സീൻ 1
പകൽ / രാത്രി. ഉത്തരയെ ബിൽഡപ്പ് ചെയ്യുന്ന സീക്വൻസ്.
ഉത്തര അതിരാവിലെ എഴുന്നേൽക്കുന്നു. പ്രഭാത കൃത്യങ്ങൾക്ക് ശേഷം കുളിച്ച് പ്രാർത്ഥിച്ച് പി.എസ്.സി പുസ്തകവുമായി പഠിക്കാനിരിക്കുന്നു.
അമ്മ സുധയമ്മ പാകം ചെയ്ത ആഹാരം കഴിച്ച്, ഉച്ചയാഹാരവുമായിട്ട് അമ്മക്ക് മുത്തം നൽകി സ്വിഗ്ഗിയുടെയോ മറ്റോ കോട്ട് ഇട്ട് ആ കംബനിയുടെ തന്നെ കാരിബാഗ് കെട്ടിയ സ്കൂട്ടറിൽ കയറി തന്റ്റെ ഒരു ദിവസത്തെ ജോലി ആരംഭിക്കുന്നു.
മൂന്നോ നാലോ ഹോട്ടലുകളിൽ നിന്ന് പല സമയങ്ങളിലായി ഓർഡറുകൾ ശേഖരിച്ച് തിരക്കുള്ള നിരത്തുകളിലൂടെ പാഞ്ഞ് വിവിധ സ്ഥലങ്ങളിൽ ഡെലിവർ ചെയ്യുന്നു.
കനാലിന്റ്റെ തീരത്തോ മറ്റോ ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ഉത്തര അല്പ വിശ്രമത്തിനു ശേഷം വീണ്ടും ജോലിയിലേക്ക് കടക്കുന്നു. തിരക്കാർന്ന സന്ധ്യയിലേക്ക് ഉത്തരയും കടക്കുന്നു. ഈ വിഷ്വലുകളിൽ ടൈറ്റിലുകൾ അവസാനിക്കുന്നു.
കട്ട്
സീൻ 2
സന്ധ്യ കഴിയുന്ന സമയം.
ഉത്തര - രുചിയുടെ ഉത്തരം എന്ന നാടൻ തട്ടുകട.
നഗരത്തിലെ അധികം തിരക്കില്ലാത്ത റോഡിനോട് ചേർന്നുള്ള തട്ടുകടയുടെ ബോർഡിൽ നിന്നും ദൃശം ആരംഭിച്ച് വികസിക്കുംബോൾ, ദോശ ചുടുന്ന സുധയമ്മയും ആഹാരം സപ്ളെ ചെയ്യുന്ന ബംഗാളി പയ്യൻ ചന്ദൻ ഭായിയും ദൃശ്യത്തിൽ ഉൾപ്പെടുന്നു. രണ്ട് മേശക്കു ചുറ്റുമിരുന്ന് ആഹാരം കഴിക്കുന്ന നാലോ അഞ്ചോ പേർ.
സ്വിഗ്ഗിയുടെ കോട്ട് ധരിക്കാതെ കാരിബാഗില്ലാതെ തട്ടുകടയുടെ അരികിലായി സ്കൂട്ടറിൽ വന്നിറങ്ങുന്ന ഉത്തര സ്കൂട്ടർ സ്റ്റാൻഡിൽ വെച്ച് ഹെൽമെറ്റ് ഊരി സ്കൂട്ടറിനുള്ളിൽ വെക്കുംബോൾ മൊബൈൽ ഫോൺ ശബ്ദിക്കുന്നു. ചുരിദ്ദറിന്റ്റെ ടോപ്പിന്റ്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത്, ഡീസ്പ്ളെയിൽ ആളെ തിരിച്ചറിഞ്ഞ്.
ഉത്തര: ഹലോ ചെറിയാൻ ചേട്ടാ പറഞ്ഞോളു.
മറുതലക്കൽ ചെറിയാന്റ്റെ ശബ്ദം :
ചെറിയാൻ : മോളെ ഉത്തരെ, ഒരു ഓർഡറുണ്ട്. മംഗലാപുരം പോണ കളരിക്കൽ ടൂറിസ്റ്റ് ബസ് ഇനി മുതൽ നമ്മുടെ ബേയിലാ ഹാൾട്ട് ചെയ്യുന്നത്. അഞ്ഞൂറു പൊറോട്ടയുടെ ഓർഡറുണ്ട്, ഇന്ന് രാത്രി 10.30 നു വേണം.
അല്പം അതിശയിച്ച്,
ഉത്തര : അഞ്ഞൂറു പൊറോട്ടയോ.
ചെറിയാൻ : മോൾക്ക് സ്ഥിരം ഓർഡർ കിട്ടും. പറ്റുമോ , ഇല്ലയോ.
ഒന്നാലോചിച്ച് ഉറപ്പോടെ ,
ഉത്തര : ഉത്തരക്ക് ഉത്തരം മുട്ടാറില്ല.10.30 നു സാധനമവിടെ എത്തിയിരിക്കും.
അവൾ ഫോൺ കട്ട് ചെയ്ത് ദോശ ചുടുന്ന അമ്മക്കരികിലേക്ക് നടക്കുംബോൾ ആഹാരം കഴിക്കാനായിട്ട് വന്നിരുന്ന ,
ഒരാൾ : ചേച്ചി പൊറോട്ടയുണ്ടോ.
ലൈനിൽ ദോശ കൊടുത്ത് കൊണ്ട്,
ചന്ദൻ ഭായി : പൊറോട്ടാ ഇല്ല സേട്ടാ.
വന്നയാൾ : എന്നാ. രണ്ട് ദോശയും ഡബിളുമെടുക്ക്.
ചന്ദൻ ഭായി : ഇപ്പത്തരാം സേട്ടാ
ആ സംസാരം ശൃദ്ധിച്ച് നേരിയ ടെൻഷനിൽ അമ്മക്കരികിലെത്തി,
ഉത്തര : പൊറോട്ടായില്ലേ...അമ്മേ. ( ദോശ ചുടുന്ന കല്ലിനോട് ചേർന്നുള്ള മേശയിൽ പൊറോട്ടാ മാവ് കുഴച്ച് വെച്ചിരിക്കുന്നത് കണ്ട്) വാസുവ ണ്ണനെങ്ങോട്ട് പോയി അമ്മേ.
മകളെ പേടിയുണ്ടെന്ന വിധം നോക്കി,
സുധയമ്മ : മാവ് കൊഴച്ച് വെച്ച് അഞ്ചാറ് പൊറോട്ടയും ഉണ്ടാക്കി അഞ്ഞൂറ് രൂപേം വാങ്ങി ഇപ്പ വരാമെന്ന് പറഞ്ഞ് പോയതാ. വിളിച്ചിട്ട് കിട്ടണില്ല.
പ്ളേറ്റിൽ ദോശ കൊണ്ടു പോകുന്നതിനിടയിൽ,
ചന്ദൻ ഭായി : വാസുവണ്ണൻ അരമേടിച്ച് ഫിറ്റായി കിടന്നു കാണും.ഹി.ഹി..
അവനെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് തലയിൽ കൈവെച്ച് അമ്മയോടായി ,
ഉത്തര : പണിയായല്ലോ അമ്മേ. കേരളാ ഹോട്ടലിലേക്ക് പത്തരക്ക് മുന്നേ അഞ്ഞൂറു പൊറോട്ടാ കൊടുക്കാമെന്ന് വാക്കും കൊടുത്തു.
സുധ ; അഞ്ഞൂറു പൊറോട്ടായോ.ഈ നേരത്ത് ആരെ വിളിച്ചിട്ട് കിട്ടാനാ. അയളോട് പറ്റില്ലാന്ന് പറ മോളെ.
ഉത്തര : ഒന്നു പോ അമ്മേ. സ്ഥിരം കിട്ടനുള്ള ഓർഡറാ. ഞാനൊന്നു നോക്കട്ടെ.
മൊബൈൽ എടുത്ത് പലരേയും വിളിച്ച് നോക്കുന്ന ഉത്തര.
അവിടെ കാറിൽ വന്നിറങ്ങി ആഹാരം പാഴ്സൽ മേടിക്കാൻ വന്ന ഒരു മാന്യ സ്ത്രീ മാലതി അവരുടെ സംസാരവും ഉത്തരയുടെ ആകുലതയും ശ്രദ്ധിക്കുന്നു.
മാലതി : എന്റ്റെ പാഴ്സൽ എടുത്തോ ഭായി.
ദോശ കൊടുക്കുന്നതിനിടയിൽ അവരെ നോക്കിയിട്ട്,
ചന്ദൻ ഭായി : തരാം ശേച്ചി. ദോ മിനിട്ട്.
ഉത്തരയുടെ അവാലാതി കണ്ട് സുധ ഇടക്കിടെ എന്ത് ചെയ്യുമെന്നുള്ള ഭാവത്തിൽ മകളെ നോക്കിയിട്ട് തന്റ്റെ ജോലി തുടരുന്നു.
പോറോട്ടാ മേക്കറിനെ കിട്ടാതെ ഫോൺ കൈയിൽ പിടിച്ച് കൊണ്ട് സപ്ളേ ചെയ്ത് കഴിഞ്ഞ് ദോശക്കല്ലിനരികിലെത്തി ഗ്ളാസ്സിൽ മൊട്ട പൊട്ടിച്ചൊഴിക്കുന്ന ചന്ദാ ഭായിയുടെ അടുത്തെത്തി
ഉത്തര : ഭായി നീ പൊറോട്ടാ അടിക്കുമോ.
രണ്ടാമത്തെ മുട്ട പൊട്ടിച്ച് ഗ്ളാസ്സിൽ ഒഴിക്കുന്നതിനിടയിൽ,
ചന്ദാ ഭായി : എനിക്കറിയില്ല ചേച്ചീ. ചേച്ചിക്കറിയാമല്ലോ. ഒരു ദീസം ചേച്ചി പൊറോട്ട ഉണ്ടാക്കണത് ഞാൻ കണ്ടതാണല്ലോ.
അതുകേട്ട് പ്രോത്സാഹനമെന്നോണം,
മാലതി : ഭയന്ന് നിന്നാൽ പിന്നോട്ട് പോവുകയേയുള്ളൂ മോളെ. ചില അവസരങ്ങളാണ് അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. ധൈര്യായിട്ട് മാവ് അടിച്ചിട്.
പൊടുന്നനെ ഉത്തര ഒരാത്മ വിശ്വാസം കൈവരിച്ച് അമ്മയെ നോക്കുന്നു.
അവളുടെ മുഖത്ത് ഒരു ചെങ്കൊടി ലയിച്ച് നിന്നു പാറുന്നു.
പശ്ചാത്തലത്തിൽ സഖാവ് ഉത്തര ജയിക്കട്ടെയെന്ന മുദ്രാവാക്യം.കോളേജ് കാലഘട്ടത്തിൽ നിന്നുമുള്ളതാണ്.
സുധയമ്മ ചെയ്തോളു എന്ന വിധം ആത്മധൈര്യം കൊടുത്ത് അവളെ നോക്കി ചിരിയോടെ മുഖമാട്ടുന്നു.
ആത്മവിശ്വാസത്തോടെ തിരിയുന്ന ഉത്തര ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ആപ്രൺ കെട്ടി പോറോട്ടാ മേക്കിംഗ് തുടങ്ങുന്നു.
ആദ്യമൊക്കെ രണ്ടുമൂന്നെണ്ണം പിഴക്കുമെങ്കില്ലും സാവധാനം പൊറോട്ടാ മേക്കിംഗിൽ ഉത്തര വേഗത കൈവരിക്കുന്നു.
ഒരു നാടൻ പാട്ടിന്റ്റെ പശ്ചത്തലശബ്ദത്തിൽ ഉത്തരയുടെ മേക്കിംഗ്.
ദോശ പാഴ്സൽ ചെയ്യാൻ തുടങ്ങുന്ന ഭായിയോട്,
മാലതി : ഭായി , ദോശ വേണ്ട. പൊറോട്ടാ മതി.
അതു കേട്ട് പൊറോട്ടാ അടിക്കുന്ന ഉത്തരയും, സുധയമ്മയും ഭായിയും ചിരിക്കുന്നു.
ഭക്ഷണം കഴിക്കാനെത്തുന്നവരും അല്ലാത്ത രണ്ടു മൂന്നു പേരും വിവരം സുധയമ്മയിൽ നിന്നും മനസ്സിലാക്കി കൗതുകത്തോടെ ഉത്തരയുടെ പ്രവർത്തി നോക്കി കാണുന്നു.
മാലതി പൊറോട്ടായും ബീഫും പാഴ്സൽ വാങ്ങി റ്റാറ്റാ കാട്ടി പോകുന്നു.
ചന്ദാ ഭായി പൊറോട്ടാ ആവശ്യപ്പെടുന്നവർക്ക് നൽകുന്നു.
ഭിത്തിയിലെ ക്ളോക്കിലെ സൂചികളൂടെ ചലനം വേഗതയിൽ ആകുന്നു.
കല്ലിൽ നിന്നും ചുട്ടെടുക്കുന്ന പൊറോട്ടാ സ്റ്റീൽ ചരുവത്തിൽ ചന്ദൻ ഭായി എണ്ണിയിടുന്നു. അഞ്ഞൂറ് പൊറോട്ടാ എണ്ണി തിട്ടപ്പെടുത്തി,
ചന്ദൻ ഭായി : മതി ചേച്ചി പാഞ്ച് സൗ കഴിഞ്ഞു.
പൊറോട്ടയടി നിർത്തി ശാന്തതയിൽ ഉത്തര തന്നെ സാകൂതം വീക്ഷിച്ച് നിന്നവരെ നോക്കുന്നു. പിന്നെ ക്ളൊക്കിലും. സമയം 10.05 . പിന്നെ വിജയശ്രീലാളിതയെപ്പോലെ അവൾ രണ്ടുകൈകളും ഉയർത്തി ശബ്ദം ഉണ്ടാക്കുന്നു.
ഉത്തര : യേ....!
അതുവരെ ടെൻഷനിൽ നിന്നവർ ആവേശത്തോടെ അവളുടെ ആഹ്ളാദം അനുകരിക്കുന്നു.
സന്തോഷവതിയായിട്ട് തിരിയുന്ന ഉത്തരയുടെ മുഖം ഉൾക്കൊള്ളുന്ന ദൃശ്യത്തിൽ പ്രധാന ടൈറ്റിൽ -
“ഉത്തര‘’
( അവസാനിച്ചു )