മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Jomon Antony)

സീൻ 1

പകൽ / സന്ധ്യ, തട്ടിൻപുറമുള്ള ഒരു മുറിയുടെ ഉൾഭാഗം  (ഇന്റീരിയർ)

പശ്ചത്തലത്തിൽ ഇരുട്ടാണ്. പ്രാവിന്റെ കുറുകലും, ചീവീടിന്റെ ശബ്ദവും  തട്ടിൻ പുറത്തു കൂടി ഓടുന്ന എലികളുടെ ഒച്ചയും ദൃശ്യത്തെ ഭയപൂരിതമാക്കുന്നു. അകലെ മുറിയുടെ വാതിൽ പാളികൾ തുറക്കപ്പെടുന്നതിന്റെ വിദൂര ദൃശ്യം. സാന്ധ്യപ്രകാശം മുറിയിലേക്ക് അരിച്ചു കയറുംബോൾ അതിനുള്ളിലെ മാറലയും പൊടിപടലങ്ങളും ദൃശ്യത്തിൽ വ്യകതമാകുന്നു.

 

താടിയും മുടിയും അല്പം നീട്ടി വളർത്തിയ മെല്ലിച്ച ശരീരമുള്ള അധികം ഉയരമില്ലാത്ത ഒരു പുരുഷരൂപം വാതിൽക്കൽ പ്രത്യക്ഷപ്പെടുന്നു. പഴയ കീറിയ കൈലി മുണ്ടും ഷർട്ടുമാണ് അയാളുടെ വേഷം. മുഖം വ്യക്തമല്ല. ഇരുവശവും വെളിച്ചംവീണു കിടക്കുന്ന, ഇരുട്ടു മാറാത്ത തറയിലൂടെ പതിയെ അയാൾ അകത്തേക്ക് അല്പം വേച്ചു നടക്കുന്നു. പിന്നാലേ മറ്റു രണ്ടുപേർ അകത്തേക്ക് കടന്ന് സാവധാനം അയാളുടെ പിന്നാലെ നടക്കുന്നു. അവർ മൂവരേയും ഉൾപ്പെടുത്തി സാവധാനം ദൃശ്യം മുകളിലേക്കുയരുംബോൾ മുറിയുടെ ഉത്തരത്തിൽ കെട്ടികുരുക്കിട്ടിരിക്കുന്ന  മൂന്ന് തൂക്ക് കയറുകൾ കാണാം - ഒന്ന് മുന്നിലും അല്പം പിന്നിൽ ഇരുവശങ്ങളിലുമായി മറ്റുള്ളത് രണ്ടും. ദൃശ്യം മുന്നിലുള്ള തൂക്ക് കയറിൽ കേന്ദ്രീകൃതമാകുംബോൾ അതിനുള്ളിൽ തെളിയുന്ന ടൈറ്റിൽ - ‘സ്വയം’  

കട്ട്

സീൻ 2

പകൽ, നഗര പ്രദേശത്തെ ഒരു ബാർ   (എക്സ്റ്റീരിയർ)

ബാർ എന്നെഴുതിയിട്ടുള്ള ബോർഡ്.

കട്ട്

 

സീൻ 2 A

പകൽ, ബാർ  (ഇന്റീരിയർ)

ലോക്കത്സ് ഇരുന്ന് മദ്യപിക്കുന്ന ഒരു ചെറിയ ഭാഗത്ത് മൂന്നോ നാലോ ടേബിളുകൾ. അങ്ങിങ്ങായി ഇരിക്കുന്ന മദ്യപന്മാർ പലരൂപത്തിലും ഭാവത്തിലും. ടേബിളിലെ വെള്ളം നിറച്ച ബോട്ടിലിനുള്ളിലൂടെ മദ്യപാനം ഹാനികരമാണെന്ന് തെളിയുന്ന കണ്ടന്റ് വ്യക്തമാക്കുന്ന ഇംഗ്ലീഷ് വാക്കുകളിൽ നിന്നും ദൃശ്യം ആരംഭിക്കുന്നു. പശ്ചാത്തലത്തിൽ മദ്യപാനികളുടെ വ്യക്തമല്ലാത്ത സംസാരം കേൾക്കാം. ദൃശ്യം വികസിച്ച് നിൽക്കുന്നത് ഒരു ടേബിളിനെ ഫ്രെയിമിൽ ഒതുക്കി മൂന്നുപേരെ കേന്ദ്രീകരിച്ചാണ്. ടേബിളിൽ കാലിയായ മൂന്നോ നാലോ സോഡാകുപ്പികളും ഒരു നിറ സോഡാകുപ്പിയും ഫുൾ ബോട്ടിൽ വെള്ളവും. അതിനു നടുവിലായി കാലിയാകാറായ അഞ്ഞൂറ് മില്ലിയുടെ റം ബോട്ടിലും. ഒറ്റനോട്ടത്തിൽ ആഢ്യത്തം തോന്നുന്ന മുഖവും നിറവും ശരീരവുമുള്ള, 48 വയസ്സ് പ്രായം തോന്നിക്കുന്ന ഡേവിഡാണ് ഒരു ഭാഗത്ത് ഇരിക്കുന്നത്. അയാളുടെ മുഖത്ത് നരച്ച താടിരോമങ്ങൾ അലസമായി വളർന്നു കിടക്കുന്നു. കണ്ണുകളിൽ നിരാശ. തീരെ മുഷിയാത്ത പാന്റും ഷർട്ടുമാണ് അയാൾ ധരിച്ചിരിക്കുന്നത് ആലോചനയാർന്നമുഖം. ഡേവിഡിനഭിമുഖമിരിക്കുന്നത്  ബാർമേറ്റായ ആന്റപ്പനാണ്.  അംബതിനടുത്ത്  പ്രായം . കൈലി മുണ്ടും ഷർട്ടുമാണ് വേഷം. കഴുത്തിലൊരു കൊന്ത. അയാളും ഒരു സ്ഥിരം മദ്യപാനിയാണെന്ന് കാഴ്ചയിൽ മനസ്സിലാക്കാം. ഇരുവരുടേയും കൈകളിൽ പാതി നിറഞ്ഞ മദ്യ ഗ്ലാസ്. അവരുടെ ഒരു വശത്ത് തീരെ താഴേക്കിടയിലുള്ള സാധാരണക്കാരനും കടുത്ത മദ്യപാനിയുമായ കരുണൻ കസേരയിൽ കുത്തിയിരിക്കുന്നു. കവിളൊട്ടി ശോഷിച്ച ശരീരം. അല്പം കീറിമുഷിഞ്ഞ വസ്ത്രങ്ങൾ. അയാൾ  ബീഡി ചുണ്ടിൽ വെച്ച് കൈയിലുള്ള തീപ്പെട്ടികൊണ്ടു അത് കത്തിക്കാതെ മറ്റിരുവരുടേയും സംസാരം അല്പം ആടിയാടി കേട്ടിരിക്കുന്നു . തന്റെ ആശങ്ക ഡേവിഡിനോട് പറയുന്ന-

ആന്റപ്പൻ :  സാറേ ചൈനേന്നു പണിതുടങ്ങിയതാ. നമ്മുടെ നാട്ടിലും രക്ഷയില്ലാതായി. ഇപ്പോക്ക് പോയാൽ നമ്മുടെ കാര്യം (മദ്യം എന്ന സൂചനയിൽ ഗ്ലാസ്സ്ആട്ടിക്കൊണ്ട്)  കട്ടപ്പയാകും.

ഗ്ലാസ്സിൽ മിച്ചമുണ്ടായിരുന്ന മദ്യം അകത്താക്കി തലകുടഞ്ഞ്,

ഡേവിഡ്  : ആന്റാപ്പാ എല്ലാം അടച്ച് പൂട്ടട്ടെ..എല്ലാം തൊലയണം , നശിക്കണം .

അതുപറഞ്ഞ് ഡേവിഡ് മദ്യകുപ്പിയെടുത്ത് തുറന്നു. നെറ്റി ചുളിച്ച് ഡേവിഡിനെ നോക്കി -

ആന്റപ്പൻ: സാറിന്റയും കാശുള്ളവരുടേയുമൊക്കെ  ഫ്ലാറ്റ് പൊളിച്ചുന്ന് വെച്ച്  എല്ലാരും തൊലയാണന്നോ സാറേ ?.

മദ്യം ഗ്ലാസ്സുകളിൽ പകർത്തുന്നതിനിടയിൽ ഡേവിഡ് ആന്റപ്പനെ  അല്പം രൂക്ഷമായി നോക്കുംബോൾ അയാൾ ഒന്നുപരുങ്ങുന്നു.

ആന്റപ്പൻ : കള്ള് കിട്ടാനില്ലാത്ത കാര്യം ചിന്തിക്കാൻ പറ്റില്ല സാറേ. അതുകൊണ്ട്  പറഞ്ഞതാ.

ഡേവിഡ് അത് ശ്രദ്ധിക്കാതെ ബാക്കി മദ്യം തിരികെ വെക്കുംബോൾ  സംസാരം കേട്ടുകൊണ്ടിരുന്ന കരുണൻ തന്റെ ഗ്ലാസ്സ് ഡേവിഡിന്റെ കയ്യിലിരിക്കുന്ന മദ്യ കുപ്പിക്കരികിലേക്ക് നീട്ടുന്നു. ചോദ്യഭാവത്തിൽ ഡേവിഡ് കരുണനെ നോക്കുന്നു.

കരുണൻ : ഒരെണ്ണം എനിക്കും ഒഴിച്ച് താ.. സാറേ .. ഞാനും കേട്ടോണ്ടിരിക്കുകയല്ലെ ?

ഡേവിഡ് മടിയില്ലാതെ ബാക്കിയുണ്ടായിരുന്ന മദ്യം കരുണന്റെ ഗ്ലാസ്സിൽ ഒഴിക്കുന്നു.

ഡേവിഡ്  :  എന്താ പേര് ?

കരുണൻ  :   കരുണാന്നാ.

ഡേവിഡ് ഗ്ലാസ്സിലൊഴിച്ച് കൊടുത്ത മദ്യം   വെള്ളം ചേർക്കാതെ വിഴുങ്ങി ടേബിളിൽ തെറിച്ച് വീണ് കിടന്നിരുന്ന അച്ചാർ വിരൽ കൊണ്ടെടുത്ത് നക്കി ചിറി തുടച്ച്, തലകുടഞ്ഞ്  അല്പം സന്തോഷത്തോടെ,

കരുണൻ : ദാ ഇതാണ്  സ്നേഹം , കുടിയന്മാരോടു  കൂടിയ സ്നേഹം. (പോക്കറ്റിൽ നിന്നും കാജാ ബീഢിയെടുത്ത് നീട്ടിക്കോണ്ട്)   സാറിനു ബീഢി വേണോ ,ദാ..

ഡേവിഡ് വേണ്ടെന്ന് കാണിക്കുന്നു. ബില്ലുമായി എത്തുന്ന വെയ്റ്റർ ഡേവിഡിന്റെ വശം ടേബിളിൽ ബിൽ പ്ലേറ്റ് വെച്ചുകൊണ്ട്

വെയ്റ്റർ   :  സാറിനു പുതിയ ജോലിയൊന്നുമായില്ലേ ?

ബില്ലു നോക്കി പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ നോട്ട് പ്ലേറ്റിൽ വെച്ചു കൊണ്ട് –

ഡേവിഡ്  :  ബാങ്കിലത്യാവശ്യം ബാലൻസുണ്ടെങ്കിൽ ജോലിക്ക് പോണോന്ന്  നിർബന്ധമുണ്ടോടോ?.

തലചൊറിഞ്ഞ്,
വെയ്റ്റർ : ഞാൻ വെറുതെ ചോദിച്ചെന്നേന്നേയുള്ളു..സാറേ.

നിനക്ക് പോകാം എന്ന വിധം ആംഗ്യം കാട്ടി ഗ്ലാസ്സിലെ മദ്യം അകത്താക്കി ഡേവിഡ് എഴൂന്നേൽക്കുന്നു. ബില്ലുമായി കൌണ്ടറിലേക്ക് പോകുന്ന വെയ്റ്ററിനെ നോക്കി  പിന്നെ ആന്റപ്പനോടായി -  

ഡേവിഡ് : വൈകിട്ടുകാണാം.

ആന്റപ്പൻ കിറുങ്ങി തലയാട്ടുന്നു. ഡേവിഡ് കരുണനെ വെറുതേയൊന്ന് നോക്കുംബോൾ മദ്യം കിട്ടിയതിന്റെ നന്ദിയിൽ കൈകൾ കൂപ്പികൊണ്ട്  ചിരിക്കാൻ ശ്രമിച്ച് അയാൾ ചുണ്ട്  കോട്ടുന്നു. പിന്നെ  ഡേവിഡ് നടന്നകലുന്നത് നോക്കി ബീഡി കത്തിക്കുന്ന അയാളുടെ മുഖം മെല്ലെ ക്രൂരമാകുന്നു. ദൃശ്യം അയാളുടെ തീക്ഷ്ണമായ മുഖം കേന്ദ്രീകരിക്കുംബോൾ പശ്ചാത്തലത്തിൽ ഒരു ആറുവയസ്സുകാരിയുടെ  ദീനസ്വരം മുഴങ്ങുന്നു.

“എനിക്ക് പനിക്കണ്, വിശക്കണ്..അമ്മേ..അമ്മേ..”

സാഡിസ്റ്റിനെപ്പോലെ ക്രൂരതയോടെ ചിരിക്കുന്ന കരുണൻ.

കട്ട്

(തുടരും)


ഭാഗം 2

സീൻ 3

പകൽ / രാവിലെ  ഡേവിഡിന്റെ ഫ്ലാറ്റ്  (എക്സ്റ്റീരിയർ)

നഗരത്തിലെ ഒരു കായലിനോട് ചേർന്നുള്ള ഒരു  പഴയ മൂന്നുനില കെട്ടിടത്തിന്റെ വിദൂര ദൃശ്യം.


കട്ട്

 

സീൻ 3 A

പകൽ / രാവിലെ ,  ഡേവിഡിന്റെ ഫ്ലാറ്റ് (ഇന്റീരിയർ)

മൂന്നാം നിലയിലുള്ള ഒരു രണ്ടു മുറി ഫ്ലാറ്റ്. മങ്ങിയ ചുവരുകളും വെടിപ്പില്ലാത്ത ഫർണ്ണീച്ചറുകളും അലസമായി കിടക്കുന്ന ഹാളിലൂടെ ദൃശ്യം കിച്ചണിലേക്ക് പതിയെ നീങ്ങുംബോൾ പശ്ചാത്തലത്തിൽ ജനീറ്റയുടെ സംസാരം കേൾക്കുന്നു.

ജനീറ്റ : ഗൾഫീന്ന് ജോലി മതിയാക്കി വന്നപ്പോഴേ ഞാൻ പറഞ്ഞതാ, ചെറുതാണെങ്കിലും നഗരം വിട്ട് കുറച്ചുമാറി മൂന്ന് സെന്റ് സ്ഥലത്ത്  ഒരു ചെറിയ വീട് വെച്ചാൽ  മതീന്ന്. അപ്പോ എക്സ് ഗൾഫുകാരന്റെ പത്രാസ്സു കാണിക്കാൻ ചുമക്കാൻ പറ്റാത്ത ലോണെടുത്ത് ഫ്ലാറ്റ് വാങ്ങി; എന്റെയും മോളുടേയും സേഫ്റ്റിയെന്ന പേരും.

ദൃശ്യം കിച്ചണിൽ എത്തിനിൽക്കുംബോൾ ജനീറ്റയെന്ന നാല്പതു വയസ്സുകാരി സുന്ദരി ഫോണിലൂടെ അമ്മയോട് സംസാരിക്കുകയാണ്. നേഴ്സിന്റെ യൂണീഫോം ധരിച്ച് ഹോസ്പിറ്റലിലേക്ക് പോകാൻ തയ്യാറായിട്ടുള്ള സംസാരത്തിനിടയിൽ തനിക്കു ഉച്ചക്ക് കഴിക്കേണ്ട ആഹാരം അവൾ  ലഞ്ച് ബോക്സിൽ എടുത്തു വെക്കുന്നുണ്ട്. ലഞ്ച്ച് ബോക്സ് എടുത്ത് തിരിച്ച് ഒരു മുറിയിലേക്ക് വന്നുകൊണ്ട് ഫോണിൽ തുടരുന്ന, 

ജനീറ്റ : അവസാനം എന്തായി . ഞാനും മോളും പെരുവഴിയിലാകുമെന്ന അവസ്ഥ. എന്നിട്ടും  അങ്ങേരീലോകത്തൊന്നും അല്ല. ഉണ്ടായിരുന്ന ജോലീം കളഞ്ഞ് കുടി തന്നെ കുടി.

മറുതലക്കൽ നിന്നും അമ്മയുടെസ്വരം കേൾക്കാം.

അമ്മ : മോള്  സമാധാനപ്പെട്. ഈ അവസ്ഥയൊക്കെയൊന്നു മാറട്ടെ. നമ്മുക്കവനെ ഏതെങ്കിലും സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ട് പോകാം.

ജനീറ്റ : ഈ അവസ്ഥയൊന്നും ഉടൻ മാറില്ലമ്മേ. ഓരോ ദിവസവും പോസ്റ്റീവ് കേസുകൾ  കൂടികൊണ്ടിരിക്കുകയാ. എന്റെ ഡ്യൂട്ടീ ടൈമൊക്കെ എന്താകുമെന്ന് കണ്ടറിയാം.

ലഞ്ച് ബോക്സ് ബാഗിൽ വെച്ച് അടച്ച് ബാഗ് തോളിൽ തൂക്കി പെയ്ന്റ് പോയ അലമാരയുടെ കണ്ണാടിയിൽ മുഖം നോക്കി നെറ്റിയിലേക്ക് പാറി കിടന്ന മുടി ഒതുക്കിക്കൊണ്ട്,  

ജനീറ്റ : ജഫ്ന മോളോട് പഠിക്കാനുള്ളതൊക്കെ പഠിക്കാൻ പറയമ്മേ. ഞാൻ ഉച്ചയ്ക്ക്  വിളിക്കാം. സമയം പോയി.

മറുതലക്കൽ നിന്നുള്ള ശബ്ദം,

അമ്മ : സൂക്ഷിച്ച് പോണെ മോളെ.

ജനീറ്റ : ഉം!

അവൾ ഫോൺ കട്ട് ചെയ്ത് മറ്റൊരു മുറിയിലേക്ക് നടന്ന് അതിന്റെ മുറി വാതിൽ തുറക്കുന്നു. അവളുടെ ദൃഷ്ടിയിൽ ക്രൂശിത രൂപം പോലെ ബെഡ്ഡിൽ മലർന്നു കിടക്കുന്ന ഡേവിഡ്. നരച്ച് നീണ്ടു വളർന്ന താടിയും മുടിയും അയാളെ വിരൂപനാക്കിയിരിക്കൂന്നു. തറയിൽ കാലിയായ മദ്യക്കുപ്പിയും വലിച്ച് തീർത്ത സിഗററ്റ് കുറ്റികളും. അവൾ സങ്കടവും ദേഷ്യവും വന്ന് ഡേവിഡിനെ രൂക്ഷമായി നോക്കുന്നു.

ജനീറ്റ : ഡേവിഡ്, ഡേവിഡ് - ഒന്നെഴുന്നേൽക്കുന്നുണ്ടോ.

അവളുടെ ശബ്ദം കേട്ട് അയാൾ ബദ്ധപ്പെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നു.

ജനീറ്റ : എല്ലാം പൂർത്തിയായില്ലേ. മിച്ചമുള്ള കാശ് കൊണ്ട് എത്രനാൾ മുന്നോട്ട്  പോകാമെന്നാ. ഡേവിഡ് (ഉച്ചത്തിൽ) ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ?

അയാൾ പതിയെ കണ്ണുകൾ തുറന്ന് ജനീറ്റയെ നോക്കാൻ ശ്രമിച്ചു.

ജനീറ്റ : തളർച്ച ആർക്കും ഉണ്ടാകും. തെറ്റ് തിരുത്താനുള്ള മനസ്സാണ് വേണ്ടത്. സ്വത്തും,  പണത്തിനേക്കാളുമപരി അവനവന്റെ ജീവനാ വലുതെന്ന ബോധമുണ്ടായാൽ  കൊള്ളാം.

ഡേവിഡ് ബദ്ധപ്പെട്ട് എഴുന്നേറ്റ് ജനാലപ്പടിയിൽ കരുതി വെച്ചിരുന്ന സിഗററ്റ് കത്തിച്ചു അലസമായി പുകയൂതികൊണ്ട് ഭാര്യയെ നോക്കുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ജനീറ്റ : മകളൊരെണ്ണം വളർന്നുവരുന്നുണ്ട് അതു മറക്കണ്ട...(ഒരിട നിശ്ശബ്ദമായി)  ഡേവിഡ്.. നിങ്ങൾ ഒരു ദുരന്തമാകരുത്!.

അതു പറഞ്ഞുകോണ്ട് അവൾ ശക്തിയോടെ വാതിലടച്ചു പുറത്തേക്ക് നടക്കുന്നു. ഡേവിഡ് അല്പം കുറ്റബോധത്തോടെ സിഗററ്റ് പുകച്ച് തള്ളുന്നു.

കട്ട്

 

സീൻ 3 B

പകൽ / രാവിലെ, ഡേവിഡിന്റെ ഫ്ലാറ്റ് / ബാൽക്കണി (എക്സ്റ്റീരിയർ)

ഡോർ അടച്ച് ബാഗും തൂക്കി ജോലിക്കിറങ്ങുന്ന ജനീറ്റ ഒന്നു തിരിയുംബോൾ കായലിനക്കരെ ഫ്ലാറ്റ് നിന്നിരുന്ന, ഇപ്പോൾ വിജനമായ ഒരു പ്രദേശം കാണുന്നു.

നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് സമുച്ചയം പൊളിച്ച് നീക്കുന്ന രംഗം അവളുടെ ഓർമ്മയിൽ പെട്ടന്ന്  കടന്നു  വരുന്നു. ആ ഓർമ്മയിൽ കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ തുടച്ച് ജനീറ്റ പതിയെ സ്റ്റെപ്പുകൾ ഇറങ്ങുന്നു.

കട്ട്

(തുടരും)


ഭാഗം 3

സീൻ 4

പകൽ / രാത്രി,  ടൈം ലാപ്സ്  ദൃശ്യങ്ങൾ  (എക്സ്റ്റീരിയർ / ഇന്റീരിയർ)


പ്രധാനമന്ത്രിയും  മുഖ്യമന്ത്രിയും രാജ്യത്തോട് നടത്തുന്ന അഭിസംബോധനയും അഭ്യർഥനയും. യാത്രകൾ നിയന്ത്രിക്കുന്ന പോലീസ് ഫോഴ്സ്. തത്സമയ ചാനൽ വാർത്തകൾ. സുരക്ഷാകവചം ധരിച്ച്  രോഗികളെ ശുശ്രൂഷിക്കുന്ന ജനീറ്റയും മറ്റ് നേഴ്സുമാരും, നിർദ്ദേശങ്ങൾ നൽകുന്ന ഡോക്ടർമാരും.

ഫ്ലാറ്റിലും ഹോസ്പിറ്റലിലുമായി കടന്നുപോകുന്ന ജനീറ്റയുടെ വിഷാദപൂർണ്ണമായ ദിനങ്ങളും ഡേവിഡുമായുള്ള അസ്വാരസ്യങ്ങളും.

ബെവ്കോയും ബാറുകളും കള്ള് ഷാപ്പുകളും അടച്ച് പൂട്ടുന്നു.

വിജനമാകുന്ന നിരത്തുകൾ.

കാലിയായ മദ്യക്കുപ്പികൾ ഇറ്റിച്ചെടുത്ത് മദ്യപിക്കുന്ന, സിഗററ്റ് കുറ്റികൾ പെറുക്കിയെടുത്ത് വലിക്കുന്ന ഡേവിഡ്.  

ഫോണിലൂടെ കരഞ്ഞ്  സംസാരിക്കുന്ന ജനീറ്റയും അവളുടെ സംസാരം കേട്ട്  അമ്മയും മകൾ ജഫ്നയും വിഷമിക്കുന്നു.

ഭ്രാന്ത് പിടിച്ചവനെപ്പോലെ മദ്യത്തിനു വേണ്ടി ആരെയോ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്ന ഡേവിഡ് നിരായോടെ മുറിയുടെ തറയിൽ മലർന്നു കിടന്നു കൊണ്ട് എന്തോ പുലംബി കറങ്ങുന്ന സീലിങ് ഫാനിലേക്ക് നോക്കുന്നു. ദൃശ്യം ഫാനിനെ കേന്ദ്രീകരിച്ച് നീങ്ങുന്നു.

കട്ട്

 

സീൻ 5

പകൽ, ചെറിയ    വീടുകളുള്ള  ഒരു പ്രദേശം (എക്സ്റ്റീരിയർ / ഇന്റീരിയർ)

ഓട്മേഞ്ഞ ആന്റപ്പന്റെ വീടിന്റെ വിദൂര ദൃശ്യം ആരംഭിക്കുന്നത് തുറന്നുകിടക്കുന്ന വാതിലിന്റെ കട്ടിളയിൽ പതിച്ചിട്ടുള്ള “ യേശു ഈ വീടിന്റെ നാഥൻ “ എന്ന സ്റ്റിക്കറിൽ നിന്നാണ്. വീടിന്റെയുള്ളിൽ നിന്നും ആനപ്പന്റെ ഭാര്യ മോളിയുടെ അലറി കരച്ചിൽ കേൾക്കാം.

മോളി : അയ്യോ എന്നെ തല്ലിക്കൊലുന്നേ. ഓടിവായോ ആരെങ്കിലും.

ആന്റപ്പൻ : എവിടെടി കഴുവേർടമോളെ ഞാൻ മാറ്റി വെച്ച കുപ്പി.

മോളി : അയ്യോ അത് നിങ്ങളു തന്നെ കുടിച്ച് തീർത്തു മനുഷ്യാ. അയ്യൊ എന്നെ കൊല്ലല്ലെ.

മോളിയുടെ കരച്ചിൽ കേട്ട് അയൽവക്കത്തെ വീടുകളിൽ നിന്നും പുറത്തേക്കിറങ്ങുന്ന രണ്ടോ മൂന്നോ സ്ത്രീകൾ താടിക്ക് കൈകൊടുത്ത് ആന്റപ്പന്റെ വീട്ടിലേക്ക് നോക്കുന്നു. അകത്ത് ആന്റപ്പൻ മോളിയെ മർദ്ദിക്കുകയാണ്. ആന്റപ്പന്റെ വീടിന്റെ മുറ്റത്തേക്ക് ആ സ്ത്രീകൾ കടക്കാൻ തുടങ്ങുംബോൾ വീടുകൾക്കിടയിലൂടെ കടന്നു പോകുന്ന വീതി കുറഞ്ഞ പൂഴി നിരത്തിൽ  വിമുക്തിയെന്നെഴുതി ബോർഡ് വെച്ചിട്ടുള്ള ഒരു മാരുതി വാൻ വന്ന് നിൽക്കുന്നു. അതിൽ നിന്നും കാക്കി പാന്റ് ധരിച്ച് മാസ്ക് വെച്ചിട്ടുള്ള മധ്യവയസ്കരായ രണ്ടു പേരും സാധാരണ വേഷക്കാരനായ മറ്റൊരുദ്യോഗസ്ഥനും ഇറങ്ങുന്നു. ആന്റപ്പന്റെ വീട്ടിൽ നിന്നും മോളിയുടെ അവ്യക്തമായ അലറി കരച്ചിൽ ഇപ്പോഴും കേൾക്കുന്നു. ഉദ്യോഗസ്ഥർ അതു ശ്രദ്ധിച്ച്  വീട്ടിലേക്ക് നോക്കുന്നു. സ്ത്രീകൾ അവർക്കരികിലേക്ക് ഓടിയെത്തുന്നു.

അയൽക്കാരി 1  :  പൊന്നു സാറുമ്മാരേ ഞങ്ങളാ‍ വിളിച്ചു പറഞ്ഞത്. ഇയാളെ പിടിച്ചു കെട്ടി എങ്ങോട്ടെങ്കിലും ഒന്നു കൊണ്ടുപോകോ. കൊലപാതകത്തിനുത്തരം  പറയാൻ ഞങ്ങൾക്കു വയ്യേ സാറേ...

അയൽക്കാരി 2  : കള്ള് കിട്ടാഞ്ഞിട്ട് ഇങ്ങനെയുണ്ടൊ ഒരു ബഹളം. മോളിയെ അയാള് തല്ലി കൊല്ലും സാറുമ്മാരേ.

ഉദ്യോസ്ഥർ അല്പം ശങ്കയോടെ പരസ്പരം നോക്കുന്നു. ആ സമയം അക്രമാസക്തനായി മോളിയുടെ മുടികുത്തിൽ പിടിച്ച് വലിച്ച് അലറിക്കൊണ്ട് ആന്റപ്പൻ പൂറത്തേക്ക് വരുന്നു.

ആന്റപ്പൻ : എവിടേടി എന്റെ കുപ്പി...ഏതു മറ്റവനാടി നീ ഊറ്റികൊടുത്തത്. പറയടി..

അയാൾ മോളിയെ മുറ്റത്തേക്ക് തള്ളിയിടുന്നു.. അലർച്ചയോടെ അവർ ചെന്നു വീഴുന്നത് ഉദ്യോഗസ്ഥരുടെ മുന്നിലേക്കാണ്. അവരെകണ്ട് കൈകൂപ്പി കരഞ്ഞു കൊണ്ട് ,

മോളി : അയ്യോ സാറുമ്മാരേ രക്ഷിക്കണേ.

ഉദ്യോഗസ്ഥരെ കണ്ട് ഓടാൻ ശ്രമിക്കുന്ന ആന്റപ്പനെ ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടുന്നു.

കട്ട്

 

സീൻ 6

രാത്രി, ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ (എക്സ്റ്റീരിയർ)

അധികം തിരക്ക് തോന്നിക്കാത്ത ഒരു ഹോസ്പിറ്റലിന്റെ പുറം ദൃശ്യം.

കട്ട്

 

സീൻ 6 A

രാത്രി, ഹോസ്പിറ്റലിലെ ഒരു മുറി (ഇന്റീരിയർ)

അതിനുള്ളിൽ നേർത്ത നീല വെളിച്ചം. ചികിത്സയിൽ കഴിയുന്ന ജനീറ്റ ഗ്ലാസ്സ് വിൻഡോയിലൂടെ പുറംകാഴ്ച്ച വിഷാദത്തോടെ നോക്കി നിൽക്കുന്നു. പുറത്ത് ലൈറ്റുകൾ തെളിഞ്ഞ് നിൽക്കുന്ന പല നിലകളിലുള്ള കെട്ടിടങ്ങളും ശൂന്യമായ നിരത്തുകളും. അപായ വെളിച്ചം നൽകി പോലീസ് ജീപ്പും ആംബുലൻസും ഇടക്കിടെ നിരത്തുകളിലൂടെ പാഞ്ഞ് പോകുന്നു. ജനീറ്റയുടെ കുറച്ചരികിൽ  നിന്ന് ചാർട്ട് നോക്കി മെഡിസിൻ എടുത്ത് ടേബിളിൽ വെക്കുന്ന സുരക്ഷാകവചമണിഞ്ഞ നേഴ്സ് അവളെ നോക്കുന്നു.

നേഴ്സ് : ജനീറ്റാ, നിനക്ക് നാളെ പോകാമല്ലോ.

അതേയെന്ന വിധം തലയാട്ടി,

ജനീറ്റ   : ഉം.

നേഴ്സ് : മെഡിസിൻ കഴിക്കാൻ മറക്കരുതേ.

ശരിയെന്ന വിധം ജനീറ്റ വീണ്ടും നേഴ്സിനെ നോക്കുംബോൾ പുറത്തേക്കിറങ്ങാൻ തുടങ്ങിയ അവർ സംശയത്തോടെ അവളെ നോക്കിക്കൊണ്ട്,

നേഴ്സ് : ഹസ്ബൻഡിനെ കുറിച്ച് വല്ല അറിവുമുണ്ടോ.?

നിരാശയോടെ ദു:ഖമടക്കാൻ ശ്രമിച്ച്,

ജനീറ്റ : ഇല്ല

നേഴ്സ് : പോലീസിൽ അറിയ്ക്കാതിരിക്കുന്നത് ബുദ്ധിയല്ല. ഒരുപക്ഷേ വീട്ടിൽതന്നെയുണ്ടെങ്കിലോ?... മദ്യം കിട്ടില്ലാന്നു വെച്ച് ഒരു മുടി കയറിൽ  ആർക്കും ജീവിതം അവസാനിപ്പിക്കാമല്ലോ?.

ഒരു മിന്നൽ പിണറേറ്റതു പോലെ ജനീറ്റ സ്തബ്ധയാകുന്നു.

വെളിച്ചം കുറഞ്ഞ ഒരു മുറിയിൽ ഫാനിൽ തൂങ്ങി നിൽക്കുന്ന ഡേവിഡിന്റെ ചിത്രം അവളുടെ മനസ്സിൽ പൊടുന്നനെ തെളിഞ്ഞു വന്നു.

മറ്റൊരാളുടെ മനസ്സ് അസ്വൊസ്ഥമാക്കിയതിൽ സന്തോഷിച്ച് നേഴ്സ് പുറത്തേക്ക് നടക്കുന്നു. ആ സമയം മുഖം പൊത്തി ഏങ്ങലിടിച്ച് ജനീറ്റ ബെഡ്ഡിൽ ഇരിക്കുന്നു.

പശ്ചാത്തലത്തിൽ ഇരുട്ട് നിറയുന്നു ഒപ്പം പ്രതീക്ഷയുടെ സംഗീതം പതിയെ ഉയരുംബോൾ -

ഇരുട്ടിൽ തെളിഞ്ഞ് വരുന്ന ഡേവിഡിന്റെ രൂപം. വിശുദ്ധരെപ്പോലെ ഒരു പ്രഭാവലയം അയാളുടെ തലക്ക് പിന്നിൽ പ്രകാശിച്ച് നിൽക്കുന്നു. അയാൾ ബഡ്ഡിൽ കണ്ണുകൾ അടച്ച് കിടക്കുന്ന ജനീറ്റയെ നോക്കി ചുണ്ടുകൾ അനക്കുന്നു,

ഡേവിഡ് : ജനീറ്റാ...ജനീറ്റാ നീ ഉറങ്ങുകയാണോ ?.

ജനീറ്റ : ഉം.

അബോധത്തിലെന്നവിധം അവൾ അവന് മറുപടി നൽകുന്നു.. പഴയ നിയമത്തിലെ പ്രഭാഷകന്റെ ഒരു ഉദ്ധരണിയുടെ ആമുഖത്തോടെ അയാൾ ജനീറ്റയോട് സംസാരിച്ച് തുടങ്ങുന്നു,

ഡേവിഡ് : “ ജ്ഞാനം തന്റെ പുത്രന്മാരെ മഹത്വത്തിലേക്ക് ഉയർത്തുകയും തന്നെ  തേടുന്നവരെ സഹായിക്കുകയും ചെയ്യുന്നു.”

ജനീറ്റ : ഡേവിഡ് നിങ്ങൾ എവിടെയായിരുന്നു?.

ഡേവിഡ്: ജനീറ്റാ. ആതുരരേയും രോഗികളേയും ശുശ്രൂഷിച്ച് ഐസൊലേഷനിലായ നീ, സുരക്ഷിതയാണെന്ന് എനിക്കറിയാമായിരുന്നു.

ചെറിയ വെളിച്ചത്തിൽ - ബെഡ്ഡിൽ ഉറങ്ങികിടക്കുന്ന ജനീറ്റ കണ്ണുകൾ തുറക്കാൻ ബുദ്ധിമുട്ടി ചുണ്ടുകൾ മെല്ലെ ചലിപ്പിക്കൻ ശ്രമിക്കുന്നു.

ജനീറ്റ : ഡേവിഡിന് സുഖമാണോ?.

ഡേവിഡ് : കുറച്ചു ദിവസങ്ങളായി ഞാനും ഐസൊലേഷനിലായിരുന്നു. അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയിൽ എന്റെ മനസ്സും ചിന്തകളും ബന്ധിക്കപ്പെട്ടുപോയി. അപരനോട് സദൃശ്യപ്പെടാൻ മത്സരം ആരംഭിച്ചത്  മുതൽ    എന്റെ പരാജയം തുടങ്ങി.  മദ്യമെന്ന മാരക വിപത്തിനെ ഞാൻ എന്റെ ശരീരത്തിലേക്ക് അഥിതിയായി ക്ഷണിച്ചു. എന്നാലിപ്പോൾ സ്വർണ്ണം അഗ്നിയിൽ ശുദ്ധീകരിക്കപ്പെടുന്നതുപോലെ ഈ മഹാമാരിയെന്ന ദുരന്ത സാഹചര്യത്താൽ എന്റെ മനസ്സും ശരീരവും ശുദ്ധമാക്കപ്പെട്ടു.

പൊടുന്നനെ ഇരുട്ടിൽ നിന്നും ഡേവിഡിന്റെ രൂപം അപ്രത്യക്ഷമാകുന്നു.

ജനീറ്റ : ഡേവിഡ്.ഡേവിഡ്...ഡേവിഡ്.

സ്വപ്നത്തിൽ നിന്നും ഡേവിഡ് അപ്രത്യക്ഷമായപ്പോൾ ജനീറ്റ അയാളെ തിരികെ വിളിച്ച് ഞെട്ടിയുണന്ന് അല്പം ഭയപ്പാടോടെ ചുറ്റും നോക്കുന്നു.

കട്ട്

(തുടരും)


ഭാഗം 4 

സീൻ 7

പകൽ / വൈകുന്നേരം, ഗ്രാമ പ്രദേശം, ടാറിട്ട റോഡ് (എക്സ്റ്റീരിയർ)


പതിയെ കടന്നുവരുന്ന ആംബുലൻസ്. മുൻസീറ്റുകളിൽ ഡ്രൈവറും ഒരു ആരോഗ്യ പ്രവർത്തകനും. പിന്നിൽ ജനീറ്റയും ഒരു നേഴ്സും. ജനീറ്റ മ്ലാനവദനയാണ്. വഴിയരികെ രണ്ട് എക്സൈസ് ജീപ്പുകൾ പാർക്ക് ചെയ്തിരിക്കുന്നതു കണ്ട് ഡ്രൈവർ ആംബുലൻസ് നിർത്തുന്നു. ഒരു ജീപ്പിനരികിൽ നിൽക്കുന്ന കാക്കി യൂണിഫോമിട്ട ഡ്രൈവറോട്,

ആരോഗ്യ പ്രവർത്തകൻ : എന്താ സാറേ... വാറ്റാണോ?.

എക്സൈസ് ഡ്രൈവർ : ഓ..അതു തന്നെ. വിമൂക്തീന്ന് ചാടിയവനമാരുടെ  പരിപാടിയാ. കുടിക്കാനും കാശുണ്ടാക്കാനുമുള്ള വഴി.

തലയിൽ കന്നാസും വാറ്റുപകരണങ്ങളുമായി രണ്ടൊ മൂന്നോ എകസൈസ് ഓഫീസേഴ്സിനൊപ്പം റോഡിനോട് ചേർന്നുള്ള പറംബിലൂടെ നടന്നു വരുന്ന ആന്റപ്പനും മറ്റു രണ്ടുപേരും. കൈലിമുണ്ടാണവർ ധരിച്ചിരിക്കുന്നത്. ആംബുലൻസിന്റെ പിന്നിലൂടെ ആ കാഴ്ച്ച കാണുന്ന ജനീറ്റയും നേഴ്സും. ആംബുലൻസ് മുന്നോട്ടെടുക്കുന്ന,

ഡ്രൈവർ : എന്ത് സംഭവിച്ചാലും മനുഷ്യര് നന്നാകുന്നില്ലല്ലോ ഈശ്വരാ.

അതു കേട്ട് ആരോഗ്യപ്ര്വർത്തകൻ ചിരിക്കുന്നു.

കട്ട്

 

സീൻ 8 

 പകൽ / വൈകുന്നേരം, ഡേവിഡിന്റെ ഫ്ലാറ്റും പരിസരവും  (എക്സ്റ്റീരിയർ)

ഫ്ലാറ്റിനു മുന്നിൽ ആംബുലൻസിൽ വന്നിറങ്ങുന്ന ജനീറ്റ. അവളെ യാത്രയാക്കി ആംബുലൻസിൽ നേഴ്സും ആരോഗ്യപ്രവർത്തകർ തിരികെ പോകുന്നു. ഭയത്തോടേയും പരിഭ്രമത്തോടേയും ജനീറ്റ ഫ്ലാറ്റിന്റെ മുറ്റത്തേക്ക് കടക്കുന്നു. പതിയെ നടക്കുന്നതിനിടയിൽ ആശങ്കയോടെ .നെഞ്ചിൽ കൈവെച്ച് അവൾ സ്വയം പതിയെ പറയുന്നു,

ജനീറ്റ : ദൈവമേ , ഡേവിഡിന് ഒരാപത്തും വരുത്തിയിട്ടുണ്ടാവരുതേ.

നെഞ്ച്ചിടിപ്പോടെ മുകളിലേക്കുള്ള പടികൾ കയറുംബോൾ അവൾ ഒരു വയലിന്റെ സംഗീതം കേൾക്കുന്നു. ജനീറ്റയുടെ മുഖം സന്തോഷത്തോടെ വിരിയുന്നു. അവൾ മുകളിലെത്തുംബോൾ ബാൽക്കണിയിലെ ചുമരിൽ ചാരി നിന്ന് വയലിൻ വായിക്കുന്ന, രൂപത്തിലും ഭാവത്തിലും മാറ്റം വന്ന ഒരു പുതിയ മനുഷ്യനായ ഡേവിഡിനെയാണ് ജനീറ്റ കാണുന്നത്. നടന്നടുക്കുന്ന ഭാര്യയെ കാണുന്ന ഡേവിഡ് ചിരിയോടെ അവളെ മുഖമാട്ടിക്കൊണ്ട് വിളിക്കുന്നു. വയലിന്റെ നാദം കേട്ട് അയൽവാസികൾ ബാൽക്കണിയിലും മുറ്റത്തും  ഇറങ്ങി കൈകൊട്ടി അയാൾക്കൊപ്പം താളം പിടിക്കുന്നത് കണ്ട് അവരിരുവരും ചിരിക്കുന്നു.

കട്ട്

 

സീൻ 9

രാത്രി,  കുന്നുംപുറത്തുള്ള  പ്രദേശം (എക്സ്റ്റീരിയർ / ഇന്റീരിയർ)

അങ്ങിങ്ങായി തെളിഞ്ഞു നിൽക്കുന്ന ചെറിയ കുടിലുകൾക് നടുവിലുള്ള കരുണന്റെ കുടിലിനൽപ്പം  താഴെയായി, മണ്ണിൽ കത്തിനിൽക്കുന്ന ചൂട്ട്കറ്റയുടെ ചുവന്ന വെളിച്ചത്തിൽ വെള്ളമില്ലാതെ കുപ്പിയിൽ നിന്നും വാറ്റ് ചാരായം അകത്താക്കി കാലി കുപ്പി വലിച്ചെറിയുന്ന കരുണൻ, മുണ്ടിന്റെ മടിയിൽ നിന്നും ഒരു ബീഡി എടുത്ത് കത്തിച്ച് വലിക്കുന്നു. ഉന്മാദനപ്പോലെ തലകുടഞ്ഞ് ചൂട്ട്കറ്റയുമെടുത്ത് അയാൾ കുടിനരികിലേക്ക് നടക്കുന്നു. കുടിലിന്റെ മുറ്റത്ത് മണ്ണെണ്ണ വിളക്കിന്റെ ചിമ്മുന്ന വെളിച്ചം.

കരുണൻ: എടീ കൊച്ചു പൊലയാടി…….നീ…….എവിടേയാടി, നീ.. ഉറങ്ങിയോടി..

കുടിലിന്റെ മുറ്റത്തെത്തിയ കരുണൻ കെട്ടുതീർന്ന ബീഡി വലിച്ചെറിഞ്ഞ് ചൂട്ട്കറ്റ താഴെയിട്ട് വേച്ച് വേച്ച്  അകത്തേക്ക് കടക്കുന്നു.

അകത്തുനിന്നും പെൺകുട്ടിയുടെ ശബ്ദം പശ്ചാത്തലത്തിൽ:

പെൺകുട്ടി :  അയ്യോ അച്ഛാ എന്നെ ഒന്നും ചെയ്യരുതെ.. അമ്മേ..

അയാൾ അകത്തു കയറിപെൺകുട്ടിയെ ഉപദ്രവിക്കുന്നതിന്റെ വിദുര ദൃശ്യം

കരയുന്ന കുട്ടിയുടെ ശബ്ദം ആവർത്തിച്ചുകൊണ്ടിരുന്നു പിന്നെ ആ ശബ്ദം താഴ്ന്ന് താഴ്ന്ന് ഇല്ലാതാകുന്നു.

മകൾ മരണപ്പെട്ടതിനാലാകാം ഭയത്തോടെ പുറത്തേക്കിറങ്ങുന്ന കരുണൻ എന്തോ ഓർത്ത് പിന്നോട്ട് നോക്കി തറയിൽ കത്തിക്കൊണ്ടിരുന്ന ചൂട്ട്കറ്റ കുടിലിന്റെ മുകളിലേക്ക് വലിച്ചെറിയുന്നു

കത്തിയമരുന്ന കുടിൽ.

കട്ട്.

 

സീൻ 10

പകൽ / പ്രഭാതം, ഒരു റോഡിനരികെ മരങ്ങളുള്ള പ്രദേശം  (ഏക്സ്റ്റീരിയർ)

ഒരു മരത്തിനടിയിൽ നിന്ന് ഇടതടവില്ലാതെ കുരക്കുന്ന തെരുവുപട്ടിയെ ശ്രദ്ധിക്കാതെ റോഡിലൂടെ  പ്രഭാത സവാരി നടത്തുന്ന മാസ്ക് ധരിച്ച രണ്ടോ മൂന്നോ ആൾക്കാരുടെ എതിർ ദിശയിൽ നിന്നും ജോഗ്ഗിംഗ് ചെയ്ത് വരുന്ന ഡേവിഡ്. തെരുവുപട്ടിയുടെ അസാധാരണമായ കുര കേട്ട് ഡേവിഡ് ജോഗ്ഗിംഗ് നിർത്തി പട്ടി കുരക്കുന്ന ഭാഗത്തേക്ക് സംശയത്തോടെ നോക്കുന്നു. കുറ്റിചെടികൾ വകഞ്ഞു മാറ്റി റോഡിൽ നിന്നും ആ പ്രദേശത്തേക്ക് കയറുന്ന ഡേവിഡ് ഒരു മരത്തിന്റെ മുകളിലേക്ക് നോക്കികുരക്കുന്ന തെരുവുനായയെ കാണുന്നു. അയാളുടെ ദൃഷ്ടികൾ മരത്തിനു മുകളിലേക്ക് ഉയർന്നു.

മരത്തിന്റെ കൊംബിൽ ഉടുമുണ്ടിൽ തൂങ്ങി കിടക്കുന്ന കരുണന്റെ പ്രാകൃത രൂപംപൂണ്ട ജഢം - ആ കാഴ്ച കണ്ട് ഡേവിഡ് സ്തബ്ധനാകുന്നു.

ദൃശ്യം മുകളിലേക്കുയരുംബോൾ മുകളിൽ ആ മരത്തെ ചുറ്റിക്കറങ്ങി  കാറി വിളിച്ച് കരയുന്ന കാക്കകളും താഴെ -  കരുണന്റെ തൂങ്ങി കിടക്കുന്ന ശവശരീരം നോക്കി നിൽക്കുന്ന ഡേവിഡും, നാലോ അഞ്ചോ ഗ്രാമീണരും തെരുവു നായയും.

ദൃശ്യം ഫ്രീസാകുന്നു.

കട്ട്

അവസാനിച്ചു                                                                    

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ