മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

Yesudas

4 - ‘ദേവരാജ’സഭയിലെ ഗാനഗന്ധർവ്വനും ഗന്ധർവ്വകവിയും    

ചില അപൂർവ്വമായ കൂട്ടുകെട്ടുകൾ അതതുകാലത്തെ സമൂഹത്തിന്റെ ചാലകശക്തിയായി മാറിയതിനു ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങൾ കാണാം. അത്തരത്തിൽ മലയാളഗാനചരിത്രത്തിന്റെ ഗതിനിർണ്ണയിച്ച ഒരു കൂട്ടുകെട്ടായിരുന്നു വയലാർ, ദേവരാജൻ, യേശുദാസ്ത്രയങ്ങൾ. മലയാളസിനിമാസംഗീതത്തിലെ എക്കാലത്തേയും മികച്ച ഈ കൂട്ടുകെട്ടിലൂടെ രൂപമെടുത്ത ഗാനങ്ങൾ കാലാതീതമായ സംഗീതാനുഭവങ്ങളാണ് കൈരളിക്കു സംമ്മാനിച്ചത്. ഈ അതുല്യപ്രതിഭകളുടെ സമന്വയം കേരളീയസംസ്കാരത്തിന്റെ മഹത്തായ ഈടുവയ്പുകളിൽ ഒന്നാണെന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കില്ല.

കാലം കരുതിവച്ച യാദൃച്ഛികതയുടേ അത്യപൂർവ്വമായ ‘ഹാർമണി’ ആയിരുന്നു ഈ കൂട്ടുകെട്ട്. അതിൽ വയലാറിന്റേയും ദേവരാജന്റേയും  സർഗ്ഗാത്മക സംഭാവനകൾക്ക് ചില സമാനതകൾ കാണാം. അതിലൊന്ന്, രണ്ടുപേരും തങ്ങളുടെ മേഖലയിൽ തനതായി വെട്ടിയ വഴിയിലൂടെ മുന്നോട്ടുപോയവരും കേരളീയ സംസ്കാരത്തിന്റെ സ്വത്വവികാസത്തിനു കാരണക്കാരായവരുമാണെന്നതാണ്. അന്യഭാഷാഗാനങ്ങളുടെ അനുകരണങ്ങളിൽ കുടുങ്ങിക്കിടന്ന മലയാളഗാനങ്ങളെ, പൂർവ്വമാതൃകകളില്ലാതെ, കേരളീയവത്കരിക്കുന്നതിലും ജനകീയമാക്കുന്നതിലും  ദേവരാജൻ നിർണ്ണായകമായ പങ്കുവഹിച്ചു. കൂടാതെ, കർണ്ണാടകസംഗീതത്തിനുപുറമേ ഹിന്ദുസ്ഥാനിസംഗീതം പാശ്ചാത്യസംഗീതം നാടോടി സംഗീതം എന്നിങ്ങനെ വ്യത്യസ്ത സംഗീതശാഖകൾ ഉപയോഗിച്ചതിലൂടെ അദ്ദേഹം മലയാളഗാനമേഖലയുടെ വ്യാപ്തി വിപുലമാക്കി. വയലാറാകട്ടെ മലയാളഗാനരചനകളെ കവിതകളാക്കി മാറ്റിയ ഗന്ധർവ്വകവിയായിരുന്നു.  മറ്റൊന്ന്, സമൂഹത്തിലെ നിസ്വപക്ഷത്തിന്റെ മോചനം സ്വപ്നംകണ്ട മാനവിക പക്ഷപാതികളായിരുന്നു ഇരുവരുമെന്നതാണ്. ഈ മനുഷ്യപക്ഷനിലപാടും അതിരുകളില്ലാത്ത സർഗ്ഗാത്മകതയും ജീവിതത്തിൽ അലിഞ്ഞുചേർന്ന ഈ രണ്ടു പ്രതിഭകൾ ഒത്തുചേർന്നപ്പോൾ മലയാളഗാനങ്ങൾ സ്വർഗ്ഗീയ സംഗീതമായി ഉയർത്തപ്പെട്ടു. അവരുടെ സംഗീതത്തിന്റെ സാക്ഷാത്കാരത്തിനായി യേശുദാസ് എന്ന മഹാഗായകന്റെ മധുരശബ്ദവും ലഭ്യമായതോടെ മലയാളികളുടെ മനസ്സുകളിൽ ഗാനവസന്തം തീർക്കാൻ അവർക്കു കഴിഞ്ഞു. അവരുടെ പാരസ്പര്യം എത്രത്തോളം ആഴത്തിലുള്ളതാണെന്നുള്ളതിന്റെ തെളിവാണ് യേശുദാസിനെക്കുറിച്ചുള്ള ദേവരാജൻമാഷിന്റെ ഈ വാക്കുകൾ, “ഒരു സംഗീതസംവിധായകൻ ഒരു ഗായകനിൽ തേടുന്ന മിക്കവാറും എല്ലാ ഗുണങ്ങളാലും അനുഗ്രഹിക്കപ്പെട്ട ഒരേ ഒരു ഗായകൻ യേശുദാസാണ്. സംഗീതസംവിധായകന്റെ ആശയം മനസ്സിലാക്കി കൃത്യമായ ഭാവത്തോടെ അവതരിപ്പിക്കാനുള്ള അതുല്യമായ വൈഭവം അദ്ദേഹത്തിനുണ്ട്. അങ്ങനെയൊരു ഗായകനില്ലായിരുന്നെങ്കിൽ എന്റേയും ദക്ഷിണാമൂർത്തിയുടേയും ബാബുരാജിന്റേയും നിരവധി ഗാനങ്ങൾ ഉണ്ടാകുമായിരുന്നില്ല”. 

ഒരു സംഗീതസംവിധായകനുവേണ്ട യോഗ്യതയെക്കുറിച്ച് വ്യക്തമായ നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, “ഒരു സംഗീതസംവിധായകന് കർണാടകസംഗീത, ഹിന്ദുസ്ഥാനിസംഗീതം, പാശ്ചാത്യസംഗീതം എന്നിവയെല്ലാം അറിഞ്ഞിരിക്കണം. എന്നാൽ കമ്പോസിംഗ് എന്നത് സ്വാഭാവികമായ ഒരു സമ്മാനമാണ്. നാടിന്റെ സംസ്‌കാരം, സാഹിത്യം, ഇതിഹാസങ്ങൾ, ചരിത്രം എന്നിവയെക്കുറിച്ച് സംഗീതസംവിധായാകന് വ്യക്തമായ ഗ്രാഹ്യമുണ്ടായിരിക്കണം”. ഈ നിലപാടുള്ളതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ പാട്ടുകളിലെ ഓരോ വാക്കിനും, ഗാനരചയിതാവ് പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള, ഭാവം ഗായകനിലൂടെ ശ്രോതാക്കൾക്ക് ലഭിച്ചത്. മലയാളസാഹിത്യത്തിൽ, പ്രത്യേകിച്ച് കവിതയിൽ, അപാരമായ ജ്ഞാനമുണ്ടായിരുന്ന ദേവരാജൻമാഷ് തന്നെയാണ് യേശുദാസ്, ജയചന്ദ്രൻ തുടങ്ങിയ ഗായകരുടെ അക്ഷരശുദ്ധിയിലും ഭാവശുദ്ധിയിലും നിർണ്ണായകമായ സ്വാധീനം ചെലുത്തിയതെന്ന് നമുക്ക് കാണാം. തന്റെ ഗാനങ്ങൾ ഗായകർ തന്റെ ഇച്ഛക്കനുസരിച്ചുതന്നെ പാടണമെന്ന് നിർബന്ധമുള്ള സംവിധായകനായിരുന്നു അദ്ദേഹം.

(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ