ഭാഗം 29
ഉമയ്ക്ക് മുൻപിൽ കസേരയിട്ടിരുന്ന ദക്ഷ അവളെ നോക്കിയിരിപ്പാണ്, എന്തെങ്കിലും സംസാരിക്കുന്നില്ല.
"താനെന്താ കുട്ടി ഇങ്ങനെ... ഞാൻ കരുതി എന്നൊട് കലപില മിണ്ടുമെന്ന്... മഹി... മഹിയേട്ടൻ സുഖമായിരിക്കുന്നോ...?"
മഹിയുടെ പേര് പറഞ്ഞപ്പോൾ വാക്കുകൾ ഇടറിയെങ്കിലും അത് മറച്ച് അവൾ ചോദിച്ചു... അതേയെന്ന് തലയാട്ടിയതല്ലാതെ ദക്ഷ ശബ്ദിച്ചില്ല.
"ഒരു വെള്ളപ്പേപ്പറു പോലെ മഹിയേട്ടൻ മാറിപ്പോയി അല്ലേ, എഴുതിയ വാക്കുകളും ജീവിതവും അപ്പാടെ മാഞ്ഞു പോയിരിക്കുന്നു."
ദക്ഷയ്ക്ക് തല പെരുക്കാൻ തുടങ്ങി, പെരുപ്പ് സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവൾ എണീറ്റോടി, ഉമയുടെ വിളികളോ പിന്നാലെ വന്ന രാധികയേയൊ അവൾ കണ്ടില്ല. കാലുകളോട് മുന്നോട്ട് മുന്നോട്ടെന്ന് മാത്രം മന്ത്രിച്ചുകൊണ്ടിരുന്നു. കാലുകൾ കുഴച്ചിലുണ്ടാകാതെ മുന്നോട്ട് മുന്നോട്ട് പോയി...
പെട്ടന്ന് ആരോ പിടിച്ചുവലിച്ചതും ദക്ഷ ബോധമറ്റ് നിലത്തേക്ക് വീണു, ആളുകൾ ഓടിക്കൂടിയതോ റോഡിനു നടുവിൽ ബസ്സിന് മുൻപിൽ വീണുകിടന്ന അവളെ എടുത്ത് മാറ്റിയതോ അറിഞ്ഞില്ല.
മുഖത്ത് ശക്തിയായി വെള്ളം വീണതും ദക്ഷ ഞെട്ടി കണ്ണ് തുറന്നു... ആശയും രമേശനും രാധകയും തനിക്കരികിൽ നിൽപ്പുണ്ട്...
"അച്ഛാ എന്തായി ആ കുട്ടി കണ്ണ് തുറന്നോ... അച്ഛാ..."
ഉമയുടെ ചോദ്യം ദക്ഷ കേൾക്കുന്നുണ്ട്... യാന്ത്രികമായി താൻ എങ്ങോട്ട് പോയത് മാത്രം ഓർമ്മയുണ്ട്... പിന്നെ എന്ത് സംഭവിച്ചെന്ന് ഓർമ്മയില്ല. രമേശൻ പുറത്തേക്ക് പോയി ദക്ഷ കണ്ണ് തുറന്നെന്ന് ഉമയോട് പറഞ്ഞു. അവൾ ആശ്വാസത്തോടെ അകത്തേക്ക് നോക്കി...
"നീയെന്തിനാ കുട്ടീ ഇറങ്ങിയോടിയത് ഒന്ന് തെറ്റിയിരുന്നെങ്കിൽ എന്താ സംഭിക്കുകയെന്ന് വല്ല നിശ്ചയവുമുണ്ടോ...?"
രാധിക അവളുടെ മുടിയിഴ ഒതുക്കിവച്ചു... ദക്ഷ പതിയെ എണീറ്റിരുന്നു.
"മിസ്സേ തലയിലെ പെരുപ്പ് കൂടി ഞാൻ ചാവും എന്ന് തോന്നിയപ്പോഴാ ഇറങ്ങിയോടിയത്... മിസ്സേ ഇതെല്ലാം കൂടി താങ്ങാനുള്ള കരുത്ത് എനിക്കില്ല."
ദക്ഷയുടെ സംസാരവും അവളുടെ തളർച്ചയും രാധികയെ തെല്ലു ഭയപ്പെടുത്തി... അവർ ഒന്നും പറയാതെ പുറത്തേക്കിറങ്ങിപ്പോയി... മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നതറിഞ്ഞ് എടുത്തു നോക്കി... ഗംഗയാണ്, കോൾ കട്ടായതും ഇരുപത് മിസ്സ്‌കോൾ എന്ന് ഡിസ്പ്ലേയിൽ കണ്ടു... വീണ്ടും കോൾ വന്നു അവളോട് എന്ത് പറയും... എടുക്കാതെ പറ്റില്ല വിളിച്ചുകൊണ്ടേയിരിക്കും... വേറെ വഴിയില്ലാതെ കോൾ എടുത്തു...
"ഹലോ..."
"ഹലോ ഡീ നീയെന്ത് പണിയാ കാണിച്ചത്, എന്തിനാ മിസ്സിന്റെ ഒപ്പം കയറിപ്പോയത്...?"
തൊണ്ടയിടറാതെ അവളോട് സംസാരിക്കാൻ ശ്രമിച്ചു...
"മിസ്സ് അമ്മേടെ ഫ്രണ്ടാടി ഞാനിപ്പോ മിസ്സിന്റെ വീട്ടിലാ, അന്നേരം കാറിൽ കേറാതെ അങ്ങോട്ട് വന്നിരുന്നേൽ ഇന്നത്തോടെ എല്ലാം തീർന്നേനെ..."
"ആണോ കാര്യമറിയാതെ ഞങ്ങള് ടെൻഷനടിച്ചു... എന്നാൽ നീ വീട്ടിൽ ചെന്നിട്ട് വിളിക്ക്..."
കോൾ കട്ടാക്കി ദക്ഷ ശ്വാസം വലിച്ചുവിട്ടു... രാധിക അകത്തേക്ക് കയറിവന്നു...
"നമുക്ക് പോകാം...?"
യാന്ത്രികമായി അവൾ തലയാട്ടി... പുറത്തേക്കിറങ്ങുമ്പോൾ ഉമയെ കണ്ടു... അവളുടെ മുഖത്ത് അതേ ചിരി കളിയാടി നിൽപ്പുണ്ട്...
"ജീവിതം ചിലപ്പോൾ ഓരോരുത്തർക്കും ഓരോ രീതിയിലാവും കൊടുത്തിരുക്കുക, എന്റെയും മഹിയേട്ടന്റെയും ഒന്നിച്ചുള്ള ജീവിതത്തിന് അധികം ആയുസ്സില്ലായിരുന്നു. മനുഷ്യനായിട്ട് അത് കൂട്ടാൻ നോക്കിയാൽ കഴിയില്ല. പേടിക്കണ്ടാ ഞാനൊരിക്കലും മഹിയേട്ടനെ തേടി വരില്ല കുട്ടീ... നീ ധൈര്യമായിട്ട് പോയിട്ട് വാ..."
ദക്ഷ നിറഞ്ഞു തൂവിയ കണ്ണുനീർ തുടച്ച് ഉമയുടെ മുഖം കൈക്കുമ്പിളിലെടുത്ത് നെറ്റിയിൽ ഉമ്മ വച്ചു... വരണ്ടുണങ്ങിയ കവിളുകളെ നനയിച്ചുകൊണ്ട് ഉമയുടെ കണ്ണുകൾ ഈറനണിഞ്ഞു...
വിലകൂടിയ വിദേശനിർമ്മിത കാറിൽ ഹോട്ടൽ പ്ലാസയുടെ മുൻപിലേക്ക് വന്നിറങ്ങിയ രൂപം കണ്ട് മിഥുൻ കൈകാണിച്ചു... അയാൾ തിരികെയും... കറുത്ത കോട്ടും താടിയും ഗ്ലാസും അയാളുടെ രൂപം മനസ്സിലാക്കാൻ കഴിയാത്ത പോലെ തോന്നി...
"ഹലോ എസ്കെ..."
"ഹലോ മിഥുൻ നീ വന്നിട്ട് നേരം കുറെയായോ?"
"ഹേയ് ഇപ്പൊ വന്നതേയുള്ളു..."
അടുത്തേക്ക് ചെന്നപ്പോഴാണ് അവനെ കണ്ടിട്ടൊരു പന്തിയല്ലെന്ന് എസ്കെയ്ക്ക് തോന്നിയത്, ഷർട്ടിന്റെ കൈ നിവർത്തിയിട്ടിട്ടുണ്ട് എന്തോ മറക്കും പോലെ മുഖത്തൊക്കെ ചെറിയ ചെറിയ ചതവുകൾ, മുന്നോട്ട് ഒരു ചുവട് വച്ചപ്പോൾ കാലിന്റെ ഞൊണ്ടൽ കാണാൻ കഴിഞ്ഞു...
"എന്താടായിത്... ആരാ നിന്നെ ഈ പരുവത്തിലാക്കിയത്...?"
"മഹി..."
മിഥുന്റെ മറുപടി കേട്ടതും അയാളുടെ മുഖത്ത് ഞെട്ടലുണ്ടായത് അവൻ ശ്രദ്ധിച്ചു... ചുറ്റും നോക്കിയതിനു ശേഷം ഇരുവരും അകത്ത് വിവിഐപി റൂമിൽ സ്ഥാനം പിടിച്ചു...
"എടാ അവൻ നോർമ്മലായോ പഴയ കാര്യങ്ങളൊക്കെ ഓർമ്മ വന്നു തുടങ്ങിയോ... അല്ലെങ്കിൽ പിന്നെ എന്തിനാ നിന്നെ പഞ്ഞിക്കിട്ടത്..."
"അവന് ഒന്നും ഓർമ്മ വന്നിട്ടില്ല. ഇത് കേസ് വേറെയാ, കുമാരൻ അങ്കിളിന്റെ മോള് ദക്ഷയെ അറിയില്ലേ താൻ, എനിക്ക് കല്യാണമുറപ്പിക്കാൻ അച്ഛൻ തീരുമാനിച്ചിരുന്നത് അവളെയാ... അവളാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം..."
എസ്കെ വെയ്റ്റർ കൊണ്ടുവച്ച കോഫി എടുത്ത് സിപ്പ് ചെയ്തു...
"പ്രേമമാണോ... അവനെ പണ്ട് വെട്ടിയരിയാൻ പറഞ്ഞവളല്ലേ അവള്, ആ അവൾക്ക് പ്രേമമോ...?"
മിഥുൻ ഒന്നും പറയാതെ മുൻപിലേക്ക് നോക്കിയിരുന്നു.
"ഞാനിപ്പോ നിനക്കെന്ത് സഹായമാ ചെയ്തു തരേണ്ടത്...?"
"എനിക്ക് ദക്ഷയെ വേണം, അവളെ കിട്ടണമെങ്കിൽ അവൻ ഇല്ലാതാവണം, അത് നിങ്ങളെക്കൊണ്ടേ കഴിയൂ... അതാ പെട്ടന്ന് കാണാണമെന്ന് പറഞ്ഞത്..."
"നീയൊരു കാര്യം ചെയ്യ്, കുറച്ച് കാത്തിരിക്ക്, പെട്ടന്ന് എടുത്തുചാടണ്ടാ... അവൻ പ്രതീക്ഷിക്കാത്ത സമയത്ത് നമുക്ക് പണിയാം... ഞാനല്ലേ പറയുന്നത്..."
എസ്കെ പറഞ്ഞത് ശരിയാണെന്ന് മിഥുനും തോന്നി... അല്പം കാത്തിരിക്കാം അവനിട്ടു കൊടുക്കാൻ പറ്റിയ വലിയൊരു പണി മതി, ഇനിയൊരു തവണ അവൻ പൊങ്ങിവരരുത്... മഹിയെന്ന അദ്ധ്യായം ഇല്ലാതാവണം ഇരുചെവി അറിയാതെ... അവളെ തനിക്ക് സ്വന്തമാക്കാൻ അതല്ലാതെ വേറെ വഴിയില്ല.
(തുടരും)