ഭാഗം 32
മഹിയുടെ പെട്ടന്നുള്ള ചോദ്യം അവളെ തെല്ലു പരിഭ്രമത്തിലാക്കി, പക്ഷെ തന്റെ വായിൽ നിന്ന് വീണ അബദ്ധം മറയ്ക്കാതെ പറ്റില്ലല്ലോ...
"മഹിയേട്ടാ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്, ഉമ മിസ്സിന്റെ ചേട്ടന്റെ മോളാ, അവിടെ പോയപ്പോൾ കണ്ടതാ, ഞാൻ പെട്ടന്ന് പറഞ്ഞു പോയതാ ഓർമ്മയിൽ വന്നില്ല. സോറി..."
"ഉം... നിനക്കെന്താ പറ്റിയത് രാവിലെ മിസ്സ് വിളിച്ചുകൊണ്ട് പോയതുമുതൽ എന്തൊക്കയോ സംഭവിച്ചു, ഞങ്ങളെത്ര ടെൻഷനടിച്ചു."
ദക്ഷ ശ്വാസം വലിച്ചുവിട്ട് ഫോൺ ഒന്നുകൂടി കാതോട് ചേർത്തുപിടിച്ചു...
"അപ്പൊ എന്റെ അവസ്ഥയോ മഹിയേട്ടാ, മിസ്സ് നിങ്ങളെ ആരെയെങ്കിലും കണ്ടിരുന്നെങ്കിൽ ഞാനെന്ത് മറുപടി പറയും... അമ്മേടെ അടുത്ത കൂട്ടുകാരി എന്തുണ്ടെങ്കിലും അമ്മ അറിയാതെ പോകില്ല."
അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം മഹി ശ്വാസം വലിച്ചുവിടുന്നത് അവൾ കേട്ടു...
"ഞാൻ ഓക്കെയാ മഹിയേട്ടാ, പേടിക്കാതെ പഴയപോലെ കാണാൻ കഴിയില്ല. അനന്തേട്ടൻ വിചാരിച്ചാൽ നമ്മളെ സഹായിക്കാൻ പറ്റും, ഞാനും ഗംഗയും ചേർന്ന് ഒരു പ്ലാൻ ഉണ്ടാക്കിയിട്ടുണ്ട്, നാളെ കഴിഞ്ഞ് നമുക്ക് കാണാം..."
ദക്ഷയുടെ വാക്കുകൾ അവന് എന്തെന്നില്ലാത്ത സന്തോഷം നൽകി... എല്ലാമറിഞ്ഞപ്പോൾ അവളോടുള്ള സ്നേഹം കൂടിയതല്ലാതെ കുറഞ്ഞില്ല. കോൾ കട്ടാക്കി കിടക്കയിലേക്ക് വീണു...
ദക്ഷ അസ്വസ്ഥതയോടെ ഫോൺ കിടക്കയിലേക്കിട്ട് മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി... ആരോടെങ്കിലും സംസാരിച്ചില്ലെങ്കിൽ ശരിയാവില്ല. മഞ്ജുവിനെ വിളിക്കാനായി ഫോണെടുത്തതും അതിലേക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്ന് കോൾ വന്നു... ആരാ ഈ രാത്രി വിളിക്കാൻ...?
സംശയത്തോടെ അവൾ കോൾ എടുത്തു...
"ഹലോ..."
"കുട്ടി ഉറങ്ങിയോ? ഞാനാ ഉമ..."
മറുവശത്തുനിന്ന് കേട്ട ശബ്ദം ഉമയുടേതാണെന്ന് മനസ്സിലായി... ഇവരെന്താ ഇപ്പോ വിളിക്കുന്നത്...?
"കുട്ടീ..."
"ഉം..."
"ഞാൻ വിളിച്ചത് ശല്യമായോ തനിക്ക്, സ്വസ്ഥമായി സംസാരിക്കാൻ ഈ സമയമാണ് നല്ലതെന്ന് തോന്നി വിളിച്ചതാ... അമ്മയെ പണിയൊഴിഞ്ഞ് കിട്ടുന്നത് ഇപ്പോഴാ... എനിക്കീ ഫോണിൽ കുത്തി വിളിക്കാൻ ഇത്തിരി പാടാ കൈ ശരിക്ക് വഴങ്ങില്ല, അതാണ് അമ്മ വരുന്നത് വരെ കാത്തിരുന്നത്..."
ഉമയുടെ അവസ്ഥയിലൂടെ കടന്നുപോയപ്പോൾ ദക്ഷയ്ക്ക് സ്വയം പുച്ഛം തോന്നി... അവരോട് കാണിക്കുന്ന ഓരോ അവഗണനക്കും താൻ വലിയ വില കൊടുക്കേണ്ടി വരും... ദൈവത്തിന്റെ കോടതിയിൽ അതിന് മാപ്പില്ല.
"ഇയാളെന്താ ചിന്തിക്കുന്നത്...?"
"ഒന്നൂല്ല ഉമേച്ചി പറയുന്നത് കേട്ട് നിൽക്കുവാരുന്നു."
ശബ്ദത്തിൽ കുറച്ചു പാകത വരുത്തി ഉമയുമായി സംസാരിക്കാൻ ശ്രമിച്ചു...
"ഉമേച്ചി കഴിച്ചോ...?"
"കഴിച്ചല്ലോ, കഞ്ഞിയും ചമ്മന്തിയും... എന്റെ ഫേവറീറ്റ്, താനോ കഴിച്ചില്ലേ എനിക്ക് ഒന്ന് നേരിട്ടു കാണണം അത് ഓർമ്മിപ്പിക്കാനാ ഞാനിപ്പോൾ വിളിച്ചത്... കുറച്ചു സംസാരിക്കാനുണ്ട്..."
"ഞാൻ വരാം... പിന്നെ എന്റെ കൂടെ ഗംഗയ്ക്കും വരണമെന്ന് പറഞ്ഞു കൊണ്ടുവരട്ടെ..."
ഗംഗയെ കൂട്ടാൻ അനുവാദം കൊടുത്ത് ഉമ കോൾ അവസാനിപ്പിച്ചു... ദക്ഷയ്ക്ക് കൂടുതൽ സന്തോഷം മനസ്സിന് തോന്നി... ഉമ എത്ര പാവമാണെന്ന് അവൾക്കപ്പോൾ മനസ്സിലായി, ആർക്കും ജീവിതത്തിൽ ഇതുപോലൊരു അവസ്ഥ ഉണ്ടാക്കരുത്... സ്വന്തം ഭർത്താവ് മറ്റൊരു പെണ്ണുമായി ജീവിതം സ്വപ്നം കാണുന്നത് എങ്ങനെ സഹിക്കും... ചിന്തകൾ കാടുകയറിയ നിമിഷത്തിൽ അവൾ അറിയാതെ പൊട്ടിക്കരഞ്ഞുപോയി... ഒരു നിമിഷം ഭൂമി പിളർന്നു താണു പോയെങ്കിൽ എന്ന് അവൾക്ക് തോന്നി...
കണ്ണീരിന്റെ ഓരോ കണങ്ങളിലും ഉമയുടെ സന്തോഷം തല്ലിക്കെടുത്തിയ തന്റെയും അച്ഛന്റെയും വികൃതമായ ചിരിയുണ്ട് അനുഭവിക്കും, അല്ലാതെ പോവില്ല. അവൾ ആരോടെന്നില്ലാതെ പിറുപിറുത്തു...
രാത്രി പന്ത്രണ്ട് മണി, ദാമോദരന്റെ തടിമില്ലിൽ രഹസ്യമായി കൂടിയ മീറ്റിങ്ങിൽ പങ്കെടുത്തത് ആകെ മൂന്നുപേർ... ദാമോദരൻ മകൻ മിഥുൻ പിന്നെ കുമാരൻ...
"കാര്യങ്ങൾ കുറച്ചു കോമ്പ്ലിക്കേറ്റഡാണല്ലോ കുമാരാ... സിഡിആറിലേക്ക് കൂറുമാറിയ നമ്മുടെ ആളിനെത്തന്നെ അവന്മാര് അടുത്ത ഇലക്ഷന് നിർത്താൻ പോകുന്നെന്നാ അറിഞ്ഞത്... നാട്ടിൽ നീയും ഇവിടെ ഞാനും നിൽക്കുന്നതിൽ അർത്ഥമില്ല. അവനും അവൻ വലിച്ചു കൊണ്ടുപോയവനും നാട്ടുകാർക്കിടയിൽ അത്രയേറെ മതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്..."
"ഇതിപ്പോ ചേട്ടൻ എങ്ങനെ അറിഞ്ഞു. അവന്മാര് പിണങ്ങിയത് സത്യമാണ്, ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ അവർക്കുള്ളു..."
കുമാരൻ മദ്യം നിറച്ച ഗ്ലാസ്സ് ഒന്ന് മുട്ടിച്ചുകൊണ്ട് വായിലേക്ക് കമഴ്ത്തി ചുണ്ട് തുടച്ചുകൊണ്ട് ദാമോദരന് ധൈര്യം നൽകി...
"ഇതുപോലെ പണ്ട് നമ്മുടെ തലേൽ കയറിയിരിക്കാൻ വന്നവനിപ്പോ എന്തിയെ, എല്ലാം മറന്ന് പൊട്ടനെപ്പോലെ നാട്ടിൽ നടപ്പുണ്ട്, നാട്ടുകാര് പോലും അവനെ ഓർക്കുന്നില്ല. പിന്നാണോ ഇവന്മാര്... ചേട്ടനൊന്ന് ധൈര്യമായിട്ടിരിക്ക് അവനെ നമുക്ക് പൂളാം..."
കുമാരൻ പറഞ്ഞത് ശരിയാണ് മഹി തങ്ങൾക്ക് കിട്ടേണ്ട സ്ഥാനം തട്ടിയെടുക്കും എന്ന് ഉറപ്പായപ്പോഴാണ് അവനെ കൊല്ലാൻ തീരുമാനിച്ചത്... അത് പാളിയെങ്കിലും എല്ലാം മറന്ന് അവനൊരു പുതിയ മനുഷ്യനായി ജീവിക്കുന്നുണ്ട്...
"കുമാരാ ഈ നാട്ടിൽ ഞാനും നീയും മാത്രം മതി നമ്മുടെ കാലം കഴിഞ്ഞാൽ നമ്മുടെ മകൾ അല്ലാതെ മറ്റൊരുത്തൻ വേണ്ടാ....
അടുത്ത ഗ്ലാസ്സ് നിറച്ച് വായിലേക്ക് കമഴ്ത്തി കുമാരൻ സ്വയം നെഞ്ചത്ത് തട്ടിക്കൊണ്ടു ചിരിച്ചു... ക്രൂരമായ ചിരി...
അടുത്ത ദിവസം നാടുണർന്നത് രണ്ട് നടുക്കുന്ന വാർത്ത കേട്ടാണ്... എസ്റ്റിപിസി പാർട്ടി ലോക്കൽ നേതാക്കളായ ബെന്നിയും അരുണും സിഡിആർ പാർട്ടിയുടെ രാഷ്ട്രീയ പകപോക്കലിന് ഇരയായി... നാട്ടുകാർക്കിടയിൽ അവർക്കുള്ള സ്വാധീനം ഇല്ലാതാക്കാൻ അവർ മനപ്പൂർവം ചെയ്തതാണെന്ന് ജില്ലാ കമ്മറ്റി പ്രസിഡന്റ് ദാമോദരൻ ആരോപിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടായിരുന്ന ഇരുവരേയും മനപ്പൂർവം ഇല്ലാതാക്കിയ സിഡിആർ പാർട്ടിക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുമെന്ന് കീഴ് ഘടകം അറിയിച്ചു...
നാട് വലിയൊരു സംഘർഷത്തിലേക്ക് കടക്കാൻ പോകുന്നു.
(തുടരും)