mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം  2

കാടിനകത്തെ കൈവഴിയിലൂടെ ഒഴുകി അവസാനം മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളത്തിൽ കുളിച്ചു രസിക്കുകയായിരുന്നു കുട്ടികൾ. ആ കൊച്ചു വെള്ളച്ചാട്ടത്തിന് അരികിലുള്ള പാറയിൽ ഇരുന്ന് ഗോപി അവരുടെ പ്രവർത്തികൾ കണ്ടിരിക്കുകയായിരുന്നു.

താൻ അറിവ് പകർന്ന് നൽകുന്ന കുട്ടികളാണ്. ഇന്നത്തെ ക്ലാസ് കഴിഞ്ഞിട്ടുള്ള കളിയും ചിരിയും ആണ് ഇതെല്ലാം. ഇവിടത്തെ ഈ കുളിയും കഴിഞ്ഞ് കാട്ടിലെ കായ്കനികളോ, നിലത്ത് ഒടിഞ്ഞുവീണു കിടക്കുന്ന ചെറിയ വിറക് കഷണങ്ങളോ പെറുക്കി കൂട്ടിലേക്ക് തിരിക്കും. ഇത് എന്നും ഇങ്ങനെ തുടർന്നു പോകുന്നു. താൻ ഈ പകർന്നു നൽകുന്ന അറിവ് ശേഖരിച്ചിട്ട് അവർക്ക് വേറെ ഒന്നും നേടാൻ ഇല്ല.തനിക്കും ഉണ്ടായിരുന്നു ഒരു ബാല്യം.

നേരം വെളുക്കുന്നതിനു മുന്നേ തന്നെ കയ്യിൽ കരുതുന്ന പുസ്തക സഞ്ചിയുമായി തന്റെ കുടിലിൽ നിന്ന് പട്ടണത്തിലേക്കുള്ള ഓട്ടം. ഈ ഓട്ടത്തിനിടെ പ്രഭാതകൃത്യങ്ങളെല്ലാം കാടിനുള്ളിൽ വച്ച് തന്നെ സാധിക്കും. അന്ന് മനസ്സിനുള്ളിൽ ഒരു ലക്ഷ്യമുണ്ടായിരുന്നു. എന്നാൽ ഇന്ന്....

പെട്ടെന്ന് പിറകിൽ ആരുടെയോ കാല്പരുമാറ്റം കേട്ടതും ഗോപി തിരിഞ്ഞു നോക്കി. അമ്മയായിരുന്നു അത്. കയ്യിൽ ഒരു പൊതിയും ഉണ്ടായിരുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളുടെ പ്രതിഫലം ആ മുഖത്ത് കാണാമായിരുന്നു.

"അമ്മേ എന്താ ഈ സമയത്ത്?"

"നിന്നെ കാണാൻ സമയം നോക്കിയിട്ട് കാര്യമുണ്ടോ? ഞങ്ങളെ കാണാൻ നിനക്ക് ആ കുടിലിലേക്ക് ഒന്നു വന്നുകൂടെ.."

അമ്മയുടെ പരിഭവം നിറഞ്ഞ വാക്കുകൾ കേട്ടതും ഗോപിയുടെ ശിരസ്സ് താണു.

"നീ ആർക്കുവേണ്ടിയാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്. ഈ കഷ്ടപ്പാടുകൾക്ക് ഒക്കെ ഒരു പ്രതിഫലം ഉണ്ടോ അതും ഇല്ല.. കാടും നാടും തമ്മിൽ വ്യത്യാസം ഉണ്ട്. അത് നിനക്ക് ഇതുവരെ മനസ്സിലായിട്ടില്ലേ? നീ വലിയ പഠിപ്പുകാരൻ അല്ലേ."

അമ്മയുടെ കുറ്റപ്പെടുത്തലുകൾക്ക് ഗോപിക്ക് മറുപടി ഉണ്ടായില്ല. തന്റെ വാക്കുകൾ മകനെ വേദനിപ്പിച്ചെന്ന് ആ അമ്മയ്ക്ക് തോന്നി. അവർ ശാന്തതയോടെ ആ ചുമലിൽ കൈകൾ വച്ചു.

"ഞാൻ നിന്നെ കുറ്റപ്പെടുത്തിയതല്ല. ഈ പഠിപ്പുകൊണ്ട് നീ എന്തു നേടി? ചിന്തിച്ചിട്ടുണ്ടോ നീ... നീ എടുത്ത കഷ്ടപ്പാടുകൾക്ക് നിനക്ക് പ്രതിഫലം വേണമെങ്കിൽ നീ ഈ കാട് കയറണം. ഞങ്ങളെക്കുറിച്ച് ഓർത്ത് നീ വിഷമിക്കേണ്ട."

അമ്മ പറയുന്നതിൽ കാര്യമുണ്ടെന്ന് തനിക്ക് തോന്നി തുടങ്ങിയിട്ട് കാലം ഒത്തിരിയായി.

"ഈ കാടിനുള്ളിലൂടെ പുസ്തക സഞ്ചിയുമായി ഞാൻ ഓടിയ ഓട്ടം എനിക്ക് വേണ്ടി മാത്രം ആയിരുന്നില്ല. മനസ്സിൽ ഒരു ലക്ഷ്യം ഉണ്ടായിരുന്നു. എനിക്ക് കിട്ടിയ അറിവ് ഈ കാടിന്റെ മക്കൾക്ക് കൂടി പകർന്നു നൽകണമെന്ന്. ചോർന്നൊലിക്കാത്ത ഒരു കെട്ടിടം, പഠിക്കാൻ ആവശ്യമായ പുസ്തകങ്ങൾ, അവർക്കുള്ള ഭക്ഷണം... എല്ലാറ്റിനും വേണ്ടി കയറിയിറങ്ങാത്ത സ്ഥലങ്ങൾ ഇല്ല. അമ്മ പറഞ്ഞതാണ് ശരി. ഞാനും മടുത്തിരിക്കുന്നു. "

നിരാശയോടെ ഗോപി തലതാഴ്ത്തി.

"കാടിന്റെ വെളിച്ചം നമ്മുടെയൊക്കെ മനസ്സുകളിൽ ആണ് മോനെ. അതു മനസ്സിലാക്കാൻ ഒരു ഉദ്യോഗപ്രമാണിമാർക്കും കഴിയുകയില്ല."

അമ്മയുടെ ആ വാക്കുകൾക്ക് മറുപടി പോലെ ഗോപി  തലയാട്ടി.

"അമ്മ പറഞ്ഞതാണ് ശരി. ദാ... ആ വെള്ളത്തിൽ കളിക്കുന്ന കുട്ടികളെ കണ്ടോ. അവർക്ക് വേണ്ടത് ഞാൻ പഠിച്ച അക്ഷരത്തിന്റെ വെളിച്ചം അല്ല. മറിച്ച് എരിയുന്ന വയറിന് ഒരു നേരത്തെ അന്നം ആണ്. ഒറ്റപ്പെട്ട തുരുത്തിലെ ജീവിതങ്ങളാണ് ഇതൊക്കെ."

ഗോപിയുടെ കണ്ണുകൾ നിറയുന്നത് അമ്മ കണ്ടു.

"നീ കരയരുത്. വർഷങ്ങളോളം നീ സ്കൂളിലേക്ക് ഓടിയ നിന്റെ കാലടികൾ പതിഞ്ഞ വഴികൾ ഈ കാട്ടിൽ ഉണ്ട്.. ആ വഴികളിലൂടെയാണ് ഞങ്ങളൊക്കെ ഇന്ന് സഞ്ചരിക്കുന്നത്. അത് ഇന്ന് ഒരു നേരായ വഴിയാണ്. അത് നീ വെട്ടി തെളിച്ചതാണ്. ആ വഴികളിലൂടെ ഈ കാടിന്റെ മക്കളെ തേടി ആരെങ്കിലും ഒരിക്കൽ  വരും. ആ ഒരു വരവിനു വേണ്ടി നീ ഇവിടെ കാത്തിരിക്കേണ്ടതില്ല. നീ കഷ്ടപ്പെട്ടതിന്റെ പ്രതിഫലം നിനക്ക് ഇവിടെ നിന്നല്ല പകരം അങ്ങ് പട്ടണത്തിലാണ്. അവിടെ നീ ഒരു ജോലി നേടണം.... "

പാറയ്ക്കു മുകളിൽ നിന്ന് അമ്മയും ഗോപിയും താഴെ കുളി കഴിഞ്ഞ് തലതോർത്തുന്ന കുട്ടികളെ നോക്കി നിന്നു.

"ഒരു ജോലിയും കൂലിയും ഒക്കെ ആയി കഴിയുമ്പോൾ നിന്റെ മനസ്സ് ഒന്ന് തണുക്കും. നീ ഞങ്ങളെ ഓർത്ത് വിഷമിക്കേണ്ട. വല്ലപ്പോഴുമൊക്കെ ഞങ്ങളെ വന്നു കാണുക. അത്രമാത്രം മതി.... പിന്നെ കയ്യിൽ കിട്ടുന്ന പണത്തിൽ നിന്ന് കുറച്ചു പണം ദാ ആ കാണുന്ന മക്കളെ പോലെയുള്ളവർക്ക് വേണ്ടി ചെലവാക്കുക... ഇങ്ങനെയൊക്കെ നമുക്ക് ചെയ്യാൻ സാധിക്കു. വലിയ മോഹങ്ങൾ ഉണ്ടെങ്കിലും, ചെറിയ ചിറകു വച്ച് പറക്കാൻ ശ്രമിക്കുക."

അമ്മയുടെ വാക്കുകൾ അത്ഭുതത്തോടെയാണ് ഗോപികേട്ടു നിന്നത്. പലപ്പോഴും അമ്മയായിരുന്നു തന്റെ വഴികാട്ടി. അമ്മയുടെ വാക്കുകൾ കേട്ടേ താൻ മുന്നോട്ടു പോയിട്ടുള്ളൂ. താൻ ഇവിടെ വരെ എത്താൻ കാരണവും അമ്മ തന്നെയാണ്.

ഈ സമയം അമ്മ തന്റെ കയ്യിലിരുന്ന ഒരു പൊതി ഗോപിക്ക് നേരെ നീട്ടി.

"ഇത് പറമ്പിൽ നിന്ന കാച്ചിലിന്റെ  കഷ്ണങ്ങൾ പുഴുങ്ങിയതാ... ഞാൻ നിന്നെ കാണാൻ ഇറങ്ങുകയാണെന്ന് പറഞ്ഞപ്പോൾ അച്ഛൻ രണ്ടു കഷണം പൊതിഞ്ഞെടുത്തോളാൻ പറഞ്ഞതാ."

ഗോപി അത് വാങ്ങിച്ചു. അതിനുശേഷം അമ്മയെ നോക്കി.

"ഞാനിന്നു തന്നെ പട്ടണത്തിലേക്ക് പോവുകയാണ്. എന്റെ ഒരു കൂട്ടുകാരൻ അവിടെയുണ്ട്. അവനെ കണ്ട് ഒരു ജോലി തരപ്പെടുത്തണം. അമ്മ പറഞ്ഞതുപോലെ, ചെയ്യുന്ന ജോലിയിൽ നിന്ന് കിട്ടുന്ന കൂലിയിൽ ഒരു ഓഹരി ഇവർക്ക് വേണ്ടി മാറ്റിവയ്ക്കണം. വലിയ വലിയ സ്വപ്നങ്ങൾ എല്ലാം മാറ്റിവച്ച് കൊച്ചു സ്വപ്നങ്ങളിലൂടെ പറക്കാം."

ഗോപിയുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി. ഗോപി തന്റെ കയ്യിലിരുന്ന കൊതി തുറന്നു. അതിൽനിന്ന് ഒരു കഷണം അമ്മയുടെ വായിൽ വച്ച് കൊടുത്തു. അമ്മയ്ക്കൊപ്പം അവിടെയിരുന്ന് അത് കഴിച്ചതിനുശേഷം ചുറ്റും നോക്കി.

താഴെ കുളി കഴിഞ്ഞ് കുട്ടികളെല്ലാം പോയി കഴിഞ്ഞിരിക്കുന്നു. പുറമേനിന്ന് കാടിന്റെ സൗന്ദര്യം വർണ്ണിക്കാൻ ആളുകളുണ്ട്. പക്ഷേ ഈ കാട് നൊമ്പരങ്ങൾ പൂക്കുന്ന ഒരു പൂമരം ആണ്.

പെട്ടെന്ന് അയാളുടെ മനസ്സിൽ കളക്ടറോട് പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു. താൻ നൽകിയ ഫയലുകൾ എല്ലാം ഇപ്പോഴും കളക്ടറുടെ മേശപ്പുറത്ത് തന്നെ ഉണ്ടാവും. അതിന് ജീവൻ വയ്ക്കുമോ, ഇല്ലയോ,എന്നുള്ളത് ഇപ്പോൾ തന്റെ പ്രശ്നമല്ല. എല്ലാം ശരിയാകും എന്ന് വിചാരിക്കാൻ തനിക്ക് ഒരിക്കലും ആവുകയില്ല. കാരണം അനുഭവം തന്നെ പലതും പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

ഇരുട്ടു വീണ കാടിന്റെ വഴിത്താരകളും, മണ്ണെണ്ണ വിളക്ക് എരിയുന്ന കുടിലുകളും, ചോർന്നൊലിക്കുന്ന സ്കൂൾ എന്നു പറയുന്ന കെട്ടിടവും, എല്ലാം ഇതുപോലെ തന്നെ ഉണ്ടാവും. ഒരു മാറ്റത്തിനായി ഈ കാടിന്റെ മക്കളെ എല്ലാവരെയും ഒന്നിച്ചു കൂട്ടാം. പക്ഷേ അത് നാളെ ഒരു പോരാട്ടമായി മാറുമ്പോൾ, പച്ചച്ചു നിൽക്കുന്ന ഈ കാട് രക്തവർണ്ണമായി തീരും. അതൊരിക്കലും പാടില്ല... ഒന്നുമറിയാത്ത ആദിവാസികളുടെ കൈകളിലേക്ക് ആയുധം വച്ചു കൊടുത്തുകൂടാ.... അത് ഒരു വലിയ തെറ്റായിരിക്കും. കാരണം താനും ഒരു ആദിവാസിയാണ്.

ഇവിടെ ശത്രുവും മിത്രവും എല്ലാം താൻ തന്നെയാണ്. താൻ ജനിച്ചു വളർന്നത് ഈ കാട്ടിലാണ്. നാലക്ഷരം പഠിച്ചത് പട്ടണത്തിലും. അതുതന്നെയാണ് തന്റെ തെറ്റും ശരിയും.

 ഇനിയുള്ളത് നിശബ്ദ യുദ്ധം ആണ്. 

 താൻ തന്നോട് തന്നെ ചെയ്യുന്ന യുദ്ധം.

 കയ്യിൽ വന്നുചേരുന്നതിന്റെ ഒരു ഓഹരി കാടിന്റെ മക്കൾക്കായി മാറ്റിവയ്ക്കണം.

 തന്റെ പോരാട്ടം ഇവിടെ അവസാനിക്കുന്നു.

 യുദ്ധത്തിൽ തോറ്റ പോരാളിയുടെ ജീവിതയാത്ര ഇവിടെ ആരംഭിക്കുന്നു.

(അവസാനിച്ചു)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ