മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

Girl

2 - വെളുപ്പാംകാലത്തെ മോഷണം 

കാപ്പി കുടിക്കെ അയാളുടെ ഭാര്യ അവളെ പഠിക്കുകയായിരുന്നു. കുട്ടിത്തം  വിട്ടുപോകാത്ത യൗവനം. അവളെ എവിടെയോ കണ്ടു മറന്നതുപോലെ അവർക്കു തോന്നി. ചിലരെ കണ്ടാൽ അറിയാതെ ഇഷ്ടപ്പെട്ടുപോകില്ലേ? അങ്ങനെയൊരു ഇഷ്ടത്തിലേക്കവർ അപകടകരമായി അടുത്തുകൊണ്ടിരുന്നു. ഏതാണ്ടൊരേ സമയത്താണ് അവർ രണ്ടാളും ആ ചോദ്യം ചോദിച്ചത്. 

"എവിടെയോ കണ്ടിട്ടുള്ളതുപോലെ?" (എന്തോ അത്ഭുതം പ്രവർത്തിച്ച പോലെ അവർ പരസ്പരം നോക്കുകയും ചെയ്തു.)

"എനിക്കും അങ്ങനെ തോന്നിയിരുന്നു". ഒട്ടോമാനിൽ ഇരുന്നു കാപ്പി മൊത്തിക്കുടിച്ചുകൊണ്ടിരുന്ന അവൾ ആദ്യമായി ശബ്‌ദിച്ചു. "രണ്ടു ദിവസത്തിനു മുൻപ് ഞാനും പപ്പായും  ഇവിടമൊക്കെ കറങ്ങിയിരുന്നു. നിങ്ങൾ വീട് പൂട്ടി കാലത്തു നടക്കാൻ പോകുന്നതു ഞാൻ കണ്ടിരുന്നു."

അയാൾ ചോദിച്ചു "അടുക്കളയിലെ തടിഅലമാരയിലെ പാട്ടയിൽ നോക്കിയോ?" 

അവൾ പറഞ്ഞു "ഇല്ല. ഇനിയും സമയമുണ്ടല്ലോ."

അയാൾ പറഞ്ഞു "നേരം വെളുത്തു വരുന്നു. ആരെങ്കിലും വെളുക്കുന്നതുവരെ മോഷ്ടിക്കുമോ?"

ഒരു ചിരിയിലൂടെ അവൾ അവരിലേക്കു പടർന്നു കയറി, "അതെടുക്കാൻ ഞാൻ നാളെ രാത്രിയിൽ വരാം."

അയാൾ പൊട്ടിച്ചിരിച്ചു. ഒപ്പം അയാളുടെ ഭാര്യയും. പൊടിച്ചു തുടങ്ങിയ സ്വേതബിന്ദുക്കൾ അപ്രത്യക്ഷമായത്  അവരറിഞ്ഞു. ഒപ്പം മുറിയിലെ പിരിമുറുക്കം അയഞ്ഞില്ലാതെയാകുന്നതും. 

"കക്കാനാണെങ്കിലും മോളു വന്നതു നന്നായി" അയാളുടെ ഭാര്യ പറഞ്ഞു. 

അതാസ്വദിച്ചുകൊണ്ടവൾ പറഞ്ഞു, "അതെ. ഒറ്റയ്ക്ക് ഈ പണി ആദ്യമായിട്ടാണ്."

"മോൾക്ക് മസാലദോശ ഇഷ്ടമാണോ? നേരം വെളുത്തിരുന്നെങ്കിൽ ചുട്ടു തരാമായിരുന്നു.  ചമ്മന്തിയും, സാമ്പാറും, ഇന്നലെ ഉണ്ടാക്കിയത് ഫ്രിഡ്ജിലുണ്ട്.", വർത്തമാനത്തിന്റെ സെന്റർ കോർട്ട് പിടിച്ചടക്കി അയാളുടെ ഭാര്യ മുന്നേറി. 

"ഇവിടെ ഇപ്പോൾ ആരും വരാറില്ല. പെൻഷനായി വീട്ടിലിരിപ്പു തുടങ്ങിയശേഷം പ്രത്യേകിച്ചും. ഒന്നു നേരം വെളുത്തിരുന്നെങ്കിൽ..." നാളുകളായി നഷ്ടപ്പെട്ട ഉന്മേഷം തന്റെ ഭാര്യയിൽ തിരിച്ചുവരുന്നത് അയാളറിഞ്ഞു. 

ഒഴിഞ്ഞ കപ്പു തിരികെ മേശപ്പുറത്തെ ട്രേയിൽ വച്ചുകൊണ്ട്  അവൾ എഴുന്നേറ്റു അയാളുടെ ഭാര്യയുടെ അടുത്തേക്കു ചെന്നു. കപ്പു തിരികെ വാങ്ങുന്നതിനിടയിൽ അവരുടെ വിരലുകളിൽ അവൾ അറിഞ്ഞുകൊണ്ടു സ്പർശിച്ചു. അതാഗ്രഹിച്ചതുപോലെ അവർ അവളെ നോക്കിച്ചിരിച്ചു. ചിരിയിൽ അവൾ തിരിച്ചറിഞ്ഞത് പറഞ്ഞറിയിക്കാത്ത നൊമ്പരത്തിന്റെ  വിങ്ങലുകളായിരുന്നു. അവളുടെ കണ്ണുകളുടെ ആഴത്തിലേക്കവർ ഊളിയിട്ടാരെയോ തിരയുന്നുണ്ടായിരുന്നു. അവർ ചോദിക്കാതെ തന്നെ അവൾ ഉത്തരം പറഞ്ഞു. 

"നാളെ രാത്രിയിൽ വരാം...പപ്പാ പുറത്തു കാത്തിരിക്കുന്നുണ്ട്. ഞാൻ ഓക്കേ ആണെന്നു മെസ്സേജ് ഇട്ടിരുന്നു. എങ്കിലും ഇനിയും താമസിച്ചാൽ..., അതു വേണ്ട. ഞാൻ നാളെ രാത്രിയിൽ വരാം." 

"ഇനി വരുമ്പോൾ അടുക്കളയുടെ പൂട്ടു പൊളിക്കണ്ട. മുൻവശത്തെ കതകു പൂട്ടില്ല." അയാൾ പറഞ്ഞു. 

ട്രേയുമായി മുറിക്കുപുറത്തേക്കു നീങ്ങിയ അവളെ നോക്കി രണ്ടാളും നെടുവീർപ്പിട്ടു. പിന്നെ പരസ്പരം നോക്കി. അവരുടെ കണ്ണുകളിൽ അടരാൻ തയാറായി രണ്ടു തുള്ളികൾ കാഴ്ച മൂടിക്കളഞ്ഞു. 

ആ വെളുപ്പാങ്കാലത്തു അവൾ പോയ്ക്കഴിഞ്ഞപ്പോൾ, രണ്ടുപേരുടെയും ഹൃദയം അപഹരിക്കപ്പെട്ടിരുന്നു. 

(തുടരും...)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ