(Madhavan K)
കിഴക്കേ പറമ്പിലെ പ്ലാവിൻ്റെ ഇലകൾക്കിടയിലൂടെ, സൂര്യപ്രകാശം കണ്ണിലേക്കു ചിമ്മിയപ്പോൾ, ജാനകിയമ്മ പതിയെ കുന്തുകാലിൽ നിന്നെഴുന്നേറ്റു. വലിച്ചെടുത്ത ഇഞ്ചിയുടെ മൂടുഭാഗത്തുള്ള മണ്ണിനെ പതിയെ തട്ടിക്കളഞ്ഞു. ചെറിയ രണ്ടു കഷണം കയ്യിൽ കിട്ടി, ഉള്ളതാവട്ടെ. അതുമായി, നാരായണ നാരായണാ എന്നുച്ചരിച്ചു മെല്ലെ വീട്ടിലേക്കു നടന്നു. തൂണിനെ വട്ടം പിടിച്ച്, ചവിട്ടിയിൽ കാലുരസി ഉമ്മറത്തേക്കു കയറി.
അമ്മയുടെ ശബ്ദം കേട്ട്, അകത്തെ മുറിയിൽ നിന്നും മുടിയും വാരിച്ചുറ്റി, ഗൗതമി നേരെ അടുക്കളയിലേക്കു ചെന്നു. അവർ കേൾക്കാൻ പാകത്തിന് പതിയെ ഒന്നു മുരടനക്കി. നോ ആൻസർ. കേട്ട ഭാവമില്ല. രാവിലത്തെ ഭക്ഷണം തയ്യാറാക്കാനുള്ള തിരക്കിലായതിനാൽ, അവരതു കേട്ടു കാണില്ല. സ്നേഹപൂർവ്വം അവൾ അമ്മേയെന്നു നീട്ടി വിളിച്ചു.
"ന്താ മോളേ?"
ഗ്യാസടുപ്പിൽ വെട്ടിത്തിളയ്ക്കുന്ന അരിയുടെ വേവു പരിശോധിക്കുകയായിരുന്നു ജാനകിയമ്മ.
"എനിക്കെൻ്റെ അമ്മയെ എപ്പോഴും കണ്ടോണ്ടിരിക്കണം"
"അവൻ വരട്ടെ. ഞാൻ പറയാം."
"എന്തുട്ടു പറയാംന്ന്?"
"നിന്നെ നിൻ്റെ വീട്ടിലോട്ടു കൊണ്ടുവാൻ"
"ഇതതല്ലമ്മേ"
"പിന്നെ?"
"എനിക്കെൻ്റെ ഈ അമ്മയെ കണ്ടോണ്ടിരിക്കാനാ.."
അവർക്കു ചിരി വന്നു. അല്ലെങ്കിലും മകളില്ലാത്ത വിഷമം തീരുന്നത് ഇവളിലൂടെയാണ്. കൃത്യമായിപ്പറഞ്ഞാൽ, ഇവൾ ഈ വീട്ടിൽ വന്നു കയറിയതിൽ പിന്നെ.
"രാവിലെയെന്താ കഴിക്കാൻ?"
"പുട്ടും കടലേംണ്ട്.."
"ആഹാ!"
"മറ്റേ അടുപ്പത്താ, ഇപ്പം ആകും."
"ആവിപ്പുട്ടാ?"
"ങും"
"ഹായ്! ൻ്റെ പുന്നാര അമ്മ"
ആ നല്ലസ്ത്രീയുടെ കവിളിൽ നല്ലൊരു നുള്ളും കൊടുത്ത്, പുട്ടിനോടും കടലക്കറിയോടുമുള്ള തൻ്റെ ഇഷ്ടം വെളിപ്പെടുത്തി അവൾ. ജാനകിയമ്മയ്ക്കു നന്നെ വേദനിച്ചു. എങ്കിലും ആ വേദനയിലുമുണ്ടല്ലോ ഒരു സുഖം.
"അമ്മയ്ക്കറിയോ, ചെറുപ്പം മുതലേ ഇഷ്ടപ്പെട്ടതൊന്നും ആരുമെനിക്കു വച്ചുവിളമ്പിത്തരാറില്ല. സ്വന്തം അമ്മപോലും.."
തെല്ലൊരവിശ്വാസത്തോടെ, മരുമകളുടെ മുഖത്തേയ്ക്കു നോക്കി അമ്മായിയമ്മ. സത്യമാണെന്നു തോന്നിയപ്പോൾ വേദന തോന്നി.
"അതിനെങ്ങന്യാ? അമ്മയ്ക്ക് എപ്പോഴുമിഷ്ടം ചേട്ടനോടല്ലേ. പക്ഷഭേദം, അല്ലാണ്ടെന്താ... ങും..."
"ന്തടാ വേണ്ടേന്നും ചോദിച്ച് എപ്പഴും നടക്കും പിന്നാലെ. അവനാണേലോ വല്യ പത്രാസും ഗമേം. ഞാനെന്തെങ്കിലും ആശിച്ചു ചോദിച്ചാൽ, ങ്ഹും ങ്ഹും. അപ്പോ അമ്മയ്ക്ക് നേരല്യ.."
അവളുടെ തൊണ്ടയിടറി.
"സാരല്യ മോളെ. വെഷമിക്കേണ്ട..എല്ലാ വീട്ടിലും കാണും ഇങ്ങനെ ഓരോരോ കഥ.."
അവരവളെ സമാധാനിപ്പിച്ചു. കുറച്ചു നേരം വിഷണ്ണയായി, വിഷമങ്ങളെ കടിച്ചു പിടിച്ചു നിന്നു. അതോണ്ട് ഒരു വലിയ കാർമേഘം പെയ്യാതെ ഒഴിഞ്ഞു.
"അപ്പൂ... ടാ അപ്പൂ..."
അൽപ്പം ശാന്തമായപ്പോൾ, അവൾ അകത്തേക്കു നീട്ടി വിളിച്ചു.
"ഇതുവരെ എണീറ്റില്ലേടാ നിയ്യ്.."
"മമ്മീ. ദാ വരണു.."
"ഇന്നു മുപ്പട്ടു ശനിയാഴ്ചയാ.. ഇച്ചിരി നേരത്തെ എണീക്ക്?"
പെട്ടു. അപ്പു പെട്ടു. അവൾ അവൻ്റെ മുറിയിലേക്ക് അതിക്രമിച്ചു കയറി.
"ഞാനെപ്പഴേ എണീറ്റ്.. ഹ ഹ ഹ ഹ"
ചുരുണ്ടുകൂടി കിടക്കുന്ന പുതപ്പ് ചിരിച്ചു,
"ചെല്ലെടാ ചെല്ല്.. കുളിയൊക്കെ കഴിഞ്ഞ് അമ്പലത്തിൽ പോയിട്ടു വാ.."
ആരു കേൾക്കുന്നു. പുതപ്പും അവനും ഒരു പോലെ ഉറക്കം.. അവൾ ദേഷ്യത്താൽ ചുവന്നു.
"..യ്യോ.."
ചെവി തുളയ്ക്കുന്നു ഒരു കട്ടുറുമ്പ്. ആ കടിയേറ്റ് പയ്യൻ തരിച്ചു! ഉറക്കം നിരങ്ങി നീങ്ങി. കണ്ണു തുറന്നപ്പോൾ തൊട്ടടുത്ത് അമ്മ!
"തെന്തു പണിയാ കാട്ട്യേ.. ഇജ്ജാതി പിച്ചോ! മൻഷ്യൻ്റെ തോലു പോയി.."
ഒന്നും സംഭവിക്കാത്ത പോലെ കട്ടുറുമ്പ്, വിരിയും പുതപ്പുമൊക്കെയെടുത്തു മടക്കാൻ തുടങ്ങി.
"എനിക്കിന്നു തീരെ വയ്യ. അതോണ്ടാ..."
"ന്തു പറ്റി ൻ്റെ കുട്ടിക്ക്?"
കട്ടുറുമ്പ് വാത്സല്യത്തോടെ ചോദിച്ചു.
"മേലാകെ കുളിരണപോലെ.. കോവിഡാണോന്നറിയില്ല"
"ച്ചോ.. പാവം.. മമ്മിയൊന്നു നോക്കട്ടെ... "
ഐസ് ഫാക്ടറിയിലേക്കാൾ തണുപ്പ്!
"അടുക്കളയിൽ നിന്നും ചൂലുമായി ഞാനൊരു വരവു വരും. അപ്പോൾ തീരും നിൻ്റെ ഡേവിഡും കോവിഡും.."
അവൾക്കു ദേഷ്യം വന്നു.
"വേണ്ട ഗൗതമീ. അവനവിടെ കിടന്നോട്ടെ. വയ്യാത്തോണ്ടാവും."
അച്ഛമ്മയുടെ വക്കാലത്ത്.
"അമ്മക്കതുപറയാം. ആമ്പിള്ളേരാ. ഓരോരോ സൂത്രോം പറഞ്ഞ് പറ്റിക്കും. ഇപ്പഴേ പിടിച്ചില്ലെങ്കിൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ല.."
ജാനകിയമ്മക്കു ചിരി വന്നു.
"എൻ്റെ അച്ഛമ്മേ ഈ മമ്മീനെക്കൊണ്ടു തോറ്റു.."
ചെവി തലോടി അവനെത്തി.
"സാരല്യാ അപ്പൂ.."
അവർ അവനെ ആശ്വസിപ്പിച്ചു. സത്യത്തിൽ നേരത്തെയെണീക്കാൻ അവനിഷ്ടമാണ്. പക്ഷേ കുളിമുറിയിലെ വെള്ളത്തിൻ്റെ തണുപ്പ്.. അതാണൊട്ടും പിടിക്കാത്തത്.
"അപ്പൂ.. നീയച്ഛമ്മക്കു പുലർച്ചേ വയ്ക്കാറുള്ള കൃഷ്ണ ഭക്തിഗാനം വെച്ചു കൊടുക്ക്.."
അവൾ കൃഷ്ണ രൂപത്തേയും തൊട്ടു താഴെയുള്ള ബ്ലൂടൂത്ത് സ്പീക്കറേയും ഭക്തിപൂർവ്വം തൊഴുന്നതിനിടയിൽ പറഞ്ഞു. പതിവില്ലാത്ത ഗോഷ്ടി കണ്ട് ഭഗവാനും ചിരിവന്നു.
"അമ്മേ കേബിൾ നെറ്റു പോയി.."
അപ്പു അവൻ്റെ മൊബൈലിൽ കുത്തി നോക്കി പറഞ്ഞു.
"രാവിലെത്തന്നെയതും പോയോ.. അല്ലെങ്കിലുമെനിക്കറിയാം ഒരത്യാവശ്യം വന്നാൽ ഒന്നിനേം കാണില്യ.."
"..അപ്പൂ.."
"..ന്താ മ്മേ..?"
മറുപടി ചോദ്യം, തെല്ല് ഉച്ചത്തിലായത് അവൾക്ക് ഇഷ്ടപ്പെട്ടില്ല.
"എന്തടാ.. ദേഷ്യം വരണ് ണ്ടാ നെനക്ക്?"
അപ്പു മിണ്ടിയില്ല.
"ഇണ്ടെങ്കി പറയടാ.."
അവളുടെ മുഖം മാറി.
"ഇല്യ മമ്മീ..."
അവൻ ചെവിയിൽ തലോടി.
"എങ്കി ചെല്ല്.. ജനാലക്കലെൻ്റെ മൊബൈലുണ്ട്. ഞാനതിൽ ജ്ഞാനപ്പാന റെക്കാർഡ് ചെയ്തിട്ടുണ്ട്. അതെടുത്ത് പ്ലേ ചെയ്യ്."
അപ്പു കുത്തിത്തിരിപ്പ് നേരെ മമ്മീടെ മൊബൈലിലേക്കു മാറ്റി.
"മമ്മീ.."
"ന്തേടാ?"
"ഇതിലൊന്നും കാണുന്നില്ല."
"കണ്ണു തുറന്നു നോക്ക്.."
"കണ്ണു തന്നെയാ നോക്കണത്.. ആകെ വാട്സപ്പും ഫെയ്സ് ബുക്കും ടിക് ടോക്കും മാത്രേ ള്ളൂ"
"ശ്ശെടാ !"
കെട്ടിയോനുമായുള്ള കൊമ്പുകോർക്കലിന്, കഴിഞ്ഞ ദിവസം ജ്ഞാനപ്പാന ഡിലീറ്റ് ചെയ്തു കളഞ്ഞ കാര്യം അപ്പോഴാണ് അവളോർത്തത്. ഇനി എന്തു ചെയ്യും?
"ഒരു കാര്യം ചെയ്യ്. കട്ടിലിനടിയിൽ ഡാഡീടെ മൊബൈലുണ്ട്. അതിലുള്ള ഭക്തിഗാനം വെച്ചു കൊടുക്ക്.."
"അതിനു ഡാഡി മൊബൈലു കൊണ്ടു പോയി.
"ഇല്ലല്ല, ഇന്ന് അതെടുക്കാൻ മറന്നു.." അവൻ ഡാഡീടെ മൊബൈല് തപ്പാൻ തുടങ്ങി.
''അമ്മേ ഒരൂട്ടം പറയട്ടെ.."
ജാനകിയമ്മ കാതു കൂർപ്പിച്ചു.
"മറന്നതൊന്നുമല്ല. ഞാനതു മാറ്റീതാ.."
മരുമകളുടെ പുതിയ സ്വകാര്യം കേട്ട് ജാനകിയമ്മയുടെ കണ്ണു മിഴിഞ്ഞു. ന്നാലും ദെന്തിന്!
"എന്തിനാണെടീ ആ പാവത്തിനെയിങ്ങനെ.."
"പാവോ? പഷ്ട്! അമ്മയ്ക്കു ശരിക്കറിയാഞ്ഞിട്ടാ മോനെ.. ഇങ്ങട് നോക്ക്.. ഇപ്പഴേ പിടിച്ചില്ലെങ്കിൽ പിന്നെ പിടിച്ചാൽ കിട്ടൂല്യ.. ആണല്ലേ വർഗ്ഗം?"
"എന്തുട്ടൊക്കെയാടീ നിയ്യീ പറേണെ?"
അവർക്കൊന്നും മനസ്സിലായില്ല.
"അതേ... അങ്ങേർക്കിച്ചിരി വാട്സപ്പുപയോഗം കൂടുതലാ. പഴേ പോലെയല്ല. വല്ല ഒരുമ്പെട്ടോളും കൂടെ വന്നാൽ, പിന്നെ പറഞ്ഞിട്ടു കാര്യമില്ല.."
അവൾ അമ്മയെ വാൺ ചെയ്തു. ഒന്നും മനസ്സിലായില്ലെങ്കിലും മരുമോൾക്കൊരു വിഷമമില്ലാതിരിക്കാനല്ലേ, ജാനകിയമ്മ സർവ്വതും തല കുലുക്കി കേട്ടുകൊണ്ടിരുന്നു.
"മമ്മീ.. സ്വിച്ചോൺ ചെയ്തോട്ടെ.."
അപ്പു വിളിച്ചു ചോദിച്ചു.
"ങും.."
അവൾ സമ്മതവും കൊടുത്തു.
"എനിക്കു മടുത്തു.."
ബ്ലൂടൂത്ത് സ്പീക്കർ ശബ്ദിക്കാൻ തുടങ്ങി. ഇതെന്താണാവോ, ഭക്തിഗാനത്തിനു പകരം സ്ത്രീ ശബ്ദം! വല്ല നശിച്ച സീരിയലിൻ്റേം പരസ്യാവും.
"ഇതെന്തൊരു നശിച്ച ജീവിതമാണ്? രാവിലെ തൊടങ്ങും നിങ്ങടെയമ്മേടെ ഒടുക്കത്തെ ഒരു സൂക്കേട്" ശബ്ദത്തിന് എന്തോ ഒരു പ്രത്യേകത പോലെ.
"ലൈറ്റായ ലൈറ്റൊക്കെ കാലത്തു തന്നെയിടും. പിന്നെ കുളിയായി, തേവാരായി.."
അല്ലേ.. ഇതെൻ്റെ ശബ്ദമാണല്ലോ! ഇതു ഞാൻ പറയുന്നതല്ലേ! അവളൊന്നു ഞെട്ടി.
ഇന്നലെ പാതിരായ്ക്ക് ഉറങ്ങിക്കിടക്കുന്ന ഭർത്താവിനോടു പറഞ്ഞ പരിഭവങ്ങളും പരിദേവനങ്ങളും അതു പോലെ! രാവിലത്തെ തണുപ്പിലും അവൾ വിയർക്കാൻ തുടങ്ങി.
"അല്ല. ഞാനറിയാഞ്ഞിട്ടു ചോദിക്കുവാ ഇവർക്ക് ഇതെന്തിൻ്റെ കേടാ? ങ്ങള് ജോലിക്കു പോയാ പിന്നെ ഒടുക്കത്തെ തേർവാഴ്ച.."
"എണീക്കെടീ എണീക്കെടീന്നും പറഞ്ഞ് കെടക്കണോടത്ത് വന്ന് തോണ്ടിക്കൊണ്ടിരിക്കും. ഒരു വക പട്ടി മാന്തണ പോലെ.."
"ങ്ങളിതു വല്ലതും കേൾക്കുന്നുണ്ടോ.. പോർക്കമറണ പോലെയുള്ള ഒറക്കം. ൻ്റെ വിധി. അല്ലാണ്ടെന്ത്!"
"ഒമ്പതു മണിയായാൽ ചെക്കൻ പോകും. പിന്നെ ഞാൻ മാത്രമുണ്ട് ഈ കരടിക്കൂട്ടിൽ.. എൻ്റെ ദൈവമേ!"
"മുപ്പട്ടു ശനിയാഴ്ചാ... ഞായറാഴ്ചാ.. തിങ്കളാഴ്ചാ... എല്ലാ ആഴ്ചേ ടെ കൂടെം ഒരു മുപ്പെട്ട്! ശിവ ശിവ. കെടക്കാൻ ഒരു തൊയ്രോം തരില്ല.."
"എന്നു പറയാൻ തുടങ്ങീതാ, മാറി താമസിക്കാംന്ന്.. അതിനെങ്ങന്യാ ഇള്ളക്കുട്ട്യല്ലേ ഇപ്പഴും.. അമ്മേടെ മൊലകുടി മാറീട്ടില്ലല്ലോ.."
അവളു കരച്ചിലു തുടങ്ങുന്നതിനു മുമ്പ്, എങ്ങനെയൊക്കെയോ പയ്യൻസ്, ഡാഡീസ് മൊബൈലിനെ സ്വിച്ച് ഓഫ് ചെയ്തു.
"അയ്യോ അപ്പൂ, ഓടി വാടാ മോനെ.."
അച്ഛമ്മയുടെ കരച്ചിൽ കേട്ട് അപ്പു പാഞ്ഞുചെന്നു. കൂട്ടുകാരുടെ കൂടെപ്പോയി അമ്മയെ വെട്ടിച്ചു കണ്ട സിനിമയിൽ, രാജ്യത്തെ പ്രസിഡൻ്റിനെ കണ്ട മഞ്ജു വാര്യരെപ്പോലെ, അമ്മ താഴെ കുഴഞ്ഞു വീണു ഭദ്രമായി കിടപ്പുണ്ട്. അപ്പു വല്ലാതായി. അച്ഛമ്മ അടുക്കളയിലേക്കോടി സ്റ്റീൽ ഗ്ലാസ്സിൽ വെള്ളവുമായെത്തി.
"എന്തു പറ്റി മോളേ?"
അവരതു കണ്ണിലും മുഖത്തും തെളിച്ചു.
"മേലാകെ തണുത്തിരിക്കുന്നല്ലോ കുട്ട്യേ.."
അവരുടെ ശബ്ദം വിറച്ചു.
"ഒന്നൂല്ലമ്മേ.."
അമ്മയുടെ കണ്ണുകളിലേക്ക് അവൾക്കു നോക്കാനായില്ല.
"സാരല്യ ൻ്റെ... കുട്ടി.. നീ വന്ന് ചായ കുടിക്ക്.."
അവരവളുടെ മിഴി തുടച്ചു.
"അമ്മേ.. ഈ നശിച്ചവള്.. എന്നോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് പറയമ്മേ.."
സകല നിയന്ത്രണങ്ങളും അറ്റു, അപ്പൂൻ്റെ മമ്മീടെ.
ജാനകിയമ്മ അവളുടെ വാ പൊത്തി.
"സാരല്യെൻ്റെ കുട്ടീ.. ഇതൊക്കെ എല്ലായിടത്തും പതിവുള്ളതാ.."
അമ്മയുടെ തോളിൽ അവൾ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ കിടന്നു. ജാനകിയമ്മയുടെ കണ്ണുകളും നിറഞ്ഞു.
"ന്നാലും, ൻ്റെ പുന്നാര മമ്മീ.."
അപ്പു അവളെ നോക്കി മൂക്കത്തു വിരൽവച്ചു.✍