ഭാഗം 31
അനന്തൻ ദക്ഷയുടെ മുഖത്തേക്ക് നോക്കിയിരിക്കുകയാണ് അവൾ പറഞ്ഞതൊന്നും മനസ്സിലാക്കാൻ അവന് കഴിഞ്ഞിട്ടില്ല. തങ്ങൾ രണ്ടുപേരും എന്ത് തെറ്റാണ് ചെയ്തത്...?
"ദക്ഷാ എനിക്കൊന്നും മനസ്സിലായില്ല താനെന്താ പറയുന്നത്...? നമ്മളെങ്ങനെ...?"
"അനന്തേട്ടാ ഞാനും നിങ്ങളും ചെയ്തു എന്നല്ല, നമ്മുടെ അച്ഛന്മാർ ചെയ്ത തെറ്റ്..."
ദക്ഷ കാര്യങ്ങൾ വിശദമായി അയാളോട് പറഞ്ഞു. അനന്തൻ അമ്പരന്നിരിക്കുകയാണ്, താൻ എപ്പോഴും ഒരു പൊട്ടൻ തന്നെ ആയിരുന്നു എന്ന് അവന് തോന്നി... സ്വയം പുച്ഛിച്ചു... തലയ്ക്ക് കൈ കൊടുത്ത് കോഫി ഷോപ്പിലേക്ക് നോക്കിയിരുന്നു. മഹിയുടെ ബൈക്കിൽ ഗംഗ വരുന്നത് കണ്ടതും അയാൾ പുറത്തേക്കിറങ്ങിച്ചെന്നു...
"അവൾക്കെന്താ പറ്റിയത്...?"
"പറയാം താൻ വണ്ടി അവിടെ വച്ചിട്ട് വന്ന് കാറിൽ കയറ്..."
ഗംഗയ്ക്ക് കാര്യം മനസ്സിലായില്ലെങ്കിലും അവൾ ബൈക്കവിടെ വച്ച് അനന്തന്റെ പജേറോയിൽ കയറി...
"ദക്ഷാ..."
ദക്ഷ അവളെ തിരിഞ്ഞു നോക്കിയെങ്കിലും അവളുടെ മുഖഭാവം കണ്ടപ്പോൾ കാര്യമായ പ്രശ്നം ഉണ്ടെന്ന് തോന്നി... വണ്ടി കുറേ ദൂരം ഓടി വൈകുന്നേരത്തെ തിരക്ക് റോഡിൽ കണ്ടുതുടങ്ങി... വണ്ടി ഇടറോഡിലൂടെ കുറച്ചോടിയതിന് ശേഷം പാർക്കിന് മുൻപിൽ നിർത്തി... മൂന്നുപേരും പുറത്തേക്കിറങ്ങി, അവിടെ ആളുകൾ കൂടിയിരുന്ന് വാർത്തമാനങ്ങൾ പറയുന്നുണ്ട്...
മരത്തണലിനോട് ചേർന്നുള്ള ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു...
"ദക്ഷ എന്താടാ, എന്താ നിനക്ക് പറ്റിയത്...?"
"ഗംഗാ ഞാൻ... ഞാൻ ഉമയെ കണ്ടു, അവരിപ്പോഴും ജീവനോടെയുണ്ട്..."
ഗംഗ ഞെട്ടലോടെ അതെയിരിപ്പ് ഇരിക്കുകയാണ്, അനന്തന് ആളെ മനസ്സിലായെങ്കിലും ദക്ഷ പറഞ്ഞത് കൃത്യമായി മനസ്സിലായില്ല.
"അവർ മരിച്ചില്ലെന്ന് നിനക്കെങ്ങനെ മനസ്സിലായി ദക്ഷ നീ മിസ്സിനൊപ്പമായിരുന്നില്ലേ ഇന്ന്..."
"മിസ്സിന്റെ ആങ്ങളയുടെ മകളാണ് ഉമ..."
ഉമയ്ക്ക് സംഭവിച്ച കാര്യങ്ങളൊക്കെ അവൾ അവരോട് പങ്കുവച്ചു. ഗംഗയ്ക്ക് മഹി എല്ലാം അറിഞ്ഞാൽ ഉണ്ടാകുന്ന പ്രതികരണമാണ് പേടി... അവന് ഓർമ്മ കിട്ടിയാൽ ആദ്യം അന്വേഷിക്കുന്നത് ഉമയെ ആണെന്ന് ഉറപ്പാണ്... ആശുപത്രിക്കിടക്കയിൽ താനും അപ്പച്ചിയും ഒഴുക്കിയ കണ്ണീര് കലർന്ന രാത്രികൾ ഒന്നും അവന് ഓർമ്മയിൽ ഇല്ലെന്ന് അറിഞ്ഞപ്പോൾ സമാധാനിച്ചതിലേറെ സങ്കടപ്പെട്ടതാണ്...
അവന്റെ സ്വപ്നത്തിൽ ഒരു പെണ്ണിനെ കണ്ടു എന്ന് പറഞ്ഞപ്പോഴും പേടിച്ചു അവളാകുമോ എന്ന്... എല്ലാവരും മഹിയേയും ഗംഗയെയും ഇഷ്ടപ്പെട്ടതുകൊണ്ടാണോ എന്തോ പിന്നീട് അവനോട് അവളുടെ കാര്യം ആരും പറഞ്ഞിട്ടില്ല, വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും, മഹി എതിർ പാർട്ടിക്കാരുടെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റു എന്ന് മാത്രം എല്ലാവരും അറിഞ്ഞു.
"എന്നിട്ട്... എന്നിട്ട് അവളെന്തു പറഞ്ഞു...?"
ദക്ഷയുടെ മുഖം മൂകമായിരിക്കുന്നത് കണ്ടപ്പോഴേ മനസ്സിലായി അവൾക്കത് മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ പറ്റിയിട്ടില്ലെന്ന്...
"എന്നെ കാണണം ഒരുപാട് സംസാരിക്കണം എന്ന് പറഞ്ഞു..."
നിശബ്ദത്യ്ക്ക് ശേഷം അവൾ മറുപടി പറഞ്ഞു...
ഗംഗയും അനന്തനും പരസ്പരം നോക്കി...
"തല്കാലം മഹി ഒന്നും അറിയണ്ട, നീയിനി അവളെ കാണാൻ പോകുന്നുണ്ടെങ്കിൽ ഞാനും വരാം... എനിക്കും അവളെയൊന്ന് കാണണം..."
ഗംഗാ പറയുമ്പോഴും ഉമയെ കാണാൻ പോകണമോ എന്ന് യാതൊരു നിശ്ചയവുമില്ലാതെ ദക്ഷ യാന്ത്രികമായി തലയാട്ടി, മഹിയോട് പറയാൻ പോകുന്ന കള്ളം മുൻകൂട്ടി പ്ലാൻ ചെയ്ത് മൂന്നുപേരും തിരികെ കോഫി ഷോപ്പിലേക്ക് തിരിച്ചു... കോഫി ഷോപ്പിലെത്തി ഗംഗ ബൈക്കുമായി പോയി സമയം ആറു കഴിഞ്ഞു... അനന്തൻ ദക്ഷയെ കൂട്ടി കോഫി ഷോപ്പിലേക്ക് കയറി...
"ഇവിടേക്കാണ് വന്നതെന്ന് പറയാം ഒരു കപ്പ് കാപ്പി കുടിച്ചിട്ട് പോകാം താനിരിക്ക്..."
രണ്ടാളും ഒരു ടേബിളിന് രണ്ടുവശത്തും ഇരുന്നു. അനന്തൻ രണ്ട് കോഫിക്ക് ഓഡർ കൊടുത്തു...
"നമ്മൾ രണ്ടുപേരും അച്ഛന്മാരുടെ പാപങ്ങൾ ഏറ്റു പറഞ്ഞു പരിഹാരം ചെയ്യണം അനന്തേട്ടാ, അതിന് ചേട്ടൻ എന്റെ കൂടെ നിൽക്കണം..."
"അതിനോട് ഞാൻ യോജിക്കുന്നില്ല ദക്ഷ..."
ദക്ഷ ഞെട്ടലോടെ അവനെത്തന്നെ നോക്കി, തന്റെ ആശ്രയം നഷ്ടപ്പെടുമോ എന്നവൾക്ക് തോന്നി...
"ഇതിന് പരിഹാരം ചെയ്യണ്ടത് അവര് തന്നെയാണ് നമ്മളല്ല. അവരെക്കൊണ്ട് നമ്മളത് ചെയ്യിക്കും..."
അവൻ പറഞ്ഞത് പൂർണ്ണമായി കേട്ടപ്പോൾ അവൾക്കത് ശരിയാണെന്ന് തോന്നി...
.....
രാത്രിയിൽ മഹിയുടെ വീട്ടിൽ അക്ഷമയോടെ ഗംഗ പറഞ്ഞ ദക്ഷയുടെ കാര്യങ്ങൾ കേട്ടിരുന്ന അവൻ കുറച്ചു നേരം ആലോചനയോടെ അതെയിരുപ്പ് ഇരുന്നു.
"കാര്യങ്ങൾ തല്കാലം കുഴപ്പമില്ലാതെ അവൾ ഒതുക്കി നമ്മള് സൂക്ഷിക്കണം... എന്തായാലും ഇനി കോഴ്സ് തീരുന്നത് വരെ തല്കാലം നേരിട്ടു കാണുന്നത് കൂടുതലും ഒഴിവാക്കുന്നതാണ് നല്ലത്..."
അമർത്തി മൂളിയതല്ലാതെ അവൻ ഒന്നും പറഞ്ഞില്ല.
"ഡാ നീയെന്താ ഇങ്ങനെ അപ്സെറ്റായിട്ടിരിക്കുന്നത്... കാര്യങ്ങൾ കൂടുതൽ പ്രശ്നത്തിലേക്ക് പോയാൽ അവളെ പിന്നെ പഠിക്കാൻ വിടില്ല. അനന്തൻ ഉള്ളതുകൊണ്ട് വല്ലപ്പോഴും വെളിയിൽ കൊണ്ടുവരാൻ പറ്റും... അതല്ലേ അവളെ കാണാൻ പറ്റിയ അവസരം..."
"നീ പറഞ്ഞത് ശരിയാടി, എന്നാലും എന്റെ മനസ്സിൽ എന്തൊക്കയോ പോലെ തോന്നുന്നു. എന്താണെന്ന് ചോദിച്ചാൽ അറിയില്ല. അവളെ വിളിച്ചാൽ സംസാരിക്കാൻ പറ്റുമോ...?"
"പത്തുമണി കഴിഞ്ഞിട്ട് നീ വിളിച്ചു നോക്ക്..."
ഗംഗ അവനോട് ഗുഡ്നൈറ്റ് പറഞ്ഞ് അവളുടെ മുറിയിലേക്ക് പോയി... സമയം പത്താകാൻ അഞ്ചു മിനിറ്റ്... അക്ഷമയോടെ അവൻ പത്താകാൻ കാത്തുനിന്നു... പത്തടിച്ചതും ചാടി ഫോണെടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു... രണ്ടാമത്തെ റിങ്ങിൽ മറുവശത്ത് കോൾ അറ്റൻഡ് ചെയ്തു...
"ദക്ഷ..."
"ഉം..."
തണുത്ത പ്രതികരണം അവന്റെ ക്ഷമ നശിപ്പിച്ചു...
"ഇന്ന് മിസ്സ് വിളിച്ചുകൊണ്ട് പോയപ്പോൾ ഞാനങ്ങ് പേടിച്ചുപോയി... താൻ ഒന്നും പറഞ്ഞുമില്ല."
"മിസ്സ് അമ്മയുടെ ഫ്രണ്ടാ... വിളിച്ചാൽ പോകാതെ പറ്റില്ല. മിസ്സിന്റെ വീട്ടിൽ പോയിട്ട് തിരിച്ചുവന്നപ്പോൾ താമസിച്ചു... ഉമയെ കണ്ടു വർത്തമാനമൊക്കെ പറഞ്ഞിരുന്നു."
"ഉമയോ അതാരാ...?"
പറഞ്ഞത് അബദ്ധമായെന്ന് മനസ്സിലായി, പരിഭ്രമം മറച്ച് അവൾ പഴയപോലെ സംസാരിക്കാൻ ശ്രമിച്ചു...
"ഏത് ഉമ ഞാനങ്ങനെ പറഞ്ഞില്ലല്ലോ മഹിയേട്ടാ...?"
"നീയെന്താ എന്നെ പൊട്ടൻ കളിപ്പിക്കുവാണോ ദക്ഷാ...."
(തുടരും)