(V Suresan)
ഇത് ഡോങ്കിസിറ്റിയിലെ സി.ഐ.ഡി മാരുടെ കഥയാണ്. അവിടെ സര്‍ക്കാരിന്റെ പോലീസ് സംവിധാനമുണ്ടെങ്കിലും കുറ്റവാളികളെ പിടിക്കുന്ന കാര്യത്തില്‍ സ്വകാര്യ കുറ്റാന്വേഷകരും തുല്യ പങ്കുവഹിക്കുന്നുണ്ട്. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതിയല്ലോ. സി.ഐ.ഡി വിക്രമും സഹായി അക്രമും അക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന അന്വേഷകരാണ്. സിറ്റിയിലെ മറ്റു സി.ഐ.ഡിമാര്‍ മോങ്കി, ബില്ലു, ജന്റു എന്നിവരാണ്. ഒപ്പം ഫ്രോഗി എന്ന വനിതാ സി.ഐ.ഡിയുമുണ്ട്.
1 മാണ്ടോയുടെ പട്ടി
ഡോങ്കിസിറ്റിയില്‍ നായമോഷണം പെരുകുന്നു. വിലപിടിപ്പുള്ള പട്ടികളെയാണ് കാണാതാകുന്നത്.
ഇതാ ഇപ്പോള്‍ മണ്ടോ സായിപ്പിന്റെ നായയേയും കാണാനില്ല. ആഫ്രിക്കന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയാണ്. സായിപ്പ് അതിന് ഷെപ്പി എന്നു പേരിട്ട് ഓമനിച്ചു വളര്‍ത്തുകയായിരുന്നു.
ഷെപ്പിയെ കണ്ടെത്താനായി സായിപ്പ് പത്രത്തില്‍ ഒരു പരസ്യം കൊടുത്തു. ആ പരസ്യം സി.ഐ.ഡി അക്രമിന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാള്‍ വിക്രമിനോടു വിളിച്ചു ചോദിച്ചു. 'വിക്രം, ഒരു തക്കതായയ്ക്ക് എന്തു വില വരും?'
'തക്കതായയോ? അതെന്തോന്ന് സാധനം?' - വിക്രം
'ഇതാ ഒരു പരസ്യം. ഒരു പട്ടിയെ കണ്ടുപിടിച്ചുകൊടുക്കുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുമെന്ന്.'-അക്രം
'എടാ മണ്ടോ-' -വിക്രം
'ങാ- അതു തന്നെയാണ് പട്ടീരെ ഓണറുടെ പേര്. മണ്ടോ സായിപ്പ്.'-അക്രം
'എവിടെ നോക്കട്ടെ-' വിക്രം പത്രം വാങ്ങി നോക്കി.
'എടാ, തക്കതായ എന്നു പറയുന്നത് ഒരു സാധനമല്ല. നല്ലൊരു തുക പ്രതിഫലം തരുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ മിഷന്‍ നമുക്ക് ഏറ്റെടുത്താലോ?' -വിക്രം
'ഏതു മെഷ്യന്‍? ഇത് പട്ടിയല്ലേ?'-അക്രം
'പട്ടിയെ കണ്ടുപിടിക്കുന്ന കാര്യം തന്നെയാണ് പറഞ്ഞത്. നീയാ ഫോണെടുത്ത് വിളിക്ക്.' -വിക്രം
'പട്ടിയുടെ നമ്പര്‍ അറിയില്ലല്ലോ.'-അക്രം
'ആ സായിപ്പിന്റെ നമ്പറുണ്ട്. അയാളെ വിളിച്ചാ മതി.'-വിക്രം
അക്രം പരസ്യത്തിലെ നമ്പര്‍ നോക്കി ഫോണ്‍ ഡയല്‍ ചെയ്തു. 'ഹലോ-മണ്ടന്‍ സായിപ്പല്ലേ?'
'എടാ-മണ്ടനല്ല. മണ്ടോസര്‍ ആണോന്ന് ചോദിക്ക്.' വിക്രം പറഞ്ഞതനുസരിച്ച് അക്രം തിരുത്തി.'ഹലോ-മണ്ടോസര്‍ പട്ടീ-'
വിക്രം ഫോണ്‍ വാങ്ങി സംസാരിക്കുന്നു. 'ഹലോ-സര്‍, ഇതു സി.ഐ.ഡി വിക്രമാണ് സംസാരിക്കുന്നത്. പട്ടിയെ കണ്ടുപിടിക്കാനായി ഞങ്ങള്‍ക്ക് അതിന്റെ വിശദവിവരങ്ങള്‍ വേണമായിരുന്നു.'
'ബ്ലാക്ക് കളര്‍, ബ്രൗണ്‍ ബെല്‍റ്റ്, വളഞ്ഞ വാല്, ഞാന്‍ എന്തു പറഞ്ഞാലും അനുസരിക്കുമായിരുന്നു.' ഇത്രയും വിവരങ്ങളാണ് മണ്ടോ പറഞ്ഞത്.
'അങ്ങനെയെങ്കില്‍ വന്ന കള്ളനെ പിടിക്കാന്‍ അതിനോടുതന്നെ പറഞ്ഞാല്‍പോരായിരുന്നോ?'-വിക്രം
'അപ്പോള്‍ ഞാന്‍ ഉറക്കമായിരുന്നല്ലോ. അതുകൊണ്ടാണ് അറിയാതെ പോയത്.'-മണ്ടോ
'ഓക്കെ. ഞങ്ങള്‍ ശ്രമിക്കാം സര്‍.' വിക്രം ഫോണ്‍ കട്ട് ചെയ്തതിനുശേഷം അക്രമിനോടു പറഞ്ഞു. 'നമുക്കു തുടങ്ങാം. ഈ അന്വേഷണത്തിന് നമുക്ക് വാഹനം വേണ്ട. തെരുവിന്റെ മുക്കും മൂലയും നമുക്ക് അരിച്ചു പെറുക്കേണ്ടിവരും.'
'അരിപ്പുവാങ്ങുന്നതിനുമുമ്പ് നമുക്ക് ചിക്കന്‍ വാങ്ങണം. എനിക്കു വിശക്കുന്നു.'-അക്രം
'ആദ്യം പട്ടി. കോഴിയൊക്കെ പിന്നെ. കമോണ്‍-' വിക്രം
വിക്രമാക്രമന്മാര്‍ പരിസരം നിരീക്ഷിച്ച് റോഡിലൂടെ നടക്കുന്നു. 'അതാ ഒരു പട്ടി' -അക്രം.
ഒരു വീടിനു മുമ്പില്‍ ഒരു പയ്യന്‍ പട്ടിയുടെ വാലിനെ കുഴലില്‍ കയറ്റുകയാണ്. അതുകണ്ട് വിക്രമിനു ചിരിവന്നു. 'ഏയ് പയ്യാ- പട്ടിയുടെ വാല് പന്തീരാണ്ടു കാലം കുഴലിലിട്ടാലും നിവരൂലാന്നു കേട്ടിട്ടില്ലേ?'
'ഇത് വാലു നിവരാനല്ല. കുഴല് വളയുമോന്ന് നോക്കാനാ.' ഇത്രയും പറഞ്ഞ് പയ്യന്‍ തന്റെ പണി തുടര്‍ന്നു.
സി.ഐ.ഡി മാര്‍ നടന്നു നടന്ന് ജംഗ്ഷനിലെത്തി.
'അതാ കിട്ടിപ്പോയി-' അക്രം വിളിച്ചു പറഞ്ഞു.
'നായ എവിടെ?'-വിക്രം
'നായയല്ല. അതാ ഒരു ഹോട്ടല്‍. വാ - നമുക്കെന്തെങ്കിലും കഴിക്കാം.' -അക്രം
'കഴിക്കാനൊന്നും ഇപ്പോള്‍ സമയമില്ല.'-വിക്രം
'എന്നാല്‍ പാഴ്‌സല്‍ വാങ്ങാം.' അക്രം ഹോട്ടലിലേയ്ക്ക് ഓടി.
2 സി.ഐ.ഡി മോങ്കി
ഈ സമയം സി.ഐ.ഡി മോങ്കിയും മണ്ടോയുടെ പട്ടിയെ അന്വേഷിച്ച് ഇറങ്ങിക്കഴിഞ്ഞിരുന്നു. കുരങ്ങന്റെ തലയുള്ള വാനാണ് മോങ്കിയുടെ വാഹനം. പട്ടിയെ മോങ്കിക്ക് പേടിയായതിനാല്‍ ഒരു പട്ടി പിടിത്തക്കാരനേയും കൂട്ടിയാണ് അയാളുടെ യാത്ര. അതാ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു കാറിനുള്ളില്‍ ഒരു പട്ടി.
അത് വിന്റോ ഗ്ലാസില്‍ തല ചേര്‍ത്ത് പുറത്തേയ്ക്ക് നോക്കി കുരയ്ക്കുന്നു. അതു കണ്ട് മോങ്കി വാന്‍ നിര്‍ത്തി. പാവം പട്ടി അതിന്റെ ഭാഷയില്‍ രക്ഷിക്കാന്‍ പറയുന്നതായിരിക്കും. മോങ്കി ആ പട്ടിയെ സൂക്ഷിച്ചു നോക്കി. മണ്ടോയുടെ പട്ടിയുടെ അടയാളങ്ങളുമായി അതിനു ചേര്‍ച്ചയുണ്ട്. മോങ്കിയും പട്ടിപിടിത്തക്കാരനും വാനില്‍ നിന്നിറങ്ങി ആ കാറിനടുത്തെത്തി. ചുറ്റും നോക്കി, ആരും കാണുന്നില്ല എന്നു ഉറപ്പുവരുത്തിയശേഷം മോഷ്ടാക്കളെപ്പോലെ, ആയുധം ഉപയോഗിച്ച് വിന്റോ ഗ്ലാസ് താഴ്ത്തി. സ്‌പ്രേ അടിച്ച് പട്ടിയെ മയക്കി. പിന്നെ വളരെ വേഗം പട്ടിയെ വാനിലാക്കി മുന്നോട്ടു കുതിച്ചു.
മുന്‍പില്‍ കയറി വാനിനെ തടഞ്ഞു നിര്‍ത്തി. വാനിലെ പട്ടിയെ കണ്ട് ഇന്‍സ്‌പെക്ടര്‍ മോങ്കിയോട് ചോദിച്ചു. 'ഈ പട്ടി ആരുടേതാണ്?'
'ഒരു കാറില്‍ നിന്ന് പിടിച്ചതാണ്.' -മോങ്കി
'എന്തിന്?' -ഇന്‍സ്‌പെക്ടര്‍
'മോഷ്ടിച്ച പട്ടിയാണ്.' -മോങ്കി
'കുറ്റം സമ്മതിച്ചല്ലോ. എന്നാല്‍ ജീപ്പില്‍ കയറ്.' -ഇന്‍സ്‌പെക്ടര്‍
'ഞാന്‍ സി.ഐ.ഡി മോങ്കിയാണ്.' -മോങ്കി
'ആദ്യമായാണ് സി.ഐ.ഡിയായ ഒരു മങ്കിയെ കാണുന്നത്. അതും ഒരു മോഷണക്കേസില്‍.'-ഇന്‍സ്‌പെക്ടര്‍
'പട്ടിയുടെ ഓണറായ മണ്ടോ പറഞ്ഞിട്ടാണ് മോഷണം പോയ ഈ പട്ടിയെ ഞാന്‍ പിടിച്ചത്.'-മോങ്കി
'ഈ പട്ടിയുടെ ഓണര്‍ മണ്ടനും മഠയനുമൊന്നുമല്ല. ഡയാന എന്നൊരു സ്ത്രീയാണ്. അവര്‍ കാര്‍ പാര്‍ക്ക് ചെയ്ത് പര്‍ച്ചേസിനു പോയപ്പോഴാണ് നിങ്ങള്‍ പട്ടിയെ മോഷ്ടിച്ചത്.' -ഇന്‍സ്‌പെക്ടര്‍
റോഡിലൂടെ നടന്നുവരുകയായിരുന്ന വിക്രമാക്രമന്മാര്‍ കാണുന്നത് മോങ്കിയേയും കൂട്ടാളിയേയും പോലീസ് കൊണ്ടുപോകുന്നതാണ്.
'അതാ മോങ്കി' -അക്രം.
'അവനും പട്ടിയെ പിടിക്കാനിറങ്ങിയതാവും.'-വിക്രം.
'പക്ഷേ പട്ടിയെ പിടിക്കുന്നതിനുമുമ്പ് പോലീസ് അവനെ പിടിച്ചെന്നാ തോന്നുന്നത്.'-അക്രം.
റോഡ് സൈഡിലെ ചവറുകൂനയ്ക്കടുത്ത് ഒരു പട്ടി നില്‍ക്കുന്നത്കണ്ട് അക്രം വിക്രമിനെ വിളിച്ചു കാണിച്ചു.
'മണ്ടോ പറഞ്ഞ ലക്ഷണങ്ങളൊക്കെ അതിന് ഉണ്ടോന്നു നോക്കണം.'-വിക്രം നിര്‍ദ്ദേശിച്ചു.
'ഉണ്ട്. കറുത്ത നിറം. വാലിന് ആവശ്യത്തിനു വളവുമുണ്ട്.' -അക്രം
'ബെല്‍റ്റ് കെട്ടിയിട്ടില്ലല്ലോ.' -വിക്രം
'ശരിയാ പാന്റുമില്ല, ബെല്‍റ്റുമില്ല.' -അക്രം
'ഇംഗ്ലീഷ് മനസ്സിലാകുമോന്നു നോക്കാം' -വിക്രം
'മനസ്സിലാകും. കണ്ടില്ലേ, ഇംഗ്ലീഷ് പത്രമാണ് കടിക്കുന്നത്.' -അക്രം
'അങ്ങനെയൊന്നും മനസ്സിലാക്കാന്‍ പറ്റില്ല.' -വിക്രം
'എന്നാല്‍ അവന്‍ കുരയ്ക്കട്ടെ. അപ്പോള്‍ നോക്കാം. അല്ലെങ്കില്‍ ഞാനിപ്പോള്‍ ടെസ്റ്റുചെയ്യാം.' അക്രം പാര്‍സല്‍ വാങ്ങിയ ഫുഡ് പാക്കറ്റ് കറക്കിക്കൊണ്ട് ആ പട്ടിയ്ക്കരികിലേക്കു ചെന്നു.
'ഹലോ- ഗുഡ് മോണിംഗ് ഷെപ്പീ' -അക്രം
അതുകേട്ട് പട്ടി തിരിഞ്ഞു അക്രമിനെ നോക്കി.
'കം-കം ഹിയര്‍' -അക്രം
പട്ടി അക്രമിനടുത്തേയ്ക്കു വരുന്നതു കണ്ട് വിക്രം പറഞ്ഞു. 'വാ നമുക്ക് നടക്കാം. ആളൊഴിഞ്ഞ സ്ഥലത്തെത്തുമ്പോള്‍ പിടിക്കാം.'
സി.ഐ.ഡി മാര്‍ നടന്നപ്പോള്‍ പട്ടിയും പിറകേ നടന്നു.
'കം-കമ്മെടാ-സ്പീഡില്‍ കമ്മെടാ-' എന്നൊക്കെ അക്രം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വിക്രം വിളിച്ചു പറഞ്ഞു. 'ഇനി പിടിച്ചോ-'
പക്ഷേ അക്രം പിടിക്കുന്നതിനുമുമ്പ് പട്ടി പിടിച്ചു കഴിഞ്ഞു. പട്ടി ചാടി അക്രമിന്റെ കൈയിലിരുന്ന പൊതിയില്‍ ഒറ്റ കടി. അതും കൊണ്ട് ഒറ്റ ഓട്ടം.
'അയ്യോ - എന്റെ ചിക്കനും ചപ്പാത്തിയും പോയേ-' അക്രം നിലവിളിച്ചുകൊണ്ട് റോഡുവക്കിലിരുന്നു.
3 കള്ളനെ കടിച്ചേ
ആദ്യ പരസ്യത്തില്‍ 'ഷെപ്പി' യെ കണ്ടെത്താനാകാത്തതിനാല്‍ മണ്ടോ സായിപ്പ് ഒരാഴ്ച കഴിഞ്ഞ് വീണ്ടും പത്രപ്പരസ്യം കൊടുത്തു.
'പട്ടിയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം.'
പരസ്യം വായിച്ച് വിക്രം പറഞ്ഞു. 'എടാ അക്രം നമുക്ക് തെരച്ചില്‍ ഊര്‍ജ്ജിതമാക്കണം.'
'നമ്മളെക്കൊണ്ട് അതിനെ പിടിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഇനി പട്ടിതന്നെ പത്രം വായിച്ച് തിരിച്ചു വരട്ടെ.' -അക്രം
'അക്രം, ഒരു സി.ഐ.ഡി മുന്നോട്ടു വച്ചകാല്‍ പിന്നോട്ടെടുക്കരുത്.' -വിക്രം
'കടിക്കുന്ന പട്ടീരെ മുമ്പെ നീ കാല് കൊണ്ടു വച്ചു കൊട്. ഞാനില്ല.' -അക്രം
'എടാ, നമുക്ക് പുതിയ ഐഡിയ നോക്കാം. ആ പട്ടിയുടെ ഫോട്ടോയുണ്ടോയെന്നു ചോദിക്കാം.' -വിക്രം
'അതിന് ആരെങ്കിലും പട്ടിയുടെ ഫോട്ടോയെടുത്തു വയ്‌ക്ക്വോ?' -അക്രം
'വിദേശത്തുനിന്നുവന്ന പട്ടിയല്ലേ, പാസ്‌പോര്‍ട്ടിനും മറ്റും ഫോട്ടോയെടുത്തിരിക്കും.'-വിക്രം
'എന്നാല്‍ വാ നമുക്ക് നോക്കാം.' -അക്രം
മണ്ടോയുടെ വീടിനു മുമ്പില്‍ ആനത്തലയുള്ള കാര്‍ വന്നുനിന്നു. മണ്ടോ വീട്ടില്‍ തന്നെയുണ്ടായിരുന്നു. വിക്രമാക്രമന്മാര്‍ സ്വയം പരിചയപ്പെടുത്തി.
'ഞങ്ങള്‍ സി.ഐ.ഡിമാരാണ്. താങ്കളുടെ പട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഞങ്ങള്‍.'
'ഇതുവരെ ഞാന്‍ പോലീസില്‍ പരാതി കൊടുത്തിട്ടില്ല. ശിക്ഷകിട്ടുമെന്നറിഞ്ഞാല്‍ കള്ളന് വാശി കൂടുമല്ലോ. അതുകൊണ്ടാണ് പരാതി കൊടുക്കാത്തത്.' -മണ്ടോ.
'അതു വേണ്ടിവരില്ല. ഞങ്ങള്‍ തന്നെ ഷെപ്പിയെ കണ്ടുപിടിച്ചിരിക്കും.' -വിക്രം.
'ഞങ്ങള്‍, കാണാതായ ആനയെ കണ്ടുപിടിച്ചിരിക്കുന്നു. പിന്നെയല്ലേ ഒരു പട്ടി' -അക്രം.
'ആനയെ കണ്ടെത്താന്‍ എളുപ്പമാണ്. പട്ടിയെകണ്ടുപിടിക്കാനാണു പ്രയാസം.' -മണ്ടോ.
വിക്രം അക്രമിനെ നോക്കി കണ്ണുരുട്ടിയതിനാല്‍ അക്രം പിന്നെ അബദ്ധമൊന്നും പറഞ്ഞില്ല.
മണ്ടോയുടെ ഫോണ്‍ ശബ്ദിക്കുന്നു. സി.ഐ.ഡിമാരോട് ഇരിക്കാന്‍ പറഞ്ഞിട്ട് മണ്ടോ ഫോണെടുത്തു.
'ഹലോ'
'നിങ്ങളുടെ പട്ടിയെ കണ്ടുപിടിച്ചുതന്നാല്‍ ഒരു ലക്ഷം രൂപ നല്‍കുമെന്നു പരസ്യം കണ്ടു.'
'അതെ.'
'രണ്ടു ലക്ഷം രൂപ തന്നാല്‍ ഞാന്‍ കണ്ടുപിടിച്ചു തരാം.'
'അതു വലിയ തുകയല്ലേ?'
'പട്ടിയെ വേണമെങ്കില്‍ മതി. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ഇവനെ കിട്ടാന്‍ പോകുന്നില്ല. സമ്മതമാണെങ്കില്‍ ഇന്നുതന്നെ ഞാന്‍ പട്ടിയെ കൈമാറാം.'
'എനിയ്‌ക്കൊന്ന് ആലോചിക്കണം.'
'എന്നാല്‍ ഞാന്‍ അരമണിക്കൂര്‍ കഴിഞ്ഞ് വിളിക്കാം'
'ഓക്കെ.' മണ്ടോ ഫോണ്‍ വച്ചുകഴിഞ്ഞപ്പോള്‍ വിക്രം ചോദിച്ചു.
'ആരാ സംസാരിച്ചത്?'
'ആളിനെ അറിയില്ല. രണ്ടു ലക്ഷം കൊടുത്താല്‍ ഷെപ്പിയെ ഇന്നു തന്നെ കൈമാറാമെന്നു പറഞ്ഞു.'
'സമ്മതമാണെന്നു പറഞ്ഞാ മതി. അവന്‍ പട്ടിയെകൊണ്ടുപോയ മോഷ്ടാവ് തന്നെയായിരിക്കും. ഞങ്ങള്‍ കൂടെയുണ്ട്. ധൈര്യമായിരിക്കൂ. ഞങ്ങള്‍ പറയുന്നതുപോലെ ചെയ്താ മതി.'
മണ്ടോ സമ്മതമറിയിച്ചതനുസരിച്ച് ആ കള്ളന്‍ ഷെപ്പിയുമായി മണ്ടോയുടെ വീട്ടിലെത്തി. മണ്ടോ പണം നല്‍കിയപ്പോള്‍ അയാള്‍ ഷെപ്പിയെ കൈമാറി. ആ സമയം വീട്ടിനുള്ളില്‍ വിക്രമാക്രമന്മാര്‍ മറഞ്ഞിരിക്കുകയായിരുന്നു. മോഷ്ടാവ് പോകാനായി തിരിഞ്ഞതും വിക്രമിന്റെ നിര്‍ദ്ദേശമുസരിച്ച് മണ്ടോ വിളിച്ചു പറഞ്ഞു
'ഷെപ്പീ, ക്യാച്ച് ഹിം.'
യജമാനന്റെ ആജ്ഞയനുസരിച്ച് ഷെപ്പി കള്ളന്റെ മേല്‍ ചാടി വീണു. കടിയേറ്റ് അവശനായ അയാളെ പിടിച്ചുകെട്ടാന്‍ സി.ഐ.ഡിമാര്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നില്ല.
കള്ളനെ പോലീസിനു കൈമാറിയതിനെത്തുടര്‍ന്ന് പോലീസ് കള്ളന്റെ താവളത്തില്‍ പരിശോധന നടത്തി. ഇതുപോലെ കടത്തിക്കൊണ്ടുവന്ന ആറേഴു നായ്ക്കളെ അവിടെ നിന്നും കണ്ടെത്തുകയും ചെയ്തു.
സിറ്റിയിലെ പട്ടി മോഷണം അവസാനിപ്പിച്ച സി.ഐ.ഡി മാരോട് റേഡിയോ ഡോങ്കി ചോദിച്ച ചോദ്യം ഇതായിരുന്നു. 'മറ്റ് കുറ്റാന്വേഷകരോട് എന്താണ് പറയാനുള്ളത്?'
ഉത്തരം അക്രമിന്റേതായിരുന്നു. 'ആദ്യം കള്ളനെ ചാടിക്കടിക്കുക. എന്നിട്ട് പിടിക്കുക. അതാണ് എളുപ്പം.'