നാല് എൻഡ്രിയുടെ ഡയറി ഡിസംബർ 1937
ഹാരിയുടെയും മായയുടെയും അവസ്ഥ ഇപ്പോൾ മെച്ചപ്പെട്ടു വരുന്നുണ്ട്. കുറച്ചു ദിവസം കൂടി കാത്തുനിന്നാൽ, ഇവിടുന്ന് രക്ഷപ്പെടാൻ കഴിയുമെന്നാണ് ഞാൻ വിചാരിക്കുന്നത്. അതുവരെ എന്ത് ചെയ്യണമെന്നാണ് മനസ്സിലാവാത്തത്.
ഹാരിയുടെ ഡയറി ഡിസംബർ 1937
എനിക്കിപ്പോൾ അല്പം ഭേദം തോന്നുന്നുണ്ട്. മായയുടെ കാര്യമാണ് കഷ്ടം. അവൾക്കിതുവരെ ബോധം വീണില്ല. അവളെ ഭയം അരിച്ച് തിന്നുകൊണ്ടിരിക്കുകയായിരിക്കും. മീനയുടെ സാന്നിധ്യമാണ് അവളെ അല്പമെങ്കിലും ആശ്വസിപ്പിക്കുന്നത്. എന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചതും മീന തന്നെയാണ്. അവളെന്നെ നല്ലപോലെയാണ് ശുശ്രൂഷിച്ചത്. രാവും പകലും എന്റെ കൂടെ ഒരു നിഴലായി അവൾ ഉണ്ടായിരുന്നു. അവളോടുള്ള സ്നേഹം ഇപ്പോൾ കൂടിക്കൂടി വരികയാണ്. വിശ്രമവേളകളിലെല്ലാം അവളെ കുറിച്ചുള്ള സ്വപ്നങ്ങളാണ് എന്റെ മനസ്സിൽ പതിയുന്നത്. ലണ്ടൻ നഗരത്തിൽ ഞങ്ങൾ ഒരുമിച്ച് നടക്കുന്നതും. മനോഹരമായ പൂന്തോട്ടത്തിൽ ഇരുന്നുകൊണ്ട് സല്ലപിക്കുന്നതെല്ലാമാണ് ഞാൻ സ്വപ്നം കണ്ടത്. അവളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞാലോ? പക്ഷേ ഈയൊരു അവസ്ഥയിൽ എങ്ങനെയാണ് അത് പറയുക. എന്റെ പ്രണയം തുറന്നു പറയാൻ ഒരു നല്ല അവസരം ലഭിക്കും എന്നാണ് എന്റെ പ്രതീക്ഷ. ആദ്യം അന്ന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. ഈ മന്ദിരത്തെ ചുറ്റിപ്പറ്റി കുറെ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. എന്റെ സ്വപ്നത്തിൽ ചില സമയത്ത് ഈ മന്ദിരം ദൃശ്യം ആവാറുണ്ട്. ഇവിടെയുള്ള മുക്കും മൂലയും എനിക്ക് അറിയാവുന്നത് പോലെ. ഇതിന്റെയെല്ലാം അർത്ഥം എന്താണ്. എങ്ങനെയെങ്കിലും ഈ മന്ദിരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയണം. മീനയോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് അറിയാം. എന്തെങ്കിലും അറിയണമെങ്കിൽ ഈ മന്ദിരത്തിന്റെ പുറത്ത് കടക്കണം. അതിനുള്ള വഴിയാണ് ഇനി ആലോചിക്കേണ്ടത്.
എൻഡ്രിയുടെ ഡയറി ഡിസംബർ 1937
ഇന്നു ഞാൻ ചില ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തി. ഞാൻ വെറുതെ ഇരുന്ന സമയത്താ അടച്ചിട്ട മുറിയിൽ ഒന്ന് കേറി നോക്കാം എന്ന് കരുതി. റിസപ്ഷൻ ടേബിളിന്റെ പുറകിൽ തൂക്കിയിട്ട താക്കോൽ കൂട്ടത്തിൽ നിന്നും എനിക്കാ മുറിയുടെ താക്കോൽ ലഭിച്ചു. ഞാനാമുറി തുറന്നു നോക്കി. വർഷങ്ങളായി അടച്ചുവെച്ച ഒരു മുറിയായിരുന്നു അത്. കാല പഴക്കത്തിന്റെ ചിലന്തി വലകളെല്ലാം അങ്ങിങ്ങായി കാണപ്പെട്ടിരുന്നു. ഞാനാ മുറിയിലുള്ള ഒരു അലമാര തുറന്നു നോക്കി. അതിൽ ചില പത്രവാർത്തകളും ഒരു കത്തുമായിരുന്നു ഉണ്ടായത്. ഞാൻ ആവേശത്തോടെ ആ പത്രവാർത്ത വായിച്ചു നോക്കി. അത് വാൾട്ടറിന്റെ മരണത്തെക്കുറിച്ചുള്ളതായിരുന്നു. വാൾട്ടർ ഈ മന്ദിരത്തിൽ വച്ച് തന്റെ രണ്ടു മക്കളെയും ഭാര്യയും വിഷം കലർത്തിയ ഭക്ഷണം നൽകി, അവരെ കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിനു പിന്നിലുള്ള കാരണത്തെക്കുറിച്ച് പത്രത്തിൽ വിവരിക്കുന്നില്ല. ഞാനാ കത്ത് വായിച്ചപ്പോഴാണ്, ഞെട്ടിക്കുന്ന ചില കാര്യങ്ങൾ അറിയാൻ സാധിച്ചത്. അത് കാൾട്ടർ എലിസബത്തെന്ന ഒരാൾക്ക് എഴുതിയതായിരുന്നു. അത് ഇപ്രകാരമായിരുന്നു.
"പ്രിയപ്പെട്ട എലിസബത്ത്, നിനക്ക് അവിടെ സുഖമാണെന്ന് കരുതുന്നു. ഇവിടെ ഇപ്പോൾ എന്താ നടക്കുന്നതെന്ന് എനിക്ക് വിവരിക്കാൻ കഴിയുന്നില്ല. ഇവിടെ പൊങ്ങി വരുന്ന കിംവദന്തികൾ എല്ലാം ശരിയാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഞാനും ജേഷ്ഠന്റെ രൂപം കണ്ടിരുന്നു, അത് എന്റെ തോന്നലാണോ എന്ന് എനിക്കറിയില്ല. ഞാൻ മുൻപ് ഇവിടെ താമസിക്കാൻ വന്നപ്പോൾ, ജേഷ്ഠന്റെ ചില ചെയ്തികൾ ശ്രദ്ധിച്ചിരുന്നു. ജേഷ്ഠൻ രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപേ, തോക്കുമായി മന്ദിരത്തിന് ചുറ്റും നടക്കുന്ന ഒരു പതിവുണ്ടായിരുന്നു. ഇന്നലെ രാത്രി തോക്കേന്തി കൊണ്ട് നടക്കുന്ന ഒരു രൂപത്തെ ഞാനും കണ്ടിരുന്നു. മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ല. ജേഷ്ഠന്റെ കേസ് അന്വേഷിക്കാൻ വന്നവരും ഈ രൂപമായിരിക്കും കണ്ടത്. അത് ജേഷ്ഠന്റെ പ്രേതമാണെന്നാണ് അവർ പറഞ്ഞത്. അപ്പോൾ ഞാൻ അത് വിശ്വസിച്ചില്ലായിരുന്നു. എന്നാൽ ഇപ്പോൾ! എനിക്കൊന്നും വ്യക്തമാകുന്നില്ല. ജ്യേഷ്ഠനെ മാത്രമല്ല ഞാൻ ഇവിടെ കണ്ടത്. ജേഷ്ഠന്റെ ഇളയ മകനായ ആദം ഇവിടെ കൂടെ ഓടിക്കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ഉറങ്ങുന്ന സമയത്താണ് അവന്റെ കാൽ പെരുമാറ്റം കേൾക്കുക. ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്ന് നോക്കുമ്പോഴേക്കും അവൻ അപ്രത്യക്ഷമാവും. ഇതിന്റെയെല്ലാം അർത്ഥം എന്താണെന്ന് മനസ്സിലാവുന്നില്ല. അതുപോലെ അവർ എന്തിനാണ് ആത്മഹത്യ ചെയ്തതെന്നും. കാരണം അവർ അത്രയും സന്തോഷത്തിലായിരുന്നു ഇവിടെ താമസിച്ചിരുന്നത്.
എന്തായാലും ഇതിന്റെയെല്ലാം സത്യാവസ്ഥ എന്താണെന്ന് കണ്ടെത്തിയിട്ടെ ഞാൻ ഇനി തിരിച്ചു വരുകയുള്ളൂ. എന്ന് സ്നേഹപൂർവ്വം കാൾട്ടർ ഇതിൽ വിവരിച്ചതെല്ലാം പരമാർത്ഥമാണ്. ഇവിടെ ധൈര്യം ഭാവിച്ച് നിൽക്കുന്നതിൽ ഇനി അർത്ഥമില്ല. എങ്ങനെയെങ്കിലും അലക്സാണ്ടറിന്റെ കണ്ണുവെട്ടിച്ച് ഇവിടുന്ന് രക്ഷപ്പെടണം. ഹാരിയുടെ ഡയറി ഡിസംബർ 1937 ഇന്ന് ഞാൻ പുറത്തിറങ്ങാൻ തന്നെ തീരുമാനിച്ചു. പുറത്തേക്ക് നടക്കാൻ ഇറങ്ങുന്ന വിവരം ഞാൻ അലക്സാണ്ടറിനോട് പറഞ്ഞു. ആദ്യം അദ്ദേഹം എന്നെ എതിർത്തു.എന്നെ തടയാനുള്ള അവകാശം ഒന്നും അയാൾക്കില്ല. അത് ഞാൻ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു. എന്റെ സംസാരം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിലും, അദ്ദേഹം അത് പുറത്തു കാണിച്ചില്ല. എന്തൊക്കെയോ ചിന്തിച്ചശേഷം അദ്ദേഹം എന്നെ പുറത്തു പോകാൻ സമ്മതിച്ചു. എന്നാൽ നേരം ഇരുട്ടുന്നതിനു മുൻപേ തിരിച്ചുവരാമെന്ന് എനിക്ക് വാക്കു നൽകേണ്ടിവന്നു. ഞാൻ പുറത്തിറങ്ങാൻ പോകുമ്പോൾ അവിടെയുണ്ടായിരുന്നു ഒരു സെക്യൂരിറ്റി എന്നെ തടഞ്ഞു. എനിക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. കേവലം ഒരു സെക്യൂരിറ്റിക്ക് ഇത്രയും അഹങ്കാരം പാടില്ലല്ലോ. ഞാനവനെ ശക്തമായി എതിർത്തു. അതൊരു കയ്യാങ്കളിയിൽ ചെന്നാണ് അവസാനിച്ചത്. അവൻ നല്ലൊരു അഭ്യാസി ആയിരുന്നു. നല്ലവണ്ണം പരിശീലനം ലഭിച്ച ഒരാൾ. അതെന്നെ അത്ഭുതപ്പെടുത്തി. ഒരു സെക്യൂരിറ്റി ഇത്രയും അഭ്യാസങ്ങൾ പഠിക്കാനുള്ള സാധ്യതയില്ല. അവനോട് ഒരു വിധത്തിലാണ് ഞാൻ ചെറുത്തു നിന്നത്. സംഘർഷം വഷളാകുന്നതിനു മുൻപേ അലക്സാണ്ടർ അവിടെ എത്തി. അദ്ദേഹം അവനെ പിടിച്ചുമാറ്റി കൊണ്ട് എന്നോടു പുറത്തു പോകാൻ പറഞ്ഞു. ഇതെല്ലാം വളരെ വിചിത്രമായിട്ടാണ് എനിക്ക് തോന്നിയത്. ഒരു പട്ടാള ക്യാമ്പിൽ അകപ്പെട്ട ഒരു അവസ്ഥ പോലെ. ഞാൻ പുറത്തേക്ക് പോകുമ്പോൾ അവർ എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ഇത്രയും ദിവസം ഞങ്ങളെ അവർ അടച്ചിടുകയായിരുന്നോ? ഞാൻ ഇതേക്കുറിച്ചെല്ലാം ചിന്തിച്ചു കൊണ്ടായിരുന്നു നടന്നത്. തികച്ചും വിജനമായൊരു സ്ഥലമായിരുന്നു അത്. ഞാൻ പ്രധാന റോഡിൽ നിന്നും മാറിക്കൊണ്ട് മരങ്ങളുടെ ഇടയിലൂടെയുള്ള ഒരു വഴിയിലേക്ക് കയറി. ഇരുവശങ്ങളിലും കൂറ്റൻ മരങ്ങൾ ഉള്ള ഒരു ഇടവയായിരുന്നു അത്. പാത നിറയെ കരിയിലകൾ ആയിരുന്നു. കുറച്ചു മുമ്പിലെത്തിയപ്പോഴാണ് ആരോ മരം വെട്ടുന്ന ശബ്ദം ഞാൻ കേട്ടത്. ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്നു നോക്കി.അവിടെ ഒരു വൃദ്ധൻ മരം വെട്ടുന്നുണ്ടായിരുന്നു. വാർദ്ധക്യം കൊണ്ട് തലനരച്ചെങ്കിലും അയാളുടെ ശരീരം ഉരുക്ക് പോലെയായിരുന്നു. ഞാൻ മന്ദിരത്തിൽ നിന്നുമാണ് വരുന്നതെന്ന് പറഞ്ഞപ്പോൾ അയാളിൽ ഉണ്ടായ ആശ്ചര്യവും, അത്ഭുതവും ഞാൻ ശ്രദ്ധിച്ചിരുന്നു. ആ മന്ദിരത്തെ കുറിച്ച് എന്തെങ്കിലും അറിയാമോ എന്ന് ചോദിച്ചപ്പോൾ, അറിയില്ലെന്നായിരുന്നു അയാൾ ആദ്യം പറഞ്ഞത്. അതേതുടർന്ന് ഞാനൊരു സിഗ വലിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ഒരുങ്ങിയപ്പോൾ അയാൾ എന്നോട് നിൽക്കാൻ പറഞ്ഞു. അയാളിൽ നിന്നും കഥ കേൾക്കാൻ വേണ്ടി എനിക്ക് മിച്ചമുള്ള സിഗ അയാൾക്ക് നൽകേണ്ടി വന്നു. എല്ല് കഷ്ണം കിട്ടിയ പട്ടിയെപ്പോലെ അയാൾ ആദ്യം അത് മണത്തു നോക്കി. ലണ്ടനിൽ നിന്നും നിർമ്മിച്ചതാണെന്ന് കേട്ടപ്പോൾ അയാൾക്ക് ആവേശം കൂടി. അയാൾ തന്റെ കറുത്ത ചുണ്ടിൽ സിഗ വെച്ചുകൊണ്ട് അതിലെ പുക നുകർന്നു. തുടർന്ന് അയാൾ, മന്ദിരത്തെ കുറിച്ചുള്ള കഥ പറയാൻ തുടങ്ങി. "ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് ആ മന്ദിരം. ഉയർന്ന ഉദ്യോഗസ്ഥന്മാർക്ക് താമസിക്കാൻ വേണ്ടിയായിരുന്നു ആ മന്ദിരം നിർമിച്ചത്. എന്നാൽ വാൾട്ടർ, എന്ന ഉദ്യോഗസ്ഥന്റെ മരണത്തിനുശേഷം അവിടെ അമാനുഷികമായ സംഭവങ്ങൾ അരങ്ങേറാൻ തുടങ്ങി. അയാളും കുടുംബവും അവിടെ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. അയാൾ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഇതുവരെ ആർക്കും കണ്ടെത്താനായില്ല. വാൾട്ടറിന്റെ കേസ് അന്വേഷിക്കാൻ വന്നവരെല്ലാം അയാളുടെ പ്രേതത്തെ കണ്ടു ഭയന്നു ഓടുകയാണ് ചെയ്തത്. അയാളുടെ മരണത്തിന്റെ ദുരൂഹത അറിയാൻ വേണ്ടി അയാളുടെ സഹോദരൻ അവിടേക്ക് വന്നിരുന്നു. ഒടുവിൽ അയാളും വാൾട്ടറിനെ പോലെ തന്നെ ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് അവിടെ താമസിക്കാൻ വന്നവരെല്ലാം പ്രേത ശല്യം മൂലം രക്ഷപ്പെടുകയാണ് ചെയ്തത്. ഇതെല്ലാം എതിർത്ത് അവിടെ താമസിച്ചവരോ, ഒടുവിൽ തൂങ്ങി മരിക്കുകയും ചെയ്തു. പിന്നെ അവിടേക്ക് പോവാൻ എല്ലാവർക്കും ഭയമായിരുന്നു. ഇതിലെല്ലാം സത്യമുണ്ടോ എന്നറിയാൻ, ഞങ്ങൾ കുറച്ചു പേർ അവിടേക്ക് പോയിരുന്നു.ഞങ്ങൾ ആ മന്ദിരത്തിന്റെ മതിൽ ചാടി കടക്കാൻ നോക്കുമ്പോളാണ് വാൾട്ടറിന്റെ പ്രേതത്തെ കണ്ടത്. അയാൾ കയ്യിലൊരു തോക്കുമായി മന്ദിരത്തിന് ചുറ്റും നടക്കുകയായിരുന്നു. ഇരുടാണെങ്കിലും ആ രൂപം ഞങ്ങൾ വ്യക്തമായി കണ്ടു. എന്തോ ഭാഗ്യത്തിന് ഞങ്ങളുടെ ബോധം പോയില്ല. ഇത്തരത്തിലുള്ള അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ട്. അവിടെവെച്ച് മരണമടിഞ്ഞവരുടെ ആത്മാക്കളെല്ലാം, അവിടെ ചുറ്റിപ്പറ്റി നടക്കുന്ന വാർത്ത ഇതിനകം പരന്നിരുന്നു. അതോടെ ബ്രിട്ടീഷ് ഭരണാധികാരികൾ ആ സ്ഥലം വിൽക്കാൻ തീരുമാനിച്ചു. ഈയടുത്ത കാലത്താണ് ആ സ്ഥലം ആരോ വാങ്ങിയത്. അവിടെ താമസിക്കാൻ വന്നവരിൽ മൂന്നുപേർ മരിച്ചെന്നാണ് കേട്ടത്," അയാൾ വിചിത്രമായ ഒരു നോട്ടം എന്നിലേക്ക് എറിഞ്ഞുകൊണ്ട് തുടർന്നു.
"നിങ്ങളവിടെയാണോ താമസിക്കുന്നത്?" ഞാൻ അതെ എന്ന രീതിയിൽ തലയാട്ടി
"നിങ്ങൾ എത്രയും പെട്ടെന്ന് അവിടുന്ന് രക്ഷപ്പെടുന്നതാണ് നല്ലത്. പൗർണമി നാളിൽ ശക്തിപ്രാപിക്കുന്ന പ്രേതങ്ങളാണ് അവിടെയുള്ളത്. നിങ്ങൾക്ക് ജീവനിൽ കൊതിയുണ്ടെങ്കിൽ രക്ഷപ്പെട്ടോ,"
അത്രയും പറഞ്ഞുകൊണ്ട് അയാൾ എന്റെ പകുതി ജീവനെടുത്തു. അയാൾ പറഞ്ഞ ചില കാര്യങ്ങളൊക്കെ മുൻപ് ഞാൻ എവിടെയോ കേട്ടതുപോലെ. വാൾട്ടർ എന്ന പേരും കേട്ടിട്ടുണ്ട്. അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ ഞാൻ നിന്നില്ല. ഇരുട്ടുന്നതിനു മുൻപേ ഞാൻ മന്ദിരത്തിലേക്ക് തിരിച്ചു. എന്നെയും കാത്തുനിൽക്കുകയായിരുന്നു അലക്സാണ്ടർ. ഞാനെന്തിനാണ് പുറത്തുപോയതെന്ന സംശയം അയാൾക്കുണ്ടായിരുന്നു. എങ്കിലും അയാൾ എന്നോട് ഒന്നും ചോദിച്ചില്ല. കുറച്ച് സമയം കഴിഞ്ഞപ്പോൾ എന്നെ എൻഡ്രി അവന്റെ റൂമിലേക്ക് വിളിച്ചുവരുത്തി. അവന്റെ കൂടെ ലാലുവുമുണ്ടായിരുന്നു. ഇവിടെ നിൽക്കുന്നത് അപകടമാണെന്നാണ് അവർ കരുതുന്നത്. നാളെ ഇവിടുന്ന് രക്ഷപ്പെടാനുള്ള പദ്ധതി ഒരുക്കാൻ വേണ്ടിയാണ് അവർ എന്നെ അങ്ങോട്ട് വിളിച്ചത്. എനിക്കെന്തോ അവരുടെ പദ്ധതി അത്ര ഇഷ്ടപ്പെട്ടില്ല. എനിക്ക് ഇവിടുന്ന് രക്ഷപ്പെടാൻ തീരെ താൽപര്യം തോന്നുന്നില്ല. എൻഡ്രിയോട് അവന്റെ പദ്ധതിയിൽ നിന്നും പിന്മാറാൻ വേണ്ടി ഞാൻ കർശനമായി ആവശ്യപ്പെട്ടു. അവനത് തീരെ ഇഷ്ടപ്പെട്ടില്ല. എന്നോട് ഒന്നും മിണ്ടാതെ അവൻ മുറിക്ക് പുറത്തേക്കിറങ്ങി. അവനിവിടുന്ന് രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഈ വിവരം ഞാൻ അലക്സാണ്ടറിനെ അറിയിച്ചിട്ടുണ്ട്. ഒരു കാരണവശാലും അവനെ രക്ഷപ്പെടാൻ അനുവദിച്ചു കൂടാ.
(തുടരും)