മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 1000
  • Status: Ready to Claim

ഭാഗം 11

പുറത്ത് കാത്തിരിക്കുന്ന മഹേഷിന്റെ അരികിലേക്ക് വന്ന രമേശ്‌ ചിരിച്ചു... 

"എന്താ മഹേഷ്‌ സാധാരണ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്നെപ്പോലെ ഒരു നേതാവ് വരാറില്ലല്ലോ..."

"ഞാനിപ്പോ വന്നത് അതിനല്ല. മറ്റൊരു കാര്യം പറയാനാണ്..."

ഉമ വർധിച്ച ഹൃദയഭാരത്തോടെ കർട്ടന് പിന്നിൽ ഒളിച്ചു നിന്ന് അവരുടെ സംസാരം കേൾക്കാൻ ശ്രമിക്കുന്നുണ്ട്... ഇടയ്ക്ക് അച്ഛന്റെ ഒച്ച പൊന്തിയതും കാര്യങ്ങൾ കൈവിട്ടു പോയി എന്ന് മനസ്സിലായി... ചെറിയച്ഛന്മാരും അച്ഛനും കയർത്തു സംസാരിക്കുന്നു. വേഗം ഓടി വാതിൽക്കൽ എത്തുമ്പോൾ മഹേഷും കുഞ്ഞുമോനും വേറെ രണ്ടുമൂന്ന് പേരും.. 

"ഡാ നീ എത്ര രാഷ്ട്രീയക്കാരനായാലും ഞങ്ങളുടെ കുടുംബത്തിന്റെ മുറ്റത്തു വരാൻ എന്ത് അർഹതയുണ്ട്... ചില പീറ രാഷ്ട്രീയക്കാരുടെ ഊറ്റലൊന്നും ഇങ്ങോട്ട് എടുക്കരുത്, ഉമ എന്റെ മോളാ അവളെ ആർക്ക് കെട്ടിച്ചു കൊടുക്കണം എന്ന് ഞാനാ തീരുമാനിക്കുന്നത്..."

"ഞാനും ഉമയും മേജറാണ് ഞങ്ങൾ രണ്ടാളും ഇഷ്ടപ്പെട്ട് ജീവിക്കാൻ തീരുമാനിച്ചാൽ അത് തടയാൻ ആർക്കും അവകാശമില്ല. അതിപ്പോ അച്ഛനായാലും അമ്മയായാലും..." 

"ഇറങ്ങിപ്പോടാ നായെ..."

സുരേഷ് മഹേഷിന്റെ നേരെ തിരിഞ്ഞതും കുഞ്ഞുമോൻ ഇടയ്ക്ക് കയറി... പുറത്തു നിന്ന പാർട്ടിക്കാർ മുഴുവൻ അകത്തേക്ക് തള്ളിക്കയറി വന്നതും രമേശും അനിയന്മാരും പകച്ചുപോയി... രാഷ്ട്രീയപരമായി അവർ ഭരണകക്ഷികളുമായി അടുപ്പം പുലർത്തുന്നവരാണ്.. 

"ഉമയ്ക്ക് എന്നെ ഇഷ്ടമാണെങ്കിൽ ഞാൻ വിളിച്ചാൽ വരുമെങ്കിൽ ഞാൻ കൊണ്ടുപോകും... അതിപ്പോ അച്ഛൻ തടസം നിന്നാലും..." 

ഉമ മുന്നോട്ട് കാലെടുത്തു വച്ചതും രമേശ്‌ അകത്തു നിന്ന് റൈഫിളുമായി പുറത്തേക്ക് വന്നു... 

"രമേശ്‌..."

ദാമോദരനും കുമാരനും അകത്തേക്ക് ചാടിക്കയറി വന്നു... പുറത്ത് ആളുകൾ കൂടിയതും എല്ലാവരും എല്ലാം അറിഞ്ഞു എന്ന് അപ്പോഴാണ് അവരറിഞ്ഞത്... 

"രമേശാ പിള്ളാര് തമ്മിൽ ഇഷ്ടമാ ഞങ്ങളെല്ലാവരും അവരുടെ കൂടെയുണ്ട്, വെറുതെ ഒരു സീൻ ഉണ്ടാക്കണ്ടാ..."

തങ്ങൾക്കെതിരെ പാർട്ടി മുഴുവൻ അണിനിരന്നത് കണ്ട് എന്തു ചെയ്യണമെന്നറിയാതെ നിന്ന രമേശും അനിയന്മാരും പല്ല് ഞെരിച്ചു... " 

"ഡീ ഇത്രയും കാലം വളർത്തി വലുതാക്കിയ ഞങ്ങളൊക്കെ നിനക്ക് അന്യരാണ് അല്ലേ... ഈ ചെറ്റയും അവന്റെ ആളുകളും കൂടെയുണ്ടെന്ന് കരുതി ഒന്നിച്ചു ജീവിക്കാമെന്ന് കരുതണ്ടാ... ഞാൻ ജീവിച്ചിരുന്നാൽ സമ്മതിക്കില്ല. കൊത്തിക്കീറി കൊല്ലും ഞാനിവനെ, നീ വിധവയായാലും അതെനിക്ക് പ്രശ്നമല്ല." 

രമേശിന്റെ വെല്ലുവിളിക്ക് പുല്ലുവില കൊടുത്ത് മഹേഷ്‌ ഉമയുടെ കൈപിടിച്ചു പുറത്തേക്ക് നടന്നു...


റൂമിൽ ആശങ്കയോടെ സാരിത്തുമ്പ് കൈവിരലിൽ കോർത്ത് നിൽക്കുന്ന ഉമയെ കണ്ടുകൊണ്ടാണ് ശാരദ മഹേഷിന്റെ റൂമിലേക്ക് വന്നത്... 

"മോളെന്താ ഇങ്ങനെ പേടിച്ചു നിൽക്കുന്നെ ഇത്‌ നിന്റെ വീടല്ലേ... ഇനിയങ്ങോട്ട് ജീവിക്കണ്ട വീട്, അവിടെയുള്ള സൗകര്യങ്ങൾ ഒന്നും ഇവിടെ കാണില്ല പക്ഷെ  നിന്നെ സ്നേഹിക്കാനും പൊന്നുപോലെ നോക്കാനും അവന് കഴിയും എന്ന് പൂർണ്ണ വിശ്വാസം എനിക്കുണ്ട്..."

അമ്മ കൊടുത്ത ധൈര്യം അവൾക്ക്  മനസ്സ് ശാന്തമാക്കാൻ ഏറെ സഹായിച്ചു... മഹേഷ്‌ കയറിവന്നതും അവർ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി... 

"നീയെന്താ ഇങ്ങനെ നിൽക്കുന്നത് ഉമേ... എല്ലാം നമ്മള് വിചാരിച്ചതിലും വേഗത്തിൽ നടന്നുപോയി... ഒട്ടും പ്രതീക്ഷിക്കാൻ കഴിഞ്ഞില്ല."

ഉമയുടെ താടി പിടിച്ചുയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി... കുളികഴിഞ്ഞ് പൂക്കളുള്ള മഞ്ഞ നൈറ്റിയിട്ട് നിൽക്കുന്ന അവൾ കാര്യമായി ഒരുങ്ങുകയോ ഒന്നും ചെയ്തിട്ടില്ല. മുടി വെറുതെ കുളിപ്പിന്നലിട്ടിട്ടുണ്ട്... അവളുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു നിന്ന അവൻ നെറ്റിയിൽ മൃദുവായി ചുംബിച്ചു... കണ്ണടച്ചു നിന്ന ഉമ കണ്ണ് തുറന്ന് അവന്റെ മുഖത്തേക്ക് നോക്കി...

"ഞാനൊന്ന് കുളിച്ചിട്ട് വരാം, ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാവില്ല കേട്ടോ..."

"പോടാ..."

തോർത്ത് കയ്യിൽ കൊടുത്ത് അവനെ കുളിക്കാൻ പറഞ്ഞുവിട്ട് ഉമ അടുക്കളയിലേക്ക് നടന്നു... ശാരദ രാത്രിയിലേക്ക് കഴിക്കാൻ സദ്യ തന്നെ ഉണ്ടാക്കിയിട്ടുണ്ട്...

"അമ്മേ..."

"വാ മോളെ... അവനെന്തിയെ കുളിക്കാൻ പോയോ...? 

അതേയെന്ന് തലയാട്ടി.... 

"അമ്മയ്ക്ക് എന്നെ ഇഷ്ടമല്ലാരുന്നു എന്നെനിക്കറിയാം, അവനേക്കാൾ രണ്ട് വയസ്സ് കൂടുതലുണ്ട് വലിയ വീട്ടിലെ കുട്ടി..."

ഉമയ്ക്ക് പറഞ്ഞു മുഴുമിപ്പിക്കാൻ കഴിയുന്നതിനു മുൻപ് ശാരദ ഇടയ്ക്ക് കയറി...  

"ഇഷ്ടക്കുറവ് ഒരിക്കലും ഉണ്ടാകില്ല മോളെ... പേടിയാ എനിക്ക് എനിക്ക് അവനും അവന് ഞാനും മാത്രമേയുള്ളു... നിന്റെ വീട്ടുകാർ വെറുതെയിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ, സത്യം പറഞ്ഞാൽ ഇപ്പോഴും ആ പേടി എനിക്കുണ്ട്... പക്ഷെ എല്ലാം നടന്നു കഴിഞ്ഞു. ഇനി മുന്നോട്ടുള്ള കാര്യങ്ങൾ ചിന്തിക്കണം അടുത്ത ഇലക്ഷനിൽ അവനെ സ്ഥാനാർഥിയാക്കുമെന്നാ പറഞ്ഞത്, എല്ലാം നമുക്ക് നല്ലതായി ഭവിക്കട്ടെ..."

ശാരദ അവളെ ചേർത്തുപിടിച്ച് പുഞ്ചിരിച്ചു... പെട്ടന്ന് കറണ്ട് പോയതും ഇരുവരും ഒന്ന് ഞെട്ടി... അടുപ്പിൽ നിന്നുള്ള വെളിച്ചത്തിൽ ടോർച്ചു തപ്പിയെടുത്ത് അവർ ഉമയെ ഏൽപ്പിച്ചു... 

"അവൻ കുളിക്കുവല്ലേ മോളിത് അങ്ങോട്ട് കൊണ്ടുചെല്ല്..."

ഉമ ടോർച്ച് തെളിയിച്ച് വീടിന് പുറത്തേക്ക് വന്നതും ആരൊക്കയോ ഓടുന്ന ശബ്ദം കേട്ടു... മഹി!!! അവളുടെ നെഞ്ചിലൊരു പിടച്ചിൽ പടർന്നു... അച്ഛൻ, അച്ഛനും ചെറിയച്ഛന്മാരും വെറുതെയിരിക്കില്ല. മുറ്റത്തേക്കിറങ്ങുമ്പോൾ പെട്ടന്ന് ആരോ വാ പൊത്തിപ്പിടിച്ചതും അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മഹി??

(തുടരും) 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ