mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Suma Sreekumar

ഈഓണത്തിനെന്തെങ്കിലുംവ്യത്യസ്തമായൊരനുഭവം വേണമെന്ന ഗ്രൂപ്പ് ചിന്തയിൽനിന്നുയർന്നുവന്ന ആശയങ്ങളാണ് അംബിക ടീച്ചറെ ഓർക്കാൻ പ്രേരിപ്പിച്ചത്. ഭാഷയുടെ ആൾരൂപമായ മലയാളം അദ്ധ്യാപിക.

വൃത്തലക്ഷണം ബോർഡിലെഴുതിയവസാനിപ്പിച്ച് ചോക്കുകൊണ്ട് ഒരു കുത്തും കൊടുത്ത് തിരിഞ്ഞു നോക്കുമ്പോഴുള്ള ആ ഭാവം  ഒന്നുമാത്രം മതിയല്ലോ അതിനെ എള്ളേഴാക്കിപ്പകർന്നു തരുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ. മാത്രമല്ല വിശന്നിരിക്കുന്നവർക്കുമുന്നിൽ ഭക്ഷണമായും ഒറ്റപ്പെടുന്നവർക്കൊപ്പം തുണയായും കരുതലായും  എത്തിയിരുന്ന സ്നേഹമയിയായ അമ്മ , കാലം മായ്ക്കാത്തഓർമ്മതന്നെ. വിദ്യാലയ ജീവിതത്തിൽ പലർക്കും മറക്കാനാവാത്ത മുഖം. എല്ലാവരുമൊരുപോലെ പറഞ്ഞു, അംബിക ടീച്ചറെ കാണാൻ പോവാം.. വീട്കൽമണ്ഡപത്തിനിടത്തോട്ടു തിരിയുന്ന ഭാഗത്തെവിടെയോ ആയിരുന്നെന്നു മാത്രമോർമ്മയുണ്ട്. പത്തിരുപത്തഞ്ച് വർഷം മുന്നേയുള്ള ഓർമ്മകളാണ്. നമ്പർ, മേൽവിലാസം ഇതൊക്കെ തപ്പിയെടുക്കുന്നതിൽ വിദഗ്ദനായ സച്ചുവിനെ വിവരശേഖരമേൽപ്പിക്കാൻ ധാരണയായി.

സച്ചു തിരഞ്ഞുപിടിച്ച വഴികളിലൂടെ നടന്ന നാൽവർ സംഘം വരദയുടെ മുന്നിലെത്തിയപ്പോൾ ഭംഗിയായി നട്ടുപിടിപ്പിച്ച പൂന്തോട്ടത്തിന്റെ ഭംഗികണ്ട് അദ്ഭുതത്തോടെ നോക്കിനിന്നു. കോളിങ്ങ് ബെല്ലായി പഴയ സ്കൂൾ ബെല്ലിനെ ഓർമ്മിപ്പിക്കുന്ന  താഴികക്കുടം പോലെയുള്ള മണി , പതുക്കെ ചരടുവലിച്ചു വിട്ടപ്പോൾ പഴയ കാലത്തെയോർമ്മകൾ തെളിഞ്ഞുവന്നു.

സ്പെഷൽക്ലാസ് ദിവസങ്ങളിൽ മണിയടിയ്ക്കാനുള്ള മോഹംകൊണ്ട്   പലപ്പോഴും ബ്രേക്ക് കഴിയാറാവുമ്പോൾ  ആരൊക്കെയോ ആഞ്ഞുവലിയ്ക്കുന്നതിന്റെ ഫലമായി മുഴങ്ങുന്ന കൂട്ടമണി  കേട്ട് ചൂരലുമായി വരുന്ന ഹെഡ്മാസ്റ്റർക്കു മുന്നിൽപ്പെടാതെ എവിടെയോ മറയുന്ന ബെല്ലടിച്ച വിരുതന്മാർ, പകരം മുന്നിലിരുന്ന പാവങ്ങൾ അനുഭവിയ്ക്കുന്ന ചൂരൽ കഷായം.... ഓർത്തപ്പോൾ അറിയാതെ ചുണ്ടിൽ ചിരിപടർന്നു.

"എന്താ ഗൗരീ... പഴയ മണിയടിയുടെ ഓർമ്മകളാവും ല്ലേ?"
എന്ന അലിയുടെ ചോദ്യം എല്ലാവരേയും ആ പഴയ കാലത്തേയ്ക്കുകൊണ്ടുപോയി.  ഓർമ്മകളയവിറക്കുന്നതിനിടയിൽ മണിച്ചിത്രത്താഴിലെ വാതിൽ തുറക്കുന്ന സ്വരവും അതിനു പിറകിൽഅംബികടീച്ചറുടെ രൂപവുമിറങ്ങിവന്നു.

സ്വതവേ മെലിഞ്ഞ രൂപം ഒന്നുകൂടെ മെലിഞ്ഞുണങ്ങിയിരിക്കുന്നു. ആഗതരെ മനസ്സിലാവാതെ അല്പനേരം അവർ നോക്കി നിന്നു .

ബാച്ചും പേരുമൊക്കെ പറഞ്ഞപ്പോൾ ടീച്ചറുടെ മുഖത്തെ അപരിചിതത്വം സ്നേഹത്തിനു വഴിമാറി. ഗൗരിയും അലിയും, സച്ചുവും, ജോണുമൊക്കെ അവരുടെ ഓർമകളിലേയ്ക്കോടിയെത്തി. കയ്യിൽ കരുതിയിരുന്ന മുണ്ടും നേര്യതുമവർക്കു നൽകി.

പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തുളുമ്പുന്ന സംഭാഷണങ്ങൾക്കിടയിൽ വേദനിപ്പിയ്ക്കുന്ന കുറേകാര്യങ്ങൾ മനസ്സിലായി .  ഏറെക്കുറെ നഷ്ടപ്പെട്ട കാഴ്ച സൃഷ്ടിക്കുന്ന നിഴൽരൂപങ്ങളാണവർക്കെല്ലാം. കുട്ടികളും കുടുംബവുമില്ലാതെ യാത്രയുടെ അവസാനത്തിൽ ഒറ്റപ്പെട്ടു ജീവിച്ചു തീർക്കുന്ന ജീവിതം. യാത്ര പറയാൻ നിന്നപ്പോൾ മുറ്റത്തു വന്നുനിന്ന ഓട്ടോറിക്ഷയിൽ നിന്നിറക്കിയ ടിഫിൻ കാരിയറുകൾ കണ്ട് എല്ലാവരുംഅമ്പരന്നുപോയി. സംസാരത്തിനിടയ്ക്കെപ്പഴോ അകത്തുപോയ, ടീച്ചർ ഏല്പിച്ച ഇലയടക്കമുള്ള സദ്യ ...

അതെല്ലാം ഉള്ളിലേയ്ക്കെടുത്തു വെച്ചപ്പോൾ വീണ്ടുമവരോർത്തു, ഇവർ പഴയ അംബികടീച്ചർതന്നെ! സ്ഥിര പരിചയം മൂലമാവാം 
ആ വീട്ടിനകത്തെ എല്ലാ കാര്യങ്ങളും അവർക്ക് നല്ല ധാരണയായിരുന്നു. 

ആഹാരംവിളമ്പുന്നതിനിടയിൽ അവർ ആറു ബൗളുകളിൽ ചോറും തൈരും കുഴച്ച് വെയ്ക്കുന്നതു കണ്ടു.
വിളിച്ചപ്പോൾ വിളികാത്തുനിന്ന പോലെയെത്തിയ ആറു സുന്ദരിപ്പൂച്ചകൾ. അവയെ നോക്കിവിളമ്പി വെച്ച ഇലയ്ക്കു മുന്നിൽ എല്ലാവരും ടീച്ചറെ കാത്തിരുന്നു. സ്വന്തം കുട്ടികളെപ്പോലെ സ്നേഹിക്കുന്ന പൂച്ചകൾ .
"കാലങ്ങളായിട്ടുള്ള കൂട്ടാ... അമ്മയും മക്കളുമൊക്കെയായി ഇവിടെ കൂടീട്ട് വർഷം ഏറെയായി. " പൂച്ചകളെ തഴുകിക്കൊണ്ടവർ പറഞ്ഞു.

ഭക്ഷണത്തിനുശേഷം അവ തിരിച്ചു പോയപ്പോൾ ടീച്ചറും കഴിക്കാൻ കൂടെയിരുന്നു. മേശയ്ക്കു ചുറ്റുമിരുന്ന്  ആസ്വദിച്ചു കഴിയ്ക്കുന്നതിനിടയിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. അന്ധകാരം തീർത്ത ഏകാന്തതയ്ക്കിടയിലവർ പുറംലോകംകണ്ട്  കാലമേറെയായിരിയ്ക്കുന്നു .  ഈ പൂച്ചകളാണ് ഇപ്പോഴവരുടെ ലോകം. രാത്രി കൂട്ടുകിടക്കാൻ വരുന്ന അടുത്തുള്ള സ്ത്രീയാണ്  അവർക്ക് പുറം ലോകത്തേയ്ക്കുള്ള ഏക ബന്ധം .

ഇറങ്ങാൻ നേരം ഗൗരി ചോദിച്ചു. 
"നമുക്കെല്ലാവർക്കും കൂടിയൊരു ദിവസം പുറത്തെവിടെയെങ്കിലും പോയാലോ ടീച്ചർ?"

"ഈ ലോകം മാത്രമേ ഇപ്പോഴെനിക്ക് പരിചയമുള്ളൂ'... പുറത്തിറ ങ്ങിയാൽ വലിയ പാടാ കുട്ടീ... നിങ്ങൾ വന്നൂലോ . ഒറ്റപ്പെടലിൽ പ്രതീക്ഷിക്കാതെ ഇങ്ങനെയൊരു നല്ല ഓണക്കാലം  കിട്ടീലോ.....സന്തോഷായി. ഈശ്വരൻ നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും തരട്ടെ. വല്ലപ്പോഴും  ഇതുപോലെ വരാൻ ! "

സ്നേഹം കലർന്ന പുഞ്ചിരിയോടെ അവരതു പറഞ്ഞപ്പോൾ ആറു കുറഞ്ഞിപ്പൂച്ചകളും അവർക്കു ചുറ്റും ഞങ്ങളുണ്ടെന്ന് പറയുന്നപോലെ സ്നേഹപൂർവ്വം തൊട്ടുരുമ്മി നിരന്നുനിന്നിരുന്നു .

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ