ഭാഗം 30
മിസ്സിനൊപ്പം കാറിലിരിക്കുമ്പോൾ ദക്ഷ നിശബ്ദയായിരുന്നു. അവൾക്ക് കരച്ചിൽ അടക്കാൻ കഴിയുന്നില്ല. എങ്ങനെയൊക്കെയോ കടിച്ചു പിടിച്ചിരിക്കുന്നു.
"മിസ്സെന്നെ മനപ്പൂർവം അങ്ങോട്ട് കൊണ്ടുപോയതാണോ?"
ഒടുവിൽ അവൾ മിസ്സിനോട് സംസാരിച്ചു...
"പലവട്ടം ആലോചിച്ചതാ മോളെ, നിന്നെയും മഹിയേയും പറ്റിയുള്ള എല്ലാ വിവരങ്ങളും അവൾക്ക് അപ്ടുഡേറ്റാണ്... ഇടയ്ക്ക് പെട്ടന്ന് എല്ലാവരേയും മറന്നുപോകും, അതുപോലെ ഓർമ്മിക്കുവേം ചെയ്യും..."
രാധിക കാർ ഒരു വശം ചേർത്തു നിർത്തി... ദക്ഷ അവരെ സൂക്ഷിച്ചു നോക്കിയിരിപ്പുണ്ട്...
"അവൾക്കിനി പ്രതീക്ഷിക്കാൻ ജീവിതത്തിലുള്ളത് നിങ്ങള് മാത്രമാണ്, മഹിയുടെ സന്തോഷം മാത്രം എന്തുവില കൊടുത്തും നീയത് സാധിച്ചു കൊടുക്കണം... എനിക്ക് മനസ്സിലാകും കുട്ടീ ഉമയേ കണ്ടപ്പോൾ മുതൽ നിന്റെ അവസ്ഥ... ഞാൻ പറഞ്ഞില്ലേ ഇനി അവൾക്ക് കൊടുക്കാൻ കഴിയുന്നത് നിങ്ങളുടെ നല്ല ജീവിതം എന്ന സന്തോഷം മാത്രമാണ്...
ഒരിക്കൽ മഹിയേയും ഉമയേയും കൊല്ലാൻ നടന്നവളല്ലേ നീ, നിനക്ക് ചെയ്യാൻ കഴിയുന്ന പരിഹാരമല്ലേ ഇത് ആലോചിച്ചു നോക്ക്, മഹി ഒരിക്കലും അവളെ തിരിച്ചറിയാൻ പോകുന്നില്ല."
ദക്ഷ കണ്ണടച്ചു പിന്നിലേക്ക് തല ചായ്ച്ചു കിടന്നു. വെട്ടുകൊണ്ട് കിടക്കുന്ന മഹിയെ ഓർത്തു അവനിൽ നിന്ന് പറിച്ചെടുത്ത ഉമയേയും മഴയത്ത് ജീപ്പിന്റെ പടുതയ്ക്കിടയിലൂടെ രക്ഷിക്കണേ എന്ന് കൈകാണിച്ച വളയിട്ട കൈകൾ മനസ്സിലേക്ക് വന്നതും അവൾ ഞെട്ടി കണ്ണ് തുറന്നു... പെട്ടന്ന് കണ്ണിൽ ഇരുട്ട് വ്യാപിച്ച പോലെ ഒന്നും കാണാൻ കഴിഞ്ഞില്ല.
"ഇവളെന്താ കണ്ണ് മിഴിച്ചിരിക്കുന്നത്...?"
അമ്മയുടെ ശബ്ദം കേട്ടതും തല കുടഞ്ഞ് കണ്ണ് തുറന്നു നോക്കി, വണ്ടി വീട്ടുമുറ്റത്ത് നിൽക്കുന്നു. മിസ്സും അമ്മയും ഒന്നിച്ചു നിൽപ്പുണ്ട്...
"അവൾക്ക് തലകറങ്ങുന്നെന്ന് പറഞ്ഞതുകൊണ്ട് ഞാൻ വണ്ടിയിലിങ് കൊണ്ടുവന്നു. വരുന്ന വഴിക്ക് ഡിസ്പൻസറിയിൽ കാണിച്ചു കുഴപ്പമില്ല."
ദക്ഷ ആരേയും ശ്രദ്ധിക്കാതെ ബാഗുമായി അകത്തേക്ക് കയറിപ്പോയി...
അനന്തനും ഗംഗയും കാര്യമായ ആലോചനയിലാണ്... ദക്ഷ പെട്ടന്ന് അവരെ കാണാതെ പോയതാണ് വിഷയം... മഹി വന്ന് അവർക്കരികിലിരിന്നു. മൂന്നുപേരും വഴിയരികിൽ തണൽ വിരിച്ചു നിരനിരയായി നിൽക്കുന്ന മരങ്ങളുടെ തണലിലുള്ള സിമന്റ് ബെഞ്ചിൽ ഇരിക്കുകയാണ്...
"മഹി ഇനി മിസ്സ് കാര്യങ്ങൾ അറിഞ്ഞിട്ട് അവളെ കൂട്ടികൊണ്ട് പോയതാണെങ്കിലോ... അല്ലെങ്കിൽ പിന്നെ അവരുടെ വീട്ടിലേക്ക് പോകണ്ട കാര്യമെന്താ...?"
"അതാവില്ല. അങ്ങനെയാണെങ്കിൽ അവൾ ഫോണിൽ സംസാരിക്കുകയും ഉള്ള കാര്യം പറയുകയും ചെയ്യുമോ...?"
ഗംഗ പറഞ്ഞതും കാര്യമാണ് എന്തായാലും അവളെ കാണാതെ ഒന്നും പറയാൻ കഴിയില്ല.
"സത്യമറിയാൻ വഴിയുണ്ട്..."
എന്തെന്നർത്ഥത്തിൽ മഹിയും അനന്തനും ഗംഗയെ നോക്കി...
"തനിക്ക് ആ വീട്ടിൽ എപ്പോ വേണമെങ്കിലും ചെല്ലാൻ പറ്റും, ആ വഴിക്ക് ശ്രമിക്കാം, പഴയ അനന്തനായി തന്നെ പോയാൽ മതി..."
അതാണ് നല്ലതെന്ന് അവന് തോന്നി പോകാമെന്ന് സമ്മതിച്ചുകൊണ്ട് അവൻ മൊബൈൽ എടുത്ത് ആരുടെയോ നമ്പർ ഡയൽ ചെയ്തു...
അനന്തൻ ചെന്നിറങ്ങുമ്പോൾ വീടിന് മുൻപിൽ കുമാരൻ ആരെയോ ഫോൺ ചെയ്തു നിൽപ്പുണ്ട്... അവനെ കണ്ടതും കൈ പൊക്കി കാണിച്ചു...
"ഹായ് അങ്കിൾ കണ്ടിട്ട് കുറച്ചു മന്ത്സ് ആയി... ഹൗ ആർ യൂ..."
"ഹലോ അനന്തൻ, മോൻ തിരിച്ചു പോയില്ലേ യൂഎസിലേക്ക്, അച്ഛൻ പറഞ്ഞു ഇവിടെ പുതിയ ബിസ്സിനസ്സ് തുടങ്ങാൻ പോകുന്നെന്ന് എന്തൊക്കയാ കാര്യങ്ങൾ..."
"വെൽ ഞാനിവിടെ ഒന്നു രണ്ട് പ്രൊപോസൽസ് നോക്കുന്നുണ്ട് അങ്കിളിനേയും അച്ഛനേയും പാർട്ട്‌ണേഴ്സാക്കി തുടങ്ങാനാണ് പ്ലാൻ..."
"ആണോ ഞാനും ദാമോദരൻ ചേട്ടനും റെഡി... മോൻ ബാക്കി കാര്യങ്ങൾ നോക്കിക്കോ..."
അനന്തൻ ചിരിയോടെ തലയാട്ടിക്കൊണ്ട് അകത്തേക്ക് കയറുമ്പോൾ അവന്റെ ശബ്ദം കേട്ട് ദക്ഷ പുറത്തേക്ക് വന്നു...
"ഹേ ബേബി, താനിവിടെ ഉണ്ടായിരുന്നോ ഞാൻ കരുതി..."
വെറുതെ കുശലം പറയുകയാണെന്ന് അവൾക്ക് മനസ്സിലായി, ദക്ഷ ചിരിച്ചെന്ന് വരുത്തി, താൻ മിസ്സിനൊപ്പം വന്നതുകൊണ്ട് അന്വേഷിക്കാൻ വന്നതാണെന്ന് മനസിലായി... കുമാരൻ ഫോണിൽ ആരോടോ സംസാരിക്കുന്ന തിരക്കിലാണ്....
"അല്ല ഇതാരാ അനന്തനോ..?"
സുരഭി അതിശയത്തോടെ അവനെ നോക്കി... കുമാരൻ ഫോൺ സംഭാഷണം അവസാനിപ്പിച്ച് അകത്തേക്ക് വന്നു...
"അങ്കിൾ ഞാൻ ദക്ഷയെ പുറത്തേക്ക് കൊണ്ടുപൊയ്ക്കോട്ടെ, ചുമ്മാ ഒരു ചെറിയ ഔട്ടിങ്..."
"ഓ യെസ് ചെല്ല് മോളെ.."
ദക്ഷ സംശയത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കി, അവർ കുമാരനേയും... അഞ്ചുമിനിറ്റിനുള്ളിൽ റെഡിയായി വന്നതും അനന്തൻ അവളേയും കൂട്ടി പുറത്തേക്ക് പോയി...
"നിങ്ങളെന്തിനാ മനുഷ്യാ പെണ്ണിനെ അവനൊപ്പം അയക്കുന്നത്... അവനെ അവൾക്ക് തീരെ ഇഷ്ടമല്ല."
"അവൾടെ ഇഷ്ടം നോക്കിയല്ല ഞാനിവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്... അവനിവിടെ നാട്ടിൽ ബിസ്സിനസ്സ് തുടങ്ങാൻ പോവാ... ആ ഇളയവൻ വെറും മൊണ്ണയാണെന്ന് ദാമോദരൻ പറഞ്ഞപ്പോ മുതൽ ഞാൻ കണക്കു കൂട്ടുന്നതാ, ദക്ഷമോൾക്ക് ഇവനാ ചേരുന്നത്... എനിക്കിപ്പോ ഇലക്ഷന് ഫണ്ട് ഇറക്കാനൊരു ആളെ കിട്ടിയേ തീരു അതിനിവൻ മതി..."
അയാള് പറയുന്നത് പകുതിയും മനസ്സിലായില്ലെങ്കിലും അവൾക്ക് സമ്മതിക്കാതെ വേറെ വഴിയില്ലല്ലോ...
അനന്തന്റെ പജെറോയിൽ സിറ്റിയിലേക്കല്ല പോകുന്നതെന്ന് ദക്ഷയ്ക്ക് മനസ്സിലായി...
"നമ്മളെവിടെക്കാ പോകുന്നത് അനന്തേട്ടാ...?"
"ഏതെങ്കിലും കോഫി ഷോപ്പിൽ മഹി അവിടേക്ക് വരും..."
"വണ്ടി നിർത്ത് എനിക്കിപ്പോ മഹിയേട്ടനെ കാണാൻ പറ്റില്ല. നമുക്ക് തിരിച്ചു പോകാം..."
അനന്തൻ അടുത്തു കണ്ട കോഫി ഷോപ്പിന് മുൻപിലേക്ക് വണ്ടി കയറ്റിനിർത്തിക്കൊണ്ട് അവളെ നോക്കുന്നതിനിടയിൽ ഗംഗയുടെ കോൾ വന്നു, ദക്ഷയുടെ മുഖം ശാന്തമാണ് അവൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അവൻ ഗംഗയുടെ കോൾ എടുത്തു ഡോർ തുറന്ന് പുറത്തേക്ക് പോകുന്നതും സംസാരിക്കുന്നതും അവൾ കണ്ടു...
മഹിയേട്ടനെ കാണാനുള്ള മാനസികാവസ്ഥ ഇപ്പോഴില്ല. കണ്ടാൽ നിയന്ത്രണം വിട്ടുപോകും, പോകെ പോകെ താനൊരു ഭ്രാന്തിയാകുമെന്ന് അവൾക്ക് ഉറപ്പായി...
"ദക്ഷ ഗംഗ വരും മഹി വരില്ല. എന്താ നിന്റെ പ്രശ്നം..."
"അനന്തേട്ടാ നമ്മൾ രണ്ടാളും ഈ പ്രശ്നത്തിന് കാരണക്കാരാണ്... നമ്മളെക്കൊണ്ടേ അത് പരിഹരിക്കാൻ കഴിയൂ..."
കാര്യമറിയാതെ അനന്തൻ അവളെ നോക്കിയിരുന്നു.
(തുടരും)