മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

Devarajan G

Madhu Kizhakkaayil

മലയാളസിനിമാഗാനങ്ങളിൽ മലയാളസ്വത്വം ചാലിച്ചുചേർത്ത് അതിനെ കേരളീയ സംഗീതപാരമ്പര്യത്തിലെ കരുത്തുറ്റ ഒരു സ്വതന്ത്ര വിഭാഗമായി പരിവർത്തിപ്പിച്ച സംഗീതജ്ഞരായിരുന്നു വി. ദക്ഷിണാമൂർത്തി, ജി. ദേവരാജൻ, കെ. രാഘവൻ, എം. എസ്‌. ബാബുരാജ് എന്നിവർ. ഇവരിൽ ഏറെ ജനകീയനും ജനപ്രിയനും വ്യത്യസ്തനുമായ സംഗീതജ്ഞനായിരുന്നു ജി. ദേവരാജനെന്ന പറവൂർ ഗോവിന്ദൻ ദേവരാജൻ മലയാള നാടക- സിനിമാഗാനരംഗത്ത് അഞ്ചരപ്പതിറ്റാണ്ടു നിറഞ്ഞുനിന്ന  മഹാപ്രതിഭയായിരുന്നു അദ്ദേഹം.

സംഗീതശാഖയിലെ  ജനപ്രിയ വിഭാഗമായ സിനിമാഗാനങ്ങളെ ശുദ്ധസംഗീതത്തിന്റെ വിഹായസ്സിലേക്കുയർത്താൻ ശ്രമിച്ചവരിൽ അഗ്രഗാമിയായിരുന്നു അദ്ദേഹം. കൂടാതെ സാധാരണക്കാരായ മലയാളികൾക്ക് സംഗീത്തോട്‌ ആഭിമുഖ്യം ഉണ്ടാക്കുന്നതിൽ ദേവരാജൻ വഹിച്ച പങ്ക് അവിസ്മരണീയമാണ്. 

paravoor lake

സംഗീതജ്ഞനായ കോട്ടത്തല കൊച്ചുഗോവിന്ദനാശാന്റെയും കൊച്ചുകുഞ്ഞിന്റേയും മൂന്നു മക്കളിൽ മൂത്ത ആളായി 1924 സെപ്റ്റംബർ 27 ന് കൊല്ലം ജില്ലയിലെ പറവൂരിലായിരുന്നു ദേവരാജന്റെ ജനനം. അച്ഛനായിരുന്നു ആദ്യഗുരു. പതിനെട്ടാം വയസ്സിൽ ആദ്യ കച്ചേരി നടത്തി സംഗീതലോകത്തേക്ക് ഔപചാരികമായി പ്രവേശിച്ചു. സാമ്പത്തികശാസ്ത്രത്തിൽ ബിരുദധാരിയായിരുന്ന  ദേവരാജന് വിദ്യാർത്ഥിയായിരുന്ന കാലംമുതലേ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അഭിമുഖ്യമുണ്ടായിരുന്നു. മരണം വരെ അതദ്ദേഹം നിലനിർത്തുകയും ചെയ്തു.

(തുടരും)


A K Gopalan

2 എ.കെ.ജി. യുടെ സ്വീകരണം 

കൊല്ലം എസ്‌. എൻ. കോളജിൽ വിദ്യാർത്ഥി ഫെഡറേഷന്റെ പ്രവർത്തകനായിരിക്കെ മഹാനായ എ. കെ. ജി. ക്ക്‌ അവിടെ ഒരു സ്വീകരണം സംഘടിപ്പിച്ചിരുന്നു. ആ സമ്മേളനത്തിൽ സുഹൃത്തായ ഒ. എൻ. വി. എഴുതിയ വരികൾക്ക് ദേവരാജൻ ഈണം നല്കി അദ്ദേഹം തന്നെ വേദിയിൽ പാടി. സമ്മേളനത്തിൽ പങ്കെടുത്തവരുടെ മുഴുവൻ മനംകവർന്ന ആ ഗാനമായിരുന്നു കേരളത്തിന്റെ രാഷ്ട്രീയചരിത്രം മാറ്റിമറിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലെ, മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയ, ‘പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളെ’ എന്ന ഗാനം. പിഴയ്ക്കാത്ത ഈ തുടക്കം കേരളത്തിന്റെ സംഗീതാസ്വാദനത്തിന്റേയും ബോധത്തിന്റേയും അലകും പിടിയും മാറ്റി. സിനിമാ-നാടകഗാനങ്ങളെ അവജ്ഞയോടെ കണ്ടിരുന്ന വരേണ്യസംഗീതാസ്വാദകരെക്കൊണ്ടുപോലും അംഗീകരിപ്പിക്കുംവിധം അത്തരം ഗാനങ്ങളിൽ ശുദ്ധസംഗീതം സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 

(തുടരും)


ONV Kurup-mozhi.org

3 കാലത്തെ മാറ്റിയ പ്രതിഭ

1955 ൽ പുറത്തിറങ്ങിയ ‘കാലം മാറുന്നു’ എന്ന സിനിമയ്ക്കു സംഗീതം നല്കിക്കൊണ്ടായിരുന്നു ജി. ദേവരാജൻ സിനിമാസംഗീതസംവിധാനത്തിലേക്ക് പ്രവേശിച്ചത്. ഇതിലെ ഒമ്പതു ഗാനങ്ങളിൽ ഒ. എൻ. വി. കുറപ്പു രചിച്ച ഏഴുഗാനങ്ങൾക്ക്‌ സംഗീതം നല്കിയത് ദേവരാജനും തിരുനയിനാർ കുറിച്ചി രചിച്ച രണ്ടു ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ബ്രദർ ലക്ഷ്മണനുമായിരുന്നു. തുടർന്ന് 1959 ൽ ഇറങ്ങിയ ‘ചതുരംഗ’മായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ. വയലാർ-ദേവരാജൻ കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു ഇത്. എന്നാൽ 1962 ലെ ‘ഭാര്യ’ എന്ന മൂന്നാമത്തെ സിനിമയായിരുന്നു അദ്ദേഹത്തിനു വഴിത്തിരിവായി മാറിയത്. ഇതിലെ ‘പെരിയാറെ പെരിയാറെ’(എഎം. രാജ, പി.സുശീല), ‘ഓമനകൈയിൽ ഒലീവിലകൊമ്പുമായ്’(പി. സുശീല), ‘പഞ്ചാര പാലു മിഠായി’(യേശുദാസ്, പി. ലീല, രേണുക), ‘മനസ്സമ്മതം തന്നാട്ടെ’(എ. എം. രാജ, ജിക്കി), ‘മുൾക്കിരീടമിതെന്തിനു തന്നു’(പി. സുശീല), ‘ദയാപരനായ കർത്താവെ’(യേശുദാസ്) തുടങ്ങിയ ഗാനങ്ങൾ എക്കാലത്തേയും ഹിറ്റുകളായിമാറി. സംഗീതാഭിരുചിയുള്ള മലയാളിമനസ്സുകളെ കീഴടക്കിക്കൊണ്ടുള്ള ഒരശ്വമേധത്തിന്റെ തുടക്കം മാത്രമായിരുന്നു അത്. തുടർന്ന് 350 ഓളം മലയാളസിനിമകൾക്കായി 2,000 ൽ അധികം ഗാനങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. തമിഴ്, കന്നട തുടങ്ങിയ അന്യഭാഷാഗാനങ്ങളും ലളിതഗാനങ്ങളും ക്വയർഗാനങ്ങളുമെല്ലാം ഇതിനുപുറമേയാണ്. ‘ദേവഗീതികൾ’ , ‘സംഗീതശാസ്ത്ര നവസുധ’, ‘ഷഡ്‌കാലപല്ലവി’  എന്നീ മൂന്നു ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ഇന്ത്യൻ ശാസ്ത്രീയസംഗീതങ്ങളിലും പാശ്ചാത്യസംഗീതത്തിലും നാടോടി സംഗീതത്തിലുമുള്ള അഗാധമായ പാണ്ഡിത്യം, സമർപ്പണബോധം, മനുഷ്യമനസ്സിനെക്കുറിച്ചുള്ള തിരിച്ചറിവ്, പാരമ്പര്യത്തെ പുതിയവയുമായി ഇണക്കിച്ചേർക്കാനുള്ള കഴിവ്, പരീക്ഷണങ്ങൾക്കുള്ള ആർജ്ജവം, മാതൃഭാഷയിലും സംസ്കാരത്തിലുമുള്ള അറിവ്, പ്രതിബദ്ധത, ഇതെല്ലാമായിരുന്നു ദേവരാജ ഈണങ്ങളെ അനശ്വരമാക്കി മാറ്റിയത്.

(തുടരും)


Yesudas

4 - ‘ദേവരാജ’സഭയിലെ ഗാനഗന്ധർവ്വനും ഗന്ധർവ്വകവിയും    

ചില അപൂർവ്വമായ കൂട്ടുകെട്ടുകൾ അതതുകാലത്തെ സമൂഹത്തിന്റെ ചാലകശക്തിയായി മാറിയതിനു ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങൾ കാണാം. അത്തരത്തിൽ മലയാളഗാനചരിത്രത്തിന്റെ ഗതിനിർണ്ണയിച്ച ഒരു കൂട്ടുകെട്ടായിരുന്നു വയലാർ, ദേവരാജൻ, യേശുദാസ്ത്രയങ്ങൾ. മലയാളസിനിമാസംഗീതത്തിലെ എക്കാലത്തേയും മികച്ച ഈ കൂട്ടുകെട്ടിലൂടെ രൂപമെടുത്ത ഗാനങ്ങൾ കാലാതീതമായ സംഗീതാനുഭവങ്ങളാണ് കൈരളിക്കു സംമ്മാനിച്ചത്. ഈ അതുല്യപ്രതിഭകളുടെ സമന്വയം കേരളീയസംസ്കാരത്തിന്റെ മഹത്തായ ഈടുവയ്പുകളിൽ ഒന്നാണെന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കില്ല.

കാലം കരുതിവച്ച യാദൃച്ഛികതയുടേ അത്യപൂർവ്വമായ ‘ഹാർമണി’ ആയിരുന്നു ഈ കൂട്ടുകെട്ട്. അതിൽ വയലാറിന്റേയും ദേവരാജന്റേയും  സർഗ്ഗാത്മക സംഭാവനകൾക്ക് ചില സമാനതകൾ കാണാം. അതിലൊന്ന്, രണ്ടുപേരും തങ്ങളുടെ മേഖലയിൽ തനതായി വെട്ടിയ വഴിയിലൂടെ മുന്നോട്ടുപോയവരും കേരളീയ സംസ്കാരത്തിന്റെ സ്വത്വവികാസത്തിനു കാരണക്കാരായവരുമാണെന്നതാണ്. അന്യഭാഷാഗാനങ്ങളുടെ അനുകരണങ്ങളിൽ കുടുങ്ങിക്കിടന്ന മലയാളഗാനങ്ങളെ, പൂർവ്വമാതൃകകളില്ലാതെ, കേരളീയവത്കരിക്കുന്നതിലും ജനകീയമാക്കുന്നതിലും  ദേവരാജൻ നിർണ്ണായകമായ പങ്കുവഹിച്ചു. കൂടാതെ, കർണ്ണാടകസംഗീതത്തിനുപുറമേ ഹിന്ദുസ്ഥാനിസംഗീതം പാശ്ചാത്യസംഗീതം നാടോടി സംഗീതം എന്നിങ്ങനെ വ്യത്യസ്ത സംഗീതശാഖകൾ ഉപയോഗിച്ചതിലൂടെ അദ്ദേഹം മലയാളഗാനമേഖലയുടെ വ്യാപ്തി വിപുലമാക്കി. വയലാറാകട്ടെ മലയാളഗാനരചനകളെ കവിതകളാക്കി മാറ്റിയ ഗന്ധർവ്വകവിയായിരുന്നു.  മറ്റൊന്ന്, സമൂഹത്തിലെ നിസ്വപക്ഷത്തിന്റെ മോചനം സ്വപ്നംകണ്ട മാനവിക പക്ഷപാതികളായിരുന്നു ഇരുവരുമെന്നതാണ്. ഈ മനുഷ്യപക്ഷനിലപാടും അതിരുകളില്ലാത്ത സർഗ്ഗാത്മകതയും ജീവിതത്തിൽ അലിഞ്ഞുചേർന്ന ഈ രണ്ടു പ്രതിഭകൾ ഒത്തുചേർന്നപ്പോൾ മലയാളഗാനങ്ങൾ സ്വർഗ്ഗീയ സംഗീതമായി ഉയർത്തപ്പെട്ടു. അവരുടെ സംഗീതത്തിന്റെ സാക്ഷാത്കാരത്തിനായി യേശുദാസ് എന്ന മഹാഗായകന്റെ മധുരശബ്ദവും ലഭ്യമായതോടെ മലയാളികളുടെ മനസ്സുകളിൽ ഗാനവസന്തം തീർക്കാൻ അവർക്കു കഴിഞ്ഞു. അവരുടെ പാരസ്പര്യം എത്രത്തോളം ആഴത്തിലുള്ളതാണെന്നുള്ളതിന്റെ തെളിവാണ് യേശുദാസിനെക്കുറിച്ചുള്ള ദേവരാജൻമാഷിന്റെ ഈ വാക്കുകൾ, “ഒരു സംഗീതസംവിധായകൻ ഒരു ഗായകനിൽ തേടുന്ന മിക്കവാറും എല്ലാ ഗുണങ്ങളാലും അനുഗ്രഹിക്കപ്പെട്ട ഒരേ ഒരു ഗായകൻ യേശുദാസാണ്. സംഗീതസംവിധായകന്റെ ആശയം മനസ്സിലാക്കി കൃത്യമായ ഭാവത്തോടെ അവതരിപ്പിക്കാനുള്ള അതുല്യമായ വൈഭവം അദ്ദേഹത്തിനുണ്ട്. അങ്ങനെയൊരു ഗായകനില്ലായിരുന്നെങ്കിൽ എന്റേയും ദക്ഷിണാമൂർത്തിയുടേയും ബാബുരാജിന്റേയും നിരവധി ഗാനങ്ങൾ ഉണ്ടാകുമായിരുന്നില്ല”. 

ഒരു സംഗീതസംവിധായകനുവേണ്ട യോഗ്യതയെക്കുറിച്ച് വ്യക്തമായ നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, “ഒരു സംഗീതസംവിധായകന് കർണാടകസംഗീത, ഹിന്ദുസ്ഥാനിസംഗീതം, പാശ്ചാത്യസംഗീതം എന്നിവയെല്ലാം അറിഞ്ഞിരിക്കണം. എന്നാൽ കമ്പോസിംഗ് എന്നത് സ്വാഭാവികമായ ഒരു സമ്മാനമാണ്. നാടിന്റെ സംസ്‌കാരം, സാഹിത്യം, ഇതിഹാസങ്ങൾ, ചരിത്രം എന്നിവയെക്കുറിച്ച് സംഗീതസംവിധായാകന് വ്യക്തമായ ഗ്രാഹ്യമുണ്ടായിരിക്കണം”. ഈ നിലപാടുള്ളതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ പാട്ടുകളിലെ ഓരോ വാക്കിനും, ഗാനരചയിതാവ് പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള, ഭാവം ഗായകനിലൂടെ ശ്രോതാക്കൾക്ക് ലഭിച്ചത്. മലയാളസാഹിത്യത്തിൽ, പ്രത്യേകിച്ച് കവിതയിൽ, അപാരമായ ജ്ഞാനമുണ്ടായിരുന്ന ദേവരാജൻമാഷ് തന്നെയാണ് യേശുദാസ്, ജയചന്ദ്രൻ തുടങ്ങിയ ഗായകരുടെ അക്ഷരശുദ്ധിയിലും ഭാവശുദ്ധിയിലും നിർണ്ണായകമായ സ്വാധീനം ചെലുത്തിയതെന്ന് നമുക്ക് കാണാം. തന്റെ ഗാനങ്ങൾ ഗായകർ തന്റെ ഇച്ഛക്കനുസരിച്ചുതന്നെ പാടണമെന്ന് നിർബന്ധമുള്ള സംവിധായകനായിരുന്നു അദ്ദേഹം.

(തുടരും)


prem nasir sharada

5 - അനന്യ സംഗീതം 

മനുഷ്യമനസ്സിന്റെ എല്ലാ ഭാവങ്ങളേയും ഇത്രമാത്രം തന്മയത്വത്തോടെ ആവിഷ്കരിച്ച മറ്റൊരു സംഗീതസംവിധായകൻ ഉണ്ടോ എന്നു സംശയമാണ്. പലപ്പോഴും ഗാനരചയിതാവിന്റെ സങ്കല്പത്തിലെ മുഹൂർത്തങ്ങളെ അതിനൊത്തവിധമോ ചിലപ്പോൾ അതിനുമപ്പുറമോ ഗാനത്തിലൂടെ പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ശ്രോതാക്കളെ സംബന്ധിച്ചിടത്തോളം സംഗീതത്തിനുപരി ദൃശ്യാനുഭവം പകരുന്നവ കൂടിയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങൾ. ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’, ‘പെരിയാറെ പെരിയാറെ’, ‘മാണിക്യവീണയുമായെൻ’, ‘ഒരിടത്തു ജനനം ഒരിടത്തു മരണം’, ‘നീലക്കുട നിവർത്തി വാനം’, ‘കള്ളിപ്പാലകൾ പൂത്തു’, ‘സ്വർഗ്ഗപുത്രീ നവരാത്രി’, ‘സുപ്രഭാതം സുപ്രഭാതം’, തുടങ്ങിയ നിരവധി ഗാനങ്ങൾ നമുക്ക് ശ്രവണസുഖം മാത്രമല്ല അവാച്യമായ ദൃശ്യാനുഭവങ്ങൾകൂടി പകരുന്നവയാണ്. 

ദേവരാജൻമാഷുടെ വിരഹ/ശോകഗാനങ്ങൾ സമാനതകളില്ലാത്ത നൊമ്പരാനുഭവമാണ് നമുക്കു പകർന്നു നല്കുന്നത്. ‘സുമംഗലീ നീ ഓർമ്മിക്കുമോ’, ‘സന്യാസിനി’, ‘പ്രേമഭിക്ഷുകി’ തുടങ്ങിയവയ്ക്ക് തുല്യമായ വിരഹഗാനങ്ങൾ മലയാളത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.

അദ്ദേഹത്തിന്റെ മികച്ച പ്രണയഗാനങ്ങൾക്ക് ഉദാഹരണങ്ങൾ തേടിയാൽ നമ്മൾ ആശയക്കുഴപ്പത്തിലാകും. വ്യത്യസ്ത രാഗങ്ങളിലും ഭാവങ്ങളിലുമായി അത്രമാത്രം പ്രണയഗാനങ്ങൾ അദ്ദേഹത്തിന്റെതായുണ്ട്. ‘ഇന്ദ്രവല്ലരി പൂച്ചൂടിവരും’, ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’, സംഗമം സംഗമം’, ‘എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ ’, ‘സ്വർണ്ണച്ചാമരം വീശിയെത്തുന്ന’, ‘ആമ്പൽപ്പൂവേ’, ‘ശംഖുപുഷ്പം’, ‘പാരിജാതം തിരുമിഴിതുറന്നു’, ‘ഓമലാളെ കണ്ടു ഞാൻ’, ‘സന്ധ്യമയങ്ങുംനേരം’, ‘വെൺചന്ദ്രലേഖയൊരപ്സരസ്ത്രീ’, ‘ഇളവന്നൂർ മഠത്തിലെ ഇണക്കുയിലെ’, ‘ഇരുനൂറു പൗർണ്ണമി ചന്ദ്രികയിൽ’, ‘പൂന്തേനരുവി’,   ‘പ്രിയസഖി ഗംഗേ പറയൂ’, ‘പ്രിയതമാ പ്രിയതമാ’, ‘അനുപമേ അഴകേ’, ‘ നാദബ്രഹ്മത്തിൻ’, ‘നീലാംബുജങ്ങൾ വിടർന്നു’, ‘സീമന്തിനി നിന്റെ ചൊടികളിലാരുടെ’, ‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ’, അങ്ങനെ ആസ്വാദകമനസ്സുകളിൽ ശാശ്വതമായി പതിഞ്ഞ എത്രയെത്ര ഗാനങ്ങൾ!

ഭക്തിഗാനങ്ങൾ പരിശോധിച്ചാൽ ആരും അത്ഭുതപ്പെട്ടുപോകും,  നിരീശ്വരവാദികളായ വയലാർ-ദേവരാജൻ കൂട്ടുകെട്ടിൽ എങ്ങനെയാണ് ഇത്രയും ഭക്തിമയമായ ഗാനങ്ങൾ പിറന്നതെന്നോർത്ത്. ‘ഹരിവരാസനം’, ‘ശബരിമലയിൽ തങ്ക സൂര്യോദയം’, ‘ചെത്തി മന്ദാരം തുളസി’, ‘ഗുരുവായൂരമ്പലനടയിൽ’, നിത്യവിശുദ്ധയാം’, ‘ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ’, തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ മാത്രം. 

ഹാസ്യഗാനങ്ങളുടെ പട്ടികയെടുത്താൽ അവിടേയും ദേവരാജൻമാഷുടെ സ്വത്വം നമുക്കു വേറിട്ടു കാണാം. ‘കേളെടി നിന്നെ ഞാൻ  കെട്ടുന്ന നേരത്ത്’, ‘മരുന്നോ നല്ല മരുന്ന്’, ‘പാപ്പി അപ്പച്ചാ’, ‘കൂടിയാട്ടം കാണാൻ കൂത്തമ്പലത്തിൽ’, ‘അമ്പമ്പോ ജീവിക്കാൻ വയ്യേ’, ‘നാടൻപ്രേമം നാടോടി പ്രേമം’, ‘ധിംതതക്ക കോട്ടക്കൽ ഗണപതി’, ‘കുറുക്കൻ രാജാവായി’, ‘പാലം കടക്കുവോളം നാരായണ’, ‘പിടക്കോഴി കൂവുന്ന നൂറ്റാണ്ട്’, ആ പട്ടികയും അങ്ങനെ നീളുന്നു.

മലയാളികളുടെ രാഷ്ട്രീയബോധം രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച കെ. പി. എ. സി. നാടകങ്ങൾക്കുവേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ മലയാളികൾക്ക് എങ്ങനെയാണ് മറക്കാൻ കഴിയുക. ‘പൊന്നരിവാൾ അമ്പിളിയിൽ’, ‘ബലികുടിരങ്ങളെ’, ‘ചക്കരപന്തലിൽ’, ‘അമ്പിളി അമ്മാവാ’, ‘ഇല്ലിമുളം കാടുകളിൽ’, ‘തുഞ്ചൻ പറമ്പിലെ തത്തെ’, ‘മാരിവില്ലിൻ തേന്മലരേ’, തുടങ്ങിയ ഗാനങ്ങൾ ഇന്നും ഗാനാസ്വാദകാരുടെ ചുണ്ടിൽ മായാതെ നിലനിൽക്കുന്നവയാണ്.

പരിമിതമായ ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് വിസ്മയിപ്പിക്കുന്ന പാട്ടുകൾ സൃഷ്ടിക്കാൻ ദേവരാജൻമാഷിന് ഒരു പ്രത്യേക കഴിവുതന്നെയുണ്ട്. രാഗമാലികയിൽ ചിട്ടപ്പെടുത്തിയ പ്രശസ്ത ഗാനമായ ‘നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും’ എന്ന ഗാനത്തിൽ താളവാദ്യങ്ങൾ മാത്രമാണുപയോഗിച്ചിട്ടുള്ളത്. ‘സന്യാസിനി’, ‘സരസ്വതീയാമം കഴിഞ്ഞു’, ‘ഉഷസ്സേ നീയെന്നെ’, ‘ചക്രവർത്തിനി’, ‘എന്റെ സ്വപ്നത്തിൻ’ തുടങ്ങിയ ഗാനങ്ങളിൽ താളവാദ്യത്തിനു പുറമെ ഒരു സംഗീതോപകരണം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. ദേവരാജൻമാഷുടെ ഇത്തരം ശ്രമങ്ങളിലൂടെ ഗാനമൊരുക്കുന്നതിന്റെ ചെലവ് കുറയ്ക്കുന്നതിനും ഏറ്റവും മികച്ച ഗാനങ്ങൾ തങ്ങളുടെ സിനിമയിൽ ലഭിക്കുന്നതിനും  സഹായകമാകുമെന്നതിനാൽ സാമ്പത്തികപരിമിതിയുള്ള പല നിർമ്മാതാക്കളും അക്കാലത്ത് സംഗീതസംവിധാനത്തിന് അദ്ദേഹത്തിന്റെ തിയ്യതിക്കായി കാത്തുനില്ക്കുമായിരുന്നു.

(തുടരും)


6 - രാഗങ്ങളുടെ മാന്ത്രികൻ 
മലയാളഗാനങ്ങൾക്ക് ഏറ്റവും കൂടുതൽ രാഗങ്ങൾ ഉപയോഗിച്ച സംവിധായകൻ ദേവരാജനാണെന്നാണ് സംഗീതവിദഗ്ദ്ധരുടെ അഭിപ്രായം. നൂറിലധികം രാഗങ്ങൾ അദ്ദേഹം തന്റെ ഗാനങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടത്രെ. ചിരപരിചിതമായ രാഗങ്ങൾക്കൊപ്പം അപൂർവ്വമായ രാഗങ്ങളിലും ഗാനങ്ങൾ സൃഷ്ടിക്കാനുള്ള അനിതരസാധാരണമായ കഴിവുള്ള സംഗീതസംവിധായകനായിരുന്നു അദ്ദേഹം. മോഹനം, കല്യാണി, ഹിന്ദോളം, ആരഭി തുടങ്ങിയ രാഗങ്ങൾക്കൊപ്പം അപൂർവ്വരാഗങ്ങളിലും നിരവധി ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ‘അമ്പലപ്പറമ്പിലെ ആരാമത്തിലെ’(ബേഗഡ), ‘ആയിരം പാദസരങ്ങൾ കിലുങ്ങി’(ദർബാരി കാനഡ), സരസ്വതീയാമം കഴിഞ്ഞു’(സരസ്വതി), ‘ഉഷാകിരണങ്ങൾ പുല്കി പുല്കി’(മലയമാരുതം) ‘അറിയുന്നില്ല ഭവാൻ അറിയുന്നില്ല’ (ശ്യാമ), ‘നന്ദനവനിയിൽ നന്ദനവനിയിൽ’(ഖമാസ്), ‘ചാരുമുഖി  ഉഷ മന്ദം’(സൗരാഷ്ട്രം), ‘പൂവാങ്കുഴലി പെണ്ണിനുണ്ടൊരു കിളുന്തുപോലൊരു മനസ്സ്’ (ആനന്ദാബരി- ഈ രാഗം ദേവരാജൻമാഷുടെ സ്വന്തം സൃഷ്ടിയാണ്), ‘നളചരിതത്തിലെ നായികയോ’, ‘പൊന്നിൽക്കുളിച്ച രാത്രി’ (നർത്തകി), ‘മനോരഥമെന്നൊരു രഥമുണ്ടോ’ (വൃന്ദാവനസാരംഗ), തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം.

ഹിന്ദുസ്ഥാനിസംഗീതത്തിലും അദ്ദേഹം ‘മാസ്റ്റർ’ആയിരുന്നു. നിരവധി ഗാനങ്ങൾ അദ്ദേഹം ഹിന്ദുസ്ഥാനിയിൽ ചിട്ടപ്പെടുത്തി നമുക്കു സമ്മാനിക്കുകയും അവ എക്കാലത്തേയും ഹിറ്റുകളായി മാറുകയും ചെയ്തിട്ടുണ്ട്. ‘ഇന്നെനിക്കു പൊട്ടുകുത്താൻ’(മിയാ കി മൽഹാർ), ‘അക്കരെയക്കരെയക്കരെയല്ലോ ആയില്യംകാവ് ’(മധുരഞ്ജനി), ‘ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ’(ദേശ്), ‘ചക്രവർത്തിനീ  നിനക്കു ഞാനെന്റെ’(കേദാർ. ഹമീർ കല്യാണിയെന്നും ഒരുപക്ഷമുണ്ട്) ‘മന്ദാരത്തളിർപോലെ’(ജോഗ്‌),തുടങ്ങിയവ ഉദാഹരണങ്ങൾ.

അദ്ദേഹത്തിന്റെ  ‘പ്രഭാതം വിടരും പ്രദോഷം വിടരും’എന്ന ഗാനം ‘രവിചന്ദ്രിക’ എന്ന രാഗത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഈ രാഗത്തിൽ മറ്റൊരു മലയാള ചലച്ചിത്ര ഗാനവുമില്ലത്രേ.

മലയാള സംഗീതസംവിധായകരുമായി ബന്ധപ്പെട്ട് ഇനി ഒരിക്കലും തകർക്കപ്പെടാൻ സാധ്യതയില്ലാത്ത നിരവധി റെക്കോർഡുകൾക്കുടമയാണ് ജി. ദേവരാജൻ. ഏറ്റവും കൂടുതൽ സിനിമകൾക്ക് സംഗീതം നല്കിയ സംവിധായകൻ, ഒരു കവിയുടെ(വയലാർ)ഏറ്റവും കൂടുതൽ രചനകൾക്ക് സംഗീതം നല്കിയ ആൾ, ഒരുഗായകനെക്കൊണ്ട് (യേശുദാസ്) ഏറ്റവും കൂടുതൽ പാട്ടുപാടിച്ച സംഗീതസംവിധായകൻ എന്നിങ്ങനെ അപ്രതിരോധ്യമായ അനേകം ബഹുമതികൾക്ക് അർഹനാണദ്ദേഹം. ഇതിന്റെ ബഹിർസ്ഫുരണമെന്നോണം വലുതും ചെറുതുമായ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. മികച്ച സംഗീതസംവിധായകന് നാലു തവണയും മികച്ച പശ്ചാത്തലസംഗീതത്തിനു ഒരുതവണയും ഉൾപ്പെടെ  സംസ്ഥാന പുരസ്കാരങ്ങൾ 5 തവണയും സമഗ്ര സംഭാവനക്കുള്ള ജെ. സി. ഡാനിൽ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. വിവിധ സംഘടനകളുടെ നിരവധി പുരസ്‌കാരങ്ങൾ വേറെയുമുണ്ട്.

അമ്പതുകളുടെ മധ്യംമുതൽ എൺപതുകൾ വരെയുള്ള തന്റെ സുവർണ്ണ കാലഘട്ടത്തിൽ അദ്ദേഹം ഏറ്റവും കൂടുതൽ അവസരങ്ങൾ നല്കിയത് യേശുദാസ്, പി. ജയചന്ദ്രൻ, പി. സുശീല, മാധുരി എന്നീ ഗായകർക്കായിരുന്നു. അതിനിടയിലും അതതുകാലത്തെ പുതിയ ശബ്ദങ്ങളെ അദ്ദേഹം കാണാതിരുന്നില്ല. ബ്രഹ്‌മാനന്ദൻ, ശ്രീകാന്ത്, മണ്ണൂർ രാജകുമാരനുണ്ണി, അയിരൂർ സദാശിവൻ, അമ്പിളി തുടങ്ങിയ നിരവധി ഗായകർക്ക് സിനിമയിലേക്ക് വഴിയൊരുക്കിയത് അദ്ദേഹമായിരുന്നു. ഹരിഹരൻ എന്ന ഗായകനെ തെക്കെഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചതും എസ്‌. പി. ബാലസുബ്രഹ്മണ്യം, ബി. വസന്ത എന്നിവരെ ആദ്യമായി മലയാളത്തിൽ പരിചയപ്പെടുത്തിയതും ദേവരാജൻ മാഷായിരുന്നു,  ഇതിനുപുറമെ അദ്ദേഹത്തിന്റെ ശിഷ്യരായും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചും സംഗീതസംവിധാനരംഗത്ത് ഉജ്ജ്വലമായ സംഭാവനകൾ നല്കിയ പ്രശസ്തരിൽ ചിലരാണ് എം. കെ. അർജുനൻ, ജോൺസൺ, വിദ്യാധരൻ, എം. ജയചന്ദ്രൻ തുടങ്ങിയവർ.

ഗാനാസ്വാദകരുടെ അഭിരുചിയിൽ അടിമുടി മാറ്റംവന്ന വർത്തമാനകാലത്തുപോലും നല്ലപാട്ടുകൾ ഇഷ്ടപ്പെടുന്നവർ തലമുറഭേദമില്ലാതെ തേടിച്ചെല്ലുക ദേവരാജസംഗീതത്തിലേക്കാണ്. കാരണം, കാലദേശാതീതമായ വൈവിദ്ധ്യങ്ങൾ നിറഞ്ഞ അക്ഷയഖനിയാണത്.        മണ്ണിന്റെ മണവും സഹജീവികളുടെ മനസ്സുമറിഞ്ഞ്,ആത്മസമർപ്പണത്തിലൂടെ സംഗീതത്തെ സാക്ഷാത്കരിച്ച കേരളസംഗീതമേഖലയിലെ  എക്കാലത്തേയും ഏറ്റവും വലിയ ജീനിയസ്സാണദ്ദേഹം. 2006 മാർച്ച്‌ 14 ന് ഭൗതികമായി വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ സംഗീതം സ്വന്തം ഗാനങ്ങളിലൂടെയും ശിഷ്യപ്രശിഷ്യപരമ്പരകളിലൂടെയും ലോകത്തെവിടെയുമുള്ള മലയാളികളുടെ പ്രണയത്തേയും ഭക്തിയേയും പ്രചോദിപ്പിച്ചും വിരഹത്തേയും ദുഃഖത്തേയും സാന്ത്വനിപ്പിച്ചും എക്കാലവും നിലനിൽക്കും.

(അവസാനിച്ചു)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ