mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

people in coconut field

സ്കൂൾ വിട്ടു വരുന്ന വഴിയിൽ ഒരു തൂക്കണാം കുരുവിയുടെ ഒരു കൂട് കിട്ടി. പൂന്താനത്തെ സജീവിന്റെ വീടിന്റ മൂലക്കുള്ള തെങ്ങിൽ മൊത്തം കൂടുകളാണ്. സ്കൂളിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഒരു പത്തു റൗണ്ട് ഏറ് കൂടുകൾക്കിട്ടു എറിയും.

കിളികൾ എല്ലാം കൂടെ "പടച്ചോനെ ഇങ്ങള് കാത്തോളീൻ " എന്നും പറഞ്ഞു ഇറങ്ങി പറക്കുന്നത് കാണാൻ ഒരു രസം തന്നെയാണ്.
ഒരു ദിവസം ക്രിക്കറ്റ് താരം കപിൽ ദേവിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് എറിഞ്ഞ ഒരു അന്യായ റോർക്കർ, തൊട്ടു താഴെ തന്റെ വെറ്റക്കൊടി തോട്ടത്തിൽ ആധുനിക വെറ്റകൃഷിയുടെ സാങ്കേതിക വശങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെപ്പറ്റി കൂനം കലുഷിതമായി ആലോചിച്ചുകൊണ്ടിരുന്ന കൃഷ്ണൻ കുട്ടി ചേട്ടന്റെ തലയിലാണ് പോയി ലാൻഡ് ചെയ്തത്.

തലയിൽ ചേന മുളച്ചതുപോലെ ഒരു മുഴയുമായി അന്ന് കൃഷ്ണൻ കുട്ടി ചേട്ടൻ ഞങ്ങളുടെ കൂടെ ഒരു നൂറു മീറ്റർ ഓട്ടത്തിൽ പങ്കുചേർന്നു എങ്കിലും ഞങ്ങളെ പിടിക്കാൻ കിട്ടിയില്ല.

പിന്നീട് ആ ഭാഗത്തേക്ക്‌ നോക്കാറേയില്ലാരുന്നു. അങ്ങനെ കല്ലേറ് നടത്താതെ ഒരു കുരുവിക്കൂട് താഴെ വീണു കിട്ടി. നിർമ്മാണത്തിലെ പാകപ്പിഴവോ അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരമില്ലായ്മയോ ആകാം കൂടിന്റെ തകർച്ചക്ക് വഴിവെച്ചതെന്നു ഊഹിക്കാം. അതുമല്ലെങ്കിൽ ശക്തമായ കാറ്റിൽ കൂടിന് അഭികേന്ദ്ര ബലം നഷ്ടപ്പെട്ടു പോയതാകാം.

എന്തായാലും അവിടെയും ഇവിടെയും നിന്ന് കറങ്ങാതെ കൂടുമായി നേരെ വീട്ടിലോട്ടു പോയി. വീട്ടില്‍ ചെന്നപ്പോള്‍ അവിടെ പറമ്പില്‍ തേങ്ങ ഇടുകയാണ്. തേങ്ങയിടാന്‍ വന്ന രാജപ്പൻ ചേട്ടനും അച്ഛനും കൂടി ഓലമടല്‍ എല്ലാം മെടയാനായി വെട്ടി തയ്യാറാക്കുന്നു. ഓലകൾ കീറി ഒരുമിച്ചു കെട്ടി റോക്കറ്റിന്റെ ആകൃതിയിൽ വഴുക കീറി കെട്ടി തയ്യാറാക്കുന്നു.
"ഇതെന്തിനാ ഇങ്ങനെ റോക്കറ്റ് പോലെ കെട്ടുന്നത് " എന്റെ ചോദ്യം കേട്ട് രാജപ്പൻ ചേട്ടൻ ഒരു പച്ച ചിരി ചിരിച്ചു. "ഇത് തോട്ടിലെ വെള്ളത്തിൽ രണ്ടാഴ്ച മുക്കിയിടണം. അപ്പോൾ നന്നായി ചീയും പിന്നീടാണ് ഓല മെടയുന്നത് "

ലോകത്തുള്ള കാര്യങ്ങള്‍ ഒക്കെ അറിയാമെന്നാണ് രാജപ്പൻ ചേട്ടന്റെ വിചാരം. രാജപ്പൻ ചേട്ടൻ മുറിച്ചു തന്ന കരിക്ക് പൂളി അതിൽ ശർക്കര കൂട്ടി അമ്മ തന്നു. നല്ല സ്വാദ്. തേങ്ങയും തിന്നുകൊണ്ട് ഞാൻ ചേട്ടനോട് ചോദിച്ചു. " ചേട്ടാ ഈ തൂക്കണാം കുരുവി എങ്ങനെയാണ് കൂടു വെക്കുന്നത്"

"അതോ, ആദ്യമായി കുരുവികൾ പഞ്ചായത്തിൽ നിന്നുമുള്ള അനുവാദം വാങ്ങിക്കും. പിന്നീട് ഒരു കണിയാനെ പോയി കണ്ടിട്ട് ഏതെങ്കിലും നല്ല ഒരു തെങ്ങിൽ സ്ഥാനം നോക്കും. എന്നിട്ട് നമ്മുടെ സുകുമാരൻ മേശരിക്ക് ഉടമ്പടിയായി പണിയങ്ങു കൊടുക്കും." അത്രയും പറഞ്ഞിട്ട് രാജപ്പൻ ചേട്ടൻ എന്നെയൊന്നു നോക്കി
"ങ്‌ഹേ " ഞാനും ഒന്ന് നോക്കി.
"എടാ കൊച്ചേ കുരുവി കൂടുവെക്കുന്നത് നീ കണ്ടിട്ടുള്ളതല്ലേ പിന്നെ എന്താ ഇങ്ങനെ ചോദിക്കുന്നത്. ഈ കുരുവികൾക്കുള്ള സാധനങ്ങൾ ഈ രാജപ്പൻ ചേട്ടൻ അല്ലേ സപ്ലൈ ചെയ്യുന്നത് . ആകാശം മുട്ടെ നിൽക്കുന്ന തെങ്ങിൽ നിന്നും ഓലയും ചൂട്ടും ഒക്കെ ഞാനല്ലേ വെട്ടിയിടുന്നത്. അതിന്റെ നാരുകൾ കൊണ്ടുപോയല്ലേ അവറ്റകൾ കൂട് കെട്ടുന്നത്."
ഇത്രയും പറഞ്ഞിട്ട് വീരനെപ്പോലെ തലക്കെട്ടിൽ തിരുകി വച്ചിരുന്ന ഒരു ദിനേശ് ബീഡി ചേട്ടൻ എടുത്തു കത്തിച്ചു.
"രാജപ്പൻ ചേട്ടാ എനിക്കൊരു കൂട് കിട്ടിയിട്ടുണ്ട് അത് ഒരു തെങ്ങിന്റെ മുകളിൽ കെട്ടിയാലോ.
"എടാ കൊച്ചേ ഞാനീ തെങ്ങേൽ കേറി ജീവിച്ചുപോകുന്നത് നിനക്ക് അങ്ങോട്ട് സുഖിക്കുന്നില്ല ഇല്ലിയോ. കഴിഞ്ഞ മാസം കേശപിള്ളയും നീയും കൂടെ തൊരപ്പനെ പിടിക്കാൻ ഇട്ട പ്ലാനിൽ ഏണിയുമായി ചേനക്കുഴിയിൽ ചാടിയതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല എനിക്ക്. അപ്പോഴാണ് ഒരു കുരുവികൂട്. ഞാനെങ്ങുമില്ല. നീ തന്നെ അങ്ങ് തൂക്കിയാൽ മതി". രാജപ്പൻ ചേട്ടന് ഇന്ററെസ്റ്റ്‌ തീരെയില്ല.

"രാജപ്പൻ ആണത്രേ രാജപ്പൻ " ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് എഴുനേറ്റ് കിണറ്റും കരയിലേക്ക് പോയി. അവിടെയൊരു സംഘട്ടനത്തിന്റെ തീപ്പൊരികൾ വീണുതുടങ്ങിയിരിന്നു അപ്പോൾ. രണ്ടുപേരും വീട്ടിലെ പ്രധാന കട്ടകൾ. ഭൈരവൻ പൂച്ചയും ഗിരിരാജൻ കോഴിയും. മീൻ വെട്ടലിന്റെ ഭാഗമായി അനുവദിച്ചു കിട്ടിയ തലയുടെയും വാലിന്റെയും ടെൻഡർ ഒറ്റക്ക് എടുത്ത് ആർക്കും കൊടുക്കാതെ തിന്നുകൊണ്ടിരുന്ന ഭൈരവന്റെ അടുത്ത് പാർട്ണർ ഷിപ് എടുക്കാൻ ഗിരിരാജൻ ചെന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കം.

ഗിരിരാജന്റെ പാർട്ണർ ഷിപ് കട്ട്‌ ചെയ്ത ഭൈരവന്റെ മുതലാളിത്ത നടപടിയിൽ ഗിരിരാജൻ ശക്തമായി പ്രതിഷേധിച്ചു. അതൊരു യുദ്ധത്തിന്റെ വക്കോളം എത്തി. മണ്ണു മാന്തി പോലെ നഖവും വെച്ചുകൊണ്ട് മാന്തിപ്പറിക്കാൻ തയ്യാറായി ഭൈരവനും , കൊത്തിപ്പറിക്കാൻ തയ്യാറായി ഗിരിരാജനും.
അവസാനം വീട്ടിലെ പുള്ളിക്കോഴിയും ടിപ്പു പട്ടിയും അപ്പുറത്തെ വീട്ടിലെ പുള്ളിക്കുത്തുള്ള ടോമി പട്ടിയും ശക്തമായി നടത്തിയ ഇടപെടലിലാണ് ഒരു രക്തച്ചൊരിച്ചിൽ അവിടെ ഒഴിവായത്.

"ഇവിടൊരാൾ കൂട് തൂക്കാനുള്ള പ്ലാൻ നോക്കുമ്പോഴാ ഈ പീറകളുടെ മീന്തല വഴക്ക് "
എന്ന് മനസിലോർത്തുകൊണ്ട് ഞാൻ പറമ്പിലേക്ക് ഇറങ്ങി.

യെശോധരൻ കൊച്ചാട്ടൻ പാട്ടത്തിന് എടുത്തു കള്ള് ചെത്തുന്ന രണ്ട് തെങ്ങുകളുണ്ട് പറമ്പിന്റ വടക്കേ മൂലക്ക്. അതിൽ തൂക്കിയാലോ. ടവർ പോലെ ഉള്ള തെങ്ങാണ്. എങ്ങനെ കയറും. ഒരു രക്ഷേം ഇല്ല. മാവോ പ്ലാവോ ഒക്കെ ആയിരുന്നു എങ്കിൽ ഒന്ന് കൈ വെക്കാമായിരുന്നു. ഇതിപ്പോൾ തെങ്ങാണ്. പിടിവിട്ടാൽ തീർന്നു. യശോധരൻ ചേട്ടനും രാജപ്പൻ ചേട്ടനും ഒക്കെ തെങ്ങു കയറ്റത്തിൽ ഡിപ്ലോമ കയ്യാളുന്നവർ ആണ്. നമ്മളോ.. യ്യോ വേണ്ട
അപ്പുറത്തെ പുരയിടത്തിൽ കേശവൻ ചേട്ടൻ വെട്ടുചേമ്പ് കിളക്കുന്ന തിരക്കിലാണ്. ഇടയ്ക്കു തൊരപ്പനെയും മറ്റും കട്ടക്ക് തെറിയും വിളിക്കുന്നുണ്ട്. കേശവൻ ചേട്ടന്റെ കൃഷിത്തോട്ടത്തിലെ ചെറിയ പ്രാണികൾ മുതൽ കീരി, പാമ്പ്, എലി, അരണ, ഓന്ത് തുടങ്ങി എല്ലാം പുള്ളിക്കാരന്റെ ലിസ്റ്റിൽ പെട്ട എ ഗ്രേഡ് ശത്രുക്കൾ ആണ്. അതുകൊണ്ടാണ് ഈ തെറിവിളി.

"ഉം എന്താ വൈകുന്നേരം പറമ്പിൽ ഒരു ചുറ്റിക്കളി" എന്നെ കണ്ടതും കേശവൻ ചേട്ടൻ തല ഉയർത്തി നോക്കിക്കൊണ്ട് ചോദിച്ചു.
"അതേ കേശവൻ ചേട്ടന് കുരുവിക്കൂട് വെക്കാൻ അറിയാമോ" ഞാൻ ചോദിച്ചു.
"ഹും അറിയാമോന്നോ എന്തോ ചോദ്യമാടാ കൊച്ചേ ഇത്. പണ്ടൊക്കെ കേശവൻ ചേട്ടൻ സ്ഥിരം കുരുവിക്കൂടിന്റെ ആളായിരുന്നു. എത്ര കുരുവികൾ ആയിരുന്നു വീട് വെക്കാനെന്നും പറഞ്ഞു എന്റെ അടുത്തു അന്ന് വന്നിരുന്നത്. നിന്റെ മാമൻ കരുണാകരനും ഞാനും ആയിരുന്നു നമ്മുടെ നാട്ടിലെ പ്രധാന കുരുവികൂടുകാർ. ഇപ്പൊ എല്ലാം പോയില്ലേ. മുടിയൊക്കെ കൊഴിഞ്ഞു" ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് കേശവൻ ചേട്ടൻ പറഞ്ഞു.
ഞാൻ ഒന്ന് അന്തിച്ചു നോക്കി കേശവൻ ചേട്ടനെ. "ചേട്ടൻ ഏത് കൂടിന്റെ കാര്യം ആണ് ഈ പറയുന്നത്" ഞാൻ ചോദിച്ചു
"തലയിൽ കുരുവിക്കൂട് വെക്കുന്ന കാര്യം അല്ലേ മുടി ചീകി ഇങ്ങനെ സ്റ്റൈലിൽ "
"അയ്യേ അതൊന്നുമല്ല ദേ ഈ കൂട് " ഞാൻ കയ്യിലിരുന്ന കുരുവിക്കൂട് നീട്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
"ഓ ഇതാണോ ഇത് തൂക്കണാം കുരുവിയുടെ കൂടല്ലേ.
"അതെ നമുക്കിത് തെങ്ങിൽ തൂക്കിയിട്ടാലോ " ഞാൻ എന്റെ കുരുവിക്കൂട് പ്രൊജക്റ്റ് കേശവൻ ചേട്ടന്റെ മുൻപിൽ അവതരിപ്പിച്ചു.
"ആഹാ എന്നിട്ട് വേണം കുരുവികൾ എല്ലാം കൂടെ ഈ പറമ്പിലെ കൃഷി ഒക്കെ നശിപ്പിക്കാൻ . പൊക്കോണം അവിടുന്ന്"
കേശവൻ ചേട്ടനും താല്പര്യമില്ല. റേഷൻ കടയിൽ റേഷൻ വാങ്ങാൻ പോയപ്പോൾ അരിയും ഗോതമ്പും തീർന്നുപോയി എന്നറിഞ്ഞു തകർന്ന BPL കാർഡ് കാരനെപ്പോലെ ഞാൻ തിരിച്ചു നടന്നു.

വരിക്കപ്ലാവിന്റെ സമീപം ഒന്ന് നിന്നു. എന്തുകൊണ്ട് കൂട് തെങ്ങിൽ തന്നെ കെട്ടണം. ഉഗ്രൻ വരിക്ക പ്ലാവ് അല്ലേ ഈ നിൽക്കുന്നത്. ഇതിൽ തന്നെ കെട്ടിയേക്കാം. കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല. കൂടുമായി പ്ലാവിനോട് ചേർന്നു നിൽക്കുന്ന നാട്ടുമാവിൽ കൂടി കയറി പ്ലാവിന്റെ മുകളിൽ എത്തി.

ഒരിക്കൽ, വീടിന് വടക്ക് കാക്കകൂട് വന്നാൽ ദോഷമാണെന്ന അമ്മയുടെ ഡയലോഗ് കേട്ട് കാക്കകൂട് എറിഞ്ഞു പൊളിക്കാൻ ഒരു ശ്രെമം നടത്തിയതാണ്.

"ഓടിവായോ കിടപ്പാടം എറിഞ്ഞു കളയാൻ നോക്കുന്നെ " എന്ന് ഒരൊറ്റ അലർച്ച ആയിരുന്നു കറമ്പി കാക്ക. ആയിരങ്ങൾ ആണ് ഒരൊറ്റ അലർച്ചയിൽ അന്നു വന്ന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കൂടോ ഫ്ലാറ്റോ കൊട്ടാരമോ എന്തു വേണമെങ്കിലും കെട്ടിക്കോ എന്നു പറഞ്ഞു തലനാരിഴക്ക് ആണ് അന്ന് രക്ഷപെട്ടത്.

ആ മരത്തിലേക്കാണ് കുരുവികൂടുമായി കയറിയേക്കുന്നത്. മുകളിലേക്ക് നോക്കി. അതെ കാക്കക്കൂട് പഴയത് പോലെ അവിടെത്തന്നെ ഉണ്ട്.
പെട്ടെന്ന് എവിടെനിന്നാണെന്നു അറിയില്ല കറമ്പികാക്ക പാഞ്ഞു പറിച്ച്‌ സ്പോട്ടിൽ എത്തി.

"അയ്യോ ഓടിവായോ, വേറെ കിളികളെ കൊണ്ടുവന്നു മരത്തിൽ കയറ്റി നമ്മളെ ഇവിടെ നിന്നും ഇറക്കിവിടാൻ നോക്കുന്നെ" എന്നും പറഞ്ഞു കറമ്പികാക്ക ഒരു സൈറൺ മുഴക്കി. .

പോരെ പൂരം. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയവരും, ഒരു ചെറുത് അടിക്കാൻ പോയവരും, എന്തിനു പറയുന്നു കക്കൂസിൽ പോയ കാക്ക വരെ പാഞ്ഞെത്തി. വരിക്ക പ്ലാവിന്റെ മുകളിൽ കാക്കകളുടെ ഒരു സംസ്ഥാന സമ്മേളനത്തിനുള്ള എണ്ണമായി. എനിക്ക് അപകടം മണത്തു.
പെട്ടന്നതാ റാഫേൽ യുദ്ധവിമാനത്തിന്റെ ഷേപ്പിൽ ചിറകും വച്ചോണ്ട് നാലഞ്ചെണ്ണം എന്റെ നേരെ പാഞ്ഞു വരുന്നു. പടച്ചോനെ പണി പാളി. ഞാൻ കുനിഞ്ഞെങ്കിലും അതിലൊരു വിമാനം എന്റെ തലയിൽ ഒന്നാം താരം ഒരു മാന്ത് മാന്തി. അമ്മേ നല്ല നീറ്റൽ. എന്റെ സർവ്വ നിയന്ത്രണവും വിട്ടു. ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിനെ പ്പോലെ ആണ് താനിപ്പോൾ. ഒരൊറ്റ വ്യത്യാസമേ ഒള്ളൂ ഇവിടെ കാക്കവ്യൂഹം ആണ് അവിടെ ചക്രവ്യൂഹവും.

അതും പോരാഞ്ഞിട്ട്, കയറി വരുമ്പോൾ അറിയാതെ ഒരു നീർ ഉറുമ്പിന്റെ തലമണ്ടക്ക് കാല് വെച്ചാരുന്നു. അവനിപ്പോൾ കുടുംബക്കാരെ മൊത്തത്തിൽ വിളിച്ചോണ്ട് വന്നേക്കുന്നു. കാലിലൂടെ എല്ലാം കൂടെ മുകളിലേക്ക് കയറുന്നു. കുറച്ചെണ്ണം ചറ പറാ കടിയും തുടങ്ങി.
റാഫേൽ വിമാനം പോലെ വീണ്ടും കുറച്ചെണ്ണം വരുന്നുണ്ട്. ഇനിയിപ്പോ അഭിമാനം നോക്കി നിന്നാൽ പണി പാളും. പകുതി വരെ വലിഞ്ഞ്‌ ഇറങ്ങി. പിന്നീട് മുന്നും പിന്നും നോക്കാതെ ."ഭഗവതീ" എന്ന് അലറിക്കൊണ്ട് താഴേക്ക് ചാടി.

ഭാഗ്യം കാലൊടിഞ്ഞില്ല. കാക്കയുണ്ടോ വെറുതെ വിടുന്നു. തമിഴ് നാട്ടിൽ നിന്നു വരെ കാക്കകളെ ഇറക്കിയെന്നു തോന്നുന്നു. തടിച്ചു പാണ്ടി ലുക്ക്‌ ഉള്ള കാക്കകൾ വരെ ഉണ്ട്. അടുത്തു കണ്ട ഒരു വേലി പത്തൽ എടുത്തു കറക്കിക്കൊണ്ട് പ്രാണരക്ഷാർധം വീട്ടിലേക്കു പാഞ്ഞു.
ബഹളം കേട്ട് സ്പോട്ടിൽ എത്തിയ ടിപ്പുവും, ഭൈരവനും , അപ്പുറത്തെ പുള്ളിക്കുത്തുള്ള ടോമിയും, ബ്രേക്ക് പോയ സ്വകാര്യബസുപോലെ
പാഞ്ഞു പറിച്ചുള്ള എന്റെ വരവ് കണ്ട് എന്നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എന്റെ കൂടെ വീട്ടിലേക്കു പാഞ്ഞു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ