മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

 kala

(Greek myths)

ഏജിയൻ കടലിലെ ദ്വീപായ ക്രേറ്റിലെ രാജാവായിരുന്നു മിനോ. ഒരിക്കൽ ഏതൻസിലെ പാന്തനായിക് മത്സരങ്ങളിൽ പങ്കെടുക്കാൻ എത്തിയ മിനോയുടെ മകനും യുവരാജാവുമായിരുന്ന ആൻഡ്രോഗിയോസ് ചതി പ്രയോഗത്തിലൂടെ കൊല്ലപ്പെട്ടു. ഇതിൽ മനംനൊന്ത് കുതപിതനായി മാറിയ മിനോ ഏഥൻസിലേക്ക് തന്റെ വമ്പിച്ച പടയുമായി എത്തി, തന്റെ മകനെ തിരികെത്തരാൻ അവിടുത്തെ രാജാവായ ഏജിയൂസിനോട് ആവശ്യപ്പെട്ടു.

ആൻഡ്രോഗിയോസിന്റെ കൊലയാളി ആരെന്നു ആർക്കും അറിയില്ലായിരുന്നു. അതിനാൽ ഭയന്ന ഏജിയൂസ് ഒടുവിൽ മിനോയ്ക്ക് മുന്നിൽ അടിയറവു പറഞ്ഞു. യുവാവായിരുന്ന തന്റെ മകന്റെ രക്തത്തിനു പകരമായി ഏഥൻസിലെ യുവാക്കളെ കൊല്ലുക എന്നതായിരുന്നു മിനോയുടെ പദ്ധതി. ഒടുവിൽ ഒരു പരിഹാരമായി രാജാവായ  ഏജിയൂസ് മിനോയുമായി ഒരു ഉടമ്പടിയിൽ ഏർപ്പെട്ടു. ഓരോ ഒൻപതു വർഷം കൂടുമ്പോഴും  ഏഥൻസിലെ ഏറ്റവും ധീരരായ ഏഴു യുവാക്കളെയും അതിസുന്ദരികളായ ഏഴു യുവതികളെയും  മിനോയ്ക്കു വിട്ടുകൊടുക്കണം എന്നതായിരുന്നു ആ ഉടമ്പടി. മിനോ സൂക്ഷിച്ചിരുന്ന മിനോടോർ എന്ന ഭീകരനായ സത്വത്തിനു ആഹാരമായിട്ടാണ് ഇവരെ വിട്ടുകൊടുക്കേണ്ടിയിരുന്നത്. കാളയുടെ തലയും മനുഷ്യശരീരവും ഉള്ള മിനോടോർ എന്ന് വിളിക്കപ്പെടുന്ന ഈ സത്വത്തെ മിനോ ഒരു വലിയ ലാബ്രിന്തിൽ സൂക്ഷിച്ചിരുന്നു. 

ഒരു പ്രത്യേക രീതിയിലുള്ള നിർമ്മിതിയെ ആണ് ലാബ്രിന്ത് എന്നു വിളിക്കുന്നത്. ഉയർന്ന ഭിത്തികളും, വളഞ്ഞു പുളഞ്ഞു ശാഖകളായി പിരിയുകയും, കൂടിച്ചേരുകയും ചെയ്യുന്ന വളരെ നീണ്ട ഇടനാഴികകളും ഇതിനുണ്ടാകും. ചില ഇടനാഴികൾ എങ്ങും എത്താതെ പൊടുന്നനെ അവസാനിക്കും. ലാബ്രിന്തിൽ അകപ്പെട്ടുപോയാൽ പുറത്തിറങ്ങാൻ വളരെ ബുദ്ധിമുട്ടാണ്. കാരണം, എല്ലാ ഇടനാഴികളും ഒരുപോലെയിരിക്കും. ഡെഡാലസ് എന്ന നിർമ്മാണ വിദഗ്ധനും അയാളുടെ മകനായ ഇക്കാറാസും കൂടിയാണ് ക്രേറ്റ് ദ്വീപിലെ നോസോസ് എന്ന സ്ഥലത്തു മിനോ ആവശ്യപ്പെട്ട പ്രകാരം ലാബ്രിന്ത് നിർമ്മിച്ചത്. ഇതു നിർമ്മിച്ച ഡെഡാലസിനും മകനും ലാബ്രിന്തിൽ നിന്നും പുറത്തു കടക്കാൻ സാധിക്കാത്തതരത്തിൽ വളരെ സങ്കീർണമായിരുന്നു അതിന്റെ നിർമ്മാണം.

മിനോയ്ക്ക് ലഭിച്ചിരുന്ന യുവാക്കളെ ലേബ്രിന്തിലേക്ക് കടത്തിവിടും. ഈ സങ്കീർണമായ നിർമ്മിതിയിൽ എത്തപ്പെടുന്ന യുവാക്കൾ പുറത്തേക്കുള്ള മാർഗ്ഗം കണ്ടെത്താനാവാതെ അലഞ്ഞുതിരിയും. ഒടുവിൽ അവർ മിനോട്ടോറിന്റെ മുന്നിൽ എത്തിപ്പെടും. അവർ അങ്ങനെ ആ സത്വത്തിന്റെ ആഹാരമായിത്തീരുകയും ചെയ്യും. 

വർഷങ്ങളായി ഇതു തുടർന്നപ്പോൾ, ഏഥൻസിലെ രാജാവായ ഏജിയൂസിന്റെ മകനായ തെസിയുസ്  ഇതിന് ഒരു അറുതി വരുത്തണമെന്ന് തീരുമാനിച്ചു. അടുത്ത തവണ ലേബ്രിന്തിലേക്ക് പോകേണ്ട യുവാക്കളിൽ ഒരാൾ താൻ ആയിരിക്കുമെന്ന് തെസിയുസ് പ്രഖ്യാപിച്ചു. അന്നേവരെ ഉടമ്പടിപ്രകാരം ക്രേറ്റിൽ പോയ യുവാക്കൾ ആരും തിരികെയെത്തിയിട്ടില്ല. ധീരനും സുന്ദരനുമായ തെസിയുസ് രാജകുമാരൻ എന്നെന്നേയ്ക്കുമായി ഏഥൻസിനു നഷ്ടപ്പെടുമോ എന്ന് നാട്ടുകാർ ഭയന്നു.   

കടൽ ശാന്തമായിരുന്ന ഒരുനാൾ തെസിയുസ് സന്നാഹങ്ങളോടെ ഒരു കറുത്ത കപ്പലിൽ ക്രേറ്റിലേക്ക് യാത്ര തിരിച്ചു. പോകും മുൻപ് അയാൾ തന്റെ പിതാവിനോട് ഇപ്രകാരം പറഞ്ഞു. "പിതാവേ, ഞാൻ എന്റെ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുവാനായി യാത്ര തിരിക്കുന്നു. എന്നെ അനുഗ്രഹിക്കുക. ഏഥൻസിലെ യുവാക്കളെ ആഹാരമാക്കുന്നതിൽനിന്നും മിനോട്ടോറിനെ ഞാൻ പിന്തിരിപ്പിക്കാൻ ശ്രമിക്കും. അതിൽ ഞാൻ വിജയിച്ചാൽ, ഒരു ധവള നൗകയിൽ ആയിരിക്കും തിരികെ വരിക."

ക്രേറ്റിലെ കടൽക്കരയിൽ ഉലാത്തുകയായിരുന്ന തേസിയുസ് അതിസുന്ദരിയായ ഒരു യുവതിയെ കണ്ടുമുട്ടി. ആദ്യ ദർശനത്തിൽത്തന്നെ തേസിയുസ് അവളിൽ അനുരക്തനായിപ്പോയി. ആ യുവതി മിനോയുടെ മകളായ  അരിയാഡ്നെ ആയിരുന്നു. ശക്തനും സുന്ദരനായ തെസിയുസ് അവൾക്കും ഇഷ്ടപ്പെട്ടു. അവർ   തമ്മിൽ പ്രണയബദ്ധരായി തീരുകയും ചെയ്തു. ഏഥൻസിലെ യുവരാജാവായ തെസിയുസ് ക്രേറ്റിൽ വന്നതിന്റെ ഉദ്ദേശം മനസിലാക്കിയ അരിയാഡ്നെ തന്റെ അച്ഛന്റെ സൂക്ഷിക്കുന്ന ലാബ്രിന്തിൽ തന്റെ പ്രിയപ്പെട്ടവൻ  അകപ്പെട്ടുപോയാൽ ഒരിക്കലും തിരികെ വരില്ലെന്ന് ഭയന്നു. ലാബ്രിന്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗം, അതു നിർമ്മിച്ച ഡെഡാലസിനോടുതന്നെ അവൾ ആരാഞ്ഞു. അതിൻപ്രകാരം അവൾ ഒരു പദ്ധതി തയാറാക്കി. ഇരുട്ടു പരന്നു തുടങ്ങിയപ്പോൾ തെസിയുസിനോടൊപ്പം  അരിയാഡ്നെയും ലാബ്രിന്തിനു മുന്നിലെത്തി. ഡെഡാലസ് ഉപദേശിച്ച പ്രകാരം പന്തുപോലെ ചുരുട്ടിയ വളരെ നീളമുള്ള നൂൽ അവൾ അയാളുടെ കൈയിൽ കൊടുത്തു. പോകുന്ന മാർഗത്തിൽ നൂൽ ആരും കാണാതെ ഇട്ടുപോകണം എന്ന് അവൾ തേസിയുസിനെ ഉപദേശിച്ചു. തിരികെ വരുമ്പോൾ നൂൽ കിടക്കുന്ന വഴിയിലൂടെ പുറം വാതിലിൽ എത്തുകയും ചെയ്യാം. നന്ദി പറഞ്ഞ തേസിയുസ് അവളുടെ ചുണ്ടുകളിൽ അവസാനമായി ഒരു പ്രേമമുദ്ര ചാർത്തിയശേഷം ഇപ്രകാരം പറഞ്ഞു. 
"പ്രയപ്പെട്ട അരിയാഡ്നെ, നീ എനിക്കുവേണ്ടി എത്ര ത്യാഗം സഹിച്ചു. ഞാൻ തിരികെ വരികെയാണെങ്കിൽ നിശ്ചയമായും ഏഥൻസിലേക്കു നമ്മൾ ഒരുമിച്ചാകും പോവുക. നീ എന്നോടൊപ്പം വരില്ലേ?"
അവനോടൊപ്പം ഭൂമിയുടെ ഏതു കോണിലേക്കും പോകാൻ അവൾ ഒരുക്കമായിരുന്നു. 

ലാബ്രിന്തിൽ കടന്ന തെസിയുസ് അവൾ പറഞ്ഞത് പ്രകാരം ആ നൂലിന്റെ ഒരറ്റം അതിന്റെ കവാടത്തിലെ സ്തൂപത്തിൽ ബന്ധിച്ചു. അവൾ പറഞ്ഞത് ഒന്നുകൂടി തേസിയുസ് ഓർത്തു. 
"മുന്നോട്ടു മാത്രം പോവുക. ഒരിക്കലും ഇടത്തേയ്ക്കോ വലത്തേയ്ക്കോ തിരിയരുത്." 
അവളുടെ ഉപദേശം അക്ഷരംപ്രതി പാലിച്ചുകൊണ്ട്‌  ആ നൂൽ പന്ത് നയിച്ച വഴിയിലൂടെ മുന്നോട്ടുപോയ തെസിയ്‌സ് ഏറെ നേരത്തെ യാത്രയ്ക്കു ശേഷം ലാബ്രിന്തിന്റെ ഹൃദയഭാഗത്തെത്തി. അവിടെ മിനോട്ടോർ ഗാഢനിദ്രയിൽ ആയിരുന്നു. ഞെട്ടിയുണർന്ന മിനോട്ടോർ തെസിയ്‌സുമായി യുദ്ധത്തിൽ ഏർപ്പെട്ടു. രണഭേരി ഉയർത്തി ആഞ്ഞടുത്ത ആ ശക്തന്മാർ ഏറെ നേരം പോരാടി. ഒടുവിൽ താൻ ഒളിച്ചു കടത്തിയ ഖഡ്ഗം ഉപയോഗിച്ച് തെസിയുസ് മിനോട്ടോറിന്റെ കഴുത്തറത്തു. വിജയശ്രീ ലാളിതനായ തെസിയുസ് നൂലിന്റെ വഴിയിലൂടെ മറ്റു യുവാക്കൾക്കും യുവതികൾക്കും ഒപ്പം ലാബ്രിന്തിന്റെ പുറത്ത് കടക്കുകയും ചെയ്തു. 

മിനോയുടെ രക്തദാഹത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തിയ ധീരനായ തെസിയുസ് അവിടെ കാത്തുനിന്ന അരിയാഡ്നെയെ വാരിപ്പുണർന്നു. തിരിച്ച് ഏഥൻസിലേക്ക് പോകുന്ന യാത്രയിൽ തെസിയുസ് അവളെയും തന്റെ യാനത്തിൽ  ഒപ്പം കൂട്ടി. തിരകളിലൂടെ തെന്നി മുന്നോട്ടുപോയ ഉരു നാക്സോസ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു ദ്വീപിൽ ശുദ്ധജലത്തിനായി അടുപ്പിച്ചു. വളരെ മനോഹരമായ ആദ്വീപിൽ ചില ദിനരാത്രങ്ങൾ അവർ ഒന്നിച്ചു കഴിയുകയും സ്നേഹം പങ്കിടുകയും ചെയ്തു. 

ഒരു രാത്രിയിലെ ഉറക്കത്തിൽ ദേവനായ ഡയോനിയോസ്,  തെസിയൂസിന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും, അരിയാഡ്നെ ഭാവിയിൽ തന്റെ ഭാര്യയായിത്തീരേണ്ടവൾ ആണെന്നും അതിനാൽ അവളെ ഉപേക്ഷിച്ച് തെസിയൂസ്  മടങ്ങേണ്ടതാണെന്നും ആവശ്യപ്പെട്ടു. ശക്തനായ ദേവന്റെ അരുളിപ്പാട് മറികടക്കാൻ കഴിയാത്ത ആ കാമുകൻ വളരെ വേദനയോടെ അവളെ  ആ ദ്വീപിൽ ഉപേക്ഷിച്ച് ഏഥൻസിലേക്കു പോയി. എന്നാൽ തന്റെ പിതാവായ ഏജിയൂസിനോട് പറഞ്ഞ വാക്കുകൾ അയാൾ മറന്നുപോയിരുന്നു. തന്റെ പിതാവിന് കൊടുത്ത വാക്കു പ്രകാരം തേസിയുസ് വെളുത്ത നിറമുള്ള യാനത്തിലായിരുന്നു വിജയത്തിനു ശേഷം മടങ്ങേണ്ടിയിരുന്നത്. വെളുത്ത കപ്പൽ കാത്തിരുന്ന ഏജിയൂസ് അതു കാണാത്തതിനാൽ, തന്റെ മകൻ മിനോട്ടോറുമായുള്ള യുദ്ധത്തിൽ മരിച്ചുപോയിക്കാണും എന്നു കരുതി. ആ പിതാവ് തന്റെ ദൂഖം സഹിക്കാനാവാതെ, സൗനിയോൺ എടുപ്പിൽ നിന്നും കടലിലേക്കു ചാടി മരണം വരിച്ചു. 

തെസിയൂസിന്റെ സ്വപ്നത്തിലെ അരുളിപ്പാടു പോലെ അരിയാഡ്നെ പിന്നീട് ദേവനായ ഡയോണിയോസിന്റെ ഭാര്യയായി. മിനോയുടെ മറ്റൊരു മകളായ ഫെഡറ പിന്നീട് തേസിയൂസിന്റെ ഭാര്യയായിത്തീരുകയും ചെയ്തു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ