മാർച്ച് മാസം ഇങ്ങെത്തി. ഇക്കൊല്ലം ഫെബ്രുവരിയിൽത്തന്നെ പരീക്ഷകൾ ആരംഭിച്ചിരുന്നു. പരീക്ഷാച്ചൂടിനൊപ്പം എപ്പോഴെങ്കിലും ഒന്ന് ഓടിയെത്തി ചാറിത്തണുപ്പിക്കാറുള്ള വേനൽമഴയും ഇക്കുറിയിങ്ങെത്തിയില്ല.
എങ്കിലും കുട്ടികൾക്ക് ആനന്ദിക്കാൻ അവർ തന്നെ വക കണ്ടെത്തും.ഉച്ചയ്ക്കാണ് പരീക്ഷ. എങ്കിൽ രാവിലെ കുട്ടികൾക്ക് റിവിഷൻ.സ്വതന്ത്രമായി പഠിക്കാനും ആവശ്യമെങ്കിൽ സംശയങ്ങൾക്ക് പരിഹാരം നൽകാനുമായി ഒരു ടീച്ചറുമുണ്ടാവും കൂടെ.
ആറാം ക്ലാസ്സാണ്. കുസൃതികളുടെ ആശാൻമാരാണ് ഓരോരുത്തരും. പെൺകുട്ടികൾ പഠിപ്പിസ്റ്റുകൾ തന്നെ. എങ്കിലും ഇടവേളകളിൽ ഓരോരുത്തരായി കൊണ്ടുവന്ന അമൂല്യ വിഭവങ്ങൾ ഇടക്കിടെ പുറത്തെടുക്കുന്നു. പുളിങ്കുരു വറുത്തതു മുതൽ ഡയറി മിൽക്കുവരെ എന്തുമാവാം. എല്ലാറ്റിനും ഒരേ മൂല്യം. പങ്കുവെക്കുന്നു. മുഖത്തെ സന്തോഷവും കളി ചിരികളുമൊന്നു കാണേണ്ടതു തന്നെ. നന്നായി പഠിക്കുകയും ക്ലാസ്സിലെ മര്യാദകൾ പാലിക്കയും ചെയ്യുന്നവരാണ്. അതു കൊണ്ടു തന്നെ അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ഇടപെട്ട് ആ നിമിഷങ്ങളുടെ ഭംഗി കളയാറുമില്ല.
ഏറ്റവും പുറകിലെ ബെഞ്ചിലാണ് ആൺകുട്ടികളിൽ അഞ്ചാറു പേർ തിക്കിത്തിരക്കിയിരിക്കുന്നത്. ഒരുത്തൻ്റെ ബാഗിനകത്തു നിന്നും പുറത്തെടുത്ത പാത്രത്തിൽ നല്ല മാങ്ങാക്കഷണങ്ങൾ ഉപ്പിലിട്ടത്. അവിടെക്കൂടിയ എല്ലാർക്കും കൊടുത്ത് കഴിച്ചു കൊണ്ടിരിക്കയാണ്. "ടീച്ചർക്ക് കൊടുക്കടാ '' ഏറ്റവും കുസൃതിയായ ഒരുത്തൻ്റെ സ്നേഹ പരിഗണന എൻ്റെ നേർക്ക് .അതു കേട്ടപാതി ഓടിയെത്തിയ എൻ്റെ നേർക്ക് നീട്ടിയ മാങ്ങാക്കഷണത്തെയല്ല അവൻ്റെ മുഖത്തെ സ്നേഹത്തെയാണ് ഞാനന്നേരം നുകർന്നത്. സത്യം പറഞ്ഞാൽ അതു വാങ്ങിക്കഴിക്കാൻ ഒരു നിമിഷം എന്നിലെ കൊച്ചു കുട്ടിയും കൊതിച്ചു പോയി.
സസ്നേഹം നിരസിച്ചു.അടുത്തതായി നെല്ലിയ്ക്ക ഉപ്പിലിട്ടത്. രണ്ടു മൂന്നു മിനുട്ടുകൾ കൊണ്ട് ഈ കലാ പരിപാടി കഴിഞ്ഞു. വീണ്ടും പഠനം. നിശ്ചിത ഇടവേളകൾ പാലിച്ച് ഇതങ്ങനെ തുടർന്നു കൊണ്ടേയിരുന്നു.
പുറത്തെ വേനൽച്ചൂടോ മറ്റുള്ള യാതൊരു വേവലാതികളോ അറിയാതെ സ്വയം മറന്ന് കുട്ടികൾ ഇത്തിരി സന്തോഷിക്കുമ്പോൾ നമ്മളെന്തിന് അനാവശ്യ ഇടപെടലിലൂടെ അതില്ലാതാക്കണം?
കുട്ടികളുടെ മാനസികമായ സന്തുലിതാവസ്ഥയ്ക്ക് ഇതെല്ലാം അത്യാവശ്യം തന്നെ. ഈ കുട്ടികളുടെയെല്ലാം കുടുംബ പശ്ചാത്തലം നേരിട്ടറിയാം. പലരും പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണ്. നമുക്കു നൽകാൻ കഴിയാത്ത സന്തോഷവും സ്നേഹപരിഗണനയും നൽകുന്ന കൂട്ടുകാർ തന്നെയാണ് അവരുടെ ശക്തി.
മനസ്സ് ബാല്യകാലത്തേക്കോടിയെത്തുന്ന അവസരങ്ങളിൽച്ചിലതാണിവ.
അസുഖക്കാരിയായ അമ്മയെയും വിവാഹമോചനം കഴിഞ്ഞ സഹോദരിയെയുമടക്കം കുടുംബത്തിൻ്റെ ഉത്തരവാദിത്തം പേറി കിതച്ചുതളർന്നെങ്കിലും ജീവിതം കരുപ്പിടിപ്പിച്ച അച്ഛനെയോർത്തു. ആഴമുള്ള സങ്കടക്കടലിനപ്പുറം നീന്തിക്കടക്കാൻ സഹായിച്ച കൂട്ടുകാരെല്ലാം അന്നൊക്കെ എന്നൊരാശ്വാസമായിരുന്നു!
വീണ്ടും കണ്മുന്നിൽ ജീവിതത്തിൻ്റെ തനിയാവർത്തനം... സൂര്യോദയം പോലെ, അസ്തമയം പോലെ മടുപ്പുളവാക്കാത്തത്!
അനന്തമായ കാലമേ ... നീ തന്നെ ഏതിനും സാക്ഷി!