ഭാഗം 8
വലിയൊരു പ്രശ്നത്തിന്റെ നടുക്കാണ് ഞാനിപ്പോൾ ഉള്ളത്. എന്റെ അനുഭവങ്ങൾ ശരിവെക്കുന്ന ഓഫീസർമാരാണ് അധികം ഉള്ളത്, എങ്കിലും ചിലരൊക്കെ അത് തള്ളിപ്പറയുന്നുണ്ട്. അവർക്കെല്ലാം തെളിവുകളായിരുന്നു വേണ്ടത്. തെളിവുകൾക്ക് വേണ്ടി ഞാൻ വീണ്ടും ആ നശിച്ച മന്ദിരത്തിലേക്ക് പോയെങ്കിലും, വലിയൊരു ദുരന്തം അരങ്ങേറിയതിന്റെ യാതൊരു പാടു പോലും അവിടെയുണ്ടായിരുന്നില്ല. നേഴ്സിന്റെയും ആൽബത്തിന്റെയും ലാലുവിന്റെയും ശവശരീരങ്ങൾ ഞങ്ങൾക്ക് വനത്തിന്റെ അരികിൽ നിന്നുമാണ് ലഭിച്ചത്. അവരുടെ ശരീരങ്ങളിൽ, വന്യജീവി ഭക്ഷിച്ച പാടുകൾ ഉണ്ടായിരുന്നു. തന്മൂലം, സത്വങ്ങൾ ആക്രമിച്ച പാടുകൾ ഒന്നും കാണാനില്ലായിരുന്നു. മുത്തുവിന്റെ ശരീരം ഞങ്ങൾക്ക് കണ്ടെത്താനായില്ല. അതുപോലെ ഞങ്ങൾ കൊന്നൊടുക്കിയ, പിശാചുക്കളുടെ ശവശരീരങ്ങളും അവിടെ ഇല്ലായിരുന്നു. അവയെല്ലാം അപ്രത്യക്ഷമായതാണോ? അല്ലെങ്കിൽ ആരോ തെളിവുകൾ നശിപ്പിക്കാൻ വേണ്ടി മറച്ചതായിരിക്കും. എനിക്ക് കൃത്യമായ ഒരു ഉത്തരമുണ്ടായിരുന്നില്ല. അതുകൊണ്ട് അവിടെ നടന്ന മറ്റു കേസുകൾ പോലെ തന്നെ എനിക്കും ഈ കേസ് ക്ലോസ് ചെയ്യേണ്ടിവന്നു. എന്റെ അനുഭവങ്ങൾ കേട്ട് ചിരിച്ചവരാരും ആ കേസ് റീ-ഓപ്പൺ ചെയ്യാൻ പോലും മുതിർന്നില്ല.അല്ലെങ്കിലും മനുഷ്യയുക്തിക്ക് നിരക്കാത്ത സംഭവങ്ങളോട് ഏറ്റുമുട്ടാൻ ആരും ധൈര്യം കാണിക്കില്ല.
മിത്ര പറഞ്ഞതനുസരിച്ച് ഞാൻ രണ്ടു ദിവസത്തേക്ക് ലീവ് എടുത്തു വീട്ടിലിരിക്കാൻ തീരുമാനിച്ചു. ഞാൻ കൂടുതൽ സമയം, കൃഷി ചെയ്യാൻ വേണ്ടി ഒഴിച്ച് വെച്ചു. മറ്റെന്തെങ്കിലും ജോലിയിൽ മുഴുകിക്കഴിഞ്ഞാൽ പിന്നെ മനസ്സിന് ഒരു സമാധാനം കിട്ടുമല്ലോ. എല്ലാം ഒന്ന് മറക്കാൻ ശ്രമിക്കുമ്പോളായിരുന്നു മീന വീട്ടിലേക്ക് വന്നത്. അവൾക്കൊരു കപ്പ് ചായ കുടിക്കാൻ പോലും സമയമുണ്ടായിരുന്നില്ല. "ഞാനൊരു പ്രധാനപ്പെട്ട കാര്യം പറയാനാണ് വന്നത്. നമ്മൾ അന്ന് രാത്രി കണ്ടത് പ്രേതങ്ങളെയല്ല. അത് എനിക്ക് ഉറപ്പാണ്. അതുപോലെ അവ ഒരു രക്തരക്ഷസാവാനും സാധ്യത കുറവാണ്. അവയ്ക്ക് കൂർത്ത പല്ലുകൾ ഉണ്ടെന്ന കാര്യം ശരി തന്നെ. പക്ഷേ അവർ മനുഷ്യന്റെ ചോര കുടിക്കുന്നില്ല. പകരം അവർ മനുഷ്യരെ കടിച്ചു കൊല്ലുകയാണ് ചെയ്യുന്നത്. അതേപോലെ അവയ്ക്ക് മനുഷ്യന്റെ ശക്തി മാത്രമേയുള്ളൂ. അതുകൊണ്ടാണ് നിങ്ങൾക്ക് അവരെ എതിരിടാൻ കഴിഞ്ഞത്." "നീ എന്താ പറഞ്ഞു വരുന്നത്, " ഞാൻ അത്ഭുതത്തോടെ ചോദിച്ചു. "അതായത് ഇതൊരു വൈറസ് മൂലം ഉണ്ടായതാവാം. അല്ലെങ്കിൽ ഇതൊരു ദുർമന്ത്രവാദത്തിലൂടെ ആരോ ചെയ്തതായിരിക്കും. അതായത് ആ മന്ദിരത്തിൽ വച്ച് മരണപ്പെട്ടവരെ എല്ലാം അടക്കം ചെയ്തത് അതിന്റെ അരികിലുള്ള സ്മശാനത്തിലാണ്. അവിടെയുള്ള മണ്ണിൽ നിന്നോ അല്ലെങ്കിൽ മറ്റെന്തിൽ നിന്നെങ്കിലോ ഒരു പ്രത്യേക വൈറസ് അവരുടെ ശരീരത്തിൽ എത്തിയിട്ടുണ്ടാവും. ഇവ സ്പ്രെഡ് ചെയ്യുന്ന വൈറസ് ആയിരിക്കില്ല. അല്ലെങ്കിൽ കടിയേറ്റ എല്ലാവരും അവരെ പോലെയായി മാറിയേനെ. അവരുടെ ശരീരത്തിൽ വൈറസ് ഉണ്ടെന്ന് അറിയണമെങ്കിൽ, അവരുടെ ആരുടെയെങ്കിലും ശവശരീരം നമുക്ക് ലഭിക്കണം. അത് എളുപ്പമല്ലെന്ന് എനിക്കറിയാം. എങ്കിലും നമുക്കൊന്ന് പരീക്ഷിച്ചു നോക്കണം. ഇനി ഞാൻ പറയാൻ പോകുന്നത് രണ്ടാമത്തെ സാധ്യതയെ കുറിച്ചാണ്. ഒരു ദുർമന്ത്രവാദത്തിലൂടെ ആരോ ഇവർക്ക് ജീവൻ നൽകിയതായിരിക്കാം. വൂഡൂ മന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് ശവത്തിന് ജീവൻ നൽകിയ കഥകളുണ്ട്. ഇന്ത്യയിലും ഇത്തരത്തിലുള്ള മന്ത്രവാദങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവയിലൊക്കെ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കറിയില്ല. എങ്കിലും ഈയൊരു അവസ്ഥയിൽ എല്ലാ സാധ്യതകളും നമ്മൾ നോക്കേണ്ടതാണ്,"
"നീ പറഞ്ഞതൊന്നുമല്ലെങ്കിലോ?" ഞാനവളോട് ചോദിച്ചു.
"എങ്കിൽ ഇതിന്റെ പിന്നിലെ കാരണം നമ്മൾ കണ്ടെത്തണം"
"ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തിൽ നിന്നും നമ്മക്ക് ഇനി സഹായം ലഭിക്കും എന്ന് എനിക്ക് തോന്നുന്നില്ല" ഞാൻ പറഞ്ഞു.
"അത് വേണമെന്നില്ല ഈയൊരു പ്രവർത്തനത്തിൽ നമ്മുടെ കൂടെ നിൽക്കാൻ ആരെങ്കിലും ഉണ്ടാകുമല്ലോ?" അവളുടെ ധൈര്യം എന്നിൽ ആവേശം പകർന്നു. ഇതിന്റെയെല്ലാം രഹസ്യങ്ങൾ കണ്ടെത്തേണ്ടത് എന്റെയും കൂടി ആവശ്യമായിരുന്നു. എന്തിനും കൂടെയുണ്ടാവും എന്ന്, ഞാൻ അവൾക്ക് വാക്കു നൽകി. മിത്രയോട് കാര്യങ്ങളെല്ലാം ഞാൻ വിവരിച്ചപ്പോൾ, അവനീ ദൗത്യത്തിൽ പങ്കുചേരാം എന്ന് സമ്മതിച്ചു. എന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന രണ്ടു പേരെയും ഞാനീ ദൗത്യത്തിൽ പങ്കുചേർത്തു. ഏഴാം തീയതി രാത്രി ഞങ്ങളെല്ലാം എന്റെ വീട്ടിൽ ഒത്തുകൂടി. സംഭാഷണത്തിന് തുടക്കം കുറിച്ചത് മീന തന്നെയായിരുന്നു. "രാത്രികാലങ്ങളിലാണ് അവിടെ അമാനുഷികമായ സംഭവങ്ങൾ അരങ്ങേറുന്നത്. പകൽസമയം അവിടം ശാന്തമായിരിക്കും. അതുകൊണ്ട് പകൽ സമയങ്ങളിലാണ് നമ്മൾ പ്രവർത്തനങ്ങളെല്ലാം ചെയ്യാൻ പോകുന്നത്. ആദ്യം നമ്മൾ വാൾട്ടറിന്റെ കല്ലറ തുറന്നു നോക്കണം.
"നമ്മൾ എന്തിനാണ് അത് ചെയ്യുന്നത്," മിത്ര ചോദിച്ചു.
"വാൾട്ടറിന്റെ മൃതദേഹം അവിടെ ഉണ്ടോയെന്ന് നോക്കണം. ആ ശരീരത്തിൽ നിന്ന് വേണം നമുക്ക് പരീക്ഷണം നടത്താൻ. പിന്നെ ഒരു കാര്യം ഇത് നമ്മൾ പരമ രഹസ്യം ആയിട്ട് വേണം ചെയ്യാൻ".
പിറ്റേദിവസം പുലർച്ചെ തന്നെ ഞങ്ങൾ ശ്മശാനത്തിൽ എത്തി. സൂര്യനുദിച്ചിരുന്നെങ്കിലും ചുറ്റും മൂടൽമഞ്ഞ് നിറഞ്ഞ് നിന്നിരുന്നു. അവിടെയെങ്ങും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഞങ്ങൾ കല്ലറ തുറക്കാനുള്ള ശ്രമം തുടങ്ങി. വാൾട്ടറിന്റെ ശവപ്പെട്ടി പുറത്തെടുത്ത ശേഷം, ഞങ്ങൾ അത് തുറന്നു നോക്കി. എല്ലാവരും ഭയത്തോടെയായിരുന്നു അകത്തേക്ക് നോക്കിയത്. പക്ഷേ ആ പെട്ടി ശൂന്യമായിരുന്നു.
"ഇനിയാണ് നമ്മൾ ബുദ്ധിമുട്ടാൻ പോകുന്നത്. ആ സത്വങ്ങളുടെ ശവശരീരങ്ങൾ എവിടെയാണെന്ന് നമുക്ക് കണ്ടെത്തണം" മീന പറഞ്ഞു. "പകൽ സമയങ്ങളിൽ അവ വനത്തിലേക്കായിരിക്കും പോവാറ്," മിത്ര അഭിപ്രായപ്പെട്ടു. "അങ്ങനെയാണെങ്കിൽ അന്ന് നമ്മൾ വനം പരിശോധിച്ച സമയത്ത്. അവയെ അവിടെ കാണേണ്ടതല്ലേ?" ഞാൻ മിത്രയോട് ചോദിച്ചു. "പക്ഷേ നമ്മൾ അന്ന് ചെറിയൊരു ഭാഗം മാത്രമല്ലേ പരിശോധിച്ചത്. ഇനിയും ഒരുപാട് സ്ഥലം ബാക്കിയില്ലേ"
അപ്പോഴാണ് ഞാൻ മറ്റൊരു കാര്യത്തെക്കുറിച്ച് ആലോചിച്ചത്. അന്ന് തുരങ്കത്തിന്റെ ഇരുവശങ്ങളിലും കണ്ട ജയിലിനുള്ളിൽ പഴകിയ എല്ലിൻ കഷ്ണങ്ങൾ ഞാൻ കണ്ടിരുന്നു. ആ സത്വങ്ങൾ അവിടെ ഒളിച്ചിരിക്കാനുള്ള സാധ്യത ഉണ്ടാകുമെന്ന് എനിക്ക് തോന്നി. എന്റെ ഊഹം തെറ്റിയില്ല. ഇരുവശങ്ങളിലും ഉള്ള ജയിലുകളിൽ ആ സത്വങ്ങൾ, നിർജീവമായി കിടക്കുന്നുണ്ടായിരുന്നു. അവയുടെ അരികിലുള്ള പാത്രത്തിൽ, കടിച്ചു തുപ്പിയ എല്ലിൻ കഷ്ണങ്ങൾ ഉണ്ടായിരുന്നു. ജയിലിന്റെ വാതിൽ പൂട്ടിയിട്ട നിലയിലായിരുന്നു കാണപ്പെട്ടിരുന്നത്.
"എന്താണ് ഇത്, ഇവയെല്ലാം മരിച്ചത് പോലെയാണല്ലോ കിടക്കുന്നത്," മിത്ര ആശ്ചര്യത്തോടെ ചോദിച്ചു. "എന്റെ ഊഹം ശരിയാണെങ്കിൽ രാത്രികാലങ്ങളിൽ മാത്രമേ ഇവയ്ക്ക് ജീവൻ വെക്കു" മീന മറുപടി നൽകി.
"അപ്പോൾ ഇത് ബ്ലാക്ക് മാജിക്കാണോ?" ഞാൻ ചോദിച്ചു.
"ആവാം, മരിച്ചവരെ അടിമകളാക്കുന്ന ഒരു തരം ആഭിചാരക്രിയ ആയിരിക്കും"
"ഇതൊക്കെ ആരാണ് ചെയ്യുന്നത്," മിത്ര ചോദിച്ചു.
"അത് നമുക്ക് കണ്ടെത്തണം" ഞാനൊരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് പറഞ്ഞു. അന്ന് സന്ധ്യയ്ക്ക് ഞാനും മിത്രയും കൂടി വീണ്ടുമാ തുരങ്കത്തിലേക്ക് ചെന്നു. അവിടെ കരിങ്കൽ കൊണ്ട് നിർമ്മിച്ച തൂണിന്റെ മറവിൽ, ഒരാൾക്ക് മറഞ്ഞിരിക്കാൻ ഉള്ള സ്ഥലം ഉണ്ടായിരുന്നു. ഞാനും മിത്രയും എതിർ വശങ്ങളിലുള്ള രണ്ട് തൂണിന്റെ മറവിൽ പതുങ്ങിയിരുന്നു. ഇരുട്ട് വ്യാപിച്ചതോടെ ശവങ്ങൾക്ക് ജീവൻ വന്നു. അവർ അലോസരമായ ആർത്തനാദങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അല്പനേരം കഴിഞ്ഞപ്പോൾ റാന്തലേന്തി കൊണ്ട് ഒരു രൂപം, അവിടേക്ക് നടന്നു വരുന്നത് ഞാൻ കണ്ടു. ജയിലിന്റെ അരികിൽ എത്താൻ ആയപ്പോഴാണ് ഞാൻ അതിന്റെ മുഖം കണ്ടത്. അത് വാൾട്ടറിന്റെ ശവശരീരം ആയിരുന്നു. എന്റെ കണക്കുകൂട്ടലുകൾ പാടെ തെറ്റി. ഒരു മനുഷ്യരൂപം ആയിരുന്നു ഞാൻ അവിടെ പ്രതീക്ഷിച്ചത്. വാൾട്ടർ ഒരു താക്കോൽ കൂട്ടം എടുത്തുകൊണ്ട് ജയിലിന്റെ വാതിൽ തുറന്നു. ജയിലിന്റെ അകത്തു കിടന്ന സത്വങ്ങൾ വാൾട്ടറിനെ പിന്തുടരാൻ തുടങ്ങി. ഞങ്ങൾ വളരെ ശ്രദ്ധയോടെ അവയുടെ പുറകിലായി നടന്നു. മന്ദിരത്തിന്റെ പുറത്തെത്തിയപ്പോൾ, അവയെല്ലാം ഓരോ ദിശകളിലേക്ക് ചലിക്കാൻ തുടങ്ങി. അതിൽ ചിലതെല്ലാം പൂന്തോട്ടം ലക്ഷ്യമാക്കി കൊണ്ട് നടന്നു. മറ്റു ചിലത് യൂക്കാലിപ്സ് തോട്ടത്തിലേക്ക് നടന്നു. ഞങ്ങൾ വളരെ ശ്രദ്ധയോടെ യൂക്കാലിപ്സ് തോട്ടത്തിന്റെ അരികിലേക്ക് ചെന്നു. ആ സത്വങ്ങളെല്ലാം അവിടുന്ന് പണിയെടുക്കുകയായിരുന്നു. വാൾട്ടറും പണിയെടുക്കുന്നുണ്ട്. വളരെ വിചിത്രമായ ഒരു കാഴ്ചയായിരുന്നു അത്.
പിറ്റേദിവസം രാവിലെ ഞങ്ങൾ വീണ്ടും ഒത്തുകൂടി. ഞങ്ങൾ കണ്ട വിചിത്രമായ സംഭവത്തെക്കുറിച്ച് ഞാൻ മീനയ്ക്ക് വിവരിച്ചു കൊടുത്തു. "ഞാൻ വിചാരിച്ചത് പോലെ തന്നെ, അവരെ ആരോ അടിമകളാക്കിയതാണ്," മീന ആവേശത്തോടെ പറഞ്ഞു. "പക്ഷേ വാൾട്ടർ തന്നെയാണ് അവരെ നിയന്ത്രിക്കുന്നത്," മിത്ര പറഞ്ഞു.
"വാൾട്ടറിനെ മറ്റാരെങ്കിലും നിയന്ത്രിക്കുന്നുണ്ടെങ്കിലോ." "അവിടെ അപ്പോൾ മറ്റൊരാളെ ഞങ്ങൾ കണ്ടില്ല" ഞാൻ പറഞ്ഞു തുടങ്ങി. "യുക്തിക്ക് നിരക്കാത്ത സംഭവങ്ങളാണ് അവിടെ അരങ്ങേറുന്നത്. ഒരുപക്ഷേ നമ്മളുടെ കണക്കുകൂട്ടൽ എല്ലാം തെറ്റിയിട്ടുണ്ടാവാം" "താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്," മീന ചോദിച്ചു. "ഇത് തികച്ചും പൈശാചികമായ സംഭവമാണെങ്കിലോ?" "എനിക്കെന്തോ അങ്ങനെ തോന്നുന്നില്ല. നമുക്ക് ആ വീട് മുഴുവനും പരിശോധിച്ചാലോ. ഇത് ആഭിചാരമാണെങ്കിൽ അവിടുന്ന് എന്തെങ്കിലും തെളിവ് ലഭിക്കാതിരിക്കില്ല."
പുലർച്ചെ തന്നെ ഞങ്ങൾ പരിശോധന ആരംഭിച്ചു. രാത്രിയാകും മുന്നേ പരിശോധന നിർത്തണമെന്നായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ബ്രിട്ടീഷ്കാരുടെ വിചിത്രമായ കുറിപ്പുകളും, കടലാസുകളും അല്ലാതെ നിഗൂഢമായ വസ്തുക്കളൊന്നും ഞങ്ങൾക്ക് അവിടുന്ന് ലഭിച്ചില്ല. പലർക്കും മടുപ്പ് തോന്നി തുടങ്ങിയിരുന്നു. അവിടുന്ന് ഒരു തുമ്പും ലഭിക്കില്ലെന്ന് കരുതിയിരിക്കുമ്പോൾ ആണ് ഞാൻ ആ കാഴ്ച കണ്ടത്. ഞങ്ങളന്ന് മരിച്ച നിലയിൽ കണ്ടെത്തിയ റിക്കി ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി ഓടിക്കളിക്കുന്നു. എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ ഉടനെ ഈ കാര്യം മിത്രയെ അറിയിച്ചു.
"ഈ മന്ദിരത്തിൽ വെച്ച് മരണമടയുന്നവരെല്ലാം ഉയർത്തെഴുന്നേൽക്കും എന്നല്ലേ" മിത്ര അഭിപ്രായപ്പെട്ടു. "പക്ഷേ ഇത് മരിച്ചിട്ട് കുറച്ചു ദിവസമായിട്ടില്ലേ, എന്നിട്ടും ഇതിന്റെ ശരീരം ജീർണിച്ചിട്ടില്ല. ഈ പൂച്ചയെ കണ്ടാൽ മരണപ്പെട്ടതാണെന്ന് പറയുകയില്ല പണ്ട് എങ്ങനെയാണോ അതേപോലെ തന്നെയാണ് ഇപ്പോഴും. അത് മാത്രമല്ല നമ്മൾ കണ്ട സത്വങ്ങൾ എല്ലാം രാത്രികാലങ്ങളിൽ മാത്രമേ എഴുന്നേൽക്കാറുള്ളൂ" ഞാൻ പറഞ്ഞു. "ഇതെല്ലാം കുഴഞ്ഞു മറിയുകയാണല്ലോ" വിഭ്രാന്തിയോടെ മിത്ര പറഞ്ഞു. "ഇവിടെയാണ് നമ്മൾ യുക്തിപൂർവ്വമായി ചിന്തിക്കേണ്ടത്. ഇതുവരെയുള്ള വിചിത്രമായ സംഭവങ്ങളെക്കുറിച്ച് എല്ലാം നമുക്ക് മറക്കാം. റിക്കി മരിക്കാൻ ഉള്ള സാധ്യതകളെ കുറിച്ച് നമുക്ക് ചിന്തിക്കാം" ഞാൻ അല്പം നേരം ചിന്തിച്ചതിനുശേഷം തുടർന്നു. "ഒരുപക്ഷേ ആരെങ്കിലും വിഷം കൊടുത്തതാണെങ്കിലോ?" "പക്ഷേ റിക്കിയെ കൊന്നിട്ട് ആർക്കാണ് ഇവിടെ നേട്ടം ഉണ്ടാവുക" മിത്ര അഭിപ്രായപ്പെട്ടു.
അപ്പോഴാണ് എന്റെ മനസ്സിൽ ചില സംശയങ്ങൾ ഉദിച്ചത്. അടുക്കളയിലെ ഭക്ഷണം കട്ടു തിന്നലാണ് റിക്കിയുടെ പതിവ്. അങ്ങനെ നോക്കുമ്പോൾ റിക്കി അന്ന് ഭക്ഷണം കട്ട് തിന്നിട്ടുണ്ടാവാം. "അന്ന് രാത്രി മുത്തുവല്ലാതെ മറ്റാരെങ്കിലും ഭക്ഷണം കഴിച്ചിരുന്നോ?" ഞാൻ മിത്രയോട് ചോദിച്ചു. "ഇല്ല!" "എങ്കിൽ എനിക്ക് രണ്ടുപേരെ സംശയമുണ്ട്," ഞാൻ പറഞ്ഞു തുടങ്ങി."എന്റെ ഊഹം ശരിയാണെങ്കിൽ റെയ്മണ്ടും കാതറീനയുമായിരിക്കും ഇതിനെല്ലാം കാരണക്കാർ. ഈ മന്ദിരത്തിൽ വച്ച് നടന്ന മരണങ്ങളെല്ലാം രാത്രി അത്താഴത്തിനു ശേഷമാണ് നടന്നത്. മീന പറഞ്ഞതുപോലെ വാൾട്ടറിനെ നിയന്ത്രിക്കാൻ, ഒരാളുണ്ടെങ്കിൽ അത് റെയ്മണ്ട് ആവാനാണ് സാധ്യത. കാരണം അയാൾക്ക് ഏത് സമയം വേണമെങ്കിലും ഇങ്ങോട്ട് വരാം, എല്ലാ നിർദ്ദേശങ്ങളും നൽകിക്കൊണ്ട് തിരിച്ചു പോകുകയും ചെയ്യാം" "താങ്കൾ പറഞ്ഞത് ശരിയാണ്," ഞാൻ പറഞ്ഞ കാര്യത്തോട് മിത്ര യോജിച്ചു. ഞങ്ങൾ അയാളെ ചോദ്യം ചെയ്യാനുള്ള ഏർപ്പാടുകൾ ഒക്കെ ചെയ്തു. അയാളുടെ പക്കിൽ നിന്നും എന്തെങ്കിലും ലഭിക്കുമെന്ന് എനിക്കുറപ്പായിരുന്നു.
പിറ്റേദിവസം ഞങ്ങൾ അവരെ ചോദ്യം ചെയ്യാൻ വേണ്ടി പോലീസ് സ്റ്റേഷനിലേക്ക് വരുത്തി. അവരുടെ രണ്ടുപേരുടെയും മുഖത്ത് അന്താളിപ്പുണ്ടായിരുന്നു. അവരെ മാറിമാറി ചോദ്യം ചെയ്തെങ്കിലും വ്യക്തമായി ഒന്നും പറയാൻ അവർ തയ്യാറായിരുന്നില്ല. റെയ്മണ്ട് ശക്തമായി തന്നെയായിരുന്നു ഓരോ ചോദ്യങ്ങളും നേരിട്ടത്. അതിൽ അല്പം എങ്കിലും പതറിയത് കാതറീന ആയിരുന്നു. സത്യങ്ങൾ തെളിയിക്കാൻ വേണ്ടി എനിക്കൊരു സൂത്രം പ്രയോഗിക്കേണ്ടി വന്നു ഞാൻ കാതറീനയെ ഒറ്റയ്ക്കൊരു റൂമിലാക്കിയ ശേഷം അവരെ ചോദ്യം ചെയ്യാൻ തുടങ്ങി. "ഇത്രയും ദുർമരണം നടന്ന ഒരു സ്ഥലത്ത് ജോലി ചെയ്യാൻ നിങ്ങൾക്ക് ഭയമില്ലേ" ഞാൻ ചോദിച്ചു. "ഭയമുണ്ട് സാർ അതുകൊണ്ടാണ് ഞാൻ രാത്രി ആകുമ്പോഴേക്കും അവിടെ നിന്നും പോകുന്നത്," "അവിടെവെച്ച് മരണപ്പെട്ടവരെ ആരെങ്കിലും നിങ്ങൾ ആ മന്ദിരത്തിൽ വച്ച് കണ്ടിട്ടുണ്ടോ?" "ഇല്ല" അവർ പറഞ്ഞു. "മിസ്റ്റർ റെയ്മണ്ട് കണ്ടിട്ടുണ്ടെന്നാണല്ലോ പറഞ്ഞത്," "അദ്ദേഹം കണ്ടിട്ടുണ്ടാവും പക്ഷേ ഞാൻ കണ്ടില്ല" അല്പം ഭയത്തോടെയായിരുന്നു അവർ ഉത്തരം പറഞ്ഞത്. "മിസ്റ്റർ റെയ്മണ്ടിനെ മറ്റൊരു മുറിയിൽ വെച്ച് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. അയാളോട് ചോദിച്ച അതേ ചോദ്യം തന്നെയായിരിക്കും നിങ്ങളോടും ചോദിക്കുക" അത് പറഞ്ഞുകൊണ്ട് ഞാനാ മുറിയിൽ നിന്നും പുറത്തിറങ്ങി. അവരെ സമ്മർദ്ദത്തിൽ ആക്കാൻ വേണ്ടിയായിരുന്നു ഞാൻ അങ്ങനെ പറഞ്ഞത്. അല്പസമയം കഴിഞ്ഞ ശേഷം ഞാൻ വീണ്ടും ആ മുറിയിലേക്ക് കയറി. എല്ലാ തെളിവുകളും ലഭിച്ച ഒരു മുഖഭാവത്തോടെയായിരുന്നു ഞാനവരെ നോക്കിയത്. അത് അവരുടെ ഹൃദയമിടിപ്പ് ഒന്നുകൂടെ വർദ്ധിപ്പിച്ചു. "അന്ന് രാത്രി നടന്ന ചില കാര്യങ്ങളെല്ലാം റെയ്മണ്ട് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്," ഗൗരവത്തോടെ ഞാൻ തുടർന്നു."പക്ഷേ എത്ര ചോദിച്ചിട്ടും അതിന്റെ കാരണം അയാൾ പറയുന്നില്ല. നിങ്ങൾ എന്തിനാണ് അന്ന് ഞങ്ങൾക്ക് വിഷം കലർന്ന ഭക്ഷണം നൽകിയത്?" ഞാൻ പറഞ്ഞത് കേട്ടപ്പോൾ ആദ്യം അവർ ഒന്ന് ഞെട്ടി പിന്നെ അവർ ഭയത്തെ മറച്ചുകൊണ്ട് പറഞ്ഞു."നിങ്ങൾ എന്താണ് ഈ പറയുന്നത്," "വിഷം കലർത്തിയ കാര്യം റെയ്മണ്ട് പറഞ്ഞിട്ടുണ്ട്. എനിക്കറിയാം നിങ്ങൾക്കും ഇതെല്ലം അറിയാമെന്ന്. നിങ്ങൾ നല്ല രീതിയിൽ നിൽക്കുകയാണെങ്കിൽ ഒരു കേടുപാടുകളും വരുത്താതെ നിങ്ങളെ ഞാൻ രക്ഷിക്കാം, അല്ലെങ്കിൽ" ഞാൻ എന്റെ ശബ്ദം അല്പം ഉയർത്തി. "നിങ്ങൾ എന്താണ് പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല" "ആദ്യം റെയ്മണ്ടും ഇങ്ങനെ തന്നെയായിരുന്നു പറഞ്ഞത്, പിന്നെ ഞങ്ങൾ പോലീസുകാരുടെ മുറ എടുത്തപ്പോഴാണ് അയാൾ സത്യം പറഞ്ഞത്," അവരുടെ ശരീരമാകമാനം വിറക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. "എനിക്ക് അതിനെക്കുറിച്ചൊന്നും അറിയില്ല സാർ. അദ്ദേഹം എന്തോ ഒരു മരുന്ന് ഭക്ഷണത്തിൽ ചേർക്കുന്നത് ഞാൻ കണ്ടിരുന്നു." "നിങ്ങൾ സത്യം പറഞ്ഞില്ലെങ്കിൽ ഞാൻ നിങ്ങളെയും പ്രതിയാക്കും" ഇടയിൽ കേറിക്കൊണ്ട് ഞാൻ പറഞ്ഞു.അതോടുകൂടി അവരുടെ ഭയം പതിൽ മടങ്ങായി.ചില കാര്യങ്ങളെക്കുറിച്ച് കുത്തികുത്തി ചോദിച്ചതോടെ അവരെല്ലാ സത്യങ്ങളും പറയാൻ തുടങ്ങി.
റെയ്മണ്ട് ആ മന്ദിരത്തിൽ ഭയപ്പെടാതെ താമസിക്കുന്നവരെ എല്ലാം മയക്കുമരുന്ന് കലർന്ന ഭക്ഷണം നൽകിക്കൊണ്ട് അവരുടെ ബോധം കെടുത്തിയ ശേഷം അവരെയെല്ലാം തൂക്കിലേറ്റും. അബോധ അവസ്ഥയിൽ അവരെല്ലാം ആ കയറിൽ കുരുങ്ങി മരണപ്പെടും. അതിനുശേഷം റെയ്മണ്ട് എന്താണ് ചെയ്യുന്നതെന്ന് കാതറീനക്ക് അറിവുണ്ടായിരുന്നില്ല. കാതറീനയുടെ മൊഴിയെടുത്ത ശേഷം ഞങ്ങൾ റെയ്മണ്ടിനെ ചോദ്യം ചെയ്യാൻ തുടങ്ങി. ഒഴിഞ്ഞു മാറാൻ പറ്റാത്ത വിധത്തിൽ ഞങ്ങൾ അയാളെ പൂട്ടിയിരുന്നു. ഒടുവിൽ രക്ഷപ്പെടാൻ മാർഗ്ഗമില്ലെന്ന് കണ്ടപ്പോൾ, അയാൾ എല്ലാം തുറന്നു പറയാമെന്ന് സമ്മതിച്ചു.
"ഞാൻ എല്ലാ കുറ്റവും ഏറ്റു പറയാൻ തയ്യാറാണ്, അതിനു മുമ്പ് ഹാരി സാറെ ഇവിടേക്ക് വിളിക്കണം. എന്റെ ഗതികേടുകൊണ്ട് മാത്രമാണ് എനിക്ക് അവരെ ഉപദ്രവിക്കേണ്ടി വന്നത്. ഞാൻ പറയാൻ പോകുന്നത് അദ്ദേഹവും അറിഞ്ഞിരിക്കണം എന്ന ആഗ്രഹം, എനിക്കുണ്ട്," അയാളുടെ അഭ്യർത്ഥനപ്രകാരം ഞാൻ മീനയെയും ഹാരിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അയാളുടെ മുഖത്ത് നിരാശയും,കുറ്റബോധവും ഉണ്ടായിരുന്നു. മരണത്തിന്റെ മുന്നിൽ കീഴടങ്ങിയ ഒരാളെപ്പോലെയായിരുന്നു അയാൾ സംസാരിച്ചു തുടങ്ങിയത്. "ഞങ്ങൾ കുടിയേറ്റക്കാരാണ്. അപ്പൻ അപ്പൂപ്പന്റെ കാലം മുതലേ ഞങ്ങൾ അവിടെയായിരുന്നു താമസിച്ചു വന്നത്. മന്ദിരത്തിന്റെ അകത്തും, തോട്ടങ്ങളിലും ആയിരുന്നു ഞങ്ങൾ പണിയെടുത്തിരുന്നത്. കഷ്ടപ്പാടാണെങ്കിലും വലിയ ബുദ്ധിമുട്ട് കൂടാതെയായിരുന്നു ഞങ്ങൾ ജീവിച്ചു പോയത്. വാൾട്ടറുടെ വരവോടുകൂടിയാണ് ഞങ്ങളുടെ ജീവിതം അവതാളത്തിൽ ആയത്. അയാൾ ഒരു ക്രൂരനായിരുന്നു. വേണ്ടത്ര ശമ്പളം നൽകാതെ ആയിരുന്നു അയാൾ ഞങ്ങളെ കൊണ്ട് പണിയെടുപ്പിച്ചത്. അന്ന് ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചവരെയെല്ലാം ആരും അറിയാതെ അയാൾ അവിടെ വെച്ച് കൊന്നൊടുക്കിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് അയാളെ പേടിയായിരുന്നു. അയാൾക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും ആരും ധൈര്യം കാണിച്ചില്ലായിരുന്നു.അയാൾ ഒരു സ്ത്രീ താല്പര്യൻ കൂടിയായിരുന്നു, അതുകൊണ്ട് അവിടെ ജോലി ചെയ്ത പലരും അയാളെ പേടിച്ച് നാടുകടക്കുകയാണ് ചെയ്തത്. എനിക്ക് പോവാൻ മറ്റൊരു ഇടം ഇല്ലായിരുന്നു എങ്കിലും എന്റെ ഭാര്യയെ, അവളുടെ പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഞാൻ ഒരു പദ്ധതി ഇട്ടിരുന്നു. പക്ഷേ അതിനു മുൻപേ അയാൾ..." റെയ്മണ്ട് അൽപ്പനേരം മൗനം പാലിച്ചു. ആ സമയങ്ങളിൽ അയാളുടെ കണ്ണുകൾ കലങ്ങുന്നുണ്ടായിരുന്നു. ദുഃഖം ഉള്ളിൽ ഉണ്ടെങ്കിലും അത് അയാൾ പുറത്തു കാണിച്ചില്ല. അയാൾ കണ്ണു തുടച്ചശേഷം സംസാരിക്കാൻ തുടങ്ങി. "അവൾക്ക് അത്ര മനക്കരുത്തൊന്നുമില്ലായിരുന്നു. എന്നോട് ഒരു വാക്കുപോലും പറയാതെ അവൾ ഒരു കയറിൽ ജീവനൊടുക്കി. അവളുടെ മരണത്തിന് പിന്നിൽ വാൾട്ടറാണെന്ന് എനിക്കറിയാമായിരുന്നു. ഞാൻ നിസ്സഹായനായിരുന്നു. അയാളെ നേരിടാനുള്ള കരുത്തോ അധികാരമോ എനിക്കില്ലായിരുന്നു. അവളുടെ മരണാന്തര ചടങ്ങുകളെല്ലാം അവളുടെ വീട്ടിൽ വെച്ചാണ് നിർവഹിച്ചത്. എനിക്ക് എല്ലാ സത്യങ്ങളും അവളുടെ പിതാവിനോട് പറയേണ്ടതായി വന്നു. അവളുടെ പിതാവിന് മന്ത്രവിദ്യകൾ എല്ലാം വശം ഉണ്ടായിരുന്നു. ശക്തികൊണ്ട് ഞങ്ങൾക്ക് വാൾട്ടറിനെ നേരിടാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് ഞങ്ങൾ തന്ത്രം ഉപയോഗിച്ച് അയാളെ നേരിടാൻ തീരുമാനിച്ചു. അതിന് ഞങ്ങൾക്ക് അല്പം സമയമെടുക്കേണ്ടി വന്നു. അയാളെ വിഷം കൊടുത്തു കൊന്നാൽ ഞങ്ങൾ പിടിക്കപ്പെടും. അതുകൊണ്ട് വളരെ തന്ത്രമായി കൊണ്ടായിരുന്നു ഞങ്ങൾ നീങ്ങിയത്. മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കുന്ന ഒരു മന്ത്രവിദ്യ അദ്ദേഹത്തിന് അറിയാമായിരുന്നു. അങ്ങനെ എഴുന്നേൽക്കുന്ന ഒരു വ്യക്തിയെ അടിമയാക്കി മാറ്റാൻ എളുപ്പമായിരുന്നു. കാരണം അവയ്ക്ക് ചിന്തിക്കാനുള്ള കഴിവൊന്നും ഉണ്ടാവില്ല. വാൾട്ടറിന് നൽകാൻ പറ്റുന്ന ഏറ്റവും വലിയ ശിക്ഷ അത് തന്നെയായിരുന്നു. ഞങ്ങളെല്ലാ വേദവും പഠിച്ച ശേഷം, ആ പരീക്ഷണം നടത്താൻ തീരുമാനിച്ചു.
പൗർണമി കഴിഞ്ഞുള്ള രാത്രിലാണ് ഈ കർമ്മം നടത്തേണ്ടിയിരുന്നത്. അതിനാൽ ഞങ്ങൾ ഒരു പൗർണമി നാളിൽ കൃത്യം നടത്താൻ തീരുമാനിച്ചു. അന്ന് രാത്രി വാൾട്ടറിന് മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകിക്കൊണ്ട് അയാളെ ബോധം കെടുത്തി. അയാളുടെ കുടുംബങ്ങൾക്ക് ഞങ്ങൾ വിഷം കലർന്ന ഭക്ഷണം നൽകിക്കൊണ്ട് അവരെ കൊന്നു. തുടർന്ന് വാൾട്ടറെ ഞങ്ങൾ തൂക്കിലേറ്റി. അവനെ തൂക്കിക്കൊല്ലണം എന്നത് എന്റെ ആഗ്രഹമായിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇതൊരു ആത്മഹത്യയാണെന്ന് ബാക്കിയുള്ളവർ വിചാരിക്കുകയും ചെയ്യും. പിറ്റേന്ന് രാത്രി ഞങ്ങൾ അവരുടെ കുഴിമാടം തുറന്നശേഷം വേണ്ട കർമ്മങ്ങളൊക്കെ നടത്തി. അവരുടെ ശരീരത്തിൽ മുറിവേൽപ്പിച്ച ശേഷം ഞങ്ങൾ നിർമ്മിച്ച പച്ചമരുന്ന് ആ മുറിവിലേക്ക് പുരട്ടി. കർമ്മങ്ങളെല്ലാം കൃത്യമായി നിർവഹിച്ചത് കൊണ്ട് അവർ ഉയർത്തെഴുന്നേറ്റു. ഞങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാം അനുസരിക്കുന്ന അടിമകളായി അവർ മാറി.
അവിടെ കേസ് അന്വേഷിക്കാൻ വന്നവരെ ഭയപ്പെടുത്താൻ ഞങ്ങൾക്കത്ര ബുദ്ധിമുട്ടേണ്ടി വന്നില്ല. എന്നാൽ വാൾട്ടറിന്റെ അനുജൻ അങ്ങോട്ട് വന്നപ്പോൾ ഞങ്ങൾ ഒന്ന് ഭയന്നു. ഒടുവിൽ അവനെയും കൊല്ലേണ്ട ഒരു അവസ്ഥയിലേക്ക് ഞങ്ങൾ എത്തി. അവിടെ പ്രേത ശല്യം ഉണ്ടെന്നു വരുത്തി തീർക്കാൻ വേണ്ടി ഞങ്ങൾ അവനെയും അടിമയാക്കി. പിന്നീടങ്ങോട്ട് ആ മന്ദിരത്തിൽ താമസിക്കാൻ വരുന്നവരോട് എനിക്ക് വെറുപ്പായിരുന്നു. അവരെയെല്ലാം ഞങ്ങൾ അവിടുന്ന് ഭയപ്പെടുത്തി ഓടിക്കാൻ നോക്കും. ഭയപ്പെടാതെ നിന്നവരെ എല്ലാം ഞങ്ങൾ അടിമകളാക്കി മാറ്റി. എല്ലാം ഞങ്ങൾ പ്രതീക്ഷിച്ചത് പോലെയായിരുന്നു നടന്നത്. ഞങ്ങളെ അടിമകളാക്കാൻ ശ്രമിച്ച ബ്രിട്ടീഷുകാരെ എല്ലാം, ഞങ്ങൾ അടിമകളാക്കി. എല്ലാം നല്ല രീതിയിൽ ആയിരുന്നു പോയത്. പക്ഷേ അവളുടെ പിതാവ് മരിച്ചതോടെ വീണ്ടും ഞാൻ ഒറ്റയ്ക്കായി. എനിക്കൊരു സഹായത്തിനു വേണ്ടിയായിരുന്നു ഞാൻ കാതറീനയെ കൂടെ കൂട്ടിയത്. അവർക്ക് രഹസ്യങ്ങൾ ഒതുക്കി വെക്കാൻ അറിയില്ലെന്ന് എനിക്ക് അന്നേ അറിയാമായിരുന്നു. അതുകൊണ്ട് കൂടുതൽ കാര്യമൊന്നും ഞാൻ അവർക്ക് പറഞ്ഞു കൊടുത്തില്ല. ഈ കാര്യം ഒന്നും പുറത്തു പറയാതിരിക്കാൻ വേണ്ടി ഞാൻ അവൾക്ക് അധികം ശമ്പളം നൽകുമായിരുന്നു"
"നിങ്ങൾക്ക് എവിടെ നിന്നാണ് അത്ര പണം ലഭിക്കുന്നത്," ഞാൻ ചോദിച്ചു. "അവിടെ നടക്കുന്ന കൃഷി കാര്യങ്ങളിൽ ഒന്നും ഗവൺമെൻറ് വലിയ രീതിയിൽ ഇടപെടില്ലായിരുന്നു. അതുകൊണ്ട് എനിക്ക് ജീവിക്കാനുള്ളതെല്ലാം, ഞാൻ അതിൽ നിന്ന് കണ്ടെത്തുമായിരുന്നു. ഗവൺമെൻറ് അത് വിൽക്കാൻ തീരുമാനിച്ചപ്പോൾ എനിക്ക് കൂടുതൽ സുഖമായി. രാത്രികാലങ്ങളിൽ എല്ലാം ഞാനെന്റെ അടിമകളെ കൊണ്ട് അവിടെ പണിയെടുപ്പിക്കും. അവരെ പണിയെടുപ്പിച്ചു കൊണ്ടായിരുന്നു ഞാൻ പണം സമ്പാദിക്കാറ്. എന്റെ ജീവിതം ഒന്ന് മെച്ചപ്പെട്ടു വന്നതായിരുന്നു. അതിനിടയിലാണ് എന്റെ എല്ലാ പദ്ധതികളും തകർത്തുകൊണ്ട് ഇവർ അങ്ങോട്ട് വന്നത്," ഹാരിയെ നോക്കിക്കൊണ്ടയാൾ തുടർന്നു.
"ആരും ഇനി ആ സ്ഥലം വാങ്ങാതിരിക്കാൻ വേണ്ടി ഞാൻ ഇവരെയെല്ലാം കൊല്ലാൻ ഒരുങ്ങിയതായിരുന്നു. എന്നാൽ ഇവർ അവിടുന്ന് രക്ഷപ്പെട്ടതോടെ എന്റെ എല്ലാ പദ്ധതികളും തകിടം മറഞ്ഞു" "അപ്പോൾ അന്ന് അവിടെ നടന്ന കൊലപാതകങ്ങൾക്കെല്ലാം പിന്നിൽ നിങ്ങളായിരുന്നു അല്ലേ?" ഞാൻ ചോദിച്ചു. "അതെ, എന്റെ നിവർത്തികേട് കൊണ്ടാണ് ഞാൻ ഇതെല്ലാം ചെയ്തത് എന്നോട് ക്ഷമിക്കണം" അയാൾ ഹാരിയെ നോക്കിക്കൊണ്ട് പറഞ്ഞു. അയാൾ കുറ്റങ്ങളെല്ലാം സമ്മതിച്ചതോടെ ഞങ്ങൾ അയാളെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങൾ തുടങ്ങി. മീനയ്ക്കും ഹാരിക്കും അയാളുടെ കഥകൾ കേട്ടപ്പോൾ അത്ഭുതമാണ് ഉണ്ടായത്. ആഭിചാരത്തിന്റെ വളരെ വിചിത്രമായ ഒരു വശത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, ഞങ്ങൾക്കും അതെ അമ്പരപ്പ് തന്നെയായിരുന്നു ഉണ്ടായത്.
(തുടരും)