അമ്മ രാവിലെ ഉണർന്ന് അടുക്കളയിൽ തട്ടലും മുട്ടലും തുടങ്ങി. ഇനി ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. എഴുന്നേറ്റാലോ? ഇത്ര നേരത്തെ എഴുന്നേൽക്കണോ?
എഴുന്നേൽക്കാൻ തുടങ്ങിയ അവളുടെ മനസ്സിനെ ധനുമാസക്കുളിരിൽ പുതപ്പിനടിയിൽ ചുരുണ്ട ശരീരം അവിടെത്തന്നെ കിടത്തി. അമ്മയുടെ തട്ടലും മുട്ടലും താരാട്ടു പാട്ടാക്കി അവളുടെ കണ്ണുകൾ വീണ്ടും അടഞ്ഞു പോയി.
കുറേക്കഴിഞ്ഞപ്പോൾ അമ്മയുടെ ശബ്ദം കേട്ട് അവൾ ഉണർന്നു.
"ഡീ പെണ്ണേ, മതി ഉറങ്ങിയത്. എഴുന്നേൽക്ക്. ഞാനും തങ്കവും കൂടി അമ്മുവേച്ചിയുടെ വീട്ടിലൊന്നു പോകുന്നു. രാമുവേട്ടന് കൂടുതലാണത്രെ. നീ ഉച്ചയ്ക്കലത്തേയ്ക്കുള്ള കറി വയ്ക്കണം.....
......... പിന്നെയും അമ്മ എന്തൊക്കെയോ പറഞ്ഞു. അവസാനം 'തേങ്ങയരച്ച് വെള്ളത്തോട വെക്കണം'എന്നു പറഞ്ഞത് അവൾ വ്യക്തമായി കേട്ടു.
അമ്മ പോയി അല്പം കഴിഞ്ഞ് അവൾ ഉറക്കച്ചടവോടെ എഴുന്നേറ്റു.
പ്രഭാത കൃത്യങ്ങളും കുളിയും കഴിഞ്ഞു അടുക്കളയിലെത്തിയപ്പോൾ തണുത്തു മരവിച്ച ചായയും ഉപ്പുമാവും പഴവും പപ്പടവും അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ചായ ചൂടാക്കി ഉപ്പുമാവും കഴിച്ച് അവൾ, തലേന്ന് വായിച്ചു മുഴുവനാക്കാൻ പറ്റാതെ പോയ 'ഇന്ദുലേഖ'യുമായി വടക്കുവശത്തെ ഇറയത്തു തൂണും ചാരിയിരുന്നു വായന തുടങ്ങി.
കറുമ്പിപ്പൂച്ച അവളുടെ കാലിനെ ഉരുമ്മിക്കൊണ്ടിരുന്നപ്പോൾ ബാക്കിവന്ന ഉപ്പുമാവ് അതിനിട്ടു കൊടുത്തു. അപ്പോഴുണ്ട് കോഴിയും കിടാങ്ങളും അതിൽ പങ്കു പറ്റാൻ വന്നിരിക്കുന്നു. പാത്രം വടിച്ച് അവർക്കും കൊടുത്ത് അവൾ വീണ്ടും വായനയിൽ മുഴുകി. മാധവനും ഇന്ദുലേഖയും തമ്മിലുള്ള സംഭാഷണങ്ങളിൽ മുഴുകിയിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല.
ഇടവഴിയിലൂടെ പോയ അയലത്തെ മാധവിയേടത്തി "ഉച്ചയ്ക്കെന്താണ് കറിവച്ചത്?" എന്ന് ചോദിച്ചപ്പോഴാണ് അവൾ അമ്മ പറഞ്ഞിട്ടു പോയത് ഓർമ്മിച്ചത്. നേരം ഒരുപാടായിരിക്കുന്നു. വേഗം കറി വയ്ക്കാൻ നോക്കാം. മനസ്സില്ലാമനസ്സോടെ ഇന്ദുലേഖയെ മാധവനടുത്ത് വിട്ട് അവൾ അടുക്കളയിലേക്കു നടന്നു. അരി വേവിച്ച് വാർത്തു വച്ചിട്ടാണ് അമ്മ പോയത്.
അമ്മ പറഞ്ഞിട്ടു പോയതെന്താണെന്ന് അവൾ ഓർക്കാൻ ശ്രമിച്ചു. പിന്നെ അതിനു വേണ്ടിയുള്ള അന്വേഷണമായി. പക്ഷെ നിരാശയായിരുന്നു ഫലം. അന്വേഷിച്ചതു മാത്രം കിട്ടിയില്ല. കലവറയിലും കട്ടിലിന്റെ ചുവട്ടിലുമൊക്കെ നോക്കിയെങ്കിലും ചേനയും ചേമ്പും കുമ്പളങ്ങയും തേങ്ങയുമൊക്കെ കണ്ടെങ്കിലും 'അത് ' മാത്രമില്ല.
"ഇനിയെന്ത് ചെയ്യും?" അവൾ ആലോചനയിലായി. ഉച്ചയ്ക്കുണ്ണാൻ കറിയില്ലെങ്കിൽ അമ്മ തന്നെ ബാക്കി വച്ചേക്കില്ല. അമ്മയുടെ മാസ്റ്റർ പീസ് ചമ്മന്തിയുണ്ടാക്കാൻ തന്നെ അവൾ തീരുമാനിച്ചു. വേറെ വഴിയില്ല.
അര നാഴി മുതിരയെടുത്തു കല്ലുകളഞ്ഞു വറുത്തെടുത്തു.
ഒരുമുറി തേങ്ങ കൊത്തുകളാക്കി കനലിൽ ചുട്ടു മാറ്റി വച്ചു. പിന്നെ ഒന്നു രണ്ടു ചെറിയ ഉള്ളിയും നാലഞ്ച് വറ്റൽ മുളകും അതേ കനലിൽ ചുട്ടെടുത്തു.
അല്പം പുളിയും ആവശ്യത്തിന് ഉപ്പും രണ്ടു തണ്ട് കറിവേപ്പിലയും പൊട്ടിച്ചെടുത്തു. അവയെല്ലാമെടുത്ത് അമ്മിക്കല്ലിനരികിലേക്ക് നടന്നു .
ആദ്യം മുതിര നന്നായി അമ്മിയിലിട്ട് തരങ്ങണം. അമ്മിയിൽ നിന്ന് തെറിച്ചു പോകാതെ സാവധാനം തരങ്ങിയെടുത്തു . പിന്നെ വെള്ളം ചേർത്ത് അരച്ചു. അനുസാരികൾ ഓരോന്നായി ചേർത്തുകൊടുത്തു. തേങ്ങാക്കൊത്തിനെ വേദനിപ്പിക്കാതെ ചതച്ചെടുത്തു. ഉള്ളിയേയും അമ്മിക്കുഴകൊണ്ട് തലോടി, കൂട്ടിന് മുളകും ചേർത്ത് അവസാനം ഉപ്പും കറിവേപ്പിലയും ചേർത്തു. പിന്നെ എല്ലാം കൂടി മാടിയൊതുക്കി അവസാനം നന്നായി അരച്ചെടുത്തു. അരച്ചുരുട്ടി വാങ്ങി കിണ്ണത്തിലേക്ക്. ചമ്മന്തിയുടെ മണം അവളുടെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറച്ചു. ഒരൽപ്പം വെള്ളമെടുത്ത് അമ്മിയും കുഴവയും കഴുകി കുറുകിയ ആ ചാറും കിണ്ണത്തിലേക്കൊഴിച്ചു.
"ഹോ എന്താ മണം! ഇത് മാത്രം കൂട്ടി ഇടങ്ങഴി അരിയുടെ ചോറുണ്ണാം." അവളോർത്തു.
അമ്മിക്കല്ല് നന്നായി കഴുകി ചമ്മന്തി അടുക്കളയിൽ കൊണ്ടുപോയി അടച്ചു വച്ചു.
അടുക്കളവാതിൽ ചാരി ഉമ്മറത്തെത്തി അമ്മയെ കാത്തിരുന്നു.
അല്പസമയത്തെ കാത്തിരിപ്പിനൊടുവിൽ അമ്മയെത്തി.
"രാമുവേട്ടനു തീരെ വയ്യ. രണ്ടു നാൾ കഴിഞ്ഞാൽ വാവാണ്. അത് വിട്ടു പോവില്ലെന്ന് വിദഗ്ദ്ധമതം." അമ്മ വിശേഷങ്ങൾ പറഞ്ഞു വന്നു കയറി.
വേഷം മാറി വന്ന അമ്മയുടെ മൂക്കുകൾ വിവരമറിഞ്ഞു ചോദിച്ചു:
"നീ മുതിരച്ചമ്മന്തി ഉണ്ടാക്കിയോ?"
"ഉണ്ടാക്കി."
"അതെന്തേ? നിന്നോട് ഞാൻ കറി വക്കാൻ പറഞ്ഞല്ലേ പോയത്? വൈകീട്ട് അച്ഛനുമുണ്ടാവില്ലേ ഊണ് കഴിക്കാൻ, അതിനിനി ഞാൻ വീണ്ടും പണിയെടുക്കണോ പെണ്ണേ? ഒരു കൂട്ടം പറഞ്ഞാൽ കേൾക്കതായോ നീ? " അമ്മ ചൊടിച്ചു.
"അതിനമ്മേ, അമ്മ പറഞ്ഞിട്ട് പോയ സാധനം ഞാൻ ഇവിടെയൊക്കെ നോക്കി. കണ്ടില്ലമ്മേ." അവൾ നിസ്സഹായയായി.
"എന്തു സാധനം?"
"വെള്ളത്തോട!"
"വെള്ളത്തോടയോ, നിനക്കെന്താ ഭ്രാന്തായോ? കട്ടിലിനടിയിൽ കിടക്കുന്ന ചേമ്പെടുത്തു തേങ്ങയരച്ചു മോരുകറി വെള്ളത്തോടെ വയ്ക്കാനല്ലേ ഞാൻ നിന്നോട് പറഞ്ഞിട്ട് പോയത്. അല്ലാതെ 'വെള്ളത്തോട' എന്നൊരു സാധനം ഞാനെവിടെയും കേട്ടിട്ടില്ല."
അമ്മ കത്തിക്കയറുകയാണ്. അവൾ എന്തു ചെയ്യണമെന്നറിയാതെ തലയിൽ കൈ കൊടുത്തു നിന്നുപോയി.
അമ്മയുടെ പിറുപിറുപ്പുകൾക്കിടയിൽ അവൾ മനസ്സിൽ പറഞ്ഞു:
"ആ വെള്ള ത്തോടെയാണല്ലേ ഈ വെള്ളത്തോട!"