mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

memo

v suresan at mozhi.org

''എൻറെ അമ്മോ - മെമ്മോ."

സോമരാജൻ്റെ ആത്മഗതം വീണ്ടും ആപ്പീസിൽ മുഴങ്ങി. കൃഷിയാപ്പീസിൽ ലാസ്റ്റ് ഗ്രേഡായ അയാൾക്ക് മെമ്മോ എട്ടു പത്തെണ്ണം കിട്ടിയിട്ടുണ്ടെങ്കിലും  ഓരോ തവണ കൈപ്പറ്റുമ്പോഴും ഇപ്രകാരം അത് തൻറെ അമ്മയ്ക്ക് സമർപ്പിക്കാറുണ്ട്.

സ്ഥിരമായി ബിവറേജസിൽ നിന്ന് മദ്യം വാങ്ങി സർക്കാരിൻറെ വരുമാനത്തിൽ തൻറ്റേതായ സംഭാവന നൽകിക്കൊണ്ടിരിക്കുന്ന സോമരാജൻ അത് ദിവസം മൂന്നു നേരം മുറതെറ്റാതെ സേവിക്കാറുമുണ്ട്.. 

കഴിക്കുന്നതിൻ്റെ ഡോസ് കൂടുന്ന ദിവസങ്ങളിലാണ് അപ്പീസിലും പുറത്തും അയാൾ പ്രശ്നങ്ങളുണ്ടാക്കുന്നത്. 

ഇപ്പോൾ മെമ്മോ ലഭിച്ചിരിക്കുന്നത് ആപ്പീസറോട് അന്തസ്സില്ലാത്ത പദപ്രയോഗം നടത്തിയതിനാണ്. 

ആപ്പീസ് നടപടിക്രമങ്ങൾ മലയാളത്തിൽ തന്നെയാകണം എന്ന് കർശന നിർദ്ദേശം വന്നതിനുശേഷം ആപ്പീസിലെ നോട്ട്ഫയലിൽ 

"Draft may be approved"

എന്ന സ്ഥിരം ഇംഗ്ലീഷ് വാക്യത്തിനു പകരം "നക്കൽ അംഗീകരിക്കാവുന്നതാണ്" "നക്കൽ അംഗീകരിച്ചാലും" എന്നൊക്കെയാണ് മലയാളത്തിൽ എഴുതാറുള്ളത്. 

ഡ്രാഫ്റ്റ് ഫയൽ ആപ്പീസർക്ക് കൊടുത്തു കഴിഞ്ഞാൽ ആപ്പീസിലെ സംഭാഷണം കോഡുഭാഷയിലാണ്. 

"ആ ഫയൽ നക്കിയോ?" 

"നക്കി തിരികെ വന്നോ?"

എന്നൊക്കെ ചോദിച്ചാൽ അതിൻ്റെയർത്ഥം നക്കൽ അംഗീകരിച്ചോ എന്നാണ്.

നമ്മുടെ കഥാനായകനായ സോമരാജൻ പി. എഫ്. ലോണിനു അപേക്ഷ കൊടുത്തിരുന്നു. അയാൾ അതിനെക്കുറിച്ച് ക്ലാർക്ക് രമേശനോട് അന്വേഷിച്ചപ്പോൾ അത് ആപ്പീസറുടെ മേശപ്പുറത്തുണ്ട്, രണ്ടു ദിവസമായിട്ടും നക്കി വന്നില്ല, എന്ന മറുപടിയാണ് ലഭിച്ചത്. 

"ഇന്നെങ്കിലും നക്കിക്കിട്ടുമോ ?"

"അത് എന്നോട് ചോദിച്ചാൽ എങ്ങനെ? ആപ്പീസറോടുതന്നെ ചോദിക്ക്." 

"എന്നാ ഞാൻ ചോദിക്കാം " 

"മര്യാദയായിട്ട് ചോദിക്കണം" - ഹെഡ് ഓർമിപ്പിച്ചു 

"എന്നെ ആരും മര്യാദ പഠിപ്പിക്കാനൊന്നും വരണ്ട. എങ്ങനെ സംസാരിക്കണം എന്ന് എനിക്കറിയാം" 

രാവിലത്തെ സേവയുടെ ഡോസ് കൂടിയിരുന്നതിനാൽ വർദ്ധിത വീരനായി സോമൻ ആപ്പീസറുടെ മുറിയിൽ പ്രവേശിച്ചു. അപ്പോൾ അവിടെ ഒന്നുരണ്ടു വിസിറ്റേഴ്സ് ഉണ്ടായിരുന്നു. സോമൻ അതൊന്നും കാര്യമാക്കിയില്ല. തൻറെ കാര്യം ചോദിച്ചു.

"സാറേ, എൻറെ ഒരു പി.എഫ്. ൻറെ ഫയൽ ഉണ്ടായിരുന്നു. അതെന്താ സാർ നക്കാത്തത്?"

വിസിറ്റേഴ്സ് സോമനേയും ആപ്പീസറെയും മാറി മാറി നോക്കി. 

സോമരാജൻ പോ, ഞാൻ അല്പം തിരക്കിലാണ്, എന്നു പറഞ്ഞ് ആപ്പീസർ അയാളെ ഒഴിവാക്കാൻ നോക്കി. പക്ഷേ സോമൻ വിടുന്നില്ല. 

"സാറിൻറെ സ്വന്തം ഫയൽ ആയിരുന്നെങ്കി കിട്ടിയാ ഒടനെ നക്കി വിടൂലേ?-കീഴ്ജീവനക്കാരെയാകുമ്പോ എന്താ നക്കാൻ ഒരു മടി. അതു പറ്റൂല. നക്കണം, നക്കിയേ തീരൂ- " 

ആപ്പീസർ ബെല്ലടിച്ചു. ബെല്ലടിച്ചാൽ വരേണ്ടതായ സോമൻ  അകത്ത് ആയതിനാൽ ക്ലാർക്ക് രമേശൻ അങ്ങോട്ടു ചെന്നു. 

ഇയാളെ വിളിച്ചോണ്ട് പോ എന്ന് ആപ്പീസർ ആജ്ഞാപിച്ചു. 

രമേശൻ, സോമനെപിടിച്ചുവലിച്ചു പുറത്തേക്ക് …. അതിനിടയിൽ സോമൻ വിളിച്ചുപറയുന്നുണ്ടായിരുന്നു.:

"സാറ് ഇന്നെൻ്റെ പി.എഫ്.  നക്കിയില്ലെങ്കി പിന്നെ വേറൊന്നും നക്കൂല. അതൊറപ്പ്.. ഈ സോമരാജനാ പറയണത്. സോമരസത്തിൻ്റെ രാജൻ. 

നക്കി നഹിം, നക്കി നഹിം… "

അടുത്ത ദിവസം രാവിലെതന്നെ സോമനുള്ള മെമ്മോ റെഡി..പതിവുപോലെ "എൻറെ അമ്മോ - മെമ്മോ" 

എന്ന് വിളിച്ചുകൊണ്ട് അയാൾ അത് കൈപ്പറ്റി .

മെമ്മോ തുറന്ന് താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് അയാൾ ഉറപ്പുവരുത്തി. 

 

ഇനി മറുപടി കൊടുക്കണം. ആരെക്കൊണ്ട് മറുപടി എഴുതിക്കും. സോമൻ ഗൗരവമായി ആലോചിച്ചു. ആപ്പീസിൽ ഉള്ള എല്ലാവരും മുമ്പ് മുപടിഎഴുതിത്തന്നിട്ടുള്ളവരാകയാൽ ഇനി അവരോടു പറഞ്ഞിട്ടു കാര്യമില്ല. മാത്രമല്ല അവർ തന്നോടുള്ള വിരോധം ഈ മറുപടിയിലൂടെ തീർത്താലോ?

എല്ലാം കൊണ്ടും പുറമേയുള്ള വിദഗ്ധരെ സമീപിക്കുന്നതാണ് ഉചിതം. സോമൻ ഒന്നുകൂടി മെമ്മോ വായിച്ചു. അപ്പോഴാണ് അതിലെ ഒരു വാചകം ഉള്ളിൽ ഉടക്കിയത്. 

"ഇതിൻറെ പേരിൽ താങ്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ തക്ക കാരണം ഉണ്ടെങ്കിൽ പതിനാല് ദിവസത്തിനകം ബോധിപ്പിക്കേണ്ടതാണ്" 

തക്ക കാരണമാണ് ബോധിപ്പിക്കേണ്ടത്. അതിനുപറ്റിയ ഒരു ഉദ്യോഗസ്ഥനെ താൻ കഴിഞ്ഞയാഴ്ച പരിചയപ്പെട്ടത് സോമൻ്റെ ഓർമ്മയിൽ തെളിഞ്ഞു. 

ഒരു രജിസ്റ്റേഡ് കവർ അയക്കാനായി പോസ്റ്റോഫീസിൽ പോയതാണ്.  അവിടെ ഇരുന്ന ഉദ്യോഗസ്ഥൻ കവർ വാങ്ങി നോക്കിയിട്ട് ചോദിച്ചു :"അവിടത്തെ തക്ക ഏതാണ്?"

"തക്കയോ?"  

"ങാ -തപാൽ കാര്യാലയം" 

എന്നിട്ടും സോമന് കാര്യം പിടികിട്ടിയില്ല 

"അവിടുത്തെ പോസ്റ്റോഫീസ് ഏതാണെന്ന് "

"ഓ അതാണോ - " 

സോമൻ ആ സ്ഥലപ്പേര് പറഞ്ഞു. 

അപ്പോൾ ഉദ്യോഗസ്ഥൻ തെല്ല് നീരസത്തോടെ പറഞ്ഞു: 

"മലയാളികൾക്കുള്ള കുഴപ്പം ഇതാണ്. മലയാളം പറയില്ല, ഇംഗ്ലീഷേ പറയൂ." 

അതിന് ഒരു ചോദ്യമൂളൽ ആയിരുന്നു സോമൻ്റെ പ്രതികരണം. അപ്പോൾ ഉദ്യോഗസ്ഥൻ വിശദീകരിച്ചു:

''പോസ്റ്റോഫീസ് എന്നത് സായിപ്പിൻറെ ഭാഷയാണ്. അതിൻറെ മലയാളം- തപാൽ കാര്യാലയം. അതിനെ ചുരുക്കി -തക-എന്നുപറയാം. P. O. എന്നു പറയുന്നതിനു പകരം -തക്ക- എന്നു പറഞ്ഞാൽ മതി. മാതൃഭാഷാ സ്നേഹമുള്ളവർ അങ്ങനെയാണ് പറയേണ്ടത്. പിന്നെ ,ഇതുപോലൊരു കത്തുമായി വരുമ്പോൾ നമ്മുടെ തക്കയും കൈപ്പറ്റുന്ന ആളിൻ്റെ തക്കയും ഒക്കെ അറിഞ്ഞിരിക്കണം. അതാണ് സാമാന്യജ്ഞാനം."

അതിനു ശേഷം അദ്ദേഹം സ്വയം ഒന്നു പുകഴ്ത്തുകയും ചെയ്തു. 

"ഞാൻ ഈ വകുപ്പിൽ വന്നിട്ട് പത്തു വർഷമേ ആകുന്നുള്ളൂ. എങ്കിലും കേരളത്തിലെ ഏതാണ്ട് എല്ലാ തക്കയെക്കുറിച്ചും എനിക്കറിയാം. അതാണ് ഉദ്യോഗത്തിനു തക്ക പ്രതിബദ്ധത ." 

സോമൻ രസീത് വാങ്ങി പോകുന്നതുവരെ ഉദ്യോഗസ്ഥൻ തക്കയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. 

മെമ്മോയിൽ - തക്ക കാരണം - എന്ന് കണ്ടപ്പോൾ സോമന് ആ ഉദ്യോഗസ്ഥനെയാണ് ഓർമ്മവന്നത്. ഇതിന് മറുപടി എഴുതാൻ അദ്ദേഹം തന്നെയാണ് പറ്റിയ ആൾ. 

സോമൻ നേരെ തപാൽ കാര്യാലയത്തിലേക്ക് പോയി. ആ ഉദ്യോഗസ്ഥൻ കൗണ്ടറിൽ തന്നെയുണ്ട്. 

"സാർ, ഞാൻ കഴിഞ്ഞ ആഴ്ച ഇവിടെ വന്നിരുന്നു. കൃഷി ആപ്പീസിൽ നിന്നാണ്"

ഞാനോർക്കുന്നില്ല എന്നായിരുന്നു ഉദ്യോഗസ്ഥൻ്റെ മറുപടി. 

"എനിക്ക് സാറിൻറെ ഒരു സഹായം വേണം" 

ഉദ്യോഗസ്ഥൻ സോമൻ്റെ മുഖത്തേക്ക് നോക്കിയപ്പോൾ താൻ കൊണ്ടുവന്ന മെമ്മോ അയാൾ, ഉദ്യോഗസ്ഥൻ്റെ കയ്യിൽ കൊടുത്തു. 

ഉദ്യോഗസ്ഥൻ അതൊന്നു ഓടിച്ചു വായിച്ചിട്ട് ചോദിച്ചു :

''ഇതെന്താ?" 

"എനിക്ക് ആപ്പീസിൽ നിന്ന് കിട്ടിയ മെമ്മോയാണ്." 

"മെമ്മോ അല്ല. കാരണം കാണിക്കൽ നോട്ടീസ്. അതാണു മലയാളം" 

"ഓ - " സോമൻ എതിർത്തില്ല. 

"സാറ് ഇതിനൊരു മറുപടി എഴുതിത്തരണം" 

"ഞാനെന്താ, തനിക്ക് മറുപടി എഴുതാൻ ഇരിക്കുന്ന ആളാണോ?" 

"അതല്ല, തക്ക കാരണം എഴുതിത്തരാൻ ഒള്ള അറിവ് സാറിനെപ്പോലെ മറ്റാർക്കും ഒണ്ടെന്നു തോന്നണില്ല "

"താൻ ഒന്ന് പോയേ- എനിക്ക് വേറെ ജോലി ഉണ്ട്" 

"സാറല്ലേ പറഞ്ഞത് കേരളത്തിലെ മുഴുവൻ തക്കയും അരച്ച് കലക്കി കുടിച്ച ആളാണെന്ന്. എന്നിട്ട് എനിക്കൊരു തക്ക കാരണം എഴുതാൻ എന്താ ഇത്ര പ്രയാസം." 

"അത് തന്നെ ബോധിപ്പിക്കേണ്ട കാര്യമില്ല….താൻ മദ്യപിച്ചിട്ടുണ്ടോ?" 

"അത് നിങ്ങളെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല." 

"ഇതു തൻറെ കൃഷി കാര്യാലയമല്ല, തപാൽ കാര്യാലയമാണ്. അത് ഓർമ്മ വേണം "

"ഏത് കാര്യാലയമായാലും എൻ്റെ കൂടെ ഒരുമാതിരി - താവൂ - പണി കാണിച്ചാ ഞാൻ വിടൂല. പറഞ്ഞേയ്ക്കാം " 

വാക്കേറ്റം കടുത്തപ്പോൾ തപാൽ കാര്യാലയത്തിൽ നിന്ന് കൃഷി കാര്യാലയത്തിലേക്ക് ഫോൺ മുഖേന പരാതി എത്തി. 

കൃഷിയാപ്പീസിൽ ഹാജർ വച്ചതിനുശേഷമാണ് സോമൻ തപാൽ ഓഫീസിൽ എത്തിയത് എന്നത് കാര്യത്തിൻ്റെ ഗൗരവം വർധിപ്പിച്ചു. 

തൻറെ കൃത്യനിർവഹണത്തെ-താവൂ -പണി എന്നുപറഞ്ഞ് അധിക്ഷേപിച്ചതായുള്ള തപാൽ ഉദ്യോഗസ്ഥൻ്റെ പരാതിക്ക് സോമൻ  വാക്കാൽ മറുപടി നൽകിയത് ഇങ്ങനെയാണ്: 

“താവൂ - എന്നത് തെറിയൊന്നുമല്ല. തപാൽ ഉദ്യോഗസ്ഥൻ എന്നതിൻറെ ചുരുക്കപ്പേരാണ്. തപാൽ കാര്യാലയത്തിന് തക്ക - എന്നു പറയാമെങ്കിൽ തപാൽ ഉദ്യോഗസ്ഥനെ താവൂ - എന്നും പറയാം. എന്താ സോമന് മാത്രം മാതൃഭാഷാ സ്നേഹം പാടില്ലേ- " 

സോമൻ പറയുന്നത് ആര് കേൾക്കാൻ !

എന്തായാലും രണ്ടുദിവസം മുമ്പ് കൈപ്പറ്റിയ മെമ്മോയ്ക്ക് തക്ക കാരണം എഴുതാൻ പോയ സോമന് അതിൻറെ പേരിൽ നാലാം നാൾ അടുത്ത മെമ്മോ കിട്ടി…

"എൻറെ അമ്മോ - മെമ്മോ"

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ