മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

Rule of 20

10  റൂൾ ഓഫ് 20

ചില നിരീക്ഷണങ്ങളിലൂടെയും, പരീക്ഷണങ്ങളിലൂടെയും ഞാൻ എത്തിച്ചേർന്ന ഒരു താവളമാണ് Rule of 20, അഥവാ ഇരുപതിന്റെ നിയമം. 24 മണിക്കൂർ ഓരോ ദിവസവും ലഭിക്കുന്ന എനിക്ക്, അതിൽ നിന്നും 20 മിനിറ്റ് സ്വസ്ഥമായി ഇരുന്നു ധ്യാനിക്കാനും, 20 മിനിറ്റ് വ്യായാമം ചെയ്യാനും, 20 മിനിറ്റ് വീടിനു വെളിയിൽ നടക്കാനും ഉപയോഗിക്കണം എന്നു തീരുമാനിച്ചത് എന്റെയും, എനിക്കു ചുറ്റുമുള്ളവരുടെയും നന്മയ്ക്കു വേണ്ടിയാണ്.

ഈ ഒരു തീരുമാനം നടപ്പിലാക്കാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു എന്ന് ഇതിനു മുൻപുള്ള അദ്ധ്യായങ്ങൾ വായിച്ച നിങ്ങൾക്കു മനസ്സിലായിക്കാണും. എനിക്ക് ഇങ്ങനെയായിരുന്നെങ്കിലും, മറ്റൊരാൾക്ക് ഇങ്ങനെ ആയിരിക്കണമെന്നില്ല. നാമെല്ലാം വ്യത്യസ്തരാണല്ലോ. അത്കൊണ്ട് ഞാൻ എന്നോടു ക്ഷമിക്കുന്നു. ഈ മൂന്നു പ്രവർത്തികളും വളരെ പ്രധാനപ്പെട്ട കാര്യങ്ങളായി എന്റെ മനസ്സിൽ ഉറപ്പിക്കുവാനും കുറെ ആഴ്ചകൾ വേണ്ടിവന്നു. ഇത്രയും കാര്യങ്ങൾ ചെയ്താലും എനിക്കു മറ്റു കാര്യങ്ങൾ ചെയ്യാൻ 23 മണിക്കൂറുകൾ ഉണ്ട് എന്നതിൽ ആശ്വാസമുണ്ട്.  

മനസ്സും ശരീരവും ഒരുപോലെ ആരോഗ്യമുള്ളതാണെങ്കിൽ മാത്രമേ 'സുഖം' എന്ന അവസ്ഥയിൽ എത്തിച്ചേരുകയുള്ളു. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയൊള്ളു. അതുപോലെ ആരോഗ്യമുള്ള മനസ്സുണ്ടെങ്കിലേ ആരോഗ്യമുള്ള ശരീരം ഉണ്ടാവുകയുള്ളു. ഭക്ഷണം ഇതിൽ നിർണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്. പക്ഷെ ഞാൻ അക്കാര്യം വിശദീകരിക്കുന്നില്ല. വിശപ്പ് എന്ന അഗ്നി ശരീരത്തിൽ പുലരുന്നതിനാൽ നാം എങ്ങനെയെങ്കിലും ഭക്ഷണം കഴിച്ചിരിക്കും. അമിതമായി കഴിക്കുക, അലക്ഷ്യമായി കഴിക്കുക, എന്താണ് കഴിക്കുന്നത് എന്നു അറിയാൻ ശ്രമിക്കാതെ കഴിക്കുക, രുചിയുടെ പിന്നാലെ പോയി ആരോഗ്യദായകമായ ഭക്ഷണസാമഗ്രികൾ ഉപയോഗിക്കാതിരിക്കുക എന്നിവയൊക്കെ നമ്മുടെ മനസ്സിന്റെ പിടിപ്പുകേടുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് എന്നാണു ഞാൻ മനസ്സിലാക്കുന്നത്. അതു പരിഹരിക്കാൻ കൂടി സഹായിക്കുന്നതാണ് ഇരുപതു മിനിറ്റു നേരമുള്ള ധ്യാനം.

ഇപ്പോൾ ഞാൻ റൂൾ ഓഫ് 20 ഏകദേശം ഭംഗിയായി പാലിക്കുന്നുണ്ട്. ഈ മൂന്നു പ്രവർത്തികളിൽ ഏറ്റവും പ്രയാസമുള്ളതായി എനിക്കനുഭവപ്പെട്ടത് ധ്യാനമാണ്. ധ്യാനത്തെ വൈകിക്കുമ്പോൾ (നീട്ടിക്കൊണ്ടു പോകുമ്പോൾ / Procrastinate ചെയ്യുമ്പോൾ) ഞാൻ സ്വയം പറയുന്ന ചില കാര്യങ്ങൾ ഉണ്ട്. "എനിക്ക് എന്നെ നന്നാക്കിയെടുക്കാൻ കഴിയുന്ന അവസാനത്തെ ആയുധമാണ് ധ്യാനം. മറ്റൊരാൾ വന്നു എന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു അതിരുകളുണ്ട്. എന്നാൽ ഏറ്റവും ഫലപ്രദമായി എല്ലാ അതിരുകൾക്കും ഉപരിയായി എന്നെ ഉയർത്താൻ 20 മിനിറ്റിന്റെ ധ്യാനം കൊണ്ടു കഴിയും. എനിക്ക് എന്നോടു തരിമ്പെങ്കിലും സ്നേഹമുണ്ടെങ്കിൽ ഞാൻ നിശ്ചയമായും 20 മിനിറ്റ് ധ്യാനിച്ചിരിക്കും. ഞാൻ എന്നെ സ്നേഹിക്കുന്നു എന്നു തെളിയിക്കാൻ ഞാൻ 20 മിനിറ്റു ധ്യാനിച്ചിരിക്കും."

20 മിനിറ്റ് വ്യായാമം ചെയ്യുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് 20 മിനിറ്റ് നടക്കുന്നത് എന്ന് നിങ്ങൾക്ക് സംശയം ഉണ്ടാകാം. നടക്കുന്നത് ഒരർത്ഥത്തിൽ വ്യായാമം ആണല്ലോ. ഇതിനുള്ള ഉത്തരം ഇങ്ങനെയാണ്. വീടിനുള്ളിൽ നടക്കുന്നത് വ്യായാമം തന്നെയാണ്. എന്നാൽ വീടിനു പുറത്തിറങ്ങി കണ്ടും, കേട്ടും നടക്കുക എന്നത് വേറെ ഒരു ലവലിലുള്ള കാര്യമാണ്. എന്തെകിലും കാരണത്താൽ മനസ്സ് ഉറഞ്ഞുപോയി എന്നിരിക്കട്ടെ. ഡിപ്രെഷന്റെ വക്കിൽ എത്തി എന്നിരിക്കട്ടെ. വീടിനു പുറത്തിറങ്ങി അല്പം നടന്നു തിരിച്ചു വരുമ്പോളേക്കും ആ അവസ്ഥ മാറിയിട്ടുള്ളതായി എത്രയോ അനുഭവങ്ങൾ എനിക്കുണ്ട്. 

വ്യായാമം ആയി ചെയ്യുന്നത് കാർഡിയാക് എക്സർസൈസും അല്പം റെസിസ്റ്റൻസ് എക്സർസൈസും ആണ്. 

ധ്യാനത്തിനായി ബഹളം കുറഞ്ഞ ഒരിടം കണ്ടെത്തും. അവിടെ നിശബ്ദനായി വെറുതെ ഇരിക്കും. ചിന്തകളുടെ തേരോട്ടം ആയിരുന്നു ആദ്യ കാലങ്ങളിൽ. പലപ്പോഴും കടിഞ്ഞാൺ വിട്ട് ഏറെ ദൂരം പോയ ശേഷമാണ്, കാടുകയറിപ്പോയി എന്നു തിരിച്ചറിയുന്നതു പോലും. കുതിരയെ മെല്ലെ തിരികെ കൊണ്ടുവരും. വീണ്ടും അതു കാടു കയറും, വീണ്ടും തിരികെ കൊണ്ടുവരും. അങ്ങനെ അങ്ങനെ കുതിര കാടു കയറുന്നതു വല്ലപ്പോഴുമാകും. ഇപ്പോൾ ഈ അവസ്ഥവരെ മാത്രമേ എത്തിയിട്ടൊള്ളു. തൽക്കാലം അങ്ങനെ പോകട്ടെ. കുതിരയ്ക്കു ശിക്ഷ നൽകി, അതിനെ വരച്ച വരയിൽ നിറുത്താൻ താല്പര്യമില്ല. അതു ശരിയാണെന്നും തോന്നുന്നില്ല. 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ