മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം 3

സീൻ 4

പകൽ / രാത്രി,  ടൈം ലാപ്സ്  ദൃശ്യങ്ങൾ  (എക്സ്റ്റീരിയർ / ഇന്റീരിയർ)


പ്രധാനമന്ത്രിയും  മുഖ്യമന്ത്രിയും രാജ്യത്തോട് നടത്തുന്ന അഭിസംബോധനയും അഭ്യർഥനയും. യാത്രകൾ നിയന്ത്രിക്കുന്ന പോലീസ് ഫോഴ്സ്. തത്സമയ ചാനൽ വാർത്തകൾ. സുരക്ഷാകവചം ധരിച്ച്  രോഗികളെ ശുശ്രൂഷിക്കുന്ന ജനീറ്റയും മറ്റ് നേഴ്സുമാരും, നിർദ്ദേശങ്ങൾ നൽകുന്ന ഡോക്ടർമാരും.

ഫ്ലാറ്റിലും ഹോസ്പിറ്റലിലുമായി കടന്നുപോകുന്ന ജനീറ്റയുടെ വിഷാദപൂർണ്ണമായ ദിനങ്ങളും ഡേവിഡുമായുള്ള അസ്വാരസ്യങ്ങളും.

ബെവ്കോയും ബാറുകളും കള്ള് ഷാപ്പുകളും അടച്ച് പൂട്ടുന്നു.

വിജനമാകുന്ന നിരത്തുകൾ.

കാലിയായ മദ്യക്കുപ്പികൾ ഇറ്റിച്ചെടുത്ത് മദ്യപിക്കുന്ന, സിഗററ്റ് കുറ്റികൾ പെറുക്കിയെടുത്ത് വലിക്കുന്ന ഡേവിഡ്.  

ഫോണിലൂടെ കരഞ്ഞ്  സംസാരിക്കുന്ന ജനീറ്റയും അവളുടെ സംസാരം കേട്ട്  അമ്മയും മകൾ ജഫ്നയും വിഷമിക്കുന്നു.

ഭ്രാന്ത് പിടിച്ചവനെപ്പോലെ മദ്യത്തിനു വേണ്ടി ആരെയോ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്ന ഡേവിഡ് നിരായോടെ മുറിയുടെ തറയിൽ മലർന്നു കിടന്നു കൊണ്ട് എന്തോ പുലംബി കറങ്ങുന്ന സീലിങ് ഫാനിലേക്ക് നോക്കുന്നു. ദൃശ്യം ഫാനിനെ കേന്ദ്രീകരിച്ച് നീങ്ങുന്നു.

കട്ട്

 

സീൻ 5

പകൽ, ചെറിയ    വീടുകളുള്ള  ഒരു പ്രദേശം (എക്സ്റ്റീരിയർ / ഇന്റീരിയർ)

ഓട്മേഞ്ഞ ആന്റപ്പന്റെ വീടിന്റെ വിദൂര ദൃശ്യം ആരംഭിക്കുന്നത് തുറന്നുകിടക്കുന്ന വാതിലിന്റെ കട്ടിളയിൽ പതിച്ചിട്ടുള്ള “ യേശു ഈ വീടിന്റെ നാഥൻ “ എന്ന സ്റ്റിക്കറിൽ നിന്നാണ്. വീടിന്റെയുള്ളിൽ നിന്നും ആനപ്പന്റെ ഭാര്യ മോളിയുടെ അലറി കരച്ചിൽ കേൾക്കാം.

മോളി : അയ്യോ എന്നെ തല്ലിക്കൊലുന്നേ. ഓടിവായോ ആരെങ്കിലും.

ആന്റപ്പൻ : എവിടെടി കഴുവേർടമോളെ ഞാൻ മാറ്റി വെച്ച കുപ്പി.

മോളി : അയ്യോ അത് നിങ്ങളു തന്നെ കുടിച്ച് തീർത്തു മനുഷ്യാ. അയ്യൊ എന്നെ കൊല്ലല്ലെ.

മോളിയുടെ കരച്ചിൽ കേട്ട് അയൽവക്കത്തെ വീടുകളിൽ നിന്നും പുറത്തേക്കിറങ്ങുന്ന രണ്ടോ മൂന്നോ സ്ത്രീകൾ താടിക്ക് കൈകൊടുത്ത് ആന്റപ്പന്റെ വീട്ടിലേക്ക് നോക്കുന്നു. അകത്ത് ആന്റപ്പൻ മോളിയെ മർദ്ദിക്കുകയാണ്. ആന്റപ്പന്റെ വീടിന്റെ മുറ്റത്തേക്ക് ആ സ്ത്രീകൾ കടക്കാൻ തുടങ്ങുംബോൾ വീടുകൾക്കിടയിലൂടെ കടന്നു പോകുന്ന വീതി കുറഞ്ഞ പൂഴി നിരത്തിൽ  വിമുക്തിയെന്നെഴുതി ബോർഡ് വെച്ചിട്ടുള്ള ഒരു മാരുതി വാൻ വന്ന് നിൽക്കുന്നു. അതിൽ നിന്നും കാക്കി പാന്റ് ധരിച്ച് മാസ്ക് വെച്ചിട്ടുള്ള മധ്യവയസ്കരായ രണ്ടു പേരും സാധാരണ വേഷക്കാരനായ മറ്റൊരുദ്യോഗസ്ഥനും ഇറങ്ങുന്നു. ആന്റപ്പന്റെ വീട്ടിൽ നിന്നും മോളിയുടെ അവ്യക്തമായ അലറി കരച്ചിൽ ഇപ്പോഴും കേൾക്കുന്നു. ഉദ്യോഗസ്ഥർ അതു ശ്രദ്ധിച്ച്  വീട്ടിലേക്ക് നോക്കുന്നു. സ്ത്രീകൾ അവർക്കരികിലേക്ക് ഓടിയെത്തുന്നു.

അയൽക്കാരി 1  :  പൊന്നു സാറുമ്മാരേ ഞങ്ങളാ‍ വിളിച്ചു പറഞ്ഞത്. ഇയാളെ പിടിച്ചു കെട്ടി എങ്ങോട്ടെങ്കിലും ഒന്നു കൊണ്ടുപോകോ. കൊലപാതകത്തിനുത്തരം  പറയാൻ ഞങ്ങൾക്കു വയ്യേ സാറേ...

അയൽക്കാരി 2  : കള്ള് കിട്ടാഞ്ഞിട്ട് ഇങ്ങനെയുണ്ടൊ ഒരു ബഹളം. മോളിയെ അയാള് തല്ലി കൊല്ലും സാറുമ്മാരേ.

ഉദ്യോസ്ഥർ അല്പം ശങ്കയോടെ പരസ്പരം നോക്കുന്നു. ആ സമയം അക്രമാസക്തനായി മോളിയുടെ മുടികുത്തിൽ പിടിച്ച് വലിച്ച് അലറിക്കൊണ്ട് ആന്റപ്പൻ പൂറത്തേക്ക് വരുന്നു.

ആന്റപ്പൻ : എവിടേടി എന്റെ കുപ്പി...ഏതു മറ്റവനാടി നീ ഊറ്റികൊടുത്തത്. പറയടി..

അയാൾ മോളിയെ മുറ്റത്തേക്ക് തള്ളിയിടുന്നു.. അലർച്ചയോടെ അവർ ചെന്നു വീഴുന്നത് ഉദ്യോഗസ്ഥരുടെ മുന്നിലേക്കാണ്. അവരെകണ്ട് കൈകൂപ്പി കരഞ്ഞു കൊണ്ട് ,

മോളി : അയ്യോ സാറുമ്മാരേ രക്ഷിക്കണേ.

ഉദ്യോഗസ്ഥരെ കണ്ട് ഓടാൻ ശ്രമിക്കുന്ന ആന്റപ്പനെ ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടുന്നു.

കട്ട്

 

സീൻ 6

രാത്രി, ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ (എക്സ്റ്റീരിയർ)

അധികം തിരക്ക് തോന്നിക്കാത്ത ഒരു ഹോസ്പിറ്റലിന്റെ പുറം ദൃശ്യം.

കട്ട്

 

സീൻ 6 A

രാത്രി, ഹോസ്പിറ്റലിലെ ഒരു മുറി (ഇന്റീരിയർ)

അതിനുള്ളിൽ നേർത്ത നീല വെളിച്ചം. ചികിത്സയിൽ കഴിയുന്ന ജനീറ്റ ഗ്ലാസ്സ് വിൻഡോയിലൂടെ പുറംകാഴ്ച്ച വിഷാദത്തോടെ നോക്കി നിൽക്കുന്നു. പുറത്ത് ലൈറ്റുകൾ തെളിഞ്ഞ് നിൽക്കുന്ന പല നിലകളിലുള്ള കെട്ടിടങ്ങളും ശൂന്യമായ നിരത്തുകളും. അപായ വെളിച്ചം നൽകി പോലീസ് ജീപ്പും ആംബുലൻസും ഇടക്കിടെ നിരത്തുകളിലൂടെ പാഞ്ഞ് പോകുന്നു. ജനീറ്റയുടെ കുറച്ചരികിൽ  നിന്ന് ചാർട്ട് നോക്കി മെഡിസിൻ എടുത്ത് ടേബിളിൽ വെക്കുന്ന സുരക്ഷാകവചമണിഞ്ഞ നേഴ്സ് അവളെ നോക്കുന്നു.

നേഴ്സ് : ജനീറ്റാ, നിനക്ക് നാളെ പോകാമല്ലോ.

അതേയെന്ന വിധം തലയാട്ടി,

ജനീറ്റ   : ഉം.

നേഴ്സ് : മെഡിസിൻ കഴിക്കാൻ മറക്കരുതേ.

ശരിയെന്ന വിധം ജനീറ്റ വീണ്ടും നേഴ്സിനെ നോക്കുംബോൾ പുറത്തേക്കിറങ്ങാൻ തുടങ്ങിയ അവർ സംശയത്തോടെ അവളെ നോക്കിക്കൊണ്ട്,

നേഴ്സ് : ഹസ്ബൻഡിനെ കുറിച്ച് വല്ല അറിവുമുണ്ടോ.?

നിരാശയോടെ ദു:ഖമടക്കാൻ ശ്രമിച്ച്,

ജനീറ്റ : ഇല്ല

നേഴ്സ് : പോലീസിൽ അറിയ്ക്കാതിരിക്കുന്നത് ബുദ്ധിയല്ല. ഒരുപക്ഷേ വീട്ടിൽതന്നെയുണ്ടെങ്കിലോ?... മദ്യം കിട്ടില്ലാന്നു വെച്ച് ഒരു മുടി കയറിൽ  ആർക്കും ജീവിതം അവസാനിപ്പിക്കാമല്ലോ?.

ഒരു മിന്നൽ പിണറേറ്റതു പോലെ ജനീറ്റ സ്തബ്ധയാകുന്നു.

വെളിച്ചം കുറഞ്ഞ ഒരു മുറിയിൽ ഫാനിൽ തൂങ്ങി നിൽക്കുന്ന ഡേവിഡിന്റെ ചിത്രം അവളുടെ മനസ്സിൽ പൊടുന്നനെ തെളിഞ്ഞു വന്നു.

മറ്റൊരാളുടെ മനസ്സ് അസ്വൊസ്ഥമാക്കിയതിൽ സന്തോഷിച്ച് നേഴ്സ് പുറത്തേക്ക് നടക്കുന്നു. ആ സമയം മുഖം പൊത്തി ഏങ്ങലിടിച്ച് ജനീറ്റ ബെഡ്ഡിൽ ഇരിക്കുന്നു.

പശ്ചാത്തലത്തിൽ ഇരുട്ട് നിറയുന്നു ഒപ്പം പ്രതീക്ഷയുടെ സംഗീതം പതിയെ ഉയരുംബോൾ -

ഇരുട്ടിൽ തെളിഞ്ഞ് വരുന്ന ഡേവിഡിന്റെ രൂപം. വിശുദ്ധരെപ്പോലെ ഒരു പ്രഭാവലയം അയാളുടെ തലക്ക് പിന്നിൽ പ്രകാശിച്ച് നിൽക്കുന്നു. അയാൾ ബഡ്ഡിൽ കണ്ണുകൾ അടച്ച് കിടക്കുന്ന ജനീറ്റയെ നോക്കി ചുണ്ടുകൾ അനക്കുന്നു,

ഡേവിഡ് : ജനീറ്റാ...ജനീറ്റാ നീ ഉറങ്ങുകയാണോ ?.

ജനീറ്റ : ഉം.

അബോധത്തിലെന്നവിധം അവൾ അവന് മറുപടി നൽകുന്നു.. പഴയ നിയമത്തിലെ പ്രഭാഷകന്റെ ഒരു ഉദ്ധരണിയുടെ ആമുഖത്തോടെ അയാൾ ജനീറ്റയോട് സംസാരിച്ച് തുടങ്ങുന്നു,

ഡേവിഡ് : “ ജ്ഞാനം തന്റെ പുത്രന്മാരെ മഹത്വത്തിലേക്ക് ഉയർത്തുകയും തന്നെ  തേടുന്നവരെ സഹായിക്കുകയും ചെയ്യുന്നു.”

ജനീറ്റ : ഡേവിഡ് നിങ്ങൾ എവിടെയായിരുന്നു?.

ഡേവിഡ്: ജനീറ്റാ. ആതുരരേയും രോഗികളേയും ശുശ്രൂഷിച്ച് ഐസൊലേഷനിലായ നീ, സുരക്ഷിതയാണെന്ന് എനിക്കറിയാമായിരുന്നു.

ചെറിയ വെളിച്ചത്തിൽ - ബെഡ്ഡിൽ ഉറങ്ങികിടക്കുന്ന ജനീറ്റ കണ്ണുകൾ തുറക്കാൻ ബുദ്ധിമുട്ടി ചുണ്ടുകൾ മെല്ലെ ചലിപ്പിക്കൻ ശ്രമിക്കുന്നു.

ജനീറ്റ : ഡേവിഡിന് സുഖമാണോ?.

ഡേവിഡ് : കുറച്ചു ദിവസങ്ങളായി ഞാനും ഐസൊലേഷനിലായിരുന്നു. അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയിൽ എന്റെ മനസ്സും ചിന്തകളും ബന്ധിക്കപ്പെട്ടുപോയി. അപരനോട് സദൃശ്യപ്പെടാൻ മത്സരം ആരംഭിച്ചത്  മുതൽ    എന്റെ പരാജയം തുടങ്ങി.  മദ്യമെന്ന മാരക വിപത്തിനെ ഞാൻ എന്റെ ശരീരത്തിലേക്ക് അഥിതിയായി ക്ഷണിച്ചു. എന്നാലിപ്പോൾ സ്വർണ്ണം അഗ്നിയിൽ ശുദ്ധീകരിക്കപ്പെടുന്നതുപോലെ ഈ മഹാമാരിയെന്ന ദുരന്ത സാഹചര്യത്താൽ എന്റെ മനസ്സും ശരീരവും ശുദ്ധമാക്കപ്പെട്ടു.

പൊടുന്നനെ ഇരുട്ടിൽ നിന്നും ഡേവിഡിന്റെ രൂപം അപ്രത്യക്ഷമാകുന്നു.

ജനീറ്റ : ഡേവിഡ്.ഡേവിഡ്...ഡേവിഡ്.

സ്വപ്നത്തിൽ നിന്നും ഡേവിഡ് അപ്രത്യക്ഷമായപ്പോൾ ജനീറ്റ അയാളെ തിരികെ വിളിച്ച് ഞെട്ടിയുണന്ന് അല്പം ഭയപ്പാടോടെ ചുറ്റും നോക്കുന്നു.

കട്ട്

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ