mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

man recording video

V Suresan

ഭാഗം - ഒന്ന്‌

ഇത് ഒരു പൊളിറ്റീഷ്യൻറ്റേയും ഒരു യൂട്യൂബറുടെയും കഥയാണ്. താഹ തറയിലും ഉണ്ണി മണ്ണാരിയും. സൗകര്യത്തിനായി നമുക്ക് തറയും മണ്ണും എന്നു പറയാം. രണ്ടു വ്യത്യസ്ത മേഖലകളിൽ വിരാജിക്കുന്ന അവർ തമ്മിൽ അവിചാരിതമായി കൂട്ടി മുട്ടുകയാണ് സുഹൃത്തുക്കളേ, കൂട്ടി മുട്ടുകയാണ്.

വളഞ്ഞുപുളഞ്ഞ് ചീറിപ്പായുന്ന ഒരു ബൈക്ക്. അതിൽ യൂടൂബർ ഉണ്ണി മണ്ണാരിയും പിന്നിലായി സഹായി ചഞ്ചലും ഇരിക്കുന്നു. ചഞ്ചലിൻ്റെ തോളിൽ ഒരു ക്യാമറ തൂങ്ങുന്നുണ്ട്. 

ചെറുമല ജംഗ്ഷനിലെത്തിയപ്പോൾ മുൻപിൽ പോവുകയായിരുന്ന ഒരു കാർ പെട്ടെന്ന് വലത്തേക്ക് തിരിയുന്നു. ആ കാറിനെ ഓവർടേക്ക് ചെയ്യാൻ തുടങ്ങുകയായിരുന്ന ഉണ്ണിയുടെ ബൈക്ക് കാറിൽ തട്ടി മറിയുന്നു. ഭാഗ്യത്തിന് രണ്ടുപേർക്കും പരിക്കൊന്നും പറ്റിയില്ല. 

ഉണ്ണി അവിടെനിന്ന് ചാടിയെഴുന്നേറ്റ് കാറിനടുത്തേക്ക് ചെല്ലുന്നു. 

ചഞ്ചൽ അവസരത്തിനൊത്ത് ഉയർന്ന്, വേഗം  ക്യാമറ കൈയിലെടുത്തു. പിന്നെ, ആക്സിഡൻ്റിൻ്റെ വിവിധ ദൃശ്യങ്ങൾ വീഡിയോയാക്കുന്നു. 

ഉണ്ണി കാറിൽ രണ്ടു തട്ടും ചവിട്ടും ഒക്കെ കൊടുക്കുന്നു… അകത്തിരിക്കുന്നവർ കാറിൻറെ  ഗ്ലാസ് താഴ്ത്തി. ഡ്രൈവറെ കൂടാതെ പിൻസീറ്റിൽ താഹ തറയിൽ. രാഷ്ട്രീയത്തിലാണ് ജോലി.. പദവി നേതാവ്.

ഉണ്ണി ഡ്രൈവറോടു തട്ടിക്കയറി: "എവിടെ നോക്കിയാടാ വണ്ടിയോടിക്കുന്നത്?"

താഹയാണു മറുപടി പറഞ്ഞത്- "അയാൾ നേരെ നോക്കി തന്നെയാണ് ഓടിച്ചത്." 

"ങാഹാ -വലത്തോട്ട് തിരിയുമ്പോൾ സിഗ്നൽ കണിക്കണ്ടേ?"

ഇൻഡിക്കേറ്റർ ഇന്ന് കംപ്ലൈൻറ് ആയതാണെന്ന് ശുദ്ധനായ ഡ്രൈവർ പറഞ്ഞു .

ഉണ്ണി അതിൽ പിടിച്ചു. "എന്നാല് കംപ്ലൈൻറ് മാറ്റിയിട്ട് വേണം വണ്ടി റോഡിൽ ഇറക്കാൻ." 

താഹയും വിട്ടില്ല: "നീ കൂടുതൽ വാചകം അടിക്കേണ്ട. ബൈക്ക്, റോഡിലൂടെ മര്യാദയ്ക്ക് ഓടിക്കണം. അല്ലാതെ അഭ്യാസം കാണിക്കാൻ നോക്കരുത്". 

"ആഹാ - കാറ് കൊണ്ട് തട്ടിയതും പോരാ. എന്നിട്ട് ഇങ്ങോട്ടു മൊരട്ടു ന്യായം പറയുന്നോ? എന്നാ ഞാൻ കാണിച്ചു തരാം." - ഉണ്ണി

" ശരി, നീ കാണിക്ക്."- താഹ

"എടാ ചഞ്ചലേ,എല്ലാം വീഡിയോയിൽ ആക്ക്.  ഇപ്പൊ തന്നെ യൂട്യൂബിൽ ഇടണം. " - ഉണ്ണി

അതു കേട്ട് താഹ ഡ്രൈവറോട്  പറഞ്ഞു: "എന്നാൽ നീയും ഷൂട്ട് ചെയ്യ്. അവരങ്ങനെ ഒരു വശം മാത്രം കാണിക്കേണ്ട. സോഷ്യൽ മീഡിയ അവൻ്റെ മാത്രം വകയല്ലല്ലോ." 

ഡ്രൈവർ പുറത്തിറങ്ങി തൻറെ മൊബൈലെടുത്ത്   ഷൂട്ടിങ് തുടങ്ങി.

ഉണ്ണി ക്യാമറ നോക്കി ലൈവ് ആയി സോഷ്യൽ മീഡിയയിലെ ഫ്രണ്ട്സി നോട് സംസാരിക്കുന്നു." ഹായ് ഫ്രണ്ട്സ്, നിങ്ങടെ ചങ്ക് ഉണ്ണി മണ്ണാരി 

ഒരു അപകടത്തിൽ പെട്ടിരിക്കുകയാണ്. ഒരു കാർ മനപ്പൂർവ്വം ഞാനും ചഞ്ചലും സഞ്ചരിച്ച ബൈക്കിൽ കൊണ്ടിടിക്കുകയായിരുന്നു. 

ഇതാ ആ കാർ ആണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. മാത്രമല്ല,അതിനകത്ത് ഇരിക്കുന്ന ഈ കുട്ടിയാന എന്നോട് തട്ടി കയറുകയാണ് ചെയ്യുന്നത്. ഈ ആന വയറൻ പുറത്തിറങ്ങി ഞങ്ങളെ ഒന്ന് ആശ്വസിപ്പിക്കുക പോലും ചെയ്യുന്നില്ല. "

അതു കേട്ട് പെട്ടെന്നു ദേഷ്യം വന്ന് താഹ പുറത്തിറങ്ങി. "ആരെടാ കുട്ടിയാന? ആരെടാ ആന വയറൻ ? എടാ സിംഹവാലാ - കൊരങ്ങാ -മര്യാദയ്ക്ക് സംസാരിക്കണം, മര്യാദയ്ക്ക്."

താഹ, ഡ്രൈവർ എടുക്കുന്ന വീഡിയോയിലൂടെ തൻ്റെ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു.

"പ്രിയപ്പെട്ട എൻറ്റെ പാർട്ടിപ്രവർത്തകരേ, ഞാൻ നിങ്ങളുടെ  മീറ്റിങ്ങിൽ പങ്കെടുക്കാൻ വരുന്ന വഴിക്ക് റോഡിൽ ബൈക്ക് ഓട്ട മത്സരം നടത്തുന്ന ഒരുത്തൻ - കാഴ്ചയ്ക്ക് സിംഹവാലൻ കുരങ്ങനെപ്പോലെയിരിക്കുന്ന ഒരുത്തൻ - എൻറെ കാറിൽ ബൈക്ക് കൊണ്ട് ഇടിക്കുകയും അവൻ എന്നെ മനപ്പൂർവ്വം അധിക്ഷേപിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് മീറ്റിംഗിന് ഞാൻ എത്താൻ വൈകും എന്ന് നിങ്ങളെ അറിയിക്കുകയാണ്."

ട്രാഫിക് തടസ്സം ഉണ്ടായതിനെ തുടർന്ന് ഒരു ട്രാഫിക് പോലീസ് അവിടേക്ക് വരുന്നു. 

"എന്താ എന്താ പ്രശ്നം? "

ഉണ്ണി ക്യാമെറയിൽ നിന്ന് മുഖം തിരിച്ചു.- ''പോലീസ് ബ്രോ, ഈ കാറ് എൻ്റെ ബൈക്കിൽ വന്നിടിച്ചു. "

"എന്തെങ്കിലും പറ്റിയോ?" 

"ഞാൻ വെട്ടി ഒഴിച്ചത് കൊണ്ട് 

കൂടുതൽ ഒന്നും പറ്റിയില്ല. എന്നാലും എൻറെ കാലിന് നല്ലൊരിടി കിട്ടി." 

"നിങ്ങൾക്ക് കംപ്ലൈൻറ് ഉണ്ടോ?" 

"ഒണ്ട്. കംപ്ലൈൻ്റും കാലിന് വേദനയും ഒണ്ട് ബ്രോ. ഇടിച്ചതും പോരാഞ്ഞിട്ട് ദാ - ഇയാൾ അഹങ്കാരത്തോടെയാണ് എന്നോട് സംസാരിച്ചത്. "

പോലീസ് താഹയുടെ നേരെ തിരിഞ്ഞു  :"നിങ്ങൾ എന്തു പറയുന്നു? "

"എനിക്ക് കംപ്ലൈൻറ് ഉണ്ട്. അയാൾ എന്നെ ബോഡി ഷെയ്മിങ് ചെയ്തു."

ഉണ്ണി ഇടക്കു കയറി: "കള്ളം, പച്ചക്കള്ളം. ഞാൻ അയാളുടെ ബോഡിയിൽ തൊട്ടതു പോലുമില്ല. "

"ബോഡി ഷെയ്മിങ് എന്നുപറഞ്ഞാൽ ശാരീരികമായ അവഹേളനം. "- പോലീസ്

"അങ്ങനെയെങ്കിൽ അയാൾ എന്നെയും അവഹേളിച്ചു "- ഉണ്ണി.

"എന്നാൽ രണ്ടുപേരും വാ.  സ്റ്റേഷനിലേക്ക് പോകാം." 

പോലീസ് താഹയുടെ കാറിൽ കയറി. കാറിനു പിന്നിലായി ഉണ്ണിയുടെ ബൈക്കും നീങ്ങി. അങ്ങനെ ഷെയ്മിങ് ആയ ബോഡികൾ സ്റ്റേഷനിലേക്ക്.

ഇപ്പോൾ തറയും മണ്ണും പോലീസ് സ്റ്റേഷനിലെ ഒരു ബഞ്ചിൽ ഇരുന്ന് മൽസരിച്ച് പരാതി എഴുതുകയാണ്. സ്റ്റേഷന് പുറത്ത് ഒരു കോണിൽ നിന്ന് ചഞ്ചൽ മൊബൈലിലൂടെ ഫേസ്ബുക്ക് ലൈവ് കൊടുക്കുന്നു. 

"ഫ്രണ്ട്സ്, ഞാൻ ഇപ്പോൾ പോലീസ് സ്റ്റേഷനു മുൻപിൽ ആണ് നിൽക്കുന്നത്. ഉണ്ണി ബ്രോ ഈ സ്റ്റേഷനുള്ളിൽ തന്നെയുണ്ട്. എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും ഉണ്ണി ബ്രോയേയും കൊണ്ട് മാത്രമേ ഞാൻ  തിരികെ വരികയുള്ളൂ എന്ന് നിങ്ങൾക്ക് ഉറപ്പു തരുകയാണ് .രാഷ്ട്രീയക്കാരുടെയും പോലീസിൻറ്റേയും മർദ്ദനം ഏതുനിമിഷവും ഉണ്ടാകാനിടയുണ്ട്.  അതൊക്കെ ധൈര്യസമേതം നേരിടാൻ ഉള്ള ചങ്കൂറ്റം എനിക്കുണ്ട് എന്ന് ഞാൻ നിങ്ങളെ അറിയിക്കുകയാണ് " 

ഗേറ്റ് കടന്നു ഒരു കൂട്ടം ആളുകൾ ഉള്ളിലേക്ക് പാഞ്ഞു വരുന്നു. അതു കണ്ട് ചഞ്ചൽ ഫോണിലൂടെ:-- 

"അയ്യോ - അതാ വരുന്നു.. " 

ചഞ്ചൽ ഫോൺ ഓഫ് ചെയ്ത്, പേടിച്ച് സ്റ്റേഷൻറെ ഒരു വശത്തേക്ക് വലിയുകയും അവിടെ പതുങ്ങിയിരിക്കുകയും ചെയ്യുന്നു. പുറത്തുനിന്നും എട്ടുപത്തു രാഷ്ട്രീയപ്രവർത്തകർ സ്റ്റേഷനിലേക്ക് വേഗത്തിൽ വരുന്നു. അവരുടെ നേതാവായ മനോഹറാണ്  മുമ്പിൽ. അയാൾ സ്റ്റേഷൻ വരാന്തയിൽ സെൻട്രി ഡ്യൂട്ടിയിലുള്ള പോലീസുകാരനെ സമീപിച്ചു.  

"നമ്മുടെ ജില്ലാ പ്രസിഡൻറ് താഹ സാറിനെ ഇവിടെ കൊണ്ടുവന്നതായി അറിഞ്ഞു. "

“ങാ -രണ്ടുപേർ അകത്തുണ്ട്.” 

“ഞങ്ങൾക്ക്  സാറിനെ ഒന്ന് കാണണം.”- 

‘’ഇപ്പോ അകത്തേക്ക് പോകാൻ പറ്റില്ല. അവർ പുറത്തേക്ക് വരും”. 

”അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്ന് അറിയാതെ ഞങ്ങളുടെ രക്തം തിളയ്ക്കുകയാണ്. “-

 “അത് അൽപ്പ സമയത്തേക്ക് ഒന്നു വാങ്ങി വയ്ക്ക്.  അപ്പോഴേക്ക് അവർ പുറത്തേക്ക് വരും. “

അത് ഇഷ്ടമാകാതെ മനോഹർ പിന്തിരിഞ്ഞു.

പിന്നെ, കൂടെ വന്ന പ്രവർത്തകരോടായി പറഞ്ഞു:  “പ്രിയമുള്ളവരേ, നമ്മുടെ പ്രസിഡൻറ്താഹസാറിനെ ബോഡി ഷെയ്മിങ് ചെയ്തു എന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്.”

അതു കേട്ട് ഒരു പ്രവർത്തകൻ്റെ സംശയം  :“ഈ ബോഡി ഷേവിങ് എന്ന് പറഞ്ഞാ ?”  

അടുത്തയാൾ തിരുത്തി: "ഷേവിങ് അല്ല.ബോഡി ഷെയ് മിങ്.”

”അതെന്താ സാധനം?” 

പിന്നെ, മനോഹർ തന്നെ വിശദീകരിച്ചു:“. .നമ്മുടെ നേതാവ് ശാരീരികമായ അവഹേളനത്തിന് ഇരയായിരിക്കുകയാണ് “.

ആദ്യ പ്രവർത്തകനു വീണ്ടും സംശയം -”അപ്പോ മെഡിക്കൽ ചെക്കപ്പ് വേണ്ടിവരുവോ?” 

”വേണ്ട..ചില പദപ്രയോഗങ്ങൾ കൊണ്ടാണ് അദ്ദേഹത്തെ മുറിപ്പെടുത്തിയിരിക്കുന്നത്”.- 

 “മുറിപ്പെടാൻ - വാക്കത്തി പോലത്തെ വാക്കോ? അതേതു വാക്ക്? “

”എനിക്കത് മലയാളത്തിൽ പറയാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ ഞാൻ ഇംഗ്ലീഷിൽ പറയാം. 

"എലിഫൻറ് സ്റ്റൊമക്കൻ " "ബേബി എലിഫൻറ് " തുടങ്ങി ആനയുമായി ബന്ധപ്പെട്ട ചില പദങ്ങൾ ആണ് അദ്ദേഹത്തിനു നേരെ പ്രയോഗിയത്. 

”കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, ആനയ്ക്ക് വോട്ട് ചെയ്യണം എന്നല്ലേ നമ്മള് പറഞ്ഞിരുന്നത്. “

“അത് - ആന നമ്മുടെ ചിഹ്നം ആയതുകൊണ്ടല്ലേ?”- 

”അങ്ങനെ നമ്മുടെ നേതാവിനെ അധിക്ഷേപിക്കുന്ന ചിഹ്നം നമുക്കു വേണ്ട. അടുത്ത തവണ ചിഹ്നം മാറ്റണം.”

“അത് നമുക്ക് ആലോചിക്കാം.”

അവരുടെ ചർച്ചയ്ക്ക് തടസ്സമുണ്ടാക്കിക്കൊണ്ട് അഞ്ചാറ് ബൈക്കുകൾ സ്റ്റേഷനു മുമ്പിൽ വന്ന് ഇരച്ചു നിന്നു.   ഉണ്ണിയുടെ ഫാൻസായ അവർ ബൈക്കിൽ നിന്നിറങ്ങി. സയ്നുവാണ് മുമ്പിൽ.  അവൻ്റെ കയ്യിൽ ഒരു കവറിൽ  പെപ്സിയും പപ്സും ബർഗറും എല്ലാമുണ്ട്. അവൻ നേരെ സെൻട്രിയുടെ അടുത്തേക്ക് ചെല്ലുന്നു. 

“ഞങ്ങൾ ഉണ്ണി ബ്രോയുടെ ഫാൻസുകാർ ആണ്.”

”വെയിറ്റ് ചെയ്യൂ. അൽപ സമയം കഴിഞ്ഞ് അവർ പുറത്തേക്ക് വരും.” 

”എന്നാൽ ഇതാ ഈ പാക്കറ്റ് എങ്കിലും ബ്രോയ്ക്കു കൊടുക്കൂ. അയാൾ ആകെ അവശനായി കാണും. “

”ഇപ്പോ  കൊടുക്കാൻ പറ്റില്ല. അയാൾ പുറത്തുവരുമ്പോൾ നിങ്ങൾ തന്നെ കൊടുത്താൽ മതി.”  

സയ്നു അകത്തേക്കു നോക്കി ഉറക്കെ വിളിച്ചു പറയുന്നു:-- 

“ബ്രോ-ഉണ്ണി ബ്രോ - ഒന്നുകൊണ്ടും പേടിക്കേണ്ട, കേട്ടോ.ഞങ്ങൾ ഇവിടെയുണ്ട് നമുക്ക് പൊളിക്കാം ബ്രോ.”

"ങാ മതി മതി. പൊളിപ്പൊക്കെ വെളീല് .സി .ഐ സാറ് അകത്തൊണ്ട്."

സ്റ്റേഷനു പിന്നിൽ പതുങ്ങിയിരുന്ന ചഞ്ചൽ, ഉണ്ണിഫാൻസിനെക്കണ്ട് അവരുടെ അടുത്തേക്കു വരുന്നു.

”നീ എവിടെയായിരുന്നു?''-സയ്നു

”രാവിലെ മുതൽ ഞാൻ ഇതിനു പുറകെയല്ലേ?”-ചഞ്ചൽ

“അതെന്തിന് നീ പുറകിൽ പോയി നിന്നത്?”

“പുറകിലല്ല. ഈ പ്രശ്നത്തിനു പുറകെയാണെന്ന്. ഹോ - വിശന്നു തളന്നു.”

ചഞ്ചൽ അവിടെയിരുന്ന കവറിൽ നിന്ന് ഒരു പെപ്സി എടുക്കുന്നു.

”ഒരു അർജൻ്റ് ലൈവ് പോകാനുണ്ട്.. അതുകൂടി കഴിഞ്ഞിട്ട് കുടിക്കാം ..സ്റ്റാർട്ട് ക്യാമറ.”

ചഞ്ചൽ ക്യാമെറ ഓൺ ആക്കി. സെയ്തു ക്വാമെറ നോക്കി സംസാരിച്ചു തുടങ്ങി :

“ഹായ് ഫ്രണ്ട്സ്, നമ്മുടെ ഉണ്ണി ബ്രോ ഇപ്പോൾ ഈ സ്റ്റേഷനുള്ളിലാണ്. ഇന്നു രാവിലെ നമ്മുടെ ബ്രോയ്ക്ക് ഉണ്ടായ ദാരുണമായ അനുഭവം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. പണവും സ്വാധീനവും ഉള്ള ഒരു വ്യക്തി നമ്മുടെ പാവം ബ്രോയുടെ ബോഡിയിൽ മൂന്നു തവണ ഷെയ്മിങ്   നടത്തിയിരിക്കുകയാണ്. 

സിംഹം ,വാലൻ, കുരങ്ങൻ, എന്നിവയെ  ഉപയോഗിച്ചാണ് സമൂഹത്തിലെ ആ ഉന്നതൻ നമ്മുടെ ബ്രോയ്ക്കു മേൽ തുടരെ തുടരെ ഷെയ്മിങ്,നടത്തിയത്.ബോഡിയിൽ ഇത്രയും കടുത്ത ഷെയ്മിങ് ഏറ്റ് നമ്മുടെ ബ്രോ ആകെ അവശനായിക്കഴിഞ്ഞിരിക്കും എന്നു ഞങ്ങൾ സംശയിക്കുന്നു.

അതുകൊണ്ട് ബ്രോയ്ക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. ഇവിടത്തെ സംഭവവികാസങ്ങൾ അപ്പപ്പോൾ തന്നെ ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്. Thank you.”

സംപ്രേക്ഷണം നിർത്തി അവർ തെല്ലു വിശ്രമത്തിനായി ഒരു മരച്ചുവട്ടിലേക്കു നീങ്ങി.

സ്റ്റേഷൻറ്റെ ഉള്ളിൽ നിന്നും ഹെഡ് കോൺസ്റ്റബിൾ, വരാന്തയിലേക്ക് വന്നു. അയാളോട് സെൻട്രി അകത്തെ വിശേഷം ചോദിച്ചു.

”അവർ രണ്ടുപേരും വലിയ വാശിയിലാണ്. “

”അപ്പോ സംഗതി കോടതിയില് കൊടുക്കേണ്ടിവരും. ‘’

’’രണ്ടു കൂട്ടരും പരാതി എഴുതി കൊടുക്കുകയാണ്.’’

‘‘അപ്പഴേ, ഈ ആനേന്നു വിളിച്ചതിനും സിംഹവാലാന്നു വിളിച്ചതിനും ഒരേ വകുപ്പാണോ?’’

’’509 പ്രകാരം കേസെടുക്കാമെന്നാണ് റൈറ്റർ പറയുന്നത്. 

അപ്പോൾ സി.ഐ. സാറ് പറയുന്നു - അത് ലേഡീസിന് മാത്രമുള്ള വകുപ്പാണെന്ന്.’’

‘’എന്നാപ്പിന്നെ വിളിച്ചത് പിടിയാനയെന്നാണ് എന്നു പറഞ്ഞാ മതി. അപ്പോ സ്ത്രീകളുടെ വകുപ്പിൽ പെടുമല്ലോ.’’

‘’വകുപ്പൊന്നും സി.ഐ.സാറിന് ഒരു പ്രശ്നമല്ല. സാറ് ഏതെങ്കിലും വകുപ്പ് കണ്ടു പിടിച്ചോളും. ഒന്നുമില്ലെങ്കി വന്യജീവി സംരക്ഷണ നിയമപ്രകാരമെങ്കിലും സാറ് കേസെടുക്കും.’’ 

സ്റ്റേഷൻറ്റെ ഉള്ളിൽ നിന്നും താഹയും ഉണ്ണിയും സർക്കിൾ ഇൻസ്പെക്ടറും വരാന്തയിലേക്ക് വന്നു. താഹയും ഉണ്ണിയും കൈവീശി പ്രവർത്തകരെയും ആരാധകരെയും അഭിവാദ്യം ചെയ്യുന്നു. അതു കണ്ട് മനോഹറിൻറ്റെ നേതൃത്വത്തിൽ പാർട്ടിപ്രവർത്തകർ മുദ്രാവാക്യം മുഴക്കി.

“താഹ തറയിൽ സിന്ദാബാദ്. തറയിൽ താഹ സിന്ദാബാദ് " 

ഉണ്ണിക്കു കൊടുക്കാനായി കൊണ്ടുവന്ന പെപ്സിയും പപ്സുമൊക്കെ തങ്ങൾ തന്നെ കാലിയാക്കിയ സാഹചര്യത്തിൽ, ഉണ്ണി ഫാൻസ് തങ്ങളുടെ ആവേശം പാട്ടിലൂടെയും ഡാൻസിലൂടെയും പ്രകടമാക്കി.

“ചങ്കു ബ്രോ ചങ്കു ബ്രോ ഉണ്ണി മണ്ണാരി ചങ്ക് ബ്രോ- "

അണികളുടെ ആവേശം ഉൾക്കൊണ്ട്, തറയും മണ്ണും തങ്ങളുടെ വക്കീലന്മാർ എത്തുന്നതിനായി കാത്തു.

 


Part 2

തറയും മണ്ണും വാശിയോടെ നിയമ പോരാട്ടം തുടരുന്ന സാഹചര്യത്തിൽ കേരളാ നെറ്റ് ചാനലിൻ്റെ "പ്രൈം കൗണ്ടർ "എന്ന അന്തിചർച്ചയുടെ ഇന്നത്തെ വിഷയം ഇതുതന്നെയാണ്.

അതു കാണാൻ ഉണ്ണിഫാൻസും താഹയുടെ പാർട്ടിപ്രവർത്തകരും അവരവരുടെ ആസ്ഥാനങ്ങളിൽ വേണ്ടതായ സന്നാഹങ്ങളോടെ ഇരിക്കുകയാണ്.

പാർട്ടിയാപ്പീസിനു പുറത്തു നിൽക്കുന്ന പ്രവർത്തകരോടായി മനോഹർ വിളിച്ചു പറഞ്ഞു:.

‘’പരിപാടി തുടങ്ങാറായി…എല്ലാരും വന്നിരിക്ക്.’’

പ്രവർത്തകർ അകത്തു കയറി കസേരകളിൽ ഇരുന്നു.

അവസാനം വന്നവർക്ക്കസേരയില്ല.

‘’എന്തിനാ കസേര? തറയിലിരിക്ക്.നമ്മുടെ നേതാവു പോലും തറയിലല്ലേ? താഹ തറയിൽ .’’

മനോഹർ പറഞ്ഞതനുസരിച്ച് അവർ തറയിൽ ഇരുന്നു.

ഉണ്ണിഫാൻസിൻ്റെ മുറിയിൽ പെപ്സിയും പപ്സും എത്തി.

ഇൻറർവെല്ലിനെടുക്കാമെന്നു പറഞ്ഞ് സെയ്യ്തു അത് മാറ്റിവച്ചു.

ചഞ്ചൽ ഈ ചർച്ച ടി.വി.യിൽ നിന്ന് റെക്കോഡ് ചെയ്യാനുള്ള ശ്രമത്തിലാണ്.ഇത് നമുക്ക് യൂ ട്യൂബിൽ ഇട്ട് വൈറൽ ആക്കേണ്ടതാണ്.

ടി.വി.യിൽ ചർച്ച ആരംഭിക്കുന്നു. അവതാരകൻ പറഞ്ഞു തുടങ്ങി:

’’നമസ്കാരം. പ്രൈംകൗണ്ടറിലേക്ക് എല്ലാ പ്രേക്ഷകർക്കും സ്വാഗതം. 

"ബോഡി ഷെയ്മിങ് എന്ന സോഷ്യൽ ഷെയ്മിങ് " എന്നതാണ് ഇന്നത്തെ വിഷയം.

ഒരു പരിഷ്കൃത സമൂഹത്തിൽ ബോഡി ഷെയ്മിങ്  അഭികാമ്യമാണോ? 

ഈ വിഷയത്തിൽ സംസാരിക്കാനായി ഇവിടെ എത്തിയിട്ടുള്ളത് , ബോഡി ഷെയ്മിങിൻറെ പേരിൽ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന രാഷ്ട്രീയ നേതാവ് ശ്രീ താഹ തറയിൽ, ‘’

താഹയുടെ പേരു പറഞ്ഞപ്പോൾ പാർട്ടി പ്രവർത്തകർ കൈയ്യടിക്കുന്നു.

"സാറേ, അടിച്ചു മിന്നിക്കോ. ഞങ്ങളിവിടെയുണ്ട്. " എന്ന് മനോഹർ വിളിച്ചു പറയുകയും ചെയ്തു.

അവതാരകൻ ‘’യൂട്യൂബർ ശ്രീ ഉണ്ണി മണ്ണാരി,’’ എന്ന പേരു പറഞ്ഞപ്പോൾ ഉണ്ണിഫാൻസ് എണീറ്റ് ഡാൻസ് ചെയ്യുന്നു. 

 ചർച്ചയിൽ‘’ഭാഷാ വിദഗ്ധനായ ശ്രീ ചക്രപാണി പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ’ ഒരു പാർട്ടി പ്രവർത്തകനു സംശയം:

 "ഭാഷാ വിദഗ്ധൻ എന്തിന്?’’

‘’താഹസാറ് പറയുന്ന കടുകട്ടി വാക്കുകളുടെ അർത്ഥം മനസിലാക്കാൻ വിദഗ്ധൻമാർക്കേ പറ്റൂ.’’-മനോഹർ

മറ്റൊരു ചർച്ചിത‘’പരിസ്ഥിതി പ്രവർത്തക ശ്രീമതി മാനസേശ്വരിയാണ്, ‘’

 ‘’പരിതസ്ഥിതിക്കാരി എന്തിന്?’’-ചഞ്ചൽ

‘’ചർച്ചയിൽ ചിലപ്പോ സംഘർഷമുണ്ടാകും. അതു കൊണ്ട് ഏതു പരിതസ്ഥിതിയേയും നേരിടാനുള്ള തയ്യാറെടുപ്പിനു വേണ്ടിയാണ്.’’ - സയ്നു

‘’അടുത്തയാൾ ആനക്കമ്പക്കാരനായ ശ്രീ. ഗുണപതി ‘’

‘’ഈ ആനക്കമ്പക്കാരനെന്നു പറഞ്ഞാ- ?’’- ഒരു പ്രവർത്തകൻ

‘’ബോഡി ഷെയ്മിങ്ങല്ലേ?കമ്പക്കാരനെ ആനയെന്നു വിളിച്ച് അധിക്ഷേപിച്ചു കാണും. അതു പറയാനായിരിക്കും അയാളും വന്നത്. ‘’-മനോഹർ

‘’ആദ്യം ശ്രീ  ചക്രപാണി .ശ്രീ ചക്രപാണീ,ബോഡി ഷെയ്മിങിനെ ഭാഷാപരമായി ഒന്നു വ്യാഖ്യാനിക്കാമോ?’’-അവതാരകൻ

’’ശരീരത്തിൻറെ പേരിൽ ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതിനെയാണ് ബോഡി ഷെയ്മിങ് എന്ന് പറയുന്നത്.ബോഡി ഷെയ്മിങിനെ രണ്ടായി തിരിക്കാം. ഫുൾ ബോഡി ഷെയ്മിങും പാർട്ട് ബോഡി ഷെയ്മിങും. ഒന്ന് ബോഡിയെ ഫുള്ളായി അവഹേളിക്കുന്നത് .മറ്റേത് ബോഡിയെ പാർട്ട് ആയി അവഹേളിക്കുന്നത്.’’-ചക്രപാണി

’’ഇവിടെ ശ്രീ ഉണ്ണിയും ശ്രീ താഹയും നടത്തിയിട്ടുള്ള ബോഡി ഷെയ്മിങ് ഇതിൽ ഏത് വിഭാഗത്തിൽ വരും?’’- അവതാരകൻ

’’ഒരാളെ ആന എന്ന് വിളിക്കുകയാണെങ്കിൽ അത് ഫുൾ ബോഡി ഷെയ്മിങ് ആണ്.  അത് കുട്ടിയാനയോ വലിയ ആനയോ ഇടത്തരം ആനയോ ആകാം. എന്നാൽ ആന വയറൻ എന്ന് പറയുമ്പോൾ അത് പാർട്ട് ബോഡി ഷെയ്മിങ് മാത്രമാണ്. വയറിന് മാത്രം ബാധകമായ  ഒരു ഷെയിമിങ്. പിന്നെ ശ്രീ മണ്ണുവാരി ഉണ്ണിയിലേക്ക് വന്നാൽ - ‘’

ഉണ്ണി ഇടപെട്ടു 

’’മണ്ണുവാരി ഉണ്ണി അല്ല - മണ്ണാരി ഉണ്ണി .’’

‘’വലിയ വിദഗ്ധനാണു പോലും .എന്നിട്ടും പ്രസിദ്ധനായ ഉണ്ണി മണ്ണാരിയെ അറിയില്ല. കഷ്ടം! ‘’ --സെയ്യ്തു

’’ക്ഷമിക്കണം. ശ്രീ ഉണ്ണിയിലേക്ക് വന്നാൽ- സിംഹവാലൻ എന്നു പറയുമ്പോൾ തന്നെ ബോഡിയുടെ സിംഹഭാഗവും അവഹേളിക്കപ്പെടുകയാണ്. അതിനാൽ അതിനെ ഫുൾ ബോഡി ഷെയിമിങ് എന്ന് തന്നെ പറയാം. ഇനി, വാലൻ എന്ന മാത്രമാണ് വിളിച്ചതെങ്കിൽ അത് Imaginary Body Shaming എന്ന വിഭാഗത്തിൽ വരും. നമ്മുടെ കക്ഷിക്ക് ഇല്ലാത്ത ഒരു Part ഉണ്ടെന്ന് Imagine ചെയ്യുന്നു. അതാണ് Imaginary.’’-ചക്രപാണി

‘’ശ്രീമതി മാനസേശ്വരി, താങ്കൾ ഒരു പരിസ്ഥിതി പ്രവർത്തക ആണല്ലോ .ഇപ്പോൾ നടക്കുന്ന ഈ ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് താങ്കൾക്ക്പ്രതികരിക്കേണ്ടി വന്നത്  എന്തു കൊണ്ടാണ്? ‘’-അവതാരകൻ

‘’യഥാർത്ഥത്തിൽ ബോഡി ഷെയ്മിങ് എന്നത് എൻറെ വിഷയമല്ല. ഞാൻ പരിസ്ഥിതിക്ക് വേണ്ടിയും ഭൂമിയിൽ ജീവിക്കുന്ന ജീവജാലങ്ങളുടെ നിലനിൽപ്പിനു വേണ്ടിയും പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രതിനിധിയാണ്. 

 സിംഹവാലൻ കുരങ്ങിനെപ്പോലെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളെ  നേരിട്ട് കാണാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ..ഒരു ദിവസം ഏറെ ആഹ്ലാദകരമായ ആ വാർത്ത ഞാൻ പത്രത്തിൽ കണ്ടു. -ഇതാ സിംഹവാലൻ വീണ്ടും - എന്നായിരുന്നു ഹെഡിങ്.

 വളരെ ആകാംക്ഷയോടെ ആ വാർത്ത വായിച്ചപ്പോഴാണ് അത് വംശനാശം സംഭവിക്കുന്ന ആ ജീവിയെ കുറിച്ചല്ല, വംശനാശം സംഭവിക്കാത്ത മനുഷ്യനെ കുറിച്ചാണ് എന്ന് മനസ്സിലാകുന്നത്. എൻറെ ഉള്ളിൽ നിരാശയും ദുഃഖവും നിറയാൻ ആ വാർത്ത കാരണമായി. മനുഷ്യർ  തമ്മിൽ പരസ്പരം അവഹേളിക്കാൻ എന്തിനാണ്  ഈ സാധു ജീവികളെ ഉപയോഗിക്കുന്നത് ? ആ ജീവികൾ നിങ്ങളെ ഉപദ്രവിക്കാൻ വരുന്നുണ്ടോ? ഇല്ലല്ലോ. ഈ പ്രകൃതിയെ നശിപ്പിക്കുന്ന മറ്റെന്തെല്ലാം പേരുകൾ ഈ ഭൂമിയിൽ ഉണ്ട്. ജെ.സി.ബി., ടിപ്പർ.അങ്ങനെ എന്തെല്ലാം. 

നിങ്ങൾക്ക് ബോഡി ഷെയ്മിങ് നടത്താനായി ഈ പേരുകൾ ഉപയോഗിച്ചു കൂടേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്’’.- മാനസേശ്വരി

‘’അതു ശരിയാ. അടുത്ത തവണ അവനെ "മണ്ണുമാന്തീ''

എന്നു വിളിക്കാൻ പറയാം. അല്ലെങ്കിലും അവൻ ആളൊരു മണ്ണുവാരി ആണല്ലോ.’’-മനോഹർ 

അതു കേട്ട് പ്രവർത്തകർ ചിരിക്കുന്നു.

’’ശ്രീ ഗുണപതി, താങ്കൾ ഒരു ആനക്കമ്പക്കാരനാണ്. 

"ആനക്കമ്പം" എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൻറ്റെ അഡ്മിനും താങ്കളാണ് .

ആനക്കമ്പവും ഈ ബോഡി ഷെയ്മിങും തമ്മിൽ എന്താണ് ബന്ധം?’’-അവതാരകൻ 

’’ഇവിടെ മനുഷ്യർ തമ്മിലുള്ള ബോഡി ഷെയ് മിങിനെ കുറിച്ചാണ് സംസാരിക്കുന്നത്. അക്കാര്യത്തിൽ അവർക്ക് കോടതിയെ സമീപിച്ചു കഴിഞ്ഞു. . പക്ഷേ മലയാളികളുടെ അഭിമാന ഭാജനം ആയ ഒരു ഗജവീരനെ ബോഡി ഷെയ്മിങ് നടത്തിയാലോ? 

ആനക്കമ്പക്കാരായ ഞങ്ങൾക്ക് അത് കണ്ടില്ലെന്ന് നടിക്കാനാവില്ല.’’ -ഗുണപതി

’’-ശ്രീ ഗുണപതി, താങ്കൾ ഇപ്പോൾ പുതിയൊരു ആരോപണമാണ് ഉന്നയിക്കുന്നത്. ആനയെ ബോഡി ഷെയ്മിങ് ചെയ്തു എന്നൊരു ആരോപണം. അത് ഒന്ന് വിശദമാക്കാമോ? ‘’-അവതാരകൻ

’’അതു വളരെ വ്യക്തമല്ലേ? ഇവിടെ ആന വയറൻ എന്ന് ഒരാളെ വിളിക്കുമ്പോൾ ആനയുടെ വയർ എത്ര ചെറുതാണ് എന്നൊരു അർത്ഥം കൂടി അതിനകത്തുണ്ട്. ആനയെ കൊച്ചാക്കൽ അല്ലേ അത് ?

അതുപോലെ ഒരു രാഷ്ട്രീയക്കാരൻ ആനക്കുട്ടിയാണ് എന്ന് പറയുമ്പോൾ -ഒരു ആനക്കുട്ടിയുടെ സവിശേഷതകളെല്ലാം അവിടെ നഷ്ടമാവുകയാണ് ചെയ്യുന്നത് .ഒരു ആനക്കുട്ടിയോട് ജനങ്ങൾക്കുള്ള വാൽസല്യം, കൗതുകം, സ്നേഹം , ഇതെല്ലാം ഒരു രാഷ്ട്രീയ നേതാവിന് തുല്യമാണ് എന്ന് പറഞ്ഞാൽ അത് ഒരു ആനക്കുട്ടിയെ പലവട്ടം അവഹേളിക്കുന്നതിന് തുല്യമല്ലേ?’-’ഗുണപതി

’ഇതിപ്പോ ആകെ കൺഫ്യൂഷനായല്ലോ. അവഹേളിച്ചത് ആനക്കുട്ടിയെയാണോ? താഹക്കുട്ടിയെയാണോ? ‘’-സയ്നു

അവതാരകൻ   ഇടവേളയിലേക്ക് പോയപ്പോൾ ഉണ്ണിഫാൻസ് പെപ്സിയും പപ്സും കൈയിലെടുത്തു.

"അടുത്ത ബാറ്റിങ് താഹ സാറായിരിക്കും"

മനോഹറിൻ്റെ ആ പ്രവചനം തെറ്റിയില്ല. ഇടവേളയ്ക്ക് ശേഷം അവതാരകൻ താഹയ്ക്കു നേരെ തിരിഞ്ഞു:

’’ശ്രീ താഹ ,താങ്കളും ശ്രീ ഉണ്ണിയും തമ്മിലുള്ള ബോഡി ഷെയ്മിങ് കേസ് ഇപ്പോൾ കോടതിയിൽ എത്തി നിൽക്കുകയാണ് .ഇവിടെ താങ്കൾ നടത്തിയതായി ആരോപിക്കുന്ന ബോഡി ഷെയ്മിങി നെക്കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത് ?’’-അവതാരകൻ

’’ഞാനാരെയും മനപൂർവം ആക്ഷേപിക്കുന്ന ആളല്ല. 

 ശ്രീ ഉണ്ണി എന്നെ ആദ്യം അവഹേളിച്ചപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഞാൻ അപ്രകാരം പ്രതികരിച്ചു പോയതാണ്. ‘’-താഹ

’’ശ്രീ ഉണ്ണി, താങ്കൾ ആണ് ആദ്യം ശ്രീ താഹയെ അധിക്ഷേപിച്ചത്. അതിനെക്കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്?’’-അവതാരകൻ

‘’അങ്ങനെ ചോദിക്ക്. .അവൻ മറുപടി പറയട്ടെ.’’-മനോഹർ

"എൻറെ ബൈക്കിൽ അദ്ദേഹത്തിൻറെ കാർ തട്ടി 

ഞാൻ വീഴുകയായിരുന്നു. അദ്ദേഹത്തോട് അതിനെക്കുറിച്ച് സംസാരിക്കാൻ ചെന്നപ്പോൾ നിഷേധാത്മക നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. കാറിൽ നിന്ന് ഇറങ്ങാൻ പോലും അദ്ദേഹം തയ്യാറായില്ല. അതുകൊണ്ടാണ് എൻറെ ധാർമികരോഷത്താൽ അത്രയും പറഞ്ഞു പോയത്.അല്ലാതെ എന്നെക്കാൾ പ്രായത്തിൽ മുതിർന്ന അദ്ദേഹത്തെ കരുതിക്കൂട്ടി കളിയാക്കിയതല്ല .മാത്രമല്ല, ഞാനും ഒരു ആനക്കമ്പക്കാരനാണ് എന്ന് തുറന്നു പറയാൻ ഞാൻ ഈ അവസരം വിനിയോഗിക്കുകയാണ്. എൻറെ അച്ഛൻ ഒരു ആനപ്പാപ്പാൻ ആയിരുന്നു. എനിക്ക് കുട്ടിക്കാലം മുതൽ ആനകളുമായി സഹവാസം ഉണ്ടായിരുന്നു. ആനകളോടൊപ്പമുള്ള എൻ്റെചില ഫോട്ടോകൾ ഞാൻ അവതാരകനെ ഏൽപ്പിച്ചിരുന്നു.അദ്ദേഹം അത് ഒന്നു കാണിച്ചാൽ ഉപകാരമായിരിക്കും.’’ -ഉണ്ണി

സ്ക്രീനിൽ ഉണ്ണി ആനകളുമായി നിൽക്കുന്ന ഫോട്ടോ ദൃശ്യമാവുന്നു. അതു കണ്ട് ഉണ്ണിഫാൻസിൻ്റെ ആഹ്ലാദ പ്രകടനം.

"എനിക്ക് ദേഷ്യം വന്നപ്പോൾ എൻറെ നാവിൽ വന്നത് ഞാനേറ്റവും ഇഷ്ടപ്പെടുന്ന ആന എന്ന പേരായിരുന്നു. അദ്ദേഹത്തെ ആ പേര് വിളിച്ചപ്പോൾ അതിൽ ദേഷ്യം മാത്രമല്ല സ്നേഹവും ഉണ്ട് എന്നതാണ് സത്യം.’’ -ഉണ്ണി

’’അങ്ങനെയാണെങ്കിൽ എന്നെ പറ്റിയും പറയാം. ഞാനും ഒരു രാഷ്ട്രീയക്കാരൻ മാത്രമല്ല ഒരു പരിസ്ഥിതി പ്രവർത്തകനും കൂടിയാണ് .സൈലൻറ് വാലി പോലെയുള്ള പ്രദേശങ്ങളിൽ പലവട്ടം യാത്ര ചെയ്യുകയും സിംഹവാലൻ കുരങ്ങുകളെ നേരിട്ട് കാണുകയും അവയെക്കുറിച്ച് പഠിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതിൻറ്റെ  ചില ഫോട്ടോകൾ ഞാനും  അവതാരകനെ ഏൽപ്പിച്ചിട്ടുണ്ട്.’’ -താഹ

താഹ സിംഹവാലൻ കുരങ്ങും ആയി നിൽക്കുന്ന ഫോട്ടോ സ്ക്രീനിൽ തെളിയുന്നു. പാർട്ടി പ്രവർത്തകർ കൈയ്യടിക്കുന്നു.

‘’ആ സാധു ജീവിയോടുള്ള സ്നേഹവും സഹാനുഭൂതിയും കൊണ്ടാണ് ഉണ്ണിയോട് ഞാൻ പ്രതികരിച്ചപ്പോൾ സിംഹവാലൻ എന്ന പേര് കടന്നുവന്നത്. 

ശ്രീ ഉണ്ണി പറഞ്ഞതുപോലെ ഞാൻ വിളിച്ച പേരിലും ദേഷ്യം മാത്രമല്ല ഇഷ്ടവും സഹാനുഭൂതിയും ഒക്കെ ഉണ്ട് എന്ന് ശ്രീ ഉണ്ണിയും മനസ്സിലാക്കണം. ‘’. -താഹ

’ ശ്രീ താഹ, തറ -’’

’’തറയല്ല. തറയിൽ.’’

‘’ഞാൻ അതിലേക്കാണു വരുന്നത്.

ഇപ്പോൾ കാര്യങ്ങൾ തറയിലെത്തി നിൽക്കുകയാണ്. Ground Reality രണ്ടു പേരും മനസിലാക്കിയിരിക്കുന്നു. സ്നേഹം,ഇഷ്ടം,സഹാനുഭൂതി, എന്നിവയിൽ രണ്ടു പേരും ഒപ്പത്തിനൊപ്പമാണ്. കൂട്ടത്തിൽ ഒഴിവാക്കേണ്ടത് അവരവരുടെ ദേഷ്യവും വാശിയുമാണ്. സംഭവം കഴിഞ്ഞ്  ദിവസങ്ങൾ പലതു പിന്നിട്ട സ്ഥിതിക്ക് ഇനി രണ്ടു പേരും സൗഹാർദ്ദത്തോടെ മുന്നോട്ടു പോകുന്നത് അല്ലേ ഉചിതം ?’’-അവതാരകൻ

’’വിവാദപരാമർശം ആദ്യം നടത്തിയത് ശ്രീ ഉണ്ണിയാണ്. അയാൾ ആദ്യം പരാതി പിൻവലിക്കുകയാണെങ്കിൽ ഞാനും  പിൻവലിക്കാം’’. -താഹ

‘’അങ്ങനെ ആരാദ്യം എന്ന ഒരു പ്രശ്നം ഇവിടെ ഉദിക്കുന്നില്ല. നിങ്ങൾ രണ്ടുപേരും ഈ സമൂഹത്തിന് മാതൃക കാണിക്കേണ്ടവരാണ്.അതിനാൽ രണ്ടുപേരും ഒരുമിച്ച്  ഒരു തീരുമാനം എടുക്കുകയാണ് വേണ്ടത്.”- അവതാരകൻ

"ഞാൻ റെഡി" - ഉണ്ണി

"ഞാനും "-താഹ

''എന്നാൽ ആ തീരുമാനം ഈ ചാനലിലൂടെ ജനങ്ങളെ അറിയിക്കൂ"- അവതാരകൻ

ഉണ്ണിയും താഹയും പരസ്പരം നോക്കി പുഞ്ചിരിച്ചു കൊണ്ട്  ഒരുമിച്ച് - " ഞങ്ങൾ രണ്ടു പേരും പരാതി പിൻവലിക്കുന്നു."

"എന്താ ആരും കൈയ്യടിക്കാത്തത്?" - മനോഹർ

"അതിന് നമ്മുടെ നേതാവ് ജയിച്ചില്ലല്ലോ." - ഒരു പ്രവർത്തകൻ

"ആരു പറഞ്ഞു? ഇത് നേതാവിൻ്റെ ബുദ്ധിയല്ലേ? സമാധാന പ്രിയനായ നമ്മുടെ നേതാവ് അടുത്ത എലക്ഷനിൽ പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ വോട്ടു നേടി വിജയിക്കാൻ പോവുകയാണ്."- മനോഹർ

"അങ്ങനെയാണോ? എന്നാൽ ആഞ്ഞടിക്കാം."

എല്ലാവരും കൈയടിക്കുന്നു. സെയ്തുവും ആവേശത്തിലായി :"ഇനി ഉണ്ണി ബ്രോയുടെ  സബ്സ്ക്രൈബേഴ്സ് ഇരട്ടിയാകും. ഇപ്പോ ജനപ്രിയനായില്ലേ - ഇനി ആനപ്രേമികൾ പോലും ഈ ചാനലിലേക്കു വരും."

അതു കേട്ട് ഉണ്ണി ഫാൻസ് ഡാൻസ് തുടങ്ങി:

"ഉണ്ണി ബ്രോ- നമ്മുടെ ബ്രോ- നമ്മുടെ ബ്രോ- ഉണ്ണി ബ്രോ- "

അവതാരകൻ ഉപസംഹാരത്തിലേക്കു കടന്നു  :

‘’ശ്രീ താഹ തറയിലിൻ്റെയും ശ്രീ ഉണ്ണി മണ്ണാരിയുടെയും പരാതി ഇവിടെ അവസാനിക്കുന്നു. എന്നാൽ ബോഡി ഷെയ്മിങ് ഇവിടെ അവസാനിക്കുന്നില്ല. മനുഷ്യരുടെ മനോഭാവം മാറുന്നതുവരെ അതു തുടർന്നുകൊണ്ടേയിരിക്കും. ഇന്ന് ബോഡി ഷെയ്മിങിനു വിധേയമായതിൻ്റെ പേരിൽ വേദനിക്കുന്ന, തളർന്നു പോകുന്ന പലരും നമുക്കിടയിലുണ്ട്. അവരുടെ അറിവിലേക്കായി ഒന്നു രണ്ടുകാര്യങ്ങൾ പറയാം: 

ഒരാളുടെ ശരീരത്തിൻറെ അളവുകളോ രൂപമോ നിറമോ ഒന്നുമല്ല അയാളുടെ ജീവിത വിജയം നിശ്ചയിക്കുന്നത്. പുരാണത്തിലെ ശ്രീകൃഷ്ണനും ദക്ഷിണാഫ്രിക്കയിലെ നെൽസൺ മണ്ടേലയും ഫുട്ബോൾ ഇതിഹാസം പെലെ യും ഒക്കെ കറുത്ത വരായിരുന്നു. 

എന്തിനേറെ, നാം ആരാധനയോടെ കാണുന്ന സിനിമാ താരങ്ങളെ നോക്കൂ.  പൊക്കമില്ലായ്മ, ഉന്തിയ പല്ല്, കുടവയറ്,കഷണ്ടി ,ഇതൊക്കെ മേന്മയായി കണ്ടു വിജയം വരിക്കുന്ന എത്രയോ നടീനടന്മാർ ഉണ്ട്. ഒരാളുടെ വ്യക്തിത്വത്തിൻ്റെ ഭാഗമാണ് അയാളുടെ ശരീരം. അത് നിങ്ങളുടെ അഭിമാനമാണ് എന്ന് മനസ്സിലാക്കുക ഇനി ബോഡി ഷെയ് മിങ് നടത്തുന്നവരോട് ഒരു കാര്യം -

മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിനു മുമ്പ് സ്വന്തം ശരീരത്തിലേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കുക. അവിടെയും പല കുറവുകളും നിങ്ങൾക്കു കാണാൻ കഴിയും. അതുപോലെ സ്വന്തം ശരീരത്തിൻ്റെ മേന്മകളിൽ അഹങ്കരിക്കുന്നവർ ഇതുകൂടി ഓർക്കുക. ആ മേന്മകൾ ഇല്ലാതാകാൻ വെറും ഒരു നിമിഷം മതി എന്ന സത്യം .

നന്ദി. നമസ്കാരം.’’

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ