mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 16

ബാലയും മകളും വീട്ടിൽ നിന്ന് പോയിട്ട് രണ്ടാഴ്ച കഴിഞ്ഞു.  അമ്മയും നന്ദനോട് പഴയതുപോലെ സംസാരിക്കാതെയായി. മൂന്നാഴ്ച കയ്യിലെ കെട്ടഴിക്കാൻ റസ്റ്റ് എടുക്കണം എന്ന് പറഞ്ഞതുകൊണ്ട്, റൂമിൽ തന്നെ അടച്ചിരിപ്പാണ് നന്ദൻ. എല്ലാത്തിനും മടുപ്പ് തോന്നി അവന്. നന്ദന്റെ ഭാര്യ പിണങ്ങി പോയെന്ന് നാട്ടുകാർ എല്ലാം പറഞ്ഞു തുടങ്ങി.

നന്ദനെ കുറ്റപ്പെടുത്തുന്നവർ ആയിരുന്നു മിക്കവരും. ചായക്കടയിലും സംസാരം എത്തിയപ്പോൾ, ചേരിതിരിഞ്ഞായിരുന്നു സംഭാഷണം. നന്ദൻറെ പാർട്ടിക്കാർ ഒരുഭാഗത്തും ഭരണകക്ഷിയിലുള്ളവർ മറുഭാഗത്തും. എല്ലാം കേട്ടിരിക്കുകയായിരുന്നു ബാലൻ മാഷ്. "ഒരു കുടുംബം കൂടി പാർട്ടിയുടെ പേരിൽ തല്ലി പിരിഞ്ഞു. എല്ലാം വേണം അതിര് വിട്ട് പോകരുത് ഒന്നിനും. അതുകൊണ്ടാണ് എനിക്ക് ഈ അവസ്ഥ വന്നത്. എല്ലാം വിട്ടുകളഞ്ഞു പാർട്ടി എന്നും പറഞ്ഞു നടന്നു.. എന്നിട്ട് എന്തായി? പാർട്ടിക്കാർ അവസരം മുതലെടുത്തു.. എല്ലാം തിരിച്ചറിഞ്ഞ് വരുമ്പോഴേക്കും, പലതും നഷ്ടപ്പെട്ടു സ്വന്തം എന്ന് കരുതിയ വീട്ടുകാർ പോലും. ഇപ്പോൾ ഞാൻ ഒറ്റയ്ക്കായി. പാർട്ടിക്കും വേണ്ട വീട്ടുകാർക്കും വേണ്ട!! അനുഭവിച്ചവർക്കേ അതിൻ്റെ വേദന അറിയൂ..!! ആരാൻ്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാ.. എന്ന് പറഞ്ഞതുപോലെ." ആരോടൊക്കെയോ ഉള്ള ദേഷ്യം തീർക്കുന്നതുപോലെ ബാലൻ മാഷ് പറഞ്ഞു.

"എല്ലാത്തിനും പാർട്ടിയെ കുറ്റം പറയുന്നത് എന്തിനാണ്? പാർട്ടി എന്ന് പറഞ്ഞു നടക്കുന്നവൻ പെണ്ണ് കെട്ടാൻ പാടില്ല!! ഇതിപ്പോ പെണ്ണ് കെട്ടുകയും വേണം പണിക്കും പോകാൻ കഴിയില്ല. പാർട്ടിക്കുവേണ്ടി അത്രയും ആത്മാർത്ഥതയുള്ളവരാണെങ്കിൽ, ജീവിതം തന്നെ പാർട്ടിക്ക് വേണ്ടി ഒഴിഞ്ഞുവയ്ക്കണം. ഉത്തരത്തിൽ ഇരിക്കുന്നത് കിട്ടുകയും വേണം കക്ഷത്തിൽ ഇരിക്കുന്നത് പോകാനും പാടില്ല.. അതാണ് ഇപ്പോൾ ഇവിടെ സംഭവിച്ചത്."

ബീരാൻകുട്ടി എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു.
"എന്നാലും ആ പെൺകുട്ടിയുടെ ഒരു വിധിയെ.. വായിൽ സ്വർണ്ണക്കരണ്ടിയോടെ ജനിച്ചവളായിരുന്നു. പ്രേമവും മണ്ണാങ്കട്ടയും.. ഒന്നെങ്കിൽ അവനവന്റെ നിലയ്ക്കും വിലയ്ക്കും അനുസരിച്ചവനെ പ്രേമിക്കണം. അല്ലെങ്കിൽ വേലയ്ക്കും കൂലിക്കും പോകുന്നവനെ. ഇതിപ്പോൾ എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ കരഞ്ഞിട്ട് എന്ത് കാര്യം? ആ പെൺകുട്ടിയുടെ ഭാവി പോയി."

ലാസറേട്ടൻ പറഞ്ഞത് കേട്ട് എല്ലാവരും തല കുലുക്കി. "അത് ലാസറേട്ടൻ പറഞ്ഞത് ശരിയാണ്. ഇവനെപ്പോലുള്ള ഒരുത്തനെ വാശിപിടിച്ച് കെട്ടിയിട്ട് ഇപ്പോൾ എന്തായി. അച്ഛനും ആങ്ങളയും കൂടി തിരികെ കൊണ്ടുപോയത് നന്നായി. ഇല്ലെങ്കിൽ ജീവിതം മടുത്തു ആ പെൺകുട്ടി വല്ല കൈയ്യബദ്ധവും കാണിച്ചേനെ.." സുകു ചായ കുടിച്ചു കൊണ്ട് പറഞ്ഞു. "എന്തായാലും ഞാൻ നന്ദനെ ഒന്ന് കാണുന്നുണ്ട്. അയാൾക്ക് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ,ആ പെൺകുട്ടിയുടെ വീട്ടുകാരുമായി ഒന്ന് സംസാരിച്ചു നോക്കാമല്ലോ.. ഒരു കുടുംബം ചിതറി പോകുന്നത് കാണാൻ വയ്യ." ബാലൻ മാഷ് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

"മാഷ് വെറുതെ പോയി നന്ദേട്ടന്റെ വായിലിരിക്കുന്നത് കേൾക്കണ്ട കേട്ടോ. പാർട്ടി ഉപേക്ഷിക്കാൻ തയ്യാറാവുകയില്ല നന്ദേട്ടൻ. പിന്നെ അവരുടെ വാശി അത്രയ്ക്ക് അങ്ങ് വിട്ടുകൊടുക്കാൻ കഴിയുമോ? പാർട്ടി ഉപേക്ഷിക്കണം പണിക്ക് പോണം... എന്തൊക്കെ നിബന്ധനകളാണ്.." നന്ദന്റെ അനുയായി രമേശൻ ദേഷ്യത്തിൽ പറഞ്ഞു.

"മോനേ രമേശാ.. നിനക്ക് ഇപ്പോൾ ഇതൊന്നും പറഞ്ഞാൽ മനസ്സിലാവുകയില്ല. കാരണം നീ ചെറുപ്പമാണ്. ചെറുപ്പത്തിലെ ആവേശത്തിൽ ഇങ്ങനെയൊക്കെ തോന്നും. വയസ്സുകാലത്ത് അവനവൻറെ പായും തലയണയും മാത്രമാവും കൂട്ടിന്. ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു തരാൻ ആരും ഉണ്ടാവില്ല. അങ്ങനെ ഒരു കാലത്തിലേക്ക് നമ്മൾ എത്തും. അപ്പോൾ മനസ്സു മാറി ചിന്തിക്കാൻ തുടങ്ങും. എന്തുകാര്യം? എല്ലാത്തിനും അതിൻറെതായ സമയമുണ്ട്. ബന്ധങ്ങൾ എളുപ്പം പൊട്ടിച്ചെറിയാൻ കഴിയും, പക്ഷേ തിരികെ വിളക്കി ചേർക്കാനാണ് പാട്. ഞാനൊന്നു സംസാരിച്ചു നോക്കട്ടെ."

മാഷ് പോകുന്നത് നോക്കി ഇരുന്നു എല്ലാവരും. ഈ സമയം നന്ദന്റെ വീട്ടിൽ മകളുടെ അടുത്തേക്ക് പോകുന്നതിന്റെ തിരക്ക് തുടങ്ങിയിരുന്നു. മുളകും മല്ലിയും ഒക്കെ ഉണക്കുന്ന തിരക്കിലായിരുന്നു അമ്മ. ബാലൻ മാഷ് വഴി കടന്നു വരുന്നത് കണ്ടപ്പോൾ വേദനയോടെ ചിരിച്ചു അവർ. " അല്ല... മാഷോ.. കുറെ നാളായല്ലോ മാഷ് ഈ വഴി വന്നിട്ട്? മാഷ് നന്നായി ക്ഷീണിച്ചിരിക്കുന്നു." ഗീത കുശലം ചോദിച്ചു. "വയസ്സായി വരികയല്ലേ പണ്ടത്തെപ്പോലെ നടക്കാൻ ഒക്കെ പ്രയാസമാണ്. ചായക്കട വരെ മാത്രമേ വരാറുള്ളൂ. കുറച്ച് സമയം അവിടെ ചിലവഴിക്കും. നേരെ വീട്ടിലേക്ക്. കാത്തിരിക്കാനും വിളമ്പി തരാനും ഒന്നും ആരും ഇല്ലല്ലോ.. എന്തെങ്കിലും കഴിച്ചാൽ ആയി. അതും അപ്പുറത്തെ വീട്ടിൽ നിന്നാണ്. മാസം അവർക്ക് പൈസ കൊടുക്കും. വേണ്ടെന്ന് കുറെ പറഞ്ഞു. എന്നാലും അർഹതയില്ലാതെ കഴിക്കുന്നത് വയറിനു പിടിക്കില്ല എന്നൊരു തോന്നൽ." നെടുവീർപ്പോടെ ബാലൻ മാഷ് പറയുന്നത് കേട്ടുനിന്നു ഗീത.

"അച്യുതമേനോൻ ഇല്ലേ ഇവിടെ?" മാഷ് പൂമുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. "പറമ്പിലേക്ക് പോയിട്ടുണ്ട്. പശുവിനെ നോക്കാൻ ഒരു കൂട്ടർ വന്നിട്ടുണ്ട്. അടുത്തമാസം ഞങ്ങള് ശ്രീദേവിയുടെ അടുത്തേക്ക് പോവുകയാണ്. പ്രസവത്തിന് ഡേറ്റ് ആകാറായി. അവിടെത്തന്നെയാണ് പ്രസവം നോക്കുന്നത് സൂരജ്. അവൻറെ അമ്മയെ കൊണ്ടുപോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അവർക്ക് പെട്ടെന്ന് ഒരു ഓപ്പറേഷൻ വേണ്ടിവന്നു. അതുകൊണ്ട് പോകാതിരിക്കാൻ പറ്റില്ലല്ലോ മാഷേ.. നമ്മുടെ കുട്ടിയല്ലേ?" ഗീത തെല്ലു വിഷമത്തോടെയാണ് പറഞ്ഞത്. "അത് ശരിയാണ്. അപ്പോൾ ഇവിടത്തെ കാര്യങ്ങളൊക്കെ.. ബാലമോളും ഇവിടെ ഇല്ലല്ലോ." മാഷ് ചോദിച്ചു. "മാഷ് കയറി ഇരിക്കൂ.. അതുകൊണ്ടാണ് പശുവിനെ വിൽക്കുന്നത്. നന്ദന് ഒന്നും കൂട്ടിയാൽ കൂടില്ല. ഞങ്ങൾ കൂടി പോയാൽ, ആരും ശാസിക്കാനും ഇല്ല. തോന്നിയ പടി ആയിരിക്കും. അച്ഛനും ഏതാണ്ട് കൈയൊഴിഞ്ഞ മട്ടാണ്. മിണ്ടാപ്രാണിയെ ഇവിടെ നിർത്തി പോയാൽ, അവിടെ ഞങ്ങൾക്കൊരു സമാധാനം ഉണ്ടാവുകയില്ല. മനസ്സോടെ അല്ല എന്നാലും ആവശ്യമായതുകൊണ്ട് ചെയ്യുന്നതാണ്."

പശുവിനെ വിൽക്കുന്നതിനുള്ള വിഷമം കൊണ്ട് പറഞ്ഞു ഗീത. "അത് ശരിയാണ്. എന്തായാലും ഞാൻ നന്ദനെ ഒന്ന് കണ്ട് സംസാരിക്കട്ടെ. എല്ലാം കേട്ടിട്ട് അവിടെ ഇരിക്കാൻ ഒരു സമാധാനമില്ല.അതാണ് പോന്നത്. എവിടെ അയാൾ?" ബാല മാഷ് ചോദിച്ചു. "മുകളിലെ റൂമിൽ തന്നെയാണ് ഏത് സമയവും. കഴിക്കാൻ മാത്രം പുറത്തേക്ക് വരും. കണ്ടിട്ട് സഹിക്കുന്നില്ല മാഷേ.." ഗീത സാരി തലപ്പുകൊണ്ട് കണ്ണുതുടച്ചു. "എല്ലാം ശരിയാകും.. നന്ദനെ ഒന്ന് വിളിക്ക്." മാഷ് പറഞ്ഞപ്പോൾ ഗീത അകത്തേക്ക് നടന്നു. അല്പസമയം കഴിഞ്ഞപ്പോൾ നന്ദൻ പുറത്തേക്ക് വന്നു. "അല്ല മാഷോ?" ഭവ്യതയോടെ ചോദിച്ചു നന്ദൻ. "താനിരിക്ക്." മാഷ് അടുത്ത് കിടക്കുന്ന കസേര നീക്കിയിട്ടു കൊണ്ട് പറഞ്ഞു. "വേണ്ട മാഷേ ഞാൻ ഇവിടെ നിന്നോളാം.." നന്ദൻ പറഞ്ഞത് കേട്ട് മാഷ് ചിരിച്ചു. "ഞാൻ പഠിപ്പിച്ചിട്ടുണ്ട് ഒത്തിരി കുട്ടികളെ. അവരെ മിക്കപ്പോഴും പലയിടത്തും വെച്ച് ഞാൻ കാണാറുണ്ട്. എന്നാലും നന്ദന്റെ അത്ര ബഹുമാനമുള്ള കുട്ടികൾ കുറവാണ്. എന്നിട്ടും എന്താടോ താൻ ഇങ്ങനെ ആയിപ്പോയത്?" മാഷിൻറെ വാക്കുകളിൽ നോവ് കലർന്നിരുന്നു. "അത് പിന്നെ മാഷേ.." വാക്കുകൾക്കായി പരതി നന്ദൻ. "താൻ ഇവിടെ ഇരിക്ക് ചിലത് പറയാനുണ്ട് എനിക്ക്.. പ്രായത്തിന്റെ ചോരത്തിളപ്പിൽ പലതും തോന്നും. അതിന് ഉത്തമ ഉദാഹരണമാണ് തൻറെ മുന്നിലിരിക്കുന്ന മാഷ്. തന്നെക്കാൾ പാർട്ടിക്കുവേണ്ടി ശബ്ദമുയർത്തിയവനും, ജീവിതം തന്നെ പാർട്ടിയാണ് എന്ന് കരുതി എല്ലാം കൈവിട്ടവനുമാണ്. പക്ഷേ വിശ്വസിച്ച പാർട്ടി തന്നെ പുറകിൽ നിന്നും കുത്തി. അതൊക്കെ തനിക്കും അറിയാവുന്നതല്ലേ? എന്തിനാടോ ഈ വാശിയും വൈരാഗ്യവും ഒക്കെ.. തനിക്കുവേണ്ടി ബാലഗോപാലൻ നായരോട് സംസാരിക്കാൻ ഞാൻ തയ്യാറാണ്. സ്വന്തം ജീവിതത്തെക്കാൾ വലുതല്ല ഒരു പാർട്ടിയും." മാഷ് നന്ദന്റെ വലതു കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. മാഷുടെ വാത്സല്യവും സ്നേഹവും അറിയാൻ കഴിഞ്ഞു നന്ദന്. ആ ചേർത്ത് പിടിക്കലിൽ നിന്നും. "പക്ഷേ മാഷേ.. ബാലേയും മോളെയും എനിക്ക് വേണം. ബാലഗോപാലൻ നായരുടെ ഒരു ശാഠ്യത്തിനും സമ്മതിക്കില്ല ഞാൻ. മാഷോട് ബഹുമാനമില്ലാതെ അല്ല പറയുന്നത്. ഒരു വിട്ടുവീഴ്ചയ്ക്ക് ഞാൻ തയ്യാറാണ്. മുഴുവൻ സമയവും പാർട്ടി എന്നു പറഞ്ഞു നടക്കില്ല ഇനി. എന്തെങ്കിലും ഒരു ജോലിക്ക് ട്രൈ ചെയ്യണം. അതാണല്ലോ ബാലയുടെ ആവശ്യം.. അതിന് ഞാൻ തയ്യാറാണ്. ഒരാഴ്ച കൂടി റെസ്റ്റ് ഉണ്ട് എനിക്ക്. അതുകഴിഞ്ഞാൽ ഏതെങ്കിലും കമ്പനിയിൽ ജോലിക്ക് ട്രൈ ചെയ്യാം. പക്ഷേ പാർട്ടി അതിൽ നന്ദൻ പ്രവർത്തിക്കുക തന്നെ ചെയ്യും. ആര് എന്തൊക്കെ പറഞ്ഞാലും." നന്ദൻ പറയുന്നത് കേട്ടുകൊണ്ടാണ് അകത്തുനിന്നും ചായയുമായി ഗീത വന്നത്. ജോലിക്ക് പോകാമെന്ന് നന്ദൻ പറഞ്ഞത് കേട്ടപ്പോൾ തന്നെ, ആശ്വാസം തോന്നിയവർക്ക്..

( തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ