മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ഇന്ന് അവളുടെ മരണദിനമാണ്. പന്ത്രണ്ടാണ്ട് തികയുന്നു ... അവൾ മരിച്ചിട്ട്. അവളുടെ വീട്ടിലിന്ന് ബന്ധുമിത്രാദികളെല്ലാം ഒത്തുകൂടിയിരുന്നു.  ആത്മാവിനുവേണ്ടി ... ഖുർആൻ പാരായണവും, പ്രാർത്ഥനയും, ഭക്ഷണവുമൊക്കെ ഉണ്ടായിരുന്നു. എന്റെ വീട്ടുകാരോടുപ്പം ഞാനും പങ്കെടുത്തു ചടങ്ങുകളിൽ. എല്ലാംകഴിഞ്ഞപ്പോൾ ഞാൻ മെല്ലെ വീട്ടിൽനിന്നും ഇറങ്ങിനടന്നു.

ജമാഅത്തുപള്ളിയിലെ കബറിസ്ഥാനിലെത്തിയ ഞാൻ വള്ളിപ്പടർപ്പുകളെ വകഞ്ഞുമാറ്റികൊണ്ട് അവളുടെ കബറിനരികിലേയ്ക്ക് നടന്നു .കാലപ്പഴക്കത്താൽ ഇടിഞ്ഞുതാണ കബറിനുമുകളിൽ വർഷങ്ങൾക്കുമുൻപ് ഞാൻ നട്ട മൈലാഞ്ചിച്ചെടി തണൽ വിരിച്ചുകൊണ്ട് പടർന്നുനിന്നു .

"അസ്സലാമുഅലൈക്കും സൈനു ."ഞാൻ കബറിടത്തിലേക്ക് നോക്കിമെല്ലെപ്പറഞ്ഞു.

"സൈനു ...,ഇതാ നിന്റെ പ്രിയതമനെത്തിച്ചേർന്നിരിക്കുന്നു. നീ എന്നെ വിട്ടുപിരിഞ്ഞിട്ട് ഇന്നു പന്ത്രണ്ട് ആണ്ടാകുന്നു. ജീവിതാവസാനംവരെ നീ കൂട്ടിനുണ്ടാകുമെന്ന് പറഞ്ഞിട്ട്, എന്നോടൊത്തു കിനാക്കൾ കണ്ടിട്ട് പെട്ടെന്നൊരു ദിവസം എന്നെ തീരാ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് അള്ളാഹുവിന്റെ തീരുമാനത്താൽ നീ എന്നെ വിട്ടുപോയി. നല്ലമനുഷ്യരെ അള്ളാഹു നേരത്തേ വിളിക്കുമെന്നാണല്ലോ. അതെ നീ നല്ലവളാണ്. അല്ലാഹുവിന്‌ പ്രിയപ്പെട്ടവൾ. അതുകൊണ്ടാണല്ലോ ഈ യാദനനിറഞ്ഞ ഭൂമിയിൽനിന്നും സ്വർഗീയ ലോകത്തേക്ക് നീ യാത്രയായത് .ഒരു ദുഃഖം മാത്രമേ എനിക്കിന്നുള്ളൂ ...ഇനി എത്രനാൾ കാത്തിരിക്കണം നിന്റെ അടുക്കലെത്താൻ .വീട്ടിലെല്ലാവരും എന്നെ നിക്കാഹിനു നിർബന്ധിക്കുന്നു .നിന്നോടൊത്തുള്ള ജീവിതം കിനാവുകണ്ടിട്ട് , മനസ്സിനുള്ളിൽ എക്കാലവും നിന്നെ കുടിയിരുത്തിയിട്ട് ഇപ്പോഴും നിന്റെ ഓർമ്മകളിൽ മുഴുകിക്കഴിയുന്ന എനിക്ക് മറ്റൊരു വിവാഹത്തിന് കഴുയുമോ? നിന്റെ സ്ഥാനത്തു മറ്റൊരു പെൺകുട്ടിയെ സ്ഥാപിക്കാൻ എനിക്കാവുമോ .?ഇല്ല സൈനൂ ...ഇല്ല ." അതുപറയുമ്പോൾ ഞാൻ ഹൃദയംതകർന്നു തേങ്ങിപ്പോയി .എന്റെ മിഴിയിൽനിന്നും അശ്രുകണങ്ങൾ ഒഴുകി കബറിടത്തിനുമുകളിലെ പുൽനാമ്പുകളിൽ വീണുചിതറി.

മൈലാഞ്ചിച്ചെടികളെ ആട്ടിയുലച്ചുകൊണ്ട് ഒരു കുളിർതെന്നൽ എന്നെ തഴുകിക്കടന്നുപോയി .ആ തെന്നലിൽ അവളുടെ ആത്മാവുണ്ടെന്ന് എനിക്കുതോന്നി .അവളെന്നെ ആശ്വസിപ്പിക്കുകയാണ് .ആ ചിന്തയിലങ്ങനെ മിഴികളടച്ചു ഞാൻ ഏതാനുംനിമിഷം നിന്നു .ആ സമയം എന്റെ മനസ്സു കാലങ്ങൾക്കുപിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു .കാലങ്ങൾക്കുപിന്നിൽനിന്നുള്ള സൈനുവിന്റെ ശബ്ദം ഒരിക്കൽക്കൂടി എന്റെ കാതിൽ മുഴങ്ങി .

"അബ്ദു നോക്കിക്കോ ,ഞാൻ പഠിച്ചു വലിയ ആളാവും .ജോലി മേടിക്കും."സ്‌കൂൾവിട്ടു വീട്ടിലേക്കു വരുമ്പോൾ എന്നും സൈനു എന്നോട് പറയുന്ന വാക്കുകൾ .

സൈനുവിന്റെ വീടുമായി അയൽവക്ക ബന്ധം മാത്രമേ ഉള്ളൂവെങ്കിലും വളരെയേറെ സ്നേഹത്തോടും ,സഹകരണത്തോടും കൂടിയാണ് എന്റെവീട്ടുകാരും അവളുടെവീട്ടുകാരും കഴിഞ്ഞിരുന്നത് .

അയൽവീട്ടിലെ അലിയാരിക്കയുടേയും, ആനുമ്മാ ഇത്തയുടേയും ഒരേയൊരു മകളായിരുന്നു സൈനു .വെളുത്തുതുടുത്ത, കരിംകൂവള കണ്ണുകളുള്ള ,അരയോളം മുടിയുള്ള സുന്ദരി .എന്നെപ്പോലെതന്നെ എന്റെവീട്ടുകാർക്കും അവളെ വലിയ ഇഷ്ടമാണ് .എന്നെക്കാളും ...സഹോദരിയേക്കാളും അവർ അവളെ ഇഷ്ടപ്പെട്ടിരുന്നു എന്ന് പറയുന്നതാവും ശരി.

എന്റെ സഹോദരിയും ,സൈനുവും സഹപാഠികളാണ് .അതുകൊണ്ടുതന്നെ സ്‌കൂൾവിട്ടുവന്നാൽ സൈനു ,നേരേ ഞങ്ങളുടെ അടുക്കലേക്ക് ഓടിയെത്തും .തുടർന്നു കളിയും ,ചിരിയും പഠനവുമൊക്കെയായി അങ്ങനെ കഴിഞ്ഞുകൂടും .പലപ്പോഴും സന്ധ്യയാകുമ്പോൾ ഉമ്മാ ,വഴക്ക് പറയുമ്പോഴേ അവൾ വീട്ടിലേയ്ക്ക് മടങ്ങാറുള്ളൂ .

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി .പ്ലസ്‌ടുവിന്റെ റിസൾട്ട് വന്നു .സൈനുവിന് നല്ലമാർക്കുണ്ടായിരുന്നു .അവളുടെ സ്വപ്നങ്ങൾക്ക് പുതുജീവൻ വെച്ചുതുടങ്ങിയസമയം .അവൾക്ക് ടൗണിലുള്ള കോളേജിൽപോയി ഡിഗ്രി എടുക്കണമെന്ന ആഗ്രഹംതുടങ്ങി .അവളുടെ വീട്ടുകാർക്കാണെങ്കിൽ അവളെ വിവാഹം ചെയ്തയക്കാനായിരുന്നു താൽപര്യം .ഒടുവിൽ എന്റെയും വീട്ടുകാരുടേയും നിർബന്ധംമൂലം അവളെ തുടർന്നുപഠിപ്പിക്കാൻ അവളുടെ വീട്ടുകാർ തീരുമാനിച്ചു .അങ്ങനെ അവൾ ജോലിക്കാരി ആകണമെന്ന മോഹവുംപേറി പഠിക്കാനായി ടൗണിലെ കോളേജിൽ ചേർന്നു .

പ്ലസ്ടൂ തോറ്റതോടെ ഞാൻ പഠിപ്പുമതിയാക്കി ബാപ്പയ്ക്കൊപ്പം പാരമ്പര്യ തൊഴിലായ കൃഷിയിലേക്ക് ഇറങ്ങിയ സമയമായിരുന്നു അത് .പലപ്പോഴും പാടത്തുനിന്നും പണികഴിഞ്ഞു മടങ്ങിവരുന്ന സമയത്താവും സൈനു കോളേജിൽപോയി മടങ്ങിവരുന്നത് .

പാടത്തിനു നടുവിലുള്ള ചെമ്മൺപാതയിലൂടെ ഇളംകാറ്റിൽ പാറിപ്പറക്കുന്ന തട്ടം മാടിയൊതുക്കികൊണ്ട് നടന്നുവരുന്ന ...സൈനുവിന്റെ പിന്നാലെ ,അതുവരേയും അവളുടെ വരവുംകാത്ത്‌ പാടത്തുപണിതുകൊണ്ടിരുന്ന ഞാനും നടക്കും .തോളിൽ തൂക്കിയിട്ട ബാഗും ,പുത്തൻ ചുരിദാറുമൊക്കെയിട്ട് പത്രാസോടെ നടന്നുവരാറുള്ള അവളെനോക്കി ദേശ്യപിടിപ്പിക്കാനെന്നവണ്ണം ഞാൻ ചോദിക്കും .

"എങ്ങനുണ്ട് നിന്റെ പടുത്തമൊക്കെ? നിന്റെ ഗമകണ്ടിട്ട് പഠിച്ചുവലിയ ആളാകുമ്പോൾ നീ എന്നെ മറക്കുമെന്നു തോന്നുന്നല്ലോ?" ഞാൻ പുഞ്ചിരിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കും.

"പഠിത്തം നന്നായിപോകുന്നു. പിന്നെ ,പഠിച്ചു വലിയ ആളാകുമ്പോൾ നിന്നെ മറക്കുമോ എന്ന് ഇപ്പോൾ പറയാനാവില്ല. അത് അപ്പോൾ പറയാം. അതേ പഠിക്കാൻ വിട്ടപ്പോൾ പഠിക്കണമായിരുന്നു. കൂട്ടുകാരുമൊത്ത് കറങ്ങിനടന്നപ്പോൾ ഓർക്കണമായിരുന്നു ... ഇങ്ങനൊക്കെ ആയിത്തീരുമെന്ന്. എന്നെ മറക്കുമോ എന്ന്, കൂടുതലൊന്നും ഞാൻ പറയുന്നില്ല." അവൾ ഗൗരവത്തോടെ എന്നെനോക്കും.

"ഒന്നുപോടീ ...ഒരു പഠിത്തക്കാരി വനന്നേക്കുന്നു. പഠിക്കാൻ ഞാനൽപ്പം മോശമായിരുന്നു എന്നുള്ളത് ശരിതന്നെ. എന്നുകരുതി നീയെന്നെ കളിയാക്കുകയൊന്നും വേണ്ട .കൃഷിചെയ്തു ഞാൻ പണമുണ്ടാക്കും. പണമുണ്ടെങ്കിൽ നിന്നേക്കാളും നല്ലപെണ്ണിനെ എനിക്കുകിട്ടും. നീ നോക്കിക്കോ ."

"ഓഹോ ,എന്നാ അങ്ങനാവട്ടെ. ഞാൻ പഠിച്ചു ജോലി മേടിക്കും. അപ്പോൾ എന്നെകെട്ടാൻ നിന്നേക്കാളും സുന്ദരന്മാരായ ജോലിയുള്ള ഒരുപാട്പേർ ഉണ്ടാവും." അവൾ ദേഷ്യത്തോടെ എന്നെനോക്കി പറഞ്ഞുകൊണ്ട് മുഖം വീർപ്പിച്ചു വീട്ടിലേയ്ക്ക് നടന്നുപോകും .അങ്ങനെ വർഷം മൂന്നുകടന്നുപോയി.

ഡിഗ്രിക്കാരിയാവണമെന്ന സൈനുവിന്റെ ആഗ്രഹത്തിന്റെ അവസാനപടിയായിക്കൊണ്ട് ഫൈനലിയർ എക്സാം വന്നെത്തി. പരീക്ഷതുടങ്ങുന്ന ആദ്യദിവസം രാവിലെ അവൾ എന്നെക്കാണാനായി വീട്ടിലെത്തി.

"അബ്ദു ...,ഇന്നുമുതൽ പരീക്ഷതുടങ്ങുകയാണ് .എനിക്കുവേണ്ടി പ്രാർത്ഥിക്കണം. ഈ എക്സാം കൂടി കഴിഞ്ഞാൽ പിന്നെ, ഞാൻ ഫ്രീയാണ്. പിന്നെ എന്നും ഞാനുണ്ടാകും നിന്റെ കൂട്ടായി... നിന്റെ പെണ്ണായി, ഒരു യുവകർഷകന്റെ ഭാര്യയായി. അതായത് ഇനിയുള്ളകാലം ഈ ഭൂമിയിൽ നാം ഒരുമിച്ചായിരിക്കും. മരണശേഷം സ്വർഗ്ഗത്തിലും." മറ്റാരും കേൾക്കാതെ എന്റെ മുറിയിൽകടന്നുവന്നുകൊണ്ട് കാതിൽ ചുണ്ടുചേർത്തുകൊണ്ടവൾ മൊഴിഞ്ഞു .എന്നിട്ടെന്റെ കവിളിൽ ഒരു ചുടുമുത്തം നൽകിക്കൊണ്ട് നുണക്കുഴിയുംകാട്ടി ചിരിച്ചുകൊണ്ടവൾ ബാഗുംതൂക്കി മുറിവിട്ടിറങ്ങിപ്പോയി.

അവൾ മുറ്റത്തിറങ്ങി ഇടവഴി താണ്ടി നടന്നുപോകുന്നത് ഞാൻ മുറിയിലിരുന്നുകൊണ്ട് ജനാലയിലൂടെ നോക്കിക്കണ്ടു .ഒരാഴ്ചയെന്നത് വളരെവേഗം കടന്നുപോയി .സൈനുവിന്റെ പരീക്ഷയുടെ അവസാനദിവസം വെള്ളിയാഴ്ച .അന്നു രാവിലേ ദൂരെയൊരിടംവരെ അത്യാവശ്യമായി പോകേണ്ടതുള്ളതുകൊണ്ട് രാവിലേ ഞാൻ വീട്ടിൽനിന്നും പോയി .ഉച്ചയോടുകൂടിയാണ് ഞാൻ വീട്ടിൽ തിരിച്ചെത്തിയത് .അതുകൊണ്ടുതന്നെ അന്നുരാവിലേ സൈനുവിന്റെ കാണാൻ എനിക്ക് കഴിഞ്ഞില്ല.

അന്നു ജുമാനമസ്കാരംകഴിഞ്ഞു പള്ളിക്കുമുന്നിലുള്ള പീടികയിലിരുന്നു സുഹൃത്തുക്കളുമൊത്തു സംസാരിച്ചിരിക്കുമ്പോഴാണ് ആ നടുക്കുന്ന വാർത്തയറിഞ്ഞത്. പരീക്ഷകഴിഞ്ഞു മടങ്ങുംവഴി ടൗണിൽവെച്ചു റോഡുമുറിച്ചുകടന്ന സൈനുവിനെ വണ്ടിയിടിച്ചു. സീരിയസ്സായി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണ് .

വാർത്തയറിഞ്ഞു ഞാനൊരുനിമിഷം മരവിച്ചുനിന്നുപോയി. എന്റെ കയ്യിലിരുന്ന സോഡാകുപ്പി കൈയിൽ നിന്നും ഊർന്നുതാഴെ വീണുചിതറി. അതുവരേയും ഞാൻ കുടിച്ച ജലമത്രയും ഒറ്റനിമിഷംകൊണ്ട് ആവിയായി പുറത്തുവന്നു. ഉടൻതന്നെ സുഹൃത്തുക്കളുമൊത്തു ഞാൻ ഹോസ്പിറ്റലിലേക്ക് പാഞ്ഞെങ്കിലും ...ഞങ്ങൾ ചെല്ലുമ്പോഴേക്കും എന്റെ പ്രിയപ്പെട്ടവൾ എന്നെവിട്ടുകൊണ്ട് ഈ ലോകത്തുനിന്നും യാത്രയായി കഴിഞ്ഞിരുന്നു .ഒന്നലമുറയിട്ടു കരയാൻ പോലുമാകാത്തവിധം മനസ്സുമരവിച്ചവനായി ഞാനാ ആശുപത്രിവരാന്തയിൽ തറച്ചുനിന്നുപോയി.

പിറ്റേദിവസം സുഹൃത്തുക്കളുമൊത്തു പള്ളിക്കാട്ടിൽ അവൾക്കുള്ള കബറുകുഴികുമ്പോഴോ ,അവളുടെ മയ്യിത്തുകട്ടിലിന്റെ ഒരറ്റം തോളിലേറ്റിക്കൊണ്ട് പള്ളിക്കാട്ടിലേയ്ക്ക് നടക്കുമ്പോഴോ ,അവസാനമായിക്കൊണ്ട് അവളുടെ കബറിടത്തിനുമുകളിൽ അവൾക്കു പ്രിയപ്പെട്ട മൈലാഞ്ചിച്ചെടിയുടെ കമ്പ് നടുമ്പോഴോ ,ബന്ധുക്കളുമൊത്തു തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോഴോ ഒന്നും ഞാൻ കരഞ്ഞില്ല .അപ്പോഴൊന്നും എന്റെ കണ്ണിൽനിന്നും ഒരിറ്റുകണ്ണുനീർപോലും പൊടിഞ്ഞില്ല. അത്രമാത്രം എന്റെ മനസ്സ് മരവിച്ചുപോയിരുന്നു.

എന്നാൽ ...അന്നുരാത്രി ഒറ്റയ്‌ക്കു മുറിയിൽകിടന്നുകൊണ്ട് പുലരുവോളം ഞാൻ സൈനുവിനെയോർത്തു ഹൃദയംപൊട്ടിക്കരഞ്ഞു .എന്റെ കണ്ണുനീർത്തുള്ളികൾ തലയണയിലും വിരിപ്പിലുമെല്ലാം നനവുകൾ തീർത്തു .അപ്പോഴെല്ലാം എന്റെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ട് അവളുടെ വാക്കുകൾ മാറ്റൊലിക്കൊണ്ടുകൊണ്ടിരുന്നു.

"ഭൂമിയിൽ നമ്മൾ ഒരുമിച്ചായിരിക്കും, സ്വർഗത്തിലും"

മൈലാഞ്ചിച്ചെടിയെ ആട്ടിയുലച്ചുകൊണ്ട് ഒരിക്കൽക്കൂടി ഒരിളംകാറ്റു വീശിയടിച്ചതും ...ഞാൻ ഓർമ്മയിൽ നിന്നും മുക്തനായി .ആ കാറ്റിൽ അവളുടെ ആത്മാവിന്റെ സാന്നിധ്യം ഒരിക്കൽക്കൂടി ഞാൻ അടുത്തറിഞ്ഞു .കാലങ്ങൾക്കപ്പുറത്തുനിന്നും അവളുടെ ഗന്ധം ഞാൻ അനുഭവിച്ചറിഞ്ഞു.

"സൈനൂ ...ഭൂമിയിൽ നമ്മളൊരുമിച്ചായിരിക്കുമെന്ന് പറഞ്ഞിട്ട് നമുക്ക് ഒന്നാകാൻ കഴിഞ്ഞില്ല .അള്ളാഹുവിന്റെ തീരുമാനത്താൽ നീയെന്നെ തനിച്ചാക്കി പോയി. സ്വർഗത്തിൽ നമ്മളെ ഒരുമിച്ചുചേർക്കാൻ അള്ളാഹു ഭൂമിയിൽ നിന്നും ...നിന്നെ മടക്കി വിളിച്ചുകൊണ്ട് എന്നിൽനിന്നും അകറ്റിയതാവുമെന്നു കരുതി ഞാൻ സമാധാനിച്ചുകൊള്ളാം. ഒരുനാൾ അള്ളാഹുവിന്റെ വിധിയാൽ ഞാനും നിന്റെ അടുക്കൽ എത്തിച്ചേരും ആ നിമിഷത്തിനായി ഞാൻ ദിവസങ്ങളെണ്ണി കാത്തിരിക്കുന്നു." അത്രയും പറഞ്ഞിട്ട് അവളോട് യാത്രപറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞുനടന്നു.

ആ സമയം വീണ്ടും മൈലാഞ്ചിച്ചെടികൾ  ആടിയുലയാൻതുടങ്ങി. എന്റെവരവുംകാത്ത് കബറിനുള്ളിൽ ദിനങ്ങളെണ്ണിക്കഴിയുകയാണെന്ന് അവൾ എന്നോട് പറയുന്നതായി എനിക്കുതോന്നി.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ