മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

old couple and a thief

1 - ജൂലൈ 13

മുറിയിലെ അലമാര തുറക്കുന്ന നേരിയ ശബ്ദം അയാളെ ജാഗരൂഗനാക്കി. എത്രയോ നേരമായി  ഉറക്കമില്ലാതെ കിടക്കുകയായിരുന്നു. അരികിൽ ഏതാണ്ട് അഅതേ അവസ്ഥയിൽ അയാളുടെ ഭാര്യയും. അല്ലങ്കിലും ജൂലൈ പതിമൂന്നിന്റെ രാവുകളിൽ  അവർക്കു രണ്ടാൾക്കും ഉറങ്ങാൻ കഴിയുകയില്ലല്ലോ! നേരിയ ആലസ്യത്തിലേക്കു വഴുതി വീഴുകയായിരുന്നു,  അപ്പോളാണ് ...

ഇരുട്ടിൽ മിഴിച്ചു നോക്കിക്കൊണ്ടായാൾ മെല്ലെ ധൈര്യം സംഭരിച്ചു. പതുക്കെ ഇരുട്ടിനോടു പറഞ്ഞു, "മുറിയിൽ ആരോ ഉണ്ടല്ലോ?". 

ഭാര്യ അയാളുടെ കൈത്തണ്ടയിൽ ചെറുതായി നുള്ളി. 

കുറച്ചു നിമിഷങ്ങൾക്കു ശേഷം, കുറച്ചുകൂടി ശബ്ദം ഉയർത്തി അയാൾ പറഞ്ഞു, "ആരാണെങ്കിലും, എനിക്കു സന്തോഷമാണ്. നിങ്ങൾ എന്റെ അതിഥിയാണ്. ഇവിടെ കള്ളന്മാർ പോലും വരാതായിട്ട് ഒരുപാടു വർഷങ്ങളായി."

ഘനീഭവിച്ച നിശബ്ദത തുടർന്നു. 

"പണമാണ് നിങ്ങൾ തെരയുന്നതെങ്കിൽ, അതു അടുക്കളയിലെ തടി അലമാരയിലെ തേയിലപ്പാട്ടയിൽ ഉണ്ട്.  അതെടുക്കാം."

ചെറിയ ഇടവേളയ്ക്കു ശേഷം അയാൾ തുടർന്നു.

"എനിക്കു വല്ലാതെ ദാഹിക്കുന്നുണ്ട്. താൻ അടുക്കളയിൽ പോയി മൂന്നു കാപ്പി ഇട്ടുകൊണ്ട് വാ. നമുക്ക് വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാം. ങാ... എനിക്കു മധുരം വേണ്ട. മധുരം ഉപയോഗിക്കാതായിട്ടു ഈ രാത്രി ഇരുപതു വർഷം തികഞ്ഞു."

ഇരുളിൽ മൃദുവായ കാലൊച്ച അകന്നുപോകുന്നത് അയാളറിഞ്ഞു. 

"പോയോ?",  രഹസ്യം പോലെ ഭാര്യ ചോദിച്ചു.

"കാപ്പി ഇട്ടുകൊണ്ടു വരും", അയാൾ പ്രവചിച്ചു. 

അടുക്കളയിൽ സ്വിച്ച് ഇടുന്നതിന്റെ ശബ്ദം അവർ കേട്ടു, പിന്നീട് പാത്രങ്ങൾ അനങ്ങുന്നതിന്റെയും. 

അയാൾ കിടന്നുകൊണ്ടുതന്നെ കൈ നീട്ടി ബെഡ്‌ലാമ്പുകത്തിച്ചു. മഞ്ഞവെളിച്ചം ഒരു ചോരനെപ്പോലെ ബൾബിനു ചുറ്റും പതുങ്ങി നിന്നു. ഭാര്യ നെടുവീർപ്പിട്ടു. അയാൾ പറഞ്ഞു, "ഡോണ്ട് വറി, ടേക്ക് ഇറ്റ് ഈസി." 

രണ്ടാളും ബെഡിൽ എഴുന്നേറ്റിരുന്നു. പുതപ്പു മാറ്റി. ചുരുണ്ടുകയറിയ വസ്ത്രം നേരെയാക്കി. അയാൾ മേശപ്പുറത്തെ ടൈംപീസിൽ ശ്രദ്ധിക്കുമ്പോൾ അടുത്ത മുറിയിൽ വിളക്കു തെളിഞ്ഞു. ഒരു നിമിഷം കട്ടിലിനടുത്തു ചാരിവച്ചിരുന്ന വോക്കിങ് സ്റ്റിക്കിലേക്കയാളുടെ വലതുകൈ നീണ്ടു. എന്നാൽ  അതെടുക്കാതെ കൈ പിൻവലിഞ്ഞു. പകരം മേശപ്പുറത്തു നിന്നും കണ്ണടയെടുത്തു മുഖത്തു വച്ചു.  മൂന്നുമണി കഴിഞ്ഞിരിക്കുന്നു. വരാൻ പോകുന്ന നിമിഷങ്ങളെ നേരിടാനായി, കൃത്രിമമായ ശാന്തത അയാൾ എടുത്തണിഞ്ഞു. എങ്കിലും അയാൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. വെളുപ്പാംകാലത്തെ തണുപ്പിലും അവർ രണ്ടാളും വിയർത്തു തുടങ്ങിയിരുന്നു. 

അടുത്തു വരുന്ന കാലടിയുടെ ഉടമയെ കാണാൻ അയാൾക്കു തിടുക്കമായി. അയാളുടെ ഭാര്യയ്ക്കും. അയാൾ ചിന്തിച്ചു "കള്ളൻ  ശക്തനായിരിക്കും, ആയുധവും ഉണ്ടായിരിക്കും, ക്രൂരനായിരിക്കുമോ? അല്ലെങ്കിലും നരച്ചുതുടങ്ങിയ ഞങ്ങളെ എന്തു ചെയ്യാനാണ്! ഏയ്, മനുഷ്യനല്ലേ... അല്ലെങ്കിൽ കാപ്പിയിടാൻ പോകുമായിരുന്നോ?"

ട്രേയിൽ കാപ്പിയുമായി കടന്നു വന്ന രൂപം അവരുടെ പ്രതീക്ഷകളെ തെറ്റിച്ചുകളഞ്ഞു. കൃശ ഗാത്രം. കറുത്ത വസ്ത്രങ്ങൾ,  മേശപ്പുറത്തു ട്രേ വച്ചപ്പോഴേക്കും തുടുത്ത കവിളുകളും വ്യക്തമായി. 

അയാളുടെ മനസ്സിലൂടെ ഒരു തണുത്ത കാറ്റു വീശി. ചെറു ചിരിയോടെ അയാൾ പറഞ്ഞു. "സുന്ദരിയായ കള്ളി, എനിക്ക് നിന്നെ ഇഷ്ടപ്പെട്ടു." 

(തുടരും...)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ