mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

പൊടി നിറഞ്ഞ ഇടം 

പുരാതനമായ ചെറു പട്ടണം.  പഴമയുടെ ശേഷിപ്പുകൾ.  തിരക്കൊഴിഞ്ഞ,  കല്ലു പാകിയ, ഇടുങ്ങിയ പാതകൾ. കനമുള്ള മരത്തിൽ തീർത്ത പഴയ കെട്ടിടങ്ങൾ. അവയിലൊന്നിൽ ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്ന  ചെറിയ കട. അഴുക്കു പുരണ്ട ഗൃഹോപകരണങ്ങൾ, നിറം മങ്ങിയ  പിഞ്ഞാണങ്ങൾ, പൊടി പിടിച്ചു ജീർണ്ണിച്ച പുസ്തകങ്ങൾ, ധാരാളം കുഞ്ഞു കുഞ്ഞു അലങ്കാര വസ്തുക്കൾ, പിന്നെ പുരാവസ്തു പോലെ കടക്കാരൻ വൃദ്ധൻ. കനം കുറഞ്ഞ ഫ്രെയിമുള്ള പഴയ വട്ടക്കണ്ണട,  നരച്ചു നീണ്ട താടി, സമൃദ്ധമായ നരച്ച തലമുടി.

അത്തരമൊരു ഒറ്റമുറിക്കട ഒരിക്കലും എന്റെ  കണ്ണിൽ പെട്ടിട്ടേ ഇല്ല. ഈ പരിസരത്തു താമസമാക്കിയിട്ടു രണ്ടു വർഷം  കഴിഞ്ഞിരിക്കുന്നു. വീട്ടിലെ പഴയ മോഡലിലുള്ള അലമാരയുടെ കൈപിടി ഒടിഞ്ഞു പോയപ്പോൾ  സമാനമായ പിടി തപ്പി ഇറങ്ങിയതാണ്. ഒടുവിൽ ഇവിടെ എത്തി. 

ആവശ്യം അറിയിച്ചു. വളരെ തണുത്ത പ്രതികരണം. "ഇയാൾക്ക് ഒന്നും വിറ്റുപോകണമെന്നില്ലെ?" അങ്ങിനെയാണ് ചിന്തിച്ചു പോയത്. കുറെ നേരം അതുമിതും നോക്കി അവിടെയും ഇവിടെയും ഒക്കെ ചുറ്റിക്കറങ്ങി നിന്നു. കടയിൽ നിന്നും പുറത്തിറങ്ങാൻ തുടങ്ങവേ വൃദ്ധൻ തിരികെ വിളിച്ചു. "സമയമുണ്ടെങ്കിൽ അകത്തെ മുറിയിൽ ചെന്നു നോക്കു. കിട്ടാതിരിക്കില്ല."

'സമയമുണ്ടല്ലോ, ഇഷ്ടംപോലെ സമയം. സ്വയം തൊഴിലുകാരന് സമയത്തിനു എന്താണ് പഞ്ഞം! പക്ഷെ അങ്ങിനെ ഒരു മുറി ഇനിയും ഉള്ളതായി ഇതുവരെയും അറിഞ്ഞില്ലല്ലോ'

വളരെ സാവധാനം അയാൾ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. അതൊരു വശത്തേയ്ക്ക് വലിച്ചു നീക്കി. തന്റെ ഇരിപ്പിടത്തിനു പുറകിൽ ഉണ്ടായിരുന്ന അലമാര സാവധാനം തുറന്നു. ഉള്ളിലെ തട്ടുകൾ അതിൽ വച്ചിരുന്ന സാധനങ്ങളോടെ ഒരുവശത്തേക്കു തള്ളി മാറ്റി. അതൊരു അക്ഷത്തിൽ ഉറപ്പിച്ചപോലെ തിരശ്ചീനമായി കറങ്ങി. അകത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് അയാൾ എന്നെ നോക്കി തല കുലുക്കി. അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല. തെല്ല് അമ്പരപ്പോടെയാണ് അലമാരയ്ക്കപ്പുറത്തെ നേർത്ത ഇരുട്ടിലേക്ക്  ഊർന്നിറങ്ങിയത്.

കുട്ടിക്കാലത്തു മേരിയുടെ വീട്ടിൽ ഒളിച്ചുകളിക്കുമ്പോൾ ഇതായിരുന്നു അവസ്ഥ. കോവണി കയറി തട്ടിൻ പുറത്തെത്തിയാൽ കുറച്ചു നേരം എടുക്കും എന്തെങ്കിലും കാണാൻ. അങ്ങനെ ഒരിക്കൽ ആ ഇരുട്ടിൽ വച്ചാണ് അവൾ ഒരുമ്മ സമ്മാനിച്ചത്. ഇന്നും അതൊരു അത്ഭുതമാണ്. അന്ന് ആ പന്ത്രണ്ടു വയസ്സുകാരി എന്തിനാണ് അങ്ങനെ ചെയ്തത് എന്നു മനസ്സിലാക്കാൻ  ഇന്നും കഴിഞ്ഞിട്ടില്ല. ഓർമ്മകൾ... അതങ്ങനെയാണ്. സമാന ചുറ്റു പാടുകളിൽ അവ ഉയിർത്തെഴുന്നേൽക്കും. ചിലതു വേദനിപ്പിക്കും, ചിലതു ഒരു കുളിർ കാറ്റുപോലെ എവിടൊക്കെയോ തലോടി കടന്നുപോകും. മേരി ഇപ്പോൾ എവിടെ ആയിരിക്കും?

മുറിയിലെ ദൃശ്യങ്ങൾ പതിയെ തെളിഞ്ഞു തുടങ്ങി. ഭിത്തിയോട് ചേർന്ന് അലമാരകൾ. ഒരു വലിയ നിലക്കണ്ണാടി. അതിനു അഭിമുഖമായി ഒരു വലിയ സിംഹാസനം. വീട്ടിലെ അലമാരയ്ക്കുള്ള കൈപിടി നോക്കി കണ്ടു പിടിക്കുന്നതിനേക്കാൾ ഉത്സാഹം മുറിയിലെ നിഗൂഢ തകൾ അറിയുവാനായിരുന്നു. അരണ്ട വെളിച്ചത്തിൽ പുരാതനമായ അലങ്കാര വസ്തുക്കൾ, ഉപകരണങ്ങൾ, മുഖം മൂടികൾ, അങ്ങിനെ പലതും കൗതുക മുണർത്തിക്കൊണ്ടിരുന്നു.

ചിത്രപ്പണികൾ ചെയ്ത സിംഹാസനത്തിൽ ഒന്നിരുന്നാലോ?
വേണ്ട...പൊടി  ആയിരിക്കും
ഒന്നു തൊട്ടു നോക്കി.
എന്താ സുഖം. മാർദവം ഉള്ള പതു പതുത്ത...
ഇരുന്നു പോയി എന്നു പറഞ്ഞാൽ മതിയല്ലോ.
സിംഹാസനത്തിൽ ഇരുന്നാൽ നോട്ടം നേരെ മുന്നിലുള്ള നിലക്കാണ്ണാടിയിലേക്കാണ് പോകുന്നത്.

പഴയ കാലത്തെ ഏതോ മഹാരാജാവ് ഇരുന്ന സിംഹാസനമാണ്.  കണ്ണാടിയിൽ കണ്ട മഹാരാജാവിനെ നോക്കി ഒന്നൂറി ചിരിച്ചു.  മഹാരാജാവും ചിരിച്ചു. ഉലഞ്ഞു കിടന്ന മുടി പിന്നെലേക്കൊതുക്കി വച്ചു. കണ്ണാടിക്കു മുന്നിലെത്തിയാൽ അറിയാതെ കൈ മുടിയിലേക്ക് പോകും. പണ്ടേ ഉള്ള ശീലമാണ്. മഹാരാജാവും മുടി ഒതുക്കി വച്ചു.

"കൊച്ചു കള്ളാ...", സ്വന്തം നിഴലുകണ്ടു പറഞ്ഞു പോയി.

……….

ആരാണ് ചിരിച്ചത്?
തല തിരിച്ചു മുറിയിൽ ഒന്നോടിച്ചു നോക്കി.
ഹേയ്... വെറുതെ തോന്നിയതാണ്.
ഞാനല്ലാതെ മറ്റാരെങ്കിലും ഈ മുറിയിലുണ്ടോ?
ഇല്ലല്ലോ.
രഹസ്യങ്ങൾ നിറഞ്ഞ മുറിയാണ്.
വെറുതെ തോന്നിയതാണ്.
എഴുനേൽക്കാൻ വയ്യാത്ത കിഴവനും, ഞാനും മാത്രം.
ചെറിയ ഒരു ഭയം...
അല്ല... ഭയക്കണമല്ലോ. പരിചയമില്ലാത്ത ഇടം.
ഇവിടെ നിന്നും പുറത്തു കടക്കണം. എത്രയും പെട്ടന്ന്.
എഴുന്നേൽക്കാം.

"എന്താ ഭയന്നു പോയോ?"
ചോദ്യം കേട്ടു ശരിക്കും ഭയന്നു പോയി.
ഒരുപാടു പരിചയമുള്ള ശബ്ദം. ഒന്നു കൂടി ചുറ്റും നോക്കി.
"അവിടെങ്ങും നോക്കിയിട്ടു കാര്യമില്ല. ഞാൻ നിന്റെ മുന്നിൽ തന്നെയുണ്ട്."
ശരീരം തളർന്നു തുടങ്ങിയിരുന്നു. സിംഹാസനത്തിൽ നിന്നും എഴുനേൽക്കാൻ കഴിയുന്നില്ല. കൺപോളകൾക്കു കനം വച്ചിരിക്കുന്നു. 

അതെ കണ്ണാടിയിൽ നിന്നും എന്റെ മറ്റവൻ സംസാരിക്കുകയാണ്;   എന്റെ നിഴൽ...

(തുടരും...)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ