mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 3

അപ്പോൾ കഥ കേൾക്കേണ്ടേ! 

നമുക്ക് ഒരു സഹസ്രാബ്ദത്തിലപ്പുറം  പുറകിലോട്ടു പോകാം.  ആയിരത്തിൽ പരം വർഷങ്ങൾക്ക്   മുൻപും  സംസ്കാര തനിമയാർന്ന് വിളങ്ങുന്ന  തമിഴകത്തിലേക്ക്!

പേർ പെറ്റ രണ്ടാം പാണ്ഡ്യ ഭരണ കാലത്തിലേക്ക് !  കലയും ആയോധന വൈഭവവും കറുപ്പിന്റെ സൗന്ദര്യവും ഒരു പോലെ വെറ്റിക്കൊടി പായിച്ച ആ കാലത്തിലേക്ക് ! .. 

അക്കാലത്ത് കരയും കടലും ഒരുപോലെ കീഴടക്കി വാണ  ആ പാണ്ഡിയ നാട്ടിലേക്ക് ലക്ഷ്യമില്ലാതെ അലഞ്ഞു നടന്ന ഒരു അവധൂതൻ എത്തിച്ചേർന്നു. നാദിർഷാ അഥവാ നാടാർ വാലി. തുർക്കിയിലെ ഒരു രാജകുമാരനായിരുന്നു അദ്ദേഹം. ഒരിക്കൽ ആത്മീയ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ തേടി  ഗൗതമബുദ്ധനെ പോലെ അധികാരം വിട്ടിറങ്ങിയ മനുഷ്യൻ. ലക്ഷ്യമില്ലാതെ വഴികൾ താണ്ടി. പേർഷ്യ ,അഫ്ഗാൻ , വടക്കേ ഇന്ത്യ വഴി പാണ്ഡ്യ നാട്ടിലെത്തി.  ഒരു അവിവാഹിതൻ ആയ സൂഫി വര്യൻ എന്ന നിലയിൽ അദ്ദേഹം ‘കലന്ദർ ‘ എന്നറിയപ്പെട്ടു. തുർക്കിയിൽ നിന്ന് തന്നെയുള്ള  തൊള്ളായിരത്തോളം അനുയായികൾ ഇദ്ദേഹത്തിന്റെ ബഹുമാന്യ വ്യക്തിത്വത്തിൽ ആകൃഷ്ടരായി കൂടെ കൂടിയിരുന്നു.  സ്വന്തം സംസ്കാരത്തിൽ പ്രൗഢിയുണ്ടെങ്കിൽ കൂടി മറ്റു സംസ്കാരങ്ങളെ ക്കൂടി മാനിച്ചിരുന്നവരായിരുന്നു പാണ്ഡ്യൻമാർ . കടുത്ത ശിവ ഭക്തരായിരുന്നു അവർ. നാദിർ ഷായ്ക്കും പാണ്ഡ്യർക്കും പരസ്പരമുള്ള വ്യത്യാസപ്പെട്ട ദൈവ സങ്കൽപ്പങ്ങളും സംസ്ക്കാരവും പുതുമയാർന്നതായി തോന്നി.   തമിഴ് രാജവംശം തിരുച്ചിറപ്പള്ളിയിൽ നാദിർഷയോട് സ്ഥിര താമസമാക്കാൻ അഭ്യർത്ഥിച്ചു. അസാമാന്യ വ്യക്തി പ്രഭാവം ഉള്ള ആളായിരുന്നു നാദിർഷാ എന്ന് പറയപ്പെടുന്നു. മാത്രമല്ല അദ്ദേഹം അദ്ഭുതങ്ങളും രോഗശാന്തിയും മറ്റും സൃഷ്ടിക്കാൻ കഴിവുള്ള ഒരു 'കലന്ദർ ‘അറബ് മാന്ത്രികനാണെന്നുള്ള ശ്രുതി കൂടി പരന്നതോടെ അദ്ദേഹത്തെ കാണാൻ വൻ ജനപ്രവാഹമായി. ഇദ്ദേഹത്തിന്റെ മാസ്മരിക വ്യക്തിത്വത്തിൽ  ആകൃഷ്ടരായി ഇസ്ലാം മതം സ്വീകരിച്ച തിരുച്ചിറപ്പള്ളിയിലെ ഹിന്ദുക്കളാണ് ആദ്യകാല റാവുത്തരുടെ പൂർവ്വികർ. അദ്ദേഹത്തിന്റെ തുർക്കി അനുയായികളുമായുള്ള പുതിയ  വിവാഹബന്ധങ്ങൾക്കും  ഈ  പരിവർത്തനങ്ങൾ  കാരണമായി.  തേവർ എന്ന വിഭാഗത്തിൽ പെട്ടവരാണ് ധാരാളായി മതം മാറിയത് . മരവരും മതം മാറിയവരിൽ പെടുന്നു . തേവർ പരമ്പരാഗത പോരാളികൾ ആയിരുന്നു. തമിഴ് ആയോധന കലകളായ വടിത്തല്ല് , അടി തടകളും , പിന്നെ കളരിപ്പയറ്റും മറ്റും  അറിയാമായിരുന്ന  പാണ്ഡ്യരാജാവിന്റെ  പടയാളികൾ ആയിരുന്ന ഇവർ തുടർന്നും  സൈന്യത്തിൽ ജോലി ചെയ്തിരുന്നു .നാദിർഷായുടെ ദൈവത്തിൽ അവർ ആകൃഷ്ടരായെങ്കിലും  തങ്ങളുടെ  തനതു ഹിന്ദു / തമിഴ് സംസ്കാരം  വിടാൻ അവർ തയ്യാറായിരുന്നില്ല. അവർ പിന്തുടർന്നുവന്ന വസ്ത്രധാരണം, ചില ഹിന്ദു  ആചാരങ്ങൾ ( പ്രത്യേകിച്ചും വിവാഹം മുതലായ ചടങ്ങുകളോടനുബന്ധിച്ച് )എന്നിവ തുടർന്നുകൊണ്ടേയിരുന്നു .... ഇന്നും മാറാതെ റാവുത്തർ മാരെ പിന്തുടരുന്ന ആചാരങ്ങൾ !

തേവർമാരുടെ അടിതടകളെയും വടിത്തല്ലിനെയും മറ്റും പറ്റി എഴുതിയപ്പോൾ ചില കാര്യങ്ങൾ ഓർത്തു പോയി. എന്റെ അത്ത (father ) തമിഴ്‌നാട്ടിൽ പോയി വടിത്തല്ല് അഭ്യസിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് കേട്ടിരുന്നു . പണ്ട് പത്തായത്തിലെ പഴയ വസ്തുക്കൾക്കിടയിൽ തുരുമ്പു പിടിച്ച ഒരു ഉറുമി കണ്ടതോർക്കുന്നു. വളച്ച് അരയിൽ ബൽറ്റ് പോലെ ധരിക്കാവുന്നത്. എല്ലാ വർഷവും ഒരു പുത്തൻ കത്തി പണിയിപ്പിക്കുന്ന പതിവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കൊല്ലനെ കൊണ്ട് നല്ല തവിട്ട് / മെറൂൺ നിറത്തിൽ നല്ല അഴകുള്ള കത്തി !  അരക്കിന്റെ പിടിയും മറ്റും ഉണ്ടാവും. പോളീഷ് ചെയ്ത തുകലുറയും  കാണും. അത് അദ്ദേഹത്തിന്റെ പോലീസ് ബെൽറ്റിൽ വച്ച് വെള്ള മുണ്ടിന് മുകളിൽ ധരിച്ചിരിക്കും. പുറത്ത് കാണില്ല. ഞാൻ ചെറുപ്പത്തിൽ കളിക്കുമ്പോൾ ആ കത്തി എടുത്ത് എന്റെ അരയിൽ ബൽറ്റിൽ ഇട്ട് നടക്കും. ഒരു മൂന്ന് ചക്രമുള്ള കുട്ടി സൈക്കിളിൽ ഈ സംഭവവും ഒരു കളിത്തോക്കും ( കേപ്പ് വച്ച് പൊട്ടിക്കാവുന്നത് ) ഒരു കൌബോയ് ഹാറ്റും വച്ച് ഞാൻ അക്കാലത്ത് ഒരു തേവർ മകനായി വിലസി.

വീടും വിട്ടിറങ്ങിയ നാദിർഷാ ഒരു വേദനപ്പെടുത്തുന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്. എന്റെ അമ്മയുടെ അത്ത അങ്ങിനെ ഒരു നാൾ വീട് വിട്ട് ഇറങ്ങിപ്പോയ ആളാണ്. ഞാൻ പുള്ളിക്കാരനെ കണ്ടിട്ടില്ല ( ഫോട്ടോ പോലും ഇല്ല ) അമ്മയ്ക്കും വലിയ ഓർമ്മകൾ ഒന്നും അദ്ദേഹത്തെ പറ്റി ഇല്ല. അമ്മയ്ക്ക് ഓർമ്മകൾ ഉറയ്ക്കുന്നതിന് മുൻപേ അമ്മയെ അനാഥയാക്കി പുളളിക്കാരൻ പോയി. ‘ തൊപ്പിക്കാരൻ ' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അതായിരുന്നു അവരുടെ വീട്ടു പേര് . അക്കാലത്തെ പോലീസുകാരുടെ വർണ്ണശബളമായ കൂർമ്പൻ തൊപ്പി ഉണ്ടാക്കി നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തൊഴിൽ. എന്തിന് അദ്ദേഹം വീട് വിട്ടിറങ്ങി എന്നതിന് ഒരു ഉത്തരവും ഇല്ല. എന്റെ അമ്മ റുഖിയയുടെ അമ്മ സുലൈഖ വളരേ സുന്ദരി ആയിരുന്നു. ( എന്റെ അമ്മയും നല്ല സുന്ദരി തന്നെ , അല്ല പിന്നെ ! ) അത്ര സുന്ദരിയായ ഒരു ഭാര്യയേയും ഓമനത്തം തുളുമ്പുന്ന ഒരു പെൺകുഞ്ഞിനേയും വിട്ട് അദ്ദേഹത്തിന് എങ്ങനെ പോകാൻ കഴിഞ്ഞു എന്ന് എനിക്ക് അറിയില്ല ! സുലൈഖാമ്മ ( ഞാൻ അങ്ങിനെ ആണ് വിളിക്കാറ് ) വളരേ സൗമ്യശീലയും മൃദുഭാഷിണിയും നന്നായി പെരുമാറാൻ അറിയാവുന്ന സ്ത്രീയും ആയിരുന്നു. എന്നെ വലിയ ഇഷ്ടമായിരുന്നു . ( എല്ലാ പേരക്കുട്ടികളേയും ഒരു പോലെ ഇഷ്ടമായിരുന്നു. ) സുലൈഖമ്മായുടെ  അവസാന കാലത്ത് ഞാൻ ശുശ്രൂഷിച്ച് അടുത്തുണ്ടായിരുന്നു. മെഡിക്കൽ കോളേജിൽ പഠിക്കുന്ന സമയം ആയിരുന്നു അത്. അവരുടെ ഓർമ്മയ്ക്ക് എന്റെ മകൾ ചിന്നുവിന് ഞാൻ സുലൈഖ എന്ന് പേരിട്ടു. 

അച്ഛൻ ഇട്ടിട്ടു പോയതിന്റെ അനാഥത്വം എന്റെ അമ്മയ്ക്ക് ജീവിതകാലത്തൊരിക്കലും വിട്ടു പോയില്ല. വീട്ടിൽ വരുന്ന ഭിക്ഷക്കാർക്കൊക്കെ ബിരിയാണിയും പലഹാരങ്ങളും വാരിക്കോരി കൊടുക്കുമ്പോൾ മിക്കപ്പോഴും എനിക്കറിയാമായിരുന്നു  അമ്മ സ്വന്തം അച്ഛനെ തന്നെയാണ് ഊട്ടുന്നതെന്ന്... നാഗൂറോ  ഏർവാടിയിലേയോ ആളറിയാത്ത വഴിത്താരകളിലൂടെ പുക പിടിച്ച മനസ്സും കണ്ണുകളുമായി നീങ്ങുന്ന ഒരു പാവം അവധൂതന്

ആരെങ്കിലും ഭക്ഷണം കൊടുക്കും എന്ന പ്രതീക്ഷയോടെ …

തുടരും...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ