mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 6

അക്കാലത്ത്  ഈ രാജാവും അതിനിടയിൽ ഷഹീദ് നായകം എന്നറിയപ്പെട്ടു തുടങ്ങിയിരുന്ന അറബ് വംശവും തമ്മിൽ വളരെയധികം സൗഹൃദം നിലനിന്നുപോന്നിരുന്നു.  ഏർവാടി ദർഗ്ഗയിൽ 41 ദിവസം താമസിക്കാനും ദർഗയിലെ ജലം മരുന്നെന്ന് സങ്കൽപ്പിച്ച് രണ്ടുനേരം കുടിക്കാനും അക്കാലത്തെ ഏർവാടി പുരോഹിതൻ ഖുതബ് വലിയുള്ള നിർദ്ദേശിച്ചു. 

മരിച്ച സുൽത്താൻ ബാദുഷാ ഷഹീദിന് അദ്ഭുത പ്രവർത്തികൾ ( കറാമത്തുകൾ) സാധ്യമാണെന്നും ഈ ജലം സേതുപതിയുടെ എല്ലാ ദുർബലതകൾക്കും ഉള്ള പരിഹാരമാണെന്നും രാമനാഥപുരം രാജാവ് സേതുപതിയെ വിശ്വസിപ്പിക്കാൻ വലിയുള്ളക്ക് കഴിഞ്ഞു.  ഇദ്ദേഹത്തിന്റെ കീഴിലുള്ള ചികിത്സയിൽ മനസ്സിന്  പുത്തനുണർവ് നേടിയെടുത്താണ് സേതുപതി കൊട്ടാരത്തിലെത്തിയത് . ഒരു ചെറുപ്പക്കാരന്റെ ആവേശത്തോടേയും ഉണർവ്വോടെയും  ഭാര്യയെ പ്രാപിച്ച സേതുപതി യ്ക്ക് അനന്തരാവകാശിയെ ലഭിക്കാൻ അധികം താമസം നേരിട്ടില്ല .ദുർവിധിയുടെ കാർമേഘങ്ങൾ നീങ്ങിയതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു . ലൈംഗിക ഉത്കണ്ഠകളിൽ നിന്നും വിദഗ്ദമായി സേതുപതിയെ മനശാസ്ത്രപരമായി മോചിപ്പിക്കുക ആയിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം എന്താണെന്ന് ശരിയായി അനുമാനിച്ച  വലിയുള്ള ചെയ്തത്. സേതുപതിയ്ക്ക് പുത്രൻ പിറന്ന സന്തോഷം നാടാകെ  പടർന്നതിന് ഒപ്പം തന്നെ സുൽത്താന്റെ കറാമത്ത് കളിലുള്ള വിശ്വാസവും ജനങ്ങൾക്കിടയിൽ പടർന്നു.  മാനസികമായ എത് ദൗർബല്യങ്ങൾക്കും ഈ ചികിത്സ മതിയെന്ന് ജനങ്ങൾ വിശ്വസിച്ചു. പക്ഷേ  വർഷങ്ങൾക്ക് ശേഷം വലിയ ഒരു ദുരന്തമായിരുന്നു ഏർവാടി ഈ പാരമ്പര്യം മുഖേന അഭിമുഖീകരിച്ചത്. 

എന്നെ ഒരു സൈക്യാട്രിസ്റ്റാകാൻ പ്രേരിപ്പിച്ച ഒരു വലിയ ദുരന്തം !!

2001 ആഗസ്റ്റ് … പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കം …

വർഷങ്ങളായി പതിഞ്ഞു മൂടിയ അന്ധവിശ്വാസങ്ങളുടെ പൊടിക്കൂമ്പാരങ്ങൾ ഒരു പക്ഷേ തുടച്ചു നീക്കാൻ കഴിഞ്ഞെന്ന് ആധുനിക ഭിക്ഷഗ്വരർ വ്യാമോഹിച്ചു തുടങ്ങിയ ഒരു കാലം …

കാരിരുമ്പ്  ചങ്ങലക്കെട്ടുകളിൽ മുറുകിക്കിടന്ന് ആളിക്കത്തുന്ന തീജ്വാലകളെ മറി കടക്കാനാവാതെ ഇരുപത്തി എട്ടോളം മനോരോഗികൾ ഏർവാടിയിൽ  നിസ്സഹായരായി കരിക്കട്ടകളായി.  നിസ്സഹായരായി പിടഞ്ഞു മരിച്ച പാവം മനോരോഗികളുടേയും ബുദ്ധിമാന്ധ്യം പിടി പെട്ടവരുടേയും ദീനരോദനങ്ങൾ  ഉയർന്നപ്പോൾ രക്ഷിക്കാൻ ആരും തന്നെ ഉണ്ടായില്ല. എല്ലാവർക്കും ചുറ്റും ചങ്ങലകൾ ആയിരുന്നു. അറുത്തു മാറ്റിയാലും പോകാത്ത വിശ്വാസത്തിന്റേയും അന്ധവിശ്വാസത്തിന്റേയും ചങ്ങലകൾ !! 

ക്രിസ്തുവർഷം 1311 ലാണ്  മാലിക് കഫൂറിന്റ നേതൃത്വത്തിൽ  അലാവുദീൻ ഖിൽജിയുടെ സൈന്യം ദക്ഷിണേന്ത്യയിലേക്ക് കടക്കുന്നത്.  അവർ വാറംഗലിൽ  അടക്കം ഉള്ള പല നിധികളും  സുൽത്താൻറെ ഖജനാവിലേക്ക് കണ്ടു കെട്ടി. മധുരയിലെ സമ്പത്തിനെപ്പറ്റി  നിന്ന് അറിഞ്ഞ  അലാവുദ്ദീൻ ഖിൽജി  മധുര ആക്രമിക്കാൻ ഉത്തരവിട്ടു .പാണ്ഡ്യരാജാക്കന്മാരുടെ ആക്രമണ/ വീര്യം അറിഞ്ഞ്  അല്പം പതുങ്ങി നിന്നിരുന്ന മാലിക് കഫൂർ അക്രമണത്തിന് കച്ച കെട്ടി. മധുരയിലെ രാജാവായിരുന്ന വീരപാണ്ഡ്യന് പക്ഷേ യുദ്ധത്തിൽ താൽപ്പര്യമുണ്ടായിരുന്നില്ല.  അദ്ദേഹം പ്രതിരോധ പരമായ സമീപനമാണ് സ്വീകരിച്ചത് . പക്ഷേ വീരനായിരുന്ന അദ്ദേഹത്തിന്റെ സ്വന്തം സഹോദരൻ സുന്ദരപാണ്ഡ്യൻ പോരാടാൻ തന്നെ തീരുമാനിച്ചു. കാലാൾപ്പടയും  റാവുത്തർ കുതിരപ്പടയും ആയി കാവേരീ നദീ തീരത്ത് വച്ച് മാലിക് കഫൂറുമായി ഏറ്റുമുട്ടി. കത്തിനിൽക്കുന്ന തമിഴ് ചൂടിൽ വരണ്ട് വിണ്ടിരിക്കുകയായിരുന്നു കാവേരി നദി. വെള്ളം കിട്ടാതെ പാണ്ഡ്യൻമാരുടെ തമിഴ് സേന വലഞ്ഞു. ക്ഷമാശീലരായിരുന്ന ഖിൽജി സേനയാകട്ടെ ഇത്തരം പല പ്രാകൃത യുദ്ധങ്ങളും നേരിട്ട പരിചയസമ്പന്നരായിരുന്നു. കാലാൾപ്പട മാലിക് കഫൂറിന്റെ സേനയ്ക്ക് മുൻപിൽ നിഷ്പ്രഭമായി.ഭാരമേറിയ വാളുകൾ ആയിരുന്നു റാവുത്തർമാർ സാധാരണ ഉപയോഗിച്ചിരുന്നത് . വൻ ചൂടിൽ ദീർഘനേരം ഒരു ബൃഹത്തായ സേനയുമായി ഏറ്റു മുട്ടുമ്പോൾ ഭാരം കുറഞ്ഞ വാളുകൾ അത്യാവശ്യമായിരുന്നു. റാവുത്തർ സേനയ്ക്ക് അധിക നേരം പിടിച്ചു നിൽക്കാൻ ആയില്ല. രക്ഷപ്പെട്ട തുൽക്കപ്പടയിലെ റാവുത്തരിൽ ചിലർ ഉടനെ തന്നെ വീരപാണ് ഡ്യന്റെ അടുത്തെത്തി കാര്യം പറഞ്ഞു. മാലിക് കഫൂറിന്റെ ഉന്നം മധുരയുടെ അഭിമാനമായ മധുരൈ മീനാക്ഷി ക്ഷേത്രത്തിലെ അളവറ്റ സമ്പത്തായിരിക്കാം എന്ന് അവർ വീരപാണ്ഡ്യനെ ബോധിപ്പിച്ചു. ഇത് ശരിയായിരിക്കാം എന്ന് തോന്നിയ വീരപാണ്ഡ്യൻ ക്ഷേത്രത്തിന് വൻ സുരക്ഷ ഏർപ്പെടുത്തി. ആയിരക്കണക്കിന് മുസ്ലിം റാവുത്തർ പടയാളികൾ ക്ഷേത്രത്തിന് കാവലായി അണി നിരന്നു . ഇതറിഞ്ഞ മാലിക് കഫൂർ ഞെട്ടി പ്പോയി. ഒരു ഹിന്ദു ക്ഷേത്രം സംരക്ഷിക്കാൻ സ്വന്തം ജീവൻ ബലി അർപ്പിക്കാൻ തയ്യാറാകുന്ന മുസ്ലിംങ്ങൾ: അത് അദ്ദേഹത്തിന്റെ സങ്കൽപ്പങ്ങൾക്ക് അപ്പുറത്തായിരുന്നു. മുട്ടാൾ റാവുത്തറുടെ നേതൃത്വത്തിലുള്ള അശ്വ സേനയുടെ പ്രകടനം അതി പ്രശംസനീയമായിരുന്നു. ഇതിന്റെ ഓർമ്മയ്ക്കായാണ് തമിഴ്നാട്ടിലെ മിക്ക അമ്മൻ കോവിലുകളിലും ദേവീക്ഷേത്രങ്ങളിലും ഒരു അശ്വാരൂഢനായ ഒരു പടയാളിയുടെ പ്രതിമ കാണുന്നത് ,  മുട്ടാൾ റാവുത്തറുടെ പ്രതിമ ആണത്, ലോക പ്രശസ്ത സേനാധിപനായിട്ടും മുട്ടാളിന്റെ പോരാട്ട  വീരത്തിന് മുൻപിൽ മാലിക് കഫൂറിന്റെ മുട്ട് വിറച്ചു. അദ്ദേഹത്തിന്റെ വിഖ്യാത ഖിൽജി സേനയുടെ പകുതിയോളം പേരുടെ ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. പത്തോളം യുദ്ധങ്ങൾ അതിന്റെ ഭാഗമായി ഉണ്ടായി. പക്ഷേ യുദ്ധം ജയിക്കുക എന്നത് അഭിമാന പ്രശ്നമായപ്പോൾ ആക്രമണം ശക്തമാക്കാൻ അലാവുദ്ദീൻ ഖിൽജി ഉത്തരവിട്ടു. നീണ്ടു നിന്ന യുദ്ധങ്ങളിൽ വളരേക്കാലം പിടിച്ചു നിൽക്കുക എന്നതായിരുന്നു ഖിൽജിയുടെ ഒരു രീതി. ഇത് മനസ്സിലാക്കിയ വീര പാണ്ഡ്യൻ യുദ്ധo നിർത്തുക യാണ് ബുദ്ധി എന്ന് തീരുമാനിച്ചു. അദ്ദേഹം മധുര ഖജനാവിൽ നിന്ന് 96,000 സ്വർണ്ണ നാണയങ്ങളും മധുരയിൽ ഉണ്ടായിരുന്ന അരിയും അവരുടെ കൈവശം ഉണ്ടായിരുന്ന മുഴുവൻ ആനകളേയും കുതിരകളേയും കൊടുത്ത് യുദ്ധത്തിൽ നിന്ന് ഒഴിവായി..

റാവുത്തർ പുരാണം അങ്ങിനെ നിൽക്കട്ടെ, എന്റെ ഉറവിടങ്ങളിലെ കഥകളിലേയ്ക്ക് വീണ്ടും കടക്കാം .

ഒന്നു  ശ്രദ്ധിച്ചാൽ വണ്ടി ചക്രങ്ങൾ ഉരുളുന്ന ശബ്ദം കേൾക്കാം….

ഏതൊക്കെയോ വഴികളിലൂടെ --

കുറച്ചു കാലങ്ങൾക്ക് മുൻപ് ..

തൃശ്ശൂർ പട്ടണത്തിലെ , കൊക്കാലെ എന്ന ദേശത്തെ, അമ്പാടി ലെയിൻ എന്ന തെരുവിലെ, വണ്ടിക്കാരൻ സുൽത്താൻ കുട്ടി റാവുത്തര്‍ക്ക് ഭാര്യമാര്‍ രണ്ടായിരുന്നു. ‘പറവൂര് കാരി’ എന്ന് സ്ഥലപ്പേരിനാൽ അറിയപ്പെട്ട  സുന്ദരിയായ ആദ്യ ഭാര്യയും  അത്ര കണ്ട് സുന്ദരിയല്ലാത്ത പൊട്ടേമ്മയും. ആദ്യഭാര്യയിൽ നിന്ന് രണ്ട് മക്കൾ. പിൽക്കാലത്ത് റയിൽവേ പോർട്ടറായ മജീദും , ആസിറായും. പക്ഷേ പുത്രഭാഗ്യം ഏറെയും കൈ വന്നത് രണ്ടാം ഭാര്യയായ പൊട്ടേമ്മയിൽ നിന്നായിരുന്നു. സുലൈഖയും മീരാമ്പിയും ജൈനുബുവും തമ്പിയും വണ്ടിക്കാരൻ മജീദും ഒക്കെ അടങ്ങിയ പുത്ര പരമ്പരകൾ . സുൽത്താൻ കുട്ടി റാവുത്തറുടെ പാരമ്പര്യം പിൻപറ്റി വണ്ടിക്കാരൻ ആയത് ഒരേ ഒരു ആൾ മാത്രം. 

വണ്ടിക്കാരൻ എന്ന പേര് എങ്ങനെ കിട്ടി എന്നറിയേണ്ടേ? സുൽത്താൻ കുട്ടി റാവുത്തർക്ക് രണ്ടോ മൂന്നോ വണ്ടിക്കാളകളും വണ്ടികളും ഉണ്ടായിരുന്നു. വ്യാപാരാവശ്യങ്ങൾക്കായി സ്വയം ഓടിക്കുകയും  വാടകയ്ക്ക് കൊടുക്കുകയും ചെയ്തിരുന്നു. അതി സമ്പന്നൻ അല്ലെങ്കിലും ഒരു ഇടത്തരം രീതിയിൽ ജീവിച്ചു പോകാവുന്ന ജീവിതരീതിക്ക് ഉടമ. ചെറിയ ഒരു ഭൂസ്വത്തും ഉണ്ടായിരുന്നു. ഇതിൽ നിന്നും പിൽക്കാലത്ത് കൊക്കാലയിലെ ഹിദായത്തുൽ ഇസ്ലാം സ്കൂളിന് സ്ഥലം നൽകപ്പെട്ടിരുന്നതായി പറയപ്പെടുന്നു. തൃശൂർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന അമ്പാടി ലെയിനിനും കൊക്കാലെയും കുറിച്ച് ആലോചിക്കുമ്പോൾ ഒരു പ്രത്യേക നൊസ്റ്റാൾജിക് / ഫാൻ്റസി അനുഭവം ഉണ്ടാകുന്നതിൽ പ്രധാന പങ്ക് വഹിച്ച സ്ഥാപനമായിരുന്നു ഹിദായത്തുൾ ഇസ്ലാം സ്കൂൾ . എൻ്റെ അമ്മ റുഖിയാമ്മ നാലര ക്ലാസ്സ്  ( അന്ന് അര ക്ലാസ്സുകൾ ഉണ്ടായിരുന്ന കാലം ആയിരുന്നു ) വരെ പഠിച്ച സ്കൂൾ. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം അറിയാത്ത അക്കാലത്ത് അത്രയൊന്നും മനസ്സിലാകാതിരുന്ന മാതാവ്  സുലൈഖാമ്മയ്ക്കും കർക്കശക്കാരനായ രണ്ടാനച്ഛൻ കാസിം റാവുത്തർക്കും ഇടയിൽ പെട്ട് നാലക്ഷരം പഠിച്ച് ഒരു ഉദ്യോഗസ്ഥയാവാൻ മോഹിച്ച ഒരു സുന്ദരി പെണ്ണിന് ആകെ ഉണ്ടായിരുന്ന ഏക ആദ്യ അത്താണി ആയിരുന്നു ആ സ്കൂൾ. വിദ്യാഭ്യാസത്തിൻ്റെ ആദ്യ കാൽ വയ്പ്പുകൾ. പച്ച നിറത്തിൽ പെയിൻ്റും കുമ്മായവും പൂശി ചന്ദനക്കലയോട് കൂടി ഹിദായത്തുൾ ഇസ്ലാം സ്കൂൾ എന്നെഴുതിയ ലിപിയോട് കൂടിയ മകുടവുമായി നിന്ന ആ സ്കൂൾ അങ്ങിനെ അവളുടെ ജീവിതത്തിൽ നിർണ്ണായകമായി മാറി.

പൊട്ടേമ്മയുടെ മക്കളിൽ എല്ലാവരും ബഹുമാനിച്ചിരുന്ന വ്യക്തിത്വമായിരുന്നു മാതൃമാതാവ് സുലൈഖയുടേത്. സൗന്ദര്യവും സുശീലതയുമായിരുന്നു സുലൈഖയുടെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടിയിരുന്നത്. വെളുത്ത് മെലിഞ്ഞ ഭംഗിയുള്ള മുഖവും ശരീരവും തൂവെള്ള തട്ടവും മേൽമുണ്ടും കാതിലെ തട്ടു ലോലാക്കും മൃദുഭാഷണവും സുലൈഖയെ  ആർക്കും പ്രിയങ്കരിയാക്കി. (ഞാൻ സുലൈഖാമ്മ എന്നാണ് വിളിച്ചിരുന്നത്. എൻ്റെ മകളുടെ പേര് സുലൈഖ എന്ന് ഇട്ടത് എനിക്ക് വളരേ ഇഷ്ടമുള്ള ഈ അമ്മയുടെ ഓർമ്മയ്ക്കാണ്). തീർച്ചയായും തൊപ്പിക്കാരൻ ഹസ്സൻ റാവുത്തർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരിക്കില്ല അവരെ വിവാഹം ചെയ്യാൻ. അത്രക്ക് മോഹിപ്പിക്കുന്ന സൗന്ദര്യവതി തന്നെ ആയിരുന്നു.

തൊപ്പിക്കാരൻ ഹസ്സൻ റാവുത്തരെ പറ്റി  ആരും അധികം ഓർമ്മകൾ ഒന്നും പങ്ക് വക്കുന്നില്ല. കാരണമറിയാത്ത എന്തോ നിഗൂഢതകൾ. ഒന്നു മാത്രം അറിയാം. സുലൈഖ കടിഞ്ഞൂൽ കുഞ്ഞായ റുഖിയയെ പ്രസവിച്ച ഉടനെ അയാൾ വീട് വിട്ടിറങ്ങി, അവധൂതനായി. പലരും ശ്രമിച്ചെങ്കിലും അദ്ദേഹം എവിടെപ്പോയി. എങ്ങോട്ടു പോയി എന്നതിനൊന്നും യാതൊരു പിടിയും കിട്ടിയില്ല. വിധിയുടെ ഏതോ കണക്കുകൾ പൂരിപ്പിക്കാനെന്ന വണ്ണം എൻ്റെ അമ്മ ജന്മത്തോടെ പിതാവില്ലാത്തവളായി.

ഇപ്പറഞ്ഞ ഹിദായത്തുൽ സ്കൂളിനോട് അടുത്ത് തന്നെ ഉണ്ടായിരുന്ന ഒരു വാടക വീട്ടിലായിരുന്നു അമ്മയുടെ ജനനം. അതിനു ശേഷം അധികം വൈകാതെ തന്നെ കാസിം റാവുത്തർ സുലൈഖയുടെ ജീവിതത്തിലേക്ക് കടന്നു വന്നു. പണ്ടേ അദ്ദേഹം തൊപ്പിക്കാരുടെ ( ഹസ്സൻ റാവുത്തരുടെ - അമ്മയുടെ യഥാർത്ഥ പിതാവിൻ്റെ) തറവാടിനടുത്തുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നതായി പറയപ്പെടുന്നു. ഒരു പക്ഷേ അപ്പഴേ സുന്ദരിയായിരുന്ന സുലൈഖയെ കണ്ടിരിക്കാനോ ശ്രദ്ധിച്ചിരിക്കാനോ വഴിയുണ്ട്. പക്ഷേ വാടക വീട്ടിൽ ഭർത്താവ് ഇല്ലാതെ,  പ്രസവിച്ച്  കിടന്നിരുന്ന  സുലൈഖയുടെ അടുത്തേയ്ക്ക് അദ്ദേഹം എത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. അവിചാരിതമായി ഉണ്ടായ ഒരു തീ പിടുത്തം. അതിനുളളിൽ പെട്ട് ആ യുവതിയായ അമ്മയും ഒരു പിഞ്ചു കുഞ്ഞും വെന്തു പോകാതെ രക്ഷപ്പെട്ടത് തത്സമയത്ത് എത്തിയ ഫയർ ബ്രിഗേഡിലെ മിടുക്കനായ ഫയർ ഓഫീസർ കാസീം റാവുത്തരുടെ സഹായത്തോടെ ആയിരുന്നു. പട്ടാളത്തിൽ നിന്നും പിരിഞ്ഞതിനു ശേഷം ചുരുങ്ങിയ നാൾ ഫയർ സർവീസിലും പിന്നെ പോലീസുകാരനായും സേവനമനുഷ്ഠിച്ച ആളായിരുന്നു കാസിം റാവുത്തർ. സുലൈഖ അദ്ദേഹത്തിൻ്റെ മനസ്സ് കവർന്നു. അവർ ഉടനടി വിവാഹിതരായി. സുലൈഖയുടെ അനാഥത്വം അതോടെ മാഞ്ഞെങ്കിലും റുഖിയായുടെ അനാഥത്വം ഇരട്ടിച്ചതേ ഉള്ളൂ. അച്ഛനു പകരമാവുമോ അത്രയൊന്നും വിശാലമനസ്കൻ അല്ലാത്ത രണ്ടാനച്ഛൻ?

വിവാഹശേഷം അവർ തൃശൂർ പട്ടണ്ത്തിനടുത്തു തന്നെയുള്ള വടൂക്കരയിൽ  താമസമാക്കി. മറ്റൊരു വാടക വീട്ടിൽ. കാസിം റാവുത്തറുടെ കൂടെ അദ്ദേഹത്തിൻ്റെ അമ്മയും ഉണ്ടായിരുന്നു. അതി സാത്വികയായ ഒരു സ്ത്രീ. മെടിയതിപ്പുറത്ത് നടക്കുകയും നിസ്കാരവും നോമ്പും ഒട്ടും മുറിയാതെ നോക്കുകയും ചെയ്തിരുന്ന അൽപ്പം പരിശുദ്ധ എന്നു തന്നെ പറയാവുന്ന ഈ സ്ത്രീ. എൻ്റെ അമ്മ റുഖിയയുടെ ഓർമ്മ വച്ച നാൾ മുതൽ കണ്ടിരുന്ന ഈ സ്ത്രീയിൽ നിന്നാണ് സാത്വികതയുടെ ആദ്യ പാoങ്ങൾ അവർക്ക് ലഭിച്ചത്. ജീവിതകാലം മുഴുവൻ അമ്മയെ സഹായിച്ച വിശ്വാസം. ജീവിതത്തിലെ അഗ്നിപരീക്ഷകളിൽ മനസ്സ് ഉറപ്പിച്ചു നിർത്തിയ ദൈവത്തിൻ്റെ തുണ. തലമുറകളിൽ അടിച്ചേൽപ്പിക്കാതെ തനിക്ക് വേണ്ടി അവർ കൊണ്ട് നടന്നിരുന്ന ഒരു സ്വകാര്യാനന്ദം. 

എത്രയൊക്കെ വിശുദ്ധയാണെങ്കിലും സ്വന്തം മകൻ്റെ ഭാര്യയുടെ ആദ്യകുഞ്ഞിനോട് ഒരു വേറിട്ട ഭാവം ആയിരുന്നു ആ സ്ത്രീ കാണിച്ചത്. കാരണം വിവാഹശേഷം ഒട്ടും വൈകാതെ തന്നെ സുലൈഖ മറ്റൊരു പെൺകുഞ്ഞിന് , കാസിം റാവുത്തറുടേതായ പെൺകുഞ്ഞിന് ജന്മം കൊടുത്തിരുന്നു, നൈസുമ്മ.സ്വന്തം മകൻ്റെ ഛായയിലുള്ള ഈ കുഞ്ഞിനോട് സ്വാഭാവികമായും ആ സ്ത്രീക്ക് കൂടുതൽ സ്നേഹം തോന്നി. റുഖിയക്ക് ഓർമ്മ വന്നപ്പോൾ മുതൽ അനുഭവിച്ചത് ഈ വേർതിരിവാണ്. താൻ വേണ്ടാത്തവളാണ് എന്ന തോന്നൽ വളരേ മുൻപു തന്നെ അവളുടെ മനസ്സിൽ കേറിക്കൂടി. എന്നാൽ ആ കുടുംബത്തിന് ഏറെ വേണ്ടപ്പെട്ടവളായി മാറാൻ തന്നെയായിരുന്നു ആ കൊച്ചു കുഞ്ഞിൻ്റെ വിധി. 

ഈശ്വരൻ വെട്ടിയ വഴികൾ നമുക്കെന്തറിയാൻ? 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ