നമുക്ക് ഈ പ്രതിഭാസത്തെ  ജീവിതവുമായി ബന്ധിപ്പിക്കാം. ധൃതിപിടിച്ച് നമ്മൾ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ, പ്രതിസന്ധികളുമായുണ്ടാകുന്ന ഉരസൽ മൂലം നമ്മുടെ മനസ്സും ചാർജ് ചെയ്യപ്പെടും.  മുമ്പ് സൂചിപ്പിച്ചതുപോലെ ഒറ്റ ചാർജിനു നിലനില്ക്കാൻ കഴിയില്ല. വിപരീത ചാർജ് സ്വയമേ രൂപം കൊള്ളും. ഈ വിപരീത ചാർജുകൾ (ഭാവങ്ങൾ/ ധാരണകൾ) പർസ്പര വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ ടെൻഷൻ/ പിരിമുറുക്കം അനുഭവപ്പെടും.  ചില സന്ദർഭങ്ങളിൽ ഈ വിപരീത ചാർജുകൾ ഷോർട്ട് ചെയ്യപ്പട്ട് മനസ്സിനെ അനിയന്ത്രിതമായ വിഭ്രാന്തിയിലാഴ്ത്താം.

ഇത്തരം ചാർജുകളെ ന്യൂട്രലൈസു ചെയ്യാൻ 'യോഗ'പോലെയുള്ള വ്യായാമമുറകളും വിനോദപ്രവൃത്തികളും സഹായിക്കും എന്നു കേട്ടിട്ടുണ്ട്.

മനസ്സിനെ ന്യൂട്രലാക്കി വെക്കണം. അതിന് അവിടെ കുമിഞ്ഞുകൂടിയ ചാർജുകളെ എർത്ത് ചെയ്ത് കളയണം. ഈ പ്രവർത്തനം നടക്കണമെങ്കിൽ ജിവിതത്തിലെ തിരക്കു കുറയ്ക്കണം. വിനോദം, ധ്യാനം, യോഗ തുടങ്ങിയ മാർഗങ്ങളിലൂടെ മനസ്സിന്റെ സന്തുലിതാവസ്ഥ നേടിയെടുക്കണം ഉരസലുണ്ടാക്കുന്ന പ്രതലങ്ങളിൽനിന്ന് അകന്നു നില്ക്കണം.

മനസ്സിലെ ചാർജിംങ്ങ് ചില ഹോർമോണുകളുടെ പ്രവർത്തനഫലവുമാണ്. സമയം ലഭിച്ചാൽ വിപരീത ഫലമുണ്ടാക്കുന്ന ഹോർമോണുകളെ ശ്രവിപ്പിച്ച് ശരീരം സന്തുലിതാവസ്ഥ പുനസ്ഥാപിക്കുകയും ചെയ്യും. മനസ്സിന് വിശ്രമം കൊടുക്കുന്ന/ ഉല്ലാസം ലഭിക്കുന്ന പ്രവൃത്തികളിൽ കുറച്ചു സമയം ചിലവഴിക്കണം.


weedicide

ഭാഗം 5 - കളനാശിനികൾ

ഒരു സസ്യവളർച്ചോദ്ദീപക ഹോർമോണാണ് ഓക്സിൻ. സസ്യവളർച്ചയിൽ ഏറ്റവും പ്രാധാന്യമുള്ളതെന്നു കണ്ടെത്തിയ സസ്യഹോർമോണുകളിൽ ആദ്യത്തേതുമാണിത്. കെന്നത്ത് വി. തിമാൻ (Kenneth V. Thimann) ആദ്യമായി ഈ രാസവസ്തുവിനെ വേർതിരിച്ചെടുക്കുകയും രാസഘടന ഇൻഡോൾ 3-അസറ്റിക് അമ്ലമെന്ന് (indole-3-acetic acid) കണ്ടെത്തുകയും ചെയ്തു. 1937 ൽ വെന്റും തിമാനും ചേർന്ന് ഫൈറ്റോഹോർമോണുകൾ എന്ന പുസ്തകവും രചിച്ചു.

Native auxins Indole-3-acetic acid (IAA=ഇൻഡോൾ 3- അസററിക് അമ്ലം) ആണ് ഏറ്റവും സുലഭമായും അടിസ്ഥാനപരവുമായി സസ്യങ്ങളിൽ കാണപ്പെടുന്ന ഓക്സിൻ. ഏറ്റവും ക്രിയാശീലത കൂടിയ ഓക്സിൻ ഹോർമോണുകളാണിവ.

മറ്റ് മൂന്ന് പ്രകൃതിദത്ത ഓക്സിനുകൾ കൂടി കാണപ്പെടുന്നു. എല്ലാ ഓക്സിനുകളും അരോമാറ്റിക് വലയങ്ങളുള്ള തും കാർബോക്സിലിക്കമ്ലമുള്ളതുമായ തൻമാത്രകളാണ്. 

4-chloroindole-3-acetic acid (4-CI-IAA)

2-phenylacetic acid (PAA)

Indole-3-butyric acid (IBA)

ഇതെല്ലാം ശാസ്ത്ര സംബന്ധിയായ വിവരങ്ങൾ. സസ്യങ്ങളുടെ വേരും കൂമ്പും വളർന്ന് നീളം കൂടാൻ സഹായിക്കുന്ന സസ്യ ഹോർമോണിനെയാണ് 'ഓക്സിൻ' എന്ന് വിളിക്കുന്നത്. സാധാരണയായീ കളനാശിനിയിയി തളിക്കുന്ന രാസവസ്തു ഒരുതരം ഓക്സിനാണ്.

2,4-Dichlorophenoxyacetic ആസിഡ്  Cl2C6H3OCH2CO2H എന്ന രാസ സൂത്രവാക്യമുള്ള ഒരു ജൈവ സംയുക്തമാണ്.  ഇതിനെ സാധാരണയായി അതിന്റെ പൊതുനാമം 2,4-D എന്നാണ്.  ഇത് ഒരു വ്യവസ്ഥാപരമായ കളനാശിനിയാണ്, അത് അനിയന്ത്രിതമായ വളർച്ചയ്ക്ക് കാരണമായതിനാൽ മിക്ക വിശാലമായ ഇലകളുള്ള കളകളെയും നശിപ്പിക്കുന്നു, എന്നാൽ ധാന്യങ്ങൾ, പുൽത്തകിടി, പുൽമേട് എന്നിവ പോലുള്ള മിക്ക പുല്ലുകളും താരതമ്യേന ബാധിക്കപ്പെടുന്നില്ല.

ഇത്തരം ഹോർമോണുകൾ കൂടുലായി ജന്തുക്കളിൽ ഉണ്ട്. അവയുടെ നിർമാണത്തെ ബാഹ്യവും ആന്തരികവുമായ ഘടകങ്ങൾ നിയന്ത്രിക്കുന്നു. മനുഷ്യനുൾപ്പെടെയുള്ള ജീവികളുടെ ചിന്തകളും പ്രവൃത്തികളും നിയന്ത്രിക്കപ്പെടുന്ന, ഭൗതികകവും രാസപരവും ആധ്യാത്മികവുമായ ഘടകങ്ങളുണ്ട് എന്ന വസ്തുത മനസ്സിലാക്കാതെ ഒരു വ്യക്തിയെ  പഠിക്കാനോ വിലയിരുത്താനോ ശ്രമിക്കാതിരിക്കുക.
2-4D എന്ന കളനാശിനി ഒരു പ്രദേശത്തെ ഉണക്കിക്കരിക്കുന്നതുപോലെ, ഉന്മൂലന ശക്തിയുള്ള ചിന്താധാരകളെയും സൃഷ്ടിക്കപ്പെട്ടേക്കാം. അത്തരം വിനാശകാരകങ്ങളായ സാമൂഹിക വിപത്തിനെ പ്രതിരോധിക്കാൻ കലയും സിഹിത്യവും പ്രാധാന്യത്തോടെ മുന്നോട്ടു വരേണ്ടിവരും. ആശയങ്ങളുടെ ശീതസമരം കെട്ടടങ്ങിയിരിക്കുകയാണെങ്കിലും അവ വീണ്ടും കാട്ടുതീയായി കത്തിപ്പടർന്നേക്കാം.


ഭാഗം 5 കുപ്പത്തൊടി 

കുപ്പ (നാമം) 
1.അടിച്ചുകൂട്ടിയ ചപ്പും ചവറും
2.ചാണകക്കൂമ്പാരം.   
3. കുപ്പമണ്ണ് = വളംചേർന്ന മണ്ണ്                                           

ഇന്ന് പരിഷ്കൃത വീടുകൾക്കു ചുറ്റും കുപ്പയില്ല. അത് അപരിഷ്കൃത ജീവിതത്തിന്റെ ശേഷിപ്പായി തിരിച്ചറിഞ്ഞ് പ്ലാസ്റ്റിക് ചാക്കിലും തൊട്ടിയിലും കൂട്ടിവെച്ച് ചീഞ്ഞളിഞ്ഞ് പുഴുപിടിച്ച് നാറ്റിക്കുന്ന സംസ്കാരമായി മാറിക്കഴിഞ്ഞു.

പണ്ട് പച്ചക്കറിയരിഞ്ഞതിന്റെ ബാക്കിയും ഭക്ഷണത്തിന്റെ അവശിഷ്ടവും ചപ്പുചവറുകളും വലിച്ചറിഞ്ഞിരുന്നത് കുപ്പയിലേക്കാണ്. അത് അന്യജീവികൾക്ക് ഭക്ഷണമാവുകയോ, ജീർണിച്ച് പഞ്ചഭൂതങ്ങളിൽ ലയിക്കുകയോ ചെയ്തു. ആരോഗ്യരംഗത്ത് വളർന്നുവന്ന വിഗ്ദ്ധന്മാർ ഈ കുപ്പ, കൊതുകുകളും ഈച്ചകളും എലിയും വളരുന്ന കേന്ദ്രങ്ങളാണെന്നു വാദിച്ചു. പരിസരശുചീകരണം പല രോഗങ്ങളെ നിയന്ത്രിക്കാൻ ആവശ്യമാണെന്നു പഠിപ്പിച്ചപ്പോൾ, കുപ്പകൾ അപ്രത്യക്ഷമായി. ( ഏതാനും സെന്റ് സ്ഥലം വാങ്ങി വീടുവെച്ചവർക്ക് കുപ്പയ്ക്ക് ഇടമില്ല എന്നത്  വാസ്തവം)

ഈ കുപ്പയുടെ പാരിസ്ഥിതിക പ്രാധാന്യത്തപ്പറ്റിയാവട്ടെ ഇന്നത്തെ വിശകലനം. പരിസ്ഥിതി ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ വീടിനടുത്തുള്ള ജൈവവൈവിധ്യ കേന്ദ്രമായിരുന്നു കുപ്പ. സമസ്ത ജീവജാലങ്ങൾക്കും സൗഖ്യം നല്കുന്ന ജീവിതചക്രങ്ങൾ പൂർത്തിയാകുന്നത് ഈ കുപ്പത്തൊടിയിലാണ്. മണ്ണിന് ഫലഭൂയിഷ്ടി നല്കാൻ പ്രകൃതിദത്ത കമ്പോസ്റ്റ് അവിടെ രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് കൃഷി ചെയ്യാതെ പച്ചക്കറി വർഗങ്ങൾ അവിടെ മുളച്ചുവളർന്ന് വീലപ്പെട്ട വിഭവങ്ങൾ നല്കിയിരുന്നു. ഉപകാരികളായ പല ജീവി സമൂഹങ്ങളും കുപ്പയിൽ ജീലിച്ചിരുന്നു. അത് ജലം സംഭരിച്ചുവെക്കാൻ സഹായിച്ചിരുന്നു. കുപ്പ ഒരു സന്തുലിത പരിസ്ഥിതി വ്യൂഹമായിരുന്നു.

കുപ്പയിൽ വളർന്ന കൊതുകും ഈച്ചകളും സാംക്രമിക രോഗങ്ങൾ പരത്തിയിരുന്നു എന്നത് വാസ്തവമാണ്. പക്ഷേ, അവരെ നിന്ത്രിക്കുന്ന ജൈവനിയന്ത്രണോപാധികളും പ്രകൃതി ഒരുക്കിയിരുന്നു. കുപ്പയുടെ വിസ്തൃതി കറഞ്ഞപ്പോഴാണ് അതിന്റെ സന്തുലനം നഷ്ടപ്പെട്ടത്.

വീട്ടിൽ നിന്ന് സുരക്ഷിതമായ അകലത്തിൽ ഒരു കുപ്പത്തൊടിയുണ്ടാവുന്നത് വീടിന് ശ്രേയസ്കരമായിരിക്കും എന്നാണ് എന്റെ അഭിപ്രായം. മനുഷ്യൻ എന്ന ഏകകത്തെ മാത്രം കണക്കിലെടുത്താവരുത് നമ്മുടെ ശൈലികൾ.

കുപ്പയുടെ ഗുണങ്ങൾ:
-----------------------------
1.ജൈവവൈവിധ്യ സംരക്ഷണം
2. പ്രകൃതിചക്രങ്ങളെ സഹായിക്കുന്നു
3. പച്ചക്കറി, ഇലക്കറി, പഴങ്ങൾ                  
4.  എന്നിവയുടെ ലഭ്യത.
5. ജലം ശേഖരിച്ചു വെക്കുന്നു.
6. മണ്ണിന്റെ ഗുണം വർധിപ്പിക്കുന്നു.

ദോഷങ്ങൾ
------------------

1. ക്ഷുദ്രജീവികളുടെ പ്രജനനത്തെ സഹായിക്കുന്നു.
2. വിസ്തീർണ്ണം കുറഞ്ഞ സ്ഥലമാണെങ്കിൽ ശരിക്ക് അഴുകാതെ ദുർഗന്ധം പരത്തുന്ന കേന്ദ്രമാകാം.

എതായാലും കുപ്പത്തൊടിയെ ഗ്രമീണജീവിതത്തിന്റെ ഭാഗമായി പരിരക്ഷിച്ചാൽ നേട്ടങ്ങൾ കൂടുതലായിരിക്കും.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ