മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

man looking back

2 അന്വേഷണങ്ങൾ

വിചിത്രമായിരുന്നു പിന്നീടുള്ള അനുഭവങ്ങൾ. അടുത്ത ദിവസമായ 14 നു 5 മണിക്കുണർന്നു. ഒന്നു മനസ്സിലായത്, നേരത്തെ ഉണർന്നാൽ, 'സമയമില്ല' എന്നുള്ള പരാതി കുറഞ്ഞു വരും എന്നുള്ളതാണ്. അതിനുള്ള കാരണം നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ചോദനകൾ ആ സമയത്തു നമ്മുടെ ചുറ്റുപാടുകളിൽ കുറവായിരിക്കും എന്നതാണ്. 

ഈ രണ്ടു ദിവസങ്ങളിലും പകൽ ഉറങ്ങിയിരുന്നില്ല. രാത്രി നേരത്തെ ഉറങ്ങാൻ ശ്രമിച്ചെങ്കിലും അതു നടന്നില്ല. അങ്ങനെ ബിൽഡ് അപ്പ് ചെയ്ത ഉറക്കക്ഷീണം അടുത്ത രാത്രിയിൽ എന്നെ തളർത്തിയിരുന്നു. 15 നു പതിവുപോലെ 6 മണിക്കാണ് ഉണരാൻ കഴിഞ്ഞത്. അവിടെ മനസ്സു തോറ്റു, ശരീരം ജയിച്ചു. 

അടുത്ത ദിവസമായ 16 നു മനസ്സു ജയിച്ചു. വെളുപ്പിന് 4 മണിക്ക് അലാം ഇല്ലാതെ തന്നെ ഉണരാൻ കഴിഞ്ഞു. പക്ഷെ അന്നു രാത്രി പതിനൊന്നര കഴിഞ്ഞാണ് ഉറങ്ങാൻ കഴിഞ്ഞത്. കിടന്ന ശേഷം വീടിന്റെ പിൻതോട്ടത്തിൽ വിചിത്രമായ ചില ശബ്ദങ്ങൾ കേട്ടതു കാരണം അതിന്റെ കാരണം അന്വേഷിച്ചു പുറത്തിറങ്ങി. നേരിയ തണുപ്പുണ്ടായിരുന്നു. (കഴിഞ്ഞ ആഴ്ചയിലെ ഒരു രാത്രീയിൽ പരിസരത്തുള്ള ഒരു വീടിന്റെ മുറ്റത്തു നിന്നും ഒരു കാർ മോഷണം പോയിരുന്നു.) അങ്ങനെ ഉറങ്ങാൻ താമസിച്ചു. തന്നെയുമല്ല വെളുപ്പിനു 3.30 ആയപ്പോൾ ഞെട്ടി ഉണർന്നു. വായ വരണ്ടുണങ്ങിയിരുന്നു. (dry mouth). രാത്രിയിൽ തണുപ്പടിച്ചതുകാരണം മൂക്കടഞ്ഞിട്ടുണ്ടാവാം, വായിൽക്കൂടി ശ്വസിച്ചിട്ടും ഉണ്ടാകാം. അടുക്കളയിൽ പോയി വെള്ളം ചൂടാക്കി കുടിച്ചു. വരൾച്ച മാറിയെങ്കിലും, ഉറക്ക ക്ഷീണം നന്നായി ഉണ്ടായിരുന്നു. പിന്ന ഉണർന്നത് ആറു മണിക്കാണ് (തീയതി: 17). വീണ്ടും ശരീരം ജയിച്ചു, മനസ്സു തോറ്റു. 

തോൽക്കാൻ കച്ചകെട്ടിയിറങ്ങിയ മനസ്സിനെ ആ നിലപാടിലേക്ക് എത്തിക്കുന്നത് എന്തായിരിക്കാം? തീർച്ചയായും കാരണങ്ങൾ ഉണ്ടാകും. അപാരമായ സാദ്ധ്യതകളും, കഴിവുകളും ഉള്ള ഒന്നായിട്ടാണ് മനസ്സിനെ കരുതിപ്പോകരുന്നത്. പക്ഷെ സാധാരണക്കാരന്റെ നിത്യജീവിതത്തിൽ മനുഷ്യനെ അവന്റെ / അവളുടെ മനസ്സ് നിരന്തരം പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ജീവിതത്തെ സമഗ്രമായി മനസ്സിലാക്കാൻ കഴിഞ്ഞാൽ ഒരു പക്ഷെ ഇതിന്റെ കാരണങ്ങൾ മനസ്സിലാക്കാനും ഇതു പരിഹരിക്കാനും കഴിഞ്ഞേക്കും. 

കാലാകാലങ്ങളായി പല ചിന്തകരും അന്വേഷിച്ചു, ജീവിതത്തിന്റെ അർത്ഥമെന്ത് എന്ന്? അറിഞ്ഞും അറിയാതെയും എന്തിനുവേണ്ടിയാണ് മനുഷ്യർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്? പല ഉത്തരങ്ങളും ആധ്യാത്മിക തലങ്ങളിലൂടെ ഈശ്വരനിലേക്കു പോകുമ്പോൾ, നമുക്കു ഈ ഭൂമിയിൽ ലഭിക്കുന്ന ഉത്തരം ആരായാം. മണ്ണിൽ ചവിട്ടിനിൽക്കുന്ന ആർക്കും ലഭിക്കുന്ന ഉത്തരം വളരെ ലളിതമാണ്. 'സുഖം'.

നാമെല്ലാം ശ്രമിക്കുന്നത് സുഖമായ അവസ്ഥ കൈവരിക്കാനാണ്. ആഹാരം കഴിക്കുന്നതും, യുദ്ധം ചെയ്യുന്നതും, കഷ്ടപ്പാടുകൾ സഹിക്കുന്നതുപോലും കൈയിൽ ഇല്ലാത്ത സുഖം സ്വായത്തമാക്കുന്നതിനു വേണ്ടിയാണ്. സുഖം ആപേക്ഷികവും വ്യക്തിനിഷ്ഠവുമാണ്. അതുകൊണ്ടാണ് ഒരാൾക്ക് ദുഃഖമെന്നു തോന്നുന്നത്, മറ്റൊരാൾക്ക് സുഖമായി ഭവിക്കുന്നത്. നടന്നു പോകുന്ന വ്യക്തിക്ക്, സൈക്കിളിൽ പോകുന്നതു സുഖമാണ്. നിരന്തരം സൈക്കിളിൽ പോകുന്ന വ്യക്തിക്ക് സുഖം കാറിൽ പോകുന്നതാണ്. 

പല മതങ്ങളുടെയും ആഹ്വാനം പരലോകത്തുള്ള സുഖത്തിനായി പരിശ്രമിക്കണമെന്നാണ്. സുഖങ്ങളുടെ സമ്മേളനനഗരിയായിട്ടാണ് സ്വർഗ്ഗം എന്ന സങ്കൽപത്തെ മതങ്ങൾ പരിചയപ്പെടുത്തുന്നത്. ഏറ്റവും വലിയ സുഖാവസ്ഥ ലഭിക്കുന്ന ഇടമാണ് സ്വർഗ്ഗം എന്നാണല്ലോ  മതങ്ങൾ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. അതൊക്കെ ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ, എന്നാൽ അതിലൊക്കെ അടങ്ങിയിരിക്കുന്ന സത്യം, സുഖാവസ്ഥയോടുള്ള മനുഷ്യമനസ്സിന്റെ അടങ്ങാത്ത ആകർഷണമാണ്, ആർത്തിയാണ്. വടക്കുനോക്കി യന്ത്രം പോലെ മനസ്സ്‌ എപ്പോഴും സുഖത്തിലേക്കു തിരിഞ്ഞിരിക്കുന്നു. നാം പൊതുവെ മനസ്സിലാക്കിയിരിക്കുന്നതുപോലെ സുഖവും ദുഃഖവും ശരീരത്തെ ബാധിക്കുന്ന അവസ്ഥകളല്ല. മറിച്ചു ശരീരത്തിലൂടെ മനസ്സിനെ ബാധിക്കുന്ന അവസ്ഥകളാണ്. ത്വക്ക് ഉൾപ്പടെയുള്ള ഇന്ദ്രിയങ്ങൾ ഉപകരണങ്ങൾ മാത്രമാണ്. രുചിയുള്ള ഭക്ഷണം കഴിക്കുമ്പോൾ നാക്കല്ല സന്തോഷിക്കുന്നത്. അമിതമായി എരിവ് കഴിച്ചാൽ നാക്കിനു ഹാനി ഉണ്ടാകുമെങ്കിലും, ദൂഖിക്കുന്നത് മനസ്സാണ്. അപ്പോൾ പാഠം ഒന്ന് ഇതാണ്'; സുഖവും ദുഃഖവും മനസ്സിന്റെ അവസ്ഥകളാണ്.

നമ്മൾ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന ചോദ്യം ഇതാണ്, ദൂരെയുള്ള ഒരു ലക്ഷ്യത്തിൽ എത്തിച്ചേരാൻ എങ്ങനെ നമുക്കു കഴിയും. ഇത്രയും നമ്മൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഈ ചോദ്യത്തെ നമ്മൾ rephrase ചെയ്യുന്നു. ദൂരെയുള്ള ലക്ഷ്യത്തിൽ എത്തിച്ചേരാൻ നമ്മുടെ മനസ്സിനെ എങ്ങനെ പാകമാക്കാം?

മനസ്സ് വളരെ തന്ത്രശാലിയാണ്. എങ്ങനെയെങ്കിലും മനസ്സിനെ പാകപെടുത്താം എന്നു നമ്മൾ കരുതിയെങ്കിൽ അതു നടക്കാത്ത കാര്യമാണ്. നമ്മൾ തെളിച്ചിടുന്ന വഴിയിലൂടെ കുറെ ദൂരം സഞ്ചരിച്ച ശേഷം, ഒരു ചാട്ടത്തിന് മനസ്സ് പഴയ കളത്തിൽ ചെന്നിരിക്കും. ഒന്നാലോചിച്ചു നോക്കൂ. എത്രയോ തവണ ഇത് നമ്മുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നു. നമ്മൾ എടുത്ത തീരുമാനങ്ങൾ എത്രയോ തവണ ചീട്ടുകൊട്ടാരം പോലെ തകർന്നു വീണിട്ടുണ്ട്. അപ്പോൾ മനസ്സിന് തിരിച്ചു പോകാൻ കഴിയാത്ത വിധം ആകർഷകമായ വഴിയിലൂടെ അതിനെ സാവധാനം നയിച്ചാൽ മാത്രമേ അതിനെ നാം ഉദ്ദേശിക്കുന്ന ഇടത്തിൽ എത്തിക്കാൻ കഴിയുകയൊള്ളു. അപ്പോൾ ആകർഷകമായ വഴിക്കുള്ള ചേരുവകൾ എന്തൊക്കെയാണ്? 

(അന്വേഷണം തുടരും...)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ