mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

sari centre

V Suresan

9 മണിക്ക് ഡ്യൂട്ടിക്ക് കയറേണ്ടതാണ്.അരമണിക്കൂർ വൈകിയിരിക്കുന്നു. എന്തായാലും സൂപ്പർവൈസറെ വിളിച്ചു പറഞ്ഞു നോക്കാം. ജയശ്രീ ഫോണിൽ സൂപ്പർവൈസറുമായി സംസാരിച്ചു.

അയാൾ ശകാരിച്ചുവെങ്കിലും ഇന്നിനി ഇങ്ങോട്ട് വരണ്ട എന്ന് പറഞ്ഞില്ല. ഒരു ദിവസത്തെ ശമ്പളം പോയില്ലല്ലോ എന്ന ആശ്വാസത്തോടെ ജയശ്രീ ബസ്സിലിരുന്നു. 

മഹാലക്ഷ്മി ടെക്സ്റ്റൈൽസിലാണ് അവൾക്ക് ജോലി. ഇന്ന് രാവിലെ അനിയൻറെ ജാമ്യത്തിനായി വക്കീലിനെ കാണാൻ പോയതാണ്. 

"കഞ്ചാവ് കേസ് അല്ലേ? ഉറപ്പില്ല, ഞാൻ നോക്കാം " എന്നാണ് വക്കീൽ പറഞ്ഞത്.  അച്ഛന് മദ്യപാനം മാത്രമേ ഉള്ളൂ. മകൻ ഒരു പടി മുന്നിൽ എത്തി.  എല്ലാവരും പറയുന്ന പോലെ എല്ലാം തന്നെ വിധിയാണെന്ന് സമാധാനിച്ചു കൊണ്ട് ജയശ്രീ കണ്ണുകൾ അടച്ചിരുന്നു. 

അവധി ദിവസമായതിനാൽ ടെക്സ്റ്റൈൽസിൽ തിരക്ക് കൂടുതലാണ്. കല്യാണ സാരിയുടെ ഫ്ളോറിലാണ് ജയശ്രീക്ക് ഡ്യൂട്ടി.ചിങ്ങം വരുന്നതിനാൽ കൂടുതൽ തിരക്ക് അവിടെയാണ്.

ജയശ്രീ ചുറുചുറുക്കോടെ കസ്റ്റമേഴ്സിൻ്റെ റെയ്ഞ്ച് അറിഞ്ഞ് വിവാഹസാരികൾ അവർക്കു മുമ്പിൽ നിരത്തുന്നു. അവർക്ക് ഇഷ്ടപ്പെടുന്നവ കല്യാണപ്പെണ്ണിനെ ഉടുപ്പിച്ച് നിലക്കണ്ണാടി നോക്കി തങ്ങൾക്ക് ഏറ്റവും യോജിച്ച വിവാഹസാരി തിരഞ്ഞെടുക്കാൻ അവരെ സഹായിക്കുന്നു. ഉച്ചയായപ്പോഴേയ്ക്ക് അവൾ പത്തു പന്ത്രണ്ട് പെൺകുട്ടികളെ കല്യാണസാരി ഉടുപ്പിച്ചു കഴിഞ്ഞു.

അപ്പോൾ മുമ്പിൽ ഉണ്ടായിരുന്ന കസ്റ്റമർക്ക് ബില്ല് നൽകി ക്യാഷ് കൗണ്ടറിലേക്ക് അയച്ചിട്ട് തിരിഞ്ഞപ്പോൾ കാണുന്നത് ലിഫ്റ്റിൽ നിന്ന് ശാരദാമ്മ ഇറങ്ങുന്നതാണ്. കൂടെ നാലഞ്ചു പേരുണ്ട്.ജയശ്രീ, ശാരദാമ്മയെ പരിചയപ്പെടുന്നത് ഈ ടെക്സ്റ്റൈൽസിൽ വച്ച് തന്നെയാണ്. അവർ ഇടയ്ക്കിടയ്ക്ക് തുണിയെടുക്കാൻ വരും. അപ്പോഴൊക്കെ ചിരിച്ചുകൊണ്ട് ഒരു ബന്ധുവിനെ പോലെ ജയശ്രീയോട് സംസാരിക്കും. 

ഒരിക്കൽ തൻ്റെ അമ്മയെപ്പറ്റി ചോദിച്ചപ്പോൾ ജയശ്രീ പറഞ്ഞു: "ഞാൻ കുട്ടിയായിരുന്നപ്പോഴേ അമ്മ മരിച്ചു. " 

"അയ്യോ..മോള് സങ്കടപ്പെടേണ്ട.ഇവിടെ വരുന്ന ഞങ്ങളൊക്കെ മോളുടെ അമ്മയെ പോലെ തന്നെ." 

ആ വാക്കുകൾ കേട്ടപ്പോൾ മുതൽ അവർ തൻറെ ഏറ്റവും അടുത്ത ആരോ ആണെന്നൊരു തോന്ന

"മോളേ, സുഖമല്ലേ?"

ശാരദാമ്മയും കൂട്ടരും മുമ്പിലെത്തിക്കഴിഞ്ഞു.

"ങാ - ഇന്ന് എല്ലാവരുമുണ്ടല്ലോ."

"ഇവൾക്ക് കല്യാണമായി. എൻ്റെ ചെറുമോളാണ്.  കല്യാണസാരി എടുക്കുന്ന കാര്യം വന്നപ്പോൾ  ഞാൻ പറഞ്ഞു ഇങ്ങോട്ടു വരാമെന്ന്. ഇതവളുടെ അമ്മ...ഇത് കുഞ്ഞമ്മ."

ജയശ്രീ അവരുടെ ഇഷ്ടം അനുസരിച്ചുള്ള സാരികൾ മുമ്പിൽ നിരത്തി . അതിനിടയിൽ ശാരദാമ്മ കല്യാണവിശേഷങ്ങൾ വിളമ്പാൻ തുടങ്ങി. അതു കേട്ട് മകൾ പറഞ്ഞു:  "അമ്മാ, വിശേഷമൊക്കെ പിന്നെ പറയാം. കണ്ടില്ലേ -ഇന്ന് നല്ല തിരക്കാണ്."

"ശരി ശരി, ഞാനൊന്നും പറയുന്നില്ല. നിങ്ങള് സാരി നോക്കിയെടുക്ക്." 

ജയശ്രീ ആ ചെറുമോൾക്ക് ഇഷ്ടപ്പെട്ട രണ്ടുമൂന്നു സാരികൾ അവളെ 'ഉടുപ്പിച്ച് നിലക്കണ്ണാടിയിൽ അതിൻറെ ഭംഗി കാണിച്ചു. വിവാഹ സാരി എടുത്തു കഴിഞ്ഞ് അടുത്ത സെക്ഷനിലേക്ക്  നീങ്ങാറായപ്പോൾ ശാരദാമ്മ പറഞ്ഞു: " നിങ്ങൾ പോയിട്ട് വരൂ. അൽപസമയം ഞാൻ ഇവിടെ ഇരിക്കാം." 

ഉച്ചയായതിനാൽ തിരക്കു കുറഞ്ഞു തുടങ്ങി. ജയശ്രീ അടുത്ത കസ്റ്റമറെ  അറ്റൻഡ് ചെയ്യവെ  ശാരദാമ്മ സ്വകാര്യമായിചില വിശേഷങ്ങൾ ചോദിച്ചു: 

"മോൾക്ക് വയസ്സെത്രയായി?"

അതു കേട്ട് ജയശ്രീ ചിരിച്ചതേയുള്ളൂ. 

"പറ" 

"30 കഴിഞ്ഞു " 

അല്പനേരം അവർ അവളെത്തന്നെ നോക്കിയിരുന്നു.

"എന്താ അമ്മേ - "

"അല്ല, നീയും ഒരു കല്യാണ സാരിയൊക്കെ ഉടുത്ത് നിൽക്കുന്നത് ഞാൻ  ആലോചിച്ചു പോയതാ."

വീണ്ടും അവളുടെ ചിരി..അതു കണ്ട് അവർ പറഞ്ഞു:  

"ഞാൻ കളിയായി പറഞ്ഞതല്ല." 

"ഞാൻ അതൊന്നും ആലോചിക്കാറില്ല. അമ്മയും അതൊന്നും ആലോചിക്കേണ്ട."

"എന്നു പറഞ്ഞാലെങ്ങനെ - "

"ഇതാ ദിവസവും എത്രയോ പെൺകുട്ടികളെ കല്യാണസാരി ഉടുപ്പിക്കാൻ കഴിയുന്നു. അതുതന്നെ ഒരു ഭാഗ്യമായാണ്, ഒരു പുണ്യമായാണ് ഞാൻ കരുതുന്നത്. അതൊക്കെ മതിയമ്മേ." 

അമ്മയോടൊപ്പം വന്നവർ തിരികെ വരുന്നു. അതുകണ്ട് ജയശ്രീ സംസാരം അവസാനിപ്പിച്ച് ശാരദാമ്മയെ യാത്രയാക്കി. അപ്പോഴേക്കും  അടുത്ത വധുവും കൂട്ടരും ജയശ്രീയുടെ മുമ്പിലെത്തിക്കഴിഞ്ഞു. അവർക്കായി  കല്യാണ സാരികൾ നിരത്തുന്നതിനിടയിൽ അവൾ ലിഫ്റ്റിലേക്ക് നോക്കി.അതാ ശാരദാമ്മ അവളെ നോക്കി കൈവീശുന്നു.പക്ഷേ എന്തോ ഓർത്ത് തൻ്റെ കണ്ണു നിറഞ്ഞതിനാൽ ജയശ്രീക്ക് കൈ വീശാൻ കഴിഞ്ഞില്ല.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ