mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

office

Binobi Kizhakkambalam

കളക്ടറുടെ ഓഫീസിനു മുന്നിലെ ബെഞ്ചിൽ ഇരിക്കുമ്പോൾ ഗോപിയുടെ മനസ്സ് ഓർമ്മകളുടെ ലോകത്തായിരുന്നു. കാടിറങ്ങി ഇവിടെ എത്തിയിട്ടും ആ മനസ്സ് അപ്പോഴും കാട് കയറി നടക്കുകയായിരുന്നു.

കളക്ടറേറ്റിന്റെ വരാന്ത കേറി ഇറങ്ങാൻ തുടങ്ങിയിട്ട് നാൾ ഒത്തിരിയായി. ആർക്കും വേണ്ടാത്ത ഒരു സമൂഹത്തിനുവേണ്ടി ശബ്ദമുയർത്താൻ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷേ പിന്നിൽ അണിചേരാൻ ആരുമുണ്ടായില്ല.

ഈ ഒറ്റയാൾ പോരാട്ടം നിർത്തി കാട് കയറിയാലോ എന്ന് മനസ്സ് വിചാരിക്കുമ്പോൾ, ഒട്ടിയ വയറുമായി നിൽക്കുന്ന കുറേ മനുഷ്യ കോലങ്ങളുടെയും, അക്ഷരത്തിന്റെ ആദ്യപാഠം കൊതിക്കുന്ന കുറെ കുഞ്ഞുമക്കളുടെയും, വാവിട്ടു കരയുന്ന മക്കളുടെ കരച്ചിൽ നിർത്താൻ കാട്ടിൽ അന്നം തേടി പോകുന്ന മാതാപിതാക്കളുടെയും മുഖം മനസ്സിലേക്ക് ഓടി വരും.

അവസാനം കാടിന്റെ അടിമയായി, ചോർന്നൊലിക്കുന്ന ഒരു പള്ളിക്കൂടത്തിന്റെ ഒരു ഒറ്റ മുറിയിൽ ഇന്നും തന്റെ  ജീവിതയാത്ര തുടർന്നു പോകുന്നു. ആദിവാസി കുടികളിലെ ദാരിദ്ര്യം എന്നും ഒരു നോവുന്ന ഓർമ്മയാണ്. അടുപ്പത്ത് ഇരിക്കുന്ന കഞ്ഞിക്കലത്തിലെ ഒരുതരിപ്പറ്റും വെള്ളവും ആർത്തിയോടെ കൈയിട്ടുവാരുന്ന മക്കൾ.

ഒട്ടിയ മുലയിൽ നിന്ന് ഒരു തുള്ളി പാലിനു വേണ്ടി കടിച്ചു വലിക്കുന്ന കുഞ്ഞുങ്ങൾ... അവസാനം വിശപ്പു മാറാൻ ആവാതെ അതൊരു വാവിട്ട നിലവിളിയിൽ അവസാനിക്കുന്നു.

ഈ ജീവിത ദുരിതത്തിൽ നിന്ന് കരകയറാൻ എട്ടും പത്തും വയസ്സാകുമ്പോഴേക്കും താങ്കളുടെ വിശപ്പകറ്റാൻ  കാടിനകത്തേക്ക് അവർ കയറുന്നു. പഠനം എല്ലാം ഉപേക്ഷിച്ച് പൊന്തക്കാട്ടിൽ പതിയിരിക്കുന്ന ഇരയെയും, മാളത്തിൽ പതിയിരിക്കുന്ന എലിയെയും തേടി അവർ യാത്ര തുടങ്ങുന്നു.

ഈ പറഞ്ഞ മനുഷ്യരും ഈ ഭൂമിയുടെ അവകാശികൾ ആണെന്ന കാര്യം എല്ലാവരും മറന്നിരിക്കുന്നു. ഇവർക്കുവേണ്ടി കയറിയിറങ്ങാത്ത ഓഫീസുകൾ ഇല്ല. ഇവരുടെ ജീവിതനിലവാരം ഒന്ന് ഉയർത്തിക്കൊണ്ടു വരുവാൻ പല നേതാക്കളും  ആയി സംസാരിച്ചു. പക്ഷേ ആ ഒറ്റപ്പെട്ട സമൂഹത്തിന്റെ വേദന കാണാൻ ആരും തയ്യാറായില്ല. എന്തിന്... ഈ കളക്ടറേറ്റിൽ തന്നെ താൻ എത്രയോ പ്രാവശ്യം കയറി ഇറങ്ങിയിരിക്കുന്നു.

പഴയ കളക്ടർ മാറി പുതിയ ഒരാൾ ചാർജ് എടുത്തിട്ടുണ്ട് എന്ന് അറിഞ്ഞിട്ടാണ് താൻ ഒരിക്കൽ കൂടി ഇങ്ങോട്ട് വന്നത്. അതും ഒരു സ്ത്രീയാണെന്ന് അറിഞ്ഞപ്പോൾ നേരിൽ കാണാൻ തന്നെ തീരുമാനിച്ചു. അതിനുവേണ്ടിയുള്ള കാത്തിരിപ്പാണ്. പലരും കളക്ടറുടെ ഓഫീസിൽ കയറി ഇറങ്ങുന്നുണ്ട്. തന്റെ ഊഴത്തിനായി കാത്തിരിക്കുകയാണ് ഗോപി. 

 ജീവിതം എന്നും ഇങ്ങനെ കാത്തിരിപ്പിന്റേതാണ്... അതിനും ഒരു സുഖമുണ്ട്.  ആ കാത്തിരിപ്പിനൊടുവിൽ ഒരാൾ വന്ന് ഗോപിയോട് അകത്തേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു.

ഗോപി അകത്തേക്ക് കടന്നു ചെല്ലുമ്പോൾ കളക്ടർ ഏതോ ഫയലിൽ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു. മേശപ്പുറത്ത് വച്ചിരുന്ന കളക്ടർ ഹരിത മേനോൻ എന്ന നെയിംബോർഡിലേക്ക് ഗോപി നോക്കി. 

ആരുടെയോ കാൽപര്യമാറ്റം കേട്ടതും കളക്ടർ മുഖമുയർത്തി നോക്കി. അതിനുശേഷം ഗോപിയോട് ചെയറിൽ ഇരിക്കാൻ ആവശ്യപ്പെട്ടു.

"ഞാൻ നിങ്ങളുടെ ഫയൽ വായിച്ചു നോക്കുകയായിരുന്നു. ഇതിൽ പറയുന്നതിനോട് ഒക്കെ പൂർണമായി നമുക്ക് യോജിക്കാൻ കഴിയുമോ?. കാരണം ആദിവാസി ക്ഷേമത്തിനായി ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഒത്തിരിയേറെ പ്രൊജക്ടുകൾ ഇല്ലേ?"

കളക്ടറുടെ വാക്കുകൾ കേട്ടതും ഗോപിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

"ശരിയാണ് മാഡം പറഞ്ഞത്. പ്രൊജക്ടുകൾ ഒത്തിരിയുണ്ട്. അതൊക്കെ മാഡത്തിന്റെ മുന്നിലിരിക്കുന്ന ഇതുപോലത്തെ കുറെ ഫയലുകൾ മാത്രം. അത് കടലാസിൽ മാത്രം ഒതുങ്ങി പോയിരിക്കുന്നു. ആദിവാസി ക്ഷേമത്തിൽ എന്നും പറഞ്ഞ് അതിന്റെ ആനുകൂല്യം മുഴുവൻ അനുഭവിക്കുന്നത് അതിന് അർഹതപ്പെട്ടവർ അല്ല. അതിന്റെ തെളിവുസഹിതം ഞാനാ ഫയൽ വച്ചിട്ടുണ്ട്. അതു മാഡം കണ്ടില്ലെന്നു തോന്നുന്നു... "

ഗോപിയുടെ വാക്കുകൾ കേട്ടതും കളക്ടർ തലയാട്ടിക്കൊണ്ട് അയാൾ നോക്കി.

"ശരിയാണ്, ഇതൊന്നും മുഴുവൻ വായിക്കാൻ എനിക്ക് ഒരു അല്പം സമയം വേണം. അതുവരെ നിങ്ങൾ ഒന്ന് ക്ഷമിക്കണം. അതിനുശേഷം ഞാൻ ഒരു മറുപടി പറയാം."

കളക്ടറുടെ വാക്കുകൾ കേട്ടതും ഗോപിയുടെ ചുണ്ടിൽ പുഞ്ചിരി വളർന്നു.

"അങ്ങയുടെ വാക്കുകളിൽ പുതുമയായിട്ട് ഒന്നും എനിക്ക് തോന്നുന്നില്ല. കാരണം ഞാൻ ഇത് കുറെ കേട്ടതാണ്. പക്ഷേ മാഡം ഒന്നു മനസ്സിലാക്കണം. പ്രതികരണശേഷി നഷ്ടപ്പെട്ടവർ അല്ല ആദിവാസികൾ. കാട്ടിലെ മൃഗങ്ങളെ പോലെ മണ്ണിലൂടെ ഇഴയേണ്ടവർ അല്ല അവർ. അവർക്കും മക്കൾ ഉണ്ട്... കുടുംബവും ഉണ്ട്... അതിലേറെ അവകാശങ്ങളുമുണ്ട്."

ഗോപിയുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു.

"ഉവ്വ്, എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. ഞാനിവിടെ ചാർജ്ജ് എടുത്തതേയുള്ളൂ. ഇതൊന്നു പഠിക്കാൻ കുറച്ചു സമയം എനിക്ക് തരണം...'

കളക്ടർ ഇത് പറയുന്നതിനിടയിൽ ഗോപി ചെയറിൽ നിന്ന് എഴുന്നേറ്റു.

"അങ്ങേയ്ക്ക് ഇത് എത്ര ദിവസം വേണമെങ്കിലും ഇരുന്ന് പഠിക്കാം. ആ പഠനത്തിന്റെ കാലാവധി നീണ്ടുപോകുമ്പോൾ നഷ്ടപ്പെടുന്നത് കുറെ മനുഷ്യരുടെ മോഹങ്ങളും സ്വപ്നങ്ങളുമാണ്. ഇതിപ്പോൾ ഞാൻ ഒറ്റയ്ക്കാണ്. എന്റെ പിറകിൽ ആരുമില്ല... പക്ഷേ ചവിട്ടി അരയ്ക്കപ്പെട്ട ഒരു സമൂഹത്തെ അവരുടെ അവകാശങ്ങൾ പറഞ്ഞ് മനസ്സിലാക്കിയാൽ, നാളെ കാട്ടിലെ ഇല്ലിമുളകൾ, ചിലപ്പോൾ കുന്തങ്ങൾ ആയി മാറിയെന്ന് വരും. പക്ഷേ അത് തടയാൻ എനിക്ക് സാധിച്ചു എന്ന് വരില്ല. അപ്പോൾ നിങ്ങൾ അവരെ പല ഓമന പേരിലും വിളിക്കും. ഇപ്പോൾ അവർ അക്ഷരത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കാനെ ആഗ്രഹിക്കുന്നുള്ളൂ. നാളെ അത് അതിജീവനത്തിന്റെ ആയുധ പോരാട്ടമായി മാറാതിരുന്നാൽ മതി."

ഗോപിയുടെ വാക്കുകളുടെ തീവ്രത കളക്ടർ അറിയുന്നുണ്ടായിരുന്നു. ഇതു പറഞ്ഞിട്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ ഗോപിയെ,കളക്ടർ വിളിച്ചു.

"നിങ്ങൾ എന്തു ചെയ്യുന്നു..."

കളക്ടറുടെ ചോദ്യം കേട്ടതും ഗോപി തിരിഞ്ഞു നിന്നു.

"കുറേ കുഞ്ഞുങ്ങൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകരാൻ ഇറങ്ങി പുറപ്പെട്ടതാണ്. അതിന് ഒരു കാരണവുമുണ്ട്. ഞാൻ ജനിച്ചതും ഈ ആദിവാസി ഗ്രാമത്തിലാണ്. പക്ഷേ എന്തൊക്കെയോ ആകണമെന്ന് മോഹിച്ചു. കിലോമീറ്ററുകൾ  ദൂരമുള്ള പട്ടണത്തിലെ സ്കൂളുകളിൽ പോകാൻ ഒരു ആദിവാസി മക്കളും ആഗ്രഹിച്ചിരുന്നില്ല. പക്ഷേ എനിക്ക് വാശിയായിരുന്നു. സൂര്യൻ ഉദിക്കുന്നതിനു മുന്നേ പൊട്ടിയ വയറുമായി കിലോമീറ്റർ താണ്ടി സ്കൂളിലേക്ക് പോകും. അസ്തമിക്കുന്നതിനു മുന്നേ ഗ്രാമത്തിൽ തിരിച്ചെത്തും. പലരും കളിയാക്കി.. "

കളക്ടർ ഹരിത അത്ഭുതത്തോടെയാണ് ആ വാക്കുകൾ കേട്ടത്.

"പഠിച്ച് അവസാനം ഒരു അധ്യാപകനായി. പഠിക്കുമ്പോൾ മുന്നിൽ ഒരു ലക്ഷ്യമുണ്ടായിരുന്നു. പണം നേടാനോ, ഗ്രാമത്തിന് പുറത്തെ സ്കൂളിൽ പോയി പഠിപ്പിക്കാനും ഒന്നുമല്ല ആഗ്രഹിച്ചത്. ഇനി വരുന്ന തലമുറയിലെ ആദിവാസി കുട്ടികൾക്ക് എങ്കിലും ഒരല്പം അക്ഷരവെളിച്ചം പകരണം. അതിനുവേണ്ടി കുറെ അധ്വാനിച്ചു. പക്ഷേ ഉദ്യോഗസ്ഥരുടെ പക്കൽ നിന്ന് അനുകൂലമായ ഒരു തീരുമാനം ഉണ്ടായില്ല. ഇല്ലാത്ത ആനുകൂല്യങ്ങൾക്ക് വേണ്ടിയല്ല. ആദിവാസികൾക്ക് അവകാശപ്പെട്ടതിന് വേണ്ടി മാത്രമാണ് ഞാൻ ശബ്ദമുയർത്തുന്നത്. മാഡത്തിന് അറിയാമോ ഒരു തീപ്പൊരി, അത് മനസ്സിൽ ഇട്ടുകൊണ്ടാണ് ഞാൻ നടക്കുന്നത്. അത് ഒരായിരം തീപ്പന്തങ്ങളായി മാറാൻ അധികനേരം ഒന്നും വേണ്ട. അത് എന്നെക്കൊണ്ട് ചെയ്യിക്കരുത്. നിസ്സഹായനായ ഒരു മനുഷ്യന്റെ രോദനം ആയിട്ട്  ഈ വാക്കുകളെ കണ്ടാൽ മതി."

ഇരു കൈകളും കളക്ടർക്ക് നേരെ കൂപ്പിയിട്ട് ഗോപി തിരിഞ്ഞു നടന്നു. 

കുറച്ചുനേരം കളക്ടർ ഹരിതമേനോൻ ആ വാക്കുകളുടെ തീവ്രതയിലായിരുന്നു. ഈ തീപ്പൊരി ആളിക്കത്തുന്നതിനു മുന്നേ എന്തെങ്കിലും ചെയ്യണം. പക്ഷേ അത് എവിടെ നിന്ന് ആരംഭിക്കും.

അവർ വീണ്ടും ആ ഫയലിലേക്ക് കണ്ണുകൾ ഓടിച്ചു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ