സൂര്യന്റെ മുഖച്ഛായ വെളുപ്പാണെന്നു പറയാം. ആ സൂര്യമുഖമാണ് ചുവപ്പായും സിന്ദൂരവർണമായും മഞ്ഞയായും തോന്നലുണ്ടാക്കുന്നത്. സൂര്യന്റെ ആത്മസംഘർഷങ്ങളാണ് (ആറ്റമിക ഫ്യൂഷൻ/ ഹൈഡ്രജൻ ആറ്റങ്ങൾ കൂടിച്ചേർന്ന് ഹീലിയം ആയി മാറുന്ന പ്രക്രിയ) ഊർജപ്രവാഹത്തിന് കാരണമാകുന്നത്. ആ ഊർജം പ്രകാശവും ചൂടും മറ്റു വികിരണങ്ങളുമായി ഉത്സർജിക്കപ്പെടുന്നു.
സൂര്യമുഖത്തുനിന്ന് പുറപ്പെടുന്ന സംയോജിത ധവള പ്രകാശത്തിൽ ഏഴു ഘടകവർണങ്ങളുണ്ട്. ആ പ്രകാശം 150 ദശലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഭൂമിയിലെത്തുമ്പോൾ വയലറ്റ്, നീല ഭാഗങ്ങൾ വിസരണം ചെയ്യപ്പെടുകയും വിസരണനഷ്ടം സംഭവിക്കാത്ത ചുവപ്പ് അകലത്തെത്തുകയും ചെയ്യുന്നു. അതായത് സൂര്യനും ഭൂമിയും തമ്മിലുള്ള അകലമാണ് നിറംമാറ്റങ്ങൾക്കു കാരണം.
നമ്മൾ വ്യത്യസ്ത അകലങ്ങളിൽ നിന്നു നോക്കുമ്പോൾ സൂര്യൻ വിവിധ നിറങ്ങളിലാണ് കാണപ്പെടുന്നത്. സൂര്യനല്ല നമ്മുടെ അകലമാണ് വ്യത്യാസങ്ങൾക്കു കാരണം.
മനുഷ്യ ബന്ധങ്ങളിലും ഈ സ്വാഭാവിക പ്രക്രീയ സംഭവിക്കുന്നുണ്ട്. ഒരു വ്യക്തിയുമായി വ്യത്യസ്തമായ അകലങ്ങളിൽ സ്ഥിതിചെയ്യുമ്പോൾ അയാളുടെ വ്യത്യസ്തമായ ഭാവങ്ങളെയാണ് നമ്മൾ തിരിച്ചറിയുന്നത്.
മറ്റൊരുകാര്യം ഏതു മാധ്യമത്തിലൂടെയാണ് ഈ വെളിച്ചം കടന്നു വരുന്നതെന്നാണ്. പ്രകാശം സഞ്ചരിക്കുന്ന മാധ്യമത്തിന്റെ സാന്ദ്രതയനുസരിച്ചും നമ്മളിലേക്കെത്തുന്ന പ്രകാശത്തിന് മാറ്റമുണ്ടാകും.
വ്യക്തികൾ തമ്മിലുള്ള മാനസിക അകലവും അവരുടെയിടയിലുള്ള സംവേദനമാധ്യമത്തിന്റെ സാന്ദ്രതയും അനുസരിച്ച്, വ്യക്തികളെ തിരിച്ചറിയപ്പെടുന്നത് വ്യത്യസ്ത രീതിയിലായിരിക്കും.
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.
(തുടരും)