mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

അലാവുദീനും അത്ഭുത വിളക്കും

aladin and tthe majic lamp

"അലാവുദീനെ നിനക്കോർമ്മയില്ലേ?" മേരി ചോദിച്ചു.

"ഏതു അലാവുദീൻ?" എത്ര അലാവുദീൻമാർ ഓർമ്മയിൽ നിന്നും രക്ഷപ്പെട്ടിയിരിക്കുന്നു.

പ്രൈമറി ക്ലാസ്സുകൾ കഴിഞ്ഞപ്പോൾ അവൻ മറക്കപ്പെട്ടു. ഓർമ്മയിൽ തങ്ങി നില്ക്കാൻ മാത്രം അവൻ എനിക്കാരുമായിരുന്നില്ല. അവനെ കളിയാക്കുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. വൃത്തിയില്ലാത്ത വസ്ത്രവും, ഒരിക്കലും ചീകി ഒതുക്കിയിട്ടില്ലാത്ത വരണ്ട മുടിയും, പരീക്ഷകൾക്ക് സ്ഥിരമായി കിട്ടിയിരുന്ന മുട്ടകളും അവനെ  കളിയാക്കാനുള്ള കാരണങ്ങളയായിരുന്നു. കടകളിൽ സാധനങ്ങൾ പായ്ക്കു ചെയ്യാനുള്ള കടലാസു കൂടുകൾ ഉണ്ടാക്കുന്ന പണിയിൽ അവന്റെ വീട്ടുകാർ ഏർപ്പെട്ടിരുന്നു. കടലാസുകൂടുകൾ ഉണ്ടാക്കുകയും, അടുക്കി വയ്ക്കുകയും ആയിരുന്നു അലാവുദീന്റെ ഗൃഹപാഠങ്ങൾ. മൈദാ മാവു ചൂടുവെള്ളത്തിൽ കലക്കി ഉണ്ടാക്കിയ പശ കൂടുണ്ടാക്കുന്നതോടൊപ്പം, ചിലപ്പോഴൊക്കെ വിശപ്പു കുറയ്ക്കാനും അവൻ ഉപയോഗിച്ചിരുന്നു. പലപ്പോഴും അവന്റെ കൈത്തണ്ടയിലും കാലുകളിലും അതുങ്ങിപ്പിടിച്ച വൃത്തികെട്ട പാടുകൾ ഉണ്ടായിരുന്നു. ഒപ്പം ഒരു മുഷിഞ്ഞ മണവും. ക്ലാസിൽ ആരും അവന്റെ അടുത്തിരിക്കാൻ തയ്യാറായിരുന്നില്ല.

ഒരിക്കലവൻ നിറമുള്ള ചെറിയ കവറുകൾ ഞങ്ങൾക്കെല്ലാവർക്കും സമ്മാനിച്ചു. അവന്റെ കുടുംബം ദൂരെ മറ്റൊരിടത്തേക്കു താമസം മാറുകയായിരുന്നു. ഒരു പക്ഷെ അവനു തരാൻ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനമായിരുന്നു ആ നിറമുള്ള കവറുകൾ.

"ആനന്ദൻ നീ കണ്ടിട്ടില്ലേ, അലാവുദീന്റെ നിറമുള്ള കടലാസു കൂടിൽ ഏറെ നാൾ ഞാൻ മഞ്ചാടി മണികളും, വളപ്പൊട്ടുകളും, ബട്ടൻസുകളും ഒക്കെ സൂക്ഷിച്ചിരുന്നു. എന്നെ കെട്ടിച്ചു വിടുന്ന കാലത്തും അതെന്റെ കൈവശമുണ്ടായിരുന്നു."

"നിറമുള്ളതെന്തും കളയാൻ എനിക്കെന്നും മടിയായിരുന്നു. അതല്ലേ നിന്നെ ഞാൻ വിടാതെ ഇപ്പോഴും പിടിച്ചിരിക്കുന്നത്?"

ഞാൻ ആലോചിച്ചു, എവിടെയാണ് എന്റെ കടലാസു കൂടു നഷ്ടപ്പെട്ടത്?

മുന്നിലെ വലിയ വീട്ടിൽ നിന്നും ഇറങ്ങി വരുന്ന കാറു ചൂണ്ടിക്കൊണ്ടവൾ ചോദിച്ചു. "വണ്ടി ഓടിക്കുന്ന ആളെ മനസ്സിലായോ?" ചെറിയ താടിയുള്ള രൂപം, കഷണ്ടിയും ഉണ്ട്.
"മുനിസിപ്പൽ ചെയർമാനാണ്"
"വലിയ ബിസിനസ്സ് കാരനുമാണ്"

എനിക്ക് മനസ്സിലാവുന്നില്ല.
"എടാ, അതു നമ്മുടെ അലാവുദീനാണ്"

എനിക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു. എന്തൊരു മാറ്റം.
"അറബിക്കഥയിലെ അലാവുദീനെപ്പോലെ അവന്റെ ജീവിതത്തിലും ഒരു അത്ഭുതവിളക്കുണ്ടായി. അതവന്റെ ജീവിതം മാറ്റിമറിച്ചു."

"നീ വാ, ഞാനതു കാണിച്ചു തരാം."

വർഷങ്ങൾക്കു മുന്നിലെ ഒരു ഗ്രാമത്തിലേക്കവൾ കൂട്ടിക്കൊണ്ടു പോയി. കാളവണ്ടി പോകുന്ന പാത. രാത്രിയിൽ മണ്ണെണ്ണ വിളക്കിനു ചുറ്റുമിരുന്നു കടലാസുകൂടുണ്ടാക്കുന്ന അലാവുദീന്റെ കുടുംബം. അവനും താളാത്മകമായി അത് തന്നെ ചെയ്യുന്നു.

"ഇവിടേയ്ക്ക് താമസം മാറ്റി ഒരുകൊല്ലത്തിനുള്ളിൽ ഒരത്ഭുതം സംഭവിച്ചു" മേരി പറഞ്ഞു.
" അവന്റെ കുടിലിന്റെ മുൻപിലായി പഞ്ചായത്തൊരു വിളക്കുകാൽ നാട്ടി."

"നമുക്കങ്ങോട്ടു പോകാം" എനിക്ക് ധൃതി ആയിക്കഴിഞ്ഞിരുന്നു.

പാതയ്ക്കരികിലായി ഇലക്ട്രിക്ക് വിളക്കുകാലിനു ചുവട്ടിൽ ഇരുന്നു വായിക്കുന്ന അലാവുദീൻ.

"ദാ, നമ്മുടെ അലാവുദീന്റെ ജീവിതത്തിലെ അത്ഭുത വിളക്കാണത്" മേരി തുടർന്നു. ആദ്യമായി വിളക്കു കത്തിയ രാത്രി അലാവുദീൻ ഉറങ്ങിയില്ല. അതിന്റെ ചുവട്ടിലിരുന്നു കടലാസു കൂടുകളുണ്ടാക്കി. പിന്നെ പഴയ കടലാസുകളിലെ അക്ഷരങ്ങൾ വായിച്ചു. പിന്നെ കിട്ടിയതെല്ലാം അതിന്റെ ചുവട്ടിലിരുന്നു വായിച്ചു. മഴ നനയ്ക്കാത്ത രാവുകൾ അവനു അറിവിന്റെ പ്രഭാതമായി മാറി. വഴിവിളക്ക് അവന്റെ ജീവിതത്തിലേക്ക് വെളിച്ചം ചൊരിഞ്ഞുകൊണ്ടേ ഇരുന്നു.

(തുടരും...) 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ