mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Abbas Edamaruku)

തിരിയിട്ട് നിൽക്കുന്ന കുരുമുളക് ചെടികളേയും, പൂത്തുലഞ്ഞു നിൽക്കുന്ന കാപ്പിച്ചെടികളെയും നോക്കിയിരിക്കവേ ആ പിതാവിന്റെ മനസ്സിൽ സന്തോഷം നിറഞ്ഞു. എന്നിട്ടും മിഴികൾ ദൂരേയ്ക്ക് പായവേ എന്തുകൊണ്ടോ പെട്ടെന്നൊരു നിരാശ അദ്ദേഹത്തിന്റെ മുഖത്ത് ഉടലെടുത്തു. ആ മനുഷ്യൻ ഓർക്കുകയായിരുന്നു.

ദൂരെ കാണുന്ന പുതിയ വീടുകൾ പണിതുയർത്തിയിരിക്കുന്ന തുണ്ടുതുണ്ട് ഭൂമികളും, അതിന് ചുറ്റും കാണുന്ന തെങ്ങിൻ തോപ്പുകളും, റബ്ബർ തോട്ടങ്ങളുമെല്ലാം തന്റേതായിരുന്നില്ലേ...

അതെ, നാട്ടിൽ അറിയപ്പെടുന്ന ഒരു ഭൂവിടമായിരുന്നു അദ്ദേഹത്തിന്റെത് .ഒരുപാട് ഭൂസ്വത്തുക്കളുടെ ഉടമ. നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ട മനുഷ്യൻ. നല്ലൊരു കർഷകൻ, അതിലുപരി സാമൂഹിക സേവകൻ, മതസാംസ്‌കാരിക മേഖലകളിലെ അംഗം, അങ്ങനെ... അങ്ങനെ...പോകും ആ മനുഷ്യന്റെ വിശേഷണങ്ങൾ.

ഇന്ന് പ്രായം എൺപത്തഞ്ചു കഴിഞ്ഞിരിക്കുന്നു. ഒൻപതു മക്കളെ പോറ്റിവളർത്തി വിവാഹം കഴിച്ചുകൊടുക്കുകയും, അവർക്കൊക്കെയും വീടുകൾ വെച്ചുകൊടുക്കുകയും ചെയ്തു. എല്ലാം അദ്ദേഹം കഷ്ട്ടപ്പെട്ടു കൃഷിചെയ്തു ഉണ്ടാക്കിയ പണം കൊണ്ട്. ഒൻപതു മക്കളിൽ എഴുപേരും ആൺമക്കളാണ്. എഴുപേരിൽ ഒരാൾക്കുപോലും അദ്ദേഹത്തെപ്പോലെ കൃഷിയോടോ, മണ്ണിനോട് താൽപ്പര്യമില്ല. വീതം കൊടുത്ത സ്ഥലങ്ങളിൽ നിന്നും കിട്ടുന്ന ആദായങ്ങൾ എടുത്തും, ഭൂമി മുറിച്ചുവിറ്റുമെല്ലാം ആണ് അവർ കഴിഞ്ഞുകൂടുന്നത്. ഒരു നേരം തൂമ്പ എടുത്ത് മണ്ണിൽ കൊത്താൻ അവരാരും തയ്യാറല്ല. കൃഷിയോടും, അത് ചെയ്യുന്ന പിതാവിനോടും അവർക്ക് പുച്ഛമാണ്.

ഏറ്റവും ഇളയമകനോടൊപ്പം ആണ് അദ്ദേഹം താമസം. ഭാര്യയും രണ്ട് മക്കളുമുണ്ട് മകന്.ബിസിനസ്സെന്നും പറഞ്ഞ് ഉള്ളതെല്ലാം കൂട്ടുകൂടി വിറ്റുതുലച്ചു കുടിച്ചു നടക്കുന്ന മകനെന്നും ആ പിതാവിനൊരു വേദനയാണ്. വളരെ നേരത്തെതന്നെ ഭാര്യ മരിച്ചുപോയിട്ടും വളരെ കഷ്ടപ്പെട്ടണ് അദ്ദേഹം മക്കളെയെല്ലാം വളർത്തി ഈ നിലയിലെത്തിച്ചത്. അതൊക്കെ ഓർക്കുമ്പോൾ ആ പിതാവിന്റെ ഹൃദയം നൊന്തുനീറും.

മൂത്തമക്കളും ബിസ്സിനസ്സെന്നും പറഞ്ഞു സമൂഹത്തിൽ മേനിനടിച്ചു കഴിയുകയാണ്. പക്ഷേ, പിതാവിനറിയാം അവരും വിറ്റു തീരാറായെന്ന്.

അദ്ദേഹം തന്റെ മുറിയിലിരുന്നുകൊണ്ട് ജനാലയിലൂടെ ദൂരേയ്ക്ക് നോക്കിക്കൊണ്ട് വീണ്ടും ചിന്തിച്ചു. എന്തോരം സ്ഥമമുണ്ടായിരുന്നു തനിക്ക്. എത്രമാത്രം കഷ്ടപ്പെട്ടാണ് താൻ അതൊക്കെയും ഉണ്ടാക്കിയത്.ഇന്ന് അതൊക്കെയും വാങ്ങി മറ്റുള്ളവർ നല്ലനിലയിൽ കഴിയുന്നു. നിസ്സാര വിലയ്ക്കാണ് ഓരോന്നും വിറ്റുതുലച്ചത്. ഇന്ന് അത് വാങ്ങിയവർക്കൊക്കെ സമൂഹത്തിൽ നിലയും വിലയുമുണ്ട്. ഇന്ന് കാണും വിധം അത് കൃഷിചെയ്തു ഉണ്ടാക്കിയ തന്റെ അവസ്ഥയോ... ഇനി ഒരിക്കൽക്കൂടി ആ നല്ലകാലം തിരിച്ചു കിട്ടുമോ.?

ഒരുകാലത്ത് താൻ വലിയ മീറ്റിംഗുകളിലൊക്കെ പങ്കെടുത്തത് അദ്ദേഹം മനസ്സിലോർത്തു. നാട്ടിലെ പ്രമുഖർ മാത്രം അതിഥികളായി പങ്കെടുക്കുന്ന യോഗങ്ങൾ... പഞ്ചായത്തുതല മീറ്റിംങ്ങുകൾ, കർഷക യോഗങ്ങൾ, സെമിനാറുകൾ...അന്ന് എത്രയോ വേദികളിൽ നിന്നാണ് താൻ ആദരവ് എറ്റുവാങ്ങിയിട്ടുള്ളത്. തന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാർ താൻ പോറ്റിവളർത്തിയ മക്കൾ തന്നെയാണ്. അവരെക്കുറിച്ചൊർക്കുമ്പോൾ വെറുപ്പ് തോന്നുമെങ്കിലും ശപിക്കാൻ അദ്ദേഹത്തിന് ആവില്ലല്ലോ...

പ്രായം ഇത്രേ ആയെങ്കിലും, ഭൂമിയൊക്കെ വിറ്റുപോയെങ്കിലും നഷ്ടപ്പെട്ടുപോയ ആ നല്ല കാലം ഒരിക്കൽക്കൂടി തിരികേ വരുമെന്ന് അദ്ദേഹത്തിന് ഇന്നും പ്രതീക്ഷയുണ്ട്.അതിനായി തന്നാൽ ആകും വിധം ഇന്നും പരിശ്രമിക്കുന്നുണ്ട്. നല്ലകാലം ഒരിക്കൽക്കൂടി തിരകെ വരുന്നതിന്... അതിന്റെ പ്രതീകമായി തന്റെ പിൻഗാമിയായി അദ്ദേഹം കാണുന്നത് കൊച്ചുമകൻ 'അബ്ദു' വിനെയാണ്.എന്നാൽ... കൃഷിയോടുള്ള കൊച്ചുമകന്റെ താൽപ്പര്യത്തെ തന്റെ മക്കൾ തല്ലിക്കെടുത്താൻ ശ്രമിക്കുന്നതിൽ അദ്ദേഹത്തിന് ദുഖമുണ്ട്.

"വല്ല്യാപ്പയെ പോലെ കൃഷിയേയും സ്നേഹിച്ചു നടന്നാൽ നിന്റെ ജീവിതം നശിച്ചു പോകത്തെയുള്ളൂ..."എന്നാണ് മക്കൾ കൊച്ചുമകനോട് പറയുന്നത്.

ഇപ്പോൾ ആകെയുള്ള ഒരേക്കർ ഭൂമിയും, വീടും കൂടി വിൽക്കാൻ ഇളയ മകൻ ശ്രമം നടത്തിയത്തിൽ ആ പിതാവിന് വല്ലാത്ത അമർഷവും, വേദനയുമുണ്ട്. പിതാവ് ജീവിച്ചിരിക്കുന്നിടത്തോളം ഭൂമി വിൽക്കാൻ സമ്മതിക്കില്ലെന്ന് അറിയാവുന്ന ഇളയ മകന്റെ മനസ്സിൽ താനൊരു കരടാണെന്ന് അദ്ദേഹത്തിന് നന്നായി അറിയുകയും ചെയ്യാം.

അദ്ദേഹത്തിന്റെ മനസ്സിൽ ഇന്നൊരു വലിയ ലക്ഷ്യമുണ്ട്. അതിനാണ് ശാരീരിക ബുദ്ധിമുട്ടുകൾ വകവെക്കാതെ ഇന്നും ആവേശത്തോടെ ജോലികളും മറ്റും ചെയ്യുന്നത്. എന്നാലും പണ്ടത്തേതുപോലെ കൈയിൽ ആവശ്യത്തിന് ചിലവഴിക്കാൻ പണമില്ലാത്തത് അദ്ദേഹത്തെ പലപ്പോഴും നിരാശപ്പെടുത്താറുണ്ട്.

വെള്ളിയാഴ്ചകളിൽ പള്ളിയിൽ പോകുമ്പോൾ പാവങ്ങൾക്ക് എന്തെങ്കിലുമൊക്കെ സംഭാവന കൊടുക്കാനും, ഭാര്യയുടെ മരണദിനം അടുക്കുമ്പോൾ എന്തെങ്കിലുമൊക്കെ നേർച്ചകൾ കഴിക്കാനുമൊക്കെ അദ്ദേഹം നന്നേ ബുദ്ധിമുട്ടാറുണ്ട്. അടുത്തകാലത്ത് നിർദനയായ ഒരു പെൺകുട്ടിയുടെ വിവാഹസഹായം ആവശ്യപ്പെട്ടുകൊണ്ട് അതിന്റെ പിതാവ് സമീപിച്ചിട്ട്...വേണ്ടവിധം ഒരു തുക സംഭാവന കൊടുക്കാൻ കഴിയാതിരുന്നത് ഇന്നും ഒരു തീരാദുഃഖമായി അദ്ദേഹത്തിന്റെ മനസ്സിൽ അവശേഷിക്കുന്നു.

മാസങ്ങൾ പലതു കടന്നുപോയി. കഴിഞ്ഞുപോയ നല്ലകാലം ഇനിയൊരിക്കലും തിരകെ വരില്ലെന്നും...തന്റെ മോഹങ്ങളൊക്കെ വെറും പാഴ് കിനാക്കൾ മാത്രമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു തുടങ്ങി.


കൃഷിയെ സ്നേഹിച്ചുകഴിയുന്ന തന്റെ കൊച്ചുമകന്റെ മുഖത്ത് നോക്കുമ്പോൾ മാത്രം അദ്ദേഹത്തിന് പ്രതീക്ഷകൾ കൈവരുമെങ്കിലും താൻ മൂലം അവന്റെ ഭാവിയും പോകുമോ എന്ന് അദ്ദേഹം ഭയന്നുതുടങ്ങി.

കഴിഞ്ഞകാല സ്വപ്നങ്ങളുടെ ചിറകിലേറി ജീവിച്ച് ഒടുവിൽ നിരാശയുടെ ഇടയിൽ പെട്ട് അദ്ദേഹം മെല്ലെ മെല്ലെ രോഗിയായി മാറി.എല്ലാവരുടേയും മുന്നിൽ അപഹാസ്യനായവനെപ്പോലെ ഒരു തോന്നൽ. പഴയതുപോലെ പുറത്തേക്കൊന്നും അധികം ഇറങ്ങാതെ തന്റെ മുറിയിൽ തന്നെ അദ്ദേഹം ചടഞ്ഞുകൂടി.

ഒരു വായോധികനായ പിതാവ് ആ മുറിയിൽ ഉണ്ടെന്നത് മക്കളോ, മരുമക്കളോ ഗൗനിക്കുന്നില്ലെന്നുതോന്നി. വല്ലപ്പോഴും ആ മുറിയിലേയ്ക്ക് കടന്നുചെല്ലുന്നതും... സ്നേഹത്തോടെ കുറച്ചുനേരം സംസാരിക്കുന്നതുമെല്ലാം കൊച്ചുമകൻ മാത്രമാണ്. കാലിനും കൈക്കും ഒക്കെ വേദനയുണ്ട് , കണ്ണിനു മൂടൽ, തനിയേ നടക്കാനും ചെറിയ ബുദ്ധിമുട്ടുണ്ട്.അതുകൊണ്ടൊക്കെ തന്നെ അയാൾ പുറത്തേയ്ക്ക് ഇറങ്ങിയിട്ട് ദിവസങ്ങളായിരുന്നു.

ഇടയ്ക്കൊക്കെ കൊച്ചുമകൻ വന്ന് നിർബന്ധിച്ചു പുറത്തേയ്ക്ക് ക്ഷണിക്കുമെങ്കിലും ആ പിതാവ് പോയില്ല... അത്രനാളും കാത്തു പരിപാലിച്ച തന്റെ കൃഷിയിടം ഒന്ന് കാണാമെന്നും തോന്നിയില്ല. നിരാശ അത്രമേൽ അദ്ദേഹത്തിന്റെ മനസ്സിനെ ബാധിച്ചുകഴിഞ്ഞിരുന്നു. ഒരു നാൾ തന്റെ കൊച്ചുമകനെ സ്നേഹത്തോടെ ചേർത്തുനിറുത്തി അദ്ദേഹം പറഞ്ഞു.

"മോനേ കൃഷി ഒരു മോശം തൊഴിലല്ല...അതിന്റെ മഹത്വം അറിയാത്തവർക്കാണ് അതിനോട് പുച്ഛം. വല്ല്യാപ്പ ഈ കാണുന്നത്രയും ഉണ്ടാക്കിയത് കൃഷി ചെയ്താണ്. നിന്റെ ബാപ്പയ്ക്കും, സഹോദരങ്ങൾക്കും കൃഷിയോട് പുച്ഛമാണ്.എന്റെ പാരമ്പര്യം നിലനിറുത്താൻ... എന്റെ പിൻഗാമിയായി നീ ഉണ്ടാവണമെന്ന് വല്ല്യാപ്പ അതിയായി ആഗ്രഹിക്കുന്നു. എന്നാലും ഞാൻ നിന്നെ നിർബന്ധിക്കുന്നില്ല... ഞാൻ നിർബന്ധിച്ചതുകൊണ്ട് നിനക്ക് നിന്റെ ഭാവി നഷ്ടമായി എന്നൊരിക്കലും തോന്നരുത്. കാരണം കൃഷി എല്ലാ തൊഴിലും പോലെയല്ല... മണ്ണിനോട് ഇണങ്ങിനിന്നുകൊണ്ട്, അതിന്റെ മനസ്സറിഞ്ഞ് , ആത്മാർത്ഥതയോടെ, ദൈവചിന്തയോടെ ചെയ്യേണ്ടുന്ന ഒന്നാണ്. മനസ്സുകൊണ്ട് ഇഷ്ടമില്ലെങ്കിൽ ഒരിക്കലും ഒരാൾക്ക് ഈ തൊഴിലിൽ ശോഭിക്കാനാവില്ല.ഇനിയെല്ലാം മോന്റെ ഇഷ്ടം."അദ്ദേഹം കൊച്ചുമകന്റെ കൈകളിൽ ചുംബിച്ചു.

മറുപടിയൊന്നും പറയാൻ നിൽക്കാതെ വല്യപിതാവിനെ ചേർത്തണച്ചുകൊണ്ട് അന്ന് അവൻ മുറിവിട്ടിറങ്ങിപ്പോയി. അങ്ങനെ മാസങ്ങൾ പലതുകഴിഞ്ഞുപോയി.

ഒരിക്കൽ ഉച്ചമയക്കം കഴിഞ്ഞ് കട്ടിലിൽ എഴുന്നേറ്റിരുന്ന അദ്ദേഹം എന്തോ ഒരു പ്രത്യേകതയോടെ മുറിയിലാകെ കണ്ണോടിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ വികസിച്ചു. പ്രത്യേക ഒരു ആവേശത്തോടെ അദ്ദേഹം കട്ടിലിൽ നിന്ന് പിടഞ്ഞെഴുന്നേറ്റു. എവിടെനിന്നോ ആ സുഗന്ധം കാലങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ മൂക്കിലേയ്ക്ക് വീണ്ടും വീണ്ടും അടിച്ചുകയറി.

ചുമരിൽ പിടിച്ചുകൊണ്ട് അദ്ദേഹം അടുത്ത മുറിയിലേയ്ക്ക് എത്തിനോക്കി. അതാ, വീടിന്റെ ഹാൾ മുറി നിറയെ ചുവന്നുപഴുത്ത കുരുമുളക് കുന്നുകൂടി കിടക്കുന്നു. നല്ല കരിമുണ്ട മുളക്. അതിന്റെ മണികൾ തന്നെനോക്കി ചിരിക്കുകയാണെന്നു തോന്നും. ഒരുപാട് കാലങ്ങൾക്ക് ശേഷമുള്ള കാഴ്ച. ഇത്രയധികം മുളക് എവിടുന്നാണ്... അദ്ദേഹം ആകാംഷകൊണ്ടു.ഈ സമയം പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ കൊഞ്ചുമോൻ അവിടേയ്ക്ക് നടന്നുവന്ന്.

"വല്ല്യാപ്പാ എഴുന്നേറ്റോ? ഞാൻ വല്ല്യാപ്പയെ വിളിക്കാൻ വേണ്ടി വരികയായിരുന്നു. ഇത് കണ്ടോ നമ്മുടെ മലയിലെ പറമ്പിൽ വിളഞ്ഞതാണ്... പുതുതായി നട്ട കൊടിയിൽ. ഇന്ന് വിളവെടുപ്പ് കഴിഞ്ഞു. എല്ലാംകൂടി കൂടി കൊണ്ടുവന്നിട്ട് പറയാമെന്നു കരുതി. വല്ല്യാപ്പയ്ക്ക് സന്തോഷമായോ?" അവൻ സ്നേഹത്തോടെ ചോദിച്ചു. ഒരുനിമിഷം ആ പിതാവിന്റെ മുഖം സന്തോഷത്താൽ വിടർന്നു.

ആർക്കും വേണ്ടാതെ കിടന്ന മലമണ്ണിൽ തന്റെ പാരമ്പര്യ തൊഴിലായ കൃഷി ചെയ്ത് തന്റെ കൊച്ചുമകൻ ഒരുപാട് വിളവ് ഉണ്ടാക്കിയിരിക്കുന്നു. നിരാശ ബാധിച്ച തന്റെ സ്വപ്നങ്ങൾക്ക് ഇതാ കൊച്ചുമകൻ ചിറക് മുളപ്പിച്ചിരിക്കുന്നു. തനിക്കൊരു പിൻഗാമി ഉണ്ടായിരിക്കുന്നു. ആനന്ദാശ്രുക്കൾ നിറഞ്ഞ മിഴികളോടെ തന്റെ കൊച്ചുമകനെ നെഞ്ചോട്‌ ചേർത്തുപുൽകിക്കൊണ്ട് അദ്ദേഹം മുത്തങ്ങൾ കൊണ്ട് പൊതിഞ്ഞു .

ഒന്നാം ഭാഗം അവസാനിച്ചു.


ഭാഗം 2

ജില്ലാതലത്തിലെ മികച്ച യുവകർഷകനെ ആദരിക്കുന്ന വേദിയിലിരിക്കവേ തന്റെ പേരെഴുതിയ ഫ്ളക്സ്ബോർഡ് കണ്മുന്നിൽ തെളിഞ്ഞുനിൽക്കുമ്പോൾ. അബ്‌ദുവിന്റെ മനസ്സിൽ ഒരു കുളിരനുഭവപ്പെട്ടു. സുഖമുള്ളകുളിര്. ആ സമയം അവന്റെ മനസ്സിൽ തന്റെ ഗ്രാമവും, വീടും, തൊടിയും, പാടവുമെല്ലാം  ഒരുനിമിഷം മിന്നിമറഞ്ഞു.


തന്റെ വീടും ,കൃഷിയിടവും ,ജിവീതവുമെല്ലാമായി ബന്ധപ്പെട്ടുള്ള ...തന്നെ ഈ അവാർഡിന്നർഹനാക്കിയ ...തന്റെ എല്ലാമെല്ലാമായ വല്ല്യപിതാവിന്റെ രൂപം ...അവന്റെ മനസ്സിലും ,മുഖത്തും സന്തോഷം വിടർത്തി .അവനൊരുനിമിഷം ചിന്തിച്ചു ...വല്ല്യാപ്പ ,ഇപ്പോൾ എവിടെയാവും .?എന്തെടുക്കുകയായിരിക്കും .?

പാടത്തോ ,അതോ പറമ്പിലോ ,അതോ വീടിനും ... ടൗണിനും ഇടയിലുള്ള ചെമ്മൺപാത താണ്ടി പീടികയിലേക്കു നടക്കുകയായിരിക്കുമോ .?ഇല്ല വല്ല്യാപ്പ ഇപ്പോൾ ... കൃഷിയിടത്തിലാവും ഉള്ളത് .

പകൽമുഴുവനും ആ കൃഷിയിടത്തിലാണ് വല്ല്യാപ്പ തന്റെ സമയം ചെലവിടുന്നത് .അവിടെ ചെടികളോടും ,മരങ്ങളോടും ,തന്റെ കൃഷിവിളകളോടുമെല്ലാം ...കുശലംപറഞ്ഞുകൊണ്ട് ...അവയെപരിപാലിച്ചുകൊണ്ട് തന്റെ വടിയുംകുത്തി അങ്ങനെ നടക്കും വല്ല്യാപ്പ .ഒരിക്കൽ വല്ല്യാപ്പ ,തന്നോടുചോദിച്ചു .

"എന്റെ ഈ കൃഷിയിടം ,ഞാൻ വിയർപ്പൊഴുക്കി ഉണ്ടാക്കിയ ഈ മണ്ണ് ...ഇതെല്ലാം കാത്തുസൂക്ഷിക്കാൻ എന്റെ പിന്മുറക്കാരനായി നീ ഉണ്ടാകുമോ .?"

അന്ന് മറുപടിയൊന്നും പറയാതെ താൻ ... ചിന്തയിലാണ്ടുനിന്നപ്പോൾ ...കൃഷിയേയും ,മണ്ണിനേയുമെല്ലാം പുച്ഛിച്ചുകൊണ്ട് ബിസ്സിനസെന്നു പറഞ്ഞുകൊണ്ട് മദ്യത്തിലും ,ചീട്ടുകളിയിലുമെല്ലാം മുഴുകിനടക്കുന്ന തന്റെ ബാപ്പയെ ,മനസ്സിലോർത്തുകൊണ്ടെന്നവണ്ണം വല്ല്യാപ്പപറഞ്ഞു .

"നിന്റെ ബാപ്പയെ നോക്കിയിട്ട് കാര്യമില്ല .അവനെന്നും കൃഷിയോട് പുച്ഛമാണ് ."

"ഞാനുണ്ടാവും വല്ല്യാപ്പയുടെ പിന്മുറക്കാരനായി ."അന്ന് വല്ല്യാപ്പയെ സമാധാനിപ്പിക്കാനെന്നവണ്ണം താൻ മറുപടിനൽകി .

അതേ ,വല്യാപ്പ ഇപ്പോൾ ... കൃഷിയിടത്തിലെവിളകൾക്കിടയിൽ ... മുളച്ചുപൊന്തിയ കളകളെ പിഴുതുനീക്കുകയാവും ,കുലച്ചവാഴകൾക്ക് താങ്ങുകെട്ടുകയാവും ,പാടത്തു വെള്ളം നോക്കുകയാവും .

ഉച്ചകഴിയുമ്പോൾ ...ജോലികൾ നിറുത്തിവെച്ചുകൊണ്ട് ...കുളികഴിഞ്ഞു പതിയേ ചെമ്മണ്പാത താണ്ടി ടൗണിലേയ്ക്കു നടക്കും വല്ല്യാപ്പ .എന്നിട്ട് പ്രിയസുഹൃത്തിന്റെ കടത്തിണ്ണയിലിരുന്നുകൊണ്ട് കുശലംചോദിക്കും .രാഘവേട്ടനും ...വല്ല്യാപ്പയുമായുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട് .ഈ മലയോരത്ത് കുടിയേറിപ്പാർത്ത കാലം മുതൽ തുടങ്ങിയബന്ധം .

ഇരുവരും ഒരേമനസ്സും ... ചിന്താഗതിയുമുള്ളവർ .കൃഷിയെ സ്നേഹിക്കുന്നവർ .പ്രായമായതോടെ മക്കളുടെ നിർബന്ധംമൂലം കൃഷിയിൽനിന്നുവിട്ടുകൊണ്ട് ...മകന്റൊപ്പം കടയിൽ സമയം ചിലവഴിക്കുകയാണ് രാഘവേട്ടൻ .ഇരുവരുംകൂടി വർത്തമാനംപറഞ്ഞും ...പത്രം വായിച്ചുമെല്ലാം പീടികത്തിണ്ണയിലങ്ങനെ ഏറെനേരമിരിക്കും .

ചിലപ്പോഴെല്ലാം അവരുടെ സംസാരം പഴയകാല ഓര്മകളിലേയ്ക്കും ...ആ വസന്തത്തിലേയ്ക്കും ...നഷ്ടസ്വപ്നങ്ങളിലേയ്ക്കുമെല്ലാം ഊളിയിട്ടുപോകും .ആ സമയം ഒരുനെടുവീർപ്പോടെ വല്ല്യാപ്പ പ്രിയസുഹൃത്തിനോട് പറയും .

"എല്ലാം മടുത്തെടോ ...എത്രയുംവേഗം ഇവിടുത്തെ ജീവിതമൊന്നു തീർന്നുകിട്ടിയാമതിയെന്നേ ഉള്ളൂ ...!"

"എത്രയൊക്കെ ആഗ്രഹിച്ചാലും സമയമാകാതെ പോകാൻപറ്റുമോ .?ഇനിയും ജീവിതം ബാക്കിയുണ്ടെങ്കിലോ .?അതുകൂടി ജീവിച്ചുതീർക്കാതെപറ്റുമോ .?"രാഘവേട്ടൻ ചോദിക്കും .

"എന്തിനാടോ ഇങ്ങനൊരുജീവിതം .?ഒരു മകനുള്ളത് ഏതുരീതിയിലാണ് നടക്കുന്നതെന്നോർക്കുമ്പോൾ ...തലതല്ലി മരിക്കാൻതോന്നുന്നു. എനിക്കുള്ളതത്രയും ... ഉണ്ടാക്കാൻവേണ്ടി പട്ടിണികിടന്നതും ,കഷ്ടപ്പെട്ടതുമെല്ലാം അവനുവേണ്ടിക്കൂടിയായിരുന്നല്ലോ എന്നോർക്കുമ്പോൾ ...അവൻ എന്നെ നോക്കുമെന്നു പ്രതീക്ഷിച്ചിട്ടല്ല .എന്റെ കണ്ണടയുന്നതിനുമുമ്പേ ...അവനൊന്നു നന്നായിക്കണ്ടാൽമതിയായിരുന്നു .അവന്റെ ഭാര്യയുടേയും , മക്കളുടേയും കണ്ണുനീരുകണ്ടുമടുത്തെടോ ."

"താൻ സമദാനിക്കെടോ ...എല്ലാംശരിയാകും .അല്ലെങ്കിൽത്തന്നെ താനിത്രസങ്കടപ്പെടാനെന്തിരിക്കുന്നു .?മകൻ നന്നായില്ലെങ്കിലെന്താ .?തന്റെ പാത പിന്തുടരാൻ ഒരുകൊച്ചുമകനില്ലേ .?അവൻ നോക്കിക്കോളും ഇതെല്ലാം ."

"അതേ ,അതാണ് ഇപ്പോഴത്തെ എന്റെ ഏകസമാദാനം .എന്റെ സ്വത്തും ,പാരമ്പര്യവുമെല്ലാം കാത്തുസംരക്ഷിക്കാൻ അവനെങ്കിലുമുണ്ടല്ലോ എന്ന തോന്നൽ .ഇതൊന്നും കാണാൻ നിൽക്കാതെ എന്നെതനിച്ചാക്കി അവൾനേരത്തേപോയി ... ഭാഗ്യവതി ."പറഞ്ഞുനിർത്തുമ്പോൾ മിക്കവാറും വല്ല്യാപ്പയുടെ മിഴികൾ ഈറനണിഞ്ഞിട്ടുണ്ടാവും .

ഒടുവിൽ ...പള്ളിയിൽനിന്നും ബാങ്കുവിളിക്കുന്നതോടെ ...വർത്തമാനം അവസാനിപ്പിച്ചുകൊണ്ട് ... രാഘവേട്ടനോട് യാത്രപറഞ്ഞു വല്ല്യാപ്പ ,പള്ളിയിലേയ്ക്ക് നടക്കും .

നമസ്കാരം കഴിഞ്ഞു മടങ്ങുംനേരം തന്റെ പ്രിയതമയുടെ കബറിടത്തിനരികിലെത്തി ...ഒരു ഫാത്തിഹയെങ്കിലും ഓതി , പ്രാർത്ഥിച്ചിട്ടേ വല്ല്യാപ്പ മടങ്ങാറുള്ളൂ .ഇത് തുടങ്ങിയിട്ട് പ്രിയതമയുടെവിയോഗം കഴിഞ്ഞിട്ടുള്ള അത്രയുംവർഷം പിന്നിടുന്നു .

വിവാഹംകഴിച്ചതിന്റെ പത്താംവർഷം തന്നെ വിട്ടുപിരിഞ്ഞുപോയ പ്രിയതമയെമറന്നുകൊണ്ട് വീട്ടുകാരുടേയും ,നാട്ടുകാരുടേയുമൊന്നും നിർബന്ധത്തിനുവഴങ്ങി മറ്റൊരുവിവാഹം കഴിക്കാൻ വല്ല്യാപ്പ തയ്യാറായില്ല .

പകരം ,മക്കളെ നന്നായിവളർത്തുകയും ,വിവാഹം കഴിപ്പിച്ചയക്കുകയും ,തന്റെ കൃഷിയിടത്തിൽ പൊന്നുവിളയിക്കുകയും ചെയ്തു .പ്രിയതമയുടെ വിയോഗത്തെ തന്റെ ഒറ്റയാൻ ജീവിതംകൊണ്ട് നേരിടുകയാണ് വല്ല്യാപ്പ ചെയ്തത് .

മരിച്ചു വർഷങ്ങൾകഴിഞ്ഞിട്ടും പ്രിയതമയുടെ ഓർമ്മയിൽകഴിയുന്ന ,അവളുടെ കബറിടത്തിലെത്തി നിത്യവും പ്രാർത്ഥിക്കുന്ന ,അവൾക്കുവേണ്ടി പുണ്യപ്രവൃത്തികൾചെയ്യുന്ന വല്ല്യാപ്പയുടെ മാഹാത്മ്യത്തെപ്പറ്റി നാട്ടുകാരും ,പള്ളിയിലെ മുസ്ല്യാരുമെല്ലാം പുകഴ്ത്തിപ്പറയുന്നത്‌ അബ്ദു പലപ്പോഴുംകേട്ടിട്ടുണ്ട് .

"ഇന്നത്തെക്കാലത്ത് ഇതുപോലെചെയ്യുന്ന എത്രപേരുണ്ട് .?എത്രയോപേർ ഈ പള്ളിയിൽ കബറടക്കപ്പെട്ടിരിക്കുന്നു .അവരുടെയെല്ലാം ബന്ധുക്കളിൽ എത്രപേർ ഇങ്ങനെ പ്രാർത്ഥിക്കാനെത്തുന്നുണ്ട് .?"അവർക്കെല്ലാംകൂടിയുള്ള വല്ല്യാപ്പയുടെ മറുപടി ഇതാണ് .

"കാലമെത്രകഴിഞ്ഞാലും എന്റെ പ്രവർത്തനങ്ങൾക്ക് ...ഇന്നും ...ശക്തിപകരുന്നത് അവളുടെ ഓർമ്മകളാണ് .ആ ഓർമ്മകൾ ...അതെന്നും ഞാൻ പുതുക്കിവെക്കുന്നു ."ഇതാണ് വല്ല്യാപ്പയുടെ ഭാഷ്യം .

പലപ്പോഴും രാത്രിനമസ്‌കാരംകൂടി കഴിഞ്ഞാവും വല്ല്യാപ്പ വീട്ടിലേക്കുമടങ്ങുന്നത് .വരുന്നവഴി തന്റെ സുഹൃത്തുക്കളോടും , നാട്ടുകാരോടുമെല്ലാം കുശലം പറയുകയും ...ക്ഷേമം അന്നോഷിക്കുകയുമൊക്കെ ചെയ്യും .

വല്ല്യാപ്പ ,വീട്ടിലെത്തുന്ന സമയം ...മദ്യപിച്ചെത്തിയ ...തന്റെ ബാപ്പ ,ഉമ്മയോടും ,സഹോദരിയോടുമെല്ലാം ... ദേഷ്യപ്പെടുകയാവും .ഇതെല്ലാം കണ്ടുകൊണ്ടു നിശബ്ദനായി കണ്ണുനീരൊഴുക്കി വല്ല്യാപ്പ പൂമുഖത്തെ കസേരയിലിരിക്കും.

ഒടുവിൽ ...എല്ലാംശാന്തമായികഴിയുമ്പോൾ ...തന്റെ മുറിയിലേക്കുകടന്നുവന്നുകൊണ്ട് വല്ല്യാപ്പ തന്നെ ആശ്വസിപ്പിക്കും .

"നീ ഇതൊന്നുംകണ്ടുസങ്കടപ്പെടണ്ട. നിനക്കുഞാനുണ്ട് .നീ നന്നായി പഠിക്കണം .പഠിച്ചുവലിയആളാകണം .ഇനി നീ വേണം ഉമ്മയേയും ,സഹോദരിയേയും നോക്കാൻ .അതോടൊപ്പംതന്നെ നമ്മുടെ സ്വത്തും കൃഷിയിടവുമെല്ലാം കാത്തുസംരക്ഷിക്കണം .കൃഷി ഒരിക്കലും മോശംതൊഴിലല്ല .പണികളിൽ ഏറ്റവുംനല്ലപണി കൃഷിപ്പണിയാണ് .ഐഷ്വര്യമുള്ളപണി .ഞാനീ കാണുന്നതെല്ലാം ഉണ്ടാക്കിയത് കൃഷിചെയ്താണ് .പക്ഷേ ,നിന്റെ ബാപ്പ ,അതുമനസ്സിലാക്കാതെപോയി .അതാണ് എന്റെ സങ്കടം .നീ ഇത് മനസ്സിലാക്കുമെന്നെനിക്കുറപ്പുണ്ട് ."

പുലർച്ചെ ,മികച്ചയുവകർഷകനുള്ള അവാർഡ് ഏറ്റുവാങ്ങാനായിപുറപ്പെടാൻനേരം ...വല്ല്യാപ്പ തന്നെ അരികിലേയ്ക്കുവിളിച്ചു ... വാത്സല്യത്തോടെ തഴുകിക്കൊണ്ട് പറഞ്ഞു .

"അത്രദൂരം വണ്ടിയിൽ യാത്രചെയ്യാൻ ... എനിക്കുവയ്യാ .രാവിലേമുതൽ നെഞ്ചിനുള്ളിലൊരു വേദന .ഗ്യാസിന്റെയാവും ...ഇല്ലെങ്കിൽ ഞാനുംകൂടി നിന്റൊപ്പം വന്നേനേ .എനിക്കുസന്തോഷമായി .എനിക്കൊരു പിൻഗാമി ഉണ്ടായല്ലോ .?എന്റെ മണ്ണും ,കൃഷിയിടവുമെല്ലാം ... സംരക്ഷിക്കാൻ ഒരു യുവകർഷകൻ .നിന്റെ ബാപ്പയിൽ നിന്ന് എനിക്കുകിട്ടാതെപോയത് നീയായിട്ടു തിരിച്ചുതന്നു .ഇനിയെനിക്ക് സന്തോഷത്തോടെ മരിക്കാം ."അതുപറയുമ്പോൾ വല്ല്യാപ്പയുടെ ശബ്ദം സന്തോഷത്താൽ വിറകൊണ്ടു .

അനുമോദനത്തിനും ...അവാർഡുദാനത്തിനുമായി തന്റെ പേര് മൈക്കിലൂടെ ഉയർന്നുകേട്ടതും ...ഓർമ്മയിൽനിന്നു മുക്തനായിക്കൊണ്ട് കസേരയിൽ നിന്നെഴുന്നേറ്റ് സ്റ്റേജിനുനേർക്കു നടന്നു അബ്ദു .

അവാർഡുവാങ്ങി വല്ല്യാപ്പയെ കാണാനുള്ള ആവേശത്തോടെ ...വീട്ടിലേയ്ക്കുള്ള ചെമ്മൺപാതയിലൂടെ ...അബ്ദു ബൈക്ക് ്പായിച്ചു .വീട്ടിലേയ്ക്കുള്ള ഇടവഴി തിരിയുന്നിടത്തെത്തിയതും ...പതിവില്ലാത്തവിധം അയൽക്കാരിൽ ചിലർ ... തന്റെ വീടുലക്ഷ്യമാക്കി അതിവേഗംനടന്നുപോകുന്നത് അവൻ കണ്ടു .

"ഹാർട്ടറ്റാക്ക് ആവും ."അവരിൽ ഒരാൾ പറഞ്ഞു .

"അതെ ,ഇന്ന് ഉച്ചയ്‌ക്കുകൂടി കണ്ടതാണ് ."മറ്റൊരാൾ പറഞ്ഞു.

"മനുഷ്യന്റെകാര്യം ഇത്രേയുള്ളൂ .മരണം എപ്പോഴാണുകടന്നുവരുന്നതെന്ന് ആർക്കും അറിയാനാവില്ല ."മറ്റൊരുവന്റെസംസാരം .

അബ്‌ദുവിന്റെ മനസ്സ് ഭയംകൊണ്ടുവിറച്ചു .തന്റെ വീട്ടിൽ എന്താണുസംഭവിച്ചത് .?ആരാണുമരിച്ചത് .?അവൻ അതിവേഗം വീട്ടിലേയ്ക്ക് ബൈക്ക് പായിച്ചു .വീട്ടുമുറ്റത്തു വല്ല്യാപ്പയുടെ പ്രിയസുഹൃത്ത് രാഘവേട്ടൻ ,നിൽക്കുന്നതു കണ്ടതും അബ്‌ദുവിന്റെ ഭീതിവർധിച്ചു .

ഈ സമയം അവന്റെ അരികിലേയ്ക്ക് ഓടിയെത്തിക്കൊണ്ട് അവന്റെ ബാപ്പ പറഞ്ഞു .

"അബ്‌ദു ,നിന്റെവല്ല്യാപ്പ പോയെടാമോനേ. നീ അവാർഡുവാങ്ങി വരുന്നതുകാണാനുള്ള ഭാഗ്യം നിന്റെ വല്ല്യാപ്പയ്ക്ക് ഇല്ലാതെപോയി."

ബാപ്പയുടെ വാക്കുകൾകേട്ട് അബ്‌ദുവിന്റെ ഹൃദയം ഒരുനിമിഷം സ്തംഭിച്ചുപോയി .അവന്റെ കൈയിൽനിന്ന് അവാർഡുഫലകവും ,പൊന്നാടയും ഊർന്നുവീണു .

"എന്റെ പ്രിയപ്പെട്ട വല്ല്യാപ്പാ ...അങ്ങയുടെ ആഗ്രഹംപോലെ മികച്ചയുവകർഷകനുള്ള അവാർഡുവാങ്ങി ...ഈ കൊച്ചുമകൻ വരുന്നതു കാത്തുനിൽക്കാതെ എന്നെ തനിച്ചാക്കിപ്പോയല്ലോ.? ഇനി ആരുണ്ട് എനിക്ക് കൂട്ടുകൂടാൻ?" അവൻ വല്യാപ്പയെ കെട്ടിപ്പുണർന്നുകൊണ്ടലമുറയിട്ടു കരഞ്ഞു. ആ കാഴ്ച ഒരുനിമിഷം അവിടെയെത്തിയ നാട്ടുകാരുടെ മിഴികളേയും ഈറനണിയിച്ചു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ