ആറ് - കുഴമറിച്ചിൽ
പോലീസുകാർ അതെല്ലാം വിശ്വസിച്ച മട്ടിലായിരുന്നു. എനിക്കെന്തോ അതിൽ ഒട്ടും വിശ്വാസം വന്നില്ല. സ്വന്തം തെറ്റ് മറയ്ക്കാൻ വേണ്ടി അവൻ കള്ളം പറയുകയായിരിക്കും എന്ന് ഞാൻ കരുതി. കാരണം, അവൻ അവിടുന്ന് രക്ഷപ്പെടാൻ നോക്കുകയാണെങ്കിൽ എന്തുകൊണ്ട് അവൻ ഈ വിവരം ആ രണ്ട് നേഴ്സുമാരോടും സെക്യൂരിറ്റിയോടും പറഞ്ഞില്ല. അവർ അവിടുന്ന് രക്ഷപ്പെട്ടതിനുശേഷം ആണ് ഇവർ മൂന്ന് പേരും മരണപ്പെടുന്നത്.
അതുപോലെ ഹാരിയുടെ ഡയറിയിൽ എൻഡ്രിക്ക് അവിടെ നിൽക്കുന്നതിൽ താൽപര്യമില്ലെന്ന് വിവരിച്ചിരുന്നു. സംഗതികളെല്ലാം കുഴഞ്ഞ് കിടക്കുകയായിരുന്നു. അതുകൊണ്ട് ഞാനാ കേസ് ഏറ്റെടുക്കാൻ തന്നെ തീരുമാനിച്ചു. അവിടെയുള്ള ഉദ്യോഗസ്ഥർക്ക് ഞാൻ കേസ് ഏറ്റെടുത്തതിൽ പ്രശ്നമൊന്നും ഇല്ലായിരുന്നു. അതിൽ പലരും എന്നെ ദയനീയമായി കൊണ്ടായിരുന്നു നോക്കിയത്. വൃദ്ധനായ ഒരു ഓഫീസർ വന്ന് എന്നെ ഉപദേശിക്കുകയും ചെയ്തു. അയാൾ പറഞ്ഞു "യുക്തിക്ക് നിരക്കാത്ത ഒരു സംഭവത്തെക്കുറിച്ച് കേട്ടാൽ നമ്മൾ അത് നിഷേധിക്കുകാണ് ചെയ്യുക.കാരണം നമ്മൾ സുരക്ഷിതമായ ഒരിടത്താണ് ഉള്ളതെന്ന വിശ്വാസം കൊണ്ടാണ്. പക്ഷേ അതിനെക്കുറിച്ച് അന്വേഷിക്കാൻ പോകുമ്പോൾ മാത്രമേ നമുക്ക് അത് എത്രത്തോളം അപകടമാണെന്ന് മനസ്സിലാവു. അതുകൊണ്ട് ശ്രദ്ധയോടെ വേണം ഓരോ ചുവടുകളും വെക്കാൻ". അത്രയും പറഞ്ഞശേഷം അദ്ദേഹം ഒരു കൊന്ത എന്റെ കയ്യിൽ വെച്ചു തന്നു. "നിനക്കിത് ഉപകാരപ്പെടും" അദ്ദേഹം പറഞ്ഞു. ആളുകൾ വിചിത്രമായി പെരുമാറിയതിൽ എനിക്ക് അത്ഭുതം തോന്നിയില്ല. കാരണം ഭരണകൂടം വരെ പ്രേതഭവനം എന്ന് മുദ്രകുത്തിയ ഒരിടത്തേക്കാണ് ഞാൻ കേസ് അന്വേഷിക്കാൻ പോകുന്നത്. അവിടുന്ന് രണ്ട് ഓഫീസേഴ്സ് മാത്രമായിരുന്നു എന്നെ സഹായിക്കാൻ വേണ്ടി മുന്നോട്ടു വന്നത്. ബാക്കിയുള്ളവരെല്ലാം ഭയം മൂലം പിന്മാറിയതാണ്. എവിടുന്ന് അന്വേഷിച്ച് തുടങ്ങണമെന്ന് ആലോചിക്കുമ്പോൾ ആണ്, മീന എനിക്കൊരു ഐഡിയ പറഞ്ഞു തന്നത്. അന്ന് രാത്രി നടന്ന കാര്യങ്ങൾ, എൻഡ്രിക്കല്ലാതെ മറ്റാർക്കും വലിയ രീതിയിൽ ഓർമ്മയില്ല. അതുകൊണ്ട്, അവിടെ വന്നത് മുതലുള്ള കാര്യങ്ങൾ റീ-ക്രിയേറ്റ് ചെയ്താൽ ആരാണ് കൊലയാളി എന്ന് എളുപ്പത്തിൽ കണ്ടെത്താൻ പറ്റും എന്നായിരുന്നു അവൾ പറഞ്ഞത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഹാരിയുടെ ഓർമ്മകളെ തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നും അവൾ പറഞ്ഞു. എനിക്ക് ഇതൊരു പുതിയ സംഭവമായിട്ടാണ് തോന്നിയത്. എന്നാൽ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള എക്സ്പിരിമെന്റ് മൂലം പലകാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് അവൾ പറഞ്ഞത്. ഇവിടെ ഹാരി ഒഴിച്ചാൽ, ബാക്കിയുള്ളവരെല്ലാം മനോരോഗികൾ ആയതുകൊണ്ട് അവരെ ഹിപ്നോട്ടൈസ് ചെയ്ത് പഴയ ദിവസത്തേക്ക് കൊണ്ടു പോകാൻ എളുപ്പമാണെന്നാണ് അവൾ പറഞ്ഞത്. ഹാരിയുടെ ഓർമ്മ നഷ്ടപ്പെട്ടത് കൊണ്ട് അവനെയും ഹിപ്നോട്ടിസം ചെയ്യാൻ അത്ര ബുദ്ധിമുട്ടേണ്ടെന്നും അവൾ കൂട്ടിച്ചേർത്തു.
ഞാൻ അവൾ പറഞ്ഞ കാര്യത്തെക്കുറിച്ച് ചിന്തിച്ചുനോക്കി. ഒരു കണക്കിന് നോക്കുമ്പോൾ ഈ കേസിനെ മറ്റൊരു രീതിയിലും മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് എനിക്ക് തോന്നി. എന്തായാലും അതൊന്നു പരീക്ഷിച്ചു നോക്കാമെന്ന് ഞാൻ കരുതി.ഞാനെന്റെ ഒറ്റ സുഹൃത്തായ മിത്രയോട് ഈ കേസിൽ പങ്കുചേരാൻ ആവശ്യപ്പെട്ടു. അവൻ യാതൊരു മടിയും കൂടാതെ അതിന് സമ്മതം മൂളി. പദ്ധതിക്ക് തുടക്കം കുറിച്ചത് മീനെയായിരുന്നു. ആ മന്ദിരം ഒരു റിസോർട്ട് ആയിട്ടാണ് ഹാരി തന്റെ പേഷ്യൻസിന് പരിചയപ്പെടുത്തിക്കൊടുത്തത്. അതേ രീതിയിൽ തന്നെ നീങ്ങാമെന്ന് ഞങ്ങളും തീരുമാനിച്ചു. തങ്ങൾ ഒരു റിസോർട്ടിലേക്ക് ആണ് പോകുന്നത് എന്ന്, അവരെ അഞ്ചു പേരെയും പറഞ്ഞ് ബോധ്യപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. ഞാൻ അവരുടെ ഗാർഡിയനായി വേഷമണിഞ്ഞു. മീന അവിടുത്തെ റിസപ്ഷനിസ്റ്റ് ആയി നിന്നോളം എന്ന് പറഞ്ഞു. മിത്രയും എന്റെ കൂടെ ജോലി ചെയ്തിരുന്ന ജേക്കബിനെയും ഞാൻ മന്ദിരത്തിന്റെ അകത്ത് നിർത്തി. പുറത്ത് ജോലിക്കാരുടെ വേഷത്തിൽ ആ രണ്ട് ഓഫീസേഴ്സിനെയും പിന്നെ എനിക്ക് അറിയാവുന്ന രണ്ട് ഓഫീസേഴ്സിനെയും നിർത്തി. അവരെ ശുശ്രൂഷിക്കാൻ വേണ്ടി ഒരു നഴ്സിനെ മീന ഏർപ്പാട് ചെയ്തിരുന്നു. പദ്ധതി പ്രകാരം അവരെ എല്ലാം ഹിപ്നോട്ടിസം ചെയ്തു കൊണ്ട്, ഞങ്ങൾ അവരെ പഴയകാലത്തേക്ക് കൊണ്ടു പോയി. അവരെല്ലാം റിസോർട്ടിൽ താമസിക്കാൻ വരുന്ന സുഹൃത്തുക്കളാണെന്നാണ് അവരെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഞാൻ അവരുടെ ഗാർഡിയൻ ആണെന്നും അവരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഞാനവരെ കാറിൽ കയറ്റിക്കൊണ്ട് മന്ദിരത്തിലേക്കുള്ള യാത്ര തുടർന്നു. ഒരു പ്രധാന കേസായത് കൊണ്ട് ഞാൻ സമയം കിട്ടുമ്പോളെല്ലാം ചില കുറുപ്പുകൾ ഏതുമായിരുന്നു. അതിൽ ചിലതെല്ലാം ആണ് ഞാൻ ഇനി വിവരിക്കാൻ പോകുന്നത്.
നവംബർ 28 പ്രതീക്ഷിച്ചിരുന്നത് പോലെ അവർക്കാർക്കുമാ മന്ദിരം കണ്ട പരിചയം പോലുമില്ലായിരുന്നു. എങ്കിലും ഹാരിയുടെ കണ്ണിൽ എന്തൊക്കെയോ സംശയങ്ങൾ തെളിയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. കുറച്ച് ദിവസം ശാന്തമായി കൊണ്ട് മുന്നോട്ട് നീങ്ങി. പക്ഷേ ഒരു ദിവസം ലാലുവിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവം കേൾക്കാനിടയായി. യൂക്കാലിപ്സ് തോട്ടത്തിൽ വെച്ച് അവനൊരു വിചിത്രമായ രൂപം കണ്ടുവെന്നാണ് പറഞ്ഞത്. ആ മന്ദിരത്തെ ചുറ്റിപ്പറ്റിയുള്ള ഭീകരമായ കഥകളുടെ വെളിച്ചത്തിൽ ആയിരിക്കും അവൻ അത്തരത്തിൽ ഉള്ളൊരു കാര്യം പുലമ്പിയതെന്നാണ് ഞാൻ വിചാരിച്ചത്. അവൻ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോയെന്ന് അറിയാൻ വേണ്ടി ഞങ്ങൾ അന്ന് രാത്രി അവിടെ കാവൽ നിന്നിരുന്നു. ശരീരം കിടിലം കൊള്ളിക്കുന്ന തണുപ്പിൽ, ഞങ്ങൾ പുലരുന്നവരെ അവിടെ കണ്ണുനട്ടിരുന്നു. കാറ്റിലാടുന്ന ചില്ലകളുടെ നിഴലല്ലാതെ ഞങ്ങൾക്ക് മറ്റൊരു രൂപവും കാണാൻ സാധിച്ചില്ല. ഡിസംബർ 2 ദിവസങ്ങൾ കൈയും തോറും ഞങ്ങളിൽ പലർക്കും ഭീകരമായ ചില അനുഭവങ്ങൾ ഉണ്ടാവാൻ തുടങ്ങി. ഒരു ദിവസം മന്ദിരത്തിന്റെ പുറത്ത് കാവൽ നിന്ന ഒരു ഓഫീസർ പെട്ടെന്ന് തിരികെ പോകണമെന്ന് പറഞ്ഞ് എന്റെ അരികിൽ വന്നിരുന്നു. ഞാൻ അവനോട് കാര്യം തിരക്കിയപ്പോൾ, അവൻ ആദ്യം ഒന്നും പറഞ്ഞില്ല.
"നമ്മൾ ഇവിടെ ഒരു ദൗത്യം പൂർത്തീകരിക്കാനാണ് വന്നത്. അതിനിടയിൽ നീ ഇങ്ങനെ കാരണമില്ലാതെ പോകണം എന്നൊക്കെ പറഞ്ഞാൽ, ഞാനത് അനുവദിച്ചു തരില്ല" ഞാൻ അല്പം ഗൗരവത്തോടെയായിരുന്നു അത് പറഞ്ഞത്.
"സാർ ശരിക്കും ഇവിടെ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്. ഞാനിപ്പോൾ പറയാൻ പോകുന്ന കാര്യം കേട്ടാൽ സാർ അത് തമാശയായിട്ടെ എടുക്കുകയുള്ളൂ. എന്നാൽ അത്, ഞാനീ രണ്ടു കണ്ണുകൾ കൊണ്ട് നേരിട്ട് കണ്ട കാഴ്ചയാണ്,". അല്പം മടിച്ചിട്ടാണെങ്കിലും അവൻ നടന്ന കാര്യം വിവരിക്കാൻ തുടങ്ങി. "ഏകദേശം രണ്ടു മണിയായി കാണും. എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ഞാൻ മൂത്രമൊഴിക്കാൻ വേണ്ടി പുറത്തിറങ്ങിയതായിരുന്നു. അപ്പോഴാണ് ഞാൻ ഒരു ഞരക്കം കേട്ടത്. എന്റെ കയ്യിൽ റിവോൾവർ ഇല്ലാത്തതുകൊണ്ട് ഞാൻ വളരെ ശ്രദ്ധയോടെ ആയിരുന്നു ആ ശബ്ദം കേട്ട സ്ഥലത്തേക്ക് പോയി നോക്കിയത്. അവിടെ ഞാൻ കണ്ടത്, തോക്കേന്തി കൊണ്ട് നടക്കുന്ന ഒരു ജീർണിച്ച രൂപത്തെയാണ്. ഞാൻ വേഗം ക്യാബിനിൽ ചെന്ന് ബാക്കിയുള്ളവരെ വിളിച്ചുണർത്തി തിരികെ എത്തുമ്പോഴേക്കും ആ രൂപം അവിടുന്ന് അപ്രത്യക്ഷമായിരുന്നു. ഞാൻ പറഞ്ഞ കാര്യം ഒന്നും ആരും വിശ്വസിച്ചില്ല. പക്ഷേ ഞാൻ പറയുന്നത് സത്യമാണ് സാർ". അവൻ ഭീതിയുടെ ചുഴലിയിൽ അകപ്പെട്ടിരുന്നു. അവനെ കരയ്ക്ക് കയറ്റാൻ ആവില്ലെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവനോട് തിരിച്ച് സ്റ്റേഷനിലേക്ക് പോകാൻ പറഞ്ഞു. പകരം മറ്റൊരു ഓഫീസറെ അയക്കാൻ വേണ്ടി ഞാനൊരു കത്തയച്ചു.
അവൻ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് അറിയാൻ വേണ്ടി ഞാനൊരു ശ്രമം നടത്താൻ തീരുമാനിച്ചു. പക്ഷേ ഒട്ടും വൈകാതെ തന്നെ അത്തരത്തിലുള്ള ഒരു അനുഭവം എനിക്കും ഉണ്ടായി. രാത്രികാലങ്ങളിൽ ഒരു കുട്ടിയുടെ നിഴൽ മിന്നി മായുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഞാനീ കാര്യം മിത്രയോടു പറഞ്ഞു. "സാർ.. ഞാനും കണ്ടിട്ടുണ്ട്," അവൻ അല്പം നടുക്കത്തോടെ പറഞ്ഞു തുടങ്ങി "എനിക്ക് ആ രൂപത്തെ പിന്തുടരാൻ കഴിഞ്ഞില്ല. അത് അതിവേഗത്തിൽ ആയിരുന്നു ഓടിയത്. അതൊരു മനുഷ്യക്കുഞ്ഞല്ലെന്നാണ് എനിക്ക് തോന്നുന്നത്," "ഒന്നെങ്കിൽ ഇതാരോ മനഃപൂർവം ചെയ്യുന്നതാവാം. അല്ലെങ്കിൽ നീ പറഞ്ഞതുപോലെ ഇതൊരു അമാനുഷികമായ സത്വംമാവാം. എന്തായാലും നമുക്കത് കണ്ടെത്തണം". ഞങ്ങൾ അതിനെ പിടികൂടാനുള്ള ഒരു ശ്രമം നടത്തി. രാത്രികാലങ്ങളിൽ ഇടനായിലൂടെ ആണ് അതിന്റെ സഞ്ചാരം. ഒരാളുടെ മുന്നിൽ മാത്രമാണ് അത് പ്രത്യക്ഷപ്പെടുക. അതുകൊണ്ട് ഞങ്ങൾ വേറെ വേറെ സ്ഥലങ്ങളിലായിരുന്നു നിന്നത്. അതിന്റെ നിഴൽ വെട്ടം കണ്ട ഉടനെ ഞങ്ങൾ അതിനെ പിന്തുടരാൻ തുടങ്ങി. ആ രൂപം വേഗത്തിലായിരുന്നു ഓടിയത്. അതിന്റെ മുഖം പോലും ഞങ്ങൾക്ക് വ്യക്തമായി കാണാൻ കഴിഞ്ഞില്ല. ഹാളിൽ എത്തിയതും അത് അപ്രത്യക്ഷമായി. ഹാളിൽ നിന്നും പുറത്തേക്ക് പോകാൻ സാധ്യതയില്ല. കാരണം ഞങ്ങൾ മുൻപിലെ വാതിൽ പൂട്ടിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് അതിനു വേറെ എങ്ങോട്ടും പോവാനും കഴിയില്ല. അതെങ്ങനെയാണ് ഞങ്ങളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടതെന്ന് വ്യക്തമല്ല. "സാർ ഞാൻ പറഞ്ഞതല്ലേ ഇതൊരു മനുഷ്യകുഞ്ഞല്ലെന്ന്," മിത്ര എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി. രാത്രികാലങ്ങളിൽ വാൾട്ടറുടെ ഇളയ മകൻ ആ മന്ദിരത്തിന് ചുറ്റുമായി ഓടി നടക്കുന്നുണ്ടെന്ന കിംവദന്തികൾ ഇവിടെ നിലകൊള്ളുന്നുണ്ട്. മിത്ര ഉദ്ദേശിച്ചതും അത് തന്നെയായിരിക്കും. വ്യക്തമായ ഒരു നിഗമനത്തിൽ എത്താൻ വേണ്ടി ഞങ്ങൾ വീണ്ടും ഒരു ശ്രമം നടത്താൻ തയ്യാറെടുത്തു. ഈ പ്രാവശ്യം ആ സത്വത്തെ കണ്ടാൽ ഉടനെ വെടിവെക്കാൻ വേണ്ടി ഞാൻ മിത്രയ്ക്ക് നിർദ്ദേശം നൽകി. അവരൊരു ഷാർപ്പ് ഷൂട്ടർ ആയതുകൊണ്ട് ആ സത്വത്തെ രക്ഷപ്പെടാൻ അവൻ സമ്മതിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നാൽ പിന്നീട് ഞങ്ങളാ രൂപത്തെ കണ്ടതുമില്ല. ഡിസംബർ 6 എൻഡ്രിയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. അവൻ എന്തൊക്കെയോ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അവൻ കൂടുതൽ സംസാരിക്കുന്നൊന്നുമില്ല. ഹാരിയുടെ ഓർമ്മകൾ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മീന. അവൾ കൂടുതൽ സമയവും അവനൊപ്പം ആണ് ചിലവഴിക്കുന്നത്.അതേസമയം മായ ആ കുട്ടിയെ കണ്ടെന്ന വാദവുമായി എന്റെ അരികിൽ വന്നിരുന്നു. ഞാനൊരു വിധത്തിലാണ് അവളെ സമാധാനിപ്പിച്ചത്.
ഡിസംബർ 10 ആ കുട്ടിയെ നേരിൽ കണ്ടെന്ന് പറഞ്ഞ്, എൻഡ്രി എന്റെ അരികിൽ വന്നിരുന്നു. അതൊരു കുട്ടിയുടെ പ്രേതമാണെന്നാണ് അവൻ പറഞ്ഞത്. അവൻ ശരിക്കും ഭയന്നിട്ടുണ്ട്. അവൻ പറഞ്ഞതിൽ എത്രമാത്രം സത്യമുണ്ടെന്ന് എനിക്ക് അറിയില്ല. ഞാനൊന്നും വിശ്വസിക്കാത്ത മട്ടിലാണ്, അവന് മറുപടി നൽകിയത്. അവനത് തീരെ ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. ഡിസംബർ 13 സംഭവങ്ങളെല്ലാം വഷളായിക്കൊണ്ടിരിക്കുകയാണ്. കൂനിന്മേൽ കുരു എന്ന് പറഞ്ഞതുപോലെ ഇന്നലെ രാത്രി മായക്കും ഹാരിക്കും ആക്സിഡൻറ് പറ്റി. ഇവിടുന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് അപകടം പറ്റിയത്. മായയായിരുന്നു കാറോടിച്ചത്. ആരുടെയോ രൂപം കണ്ടിട്ടാണ്, മായയുടെ നിയന്ത്രണം വിട്ടതെന്നാണ് ഹാരി പറഞ്ഞത്. ഞാൻ പുറത്ത് കാവൽ നിൽക്കുന്നവരോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അവർക്കൊന്നും അറിയില്ലെന്നാണ് പറഞ്ഞത്. ഭയം കാരണം അവർ ആരും രാത്രി പുറത്തിറങ്ങലില്ലെന്നാണ് എനിക്ക് തോന്നുന്നത്.ഇനിയൊരു അനർത്ഥവും സംഭവിക്കാതിരിക്കാൻ വേണ്ടി, ഞാൻ അവരോട് ജാഗരൂകരായി ഇരിക്കാൻ പറഞ്ഞിട്ടുണ്ട്. എൻഡ്രിയാണെങ്കിൽ ഇവിടുന്ന് പോകണം എന്ന വാശിയിലാണ്. കാർ നന്നാക്കി കിട്ടാൻ ഒരാഴ്ച എടുക്കുമെന്ന് പറഞ്ഞ് അവനെയൊന്ന് സമാധാനിപ്പിച്ചിട്ടുണ്ട്. ഇനി കൂടുതൽ പ്രശ്നങ്ങൾ ഒന്നും സംഭവിക്കാതിരുന്നാൽ മതിയായിരുന്നു. ഡിസംബർ 16 ഇന്നലെ രാത്രി ഡ്യൂട്ടിക്ക് നിന്ന ഒരാൾക്ക് സ്വബോധം നഷ്ടപ്പെട്ടു. അയാൾ ഇപ്പോൾ പിച്ചും പേയും ആണ് പറയുന്നത് 'ശവം' 'പിശാച്,' എന്ന വാക്കുകളാണ് അയാൾ കൂടുതൽ ഉപയോഗിക്കുന്നത്. അയാൾ എന്തോ കണ്ടു ഭയന്നതാണെന്നാണ് ബാക്കിയുള്ളവർ പറയുന്നത്. അയാളെ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ ഞാൻ മിത്രയോടു പറഞ്ഞിട്ടുണ്ട്. തിരിച്ചു വരുമ്പോൾ മറ്റൊരു ഓഫീസറെ കൂടെ കൂട്ടണമെന്ന് ഞാൻ അവനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈയൊരു അവസ്ഥയിൽ ഇവിടെ കാവൽ നിൽക്കാൻ ഇനി ആരെങ്കിലും വരുമോ എന്നാണ് എന്റെ സംശയം. ഈയൊരു സംഭവം മൂലം എല്ലാവരും ഒന്ന് നടുങ്ങിയിട്ടുണ്ട്. ഇവർക്കൊക്കെ എങ്ങനെ ധൈര്യം നൽകണമെന്ന് എനിക്കറിയില്ല. ഡിസംബർ 19 മായയുടെ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. അന്ന് എന്താണ് നടന്നതെന്ന് അവൾക്ക് ഓർമ്മയില്ല. അന്ന് എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഇപ്പോഴും നിഗൂഢമായി തന്നെ കിടക്കുകയാണ്. മീനയുടെ കാര്യമാണ് കഷ്ടം. അവളുടെ ആവേശമെല്ലാം ചോർന്നു പോയിരിക്കുന്നു. അവൾ വിചാരിച്ചത് പോലെയല്ല സംഗതികൾ നീങ്ങുന്നത്. ഇത്ര ദിവസമായിട്ടും ഒരാൾക്ക് പോലും ഓർമ്മ തിരിച്ചു കിട്ടിയില്ല.
ഇനിയെന്ത് ചെയ്യണമെന്ന് ഒട്ടും പിടി കിട്ടുന്നില്ല. മിത്ര യാണെങ്കിൽ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. കാലാവസ്ഥ മോശമായതോടെ സ്റ്റേഷനുമായി കണക്ട് ചെയ്യാൻ പറ്റുന്നില്ല. ഇപ്പോൾ പുറത്തു കാവൽ നിൽക്കാൻ ഓഫീസർ മുത്തു മാത്രമാണുള്ളത്. അവന്റെ കൂടെയുള്ള വില്യംസിനോട് ഞാൻ അകത്തു നിൽക്കാനാണ് പറഞ്ഞത്. അകത്തുള്ളവരുടെ സുരക്ഷയ്ക്കാണല്ലോ പ്രാധാന്യം നൽകേണ്ടത്. ഒറ്റയ്ക്ക് പുറത്തു നിൽക്കുന്നതിൽ പേടിയില്ലെന്നാണ് മുത്തു പറഞ്ഞത്. എത്രയും പെട്ടെന്ന് മിത്ര തിരിച്ചു വന്നാൽ മതിയായിരുന്നു.
(തുടരും)