മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 1000
  • Status: Ready to Claim

friends in talk

ഭാഗം 19

വിവേക് ബിയർ ബോട്ടിൽ വായിലേക്ക് കമഴ്ത്തിക്കൊണ്ട് വീണ്ടും വീണ്ടും മഹി പറഞ്ഞ വാക്കുകൾ ഓർത്തെടുത്തു... അവൻ ആ പട്ടി അവളെ കെട്ടാൻ പോവാണെന്ന്, സമ്മതിക്കില്ല. ഞാൻ ജീവനോടെ ഇരിക്കുമ്പോൾ സമ്മതിക്കില്ല. കൊല്ലും ഞാൻ അവനേം അവളേം....

"മച്ചാനെ ഉടനെ അച്ഛനോട്‌ സംസാരിച്ച് നിങ്ങളുടെ കല്യാണം നടത്തണം... ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും..."

മനോജ്‌ അവൻ വാങ്ങിച്ച ബിയർ കുടിച്ചതിന്റെ നന്ദി കാണിക്കാൻ അല്പം ഗൗരവത്തോടെ വിവേകിനെ ഉപദേശിച്ചു...

"ഇല്ല ഇപ്പൊ ആരും ഒന്നും അറിയണ്ടാ... അവന്റെ കാര്യത്തിൽ ഞാൻ തീരുമാനിച്ചപോലെ കാര്യങ്ങൾ നടന്നാൽ മതി... അച്ഛനറിഞ്ഞാൽ ഞാൻ പിന്നെ ചത്താൽ മതി, കല്യാണം കഴിഞ്ഞ് പൊളിറ്റിക്സിൽ ഇറങ്ങാനാ അങ്ങേരു പറയുന്നത്, അപ്പോഴാണ് ഇതുപോലുള്ള ഏണി കേസുകൾ..."

വിവേക് മഹിയുടെ പേര് പറഞ്ഞ് പല്ല് ഞെരിച്ചു ബിയർകുപ്പി വായിലേക്ക് കമഴ്ത്തി...


അനന്തൻ ഗംഗയ്‌ക്കൊപ്പം പോയി വന്നതിന് ശേഷം വല്ലാതെ ആലോചിച്ചു കൂട്ടുന്നുണ്ട്... പണം മാത്രം മുൻപിൽ കണ്ട് ജീവിച്ച ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ കഴിയാതെ അവൻ വല്ലാതെ കുഴങ്ങി... കോടികൾ വിലയുള്ള തന്റെ വാച്ചിലേക്കും അവൾ പോരാൻ നേരം കയ്യിൽ കെട്ടിത്തന്ന പഴയ വാച്ചിനും സമയം നോക്കുക എന്ന ഉപയോഗം മാത്രമാണുള്ളത്... അവനതിൽ പതിയെ തലോടി... പഴയ എച്എംടി വാച്ച്...

"ഇങ്ങോട്ട് നോക്ക് അനന്തു എന്റെ വാച്ചിന്റെ വിലയുടെ ആയിരമിരട്ടിയുണ്ട് തന്റെയീ വാച്ചിന് വില, സമയത്തിന് ഞാൻ കൊടുത്ത വില മുന്നൂറ്റി അൻപത് രൂപയാണ് നീ കൊടുത്തത് രണ്ടരക്കോടി രൂപ... പക്ഷെ രണ്ടിനും മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും സെക്കന്റ് സൂചിയും ജോലി ചെയ്യുന്നത് സമയം അറിയാൻ മാത്രമാണ്...

എന്റെ വാച്ച് ചിലപ്പോൾ കയ്യിൽ കെട്ടിയാൽ നിന്റെ നിലയും വിലയും കൂടില്ലായിരിക്കാം പക്ഷെ നിന്നെ നീയായി കാണാൻ എല്ലാവർക്കും കഴിയില്ലേ, അതല്ലേടാ ജീവിതം... ആവതില്ലാതെ ആയുസ്സ് ഒടുങ്ങുമ്പോൾ നിന്റെ പുഴുവരിച്ച കോടികൾ നിനക്ക് ഉപകാരപ്പെട്ടില്ലെങ്കിൽ ഇത്‌ സമ്പാദിക്കാൻ നീ ചിലവാക്കിയ ജന്മം വെറും വേസ്റ്റ്, ആകെ മൊത്തത്തിൽ നീ ജനിച്ചതേ വേസ്റ്റ്..."

അവൾ പറഞ്ഞത് മനസ്സിലാക്കാൻ കഴിഞ്ഞെങ്കിലും ഒന്നും പറയാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല. അവൾ പറഞ്ഞ ശരികൾ അംഗീകരിക്കാൻ പോലും ശബ്ദം പുറത്തുവന്നില്ല. എല്ലാം കേട്ട് നിന്നുപോയി...

"നീയെന്താ ഇങ്ങനെ ഇഞ്ചി കടിച്ച കുരങ്ങിനെപ്പോലെ നിൽക്കുന്നത്?"

റൂമിലേക്ക് കയറിവന്ന സരസ്വതി ചോദിക്കുമ്പോഴാണ് അവന് സ്ഥലകാലബോധം ഉണ്ടായത്...

"ഒന്നൂല്ല അമ്മാ..."

"എന്താടാ പറയ്...?"

അനന്തൻ തിരിഞ്ഞ് അമ്മയെ നോക്കി, കോട്ടൺ സാരി ഭംഗിയായി ഞൊറിഞ്ഞിടുത്തിട്ടുണ്ട്, കഴുത്തിൽ താലിമാല നെറ്റിയിൽ സിന്ദൂരം മുടി ചീകിവച്ചിട്ടുണ്ട്... അല്ലാതെ കൂടുതൽ ഒരുക്കങ്ങളോ മേക്കപ്പൊ അമ്മയുടെ മുഖത്തില്ല. എന്നിട്ടും കാണാൻ എന്ത് ഭംഗിയാണ്... അമ്മ താൻ കാണുന്നത് മുതൽ ഇങ്ങനെയാണ്...

"നിനക്കെന്താ അനന്തു പറ്റിയത്, സാധാരണ ചാടിക്കടിക്കാൻ വരുന്നതല്ലേ...? നീ കഴിക്കാൻ  വരുന്നുണ്ടോ ബ്രെഡ്‌ സാൻവിച്ച് എടുത്തു വച്ചിട്ടുണ്ട്..."

"അമ്മാ അമ്മയ്ക്ക് ഞാനിവിടെ ഇങ്ങനെ നിന്നപ്പോൾ സങ്കടം ഉള്ളിൽ ഉണ്ടെന്ന് എങ്ങനെ മനസ്സിലായി...?"

കൊച്ചുകുട്ടിയെപ്പോലെ ആകാംഷ നിറച്ച് ചോദ്യം ചോദിച്ചു നിൽക്കുന്ന അവനെ കണ്ടപ്പോൾ സരസ്വതിക്ക് ചെറുപ്രായത്തിലെ അനന്തുവിനെ ഓർമ്മ വന്നു... അന്നവൻ നാണം കുണുങ്ങിയായിരുന്നു. അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു നടന്ന കുഞ്ഞ്...

"അമ്മാ പറയ്..."

"അതിപ്പോ എന്ത് പറയാനാ നീ ഒന്ന് അനങ്ങിയാൽ എനിക്ക് മനസ്സിലാവും, എനിക്കെന്നല്ല എല്ലാ അമ്മമാർക്കും അവരുടെ മക്കളെ മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ട് കാണില്ല. അതാണ് നൊന്തു പെറ്റ വയറിന്റെ സത്യം... എന്താടാ നിന്റെ ചിന്തകൾക്ക് മീതെ ആരെങ്കിലും മറ്റൊന്ന് അടിച്ചേൽപ്പിക്കാൻ നോക്കിയോ, അല്ലെങ്കിൽ ഇങ്ങനെ പതറി നിൽക്കില്ലല്ലോ..."

അനന്തൻ നടന്നതൊക്കെ അമ്മയോട് വിശദമായി പറഞ്ഞുകേൾപ്പിച്ചു... സരസ്വതി അത്ഭുതത്തോടെ തന്റെ മകന്റെ മുഖത്തേക്ക് നോക്കി...

"അവള് പറഞ്ഞത് ശരിയല്ലേ... നീ കുമിച്ചുകൂട്ടുന്ന പണത്തിനു പേപ്പർ വിലയെ കാണു, അതിന് വില വരുന്നത് ആവശ്യക്കാരന്റെ കയ്യിൽ എത്തുമ്പോഴാണ്... 

നിന്റെ അച്ഛൻ എന്നെ കെട്ടുമ്പോൾ എനിക്ക് സ്വന്തമായി സ്വർണത്തിന്റെ തരി ഉണ്ടെന്ന് പറയാൻ ആ താലി മാത്രമായിരുന്നു. ബീഡി തെറുത്തും പാടത്ത് പണി ചെയ്തും ഞങ്ങള് ജീവിച്ച ജീവിതം നീയൊക്കെ കണ്ടിട്ടുണ്ടോ, മാറിയുടുക്കാൻ തുണിയില്ലാതെ പട്ടിണിയും പരിവട്ടവും മാത്രമുള്ള ജീവിതം...

നീ ഉണ്ടായതിന് ശേഷമാണ് ജീവിതത്തിന്റെ മാറ്റങ്ങൾ വേണമെന്ന് ആഗ്രഹിച്ചതും അതിന് ഇറങ്ങിത്തിരിച്ചതും... രാഷ്ട്രീയവും ജോലിയും ഒന്നിച്ചു മുന്നോട്ട് കൊണ്ടുപോയി ജീവിതം പച്ചപിടിച്ചു... ഇന്ന് ആഗ്രഹിക്കുന്നതെന്തും കണ്മുന്നിലെത്തുന്ന ജീവിതത്തിൽ എത്തി നില്കാൻ ഞങ്ങള് ഞങ്ങളുടെ ജീവിതമാണ് കൈമുതലാക്കിയത്...

അതൊന്നും നിങ്ങൾ മക്കൾക്ക് മനസ്സിലാവില്ല. ജനിച്ചത് മുതൽ പഠിച്ചതും വളർന്നതും ഇപ്പോൾ സ്വയം ജീവിതം വെട്ടിപ്പിടിച്ചതും എല്ലാം അന്നത്തെ കൈമുതലിൽ നിന്ന് കിട്ടിയതാണ്... അതിന്റെ വില ഞങ്ങൾക്കറിയുന്ന പോലെ ആർക്കും അറിയില്ല. ചോര നീരാക്കിയ ജീവിതം...

പറഞ്ഞു സമയം പോയതറിഞ്ഞില്ല വാ കഴിക്കാം..."

"എനിക്ക് വേണ്ടമ്മേ വിശപ്പില്ല. നാളെ മുതൽ അമ്മ കഴിക്കുന്ന ആഹാരം എന്തായാലും അത് മതി എനിക്ക്..."

അനന്തന്റെ ആവശ്യം കേട്ട് സരസ്വതി ചിരിയോടെ തലയാട്ടി സമ്മതിച്ചു...


മഹി ലോഡിറക്കി തിരികെ യാഡിലെത്തിയപ്പോൾ സമയം പതിനൊന്നു കഴിഞ്ഞു... ബൈക്കുമായി വീട്ടിലേക്ക് തിരിക്കുമ്പോൾ അവൻ പതിവ് ഒരു രാജമല്ലി മൂളിക്കൊണ്ടിരുന്നു.. നല്ല തണുത്ത കാറ്റ് അവനെ അല്പം കുളിരണിയിച്ചു...

റോഡ് അനാഥമായി നീണ്ടുകിടക്കുന്നു. കൊച്ചു പള്ളിക്കൂടം കഴിഞ്ഞുള്ള ആദ്യത്തെ പാലത്തിലേക്ക് കയറുമ്പോൾ എതിരെ വന്ന  കാറിനെ ഒഴിഞ്ഞ് ഇടത്തേക്ക് വെട്ടിച്ചതും ബ്രേക്ക് കിട്ടാതെ അവൻ പാലത്തിന്റെ ലാസ്റ്റ് ഗ്രിഡ്‌ഡിൽ ഇടിച്ചു താഴേക്ക് തെറിച്ചുപോയി... ഇരുട്ടിൽ മഹിയുടെ നിലവിളി താഴേക്ക് പോകുന്നത് നിർത്തിയിട്ട കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന വിവേക് വ്യക്തമായി കേട്ടു....

(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ