മാറ്റങ്ങളുടെ പ്രഭാകിരണങ്ങൾ
തുറന്നു പറയട്ടെ, ഇതൊരു വലിയ മാറ്റമാണ്. പരാജയങ്ങളുടെ എത്രയോ കഥകളാണ് എനിക്കു പറയാനുള്ളത്. ആരംഭശൂരത്വം കൊണ്ട് നിറവേറ്റപ്പെടാതെപോയ എത്രയോ സംരംഭങ്ങളാണ് എനിക്കു പിന്നിലുള്ളത്. പരാജയങ്ങൾക്കു പിന്നാലെ വന്നെത്തിയ പരാജയങ്ങൾ എന്നിലുള്ള വിശ്വാസം എനിക്കു നഷ്ടപ്പെട്ടു. ആൾക്കൂട്ടങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി ചുരുണ്ടുകൂടാൻ ആയിരുന്നു താല്പര്യം. അധികം അറിയപ്പെടാതെയിരിക്കുവാൻ ആയിരുന്നു ആഗ്രഹിച്ചത്.
ഇതൊരു വലിയ മാറ്റമാണ്. ഒരു പക്ഷെ ആർക്കും സ്വന്തം ജീവിതത്തിൽ നടപ്പിലാക്കാൻ കഴിയുന്ന സമഗ്രമായ മാറ്റം.
മനസ്സിനു കത്തെഴുതിക്കഴിഞ്ഞുള്ള അഞ്ചാമത്തെ ദിവസമാണ് ഇന്ന്. ഇത്രയും ദിവസങ്ങൾ ഞാൻ നിരന്തരമായി നിരീക്ഷിക്കുകയായിരുന്നു. ആസക്തികൾ അതിന്റെ വശ്യമാദകത്വം എന്റെ മുന്നിൽ ഇപ്പോളും അനാവൃതമാക്കുന്നു. ചോദനകളുടെ നൈരന്തര്യം ചുറ്റുപാടുകളെ സംചലനമാക്കി എന്റെ ശ്രദ്ധയെ സദാ ആകർഷിച്ചുകൊണ്ടിരിക്കുന്നു. എന്റെ ചുറ്റുപാടുകളെല്ലാം പഴയതുപോലെ ആണെങ്കിലും അവയെ ത്യാജ്യഗ്രാഹ്യബുദ്ധിയോടെ നോക്കിക്കാണാൻ ഏറെക്കുറെ എനിക്കിപ്പോൾ കഴിയുന്നു. മാറിയതു ഞാനാണ്. ഏതൊരു മനുഷ്യ ജീവിക്കും അനിവാര്യമായ മാറ്റം. ആകർഷണങ്ങളിൽ നനസ്സു തുള്ളുമ്പോൾ ഞാൻ പറയും, "പ്രിയപ്പെട്ട മനസ്സേ, ഇതുകൊണ്ടു നിനക്കല്ലേ സന്തോഷം ഉണ്ടാകുന്നത്? അത് ലഭിക്കാതെ വരുമ്പോൾ നിനക്കല്ലേ ദുഃഖമുണ്ടാകുന്നത്? എനിക്ക് ഇതുകൊണ്ട് ഒരു പ്രയോജനവുമില്ലല്ലോ. അതിനാൽ, പ്രിയ മനസ്സേ, തിരിച്ചുപോരു." അനുസരണയുള്ള ഒരു ശ്വാവിനെപ്പോലെ നീ എന്നിലേക്കു മടങ്ങുന്നതിൽ ഞാൻ സംതൃപ്തനാണ്.
നിന്റെമേൽ വിജയശ്രീലാളിതനായി എന്ന അഹങ്കാരം എന്നിൽ ലവലേശമില്ല. അതൊക്കെ എപ്പോഴോ ഒഴിഞ്ഞുപോയിരിക്കുന്നു. നിന്റെമേൽ വിജയം വരിച്ചു എന്നല്ല ഞാൻ കരുതുന്നത്. മറിച്ചു വൈകിയാണെങ്കിലും നിന്നെ മനസ്സിലാക്കാൻ കഴിഞ്ഞു എന്നാണു ഞാൻ കരുതുന്നത്. അതായിരുന്നു എന്നേ വേണ്ടിയിരുന്നത്. കഠിനമായ പ്രവർത്തികളുടെ, ശരീരത്തെ തീക്ഷ്ണമായി പീഡിപ്പിച്ചുകൊണ്ടു മനസ്സിനുമേൽ ആധിപത്യം സ്ഥാപിക്കുക എന്നതല്ല ശരിയായ മാർഗ്ഗം. വളരെ സാവധാനം മനസ്സിനെ നിരീക്ഷിച്ചുകൊണ്ടു, അതെങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നു അറിയുക എന്നതാണ് ശരിയായ മാർഗ്ഗം. അതു മനസ്സിലാക്കിക്കഴിഞ്ഞാൽ നിങ്ങൾ ആവശ്യപ്പെടുന്നതുപോലെ മനസ്സു പ്രവർത്തിച്ചുകൊള്ളും. ഒരു ചെറു തൂവലിനെ ഇളം കാറ്റു മറിച്ചിടും പോലെ അനായാസമായി മനസ്സിനെ നിയന്ത്രിക്കാൻ കഴിയും.
ഇപ്പോഴും നീ തന്നെയാണ് എന്ന മുന്നോട്ടു നയിക്കുന്നത്. പക്ഷെ, അത് എനിക്കാവശ്യമുള്ള വഴിയിലൂടെ മാത്രം. എന്റെ ആവശ്യങ്ങൾ അറിഞ്ഞു നീ പ്രവർത്തിക്കുന്നു. പഞ്ചേന്ദ്രിയങ്ങളായ അശ്വങ്ങളെ പൂട്ടിയ സുവർണ്ണ രഥം തെളിക്കുന്ന നീയാണ് എന്റെ ഏറ്റവും വലിയ സുഹൃത്ത്. എത്ര പ്രശാന്തസുന്ദരമായ രഥ്യകളിലൂടെയാണ് നീ എന്നെ ലക്ഷ്യത്തിലേക്കു നയിക്കുന്നത്! പ്രിയപ്പെട്ട മനസ്സേ, നീയാണ് എന്റെ കാവൽക്കാരൻ, നീയാണ് എന്റെ തേരാളി.